Followers

കറവപ്പശു

Tuesday, July 29, 2014


തോട്ടിറമ്പിലെ കൈതക്കാടുകളേയും,നായങ്ങണേയുമെല്ലാം പുറകിലേയ്ക്ക്‌ പായിച്ചു കൊണ്ട്‌ കാർ മുന്നോട്ട്‌ ഓടിക്കൊണ്ടിരുന്നു.പ്രധാന പാതയിൽ നിന്നും പാലത്തിന്റെ ഇടത്തേക്കരയിലൂടെ പടിഞ്ഞാറേയ്ക്കുള്ള വഴിക്ക്‌ ഇന്നും പറയത്തക്ക മാറ്റമൊന്നുമില്ല.ചെമ്മണ്ണ്‌ പുതച്ചുകിടന്നിരുന്ന നാട്ടുവഴി കരിമ്പടം മൂടിയ റോഡായി മാറി എന്നതിൽ കവിഞ്ഞ്‌ യാതൊരു മാറ്റവും തോന്നുന്നില്ല. വഴിയുടെ ഇടത്തേ വശത്തുള്ള എസ്റ്റേറ്റ്‌ പണ്ടത്തേതിനേലും കാടുകയറിയതായ്‌ തോന്നുന്നു. പൂത്തു നില്ക്കുന്ന കശുമാവുകളെ തഴുകിയെത്തുന്ന കാറ്റിന്‌ ചൊനമണം. ആദ്യത്തെ രണ്ടുവളവുകൾ തിരിഞ്ഞുവേണം വീടെത്തുവാൻ.വിജനമായ വഴിയിലൂടെ കാറോടിക്കുന്നതിന്റെ വിരസത ആക്സിലറേറ്ററിലേയ്ക്ക്‌ അമരുമ്പോഴാണ്‌ ഒരു മിന്നായം പോലെ അയാളുടെ ശ്രദ്ധയിൽ അത്‌ പതിഞ്ഞത്‌. മുന്നിലേക്കായിപോയ കാറിനെ വേഗത്തിൽ തന്നെ അയാൾ പുറകിലേക്കോടിച്ചു.
ഊഹം തെറ്റിയില്ല. ‘പൊന്നു...’ പൂക്കാരിപ്പൊന്നു!!!
കൈയിൽ പൂവട്ടിയില്ല...മുല്ലമൊട്ടുകളുമില്ല!!!
തോട്ടിലെ അഴുകിയ പായലിന്റെ ദുർഗന്ധവുമേറ്റി വന്നിരുന്ന കാറ്റിന്‌ മുല്ലപ്പൂവിന്റെ സൗരഭ്യമേകിയിരുന്ന ആ കൈകളിൽ...
വിജനമായ വഴിയിലൂടെ തനിച്ച്‌ നടന്നു വരുന്നു.സാധാരണയായി ആരും ഈ വഴിയെ ഇക്കാലത്ത്‌ തനിച്ച്‌ നടന്നുവരാറില്ല. പിടിച്ചുപറിക്കാരുടെ ശല്യം കൂടുതലാണന്ന്‌ പറഞ്ഞുകേൾക്കുന്നുണ്ട്‌. അതുകൊണ്ട്‌ തന്നെ പ്രധാനനിരത്തിലെ ഓട്ടോറിക്ഷാക്കാർക്ക്‌ കൊയ്ത്താണ്‌!
അയാൾ കാർ നിർത്തി പുറത്തിറങ്ങി.
“പൊന്നൂസേ, എന്തായിത്‌?” അയാളുടെ ചോദ്യം അവർ കേട്ടോ എന്ന്‌ ഒരു നിമിഷം ശങ്കിച്ചു.
പ്രായം വരവീഴ്ത്തിയ മുഖം. കറുത്തിരുണ്ട്‌ അരയൊപ്പമുണ്ടായിരുന്ന ചുരുളൻ മുടിയുടെ നിറത്തിന്‌ മാത്രമേ കാലത്തിന്‌ കളങ്കമേല്പ്പിക്കാൻ കഴിഞ്ഞിട്ടുള്ളു.
“ആരാ സേതുവാ?” പൊന്നൂസിന്റെ ശബ്ദത്തിലൊരിടർച്ച...
“അതേ...സേതുവെന്ന സേതുമാധവൻ...തോട്ടിറമ്പിലെ മാധവൻ മകൻ സേതുമാധവൻ...” കൂളിങ്ങ്‌ ഗ്ലാസ്‌ അല്പ്പമൊന്നുയർത്തി അയാൾ മുടികൾക്കുള്ളിൽ തിരുകി.
“നീയങ്ങ്‌ വലിയ ആളായിപോയല്ലോടാ...കാറും കൂളിംഗ്‌ ഗ്ലാസും...പത്രാസും...”
കൈയിലിരുന്ന കാർഡ്ബോർഡ്‌ അവരയാളുടെ തലയ്ക്ക്മുകളിലുയർത്തി. അടികൊള്ളാതിരിക്കാൻ സേതു ഒരുവശത്തേയ്ക്ക്‌ ഒഴിഞ്ഞുമാറി.
ചൊനമണമുള്ള കാറ്റ്‌ ആഞ്ഞ്‌ വീശി. കാർഡ്ബോർഡിൽ റബ്ബറിട്ട്‌ ഭദ്രമാക്കി വെച്ചിരുന്ന ലോട്ടറി ടിക്കറ്റുകൾ കാറ്റിനൊപ്പം പറന്നു. എന്തു ചെയ്യണമെന്നറിയാതെ സേതു നിന്നു.പൊന്നൂസപ്പോൾ അനുസരണയില്ലാതെ പറക്കുന്ന ആ കടലാസുകളെ കൈപ്പിടിയിലാക്കാനുള്ള വ്യഗ്രതയിലായിരുന്നു.അനുസരണയില്ലാതെ പറക്കുന്ന ഓർമ്മകളെ  തളയ്കാനാവാതെ അയാളും നിന്നു.

തിരിച്ചറിവിന്റെ പ്രായമാകുന്നതിന്ന്‌ മുന്നേ അമ്മയാകാൻ വിധിക്കപ്പെട്ടവൾ. അന്ന്‌ പൊന്നൂസിന്‌ പ്രായം പതിനഞ്ച്‌.സ്കൂളിൽ തലചുറ്റിവീണ പൊന്നൂസിനെ താങ്ങിയെടുത്ത ലീലാമ്മ ടീച്ചറിന്‌ എന്തോ ഒരു പന്തികേട്‌ തോന്നി. ചോദ്യം ചെയ്യലും പിന്നെ സ്കൂളിൽ നിന്ന്‌ പുറത്താക്കലും... പെണ്ണിന്‌ വയറ്റിലുണ്ട്‌.
വലിയ തറവാടിന്റെ ഇരുളടഞ്ഞ കോണുകളിലെവിടെയോവെച്ച്‌ കാരണവന്മാരാരുടെയോ കൈകളാൽ ജീവിതം തകർത്തെറിയപ്പെട്ട പൊന്നൂസ്‌ പിഴച്ചവളായി.പിഴച്ച പെണ്ണ്‌,
തറവാടിന്‌ മാനക്കേടുണ്ടാക്കിയവൾ, കുടുംബത്തിന്ന്‌ പുറത്തായി. എങ്കിലും ആരുടേയും പേര്‌ പുറത്തുവന്നില്ല. കുടുംബത്തിലെ മൂത്ത കാരണവരുടെ അച്ചിട്ട രൂപമാണ്‌
ശാരികയെന്ന്‌ നാട്ടുകാർ വിധിയെഴുതി.
ആരോടും പരിഭവമില്ലാതെ, കുടുംബത്തിന്റെ മാന്യത നഷ്ടപ്പെടുത്തിയവൾ വാച്ചർ ലോഡ്ജിന്റെ ഒറ്റ മുറിയിലേയ്ക്ക്‌ താമസം മാറി.വാച്ചർ ലോഡ്ജിലെ അന്നത്തെ അന്തേവാസികളിൽ ഭൂരിഭാഗവും നല്ലക്കൂട്ടരായിരുന്നില്ല.പോലീസ്‌ കേറിയിറങ്ങാത്ത ദിനങ്ങൾ അവിടെ കുറവായിരുന്നു. പെഴച്ചുപെറ്റവൾ പെഴയായി നാട്ടുകാരുടെ മുന്നിലും!
തെക്കേക്കര മാർക്കറ്റിന്‌ എതിർവശത്തായി അധികമാരാലും ശ്രദ്ധിക്കപ്പെടാത്ത ഒരിടത്ത്‌ ഒരു പലകകഷണം ഇഷ്ടികയിൽ താങ്ങി നിർത്തി പൊന്നൂസിരുന്നിരുന്നു പിന്നെ കുറേ കാലത്തേയ്ക്ക്‌.  പൂക്കാരിയായി...
സുരഭിലത നഷ്ടമായ ജീവിതം സൗരഭ്യദായകമായി.
മാർക്കറ്റിലെ മീന്മണം ഇടയ്ക്കിടയ്ക്ക്‌ മുല്ലപ്പൂവിന്റെ ഗന്ധത്തിന്‌ വഴിമാറികൊടുത്തു.
ശാരികയും വളർന്നു. സേതുവിന്റെ കൂട്ടുകാരിയായി...

‘വേശ്യയുടെ സന്തതി...’
ആ വിളി സേതുമാധവൻ ആദ്യമായ്‌ കേൾക്കുന്നത്‌ ശാരികയുടെ മരണത്തിന്‌ മുന്നായിട്ടാണ്‌. അവളാത്മഹത്യചെയ്യുകയായിരുന്നു.ഹോംവർക്ക്‌ ചെയ്തില്ലായെന്ന കുറ്റത്തിന്‌
ക്ലാസിൽ പരസ്യമായ ആക്ഷേപം.“വേശ്യേടെ മകൾ...നീയൊക്കെ വേറേ വല്ല പണിയുമാ നോക്കേണ്ടത്‌...ചിലരൊക്കെ ഇതേ പ്രായത്തില്‌ വയറ്റിലൊണ്ടാക്കി പഠിത്തം നിർത്തിയിട്ടൊണ്ടന്ന്‌ മറക്കേണ്ട.” ശാരിക മരിച്ചു. അദ്ധ്യാപകനെ മാറ്റണമെന്ന്‌ പറഞ്ഞ്‌ കുറേ നാൾ സമരമൊക്കെ നടന്നു അത്ര മാത്രം!
പൊന്നൂസിനെ പിന്നെ നാട്ടിൽ കണ്ടത്‌ കുറേയേറെ വർഷങ്ങൾക്ക്‌ ശേഷമാണ്‌.ഒരു പുത്തൻ അംബാസഡർ കാറിൽ,കൂളിംഗ്ളാസൊക്കെ വെച്ച്‌ ഹൈഹീൽഡ്‌ ചെരുപ്പിൽ...വിലയേറിയ പട്ടുസാരിയുടുത്ത പൊന്നൂസിന്റെ ഇടതുകൈത്തണ്ടയിൽ ഒരു വാനിറ്റി ബാഗുമുണ്ടായിരുന്നു.
പൂക്കാരി പൊന്നുവിന്റെ പുതിയ അവതാരം സംസാരവിഷയമായി.

‘അവളിപ്പോ പൊന്നമ്മ തന്നെയാ...പൊന്നിൽ പൊതിഞ്ഞല്ലേ ഇരിക്കണത്‌...
രണ്ടു നാളുദിനം കൊണ്ടൊരുത്തനെ
തണ്ടിലേറ്റി നടത്തുന്നതും ഭവാൻ
മാളികമുകളിലേറിയ മന്നന്റെ തോളിൽ
മാറാപ്പ്‌ കേറ്റുന്നതും ഭവാൻ...
അമ്മൂമ്മ ഭഗവാന്റെ ലീലാവിലാസത്തെ അനുസ്മരിച്ചു.
ലോട്ടറിയടിച്ചതാണന്നും, ഗൾഫ്‌ പണമാണന്നും അതല്ല കള്ളപ്പണമാണന്നും പലവിധ  വാദഗതികളുമുണ്ടായി. പൊന്നൂസ്‌ ഒന്നും നിഷേധിച്ചില്ല.
കുടുംബവീടിനോട്‌ ചേർന്ന്‌ കുറച്ച്‌ സ്ഥലം വാങ്ങി അവിടെ ഒരു നല്ല വീടുവെച്ചു.വീട്ടുമുറ്റത്ത്‌ നല്ല ഒരു മുല്ലത്തോട്ടമുണ്ടായിരുന്നു.ഗേറ്റിന്‌ മുന്നിൽ ‘മുല്ലപ്പന്തൽ’എന്ന്‌ കല്ലിൽ കൊത്തിവെച്ചിരുന്നു.
പൊന്നൂസിന്റെ ഭൂതകാലം വിസ്മൃതമായി...
ദയാനിധി...കരുണാമയി...വാൽസല്യനിറകുടം...നാടിന്റെ മുത്ത്‌...പൊന്നൂസെന്ന പേരുപോലും മറക്കപ്പെട്ടു.

ചന്ദന നിറത്തിലുള്ള സില്ക്ക്‌ സാരിയുടുത്ത്‌ ചുവന്ന കല്ലുള്ള കിരീടവും വെച്ച്‌ വെള്ളക്കുതിരകളെക്കെട്ടിയ രഥത്തിൽ പൊന്നൂസിരുന്നു.റോസാദളങ്ങൾ വിതറിയ വീഥിയിലൂടെ
പൊന്നൂസിനെ സ്വാഗതം ചെയ്തുകൊണ്ട്‌ രണ്ട്‌ വശവും മൈക്ക്‌ കെട്ടിയ ജീപ്പ്‌ ചീറിപ്പാഞ്ഞു.
“നാടിന്റെ ആരാധനാപാത്രമായ, അഭിമാനമായ സർവ്വോപരി സൽഗുണ സമ്പന്നയായ ആദരീണയായ ശ്രീമതി പൊന്നൂസിനെ പൊന്നാടയിട്ട്‌ ആദരിക്കുന്ന മഹത്തായ
സമ്മേളനത്തിലേയ്ക്ക്‌ മാന്യരായ നാട്ടുകാരെ അഭിമാനപുരസരം സ്വാഗതം ചെയ്തുകൊള്ളുന്നു...”
ക്ഷേത്രപുന:രുദ്ധാരണത്തിനുള്ള പണം മുടക്കുന്നത്‌ ഐശ്വര്യദേവതയായ പൊന്നു.
ചിരിച്ചുകൊണ്ട് പൊന്നൂസ് രഥത്തിലിരുന്നു.
ഇതേ ക്ഷേത്രത്തിലേയ്ക്ക് തന്നെയാണ്‌ പണ്ട്  പൂക്കാരി പൊന്നുവിന്റെ മുല്ലമാലയ്ക്ക് വിലക്കേൽപ്പിച്ചതും!
“പെഴച്ചവളുടെ മാല...ദൈവം കോപിക്കും...നാട് നശിക്കും..” അമ്മൂമ്മ അന്ന് പറയുന്നുണ്ടായിരുന്നു.

കാറ്റിൽ വിതറിപ്പോയ ലോട്ടറിടിക്കറ്റെല്ലാം ഒരുവിധം തിരിച്ച് കാർഡ്ബോർഡിൽ റബ്ബർ ബാൻഡിട്ടുറപ്പിച്ചു പൊന്നൂസ്.അയാൾ റോഡിൽ നിന്നും കല്ലുകൾ പെറുക്കി തോട്ടിലെ
വെള്ളത്തിലേയ്ക്ക് എറിഞ്ഞുകൊണ്ടുനിന്നു.ഒറ്റ ബിന്ദുവിൽ തുടങ്ങി വൃത്താകൃതിയിൽ കരയോളമടുത്ത് അവസാനിക്കുന്ന ഓളങ്ങളുടെ ഏറ്റക്കുറച്ചിലുകൾ....
സേതുമാധവനെ നോക്കി അവർ ചിരിച്ചു.
വാർദ്ധക്യത്തിന്റെ അവശത അവരുടെ ചിരിയിലും.
“കാലം കുറേ ആയല്ലോ കണ്ടിട്ട്? എവിടാ?” പൊന്നൂസിന്റെ ശബ്ദത്തിന്‌ പ്രായത്തിന്റെ ഇടർച്ച ഇല്ലല്ലോയെന്നും അയാൾ വിചാരിച്ചു.
അയാൾ മറുപടി പറഞ്ഞില്ല.എത്രയോ വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു.വല്ലപ്പോഴും വന്ന് അടുത്ത ബന്ധുക്കളേയും കൂട്ടുകാരേയും മുഖം കാണിച്ച് മടങ്ങുമെന്നതിൽ കവിഞ്ഞ് ഈ നാട്
തനിക്ക് അന്യം!
“ഒരു ടിക്കറ്റ് തരട്ടെ? പത്ത് രൂപയ്ക്ക് ഒരു കോടി...വിഷു ബമ്പർ...”
ലോട്ടറി വാങ്ങി തിരികെ കാറിൽ കയറുമ്പോൾ പുറകിൽ പൊന്നൂസിന്റെ ശബ്ദം!
“ഒരുകോടി കിട്ടിയാൽ പണ്ട് പൊന്നൂസ് ചെയ്ത പോലെ ചെയ്തേക്കല്ലേ...കറവ വറ്റിയാൽ പിന്നെ പുല്ലുപോലും തരില്ലാത്ത കൂട്ടരാ...”

Read more...

മുല്ലപ്പൂ മണമുള്ള ചേച്ചിയുടെ മോൾ

Saturday, June 28, 2014

ശാലുമോളെ ഞാൻ ആദ്യമായിട്ടല്ല കാണുന്നത്‌. പലപ്രാവശ്യം കണ്ടിട്ടുണ്ട്‌. പക്ഷേ അതെല്ലാം വർഷങ്ങൾക്ക്‌ മുൻപാണ്‌. അന്നവളൊരു കൊച്ചുശൃംഗാരി ആയിരുന്നു.നെറുകംതലയിൽ മുടിയൊക്കെ റബ്ബർ ബാൻഡ്‌ കൊണ്ട്‌ കെട്ടിവെച്ച്‌, കവിളത്ത്‌ കണ്മഷി കൊണ്ട്‌ ഒരു വലിയ പൊട്ടൊക്കെ തൊട്ട്‌...
കുഞ്ഞ്‌ പാവാടയുമൊക്കെ ഉടുത്ത്‌ വേച്ച്‌ വേച്ചുള്ള ആ നടത്തം...മുക്കിയും മൂളിയുമൊക്കെയുള്ള ആ സംസാരം...ഇന്നലെകളിലെയെന്നപോലെ തോന്നുന്നു. വർഷം ഇരുപത്‌ കഴിഞ്ഞു എന്നുള്ള യാഥാർത്ഥ്യം അംഗീകരിക്കാൻ മനസിനെന്തോ വിമുഖതയുള്ളതുപോലെ...
ഇന്നവൾ വളർന്ന്‌ ഒരു യുവതി ആയിരിക്കുന്നു. എനിക്കവളെ  മനസിലായതേയില്ല.
എങ്ങനെ മനസിലാകാനാണ്‌? ഞാൻ സ്വയം ചോദിച്ചു. നാടുമായിട്ട്‌ എന്തെങ്കിലും ബന്ധമുണ്ടായിട്ടുവേണ്ടേ? ഓണത്തിനും സംക്രാന്തിയ്ക്കും വന്ന്‌ പേരിനൊന്നു മുഖം കാണിച്ചിട്ട്‌ പോകുന്നതിൽ കൂടുതലായ്‌ എന്താണ്‌ എനിക്ക്‌ ഇവരുമായിട്ടൊക്കെ ബന്ധം!
ഇപ്രാവശ്യത്തെ ആന്വൽ അവധിയ്ക്ക്‌ വന്നപ്പോൾ എന്റെ കസിന്റെ അടുക്കൽ ചെന്നതായിരുന്നു ഞാൻ. ഒരു മാസത്തെ അവധി എന്ന്‌ പേരിന്‌ പറയാമെന്നേയുള്ളു. സമയം പോകുന്നതറിയുകേയില്ല. അവധിയുടെ അവസാനം പലരുടേയും പരിഭവവും പരാതികളും മിച്ചമുണ്ടാകും. ഒരു മാസം നാട്ടിലുണ്ടായിട്ടും ഞങ്ങളെയൊന്ന്‌ തിരിഞ്ഞ്‌ നോക്കാൻ തോന്നിയില്ലല്ലോടാ നിനക്ക്‌...ഒറ്റചോദ്യമായിരിക്കും. തൃപ്തികരമായ ഒരു മറുപടി ഇതുവരെ ആർക്കും കൊടുക്കാൻ കഴിഞ്ഞിട്ടില്ല.
പതിവ്‌ കുശലാന്വേഷണങ്ങളൊക്കെ കഴിഞ്ഞ്‌ യാത്രപറയാൻ തുനിയുകയായിരുന്നു ഞാൻ. അപ്പോഴാണ്‌ അകത്തെ മുറിയിലെ ഡോർ കർട്ടനിടയിലൂടെ ഒരു മുഖം പുറത്തേയ്ക്ക്‌ നീണ്ടത്‌. ഞാനറിയാതെ നോക്കിപ്പോയി. നല്ല സുന്ദരിയായ ഒരു പെൺകുട്ടി!
അവളുടെ മുഖത്ത്‌ നിഴലടിക്കുന്ന വിഷാദഛായ മനസിലാക്കാൻ വളരെ ബുദ്ധിമുട്ടൊന്നും പെടേണ്ടിവന്നില്ല. ഏതാനും സെക്കന്റുകൾക്കുള്ളിൽ സുന്ദരിയുടെ മുഖം മുറിയിലെ ഇരുട്ടിൽ മറഞ്ഞു.
ഞാൻ കസിനോട്‌ ചോദിച്ചു; “ആരാ അത്‌?”
“അല്ല നിനക്ക്‌ മനസ്സിലായില്ലേ? അതു നമ്മുടെ ശാലുമോൾ...”
“ശാലുമോളോ?” എനിക്ക്‌ അത്ഭുതം സഹിക്കാൻ പറ്റുന്നില്ലായിരുന്നു. ആ മൂക്കളേം ഒലിപ്പിച്ച്‌ നടന്ന പെണ്ണങ്ങ്‌ വലുതായല്ലോ!
കസിൻ വളരെ ബുദ്ധിമുട്ടി ഒരു ചിരി മുഖത്തുവരുത്താൻ ശ്രമിക്കുന്നു. എനിക്ക്‌ ആ യാന്ത്രികത്വം മനസിലാക്കാൻ അത്ര പ്രയാസമില്ലായിരുന്നു.

ഞാൻ മുറ്റത്തേക്കിറങ്ങി. മുറ്റത്ത്‌ നില്ക്കുന്ന വരിക്കപ്ളാവ്‌! അതിനിന്നുമൊരു മാറ്റമില്ല. ഈ പ്ളാവിന്റെ കൊമ്പിൽ കെട്ടിയ ഊഞ്ഞാലിൽ എത്രയോ തവണ ശാലുമോളെ ഇരുത്തി ആട്ടിയിരിക്കുന്നു.പ്ലാവിലക്കുമ്പിളിൽ എത്രയോ തവണ ശാലുമോൾക്ക്‌ കഞ്ഞികോരിക്കൊടുത്തിരിക്കുന്നു.
എന്നിട്ടും...എന്നിട്ടും തിരിച്ചറിയാൻ പറ്റുന്നില്ലല്ലോ ‘മുല്ലപ്പൂ മണമുള്ള’ ചേച്ചിയുടെ മോളെ...
കസിൻ അടുത്ത്‌ വന്നത്‌ ഞാനറിഞ്ഞു.
“ശോഭനചേച്ചി എന്തെടുക്കുന്നു ഇപ്പോൾ?” ഞാൻ കസിനോട്‌ ചോദിച്ചു.
“പ്രായമായി...” കസിൻ ഒന്നു നിർത്തി. പിന്നെ പരിസരമൊക്കെ ഒന്നു വീക്ഷിച്ചിട്ട്‌ ഒച്ചകുറച്ച്‌ പറഞ്ഞു.
“അനുഭവിക്കാനായുണ്ടായ ജീവിതം...ഒരു മോളൊള്ളത്‌, ദേ ഇങ്ങനെ...ഡിപ്രഷൻ!” കസിന്റെ നോട്ടം വീടിനുള്ളിലേക്കായി.

മുല്ലപ്പൂമണമുള്ള ശോഭനചേച്ചിയുടെ ആകെയുള്ള ഒരു മോളാണ്‌ ശാലു. അവൾക്കെന്താ കൊഴപ്പം? . ഞാൻ ചോദ്യരൂപേണ കസിനെത്തന്നെ നോക്കിനിന്നു. വരിക്കപ്ലാവിൽ നിന്നും പഴുത്തിലകൾ കാറ്റിൽ ഉതിർന്ന്‌ വിഴുന്നുണ്ടായിരുന്നു.
മുട്ടൊപ്പം മുടിയുണ്ടായിരുന്ന ശോഭനചേച്ചി. മാഞ്ചുവടും, മീനാക്ഷി അമ്മായിയും എല്ലാം എന്റെ മനസിലൂടെ ഒരു മിന്നായം പോലെ കടന്നുപോയി. ഇന്ന്‌ മാഞ്ചുവടുമില്ല അവിടുത്തെ കമ്മറ്റിയുമില്ല. കമ്മറ്റി അംഗങ്ങളിൽ ഭൂരിഭാഗവും മണ്മറഞ്ഞിരിക്കുന്നു.
ശാലുമോളെന്താ എന്നെക്കണ്ടിട്ടും മുറിക്കുള്ളിലേയ്ക്ക്‌ പൊയ്ക്കളഞ്ഞത്‌? അവളങ്ങനല്ലാരുന്നല്ലോ!ചിലപ്പോൾ അവൾക്കെന്നെ മനസ്സിലായിക്കാണില്ലായിരിക്കും. എത്രയോ വർഷങ്ങൾക്ക്‌ ശേഷമാണ്‌...
എന്റെ മനസിലുണ്ടായ സംശയങ്ങൾ ഒരുപക്ഷേ മുഖത്ത്‌ നിഴലിച്ചിട്ടുണ്ടായിരിക്കാം. കസിൻ പറഞ്ഞുതുടങ്ങി.
ശോഭനചേച്ചിയുടെ കഷ്ടപ്പാടുകളെക്കുറിച്ചും, ശാലുമോളുടെ ജീവിതത്തിനുവേണ്ടി അവർ ചെയ്ത ത്യാഗത്തെക്കുറിച്ചുമെല്ലാം. അതിൽ ഒട്ടുമിക്കവയും എനിക്കും അറിവുള്ളതായിരുന്നു.
കഷ്ടപ്പാടുകൾ സഹിച്ചും ശോഭനചേച്ചി മോളെ PG വരെ പഠിപ്പിച്ചു. പക്ഷേ അവർ സ്വന്തം ജീവിതം ശാലുമോളിൽ നിന്നും മറച്ചുവെച്ചു.
അതിൽ വലിയ അപാകതയൊന്നും എനിക്ക്‌ തോന്നിയില്ല.ഒറ്റരാത്രികൊണ്ട്‌ തീർന്ന വിവാഹജീവിതത്തെക്കുറിച്ച്‌ അമ്മ മോളോട്‌ വിശദീകരിക്കുക...ഒരമ്മയും അതൊന്നും മക്കളോട്‌ പറയുമെന്ന്‌ തോന്നുന്നില്ല.
ഇവിടെ സംഭവിച്ചത്‌...ശോഭനചേച്ചി മാത്രമല്ല...ആരും ശാലുമോളോട്‌ അതൊന്നും പറഞ്ഞിരുന്നില്ല.
പക്ഷേ ഇന്ന്‌ ശാലുമോൾക്ക്‌ എല്ലാം അറിയാം... അതറിഞ്ഞ വിധമാണ്‌ അവളെ ഈ വിധമാക്കിയത്‌! ഇരുട്ടിലേയ്ക്ക്‌ ഉൾവലിയാൻ മാത്രമാഗ്രഹിക്കുന്നവളാക്കിയത്‌...
ശാലുമോൾക്ക്‌ ഒരാളെ ഇഷ്ടമായിരുന്നു. കൂടെ പഠിച്ചൊരാൾ...
കോഴ്സെല്ലാം കഴിഞ്ഞ്‌ പയ്യന്റെ വീട്ടുകാർ തന്നെ വിവാഹം നടത്തണമെന്ന ആഗ്രഹവുമായി എത്തി. ആർക്കും എതിർപ്പുണ്ടായില്ല. ശാലുമോൾ വളരെ സന്തോഷവതിയായി. അവൾ ഭാഗ്യവതിയാണ്‌! അവടമ്മയെപ്പോലല്ല...കുടുംബത്തിൽ തന്നെ പലരും പറഞ്ഞു തുടങ്ങി.
പക്ഷേ കാര്യങ്ങളൊക്കെ കലങ്ങിമറിഞ്ഞത്‌ പെട്ടെന്നായിരുന്നു. വിവാഹ നിശ്ചയം കഴിഞ്ഞാണ്‌ സംഭവം.
ചെറുക്കന്റെ വീട്ടുകാർ വാക്കുമാറി!
കാരണം!
‘ആണുങ്ങൾ വാഴാത്ത വീട്ടിൽ നിന്നും അവരുടെ ചെറുക്കന്‌ പെണ്ണുവേണ്ട!’

“പാവം കുട്ടി. അവളെന്തുപിഴച്ചു? അമ്മയുടെ ജീവിതം അന്ധവിശ്വാസത്തിൽ എഴുതി തള്ളി നമ്മുടെ കാരണവന്മാർ...അവരൊക്കെ പഴഞ്ചന്മാരെന്ന്‌ നമ്മളൊക്കെ പറഞ്ഞു...ഇപ്പോഴത്തെക്കാലത്തും ഇങ്ങനെ ആളുകളൊണ്ടല്ലോന്ന്‌ വിചാരിക്കുമ്പോഴാ...”
 കസിന്റെ വാക്ക്‌ എന്റെ തലയ്ക്കുള്ളിലെ ഒരു വിങ്ങലായ്‌ മാറുന്നു.
എന്റെ മുന്നിൽ ഇപ്പോൾ ആ മാഞ്ചുവടുണ്ട്‌.മീനാക്ഷി അമ്മായിയുടെ വാക്കുകൾ കാതിൽ ഇരമ്പുന്നു.ശോഭന ചേച്ചിയുടെ കല്യാണത്തെക്കുറിച്ച്‌ പറഞ്ഞത്‌...“ആ മുട്ടൊപ്പം മുടിയൊണ്ടല്ലോ അതൊര്‌ അപശകുനമാണ്‌. ഭർത്താവ്‌ വാഴില്ല.”

“ശാലുമോൾക്ക്‌ അവളുടെ അമ്മയുടെ പോലെ മുട്ടൊപ്പമുള്ള മുടിയുണ്ടോ?” ഞാൻ ചോദിച്ചുപോയി.
“മുടിയും മണ്ണാങ്കട്ടയും...എങ്ങനെ നീയിതു ചോദിക്കുന്നു സതീശേ? പാടിപ്പതിഞ്ഞ ചില അന്ധവിശ്വാസങ്ങൾ ഒരു കറയായ് മനുഷ്യമനസ്സിലെപ്പോഴുമുണ്ടാവും.നമ്മുടെ ശാലുമോൾ അതിനൊരിരയും!”
ചുരുണ്ടുകൂടുന്ന ഒരു തേരട്ട... അതാണ്‌ ഞാനിപ്പോൾ...

Read more...

DSB

Friday, June 27, 2014

ഇതൊരു ഉള്ളിക്കഥയാണ്‌! അരി,മുളക്‌,മല്ലി,മഞ്ഞൾ ഇത്യാദി അടുക്കള സാമാനങ്ങൾക്കും ഈ കഥയിൽ പങ്കുണ്ടങ്കിലും പ്രധാന ഇനം ഉള്ളി തന്നെ. ചെറിയ ഉള്ളി!
ഈ കഥ നടക്കുന്നത്‌ കുറേ കാലങ്ങൾക്ക്‌ മുന്നേയാണ്‌. കുറേ കാലം എന്ന്‌ പറഞ്ഞാൽ...തെക്കേക്കര രാജ്യത്ത്‌ വേലികളും,മതിലുകളും ഉണ്ടാകുന്നതിന്‌ മുൻപ്‌! റോഡുകളും,കറന്റുമൊക്കെ എത്തുന്നതിന്‌ വളരെ മുൻപ്‌!
കാറും,സ്കൂട്ടറുമൊക്കെ എത്തുന്നതിന്‌ വളരെ വളരെ മുൻപ്‌!

അന്ന്‌ തെക്കേക്കര രാജ്യത്ത്‌ സോഷ്യലിസമായിരുന്നു. നടവഴികളോ, പറമ്പുകൾക്ക്‌ അതിർകുറ്റികളോ ഇല്ലായിരുന്നു. അഥവാ ഉണ്ടായിരുന്നെങ്കിലും അതൊന്നും ആരും കാര്യമാക്കിയിരുന്നില്ല.
കുറുപ്പിന്റെ ആകാശത്തോളം വളർന്ന മൂവാണ്ടൻ മാവിൽ നിന്നും ആർക്കും മാങ്ങ പറിക്കാമായിരുന്നു. അടുത്തവീട്ടിൽ അരിവെച്ചോ എന്നന്വേഷിച്ചതിന്‌ ശേഷം സ്വന്തം വീട്ടിൽ അടുപ്പുപുകയ്ക്കുന്ന കാലം.
കാടുകേറാതെ കാര്യം പറഞ്ഞ്‌ തീർക്കൂ എന്നായിരിക്കും മാന്യവായനക്കാർ വിചാരിക്കുന്നത്‌. നമ്മുക്ക്‌ കാര്യത്തിലേയ്ക്ക്‌.. അല്ല കഥയിലേയ്ക്ക്‌ വരാം.
ശ്രീ ഭാസിയാണ്‌ നമ്മുടെ കഥയിലെ നായകൻ.തെക്കേക്കര രാജ്യത്തെ മറ്റേതൊരു പൗരനെപ്പോലെ ഒരു സാധാരണ കയർഫാക്ടറി ജീവനക്കാരൻ. ‘വെടല ഭാസി’ എന്ന പേരിൽ പ്രശസ്തനായിരുന്ന അദ്ദേഹം കാലത്തിന്റെ കുത്തൊഴുക്കിൽ മാറുന്ന ജീവിത സാഹചര്യങ്ങളിൽ പിന്നീട്‌ പല പല പേരുകളിൽ അറിയപ്പെട്ടു.ആ പേരുകൾ നമ്മുക്ക്‌ കഥ തുടരുന്നതനുസരിച്ച്‌ ചർച്ച ചെയ്യാം.

കരിക്കുമല്ല തേങ്ങയുമല്ലാത്ത ഒരവസ്ഥ... അതാണ്‌ വെടല. അത്തരത്തിലുള്ള ഒരവസ്ഥയാണ്‌ ശ്രീ ഭാസിയെ ‘വെടല ഭാസി’ ആക്കിയത്‌. മറ്റുള്ളവരിൽ നിന്നും വ്യത്യസ്തരായവർ എന്നും വെടലകൾ അല്ലെങ്കിൽ കിറുകന്മാരാണല്ലോ?  ചരിത്രതിൽ അതിനെത്രയോ ഉദാഹരണങ്ങൾ നമ്മുക്ക്‌ കണ്ടെത്താനാകും. എന്നാൽ ചരിത്രം നമ്മുടെ വിഷയമല്ലാത്തതിനാൽ നമ്മുക്ക്‌ ഭാസിയിലേയ്ക്ക്‌ തന്നെ തിരിച്ചു വരാം.
 അദ്ദേഹത്തിന്റെ ഭാര്യ രാജമ്മ അഥവാ പള്ളത്തി രാജമ്മ!. അവരും ഈ കഥയിലെ ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമാണ്‌. കുട്ടിക്കാലത്ത്‌ തുണിയില്ലാതെ മടയാംതോട്ടിൽ കുളിക്കാനിറങ്ങിയ രാജമ്മയുടെ വേണ്ടാത്തിടത്ത്‌ പള്ളത്തി കയറി. പള്ളത്തി ഇറങ്ങിയപ്പോഴത്തേയ്ക്കും രാജമ്മ ‘പള്ളത്തി രാജമ്മ’ ആയി. എന്നാൽ രാജമ്മയുടെ പേരും ഈ കഥയുമായി വലിയ ബന്ധമില്ലാത്തതിനാൽ ആ വിഷയം നമ്മൾ ചർച്ച ചെയ്യുന്നില്ല.

തെക്കേക്കര രാജ്യത്തിന്റെ സാമ്പത്തിക വികസനം തുടങ്ങുന്നത്‌ ശ്രീ ഭാസിയിൽ നിന്നാണ്‌. അതുകൊണ്ട് തന്നെ അദ്ദേഹത്തെ നമ്മുക്ക് തെക്കേക്കരയുടെ സാമ്പത്തിക പിതാവ് എന്ന് വിളിക്കാം.
അദ്ദേഹത്തിന്റെ സാമ്പത്തിക അച്ചടക്കത്തെക്കുറിച്ച് ചെറുതായൊന്ന് വിവരിക്കാം.
വികസനത്തിന്റെ ആദ്യപടിയായ ചിലവ്‌ ചുരുക്കൽ,ആഹാരം മിച്ചം വെയ്ക്കാതിരിക്കുക എന്നിവയിൽ തുടങ്ങി ട്രാവൽ അലവൻസ് ബസ് ടിക്കറ്റിന്‌ മാത്രമാക്കുകയും, മെഡിക്കൽ അലവൻസ് പൂർണ്ണമായ് നിർത്തലാക്കി രാജമ്മയും മക്കളും ഗവണ്മെന്റ് ആശുപത്രിയെ വേണ്ടവണ്ണം ഉപയോഗിക്കണമെന്ന് അദ്ദേഹം ഓർഡറിക്കി.
ഇമ്മാതിരി സാമ്പത്തിക നടപടികൾക്ക് എക്കാലവും ഉണ്ടാകാറുള്ളതുപോലെ കടുത്ത എതിർപ്പ്(ലോക ചരിത്രം പരിശോധിക്കാവുന്നതാണ്‌) ഭാസിക്കും നേരിടേണ്ടതായ് വന്നു.
അതിൽ പ്രധാനം രാജമ്മയിൽ നിന്നും തന്നെയായിരുന്നു.
വെടല ഭാസിയുടെ വെടലത്തരം എന്ന് കവലയിൽ ചർച്ച നടന്നു.
രാജമ്മ ഭാസിയെ ‘പിശുക്കൻ’ എന്ന് ഭാസി കേൾക്കാതെയും എന്നാൽ മറ്റുള്ളവർ കേൾക്കേയും പറയാൻ തുടങ്ങി.വെടല ഭാസി ‘പിശുക്കൻ ഭാസി’ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.
‘ലക്ഷ്യമുള്ളവനെ ഒരു പണ്ടാരവും പിടിച്ചുനിർത്തില്ല’ എന്ന ചൊല്ല് വന്നത് ഭാസിയിൽ നിന്നാണ്‌ .
ഭാസി എല്ലാ എതിർപ്പിനേയും അവഗണിച്ച് സാമ്പത്തിക അച്ചടക്ക നടപടികൾ കൂടുതൽ ശക്തമാക്കി.
അരി,മാങ്ങ, തേങ്ങ,ചമ്മന്തി തുടങ്ങി എല്ലാത്തിനും ആളെണ്ണം വെച്ച് കണക്കുണ്ടാക്കി! അതിൻപ്രകാരം ആഴ്ച്തോറുമുള്ള റേഷൻ നിജപ്പെടുത്തി. കണക്ക് തെറ്റിക്കുന്നോണ്ടോന്ന്
നോക്കാൻ ആഴ്ചതോറും അടുക്കള റെയ്ഡ് നടത്തി. എന്തെങ്കിലും തിരിമറികണ്ടാൽ രാജമ്മയുടെ കൊങ്ങായ്ക്ക് പിടുത്തവും വീണു.

സാമ്പത്തിക അച്ചടക്കം ഏതു കാലത്തും പുരോഗതിയ്ക്ക് നാന്ദ്യം കുറിച്ചിട്ടുണ്ട്‌.(ചരിത്രം പരിശോധിക്കാവുന്നതാണ്‌!) ഭാസിയുടെ പുരോഗതിയും തുടങ്ങി.നെയ്ത്തുകാരനായിരുന്ന
ഭാസിയുടെ വീട്ടിൽ കയർഫാക്ടറി തുടങ്ങി. നാൾക്കുനാൾ തറിയുടെ എണ്ണം കൂടി വന്നു.
പിശുക്കൻ ഭാസി ‘മൊതലാളി ഭാസിയായി’.
മൊതലാളി ആയെങ്കിലും റേഷനും റെയ്ഡിനുമൊന്നും മൊടക്കമുണ്ടായില്ല. അതുകൊണ്ട് രാജമ്മയ്ക്ക് പിശുക്കൻ ഭാസിയും മൊതലാളി ഭാസിയും ഒരുപോലെയായിരുന്നു.
മൊതലാളി ഭാസിയുടെ വളർച്ചയെക്കുറിച്ച് കവലയിൽ ചർച്ച നടക്കുന്ന മഴയുള്ള ഒരു കർക്കിടകമാസം ഒന്നാം തീയതി പുലർകാലത്ത് ഭാസിയുടെ വീട്ടിൽ നിന്നും അസാധാരണമായ ഒരു ശബ്ദം!
ഭാസിയുടെ അമറലും രാജമ്മയുടെ അലർച്ചയും അകമ്പടിയ്ക്കായ് കുട്ടിപരാധീനങ്ങളുടെ കാക്കിരി പീക്കിരി കരച്ചിലും മഴയുടെ ശബ്ദത്തെ ഭേദിച്ചുകൊണ്ട് തെക്കേക്കര രാജ്യത്തെ പ്രജകളെ അങ്ങോട്ട് അടുപ്പിച്ചു.
ഭാസിയുടെ ഇടതുകൈ രാജമ്മയുടെ മുടിയിൽ...
വലതു കൈ രാജമ്മയുടെ മുതുകിൽ പെരുമ്പറമുഴക്കുന്നു...
പ്രജകൾക്ക് കാര്യം മനസ്സിലായില്ല!
“നീ പണ്ട് പള്ളത്തിയെ പറ്റിച്ചിട്ടുണ്ടന്ന് കരുതി വേല എന്നോട് വേണ്ട.” ഭാസി പറയുന്നത് കേട്ട് കുരുത്തം കെട്ട പിള്ളാരാരോ കൂവി.
രാജമ്മ ഭാസിയെ തള്ളി മാറ്റി മഴവെള്ളത്തിൽ നനഞ്ഞ മുടി ഒരു വശത്തേയ്ക്ക് തട്ടി.
“ഇങ്ങനെ നിങ്ങടെ കൂടെ ജീവിക്കണതിലും ഭേദം ചാകണതാ...എങ്ങനെ മെഴുമെഴാന്നിരുന്ന ഞാനാ...ഇപ്പോ ദേ, എല്ലുപെറുക്കിയെടുക്കാം.” പിന്നെ രാജമ്മ പ്രജകളുടെ നേരേ തിരിഞ്ഞു.

“ഞങ്ങ ആഹാരം കഴിക്കാണ്ടെ ഇങ്ങേര്‌ വല്യ മൊതലാളിയായ്...അരീം തേങ്ങേം മാങ്ങേമെല്ലാം എണ്ണം വെച്ച് തന്ന്...ഞങ്ങ സഹിച്ച്... ഇന്ന് ദേ, ഉള്ളീടെ എണ്ണമെടുത്തിരിക്കണ്‌...ആളൊന്നുക്ക് ഉള്ളിക്ക് റേഷൻ പോലും റേഷൻ...” രാജമ്മ ആഞ്ഞ് തുപ്പി. പക്ഷേ അത് മഴവെള്ളത്തിൽ അലിഞ്ഞുപോയി.

ഏത് വിജയത്തിന്‌ പിന്നിലും കഷ്ടപ്പാടുകളുണ്ട്!(ചരിത്രം പരിശോധിക്കാവുന്നതാണ്‌!) പ്രബുദ്ധരായ തെക്കേക്കര പ്രജകൾക്ക് അതറിയാം.

മൊതലാളി ഭാസി പ്രബുദ്ധരായ തെക്കേക്കര രാജ്യത്തെ പ്രജകളെ സാക്ഷ്യം നിർത്തി പ്രഖ്യാപിച്ചു.
“ഞാനീ ചെയ്യണതൊക്കെ ദേശസ്നേഹമൊള്ളതുകൊണ്ടാ...നമ്മടെ രാജ്യത്തെ ഓരോ കുടുംബോം രക്ഷപ്പെട്ടാ  രാജ്യം രക്ഷപ്പെട്ട്...അല്ലാണ്ട് ഗവമ്മെന്റ് വന്ന് രാജ്യം നന്നാക്കണമെന്ന് പറഞ്ഞാല്‌ ഈ രാജ്യത്ത് ഒരു  പിണ്ണാക്കും നടക്കില്ല. രാജ്യസ്നേഹം വേണം...രാജ്യസ്നേഹം!!!”

പ്രബുദ്ധരായ തെക്കേക്കര രാജ്യത്തെ പ്രജകൾക്ക് എല്ലാം മനസ്സിലായി!
മൊതലാളി ഭാസി ‘ദേശസ്നേഹി ഭാസിയായി’ മാറി!
രാജ്യസ്നേഹം മൂത്ത പ്രജകൾ DSBയുടെ(ദേശസ്നേഹി ഭാസി പിന്നിടങ്ങനാണ്‌ തെക്കേക്കരയിൽ അറിയപ്പെട്ടത്) വാക്കുകൾ  മുഖവിലയ്ക്കെടുത്തു.
‘ശക്തമായ കുടുംബമാണ്‌ രാജ്യത്തിന്റെ  അടിത്തറ!’
അതുകൊണ്ട് അവർ വേലിയും മതിലുകളും കൊണ്ട് കുടുംബങ്ങളെ വേർതിരിച്ചു.
‘സ്വന്തം കാര്യം സിന്ദാബാദ്!’ എന്ന മന്ത്രം മുറതെറ്റാതെ ജപിക്കാൻ തെക്കേക്കരയിലെ പ്രജകൾ പഠിച്ചു.

കാലം കടന്നുപോയി. ഭാസിയെ കാലനും കൊണ്ടുപോയി.
 തെക്കേക്കരക്കാരുടെ മനസ്സിൽ ഇന്നും DSB ഉണ്ട്. രാജ്യത്തിന്റെ കവാടത്തിൽ DSBയുടെ ഒരു പ്രതിമയുണ്ട്. എല്ലാവർഷവും കർക്കിടകം ഒന്നിന്‌ അതിൽ ഉള്ളിമാലയിടുന്നത് കുടുംബത്തിന്‌ ഐശ്വര്യമുണ്ടാക്കുമെന്ന് ദേശസ്നേഹികളായ തെക്കേക്കരക്കാർ ഇന്നും വിശ്വസിക്കുന്നു.

Read more...

കരീനാ കപൂർ

Saturday, June 21, 2014

വർഷം ഒന്നു കഴിഞ്ഞു ഇവിടെ ഈജിപ്റ്റിൽ വന്നിട്ട്! പലപ്പോഴായി പലതും എഴുതണമെന്ന് തോന്നിയിട്ടും ഒന്നും എഴുതിയിട്ടില്ല. ഒടുക്കം പിടിച്ച മടി! അല്ലാതെന്തുപറയാൻ!
ഈജിപ്റ്റിൽ വന്നതിനുശേഷം ആദ്യമായി പരിചയപ്പെട്ട ഇന്ത്യാക്കാരൻ മറാഠിയായ കൃഷ്ണാപാട്ടീലാണ്‌. ഈജിപ്റ്റ് ജീവിതം സുഖകരമാക്കാനുള്ള ഒറ്റമൂലി എനിക്ക് പറഞ്ഞുതന്നതും അദ്ദേഹമാണ്‌.
ബെല്ലി ഡാൻസും, ശീഷയും, സിഗററ്റും,തമയ്യായും, കട്ടൻചായയും പോലെയോ അതിനേക്കാളുമേറയോ ഈജിപ്റ്റുകാർക്ക് ഇഷ്ടമായ ഒന്നാണ്‌ ‘ഹിന്ദി സിനിമ’!
കൃഷ്ണാപാട്ടീൽ പറഞ്ഞു തന്ന ഒറ്റമൂലിയെ കുറിച്ച് പറഞ്ഞില്ല.
അതിതാണ്‌!
ഇവിടെ ഈജിപ്റ്റിൽ, പോലീസുകാരു പിടിക്കുകയോ, അല്ലെങ്കിൽ എന്തെങ്കിലും കാര്യം എളുപ്പത്തിൽ നടക്കണമെന്നുണ്ടങ്കിലോ സംഗതി സിമ്പിൾ!
പറയുക ‘അമിതാഭ് ബച്ചന്റെ’ പേര്‌!
കൂട്ടത്തിൽ ബച്ചന്റെ അയല്ക്കാരനാണന്നോ, കൂട്ടുകാരനാണന്നോ കൂടി പറയുകയാണങ്കിൽ ബഹുമാനം കൂടും. ഈ ബച്ചൻ സ്നേഹത്തിന്റെ യഥാർത്ഥ കാരണമെന്താണന്ന്
ഇതുവരെ ശരിക്കും എനിക്ക് മനസ്സിലായിട്ടില്ല. ഒരു പക്ഷേ ഹിന്ദി സിനിമയുടെ സ്വാധീനമാവാം.
ഇത്രയും കാര്യങ്ങൾ ആമുഖമായ് പറഞ്ഞന്നേയുള്ളൂ.

ഇനി കാര്യത്തിലേയ്ക്ക് വരാം.
സ്ഥലം: റാഗബ് സൺസ് സൂപ്പർ മാർക്കറ്റ്, മാഹ്ദി.
ഭാര്യയും കുഞ്ഞും  കൗണ്ടറുകളും ഷെൽഫുകളുമൊക്കെ അക്രമിച്ച് കീഴടക്കി വിജയശ്രീലാളിതരായ് മുന്നേറുന്നു.
ട്രോളിയിലേയ്ക്ക് വീഴുന്ന ഓരോ സാധനങ്ങളും പോക്കറ്റിനുണ്ടാക്കാവുന്ന ആഘാതത്തെക്കുറിച്ച് കൂലങ്കഷമായ് ചിന്തിച്ച് ഞാൻ പുറകേയും.
ഭാര്യ ഇപ്പോൾ നിൽക്കുന്നത് മസാല കൗണ്ടറിനു മുന്നിൽ. മുളകു പൊടിയുടെ വില ചോദിക്കുന്നു. എനിക്ക് ആശ്വാസം!വില ചോദിച്ചിട്ടാണല്ലോ വാങ്ങുന്നത്.
കൗണ്ടറിൽ നിൽക്കുന്ന ഈജിപ്ഷ്യൻ സുന്ദരൻ ഭാര്യയോട്...
“ആർ യൂ ഹിന്ദി?”
“യെസ്”
“ആർ യൂ know ഷാരൂഖാൻ?”
“യെസ്” (കുഴപ്പമില്ല. ഞാനാണെങ്കിലും അങ്ങനേ പറയൂ.ഇന്ത്യാക്കാരനായിട്ട് ഷാരൂഖാനെ അറിയില്ല എന്ന് പറയാൻ പറ്റുമോ?)
ഈജിപ്ഷ്യൻ സുന്ദരന്റെ മുഖത്ത് ഒരു തിളക്കം!
“ആർ യൂ know അമിതാഭ് ബച്ചൻ?”
“യെസ്” (ഞാനാണേലും അങ്ങനേ പറയൂ.)
സുന്ദരൻ മുളകു പൊടി തൂക്കി പൊതിഞ്ഞ് ഭാര്യയുടെ കൈയിൽ കൊടുത്തു.
“ആർ യൂ know കരീനാ കപൂർ?”
“യെസ്.” (ഞാനാണേലും അങ്ങനെ തന്നെ പറയും.“)
പിന്നെയാണ്‌ ആ ഭയാനക സംഭവം നടന്നത്‌!
സുന്ദരൻ പറയുകയാണ്‌...ഭാര്യയുടെ മുഖത്ത് നോക്കി...
”യൂ ആർ ബ്യൂട്ടിഫുൾ ദാൻ കരീനാ കപൂർ...“
ഈജിപ്ഷ്യൻ സുന്ദരൻ ഇംഗ്ലീഷുപയോഗിച്ചപ്പോഴുള്ള ഏതോ തെറ്റാകാമെന്ന് കരുതി ഞാനാശ്വസിച്ചില്ല. അതിനു മുന്നെ ഭാരയൗടെ ചോദ്യം എന്നോട്...
”അയാളു പറഞ്ഞതു കേട്ടോ?“
കരയാൻ പോലുമാവാത്ത ഒരു പുവർമാനായി  ഞാൻ കരീനാ കപൂറിനെ നോക്കി നിന്നു.
ഒന്നും മിണ്ടിയില്ല. എന്റെ കഷ്ടകാലം!
ഇന്നീ സാധനമെല്ലാം ഞാൻ തന്നെ വീട്ടിലേയ്ക്ക് ചുമക്കണം. കരീനാ കപൂറിനെക്കൊണ്ടെങ്ങനാ സാധനങ്ങൾ ചുമപ്പിക്കുന്നത്!

Read more...

സുജാത കാവുങ്കൽ

Thursday, June 19, 2014


ആണുങ്ങളെ എനിക്കിഷ്ടമല്ല. ആണുങ്ങളെന്ന വർഗത്തേ എനിക്ക് വെറുപ്പാണ്‌...
കൊള്ളാം. ഇതൊക്കെ പറയാൻ ഇപ്പോൾ ഞാനാരാണന്നല്ലേ? ഞാൻ സുജാത.
സുജാത കാവുങ്കൽ!
എന്താകേട്ടിട്ടില്ലന്നോ?
അതിന്ന്‌ പത്ത് മുപ്പത് കൊല്ലം പുറകിലോട്ട് പോണം. സുജാത അന്നൊരു തീപ്പൊരി ആയിരുന്നു. സുജാതയുടെ ആഹ്വാനത്തിനായ് കാതോർത്തിരുന്ന ആയിരക്കണക്കിന്‌ വിദ്യാർത്ഥികൾ അന്നുണ്ടായിരുന്നു.
ചേർത്തല SN കോളേജ്. സുജാത അന്ന് വിപ്ലവ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ അനിഷേധ്യാ നേതാവ്. കോളേജ് യൂണിയൻ ചെയർമാൻ!
ആണുങ്ങളെ വെറുക്കുന്ന കാര്യം പറഞ്ഞ് തുടങ്ങിയിട്ട് ഞാൻ എന്നെക്കുറിച്ച് തന്നെ പറയാൻ തുടങ്ങി. സാരമില്ല. ഞാനില്ലാതെ ഈ കഥ ഇല്ല.
വാചാലതയും വാക്ചാരുതയും കൊണ്ട് വിദ്യാർത്ഥികളെ കീഴടക്കിയ ഒരു മുഖം കൂടിയുണ്ടായിരുന്നു കാമ്പസിൽ...
ആദർശ്...
‘ഫൂ...’ അവന്റെ പേര്‌ ഓർക്കുമ്പഴേ എനിക്ക് ഛർദ്ദിക്കാൻ വരുന്നു.
എന്റെ ചോര തിളയ്ക്കുന്നു. അവനെക്കുറിച്ച് ഞാൻ പിന്നിടൊരിക്കൽ പറയാം.  മൂഡ് ഔട്ട് ആയാൽ പിന്നെ ഈ കഥയെഴുത്ത് നടന്നില്ലെന്ന് വരും.
പക്ഷേ അവനില്ലാതെയും ഈ കഥ ഇല്ല!

ബസ് ചാർജ് വർദ്ധനയ്ക്കെതിരെ ഞാൻ ആഹ്വാനം ചെയ്ത ഹൈവേ ഉപരോധിക്കൽ!  കോളേജ് ഒന്നടങ്കം അന്ന് പഠിപ്പ് മുടക്കി NH 47 ലേയ്ക്ക് ഇറങ്ങി. അന്നൊരു ജീവൻ പൊലിഞ്ഞു.  പ്രസ്ഥാനത്തിന്‌ ഒരു രക്തസാക്ഷിയെക്കിട്ടി! അതു തന്നെയായിരുന്നു സമരം കൊണ്ടുണ്ടായ നേട്ടം.

‘സതീഷ് ചന്ദ്രൻ’ പാവപ്പെട്ട വീട്ടിലെ ഒരമ്മയുടെ ഒറ്റമകൻ!

ഞാനെന്തുനേടി? ഇന്നോർക്കുമ്പോൾ എനിക്ക് സഹിക്കാൻ പറ്റുന്നില്ല. അന്നത്തെ സമരം എനിക്കും നൽകി ഒരിക്കലും മറക്കാനാവാത്ത...എന്റെ ജീവിതം മാറ്റിമറിച്ച ഒരു സമ്മാനം...
അടിവയറ്റിൽ ഒരുചവിട്ട്...കേരളാ പോലീസിന്റെ വകയായ്...
അതൊരു കല്ലിച്ച പാടായി അടിവയറ്റിൽ ഇപ്പോഴും...
ആണുങ്ങളെ വെറുക്കുന്ന കാര്യം പറഞ്ഞുതുടങ്ങിയിട്ട് ഞാനെന്തിനാ എന്റെ അടിവയറ്റിൽ ചവിട്ട് കിട്ടിയ കാര്യം പറയുന്നതെന്നായിരിക്കും, അല്ലേ?
അതെ, എന്റെ അടിവയറ്റിലെ കല്ലിച്ച പാടില്ലാതെയും ഈ കഥ ഇല്ല!


ഏഴു വർഷത്തെ കോളേജ് ജീവിതം ഇതാ എന്ന് പറഞ്ഞ് കടന്നുപോയി. MAഎക്കണോമിക്സുകാരി വീട്ടിൽ നില്ക്കുന്നത് അച്ഛനിഷ്ടമല്ലാതായി. ആങ്ങളമാർക്കും ഇഷ്ടമല്ലാണ്ടായി. ഒന്നുകിൽ ജൊലിചെയ്യണം. അല്ലെങ്കിൽ കല്യാണം കഴിച്ച് ആരുടെയെങ്കിലും കൂടെ പൊയ്ക്കോണം... ഞാനൊരു ബാധയായതുപോലെ...
എനിക്കാണങ്കിൽ രാഷ്ട്രീയത്തിൽ ഇറങ്ങണമെന്നും...പാർട്ടിയ്ക്കും അതുതന്നെയായിരുന്നു ഇഷ്ടം. ആദർശിനും...
അവന്‌ മുഖ്യമന്ത്രിയാകണം പോലും...ഞാൻ ധനകാര്യമന്ത്രിയും...
തമാശയ്ക്ക്പോലും ഞാൻ മുഖ്യമന്ത്രിയാകുന്നത് അവനിഷ്ടമല്ലായിരുന്നു. ആണിന്റെ മേല്ക്കോയ്മ...അതാദ്യമായ് ഞാൻ മനസ്സിലാക്കുന്നത് അവനിൽനിന്നുമായിരുന്നു.
എന്റെ നാക്കു തരിച്ചുകയറുന്നു...ആദർശമെന്നൊന്നില്ലാത്ത ആദർശ്...ആരാണവനാ പേരിട്ടത്...ആവോ...

ഞാൻ മുഖ്യമന്ത്രിയുമായില്ല...മന്ത്രിയുമായില്ല...
റാംസുന്ദർ എന്ന രാമനെ പോലെ സുന്ദരൻ വന്നു ചേർന്നു അതിനിടയ്ക്ക്. കക്ഷി ഭയങ്കര ബിസിനസുകാരനാണത്രേ! അച്ഛനിഷ്ടപ്പെട്ടു. എല്ലാവർക്കും ഇഷ്ടപ്പെട്ടു. എന്റെ ഇഷ്ടത്തിനും ഇഷ്ടക്കേടിനും വലിയ വിലയുണ്ടായില്ല.
ആണിന്റെ മേൽക്കോയ്മ എന്റെ വീട്ടിൽ നിന്നും ഞാനറിഞ്ഞു!
ആദർശവാൻ പറഞ്ഞു; എനിക്കെന്റെ രാഷ്ട്രീയഭാവി നോക്കണം...നിനക്ക് കാത്തിരിക്കാൻ പറ്റുമോ? വീട്ടിൽ നേരിട്ട് വന്ന് ചോദിക്കാനുള്ള എല്ലുറപ്പ് അവനുണ്ടായില്ല. ആണിന്റെ അവസരവാദിത്തം ഞാനറിഞ്ഞു!

പിന്നങ്ങോട്ട് ഞാൻ എല്ലാത്തിനും നിന്നുകൊടുക്കുകയായിരുന്നു. വിദ്യാർത്ഥി സമൂഹത്തെ തീപ്പൊരി പ്രസംഗങ്ങൾ കൊണ്ട് കീഴടക്കിയ സുജാതാ കാവുങ്കൽ ഒരു പൂച്ചയായി.ആദ്യമായ് പെണ്ണിന്റെ ദൗർബല്യം ഞാനറിഞ്ഞു. ഒറ്റയ്ക്കെതിരിടാനുള്ള ചങ്കൂറ്റമില്ലായ്മ ഞാനറിഞ്ഞു!

കല്യാണത്തിന്റന്ന് രാത്രിയായിരുന്നു രസം.രാമന്റെ കുടുംബം! അതൊരു സംഭവം തന്നെയായിരുന്നും.ഒരു പൊതുയോഗത്തിന്നുള്ള ആൾക്കാർ ആ വീട്ടിൽ തന്നെയുണ്ടായിരുന്നു. പത്തു മക്കൾ! രാമൻ അഞ്ചാമത്തവൻ! കുഞ്ഞുകുട്ടി പരാധീനതകൾ

എല്ലാം കൂടി...എനിക്ക് ഭയങ്കര രസം തോന്നി.
കോളേജ് വിട്ടതിന്‌ ശേഷം ആദ്യമായിട്ടാണ്‌ ഇത്രയും ആൾക്കാരുടെ ഇടയിൽ...ഒരു ആരാധനാപാത്രത്തെപ്പോലെ...
തിരക്കെല്ലാം കഴിഞ്ഞു...ശബ്ദമെല്ലാം ഒഴിഞ്ഞു...
രാത്രിയുടെ ഏതോ യാമത്തിൽ രാമന്റെ കൈകൾ എന്റെ അടിവയറിനെ തടവുന്നത് ഞാനറിഞ്ഞു.
അവനറിയണം എന്റെ അടിവയറെന്താ വീർത്തിരിക്കുന്നതെന്ന്!
ഞാൻ പറഞ്ഞു ഗർഭമാണന്ന്...
തമാശ മനസ്സിലാക്കാനുള്ള ബുദ്ധി ആ ഭീരുവിനില്ലായിരുന്നു. ആളുകൂടി. പെൺപടകൾ എന്റെ വയറു കണ്ട് വിധിയെഴുതി...ഇതു ഗർഭം തന്നെ...
മുപ്പത് വർഷം കഴിഞ്ഞിട്ടും പുറത്തുവരാതെ ഇന്നും എന്റെ ഉള്ളിൽ ആ ഗർഭം വളരുന്നു...
അവൻ തനി ഒരു രാമനായിരുന്നു...ശ്രീരാമൻ..
ഞാൻ സീതയല്ലായിരുന്നു...അഗ്നിശുദ്ധി വരുത്തി അവന്റെ കൂടെ കഴിയാൻ...
ഏതോ ഒരു തിരിവിന്‌ രാത്രി തന്നെ ആദർശിനെ വിളിക്കാൻ തോന്നി. അവൻ പറഞ്ഞു. നീ ഒന്നുകൊണ്ടും പേടിക്കേണ്ട...നാളെ രാവിലെ തന്നെ എന്റടുക്കലേയ്ക്ക് പോര്‌...മറ്റൊന്നും സംഭവിച്ചിട്ടില്ലല്ലോയെന്ന അവന്റെ ചോദ്യം എന്നിൽ അറപ്പാണുണ്ടാക്കിയത്...
എങ്കിലും ഞാൻ ഒരു പെണ്ണായി മാറുകയായിരുന്നു.
ഒരു സാധാരണ പെണ്ണ്‌...ഒരു പൊട്ടിപ്പെണ്ണ്‌...
അതുകൊണ്ട് തന്നെ സ്വർണ്ണമെല്ലാം കൂടെകരുതിക്കോളണമെന്ന് അവൻ പറഞ്ഞപ്പോൾ പ്രത്യേകിച്ചൊന്നും തോന്നിയില്ല.!!!

പിറ്റേന്ന് നാടുണർന്നത് ഗർഭിണിയായ കല്യാണപ്പെണ്ണ്‌ കാമുകന്റെ കൂടെ ഒളിച്ചോടി എന്ന കഥകേട്ടാണ്‌! മാധ്യമങ്ങളിലൊക്കെ വന്നു. ഗർഭിണിയായ വനിതാനേതാവ് കാമുകന്റെ കൂടെ കല്യാണപിറ്റേന്ന് ഒളിച്ചോടിയ കഥ!
അച്ഛന്‌ ആദ്യവും അവസാനവുമായി അറ്റാക്കുവന്നു.
ബോഡിപോലും കാണാൻ അനുവദിച്ചില്ല...ആങ്ങളമാരാണ്‌ പോലും...ആണിന്റെ വീറും വാശിയും... എന്നിലെ തീ ആളിക്കത്തി.
ആദർശവാന്റെ തനിനിറം പതുക്കെപതുക്കെ പുറത്തുവരാൻ തുടങ്ങി.എന്റെ ശരീരവും സ്വർണ്ണവും മാത്രമായി അവന്റെ ആർത്തി...
ശ്രീരാമന്റെ കൂടെയുള്ള ആദ്യരാത്രിയെക്കുറിച്ച് അവനറിയണമത്രേ...
ക്ഷമയുടെ നെല്ലിപ്പലക തകർന്ന ഒരുരാത്രി മുട്ടുകാല്‌ മടക്കി ഞാനവന്റെ മർമ്മത്ത് ചവുട്ടി.
എനിക്ക് പിന്നെ ഒന്നും ഓർമ്മയില്ലാതായി. എപ്പോഴോ ഓർമ്മ വെച്ചപ്പോൾ ഞാൻ ആശുപത്രിക്കിടക്കയിലായിരുന്നു. അമ്മയുണ്ടായിരുന്നുകൂടെ...
എല്ലാ തെറ്റുകളും പൊറുക്കുന്ന അമ്മയുടെ സ്നേഹം ഞാനറിഞ്ഞു.
പിന്നെയെപ്പോഴോ ഞാനീ മുറിയിലോട്ട് മാറ്റപ്പെട്ടു. എന്റെ വീട്ടിലെ എന്റെ സ്വന്തം മുറി. കഴിഞ്ഞ മുപ്പതുവർഷമായി ഞാനിവിടെ...
ആണുങ്ങളെക്കണ്ടാൽ ഞാൻ വയലന്റാകുമത്രേ...
ശാലുമോള്‌(എന്റെ അനിയത്തീടെ പേരക്കുട്ടി) ഇന്ന് ജന്നാല വഴി എറിഞ്ഞ് തന്നതാ ഈ ചായപ്പെൻസിൽ...ഭ്രാന്തിയമ്മയ്ക്കായി...
എന്തായാലും ഉപകാരമായി...ഭിത്തി വൃത്തികേടായാലും സാരമില്ല...ഒരു ഭ്രാന്തിയുടെ വികല മനസ്സായ് ആൾക്കാർ കൂട്ടിക്കോളും.
ശാലുമോളേ, നിനക്കായിരം നന്ദി. എന്റെ മനസ്സിലുള്ളത് എഴുതാൻ കഴിഞ്ഞല്ലോ നീ കാരണം.


Read more...

പ്രത്യേക ശ്രദ്ധയ്ക്ക്

Creative Commons License
എന്റെ ചില കുറിപ്പുകള്‍ by K.M.Satheesan is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Based on a work at www.satheeskm.blogspot.com.
Permissions beyond the scope of this license may be available at www.satheeskm.blogspot.com.

വിരുന്നുകാർ

Powered By Blogger

ഓർക്കണേ പ്ലീസ്...

ഈ ബ്ലോഗിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങളോ, സന്ദർഭങ്ങളോ, കഥാപാത്രങ്ങളോ ഏതെങ്കിലും വിധത്തിൽ ആരെങ്കിലുമായി ബന്ധപ്പെട്ടിട്ടുണ്ടന്ന് തോന്നുന്നുവെങ്കിൽ അത് സ്വാഭാവികം മാത്രം.

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP