Followers

വാഗ്യ- ശിവാജി കരയുന്നു

Sunday, May 10, 2020


ഇരുട്ടിലേക്ക് തുറന്ന ബാൽക്കണിയിൽ നിന്ന് കൈകൾ പുറത്തേക്ക് വിടർത്തി കാറ്റിൽ ചരിഞ്ഞ് വീഴുന്ന വലിയ വെള്ളത്തുള്ളികളെ ശരീരത്തിലേക്ക് തട്ടിവീഴ്ത്തുമ്പോൾ ഹരിയുടെ മനസ് കുളിരുകയായിരുന്നു.
“മഴ നനയാതെ അകത്ത് കയറി ഇരുന്നൂടെ നിങ്ങക്ക്, ദാ ഞാൻ ഇപ്പോ എത്തി.” കാറ്റിന്റെ വേഗതയിൽ വാതിൽ തുറന്ന് പുറത്തെ ഇരുട്ടിലേക്ക് കുതിച്ച സജീനയെ നോക്കി ഹരി നനഞ്ഞ തലമുടി പെട്ടെന്ന് ചുറ്റി തിരിച്ചപ്പോൾ ഉതിർന്ന് വീണ തുള്ളികൾ വലിയ ഗ്ലാസിൽ തട്ടി ചിത്രം വരച്ച് താഴോട്ട് ഒഴുകി.
നനഞ്ഞ ശരീരത്തിലൂടൊഴുകിയിറങ്ങുന്ന വെള്ളത്തുള്ളികളെ അകത്ത് തറയിൽ വീഴിക്കാതിരിക്കാൻ പെരുവിരലുകളിലൂന്നി നടക്കാനുള്ള വിഫല ശ്രമം ഹരി നടത്തിക്കൊണ്ടിരുന്നപ്പോഴത്തേക്കും സജീന തിരിച്ചെത്തിയിരുന്നു.
മാറോടമർത്ത് പിടിച്ച കൊച്ചുകളിപ്പാട്ടം പോലത്തെ ഒരു നായക്കുട്ടിയുമായാരുന്നു സജീന എത്തിയത്.
“നിങ്ങള് മഴനനഞ്ഞുകൊണ്ടിരുന്നപ്പോ ഞാനിവന്റെ കരച്ചിലാ ശ്രദ്ധിച്ചോണ്ടിരുന്നത്. കാർ പോർച്ചിലെ തൂണിനോട് ചേർന്നിരിക്കുകയായിരുന്നു പാവം. ശരിക്കും മഴച്ചാറ്റലടിച്ചിട്ടുണ്ട്.” തുവർത്തെടുത്ത് നായക്കുട്ടിയുടെ ശരീരത്തിലെ വെള്ളമെല്ലാം നല്ലവണ്ണം കളഞ്ഞ് സജീന അതിനെ സോഫയുടെ ഒരരുകിലിരുത്തി.
“കൊള്ളാല്ലോ. നാടനാ ഇനം എന്താ നീ ഇവനെ വിളിക്കേ?”
“ഫിഡോ” മുൻ‌കൂർ തീരുമാനിച്ചുറപ്പിച്ച് വെച്ചിരുന്നതുപോലെയായിരുന്നു സജീന അത് പറഞ്ഞത്.
നായക്കുട്ടിയുടെ പേര് നന്നായി ഇഷ്ടപ്പെട്ടതുപോലായിരുന്നു ഹരിയുടെ പ്രതികരണവും.” എബ്രഹാം ലിങ്കന്റെ വളർത്തുനായയുടെ പേര് തന്നെ.”
"അയ്യേ...ഇത് എബ്രഹാം ലിങ്കന്റെയല്ല...ഇത് കാർലോ സോറിയാനോയുടേതാ...” സജീന നായക്കുട്ടിയെ ചേർത്ത് പിടിച്ച് വട്ടം ചുറ്റി.പുറത്തപ്പോൾ മഴനിലച്ചിരുന്നു.

രണ്ടുദിവസമായി നിർത്താതെ പെയ്യുന്ന മഴയാണ്. മക്ഡോണാൾഡ്സ് കഴിഞ്ഞ് MJR മാളിന്റെ അല്പം മുന്നിലേക്ക് മാറി റോഡിൽ സാമാന്യം നല്ലരീതിയിൽ വെള്ളം കെട്ടിക്കിടപ്പുണ്ടായിരുന്നു. ഡ്രെയ്നേജ് സംവിധാനമില്ലാത്ത ആ ഭാഗം എല്ലാ മഴക്കാലത്തും അങ്ങിനെയാണ്. ഇടതുവശത്ത് തലയെടുപ്പോടെ നിൽക്കുന്ന അസംഖ്യം അപ്പാർട്ട്‌മെന്റുകളുടെ ചുവട്ടിൽ തളം കെട്ടുന്ന വെള്ളം ചാലുവെട്ടി റോഡിലേക്ക് തിരിച്ചുവിടും. ടയർ മുങ്ങുന്ന വെള്ളത്തിലൂടെ വണ്ടിയോടിക്കുന്നത് ശ്രമകരമായിരുന്നു.. ഇടയ്ക്കെങ്ങാനും നിന്നുപോയാൽ...സൈലൻസറിൽ വെള്ളം കേറിയാൽ... പുതിയ വോൾവോ എസ് 60 ആണ് ഓടിക്കുന്നതെന്നത് മനസ്സിൽ ചെറിയൊരു പരിഭ്രാന്തി ഉണ്ടാക്കിയെങ്കിലും ഒരു വിധം വെള്ളക്കെട്ടിന് പുറത്തെത്തിയപ്പോഴാണ് അത് സംഭവിച്ചത്!
ഒരു നായ! വണ്ടിക്ക് വട്ടം നിൽക്കുന്നു!
സാമാന്യം വലിയൊരു നായ. പൂഴിവെള്ളത്തിൽ നനഞ്ഞതിനാ‍ലാവാം അതിന്റെ രോമമെല്ലാം ചെമ്മണ്ണ് നിറമായിരുന്നു. മഴയിൽ നനഞ്ഞ് ശരീരത്തിനോടൊട്ടിയിരുന്ന രോമം കാരണമാകാം അതിന്ന് മെലിഞ്ഞതും ഉയർന്നതുമായ ശരീരമുള്ളതായിട്ടാണ് തോന്നിയത്. വളരെ പെട്ടെന്നായിരുന്നു ആ നായ വണ്ടിക്ക് മുന്നിലേക്ക് ചാടിയത്. പതുക്കെ വണ്ടി വെട്ടിച്ച് ഓടിച്ചുപോന്നെങ്കിലും, അടുത്ത രണ്ട് ദിവസങ്ങളിലും നായ അതേ സ്ഥലത്ത് വെച്ച് വണ്ടിക്ക് വീണ്ടും വട്ടം നിന്നപ്പോൾ ഒരു അസാധാരണത്വം തോന്നുകയായിരുന്നു.
വൈകിട്ട് അത്താഴത്തിന്നിരുന്നപ്പോഴാണ് നായക്കഥ സജീനയോട് പറഞ്ഞത്.
അവൾ പറഞ്ഞു,“അതു ചിലപ്പോൾ മറ്റൊരു ഫിഡോ ആയിരിക്കും“ എബ്രഹാം ലിങ്കന്റെ ഫിഡൊ ആയിരിക്കുമെന്ന് പറഞ്ഞ് ചിരിച്ചപ്പോൾ നെറുകയിൽ കയറിയ എരിവുള്ള ചോറ് താഴയാക്കാൻ അവൾ ഹരിയുടെ തലയിലടിച്ചുകൊണ്ട് പറഞ്ഞു,”അല്ല. കാർലോ സോറിയാനോയിടാതായിരിക്കും.”

കാർലോ സോറിയാനയുടെ കഥ തലയ്ക്ക് മുകളിലൂടെ ബോംബർ വിമാനങ്ങൾ പോലെ,ഏതോ അപസർപ്പക കഥയുടെ ഓർമ്മപോലെ, എപ്പോഴും കറങ്ങിക്കൊണ്ടിരുന്നതിനാൽ സജീനയ്ക്കും മനഃപാഠമായിരിക്കുന്നു എന്നോർത്ത് ഹരി ഉള്ളാലെ ചിരിച്ചു.
1941 നവമ്പർ 
ഫ്ലോറൻസിലെ ഒരു തണുത്ത രാത്രി. റോഡരുകിലെ കുഴിയിൽ മുറിവേറ്റ് കിടന്ന ഒരു കുഞ്ഞുനായ! സോറിയാന ജോലികഴിഞ്ഞ് മടങ്ങിയപ്പോൾ കൂട്ടത്തിൽ അന്ന് ആ നായക്കുട്ടിയുമുണ്ടായിരുന്നു.സജീനയുടെ കൈയിലെ ഫിഡോയെപ്പോലെ! മുറിവ് ശുശ്രൂഷിച്ച് ജീവിതത്തിലേക്ക് കൊണ്ട് വന്ന ആ നായക്കുട്ടിയെ കാർലോ സോറിയാന ‘ഫിഡോ’ എന്ന് വിളിച്ചു.
പിന്നീടുള്ള രണ്ടു വർഷങ്ങൾ...
ജോലിക്കുപോകുന്ന കാർലോയെ അനുഗമിച്ച് ബസ് സ്റ്റോപ്പ് വരെ നിത്യവും ഫിഡോ കൂടെപ്പോകുമായിരുന്നു. കാർലോയെ യാത്രയാക്കിയതിന് ശേഷം വൈകുവോളം അവൻ യജമാനന്റെ തിരിച്ചുവരവ് കാത്തിരുന്നു. സത്യത്തിന്റേയ്മും, സ്നേഹത്തിന്റേയും, വിധേയത്തത്വത്തിന്റേയും മാതൃകയായി ഫിഡോ മാറുകയായിരുന്നു.അടുത്ത രണ്ടുവർഷം ഫ്ലോറൻസ് നിവാസികൾക്ക് ഇതൊരു പതിവ് കാഴ്ച തന്നെയായി. ജോലികഴിഞ്ഞ് മടങ്ങിയെത്തുന്ന കാർലോ സോറിയാനയെ സ്വീകരിച്ച് തുള്ളിച്ചാടി വീട്ടിലേക്ക് പോകുന്ന ഫിഡോ! 
1943 ഡിസംബർ.
സഖ്യകക്ഷികളുടെ വിമാനമുതിർത്ത ബോംബുകൾ ഫ്ലോറൻസിലെ കൽച്ചൂളകളൊന്നൊഴിയാതെ നശിപ്പിച്ചപ്പോൾ തിരികേ വരാനാവാത്ത ലോകത്തിലേക്ക് കാർലോ സോറിയാനി പോയി. യജമാനെ കാത്ത് കാത്തിരുന്ന് മരവിച്ച മനസ്സുമായി ഫിഡോ അന്നു രാത്രി വീട്ടിലേക്ക് തനിച്ച് മടങ്ങി. അടുത്ത ദിവസവും അതിന്നടുത്തദിവസവും ഫിഡോ ബസ് സ്റ്റോപ്പിൽ കാത്തിരുന്നു.ആഴ്ചകളും മാസങ്ങളും വർഷങ്ങളും കടന്നുപൊയ്ക്കൊണ്ടിരുന്നു. മറക്കാത്ത ഓർമ്മക്കളുമായ് ഫിഡോ നിത്യവും ബസ് സ്റ്റോപ്പിലെത്തി കാത്തിരുന്നു. നീണ്ട പതിനാലുവർഷം അതു തുടർന്നു.ഫിഡോയെ മരണം കീഴടക്കുന്നതുവരെ.
കാർ സ്റ്റാർട്ട് ചെയ്ത് ഗേറ്റിന്ന് വെളിയിലേക്കിറങ്ങുമ്പോൾ ബാൽക്കണിയിൽ നിന്ന് കൈവീശി കാണിക്കുന്ന സജീനയുടെ കൈയിൽ കുഞ്ഞു ഫിഡോ ഉണ്ടായിരുന്നു.“പിന്നേ...ഇന്ന് മറ്റവനവിടൊണ്ടെ ഒന്നെറങ്ങി നോക്കണേ...”
മക്ഡൊണാൾഡ്സിന്റെ മുന്നിൽ റോഡിലെ വെള്ളം അൽപ്പം കുറഞ്ഞിട്ടുണ്ടായിരുന്നു. ഏതോ ഓർമ്മപ്പെടുത്തലുകളെന്നപോലെ കണ്ണുകൾ അവനെ പരതുമ്പോൾ അകലെ അവ്യക്തമായ് ഒരു വെള്ളരൂപം പ്രത്യക്ഷമാകുന്നു. വണ്ടി അടുക്കുന്തോറും അതിന്ന് വലിപ്പം കൂടിക്കൂടി വന്നു. മഴമാറിയതിനാൽ രോമം ദേഹത്തോടൊട്ടിയിട്ടില്ലെങ്കിലും ഒട്ടിയ വയർ അതിന്റെ കഴിഞ്ഞ ദിവസങ്ങളെ മനസ്സിലാക്കാൻ പ്രാപ്‌തമായിരുന്നു.

പ്രതീക്ഷിച്ചതുപോലെ തന്നെ അത് വണ്ടിക്ക് വട്ടം ചാടി.പിൻ കാലുകൾ പുറകിലോട്ടേക്കും മുൻ കാലുകൾ മുന്നോട്ടേക്കും ആക്കി തല ആകാശത്തേക്കാക്കി കണ്ണുകൾ കാറിലേക്കാണോ ഹരിയിലേക്കാണോയെന്ന് വ്യക്തമാക്കാതെ അവൻ നിന്നു. മഴതുടങ്ങിയിരുന്നു അപ്പോൾ.
കാർ വശത്തിലേക്കൊതുക്കി കുടയുമെടുത്ത് പുറത്തോട്ടിറങ്ങാൻ തുടങ്ങുമ്പോഴത്തേക്കും ഇടത്തേ സൈഡ് ഗ്ലാസിൽ മുൻ കാലുകളുടെ വിരലുകൾ വെള്ളത്തുള്ളികൾക്കിടയിലൂടെ കണ്ടു.
“ഞാനും വരട്ടെ.” അവന്റെ ദയനീയമായ കണ്ണുകൾ ചോദിച്ചു. ഹരി വിൻഡോ ഗ്ലാസ് താഴ്ത്തിയതും പരിചയസമ്പന്നനായ ചാട്ടക്കാരനെപ്പോലെ അവൻ ഉള്ളിലെത്തിയിരുന്നു.അവന്റെ കണ്ണുകൾ ചിരിച്ചു,
പൂഴിവെള്ളത്തിൽ നനഞ്ഞ് നിറം മാറിയ രോമത്തിന്റെ നിറം വെള്ളതന്നെയായിരിക്കുമെന്ന് ഹരിക്ക് തോന്നി. നായ മുൻസീറ്റിൽ നിവർന്നിരുന്ന് തലകുടഞ്ഞ് വെള്ളം തെറിപ്പിച്ചപ്പോൾ അയാൾ വശത്തോട്ട് ഒഴിഞ്ഞ് നീങ്ങാൻ ശ്രമിച്ചു.
നായ അപ്പോൾ കണ്ണുകൾ മുന്നിലേക്കുറപ്പിച്ച് നാക്ക് നീട്ടി പറഞ്ഞത്, മുന്നോട്ട് പോകട്ടെ ദൂരം ഇനിയുമുണ്ട് എന്നു തന്നെയായിരുന്നു.
“നിന്റെ പേരെന്താടാ?”
അവൻ നാക്ക് നീട്ടി വാലൊന്നിളക്കി ഇരുന്നു.
“ഫിഡോ എന്നാണോ?”
തല ഡാഷ്ബോർഡിലേക്കിട്ട് കൈകൾ മെല്ലെ മുന്നിലേക്കും പിറകിലേക്കും അവൻ ചലിപ്പിച്ചു. “വേഗം, വേഗം” 
“നിനക്ക് വിശക്കുന്നുണ്ടോ?” ഹരി ഒരു പാക്കറ്റ് ബിസ്ക്കറ്റ് പൊട്ടിച്ച് അതിന്റെ നേരെ നീട്ടി.കൈകൾക്കിടയിൽ ബിസ്കറ്റ് പാക്കറ്റ് പിടിച്ച് നായ ബിസ്കറ്റ് തിന്നുന്നത് കൌതുകത്തോടെ നോക്കി. ഫോണെടുത്ത് സജീനയെ വിളിച്ചു.”ഫിഡോ സീനിയർ കൂടി വരും ഇന്ന്.”

‘ജയ്ൻ ഇറിഗേഷൻ കമ്പനി’ കടന്ന് വണ്ടി റഗാല റിസോർട്ടിന്നോടടുത്തപ്പോൾ ഫിഡോ സീനിയർ ഒന്നിളകി. തല ഇടത്തോട്ട് തിരിഞ്ഞു. കുരച്ചുകൊണ്ട് സൈഡ് ഗ്ലാസിൽ കൈകളൂന്നി അവൻ പറഞ്ഞു ഇനി നമ്മുക്ക് പോകണ്ടത് ഇടത്തേക്കാണ്.
അറ്റം കാണിക്കാതെ വളഞ്ഞ് പുളഞ്ഞ് കിടക്കുന്ന ചെമ്മൺ റോഡ്. കാടുപിടിച്ച് കിടക്കുന്ന വശങ്ങൾ. നായ നാക്കു നീട്ടി മുന്നിലേക്ക് തന്നെ നോക്കിയിരുന്നു.
കാർ ഒരു വലിയ മതിലിന്നടുത്തെത്തിയപ്പോൾ അവൻ സീറ്റിൽ നിന്നും ചാടി. വാല് കാലുകൾക്കിടയിലേക്കൊതുക്കി നാക്ക് വശങ്ങളിലേക്കോടിച്ച് അവൻ പറഞ്ഞു, “ഇതാണ്...ഈ വലിയ മതിൽക്കെട്ട്...”
നീല യൂണിഫോമിട്ട ഒരു കുറിയ സെക്യൂരിറ്റി വലിയ ഗേറ്റ് പരക്കെ തുറന്നു. സെക്യൂരിറ്റിക്കാരൻ അവനെ നോക്കി കൈകാണിച്ചു. 
ഹരി വിൻഡോ ഗ്ലാസ് താഴ്ത്തിയതും നായ ചാടി ഇറങ്ങി കാറിന്ന് മുന്നേ ഓടാൻ തുടങ്ങി.

പോർച്ചിലുണ്ടായിരുന്ന ഒനിക്സ് ബ്ലാക് മെറ്റാലിക്ക് നിറത്തിലെ വോൾവോ എസ് -60 യുടെ മറവിലൂടെ ഫിഡോ സീനിയർ അപ്രത്യക്ഷനായപ്പോൾ ഹരി തന്റെ കാറിൽ നിന്നുമിറങ്ങി. ആളനക്കമില്ലാത്ത ആ കൂറ്റൻ ബംഗ്ലാവ് ഒരു അതിശയമായി ഹരിയുടെ മുന്നിൽ!
ഇരുട്ട് വീണ ഫ്ലോറൻസ് നഗരത്തിലെ ഒരു ബസ് സ്റ്റോപ്പിൽ നിന്നും ഒറ്റയ്ക്ക് വീട്ടിലേക്കോടുന്ന ഫിഡോ. പതുക്കെപ്പതുക്കെ അത് നിശ്ചലനാവുന്നു. പിന്നെ ഒരു വെങ്കല പ്രതിമയായി. മുനിസിപ്പൽ പാലസിനടുത്തുള്ള ചത്വരത്തിലേക്ക് പറിച്ചുമാറ്റപ്പെടുമ്പോൾ സ്നേഹവായ്പിന്റെ ഉദാത്ത ഉദാഹരണമായ ഫിഡോ എന്ന നായ അയാളുടെ മനസ്സിൽ ഒരിക്കലും തുടച്ചുമാറ്റാനാവാത്ത ഒരു ചിത്രമായി മാറി.
മലർക്കെ തുറന്നുകിടന്നിരുന്ന ആ വലിയ വാതിൽ അപ്പോഴാണ് ഹരിയുടെ ശ്രദ്ധയിൽ പെട്ടത്! അങ്ങോട്ടേക്ക് നടന്നപ്പോൾ 
ആ വലിയ വീടിന്റെ അകത്തുനിന്ന് പ്രായമായൊരാളുടേതെന്ന് തോന്നിക്കുന്ന ശബ്ദം കേട്ടു.“ഓ, വാഗ്യാ...എന്റെ പൊന്നേ നീ എവിടെയാരുന്നെടാ ഇത്രനാൾ...”
സഹ്യാദ്രിയുടെ മുകളിൽ റായ്ഗഡിലെ ചിതയിലെരിഞ്ഞടങ്ങിയ പോരാളിയായ യജമാനൻ..
ചിതക്ക് തീ കൊടുത്തപ്പോൾ , യജമാനനെ അഗ്നിയിൽ നിന്ന് രക്ഷിക്കാനോ , അതോ അയാൾക്കൊപ്പം ഇല്ലാതെ ആവനോ ചിതയിലേക്ക് ചാടിയ വാഗ്യ...
വാഗ്യ...ഇനിയൊരു ജന്മമുണ്ടെങ്കിൽ ഛത്രപതി നിനക്കുവേണ്ടി കരയും തീർച്ച...ഹരി വണ്ടി തിരിച്ചു.

2 comments:

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

വാഗ്യ...ഇനിയൊരു ജന്മമുണ്ടെങ്കിൽ ഛത്രപതി നിനക്കുവേണ്ടി കരയും..
good post

Sathees Makkoth said...

Thank you Sri ആറങ്ങോട്ടുകര മുഹമ്മദ് for your valuable comment

പ്രത്യേക ശ്രദ്ധയ്ക്ക്

Creative Commons License
എന്റെ ചില കുറിപ്പുകള്‍ by K.M.Satheesan is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Based on a work at www.satheeskm.blogspot.com.
Permissions beyond the scope of this license may be available at www.satheeskm.blogspot.com.

വിരുന്നുകാർ

Powered By Blogger

ഓർക്കണേ പ്ലീസ്...

ഈ ബ്ലോഗിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങളോ, സന്ദർഭങ്ങളോ, കഥാപാത്രങ്ങളോ ഏതെങ്കിലും വിധത്തിൽ ആരെങ്കിലുമായി ബന്ധപ്പെട്ടിട്ടുണ്ടന്ന് തോന്നുന്നുവെങ്കിൽ അത് സ്വാഭാവികം മാത്രം.

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP