Followers

എക്സ്പ്രസ് പൂഴിറോഡ്

Monday, March 24, 2008

പഞ്ചായത്ത് പ്രസിഡന്റ് മാത്തപ്പന്‍ സാര്‍ വിദേശപര്യടനം കഴിഞ്ഞ് നാട്ടിലെത്തിയപ്പോള്‍ ഭയങ്കര സ്വീകരണമായിരുന്നു. എങ്ങനെ സ്വീകരണം നല്‍കാതിരിക്കും? പഞ്ചായത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു പ്രസിഡന്റ് വിദേശപര്യടനം നടത്തുന്നത്! അതും സ്വന്തം പഞ്ചായത്തിന്റെ ഉന്നമനത്തിനായി! താലപ്പൊലിയും പഞ്ചവാദ്യവുമൊക്കെയായി ഭയങ്കര സ്വീകരണമായിരുന്നു.മുകള്‍ ഭാഗം മാറ്റിയ ജീപ്പില്‍ നിന്നുകൊണ്ട് പ്രസിഡന്റ് ജനങ്ങളുടെ അഭിവാദ്യം ഏറ്റുവാങ്ങി. സ്വീകരണത്തിനൊടുവില്‍ പൊതുയോഗവുമുണ്ടായിരുന്നു. പഞ്ചായത്ത് വക കളിസ്ഥലത്ത്!

സ്വീകരണത്തിന് മറുപടി നല്‍കുവാന്‍ പ്രസിഡന്റ് മൈക്കിന് മുന്നിലെത്തി. ആദരസൂചകമയി മൂന്ന് കതിനകള്‍ പൊട്ടി. നേതാവ് സന്ദര്‍ശിച്ച മൂന്ന് രാജ്യങ്ങള്‍ക്കുമായി മൂന്ന് കതിനകള്‍!

കതിന പൊട്ടുന്നത് ജനങ്ങളുടെ കൈയടി കാരണം കേള്‍ക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല. കൈയടി അല്‍പമൊന്ന് കുറഞ്ഞപ്പോള്‍ നേതാവ് സംസാരം ആരംഭിച്ചു.

എന്റെ പ്രീയപ്പെട്ട നാട്ടുകാരേ,

നിങ്ങളുടെയെല്ലാം നീണ്ട നാളത്തെ അഭ്യര്‍ത്ഥനപ്രകാരം ഞാന്‍ ചില വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. വ്യക്തിപരമായി ഈ യാത്ര ഞാനൊട്ടും ആഗ്രഹിച്ചിരുന്നതല്ല. ഞാന്‍ ജീവന് തുല്യം സ്നേഹിക്കുന്ന നിങ്ങളോരോരുത്തരേയും പിരിഞ്ഞുള്ള ഓരോ നിമിഷവും ഞനെങ്ങനെ തള്ളി നീക്കിയെന്നത് പറഞ്ഞറിയിക്കാന്‍ പറ്റില്ല. കുറേ ഏറെ ഞാന്‍ കഷ്ടപ്പെട്ടെങ്കിലും എനിക്കൊരു സന്തോഷമുണ്ട്. എന്റെ നാട്ടുകാര്‍ക്കും പഞ്ചായത്തിനും ഗുണകരമാവുന്ന കുറച്ച് നല്ലകാര്യങ്ങള്‍ കണ്ട് പഠിക്കുവാന്‍ എന്റെ യാത്ര ഉപകരിച്ചു. കണ്ടതെല്ലാം അതേപടി ഇവിടെ നടപ്പിലാക്കുവാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. എങ്കിലും നമ്മുടെ പഞ്ചായത്തിന്റെ സാമ്പത്തികമായ ചുറ്റുപാടുകള്‍ക്ക് അനുയോജ്യമായ മാറ്റങ്ങള്‍ വരുത്തി അതില്‍ ചിലത് ഇവിടെ നടപ്പില്‍ വരുത്തുമെന്ന് നിങ്ങളേവരുടെയും മുന്നില്‍ ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു.

വിശ്രമമില്ലാത്ത ചര്‍ച്ചകളാലും,മണിക്കൂറുകള്‍ നീണ്ട വിമാനയാത്രകളും മൂലം ഞാനേറെ ക്ഷീണിതനാണ്. എനിക്കല്‍പം വിശ്രമമാവശ്യമാണ്. ആയതിനാല്‍ തല്‍ക്കാലം ഞാനെന്റെ പ്രസംഗം അവസാനിപ്പിക്കുന്നു. എല്ലാവര്‍ക്കും എന്റെ ആശംസകള്‍!

പ്രസിഡന്റ് പ്രസംഗം നിര്‍ത്തി. കൈയ്യടി നിര്‍ത്താതെ മുഴങ്ങിക്കൊണ്ടിരുന്നു.

മൈതാനത്തിന്റെ പുറക് വശത്ത് നിന്നും ശബ്ദമുയരുന്നു. എന്താണത്?

എല്ലാവരുടേയും ശ്രദ്ധ പുറകിലേയ്ക്കായി.

മാത്തപ്പന്റെ ദുര്‍ഭരണം അവസാനിപ്പിക്കുക.
മാത്തപ്പന്റെ അഴിമതി അവസാനിപ്പിക്കുക.

പ്രതിപക്ഷ നേതാവ് ലോനപ്പന്റെ നേതൃത്വത്തില്‍ കുറേപ്പേര്‍ മുദ്രാവാക്യം വിളിക്കുന്നു.

പ്രസിഡന്റ് അഴിമതി നടത്തിയെന്ന്! ദുര്‍ഭരണവും ധൂര്‍ത്തും നടത്തിയെന്ന്!

ജനം രണ്ട് ചേരിയിലായി. സംഭവം അടിപിടിയിലെത്തുമെന്നായി.

പ്രസിഡന്റിന്റെ പ്രസംഗത്തില്‍ കഴമ്പില്ലന്നും, എന്താണങ്ങേര് കണ്ടതെന്നും, നാടിനുവേണ്ടി എന്താണ് ചെയ്യാനുദ്ദേശിക്കുന്നതെന്ന് വെളിപ്പെടുത്തിയിട്ടില്ലന്നും പ്രതിപക്ഷനേതാവ് ചൂണ്ടിക്കാണിച്ചു.

പ്രതിപക്ഷനേതാവിന്റെ പറച്ചിലില്‍ കാര്യമുണ്ടന്ന് ചിലര്‍ക്കൊക്കെ തോന്നിത്തുടങ്ങി.

എങ്ങനെയെങ്കിലും വീട് പിടിച്ച് പെമ്പ്രന്നോരേം മക്കളേം കണ്ട് വിദേശവര്‍ത്തമാനവും പറഞ്ഞ് വണ്ടിയില്‍ നിന്നും ഇതേവരെ പുറത്തെടുക്കാത്ത എടുത്താല്‍ പൊങ്ങാത്ത പെട്ടിയ്ക്കകത്തുള്ളതിന്റെ വിശകലനവും നടത്തണമെന്നാഗ്രഹിച്ചിരിക്കുമ്പോള്‍ ഓരോരോ പൊല്ലാപ്പുകളുമായി ഓരോരുത്തന്മാരിറങ്ങിക്കോളും. പ്രസിഡന്റിന് ശരിക്കും ദേഷ്യം വന്നു. പക്ഷേ രാഷ്ട്രീയക്കാരന് ദേഷ്യം പുറത്ത് കാണിക്കാന്‍ പറ്റുമോ? എന്തെങ്കിലും എതിര്‍ത്ത് പറഞ്ഞാല്‍ നാളെ വെണ്ടക്ക അക്ഷരത്തില്‍ പത്രത്തില്‍ വരും! ഒന്നും പറയാതിരുന്നാലും അത് പത്രത്തില്‍ വരും! പ്രതിപക്ഷത്തിന്റെ ആരോപണം ശരിയാണന്ന് ജനങ്ങള്‍ വിചാരിക്കും!

പ്രസിഡന്റ് വീണ്ടും എണീറ്റ് മൈക്കില്‍ പിടിച്ചു.

“ആരും വേറുതേ വഴക്കടിക്കേണ്ട. എന്റെ ക്ഷീണമൊന്നും ഞാന്‍ കാര്യമാക്കുന്നില്ല. എന്തെന്നാല്‍ നിങ്ങളുടെ സേവനമാണ് എന്റെ ലക്ഷ്യം. ഞാന്‍ ചെയ്യാനുദ്ദേശിക്കുന്ന ഒരു ചെറിയ കാര്യത്തെക്കുറിച്ച് മാത്രമിപ്പോള്‍ പറയാം. നമ്മുടെ ഗതാഗത സൗകര്യം വര്‍ദ്ധിപ്പിക്കുകയെന്നുള്ളതാണത്.
ആലപ്പുഴയോട് ചേര്‍ന്ന് കിടക്കുന്ന പഞ്ചായത്തായിട്ട് കൂടി ഒറ്റ ടൂറിസ്റ്റുകള്‍ ഇങ്ങോട്ട് കയറുന്നുണ്ടോ? എന്താകാര്യം?”

ഉത്തരം കിട്ടാനായി പ്രസിഡന്റ് ജനക്കൂട്ടത്തെ ഒന്ന് നോക്കി.

ഇല്ല. ആര്‍ക്കും ഉത്തരമില്ല.

“ടൂറിസ്റ്റുകള്‍ വരണേല് ഗതാഗത സൗകര്യം വേണം. നമ്മുക്കതുണ്ടോ ഇന്ന്? നിങ്ങളൊന്നാലോചിച്ചേ, കോമളപുരത്ത് നിന്ന് പാതിരപ്പള്ളി വരെ പോകണേ നല്ലൊരു റോഡുണ്ടോ നമ്മുക്കിന്ന്? വളഞ്ഞ് തിരിഞ്ഞ് ചുറ്റിക്കറങ്ങി പോകുന്നതിന്റെ ബുദ്ധിമുട്ട് നിങ്ങളൊക്കെ അനുഭവിക്കുന്നതല്ലേ.. ഞാന്‍ പറഞ്ഞ് വരുന്നതിന്റെ ചുരുക്കം ഇത്രമാത്രം. നമ്മുടെ ഗതാഗത സൗകര്യം വര്‍ദ്ധിപ്പിക്കണം. തദ്വാര പ്രകൃതി ഭംഗിയാല്‍ അനുഗൃഹീതമായ നമ്മുടെ പഞ്ചായത്തിലേയ്ക്ക് ടൂറിസ്റ്റുകളെ കൊണ്ട് വരുക. അങ്ങനെ പഞ്ചായത്തിന്റെ വരുമാനം വര്‍ദ്ധിപ്പിക്കുക.”

പ്രസിഡന്റ് പറയുന്നതെന്ന് കേള്‍ക്കാന്‍ ജനം കാതോര്‍ത്തിരുന്നു. പ്രസിഡന്റ് തുടര്‍ന്നു.

“ഈ എക്സ്പ്രസ്സ് ഹൈവേ.. എക്സ്പ്രസ് ഹൈവേ.. എന്ന് നിങ്ങള്‍ ഒരുപക്ഷേ കേട്ടിരിക്കും. വിദേശരാജ്യങ്ങളിലൊക്കെ വളരെ ഭംഗിയായി ജനങ്ങള്‍ അതിന്റെ ഗുണങ്ങള്‍ അനുഭവിക്കുന്നുമുണ്ട്. അങ്ങനൊരു ഹൈവേയിലൂടെ യാത്രചെയ്തതിന്റെ അനുഭവത്തില്‍ ഞാന്‍ പറയുകയാണ് നമ്മുടെ നാടിനും അത് അനിവാര്യമാണ്. പക്ഷേ നിര്‍ഭാഗ്യവശാല്‍ നമ്മെ ഭരിക്കുന്നവര്‍ പലപല കാരണങ്ങളും പറഞ്ഞ് അതിനെല്ലാം തുരങ്കം വെയ്ക്കുകയാണ് എന്ന് ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്കെല്ലാം അറിവുള്ളതാണല്ലോ.
കാര്യങ്ങളിങ്ങനൊക്കെയാണങ്കില്‍കൂടിയും ഞാനൊരുകാര്യം ഊന്നിഊന്നിപറയാന്‍ ആഗ്രഹിക്കുന്നു.”

പ്രസിഡന്റ് ഒരുനിമിഷമൊന്ന് പ്രസംഗം നിര്‍ത്തി ജനത്തെ നോക്കി. എന്നിട്ട് തന്റെ പദ്ധതിയിലെ ആദ്യമിനമെന്താണന്ന് പ്രഖ്യാപിച്ചു.

“പ്രീയമുള്ളവരെ ഞാന്‍ നടപ്പിലാക്കാന്‍ പോകുന്ന പദ്ധതിയെന്താണന്ന് ഞാനിതാ പ്രഖ്യാപിക്കുകയാണ്. അതാണ് നമ്മുടെ രാജ്യത്തിനും, സംസ്ഥാനത്തിനും സര്‍വ്വോപരി ഭൂലോകത്തിലെ സമസ്ത വികസ്വര രാജ്യങ്ങള്‍ക്കും മാതൃകയാകാന്‍ പോകുന്ന 'എക്സ്പ്രസ് പൂഴിറോഡ്'. ചെലവ് കുറഞ്ഞ രീതിയില്‍ പഞ്ചായത്തിനൊരു എക്സ്പ്രസ് റോഡ്. അതിന് വേണ്ടിയായിരിക്കും എന്റെ ആദ്യശ്രമം. ഇനിയുമൊത്തിരിക്കാര്യങ്ങള്‍ നിങ്ങളോട് പറയാനുണ്ട്. അതെല്ലാം പിന്നിടൊരിക്കലാകാം. തല്‍ക്കാലം ഞാന്‍ വിരമിക്കുന്നു. നന്ദി. നമസ്കാരം.”


പ്രസിഡന്റ് കൈവീശി സ്റ്റേജില്‍ നിന്നിറങ്ങി.

'എക്സ്പ്രസ് പൂഴിറോഡ്' ജനങ്ങളുടെ സംസാര വിഷയമായി. പലപല അഭിപ്രായങ്ങളുണ്ടായി. നല്ലതും ചീത്തയുമായി പലരും പലതും പറഞ്ഞ് പരത്തി.

എക്സ്പ്രസ്സ് പൂഴിറോഡ് നടപ്പില്‍ വരുത്തുവാന്‍ പഞ്ചായത്ത് തീരുമാനമെടുത്തു. പദ്ധതി പൂര്‍ണ്ണമായിക്കഴിയുമ്പോള്‍ പഞ്ചായത്തിനെ വളഞ്ഞ് കൊണ്ടുള്ള ഒരു റിംഗ് റോഡായി എക്സ്പ്രസ് പൂഴിറോഡ് മാറുമെന്നും, അതിലൂടെ ഒരുവട്ടം പഞ്ചായത്തിനെ സൈക്കിളില്‍ പോലും വലംവെയ്ക്കുന്നതിന് മിനിട്ടുകള്‍ മതിയാകുമെന്നും പഞ്ചായത്ത് കമ്മറ്റി വിലയിരുത്തി. യാത്രാസൗകര്യം വര്‍ദ്ധിക്കുന്നതിലൂടെ വിദേശികളടക്കമുള്ള ടൂറിസ്റ്റുകള്‍ പഞ്ചായത്തിലെത്തുമെന്നും തന്മൂലം പഞ്ചായത്തിന്റെ വരുമാനത്തില്‍ കുതിച്ച് കയറ്റമുണ്ടാകുമെന്നും കമ്മറ്റി വിശ്വസിച്ചു.

സംഗതി ഇങ്ങനെയൊക്കെയാണങ്കിലും ആദ്യഘട്ടമെന്ന നിലയില്‍ ഫണ്ടിന്റെ അപര്യാപ്തത മൂലം എക്സ്പ്രസ് റോഡ് മടയാം തോടിന്റെ തെക്കേക്കരയിലൂടെ കോമളപുരത്തേയും പാതിരപ്പള്ളിയേയും ബന്ധിപ്പിച്ച് കൊണ്ട് 2 കിലോമീറ്റര്‍ ദൂരത്തില്‍ നടപ്പില്‍ വരുത്തുവാന്‍ അന്തിമ തീരുമാനവുമെടുത്തു.


മനോഹരിയായ മടയാം തോടിന്റെ ഭംഗിയുമാസ്വദിച്ച് കൊണ്ട് ടുറിസ്റ്റുകള്‍ക്ക് എക്സ്പ്രസ്സ് പൂഴിറോഡിലൂടെ കുതിച്ച് പായാം! പട്ടിയോ പൂച്ചയോ പോലും വട്ടം ചാടുമെന്ന പേടിയില്ലാതെ തന്നെ!


പഞ്ചായത്തിന്റെ വരുമാനം വര്‍ദ്ധിക്കുന്നതനുസരിച്ച് മടയാംതോടിന്റെ വശങ്ങള്‍ വെട്ടിമിനുക്കി പൂന്തോട്ടമുണ്ടാക്കി കൂടുതല്‍ മനോഹരമാക്കുമെന്നും, അതിന്റെ ഫലമായി കൂലിപ്പണികഴിഞ്ഞ് തളര്‍ന്നവശരായെത്തുന്ന ഗ്രാമീണര്‍ക്ക് കാറ്റ്കൊണ്ട് വിശ്രമിക്കുവാന്‍... പൂക്കളുടെ സുഗന്ധമേറ്റ് വിശ്രമിക്കുവാന്‍... പൂമ്പാറ്റകളുടെ വര്‍ണ്ണവിസ്മയമാസ്വദിക്കുവാന്‍ എല്ലാം ഇടയാകുമെന്നും തല്‍ഫലമായി അമിതജോലിഭാരം മൂലമുണ്ടാകുന്ന സ്ട്രെസ്സ്, സ്ട്രെയിന്‍ മുതലായവ ഗ്രാമീണരെ വിട്ടുപോകുമെന്നും, ഗ്രാമത്തിലെ ആത്മഹത്യാനിരക്ക് കുറയുമെന്നും, ജനങ്ങളുടെ ശരാശരി ആയുസ് വര്‍ദ്ധിക്കുമെന്നതും എക്സ്പ്രസ് പൂഴിറോഡിന്റെ ഗുണങ്ങളായി എടുത്ത് കാണിക്കപ്പെട്ടു.

പഞ്ചായത്ത് അംഗീകരിച്ച പദ്ധതിയുടെ ഉത്ഘാടനം വന്‍പിച്ച ആഘോഷപരിപാടികളോടെ നടത്തുവാന്‍ തീരുമാനമെടുത്തപ്പോഴേയ്ക്കും പതിവ് പോലെ പ്രതിപക്ഷം ഉണര്‍ന്നെഴുന്നേറ്റു. എന്തിനേയും ഏതിനേയും മുഖമടച്ച് എതിര്‍ത്തില്ലെങ്കില്‍ പിന്നെന്തര് പ്രതിപക്ഷം!

എക്സ്പ്രസ്സ് പൂഴിറോഡിനെതിരെ വന്‍ ജനമുന്നേറ്റമുണ്ടായി.

എക്സ്പ്രസ്സ് പൂഴിറോഡിനെ എതിര്‍ത്ത് കൊണ്ട് പ്രതിപക്ഷമുന്നയിച്ച പ്രശ്നങ്ങളില്‍ ചിലതിതൊക്കെയാണ്.


1. അമിതവേഗതയില്‍ വാഹനങ്ങള്‍ ഓടുന്നതിനാല്‍ കൂടുതല്‍ പൊടിപടലമുയരുകയും അത് അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുകയും ചെയ്യും. തന്മൂലം സമീപവാസികളായ ജനങ്ങള്‍ക്ക് ആസ്തമ തുടങ്ങിയ ശ്വാസകോശ സംബന്ധിയായ അസുഖങ്ങളുണ്ടാവാന്‍ സാധ്യതയുണ്ട്. വിദേശരാജ്യങ്ങളിലെ എക്സ്പ്രസ് റോഡുകള്‍ ടാറിട്ടതോ അല്ലങ്കില്‍ കോണ്‍ക്രീറ്റ് ചെയ്തതോ ആണന്ന നിലയ്ക്ക് എക്സ്പ്രസ് പൂഴിറോഡെന്നുള്ളത് കാലഹരണപ്പെട്ടതും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ളതുമായ ഒരു ഉമ്മാക്കി മാത്രമാണ്.

2. റോഡിന്റെ ഇരുവശവും വേലികെട്ടി അടയ്ക്കുന്നതിനാല്‍ ഇന്നത്തെ അയല്‍ക്കാര്‍ പോലും നാളത്തെ അപരിചിതരാകാം. ഒരാപത്തുണ്ടായാല്‍ ഓടിവരാന്‍ പോലും അയല്‍ക്കാരനുണ്ടാവില്ല. ചുരുക്കത്തില്‍ എക്സ്പ്രസ് പൂഴിറോഡിന്റെ വേലി ജനങ്ങളുടെ സ്നേഹബന്ധത്തിനിടയിലുള്ള വേലിക്കെട്ടായി മാറും.

3. എക്സ്പ്രസ് റോഡിനുവേണ്ടി സ്ഥലമെടുക്കുമ്പോള്‍ തോട്ടിറമ്പില്‍ താമസിക്കുന്ന നൂറ് കണക്കിനാളുകളുടെ വീടുകള്‍ നഷ്ടമാകും. വീടുകള്‍ നഷ്ടപ്പെടുന്നവരെ പുനഃരധിവസിപ്പിക്കുന്നതിന് പഞ്ചായത്തിന്റെ നടപടി എന്താണ്?

4. മനോഹരിയായ മടയാംതോടിന്റെ വശങ്ങളിലൂടെ വാഹനങ്ങളോടുമ്പോള്‍ ഉണ്ടാകുന്ന ശബ്ദമലിനീകരണം തോടിന്റെ കരയിലെ കാടുകളില്‍ കഴിയുന്ന ജീവികള്‍ക്കും, തോട്ടിലെ മല്‍സ്യങ്ങള്‍ക്കും പ്രശ്നങ്ങളുണ്ടാക്കുകയും അത് നികത്താനാവാത്ത പാരിസ്ഥിതിക പ്രശ്നങ്ങളായി മാറുകയും ചെയ്യും. ജീവ നാശം സംഭവിച്ച് കൊണ്ടിരിക്കുന്ന അപൂര്‍വ്വ ജീവജാലങ്ങളുടെ ആവാസകേന്ദ്രമാണ് നഷ്ടമാകാന്‍ പോകുന്നത്.

പദ്ധതിയെ അനുകൂലിച്ചും പ്രതികൂലിച്ചും ജാഥകള്‍ നടന്നു. പലസ്ഥലങ്ങളിലും ഇരുകൂട്ടരും കൂട്ടിമുട്ടി. തമ്മില്‍തല്ലി.
കാര്യങ്ങള്‍ പിടിവിട്ട് പോകുമെന്നും രക്തസാക്ഷികളുണ്ടാവാന്‍ സാധ്യത ഉണ്ടന്നുമായപ്പോള്‍ പഞ്ചായത്തില്‍ പട്ടാളമിറങ്ങി.

പഞ്ചായത്തിലൊന്നടങ്കം പട്ടാളം റൂട്ട് മാര്‍ച്ച് നടത്തി.

പ്രതിക്ഷേധക്കാര്‍ വീടുകളില്‍ നിന്നും പുറത്തിറങ്ങിയില്ല. പക്ഷേ കുട്ടികള്‍ക്ക് പട്ടാളക്കാരെ പേടി ഉണ്ടായിരുന്നില്ല. അവര്‍ കൗതുകത്തോടെ പട്ടാളക്കാരുടെ പുറകേ ഓടി.


പഞ്ചായത്തിന് പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാക്കണമെന്ന് ആഗ്രഹമില്ലായിരുന്നു.
നല്ലൊരു പദ്ധതി വന്നപ്പോള്‍ തുരങ്കം വെയ്ക്കാന്‍ ശ്രമിക്കുന്നു. എന്താണ് പരിഹാരം?

പഞ്ചായത്ത് കമ്മറ്റി രാത്രിയെന്നോ പകലെന്നോ ഇല്ലാതെ നീണ്ടു.

ഇതൊക്കെ നടപ്പിലാക്കിയ മറ്റ് രാജ്യങ്ങളില്‍ ഇത്തരം പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ലേ?

കമ്മറ്റി അംഗങ്ങള്‍ പ്രസിഡന്റിനെ നോക്കി.

പ്രസിഡന്റിനും ഉത്തരമില്ലായിരുന്നു.

ഇങ്ങനൊരു പ്രശ്നമുണ്ടാകുമെന്നോ അഥവാ ഉണ്ടായാല്‍ തന്നെ അതെങ്ങനെ പരിഹരിക്കണമെന്നോ പ്രസിഡന്റ് സ്വപ്നം പോലും കണ്ടിരുന്നില്ല.

പോയ നാട്ടിലെ സായിപ്പന്മാരാരും തന്നെ അങ്ങനെയൊന്നും പറഞ്ഞ് കേട്ടുമില്ല.


എന്താണിപ്പോള്‍ ഒരു മാര്‍ഗ്ഗം?

പ്രസിഡന്റിനെ വീണ്ടും വിദേശത്തേയ്ക്ക് വിടുക തന്നെ!

ലക്ഷ്യമൊന്ന് മാത്രം. എക്സ്പ്രസ് റോഡുകൊണ്ട് ആ നാടുകളിലെ ജനങ്ങള്‍ക്കുണ്ടായ പ്രശ്നങ്ങളെക്കുറിച്ച് വിശദമായി പഠിക്കുക. പ്രതിക്ഷേധമുണ്ടാക്കിയവരെ എങ്ങനെ കൈകാര്യം ചെയ്തു എന്ന് പഠിക്കുക.

പ്രസിഡന്റിന്റെ കൂടെപ്പോകുവാന്‍ പലര്‍ക്കും ആഗ്രഹമുണ്ടായിരുന്നെങ്കില്‍ തന്നെയും, ഇംഗ്ലീഷെന്ന ബാലികേറാമല അവരുടെയെല്ലാം മുന്നില്‍ തടസമായി നിന്നു. എങ്കിലും ഇത്തവണ വൈസ് പ്രസിഡന്റിനെ കൂടെ വിദേശപര്യടനത്തിലേയ്ക്ക് നിര്‍ദ്ദേശിക്കപ്പെട്ടു.

പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും യാത്രയയപ്പ് നല്‍കാന്‍ വന്‍ ജനക്കൂട്ടമെത്തിയിരുന്നു. ജനക്കൂട്ടം നിയന്ത്രാണാധീനമാവാതിരുന്നപ്പോള്‍ പോലീസിന് ആകാശത്തേയ്ക്ക് വെടിവെയ്ക്കേണ്ടി വന്നു.

വൈസ് പ്രസിഡന്റപ്പോള്‍ വിമാനത്തിന്റെ പുറത്ത് ഒഴുകി നടക്കുന്ന മേഘപാളികളുടെ ഭംഗി ആസ്വദിക്കുകയായിരുന്നു.

ലവന്മാര് വെടിവെച്ചപ്പോള് വല്ല കാക്കയോ, പ്രാവോ ചത്തിട്ടുണ്ടങ്കില്‍ തിരിച്ച് വരുമ്പോള്‍ അതിനും കൂടി സമാധാനം പറയണമല്ലോന്നോര്‍ത്തിട്ട് പ്രസിഡന്റിന് പുറത്തുള്ളതൊന്നും ആസ്വദിക്കുവാന്‍ കഴിഞ്ഞില്ല. ആ നേരം അല്പസ്വല്പം അകത്താക്കി സമാധാനം കണ്ടെത്തനായിരുന്നു മാത്തപ്പന്‍ സാറിന്റെ വിങ്ങല്‍!

Read more...

കൈയ്യൊടിഞ്ഞ താറാവ്

Saturday, March 8, 2008

തനിക്ക് പറ്റിയൊരു പെണ്ണിനെ കണ്ടുപിടിക്കാന്‍ കണ്ണന് കുറേ നാള്‍ പ്രയാസപ്പെടേണ്ടിവന്നു. കല്യാണമെന്നതൊക്കെ അതിന്റെ സമയത്തല്ലേ നടക്കൂ. കണ്ണനും പെണ്ണ് കണ്ട് കണ്ട് അവസാനം എത്തേണ്ടെടത്തെത്തി.

കുട്ടനാട്ടില്‍!

വെള്ള ചൊരിമണലും, കയര്‍ വ്യവസായവുമുള്ള കരപ്രദേശത്ത് നിന്നും; താറാവ് കൃഷിയും,നെല്‍കൃഷിയും ഒക്കെ ഉള്ള സ്ഥലത്തെത്തിച്ചേര്‍ന്നപ്പോള്‍ കണ്ണന്റെ മനസ്സിനൊരു കുളിര്‍മ്മ വന്നു. പമ്പയെ തഴുകിയെത്തുന്ന കാറ്റിന്റെ നൈര്‍മല്യം അവന്റെ മനസ്സിനൊരു ശാന്തത നല്‍കി. ആ ശാന്തത ആഹ്ളാദമായി മാറി സുനിതയെ കണ്ടപ്പോള്‍!

സ്വപ്ന സഖി കണ്മുന്നില്‍!

ആദ്യനോട്ടത്തില്‍ തന്നെ സുനിതയെ കണ്ണനിഷ്ടപ്പെട്ടെങ്കിലും, കൂടെപ്പോയ അന്തോണി പറഞ്ഞതങ്ങനെയൊന്നുമല്ലായിരുന്നു.“ഇഷ്ടന്‍ വീണുപോയതേ, കുട്ടനാട്ടുകാരീടെ താറാവ് മപ്പാസിന്റെ രുചിയിലാ...അല്ലെങ്കില്‍പിന്നെ നാടാകെ പെണ്ണ് കണ്ടുനടന്ന ഇവന്‍ ആ വെള്ളക്കുഴീചെന്ന് ചാടുമോ?”


അന്ന് താറാവ് കറി വെച്ചത് സുനിത ആയിരുന്നുവെന്ന് കൂടെക്കൂടെ കണ്ണന്‍ പറയാന്‍ തുടങ്ങിയപ്പോള്‍ അന്തോണിയുടെ വാക്കില്‍ എന്തോ ഒരു ഇത് ഉള്ളതായി മറ്റുള്ളവര്‍ക്കും തോന്നിത്തുടങ്ങി. സുനിതയെ കണ്ടതിനു ശേഷമുള്ള ഒരു രാത്രി കണ്ണന്‍ ഉറക്കത്തില്‍ നിന്നു ചാടിയെണീറ്റ് ‘എടീ സുനിതേ, നീ ആ താറാവിന്റെ കഴുത്തേന്ന് വിടടീ...’ എന്നലറുന്നതുകേട്ടപ്പോള്‍ വീട്ടുകാര്‍ക്കും അന്തോണിയുടെ വാക്കില്‍ എന്തോ ഒരു ഇത് ഉള്ളതായി തോന്നി.

താറാവ് കറിയാണോ പെണ്ണിനെയാണോ കണ്ണനിഷ്ടപ്പെട്ടതെന്ന് പിന്നെയാരും ആലോചിച്ചില്ല. വീട്ടിലെ മൂപ്പിലാന്മാര്‍ കാര്യങ്ങള്‍ മുന്നോട്ട് നീക്കി. വിവാഹ നിശ്ചയത്തിന് തീയതി നിശ്ചയിച്ചു. നിശ്ചയത്തിനും താറാവ് കറിയും വെള്ളയപ്പവും വേണമെന്ന് കണ്ണന്‍ രഹസ്യമായി പെണ്‍വീട്ടുകാരെ അറിയിച്ച കാര്യം നാട്ടില്‍ പാട്ടായി. ചടങ്ങ് പെണ്ണിന്റെ വീട്ടില്‍ വെച്ചാണ് നടക്കുന്നതെങ്കിലും സ്വന്തം വീട്ടിലും ആഘോഷത്തിന് യാതൊരു കുറവുമുണ്ടാകരുതെന്ന് കണ്ണന് നിര്‍ബന്ധമായിരുന്നു. അതുകൊണ്ട് തന്നെ നിശ്ചയത്തിനു ദിവസങ്ങള്‍ക്ക് മുന്‍പേ തന്നെ കണ്ണന്റെ വീടിനുമുന്നിലും പന്തലുയര്‍ന്നു.


സ്വന്തക്കാരും ബന്ധുക്കാരുമായി വലിയൊരു പടതന്നെയെത്തി. പാചകക്കാരും അവരുടെ സില്‍ബന്ധികളും തീപ്പന്തലില്‍ പലവിധ വിധവങ്ങളുണ്ടാക്കാനുള്ള തിരക്കിലായി. കാര്യങ്ങളെല്ലാം വളരെ ഭംഗിയായി നടന്ന് കൊണ്ടിരിക്കുമ്പോഴാണ് വീടിന്റെ മുന്‍ഭാഗത്ത് നിന്നും ഒരു കരച്ചില്‍ കേട്ടത്. ആദ്യമാദ്യം ആരുമത് അത്ര കാര്യമാക്കിയെടുത്തില്ല. പക്ഷേ സമയം ചെല്ലുന്തോറും കരച്ചിലിന്റെ ശക്തി കൂടിക്കൂടി വന്നു. ആളുകളെല്ലാം കരച്ചില്‍ കേട്ട ഭാഗത്തോട്ടോടി. കണ്ണനും ഓടി. കുട്ടന്‍ചേട്ടന്‍ നിലത്ത് കിടന്നുരുളുകയാണ്. കൈകൊണ്ട് വലത്തെ ചെവി പൊത്തിപ്പിടിച്ചിരിക്കുന്നു.

നല്ലൊരു ചടങ്ങ് നടക്കാന്‍ പോകുമ്പോഴാണ് ഇവിടെയൊരു ഉരുളന്‍ നാടകം! കണ്ണന് ആദ്യം ദേഷ്യമാണ് വന്നത്. ആ ദേഷ്യം പുറത്ത് വന്നത് ഈ രൂപത്തിലുമാണ്. “എന്തോന്നാടാ ചെറുക്ക, ഏതാണ്ട് പേറ്റ് നോവ് പിടിച്ച പെണ്ണുങ്ങളെപ്പോലെ...”

“അതിന് നീയെത്ര പേറ്റ് നോവ് കണ്ടിരിക്കുന്നെടാ?” പത്ത് പെറ്റ വല്യമ്മായി അതു ചോദിച്ചപ്പൊള്‍ കുട്ടന്‍ചേട്ടന്റെ കരച്ചിലിനേക്കാള്‍ ശബ്ദത്തില്‍ പെണ്ണുങ്ങള്‍ ചിരിച്ചു.

സ്വന്തം ചേട്ടനായിപ്പോയില്ലേ. സമയം കളയാനില്ല. കൂടുതലൊന്നും ചിന്തിക്കാനുമില്ല. കുട്ടന്‍ചേട്ടനെ എത്രയും വേഗം ആശുപത്രിയിലാക്കണം. തലകീഴെ തുണിയിട്ട് മൂടി കുട്ടന്‍ചേട്ടനെ ബൈക്കിന്റെ പിന്നില്‍ കുത്തിച്ചാരിയിരുത്തി. കണ്ണന്റെ ബൈക്ക് മെഡിക്കല്‍ കോളേജിലോട്ട് പാഞ്ഞു.

കുട്ടന്‍ചേട്ടന്റെ കരച്ചില്‍ സൈലന്‍സറില്ലാത്ത ബൈക്കിന്റേതിനേക്കാള്‍ ഉച്ചത്തില്‍ കേള്‍ക്കുവാന്‍ കഴിയുമായിരുന്നു. അത് കണ്ണന് മനസ്സിലായത് പോലീസ് ജീപ്പ് വന്ന് ബൈക്കിന് വട്ടം നിന്നപ്പോഴാണ്.

“നീ ആരെയാടാ റാസ്ക്കല്‍ ഈ പാതിരാത്രി കിഡ്നാപ്പ് ചെയ്യുന്നത്?” ഇന്‍സ്പെക്ടര്‍ സാര്‍ ജീപ്പില്‍ നിന്നും ചാടി ഇറങ്ങി.

കുട്ടന്‍ചേട്ടന്‍ കരച്ചിലിന് സഡന്‍ ബ്രേക്കിട്ടു. “എന്റെ ചെവീലൊരു വണ്ട് കേറി. ഞങ്ങള് മെഡിക്കലീ പോകുവാണേ...” കുട്ടന്‍ ചേട്ടന് എന്താണ് സംഭവിച്ചതെന്ന് അപ്പോഴാണ് കണ്ണനും മനസ്സിലായത്.

ഇന്‍സ്പെക്ടര്‍ സാര്‍ പോലീസ് ഭാഷയിന്തൊക്കെയോ ഉപദേശിച്ചിട്ട് ജീപ്പില്‍ കയറി.
കുട്ടന്‍ചേട്ടനെ അത്യാഹിതത്തിലുമെത്തിച്ചു.

കാതിലെ വണ്ടിനെ പുറത്തെടുത്തപ്പോള്‍ കുട്ടന്‍ ചേട്ടന്റെ മുഖം ചാകര വന്ന തുമ്പോളി കടപ്പുറം പോലെയായി. സുനാമി വന്നൊഴിഞ്ഞത് പോലെ കണ്ണനും തോന്നി. യമഹ വന്നതിനേക്കാള്‍ വേഗതയില്‍ കണ്ണനോടിച്ചു.മെഡിക്കല്‍കോളേജിന്റെ ഗേറ്റില്‍ ബൈക്കെത്തിയതും ഒരു ആമ്പുലന്‍സ് എതിര്‍ വന്നതും അതിന് സൈഡ് കൊടുത്തതും മാത്രമേ കണ്ണന് ഓര്‍മ്മയുള്ളു. ഓര്‍മ്മ വന്നപ്പോള്‍ കണ്ണന്‍ അത്യാഹിതത്തില്‍ കിടക്കുകയാണ്. കുട്ടന്‍ചേട്ടന്‍ കിടന്ന അതേ കട്ടിലില്‍! അരികില്‍ കുട്ടന്‍ചേട്ടന്‍ നില്‍പ്പുണ്ട്. വലതുകൈയ്ക്ക് ഒരു വേദന. കിടന്ന കിടപ്പില്‍ കൈയിലോട്ടൊന്ന് നോക്കി കണ്ണന്‍. വിശ്വസിക്കാനാവുന്നില്ല. കൈയില്‍ മുഴുവന്‍ പ്ലാസ്റ്റര്‍! നാളെ വിവാഹ നിശ്ചയം. താറാവ് കഴിക്കേണ്ട കൈയില്‍ പ്ലാസ്റ്റര്‍!

''നീ കൈയും കുത്തിയാണ് വീണത്. ഭാഗ്യത്തിന് കൈയൊടിഞ്ഞതേ ഉള്ളു.വലത്തോട്ടാണ് മറിഞ്ഞിരുന്നെങ്കില്‍ രണ്ടാളും ആംബുലന്‍സിനടിയില്‍ പോവുമാരുന്നു.'' കുട്ടന്‍ചേട്ടന്റെ വിശദീകരണം കേട്ടപ്പോള്‍ കാര്യങ്ങള്‍ ഏറെക്കുറെ കണ്ണന് മനസ്സിലാവുകയായിരുന്നു. കണ്ണുനീര്‍ ചാലുകളായി അവന്റെ കവിളിലൂടെയൊഴുകി.

''പ്ളാസ്റ്ററൊക്കെ ഇട്ടുകഴിഞ്ഞില്ലേ. നമ്മുക്ക് പോകാം.'' കണ്ണന് പോകാനുള്ള തിരക്കായിരുന്നു.

''നാളെയേ ഡിസ്ചാര്‍ജാകാന്‍ പറ്റത്തൊള്ളന്നാ ഡോക്ടര്‍ പറഞ്ഞത്.'' കുട്ടന്‍ ചേട്ടനറിയിച്ചു.

''ഞ്ഞാനിവിടെ കെടന്നാ നിശ്ചയമെങ്ങനാ നടക്കുന്നത്?'' താറാവിനേം കഴുത്തിന് പിടിച്ച് നില്‍ക്കുന്ന സുനിതയുടെ രൂപമായിരുന്നപ്പോള്‍ കണ്ണന്റെ മനസ്സില്‍.

ഒടിഞ്ഞ കൈയും തൂക്കി കണ്ണന്‍ യമഹയുടെ അടുത്തെത്തി.കുട്ടന്‍ചേട്ടന് കൂടുതലൊന്നും പറയുവാനാകുമായിരുന്നില്ല.

കൈയൊടിഞ്ഞ ചെറുക്കനൊരദ്ഭുതമായി സുനിതയുടെ വീട്ടില്‍! സംഭവത്തിന്റെ വിശദാംശങ്ങള്‍ പെണ്ണുങ്ങള്‍ കാതുകളില്‍ നിന്നും കാതുകളിലോട്ട് കൈമാറി.

''ഒടിഞ്ഞ കൈയൊക്കെ ശരിയാവുമല്ലോ. അല്ലേ?'' പെണ്ണിന്റച്ഛന് ചെറിയൊരു സംശയമുണ്ടായിരുന്നു.സ്വന്തം മകളുടെ കാര്യമല്ലേ. ഏതച്ഛനും അങ്ങനത്തെ സംശയങ്ങളൊക്കെ ഉണ്ടാവാം.

'ഓ..ഇതൊരൊടിവൊന്നുമല്ലന്നേ...ചെറിയൊരുളുക്ക് മാത്രം. ഡാക്കിട്ടറ് സര്‍ട്ടിപ്പിക്കേറ്റുണ്ടന്നേ...'' വലിയമ്മാവന്‍ അറിയിച്ചു.

നിശ്ചയമൊക്കെ കഴിഞ്ഞു.
താറാവ് കറിയും വെള്ളയപ്പവും പാത്രങ്ങളില്‍ നിരന്നു.
മറ്റുള്ളവര്‍ക്കൊപ്പം കണ്ണനും ഇരുന്നു.

അയ്യോ, കൈയൊടിഞ്ഞ ചെറുക്കനെങ്ങനാ കഴിക്കുന്നേ?'' പന്തലിന് പുറത്ത് നിന്ന പിള്ളാരാരോ ചോദിക്കുന്നത് കേട്ട് എല്ലാവരും ചിരിച്ചു.

''എടിയേ...സുനിതേ...നീയാ താറാവെറച്ചിയെടുത്തവനെ കഴിപ്പിക്കെടീ...''വല്യമ്മായി ആണത് പറഞ്ഞത്.
സുനിത കണ്ണനെ നോക്കി.

കഴുത്തൊടിഞ്ഞ് കിടക്കുന്ന താറാവിന്റേത്പോലെ തോന്നി അവള്‍ക്കപ്പോള്‍ കണ്ണന്റെ മുഖം.

Read more...

ഡംഭന്‍

Thursday, February 21, 2008

കൊച്ചുമാമനെ എല്ലാവരും 'ഡംഭന്‍' എന്നാണ് വിളിക്കുന്നത്. ഡംഭന്‍ എന്ന് പറഞ്ഞാല്‍ എന്താണന്ന് അപ്പുക്കുട്ടനറിയില്ലായിരുന്നു. അറിയാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കണമല്ലോ. അതുകൊണ്ട് ഒരിക്കല്‍ അവനത് അമ്മയോട് ചോദിക്കുകയും ചെയ്തു. "പിള്ളാര്‍ക്ക് അറിയേണ്ടാത്ത ഒരു കാര്യവുമില്ല." എന്നാണ് അമ്മ മറുപടി പറഞ്ഞത്. മറുപടിക്ക് മേമ്പൊടിയായി അപ്പുക്കുട്ടന്റെ കവിളിനൊരു കിഴുക്കും അമ്മ കൊടുത്തു.

അപ്പുക്കുട്ടന്‍ പിന്മാറാന്‍ തയ്യാറല്ലായിരുന്നു. അവസാനം ആരില്‍നിന്നൊക്കെയോ അവനുത്തരം കിട്ടി. മാമന്റെ നാക്കിന് എല്ലില്ലാത്തതുകൊണ്ടാണത്രേ ഡംഭന്‍ എന്ന് എല്ലാവരും വിളിക്കുന്നത്. അവന്റെ സംശയം കൂടിയതേ ഉള്ളൂ. അവന്‍ സ്വന്തം നാക്കില്‍ പിടിച്ച് നോക്കി. ഇല്ല. തന്റെ നാക്കിനും എല്ലില്ല. താനും ഡംഭനാണോ?
അവസരം കിട്ടിയപ്പോള്‍ അവന്‍ അമ്മയുടെ നാക്കിലും പിടിച്ച് നോക്കി. ഇല്ല. അമ്മയുടെ നാക്കിനും എല്ലില്ല.
അപ്പുക്കുട്ടന് സന്തോഷം സഹിക്കാന്‍ കഴിഞ്ഞില്ല. ചുമ്മാതല്ല അമ്മ ഡംഭന്‍ എന്ന് പറഞ്ഞാല്‍ എന്താണന്ന് പറഞ്ഞ് തരാതിരുന്നത്. അമ്മ ഡംഭിയാണ്!
ആരോടാണ് തന്റെ കണ്ടുപിടുത്തത്തെക്കുറിച്ച് പറയേണ്ടത്? ആദ്യം കണ്ടത് അച്ഛനെയാണ്. അതുകൊണ്ട് അച്ഛനോട് തന്നെ പറഞ്ഞു.
"അച്ഛാ, അമ്മയുടെ നാക്കിനെല്ലില്ല. അതുകൊണ്ട് അമ്മ ഡംഭിയാണല്ലേ അച്ഛാ?"
അച്ഛന്‍ നിന്ന് ചിരിച്ചു.
"നാക്കിനെല്ലില്ലാത്തത് കുട്ടനാട്ടുകാരുടെ പൊതു സ്വഭാവമാണടാ. നിന്റമ്മയും കൂട്ടത്തില്‍ പെടും."
ഡംഭന്‍ എന്ന വാക്കിന്റ് അര്‍ത്ഥം അന്ന് അച്ഛന്‍ അപ്പുക്കുട്ടന് പറഞ്ഞുകൊടുത്തു. പൊങ്ങച്ചം പറയുന്നവരെയാണത്രേ ഡംഭന്‍ എന്ന് വിളിക്കുന്നത്!

അങ്ങനെയാണങ്കില്‍ മാഞ്ചുവട്ടിലെ പെണ്ണുങ്ങളെല്ലാം ഡംഭികളാണല്ലോ? അപ്പുക്കുട്ടന് ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷേ ചോദിച്ചില്ല. കാരണം പെണ്ണുങ്ങളുടെ നേതാവ് അമ്മയാണല്ലോ.

കുട്ടനാട്ടുകാരെ പരസ്യമായി ആക്ഷേപിച്ചതില്‍ പ്രതിക്ഷേധിച്ച് അമ്മ അന്ന് രാത്രി കഞ്ഞികുടിക്കാതെ പകരം വീട്ടുക തന്നെ ചെയ്തു.

അപ്പുക്കുട്ടന് കൊച്ചുമാമനെ വലിയ കാര്യമാണ്. മാമന്‍ ഡംഭനാണന്ന് അപ്പുക്കുട്ടനൊരിക്കലും തോന്നിയിട്ടുമില്ല. അമ്മയുടെ വീട്ടില്‍ ചെന്നാല്‍ പിന്നെ അപ്പുക്കുട്ടന്‍ മാമന്റെ കൂടെ കൂടും. മാമന് പണി കടത്തിറക്കലാണ്. ഒരു തവണ നദിക്ക് അക്കരെ കടത്തുന്നതിന് മാമന്‍ ആളൊന്നുക്ക് പത്തു പൈസ വാങ്ങും. മാമന്റെ കൂടെ കൂടിക്കഴിഞ്ഞാല്‍ പിന്നെ പൈസ വാങ്ങുന്ന ചുമതല അപ്പുക്കുട്ടനേറ്റെടുക്കും. മാമന്‍ അപ്പുക്കുട്ടന് പരിപ്പ് വടയും പാലുംവെള്ളവും വാങ്ങിക്കൊടുക്കും. മാമന്‍ അപ്പുക്കുട്ടനെ എപ്പോഴും ഓര്‍മ്മിപ്പിക്കുന്ന ഒരു സംഗതിയുണ്ടായിരുന്നു. "അപ്പുമോനേ, മാമന് എത്ര രൂപ കിട്ടിയെന്ന കാര്യം ആരോടും പറഞ്ഞേക്കരുതേ.” പരിപ്പ് വടയും പാലുംവെള്ളവും കിട്ടുന്നിടത്തോളം കാലം അപ്പുക്കുട്ടനതാരോടും പറയില്ലായെന്ന് മാമന്റെ തലയില്‍ തൊട്ട് സത്യം ചെയ്തിട്ടുള്ളതുമാണ്.

രാത്രി നന്നേ ഇരുട്ടിക്കഴിഞ്ഞേ കടത്തിറക്കെല്ലാം കഴിഞ്ഞ് മാമന്‍ വീട്ടിലേയ്ക്ക് പോകാറുള്ളു. നദിയിലൂടെ കുറേ ഏറെ നേരം തുഴഞ്ഞാലെ വീടെത്തുകയുള്ളു. ഒഴുക്കിനെതിരെ തുഴയുന്നത് അത്ര എളുപ്പമല്ലന്നാണ് മാമന്‍ പറയുന്നത്. ഒഴുക്ക് കൂടുതലുള്ളപ്പോള്‍ മാമന്‍ തുഴ മാറ്റിവെച്ചിട്ട് കഴുക്കോലുകൊണ്ട് ഊന്നാന്‍ തുടങ്ങും. അപ്പുക്കുട്ടനും ഒരിക്കല്‍ ഊന്നാന്‍ ശ്രമിച്ച് നോക്കിയിട്ടുണ്ട്. ചെളിയില്‍ പൂണ്ട്പോയ കഴുക്കോലെടുക്കാന്‍ മാമന്റെ സഹായം വേണ്ടിവന്നുവെന്ന് മാത്രം. “അതെല്ലാം പ്രാക്ടീസാണന്നാണ്” അന്ന് മാമന്‍ പറഞ്ഞത്.

നിലാവുള്ള രാത്രിയില്‍ നദിയിലൂടെയുള്ള യാത്ര നല്ല രസമാണ്.അമ്പിളിമാമനെ വെള്ളത്തിന്റെ അടിത്തട്ടില്‍ കാണാം! വള്ളത്തിനൊപ്പം നീങ്ങുന്ന അമ്പിളിമാമന്‍! ഓളത്തിനൊപ്പം തുള്ളുന്ന അമ്പിളിമാമന്‍!

ഒരൊറ്റ കറുത്തവാവ് ദിവസം മാത്രമേ അപ്പുക്കുട്ടന്‍ മാമനോടൊപ്പം വള്ളത്തില്‍ കയറിയിട്ടുള്ളു. ഇരുകരയും കരിമ്പടം പുതച്ചതുപോലെയല്ലേ കിടക്കുന്നത്. ഇരുട്ടിന് കൂട്ടായി അന്ന് മഴയും വന്നു. മഴയുടെ ശക്തികൂട്ടിക്കൊണ്ട് കാറ്റും വന്നു. നദിയിലെ ഓളത്തിന് ശക്തികൂടി. വള്ളം ആടിയുലഞ്ഞു.
കാറ്റിലും ഓളത്തിലും പെട്ട് വള്ളം മറിഞ്ഞാല്‍...
മാമന് നീന്താനറിയാം. അപ്പുക്കുട്ടനോ?
അപ്പുക്കുട്ടന്‍ മാമനോട് ചേര്‍ന്നിരുന്നു. മാമന്‍ ചിരിച്ച് കൊണ്ട് പറഞ്ഞു. “അപ്പുക്കുട്ടാ, നീയതിന് ഒഴുക്കും ഓളവും വല്ലതും കണ്ടിട്ടുട്ടോ? അതറിയണേ കിഴക്കന്‍ വെള്ളം വരുമ്പോള്‍ വള്ളത്തില്‍ കയറണം. കിഴക്കന്‍ വെള്ളമെന്താണന്ന് നിനക്കറിയാമോ?”
അപ്പുക്കുട്ടന്‍ പറഞ്ഞു. ഇല്ല
“കിഴക്കന്‍ മലേന്ന് വെള്ളമെല്ലാം ഇങ്ങ് കുത്തിയൊലിച്ച് വരും മഴക്കാലത്ത്. വെള്ളമെന്ന് പറഞ്ഞാല്‍ ചുമ്മാ വെള്ളമാണോ? നല്ല കലക്ക വെള്ളം. ചെങ്കല്ല് നിറത്തിലെ വെള്ളം. പമ്പയെല്ലാം കരകവിഞ്ഞൊഴുകും. പാടവും തോടും ആറുമെല്ലാം ഒന്നായിക്കിടക്കും.”
“അപ്പോഴും മാമന്‍ വള്ളം തൊഴയുമോ?” അപ്പുക്കുട്ടന്‍ ചോദിച്ചു.
“പിന്നല്ലാതെ. ധൈര്യമുണ്ടാവണമെന്ന് മാത്രം.” മാമന്റെ ധൈര്യത്തില്‍ അപ്പുക്കുട്ടനഭിമാനം തോന്നി.
“നിനക്കറിയുമോ കിഴക്കന്‍ വെള്ളത്തിന്റെ കൂടെ എന്തൊക്കെ ഒഴുകി വരുമെന്ന്?”

“എന്തൊക്കെ വരും?”

“ചത്തകോഴി, ആടുകള്, പശുക്കള്, മലമ്പാമ്പ്,മലന്തടികള്, ചെലപ്പോ ശവങ്ങള് വരെ വരും.”

ശവങ്ങളോ? അപ്പുക്കുട്ടനൊന്ന് ഞെട്ടി.

“കഴിഞ്ഞ വെള്ളപ്പൊക്കത്തിന് ഞാന്‍ കടത്തൊക്കെ ഇറക്കിക്കഴിഞ്ഞ് വീട്ടിലേയ്ക്ക് വരികയായിരുന്നു. പെട്ടെന്ന് വള്ളത്തിന്റെ മുന്നിലെന്തോ തടഞ്ഞു.”
“എന്നിട്ട്?” അപ്പുക്കുട്ടന്‍ മാമനോട് കൂടുതല്‍ ചേര്‍ന്നിരുന്നു.

“വാഴത്തടയോ,കിഴക്കന്‍ തടിയോ മറ്റോ ആയിരിക്കുമെന്ന് കരുതി കഴുക്കോല് കൊണ്ട് ഒറ്റത്തള്ള് കൊടുത്തു ഞാന്‍. അപ്പോഴല്ലേ മനസ്സിലായത്...”

ശവമാരുന്നോ മാമാ അത്?

“പിന്നല്ലാതെ, ഒരു പെണ്ണിന്റെ ശവം.”
അയ്യോ... എന്നിട്ട് മാമന് പേടി വന്നില്ലേ?”
“പേടിയോ എനിക്കോ? ഞാന്‍ കഴുക്കോലുകൊണ്ട് ഒരു തെള്ളങ്ങ് കൊടുത്തു.വേറെ ആളെയൊക്കെ വിളിച്ച് കൂട്ടിയാല്‍ പിന്നെ പോലീസിലറിയിക്കണം, സാക്ഷിപറയാന്‍ പോണം. എന്തിനാ വെറുതേ പൊല്ലാപ്പുകള്. അതുകൊണ്ട് ഞാനാരോടും പറയാതെ വീട്ടിലേയ്ക്ക് തുഴഞ്ഞ് പോന്നു.”

അപ്പുക്കുട്ടന് പേടിവന്നിട്ട് വയ്യായിരുന്നു. അന്ന് രാത്രി അവനുറക്കം വന്നില്ല. ആറ്റുവട്ടിന്റേയും ഒതളങ്ങായുടേയും കൂടെ ഒഴുകി നടക്കുന്ന ഒരു പെണ്ണിന്റെ ശവമായിരുന്നു അന്നവന്റെ സ്വപ്നത്തില്‍...
അപ്പുക്കുട്ടന്റെ പേടിമാറാന്‍ തന്ത്രികളെക്കൊണ്ട് ഒരു കറുത്ത ചരട് ജപിപ്പിച്ച് അമ്മ അവന്റെ അരയ്ക്ക് കെട്ടി. പിള്ളാരെ അതുമിതുമൊക്കെ പറഞ്ഞ് പേടിപ്പിക്കുമെന്ന് പറഞ്ഞ് അമ്മ മാമനെ വഴക്ക് പറഞ്ഞു.പിന്നീട് അപ്പുക്കുട്ടന്‍ മാമന്റൊപ്പം വള്ളത്തിലും പോയിട്ടില്ല.

നാളുകള്‍ കഴിഞ്ഞ് പോയി. ഒരുനാള്‍ തെക്കത്തച്ഛന്‍ വീട്ടില്‍ വന്നുകയറി. കൊച്ചുമാമനെ ആശുപത്രിയില്‍ അഡ്മിറ്റാക്കിയിരിക്കുന്നത്രേ!
“എന്തോന്ന് പറയാനാടീ, ഇങ്ങനേമുണ്ടോ ഒരു പേടിച്ച്തൂറി. രാത്രീല് കടത്തും കഴിഞ്ഞ് വരുമ്പോ വാഴത്തട വള്ളത്തേ തട്ടിയതിന് ബോധം കെട്ടുവീണിരിക്കുന്നു വള്ളത്തില്‍. ആറ്റീന്ന് മണല് വാരാന്‍ വന്ന വള്ളക്കാര് പറഞ്ഞാ വീട്ടിലറിഞ്ഞത്. നീയാരോടും ഇതൊന്നും പറയാന്‍ പോണ്ട...ആരേലുമറിഞ്ഞാല്‍ നമ്മള് കുട്ടനാട്ടുകാര്‍ക്ക് തന്നെ നാണക്കേടാ ...”

അന്ന് അപ്പുക്കുട്ടന് 'ഡംഭന്‍' എന്ന വാക്കിന്റെ അര്‍ത്ഥം ശരിക്കും മനസ്സിലായി.

“തെക്കത്തച്ഛാ, മാമന് ഒരു കറുത്ത ചരട് ജപിപ്പിച്ച് കെട്ടിയാ മതി. എല്ലാം ശരിയാവും.” അപ്പുക്കുട്ടന്‍ അതും പറഞ്ഞുകൊണ്ട് ഓടുകയായിരുന്നു. അച്ഛന്റടുത്തേയ്ക്ക്...
അച്ഛന്‍ വിവരം അറിയാതിരുന്നാല്‍ ശരിയാവുകയില്ലല്ലോ...

Read more...

ശാപമോക്ഷം

Sunday, December 23, 2007

ചേട്ടാ...
ചേട്ടോ...

നേരം പരപര വെളുത്ത് വരുന്നതേയുള്ളു. യാത്ര ചെയ്തതിന്റെ ക്ഷീണമുള്ളതിനാല്‍ കുറച്ച് താമസിച്ചെണീറ്റാല്‍ മതി എന്ന് കരുതിയാണ് അപ്പുക്കുട്ടന്‍ കിടന്നത്.നാട്ടില്‍ വന്നാലുള്ള കുഴപ്പമിതാണ്.കൂടുതല്‍ നേരം കിടന്നുറങ്ങാന്‍ പറ്റുകയില്ല. ആരെങ്കിലുമൊക്കെ വരും. അപ്പുക്കുട്ടന്‍ വീണ്ടും കട്ടിലില്‍ ചുരുണ്ട് കൂടി.

അച്ഛനെവിടെപ്പോയി? നേരത്തെ എണീക്കാറുള്ള ആളാണ്. പണ്ടായിരുന്നെങ്കില്‍ അച്ഛനെണീറ്റ് കഴിഞ്ഞാല്‍ പിന്നെ വീട്ടിലാര്‍ക്കും കിടക്കാന്‍ പറ്റുകയില്ല. അമ്മ എണീറ്റ് അടുക്കളയില്‍ പണിതുടങ്ങും. അപ്പുക്കുട്ടനും സേതുവും പുസ്തകവുമെടുത്ത് വെച്ച് അതിന്റെ മുന്നിലിരുന്നുറങ്ങും.ചിലപ്പോഴൊക്കെ അച്ഛന്റെ കൈ ചെവിയിലമരുമ്പോഴാണ് ഉണരുന്നത്. സേതു കീ...കീ...എന്ന് കരഞ്ഞ് കൊണ്ട് പറയും. “കണ്ടോ.ഈ ചെറുക്കനിരുന്നുറങ്ങിയത് കൊണ്ടാ എനിക്ക് കിഴുക്ക് കിട്ടിയത്.” പ്രായത്തിനിളയവളാണങ്കിലും സേതു അപ്പുക്കുട്ടനെ വിളിക്കുന്നത് ‘ഈ ചെറുക്കനെന്നാണ്.‘ അവളമ്മയെ വിളിക്കുന്നതും ‘ഈയമ്മ‘ എന്നാണ്. അവള്‍ക്ക് അച്ഛന്റെ വക കിഴുക്ക് കിട്ടിയാല്‍ പിന്നെ അപ്പുക്കുട്ടന് സുഖമാണ്.അന്നത്തെ ദിവസം പഠിപ്പ് നടക്കുകേല. കീ... കീ...എന്ന് കാറിക്കൊണ്ടിരുന്നാല്‍ എങ്ങനെയാണ് പഠിക്കുന്നത്?

പടിഞ്ഞാറേ മാവിന്‍ ചുവട്ടില്‍ കുഞ്ഞിക്കുട്ടന്‍ കുപ്പയിട്ട് തീ കായാനാണന്നും പറഞ്ഞ് വന്നിട്ടുണ്ടാവും. മുന്‍പിലെ ദിവസം തന്നെ ആഞ്ഞിലിയുടെയും മാവിന്റെയുമെല്ലാം കരിയിലകള്‍ കൂട്ടിയവനവിടെ വെച്ചിരിക്കും. വെളുപ്പാന്‍ കാലത്ത് തന്നെ എത്തി തീയിടും.തീ കായാനാണന്നും പറഞ്ഞ് കാല്‍മുട്ടുകള്‍ക്കിടയില്‍ കൈയും തിരുകി അവനവിടെയിരിക്കും.എങ്കിലും ഉദ്ദേശ്യം വേറെയാണ്. സേതു കിടന്നു കാറുന്നതുകൊണ്ട് പഠിപ്പ് നടക്കുകേലന്നും പറഞ്ഞ് പുസ്തകവും മടക്കിവെച്ച് അപ്പുക്കുട്ടനും കുപ്പകായാന്‍ എത്തും. പിന്നെ കുഞ്ഞിക്കുട്ടന്‍ വളരെ വേഗതയിലാണ് പ്രവര്‍ത്തിക്കുന്നത്.നേരത്തെ തയ്യാറാക്കി വെച്ചിരിക്കുന്ന ചൂട്ട് കറ്റയും കത്തിച്ച് അവന്‍ കുറുപ്പിന്റെ മാവിനെ ലക്ഷ്യമാക്കി നടക്കും. അപ്പുക്കുട്ടന്‍ സഹായിയായി പിന്നാലെയും. കുറുപ്പിന്റെ കണക്കില്‍ മാവിലെറിയാത്ത രണ്ടേ രണ്ട് മര്യാദരാമന്മാരേ നാട്ടിലുണ്ടായിരുന്നുള്ളു. ഒന്ന് അപ്പുക്കുട്ടനും മറ്റേത് കുഞ്ഞിക്കുട്ടനും.


ചേട്ടാ...
ചേട്ടോ...

വീണ്ടും വിളികേട്ടു.

അപ്പുക്കുട്ടന്‍ ചെവിയോര്‍ത്തു. നല്ല പരിചിതമായ സ്ത്രീശബ്ദം. ആരും വാതുക്കലോട്ട് ചെല്ലുന്ന ലക്ഷണമില്ല. ഉടുത്തിരുന്ന കൈലിമുണ്ട് നെഞ്ചോളം കേറ്റി ഉടുത്ത് ഉറക്കച്ചടവോടെ അപ്പുക്കുട്ടന്‍ വാതുക്കലെത്തി.

വാതില്‍ക്കലെ കല്‍പ്പടിയില്‍ ഒരാള്‍ പുറം തിരിഞ്ഞിരിക്കുന്നു. സ്ത്രീശബ്ദമാണല്ലോ കേട്ടത്?

“ആരാ?” അപ്പുക്കുട്ടന്‍ സംശയത്തോടെ ചോദിച്ചു.

പതിവില്ലാത്ത ശബ്ദമായതിനാലായിരിക്കാം ആള്‍ ചാടിയെണീറ്റ് അപ്പുക്കുട്ടനഭിമുഖമായി നിന്നു.

വത്സപ്പാണ്ണന്‍! അപ്പുക്കുട്ടന്‍ അറിയാതെ പറഞ്ഞ് പോയി.

കട്ടിമീശയും,താടിയും,വിരിഞ്ഞമാറും, അതില്‍ നിറയെ രോമങ്ങളുമെല്ലാമുള്ള പുരുഷലക്ഷണം തികഞ്ഞൊരു മനുഷ്യന്‍. താടിയിലും മീശയിലുമെല്ലാം നരകേറിയിരിക്കുന്നു.പരത്തി എണ്ണ തേച്ച് ചീകിയിരുന്നിരുന്ന മുടിയെല്ലാം ഇന്നലങ്കോലപ്പെട്ട് കിടക്കുന്നു.

“അല്ല കൊച്ചെപ്പോ വന്നു?” ആ മധുരമൊഴിക്ക് മാത്രമിന്നും ഒരു കോട്ടവുമില്ല. കേള്‍ക്കാനെന്തൊരു ചേലാണ്!
അപ്പുക്കുട്ടന്റെ ഉത്തരത്തിന് കാത്തു നില്‍ക്കാതെ അടുത്ത ചോദ്യവും വന്നു.

“എപ്പോ പോണു?”

നാട്ടില്‍വന്നു കഴിഞ്ഞാല്‍ സ്ഥിരം ഉണ്ടാകാറുള്ള ചോദ്യമാണിത്.ആദ്യകാലത്തൊക്കെ ഒരുതരം അസഹ്യത ഈ ചോദ്യം കേട്ടാല്‍ അപ്പുക്കുട്ടനുണ്ടാകുമായിരുന്നു.പലതവണ കേട്ട് കേട്ട് തഴമ്പിച്ചതു കൊണ്ടാവാം ഇപ്പോളിതു കേട്ടില്ലങ്കിലാണ് ബുദ്ധിമുട്ട്.അതുകൊണ്ട് തന്നെ ഉത്തരം അപ്പുക്കുട്ടനൊരു ചിരിയിലൊതുക്കി.

അപ്പോഴേക്കും അച്ഛനെത്തി. വത്സപ്പാണ്ണന്‍ വീണ്ടും കല്‍പ്പടിയിരുന്നു.

അപ്പുക്കുട്ടന്‍ വത്സപ്പാണ്ണന്റെയും അച്ഛന്റേയും സംസാരം ശ്രദ്ധിച്ച് കൊണ്ട് വാതുക്കല്‍ തന്നെ നിന്നു.

“ആരും വന്നില്ല.” വത്സപ്പാണ്ണന്‍ അച്ഛനോട് പറഞ്ഞു.
“ഇനിയിപ്പോ എന്താ നിന്റെ പ്ലാന്‍?”

“എന്തു പ്ലാന്‍?” ഇന്നലത്തെ മഴയില്‍ ബാക്കി ഉണ്ടായിരുന്ന ഷീറ്റെല്ലാം പറന്ന് പോയി.കേറിക്കെടക്കാന്‍ അരസെന്റെങ്കിലും ഉണ്ടാക്കണമെന്നേ എനിക്കുള്ളു.

“അവളുണ്ടായിരുന്നേ നിനക്കീ ഗതിവരുകേലാരുന്നു. ഒരപേക്ഷ എഴുതി പാര്‍ട്ടി ആപ്പീസില്‍ കൊടുത്ത് കൂടെ നിനക്ക്?”
“ഇനി പറയാനായിട്ട് ആരുമില്ലവിടെ.” കണ്ണുകളിലുരുണ്ട് കൂടിയ കണ്ണുനീര്‍ താഴോട്ട് വീഴാതിരിക്കാനാവണം വത്സപ്പാണ്ണന്‍ തലയല്‍പം മേലോട്ടുയര്‍ത്തി.പിന്നെ വാതുക്കലെ റോഡിലോട്ടും നോക്കിയിരുന്നു.അച്ഛന്റെ ചുണ്ടുകളില്‍ ചെറിയൊരു ചിരി പടര്‍ന്നു.അത് സന്തോഷം കൊണ്ടാണോ സങ്കടം കൊണ്ടാണോ എന്ന് അപ്പുക്കുട്ടന് വേര്‍തിരിച്ചറിയാനായില്ല.


വെള്ള ഡബിള്‍മുണ്ടും,തോളിലൂടെ വിടര്‍ത്തിയിട്ടിരിക്കുന്ന വീതിയേറിയ തോര്‍ത്തുമിട്ട് നെറ്റിയില്‍ നീളത്തിലുള്ള ചന്ദനക്കുറിയും ചാര്‍ത്തി കൈയിലെ വാഴയിലയില്‍ പൂക്കളും; ചെവിയില്‍ ചേടി വെച്ചിരിക്കുന്ന ചെത്തിപ്പൂവുമായി അമ്പലത്തിലേയ്ക്ക് വരുന്ന വത്സപ്പാണ്ണനെ കാണുവാനായി കുട്ടികള്‍ കാത്തിരുന്നൊരു കാലമായിരുന്നു അപ്പുക്കുട്ടന്റെ മനസ്സിലപ്പോള്‍. വത്സപ്പാണ്ണനെ കാണുന്നതിന് വേണ്ടി വേറെ പലരും അന്ന് ഇടവഴിയില്‍ കാത്തു നിന്നിരുന്നു.
ഇടവഴിയുടെ അങ്ങേത്തലയ്ക്കല്‍ വത്സപ്പാണ്ണന്‍ പ്രത്യക്ഷപ്പെടുമ്പോഴേ ഇങ്ങേയറ്റത്ത് നിന്നും പൂവാലന്മാര്‍ താളം പിടിക്കും.
‘ഡിംഗ് ഡോംഗ് ഡിംഗ്.’ ‘ഡിംഗ് ഡോംഗ് ഡിംഗ്.’

വത്സപ്പാണ്ണന്‍ നടക്കുന്നത് പെണ്ണുങ്ങള് നടക്കുന്നത് പോലായതു കൊണ്ടാണ് ചേട്ടന്മാര്‍ അങ്ങനെ ഒച്ച വെയ്ക്കുന്നതെന്നണ് കുഞ്ഞികുട്ടന്‍ പറയുന്നത്. എന്തായാലും കേള്‍ക്കാന്‍ നല്ലരസമാണ്!
വത്സപ്പാണ്ണന്‍ നടപ്പിനു വേഗത കൂട്ടും.
പൂവാലന്മാര്‍ അതിനനുസരിച്ച് താളവും ധൃതഗതിയിലാക്കും.

‘ഡിംഗ് ഡോംഗ് ഡിംഗ്.’ ‘ഡിംഗ് ഡോംഗ് ഡിംഗ്.’

പാവം വത്സപ്പാണ്ണന്‍! ആരെയും കളിയാക്കിചിരിക്കരുതെന്നാണ് അച്ഛന്‍ പറയുന്നത്. എങ്കിലും ഇതൊക്കെ കണ്ടാല്‍ ചിരിക്കാതിരിക്കാന്‍ പറ്റുമോ? വത്സപ്പന്‍ പെണ്ണിനെപ്പോലായാത് അവന്റെ കൊഴപ്പം കൊണ്ടാണോന്നാ അച്ഛന്‍ ചോദിക്കുന്നത്. ആര്‍ക്കറിയാം? ദൈവത്തിനറിയാമായിരിക്കാം. ദൈവത്തിന് കോപം തീര്‍ക്കാനായിരിക്കും വത്സപ്പാണ്ണന്‍ എല്ലാ ദെവസവും അമ്പലത്തില്‍ വരുന്നത്. ആളുകളുടെ കുറ്റവും കുറവും പറഞ്ഞ് കളിയാക്കി ചിരിച്ചാല്‍ അടുത്ത ജന്മത്തില്‍ നമ്മളും അത് പോലാകുമെന്നാണ് അച്ഛന്‍ പറയുന്നത്. വത്സപ്പാണ്ണന്‍ കഴിഞ്ഞ ജന്മത്തില്‍ ആരെയെങ്കിലുമൊക്കെ കളിയാക്കി കാണും. അതുകൊണ്ടായിരിക്കും ഇപ്പോളിങ്ങനെയൊക്കെ.

“നമ്മളു കളിയാക്കുന്നില്ലല്ലോ.ചിരിക്കുന്ന മാത്രേള്ളല്ലോ. അപ്പോ നമ്മക്ക് പ്രശ്നമില്ല.” കുഞ്ഞിക്കുട്ടനങ്ങനെയാ പറയണത്.

“വത്സമ്മേ നിന്റെ കല്യാണമെന്നാണടീ?” ലാലിയാണ് വത്സപ്പാണ്ണനെ കൂടുതല്‍ കളിയാക്കുന്നത്. ആരേയും വിടില്ല അവന്‍. വത്സപ്പാണ്ണനെ ഒട്ടും വിടില്ല.വത്സപ്പാണ്ണനല്ലാതെ വേറെ ആരെങ്കിലുമാണങ്കില്‍ അടിയിലേ ഒതുങ്ങൂ.

വത്സപ്പാണ്ണനു കൈ നീട്ടി വലിച്ച് അടിക്കാനറിയില്ലന്നാ മാഞ്ചുവട്ടിലെ പെണ്ണുങ്ങള്‍ പറയുന്നത്. “ഒന്നു പോ എന്റെ ലാലീ, എന്ന് മുട്ടുകൈ പള്ളയ്ക്ക്ന്ന് മാറ്റാതെ വിരലുകള്‍ വിടര്‍ത്തി പറഞ്ഞാല്‍ വല്ലതുമാകുമോ? ഞാനെങ്ങാനമായിരിക്കണം. അവന്റെ കരണകുറ്റി അടിച്ച് പൊകച്ചേനേ.” പറഞ്ഞത് മാധവി ആയത്കൊണ്ട് സംശയിക്കേണ്ട കാര്യോമില്ല. മാധവിക്ക് ആണുങ്ങളെപ്പോലെ മീശയുണ്ട്! മാധവി മുണ്ട് മടക്കി കുത്തും. ബീഡി വലിക്കും. വത്സപ്പാണ്ണന്‍ മടക്കി കുത്തത്തില്ല. ബീഡി വലിക്കത്തില്ല. പക്ഷേ മാധവിയേക്കാള്‍ മീശയുണ്ട്. ആണായാല്‍ മാധവിയെപ്പോലിരിക്കണമെന്നാണ് എല്ലാരും പറയണത്. “അപ്പോള്‍ പെണ്ണായാല്‍ വത്സപ്പാണ്ണനെ പോലിരിക്കണോ?” അപ്പുക്കുട്ടനത് ചോദിച്ചതിന് അമ്മ കിഴുക്കാണു കൊടുത്തത്. മാധവി ഭയങ്കര ഇടിക്കാരിയാണ്. ഒന്നുപറഞ്ഞ് രണ്ടിന് മാധവിയുടെ കൈ പൊങ്ങും. മാധവി ഇടി പഠിച്ചത് ഭര്‍ത്താവ് കേശവന്‍ മൊണ്ണ ആയതുകൊണ്ടാണന്നും മാഞ്ചുവട്ടില്‍ സംസാരമുണ്ട്.കേശവന്‍ മൊണ്ണ ആയതുകൊണ്ടാണന്ന് അപ്പുക്കുട്ടനൊരിക്കലും തോന്നിയിട്ടില്ല. കാരണം മാധവി ചക്ക പോലെയാണിരിക്കുന്നത്. കേശവന്‍ ചക്കകുരുപോലെയും!. അപ്പം മൊണ്ണയല്ലങ്കിലും മാധവീടെ ഇടി കൊണ്ടാല്‍ കേശവന്‍ വീഴും. പക്ഷേ പെണ്ണുങ്ങള് സംസാരിക്കുന്നിടത്ത് അപ്പുക്കുട്ടനെന്തുകാര്യം? അതുകൊണ്ട് അപ്പുക്കുട്ടനിതൊന്നും ആരോടും പറഞ്ഞിട്ടില്ല.

“നിന്റെ വീട്ടുകാരെന്തു പറയുന്നു?” അച്ഛന്റെ ചോദ്യം കേട്ടാണ് അപ്പുക്കുട്ടന്‍ ഓര്‍മ്മകളില്‍നിന്നും മടങ്ങിവന്നത്.പൊയ്പ്പോയബാല്യത്തിന്റെ മധുരസ്മരണ അവനില്‍ പുഞ്ചിരി വിടര്‍ത്തിയിരുന്നു.

“ഓ... ഞാനെന്തെങ്കിലും പറഞ്ഞാല്‍ അവരൊരുമാതിരി ഓളിച്ചിരിയും കളിയാക്കലും മറ്റുമാ. അവരെന്നെ കൊല്ലാനും മടിക്കില്ല.”
“പഞ്ചായത്ത് പ്രസിഡന്റിനോട് പറഞ്ഞ് കൂടായിരുന്നോ?”

“പറഞ്ഞ് പറഞ്ഞ് മടുത്തു. ഇതുവരെ ഒന്ന് തിരിഞ്ഞ് പോലും നോക്കിയിട്ടില്ല.എന്റെ കാര്യം നോക്കിയിട്ട് അങ്ങേര്‍ക്ക് വലിയ പ്രയോജനമൊന്നുമില്ലല്ലോ?”

രണ്ട് പേരും പറയുന്നതെന്താണന്ന് അപ്പുക്കുട്ടനൊട്ടും പിടികിട്ടുന്നില്ലായിരുന്നു. എന്തൊക്കെയോ പരസ്പരബന്ധമില്ലാത്ത കാര്യങ്ങള്‍ പറയുന്നതായി അപ്പുക്കുട്ടന് തോന്നി. അച്ഛന്‍ വത്സപ്പാണ്ണനെ തന്നെ ശ്രദ്ധിച്ച് കൊണ്ട് നില്‍ക്കുന്നു.
“വടക്ക് പെങ്ങാമ്മാരുടെ വീട്ടില്‍ പൊയ്ക്കൂടെ നിനക്ക്?”

“അവിടെയൊക്കെ പോകാറുണ്ട്. രണ്ടോ മൂന്നോ ദെവസം കഴിയുമ്പോ എല്ലാരുടേം മൊകം കറുക്കും.അരീം സാമാനങ്ങളുമൊക്കെ വെറുതേ ഒണ്ടാവുമോ? അതൊക്കെ അറിയാവുന്നത് കൊണ്ട് വേല ചെയ്യണ പൈസ അവിടെ കൊടുത്തിട്ടേ ഞാന്‍ പോരത്തൊള്ളു. എങ്കിലും...” വത്സപ്പാണ്ണന് മുഴുവന്‍ പറയാന്‍ പറ്റുന്നില്ല.

രണ്ട് പേരുടെ സംസാരം പൊട്ടന്‍ ആട്ടം കാണുന്നതുപോലെ കണ്ടോണ്ട് നില്‍ക്കുകയെന്ന് പറയുന്നത് അല്‍പം ബുദ്ധിമുട്ട് തന്നെയാണ്. അപ്പുക്കുട്ടന്‍ അകത്തേയ്ക്ക് പോയി.
മനസ്സിലാകാത്ത കാര്യം കേട്ട്നില്‍ക്കുന്നതിലും നല്ലത് വിട്ടുപോയ ഉറക്കം പൂര്‍ത്തിയാക്കുന്നതാണ് നല്ലതെന്ന് ഒരു നിമിഷം അപ്പുക്കുട്ടന്‍ വിചാരിച്ച് പോയി.
ഒന്ന് കണ്ണടച്ച് വരുന്നതേ ഉണ്ടായിരുന്നുള്ളു. അപ്പോളാണ് അച്ഛന്റെ ശബ്ദം കേട്ടത്.

“എന്ത് നല്ല രീതിയില്‍ കഴിഞ്ഞ് വന്നവനാണ്. ഇപ്പോ നോക്കിയേ...” അപ്പുക്കുട്ടന്‍ വെറുതെ കിടക്കുകയാണന്ന് കരുതിയായിരിക്കാം അച്ഛന്‍ മുറിയിലേയ്ക്ക് വന്നത്. വളരെ നാള്‍ കൂടി കാണുന്ന മകനെ നാട്ട് വിശേഷങ്ങള്‍ കേള്‍പ്പിക്കാനുള്ള ഉല്‍സാഹവും അതിലുണ്ടായിരുന്നിരിക്കാം.

ഏതായാലും ഉറക്കം വീണ്ടും മുറിഞ്ഞു. വത്സപ്പാണ്ണന്റെ കഥ കേട്ട് കളയാം. അപ്പുക്കുട്ടന്‍ കട്ടിലിലെണീറ്റിരുന്നു. അച്ഛന്‍ ഒരു കസേര വലിച്ചിട്ട് അടുത്തിരുന്നു. കട്ടന്‍കാപ്പിയുമായി അമ്മയും അപ്പോഴത്തേക്കും എത്തിയിരുന്നു.

“പെണ്ണ് കെട്ടുമ്പോഴെങ്കിലും അവന്‍ നേരെയാകുമെന്നാ എല്ലാരും കരുതിയത്. വത്സപ്പന്‍ ഭാര്യയും അവള് ഭര്‍ത്താവുമാണന്ന് ആള്‍ക്കാര് പറയുന്നത് എത്ര നാളാ ഒരു പെണ്ണിന് സഹിക്കാന്‍ പറ്റുന്നത്.” അമ്മയാണത് പറഞ്ഞത്.

“അവളിട്ടിട്ട് പോയി അധികമാകുന്നതിന് മുന്നേ അവന്റെ അമ്മയും മരിച്ചു. എന്ത് ചെയ്യാം ഇവനിങ്ങനൊരു പാവമായിപ്പോയല്ലോ. അതു മുതലെടുക്കുകയാണിപ്പോ അവന്റെ സഹോദരന്മാരും അവരുടെ പെണ്ണുങ്ങളും.നിയമപ്രകാരം അവനുള്ളതാണ് കുടുംബവീട്. എങ്ങനെയെങ്കിലും അവനെയൊന്നൊഴിപ്പിച്ചാല്‍ മതിയെന്നാണിപ്പോളെല്ലാവര്‍ക്കും. സഹായത്തിനായി പലരെയും സമീപിച്ചു. പക്ഷേ ആരും തിരിഞ്ഞ് നോക്കുന്നില്ലന്നാണ് അവന്‍ പറയുന്നത്. ഇപ്പോളിങ്ങനെ വീടുവീടാന്തരം കയറിയിറങ്ങി സഹായമഭ്യര്‍ത്ഥിക്കുകയാണ്. നമ്മുക്കെന്ത് ചെയ്യാന്‍ പറ്റും? സ്വന്തം കൂടപ്പിറപ്പുകളിങ്ങനെയാവുമ്പോള്‍?” അച്ഛന്‍ ദീര്‍ഘമായി ശ്വസിച്ച് കൊണ്ട് എന്റെ നേരെ നോക്കി.
ശരിയാണ് വത്സപ്പാണ്ണനെ സഹായിച്ചിട്ട് ആര്‍ക്കെന്ത് കിട്ടാനാണ്?

ഗ്രാമീണതയുടെ നഷ്ടപ്പെട്ട് പോകുന്ന നന്മകളേയും കുറിച്ചോര്‍ത്തുകൊണ്ട് അപ്പുക്കുട്ടനിരുന്നു.അയല്‍ക്കാരന്റെ ദുഃഖവും വിശപ്പുമെല്ലാം സ്വന്തം ദുഃഖമായി കണ്ടിരുന്ന ഒരു നല്ല സമൂഹം അന്യമാവുന്നു. സ്വന്തത്തിനും ബന്ധത്തിനുമൊന്നും ഒരു വിലയുമില്ലാതായിരിക്കുന്നു. സഹായം ചെയ്യുന്നവനും ഒരു നിമിഷമൊന്ന് ആലോചിക്കും, ‘എന്താണ് തനിക്കതില്‍ നിന്നുള്ള നേട്ടമെന്ന്.’

ഇവിടെ വത്സപ്പാണ്ണന്‍ വര്‍ത്തമാനകാലത്തിന്റെ ഒരു പതിപ്പ് മാത്രം. ഒന്നുമില്ലാത്തവന്‍...നേരാം വണ്ണം സംസാരിക്കാനറിയാത്തവന്‍...പഠിപ്പില്ലാത്തവന്‍...വോട്ട് ബാങ്കുകാര്‍ക്ക് ആവശ്യമില്ലാത്തവന്‍...സ്വന്തമായുള്ള കൂരയില്‍ പോലും പ്രാണഭയത്തോടെ കഴിയുന്നവന്‍...ഒരേ വയറ്റില്‍ പിറന്ന സഹോദരങ്ങളെ ഭയന്ന് കഴിയുന്നവന്‍...

“അവരെന്നെ കൊല്ലാനും മടിക്കില്ല.” വത്സപ്പാണ്ണന്റെ വാക്കുകള്‍ അപ്പുക്കുട്ടന്റെ കാതുകളില്‍ മുഴങ്ങിക്കൊണ്ടിരുന്നു.


പാര്‍ട്ട് 2


അടുത്ത തവണ നാട്ടിലെത്തിയപ്പോള്‍ വീണ്ടും വത്സപ്പാണ്ണനെ കണ്ടു. അമ്പലത്തിന് മുന്നില്‍ വെച്ച്. അതാണല്ലോ വത്സപ്പാണ്ണന്റെ അഭയസ്ഥാനം.

വെള്ള ഡബിള്‍മുണ്ടും,തോളിലൂടെ വിടര്‍ത്തിയിട്ടിരിക്കുന്ന വീതിയേറിയ തോര്‍ത്തുമിട്ട് നെറ്റിയില്‍ നീളത്തിലുള്ള ചന്ദനക്കുറിയും ചാര്‍ത്തി കൈയിലെ വാഴയിലയില്‍ പൂക്കളും; ചെവിയില്‍ ചേടി വെച്ചിരിക്കുന്ന ചെത്തിപ്പൂവുമായി അമ്പലനടയില്‍ വത്സപ്പാണ്ണന്‍ നില്‍ക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലാലി കളിയാക്കിയിരുന്ന വത്സപ്പാണ്ണന്റെ അതേ രൂപം! നരകേറിയ മുടിയൊഴികെ വേറെ മാറ്റങ്ങളൊന്നുമില്ല!

അപ്പുക്കുട്ടന് അത്ഭുദമായിരുന്നു. കഴിഞ്ഞവരവിന് താന്‍ കണ്ട വത്സപ്പാണ്ണന്‍ ഇപ്പോള്‍ എന്തുമാത്രം മാറിയിരിക്കുന്നു! അലങ്കോലപ്പെട്ട് കിടന്ന മുടിയെല്ലാം എണ്ണ തേച്ച് പരത്തി ചീകിവെച്ചിരിക്കുന്നു. പണ്ടത്തെപ്പോലെ തന്നെ.

വത്സപ്പാണ്ണനും അപ്പുക്കുട്ടനെ കണ്ടിരുന്നു. വത്സപ്പാണ്ണന്‍ അപ്പുക്കുട്ടന്റെ അടുത്തെത്തി.
“കൊച്ചെപ്പോ വന്നു?” സ്ഥിരം ചോദ്യം.
“എപ്പോ പോണു?” അടുത്ത ചോദ്യവും ഉടനെയുണ്ടായി.
അപ്പുക്കുട്ടന്‍ ഉത്തരം ചിരിയിലൊതുക്കി.
“ജീവിതമൊക്കെ എങ്ങനെ വത്സപ്പാണ്ണാ?”
“കൊച്ചേ എനിക്കിപ്പോ നല്ല സുഖമാ...പ്രശ്നങ്ങളൊക്കെ തീര്‍ന്നു.വീടൊക്കെ ശരിയാക്കി.”

പിന്നെ വത്സപ്പാണ്ണന്‍ വാച്ചിലോട്ട് നോക്കി പതിവ് സ്ത്രീ ചേഷ്ടയില്‍ പറഞ്ഞു. “യ്യോ... കൊച്ചേ, സമയമൊത്തിരിയായി... ഞാന്‍ പോട്ടെ.” വത്സപ്പാണ്ണന്‍ നടന്നകന്നു.

അപ്പുക്കുട്ടന്‍ വീട്ടിലേയ്ക്കും പോയി.

അന്നത്താഴത്തിനിരുന്നപ്പോഴാണ് വത്സപ്പാണ്ണന്‍ വിഷയം അപ്പുക്കുട്ടന്‍ അവതരിപ്പിച്ചത്.


“അവനിപ്പോ പഴയപോലൊന്നുമല്ല മോനേ. രക്ഷപ്പെട്ടുപോയി. മാധവി വന്നതോടെ അവന്റെ നല്ല കാലം തുടങ്ങി.കേശവന്‍ മരിച്ചതോടെ മാധവിയുടെ കഷ്ടകാലവും തുടങ്ങി. കടംകേറി വീടും പുരയിടവും വിറ്റ് കടത്തിണ്ണയില്‍ താമസിക്കുമെന്നായപ്പോള്‍ അവളെ സഹായിക്കാന്‍ വത്സപ്പനെ ഉണ്ടായിരുന്നുള്ളു.എന്തായാലും രണ്ട് പേരും രക്ഷപ്പെട്ടു.മാധവിയെ പേടിച്ച് ഇപ്പോ ആരും ശല്യത്തിനുമില്ല. എല്ലാം കാണുന്ന ഒരാളുണ്ട് മോനേ...” അമ്മ ഭിത്തിയില്‍ തൂക്കിയിട്ടിരുന്ന ദൈവത്തിന്റെ ചിത്രത്തിലോട്ട് നോക്കി.

“അപ്പോള്‍ ആണായാല്‍ മാധവിയെ പോലിരിക്കണം അല്ലേ അമ്മേ?” അപ്പുക്കുട്ടന്‍ ചോദിച്ചു.
അമ്മ ചിരിച്ചു.

Read more...

അപ്പുക്കുട്ടനും ഗപ്പിയും

Sunday, December 2, 2007

അപ്പുക്കുട്ടന് ഗപ്പി വളര്‍ത്താന്‍ ആഗ്രഹം തുടങ്ങിയിട്ട് കുറച്ച് നാളുകളായി. കുറച്ച് നാളുകളെന്നു പറഞ്ഞാല്‍ കുമാറിന്റെ വീട്ടിലെ കണ്ണാടിക്കൂട്ടില്‍ പലനിറത്തിലും രൂപത്തിലുമുള്ള മീന്‍കുഞ്ഞുങ്ങള്‍ തത്തിക്കളിക്കുന്നത് കണ്ട അന്ന് മുതല്‍ തുടങ്ങിയതാണ്. സ്വര്‍ണ്ണ നിറത്തിലും കറുപ്പ് നിറത്തിലുമൊക്കെയുള്ള മീനുകളെ കാണാന്‍ എന്ത് ഭംഗിയാണ്! കണ്ണാടിക്കൂടിന്റെ അടിത്തട്ടില്‍നിന്നും വരുന്ന കുമിളകള്‍ക്കിടയിലൂടെ നീങ്ങുന്ന മീനുകളെ കണ്ടിട്ടും കണ്ടിട്ടും അപ്പുക്കുട്ടന് മതി വന്നില്ല. ഇതുപോലൊരു കണ്ണാടിക്കൂടും തിളങ്ങുന്ന മീനുകളേയും വാങ്ങിക്കണമെങ്കില്‍ ഒത്തിരി പണം വേണം!
കുമാറിന്റെ അച്ഛന്‍ പണക്കാരനാണ്. ആനയെപ്പോലും വാങ്ങിക്കാന്‍ കാശുണ്ടന്നാണ് മാഞ്ചുവട്ടിലെ പെണ്ണുങ്ങള്‍ പറഞ്ഞ് കേട്ടിട്ടുള്ളത്.

സ്വര്‍ണ്ണമീനും കണ്ണാടിക്കൂടും നടക്കാത്ത സ്വപ്നമാണന്ന് മനസ്സിലായത് കൊണ്ടാണ് അപ്പുക്കുട്ടന്‍ മീന്‍ വളര്‍ത്തല്‍ ഗപ്പിയിലാക്കാമെന്ന് വിചാരിച്ചത്. ഗപ്പിക്കുഞ്ഞുങ്ങളെ തരാമെന്ന് കുമാര്‍ സമ്മതിച്ചിട്ടുണ്ട്. കുറച്ച് കൂടി അവനെ സോപ്പിട്ടാല്‍ ഒരു സ്വര്‍ണ്ണ മീനെക്കൂടെ ഒപ്പിച്ചെടുക്കാന്‍ പറ്റുമായിരിക്കും!

കുറേ നാളുകൂടിയുള്ള അപ്പുക്കുട്ടന്റെ ആഗ്രഹമാണ് വീട്ടില്‍ എന്തെങ്കിലുമൊക്കെ ചെയ്യണമെന്നുള്ളത്. അമ്മ വീട്ടില്‍ താറാവിനേം,കോഴിയേയും വളര്‍ത്തുന്നുണ്ട്. അച്ഛനാണങ്കില്‍ പച്ചക്കറി കൃഷിയാണ്. അപ്പോള്‍ അപ്പുക്കുട്ടന്‍ മാത്രം ഒന്നും ചെയ്യാതിരുന്നാല്‍ മോശമല്ലേ!

നിറമുള്ള മീനെകിട്ടിയില്ലെങ്കില്‍ വേണ്ട. ഗപ്പിയെങ്കില്‍ ഗപ്പി!

ഒന്നോര്‍ത്താല്‍ ഗപ്പി വളര്‍ത്തുന്നത് അമ്മ കോഴീനേം താറാവിനേം വളര്‍ത്തുന്നതിനേലും നല്ലതാണ്. നാട്ടുകാര്‍ക്ക് ശല്യമുണ്ടാക്കുകേലല്ലോ.
കോഴിയെല്ലാം കൂടി ശങ്കരന്‍ ചേട്ടന്റെ തെങ്ങിന്‍ചോട്ടിലും വാഴച്ചോട്ടിലും ചെകഞ്ഞെന്ന് പറഞ്ഞ് എപ്പോഴും വഴക്കാണ്. അച്ഛന്റെ കപ്പയും കാച്ചിലും, ചീരയുമെല്ലാം കോഴീം താറാവുമെല്ലാം കൂടി ചെകഞ്ഞ് നശിപ്പിക്കും. അതിന് അച്ഛനും വഴക്കാണ് എപ്പോഴും.
ചിക്കി ചെകഞ്ഞ് നശിപ്പിക്കുന്നത് മാത്രമല്ലല്ലോ പ്രശ്നം! സുന്ദരന്‍ കോഴി വഴിയേ ആരേയും വിടത്തില്ല . പുറകേ ഓടിച്ചിട്ടല്ലേ കൊത്തുന്നത്. ഇന്നാളൊരു ദിവസം ജാനകിചേച്ചീടെ തലയില്‍ കേറിയാണവന്‍ കൊത്തിയത്. അന്നാണ് ജാനകിചേച്ചീടെ മുടീടെ ഗുട്ടന്‍സ് എല്ലാര്‍ക്കും മനസ്സിലായത്.

ജാനകിചേച്ചി വഴക്കുണ്ടാക്കിയെങ്കിലും അമ്മയ്ക്ക് സന്തോഷമായി.

''ഇനിയവള് മുടീടെ പേരും പറഞ്ഞ് നെഗളിക്കുകേലല്ലോ'' എന്നാണ് അമ്മ പറഞ്ഞത്.
മാഞ്ചുവട്ടിലെ പെണ്ണുങ്ങള്‍ക്കും കുറച്ച് ദിവസം അത് തന്നെയായിരുന്ന് സംസാരവിഷയം!

ഗപ്പിയെ വളര്‍ത്തണമെങ്കിലും പ്രശ്നമാണല്ലോ. കണ്ണാടിക്കൂട് എന്തായാലും വാങ്ങാന്‍ പറ്റില്ല. അതിനൊക്കെ ഒത്തിരി പൈസ ആകും. എന്താണ് വഴി?

അച്ഛനോട് പറഞ്ഞാല്‍ ചിലപ്പോള്‍ നടന്നെന്നിരിക്കും. കക്കൂസ് പണിയാനായി ഇഷ്ടികയും സിമന്റുമെല്ലാം കൊണ്ടുവന്നിട്ടുണ്ട്. പണിക്കാര്‍ വരുമ്പോള്‍ അവരെക്കൊണ്ട് ചെറിയൊരു ടാങ്ക് കെട്ടിച്ചാല്‍ മതിയാരുന്നു. ഒരു വരി ഇഷ്ടികപ്പൊക്കത്തില്‍ മതി. അല്‍പം വെള്ളം കെട്ടിക്കിടക്കാന്‍ ഒരിടം വേണം. അത്രേ ഉള്ളു. കൂടുതല്‍ വെള്ളം വേണമെന്നുണ്ടങ്കില്‍ ഗപ്പിയെ കുളത്തിലിട്ടാല്‍ പോരേ.


അച്ഛന്‍ കാച്ചില്‍ നടാനുള്ള ശ്രമത്തിലായിരുന്നു. പതുക്കെ അപ്പുക്കുട്ടന്‍ അച്ഛന്റെ കൂടെക്കൂടി. കാര്യം കാണേണ്ടേ?
അച്ഛന്‍ കാച്ചില്‍ നടുന്നത് കാണാന്‍ നല്ല രസമാണ്!
കുഴികുഴിച്ച് അതിന്റകത്ത് അപ്പുക്കുട്ടന്റത്രേം പൊക്കത്തില്‍ വാഴപ്പിണ്ടിവെയ്ക്കും. വാഴപ്പിണ്ടിയ്ക്ക് ചുറ്റും കരിയിലയും ഉണക്ക ചാണകവുമെല്ലാം ഇട്ട് മുകളില്‍ കാച്ചിലിന്റെ തൈ വെച്ച് കുഴി മൂടും. അങ്ങനെ ചെയ്താല്‍ അപ്പുക്കുട്ടന്റത്രേമുള്ള കാച്ചിലുണ്ടാവുമെന്നാണ് അച്ഛന്‍ പറയുന്നത്.
ഇന്നാള് പറിച്ച കാച്ചില് വെള്ളരിക്കായുടെ അത്രേ ഉണ്ടായിരുന്നുള്ളു. അപ്പുക്കുട്ടനത് ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷേ ഇപ്പോള്‍ ചോദിക്കുന്നത് ശരിയല്ലല്ലോ. ടാങ്ക് കെട്ടിക്കേണ്ടതല്ലേ.
അപ്പുക്കുട്ടന്‍ കാച്ചില് നടാന്‍ അച്ഛനെ സഹായിച്ചുകൊണ്ടിരുന്നു. പതിവില്ലാതെ മകന്‍ നല്ലകാര്യങ്ങളൊക്കെ ചെയ്യുന്നത് കണ്ട് അച്ഛന്‍ സന്തോഷിച്ചു. ആ സന്തോഷം അപ്പുക്കുട്ടന്‍ മുതലെടുക്കുകയും ചെയ്തു.

വാസുദേവന്‍ മേസ്തിരി പിറ്റേദിവസം ഒരു ടാങ്ക് കെട്ടി. ഒരു കുഞ്ഞ് ടാങ്ക്! അമ്മ അരി പേറ്റുന്ന മുറത്തിനേക്കാള്‍ വലിപ്പമുണ്ടായിരുന്നു ടാങ്കിന്! ഗപ്പിയെ വളര്‍ത്താന്‍ അതൊക്കെ തന്നെ ധാരാളം! വീടിന് മുന്‍വശം അച്ഛന്‍ ചീര നട്ടിരിക്കുന്നതിനോട് ചേര്‍ന്നാണ് ടാങ്ക് കെട്ടിയത്.

അപ്പുക്കുട്ടന്റെ സന്തോഷത്തിനതിരില്ലായിരുന്നു. ഇനി ടാങ്കിന്റെ സിമന്റെല്ലാം ഒന്നുണങ്ങിക്കിട്ടിയാല്‍ മാത്രം മതി. അതിന് ഒരു ദിവസമെങ്കിലും കഴിയണമെന്നാണ് വാസുദേവന്‍ മേസ്തിരി പറഞ്ഞത്.

പിറ്റേദിവസം തന്നെ അപ്പുക്കുട്ടന്‍ ഗപ്പിക്കുഞ്ഞുങ്ങളെ കൊണ്ടുവന്നു. കുമാറിന്റെ വീട്ടില്‍ നിന്നും. ഒരു പ്ലാസ്റ്റിക് കൂട്ടില്‍ വെള്ളമൊഴിച്ച് അതിലാണ് മീനുകളെ കൊണ്ട് വന്നത്.
കണ്ണാടിക്കൂട്ടിലെ മീനുകള്‍ക്ക് കൊതികിട്ടെരുതെന്ന് കരുതിയായിരിക്കണം കുമാര്‍ ഒരു സ്വര്‍ണ്ണ മീനെക്കൂടി അപ്പുക്കുട്ടന് കൊടുത്തിരുന്നു.

ടാങ്കിലെ നിറഞ്ഞ വെള്ളത്തില്‍ ഓടിനടക്കുന്ന ഗപ്പിക്കുഞ്ഞുങ്ങളേയും അതിന്നിടയില്‍ തിളങ്ങി നീങ്ങുന്ന സ്വര്‍ണ്ണ മീനേയും കണ്ട് അപ്പുക്കുട്ടന്‍ കൈകൊട്ടി ചിരിച്ചു. സേതുവിനേയും അമ്മയേയും അച്ഛനേയുമെല്ലാം അവനത് കാണിച്ചു.
സേതു കൈയിട്ട് സ്വര്‍ണ്ണമീനെ പിടിക്കാന്‍ ഒരു ശ്രമമൊക്കെ നടത്തി.
അച്ഛനവളെ വഴക്ക് പറഞ്ഞു.
ടാങ്കിലെ കുഞ്ഞ് മീനുകള്‍ക്ക് കുമാറിന്റെ കണ്ണാടിക്കൂട്ടിലെ മീനുകളേക്കാള്‍ ഭംഗിയുള്ളതായി അപ്പുക്കുട്ടന് തോന്നി. കൂട്ടുകാരെ എല്ലാവരേയും താന്‍ മീന്‍ വളര്‍ത്തുന്ന വിധം കാണിക്കണം. കണ്ണാടിക്കൂടില്ലാതെ തന്നെ മീന്‍ വളര്‍ത്തുന്നത് കണ്ട് എല്ലാവരും അതിശയിക്കും!
കൂട്ടുകാരെതിരക്കി അപ്പുക്കുട്ടന്‍ വായനശാല വെളിയിലേക്കോടി. കിളിമാശ് കളിയും ഓടിപ്പിടുത്തവുമൊക്കെ നിര്‍ത്തി വെച്ച് ഒരു ജാഥ അപ്പുക്കുട്ടന്റെ വീട്ടിലേയ്ക്ക് നീങ്ങി. അപ്പുക്കുട്ടന്‍ ഏറ്റവും മുന്നില്‍.

ടാങ്കിന് ചുറ്റും എല്ലാവരും വട്ടം കൂടി.

“എവിടെ മീന്‍?” ചോദ്യം പലരില്‍ നിന്നും ഒരേ സമയമുണ്ടായി. അപ്പുക്കുട്ടനൊന്നും മനസ്സിലായില്ല. ടാങ്കില്‍ മീനുകളൊന്നുമില്ല.

എന്തു പറ്റി? ഒരുപിടിയും കിട്ടുന്നില്ല.

ഒച്ച കേട്ട് അമ്മ പുറത്തേയ്ക്ക് വന്നു.

'' ഇവിടെ കോഴീം താറാവുമൊക്കെ ഉള്ളത് അറിയാവുന്നതല്ലേ? ടാങ്കൊന്ന് മൂടിയിട്ടിട്ട് പോയാല്‍ നിനക്കെന്തായിരുന്നു? അതങ്ങനെ തുറന്നിട്ടതു കൊണ്ടല്ലേ താറാവ് കേറി എല്ലാത്തിനേം തിന്നുകളഞ്ഞത്?''

കൂട്ടുകാര്‍ കൂകിവിളിച്ചു.

അപ്പുക്കുട്ടന് സങ്കടവും അരിശവുമെല്ലാം വന്നു. കൂട്ടുകാരുടെ മുന്നില്‍ നാണക്കേടുമായി.

''നിന്നെയിന്ന് വെട്ടിക്കണ്ടിച്ച് കറിവെയ്ക്കും ഞാന്‍.'' അപ്പുക്കുട്ടന്‍ താറാവിന്റെ പുറകേ ഓടി.

താറാവ് ഒരു പ്രത്യേകരീതിയില്‍ ശബ്ദമുണ്ടാക്കിക്കൊണ്ട് ഓടി.

ഗപ്പിയേക്കാള്‍ രുചി സ്വര്‍ണ്ണ മീനാണന്നായിരിക്കുമോ അതുദ്ദേശിച്ചത്?


ഗപ്പിയെ കണ്ടിട്ടില്ലാത്തവര്‍ക്കായി


ഈ ഫോട്ടോ കിട്ടിയത് ഇവിടെ നിന്ന് ഫോട്ടോഗ്രാഫര്‍ Jdiemer

ഗപ്പിയെ കുറിച്ച് കൂടുതല്‍ ചിത്രങ്ങളും വിവരണവും

1. aqua-fish - The Guppy fish
2. aquaticcommunity-Guppy Fish
3. wikipedia

Read more...

പ്രത്യേക ശ്രദ്ധയ്ക്ക്

Creative Commons License
എന്റെ ചില കുറിപ്പുകള്‍ by K.M.Satheesan is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Based on a work at www.satheeskm.blogspot.com.
Permissions beyond the scope of this license may be available at www.satheeskm.blogspot.com.

വിരുന്നുകാർ

Powered By Blogger

ഓർക്കണേ പ്ലീസ്...

ഈ ബ്ലോഗിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങളോ, സന്ദർഭങ്ങളോ, കഥാപാത്രങ്ങളോ ഏതെങ്കിലും വിധത്തിൽ ആരെങ്കിലുമായി ബന്ധപ്പെട്ടിട്ടുണ്ടന്ന് തോന്നുന്നുവെങ്കിൽ അത് സ്വാഭാവികം മാത്രം.

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP