സുജാത കാവുങ്കൽ
Thursday, June 19, 2014
ആണുങ്ങളെ എനിക്കിഷ്ടമല്ല. ആണുങ്ങളെന്ന വർഗത്തേ എനിക്ക് വെറുപ്പാണ്...
കൊള്ളാം. ഇതൊക്കെ പറയാൻ ഇപ്പോൾ ഞാനാരാണന്നല്ലേ? ഞാൻ സുജാത.
സുജാത കാവുങ്കൽ!
എന്താകേട്ടിട്ടില്ലന്നോ?
അതിന്ന് പത്ത് മുപ്പത് കൊല്ലം പുറകിലോട്ട് പോണം. സുജാത അന്നൊരു തീപ്പൊരി ആയിരുന്നു. സുജാതയുടെ ആഹ്വാനത്തിനായ് കാതോർത്തിരുന്ന ആയിരക്കണക്കിന് വിദ്യാർത്ഥികൾ അന്നുണ്ടായിരുന്നു.
ചേർത്തല SN കോളേജ്. സുജാത അന്ന് വിപ്ലവ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ അനിഷേധ്യാ നേതാവ്. കോളേജ് യൂണിയൻ ചെയർമാൻ!
ആണുങ്ങളെ വെറുക്കുന്ന കാര്യം പറഞ്ഞ് തുടങ്ങിയിട്ട് ഞാൻ എന്നെക്കുറിച്ച് തന്നെ പറയാൻ തുടങ്ങി. സാരമില്ല. ഞാനില്ലാതെ ഈ കഥ ഇല്ല.
വാചാലതയും വാക്ചാരുതയും കൊണ്ട് വിദ്യാർത്ഥികളെ കീഴടക്കിയ ഒരു മുഖം കൂടിയുണ്ടായിരുന്നു കാമ്പസിൽ...
ആദർശ്...
‘ഫൂ...’ അവന്റെ പേര് ഓർക്കുമ്പഴേ എനിക്ക് ഛർദ്ദിക്കാൻ വരുന്നു.
എന്റെ ചോര തിളയ്ക്കുന്നു. അവനെക്കുറിച്ച് ഞാൻ പിന്നിടൊരിക്കൽ പറയാം. മൂഡ് ഔട്ട് ആയാൽ പിന്നെ ഈ കഥയെഴുത്ത് നടന്നില്ലെന്ന് വരും.
പക്ഷേ അവനില്ലാതെയും ഈ കഥ ഇല്ല!
ബസ് ചാർജ് വർദ്ധനയ്ക്കെതിരെ ഞാൻ ആഹ്വാനം ചെയ്ത ഹൈവേ ഉപരോധിക്കൽ! കോളേജ് ഒന്നടങ്കം അന്ന് പഠിപ്പ് മുടക്കി NH 47 ലേയ്ക്ക് ഇറങ്ങി. അന്നൊരു ജീവൻ പൊലിഞ്ഞു. പ്രസ്ഥാനത്തിന് ഒരു രക്തസാക്ഷിയെക്കിട്ടി! അതു തന്നെയായിരുന്നു സമരം കൊണ്ടുണ്ടായ നേട്ടം.
‘സതീഷ് ചന്ദ്രൻ’ പാവപ്പെട്ട വീട്ടിലെ ഒരമ്മയുടെ ഒറ്റമകൻ!
ഞാനെന്തുനേടി? ഇന്നോർക്കുമ്പോൾ എനിക്ക് സഹിക്കാൻ പറ്റുന്നില്ല. അന്നത്തെ സമരം എനിക്കും നൽകി ഒരിക്കലും മറക്കാനാവാത്ത...എന്റെ ജീവിതം മാറ്റിമറിച്ച ഒരു സമ്മാനം...
അടിവയറ്റിൽ ഒരുചവിട്ട്...കേരളാ പോലീസിന്റെ വകയായ്...
അതൊരു കല്ലിച്ച പാടായി അടിവയറ്റിൽ ഇപ്പോഴും...
ആണുങ്ങളെ വെറുക്കുന്ന കാര്യം പറഞ്ഞുതുടങ്ങിയിട്ട് ഞാനെന്തിനാ എന്റെ അടിവയറ്റിൽ ചവിട്ട് കിട്ടിയ കാര്യം പറയുന്നതെന്നായിരിക്കും, അല്ലേ?
അതെ, എന്റെ അടിവയറ്റിലെ കല്ലിച്ച പാടില്ലാതെയും ഈ കഥ ഇല്ല!
ഏഴു വർഷത്തെ കോളേജ് ജീവിതം ഇതാ എന്ന് പറഞ്ഞ് കടന്നുപോയി. MAഎക്കണോമിക്സുകാരി വീട്ടിൽ നില്ക്കുന്നത് അച്ഛനിഷ്ടമല്ലാതായി. ആങ്ങളമാർക്കും ഇഷ്ടമല്ലാണ്ടായി. ഒന്നുകിൽ ജൊലിചെയ്യണം. അല്ലെങ്കിൽ കല്യാണം കഴിച്ച് ആരുടെയെങ്കിലും കൂടെ പൊയ്ക്കോണം... ഞാനൊരു ബാധയായതുപോലെ...
എനിക്കാണങ്കിൽ രാഷ്ട്രീയത്തിൽ ഇറങ്ങണമെന്നും...പാർട്ടിയ്ക്കും അതുതന്നെയായിരുന്നു ഇഷ്ടം. ആദർശിനും...
അവന് മുഖ്യമന്ത്രിയാകണം പോലും...ഞാൻ ധനകാര്യമന്ത്രിയും...
തമാശയ്ക്ക്പോലും ഞാൻ മുഖ്യമന്ത്രിയാകുന്നത് അവനിഷ്ടമല്ലായിരുന്നു. ആണിന്റെ മേല്ക്കോയ്മ...അതാദ്യമായ് ഞാൻ മനസ്സിലാക്കുന്നത് അവനിൽനിന്നുമായിരുന്നു.
എന്റെ നാക്കു തരിച്ചുകയറുന്നു...ആദർശമെന്നൊന്നില്ലാത്ത ആദർശ്...ആരാണവനാ പേരിട്ടത്...ആവോ...
ഞാൻ മുഖ്യമന്ത്രിയുമായില്ല...മന്ത്രിയുമായില്ല...
റാംസുന്ദർ എന്ന രാമനെ പോലെ സുന്ദരൻ വന്നു ചേർന്നു അതിനിടയ്ക്ക്. കക്ഷി ഭയങ്കര ബിസിനസുകാരനാണത്രേ! അച്ഛനിഷ്ടപ്പെട്ടു. എല്ലാവർക്കും ഇഷ്ടപ്പെട്ടു. എന്റെ ഇഷ്ടത്തിനും ഇഷ്ടക്കേടിനും വലിയ വിലയുണ്ടായില്ല.
ആണിന്റെ മേൽക്കോയ്മ എന്റെ വീട്ടിൽ നിന്നും ഞാനറിഞ്ഞു!
ആദർശവാൻ പറഞ്ഞു; എനിക്കെന്റെ രാഷ്ട്രീയഭാവി നോക്കണം...നിനക്ക് കാത്തിരിക്കാൻ പറ്റുമോ? വീട്ടിൽ നേരിട്ട് വന്ന് ചോദിക്കാനുള്ള എല്ലുറപ്പ് അവനുണ്ടായില്ല. ആണിന്റെ അവസരവാദിത്തം ഞാനറിഞ്ഞു!
പിന്നങ്ങോട്ട് ഞാൻ എല്ലാത്തിനും നിന്നുകൊടുക്കുകയായിരുന്നു. വിദ്യാർത്ഥി സമൂഹത്തെ തീപ്പൊരി പ്രസംഗങ്ങൾ കൊണ്ട് കീഴടക്കിയ സുജാതാ കാവുങ്കൽ ഒരു പൂച്ചയായി.ആദ്യമായ് പെണ്ണിന്റെ ദൗർബല്യം ഞാനറിഞ്ഞു. ഒറ്റയ്ക്കെതിരിടാനുള്ള ചങ്കൂറ്റമില്ലായ്മ ഞാനറിഞ്ഞു!
കല്യാണത്തിന്റന്ന് രാത്രിയായിരുന്നു രസം.രാമന്റെ കുടുംബം! അതൊരു സംഭവം തന്നെയായിരുന്നും.ഒരു പൊതുയോഗത്തിന്നുള്ള ആൾക്കാർ ആ വീട്ടിൽ തന്നെയുണ്ടായിരുന്നു. പത്തു മക്കൾ! രാമൻ അഞ്ചാമത്തവൻ! കുഞ്ഞുകുട്ടി പരാധീനതകൾ
എല്ലാം കൂടി...എനിക്ക് ഭയങ്കര രസം തോന്നി.
കോളേജ് വിട്ടതിന് ശേഷം ആദ്യമായിട്ടാണ് ഇത്രയും ആൾക്കാരുടെ ഇടയിൽ...ഒരു ആരാധനാപാത്രത്തെപ്പോലെ...
തിരക്കെല്ലാം കഴിഞ്ഞു...ശബ്ദമെല്ലാം ഒഴിഞ്ഞു...
രാത്രിയുടെ ഏതോ യാമത്തിൽ രാമന്റെ കൈകൾ എന്റെ അടിവയറിനെ തടവുന്നത് ഞാനറിഞ്ഞു.
അവനറിയണം എന്റെ അടിവയറെന്താ വീർത്തിരിക്കുന്നതെന്ന്!
ഞാൻ പറഞ്ഞു ഗർഭമാണന്ന്...
തമാശ മനസ്സിലാക്കാനുള്ള ബുദ്ധി ആ ഭീരുവിനില്ലായിരുന്നു. ആളുകൂടി. പെൺപടകൾ എന്റെ വയറു കണ്ട് വിധിയെഴുതി...ഇതു ഗർഭം തന്നെ...
മുപ്പത് വർഷം കഴിഞ്ഞിട്ടും പുറത്തുവരാതെ ഇന്നും എന്റെ ഉള്ളിൽ ആ ഗർഭം വളരുന്നു...
അവൻ തനി ഒരു രാമനായിരുന്നു...ശ്രീരാമൻ..
ഞാൻ സീതയല്ലായിരുന്നു...അഗ്നിശുദ്ധി വരുത്തി അവന്റെ കൂടെ കഴിയാൻ...
ഏതോ ഒരു തിരിവിന് രാത്രി തന്നെ ആദർശിനെ വിളിക്കാൻ തോന്നി. അവൻ പറഞ്ഞു. നീ ഒന്നുകൊണ്ടും പേടിക്കേണ്ട...നാളെ രാവിലെ തന്നെ എന്റടുക്കലേയ്ക്ക് പോര്...മറ്റൊന്നും സംഭവിച്ചിട്ടില്ലല്ലോയെന്ന അവന്റെ ചോദ്യം എന്നിൽ അറപ്പാണുണ്ടാക്കിയത്...
എങ്കിലും ഞാൻ ഒരു പെണ്ണായി മാറുകയായിരുന്നു.
ഒരു സാധാരണ പെണ്ണ്...ഒരു പൊട്ടിപ്പെണ്ണ്...
അതുകൊണ്ട് തന്നെ സ്വർണ്ണമെല്ലാം കൂടെകരുതിക്കോളണമെന്ന് അവൻ പറഞ്ഞപ്പോൾ പ്രത്യേകിച്ചൊന്നും തോന്നിയില്ല.!!!
പിറ്റേന്ന് നാടുണർന്നത് ഗർഭിണിയായ കല്യാണപ്പെണ്ണ് കാമുകന്റെ കൂടെ ഒളിച്ചോടി എന്ന കഥകേട്ടാണ്! മാധ്യമങ്ങളിലൊക്കെ വന്നു. ഗർഭിണിയായ വനിതാനേതാവ് കാമുകന്റെ കൂടെ കല്യാണപിറ്റേന്ന് ഒളിച്ചോടിയ കഥ!
അച്ഛന് ആദ്യവും അവസാനവുമായി അറ്റാക്കുവന്നു.
ബോഡിപോലും കാണാൻ അനുവദിച്ചില്ല...ആങ്ങളമാരാണ് പോലും...ആണിന്റെ വീറും വാശിയും... എന്നിലെ തീ ആളിക്കത്തി.
ആദർശവാന്റെ തനിനിറം പതുക്കെപതുക്കെ പുറത്തുവരാൻ തുടങ്ങി.എന്റെ ശരീരവും സ്വർണ്ണവും മാത്രമായി അവന്റെ ആർത്തി...
ശ്രീരാമന്റെ കൂടെയുള്ള ആദ്യരാത്രിയെക്കുറിച്ച് അവനറിയണമത്രേ...
ക്ഷമയുടെ നെല്ലിപ്പലക തകർന്ന ഒരുരാത്രി മുട്ടുകാല് മടക്കി ഞാനവന്റെ മർമ്മത്ത് ചവുട്ടി.
എനിക്ക് പിന്നെ ഒന്നും ഓർമ്മയില്ലാതായി. എപ്പോഴോ ഓർമ്മ വെച്ചപ്പോൾ ഞാൻ ആശുപത്രിക്കിടക്കയിലായിരുന്നു. അമ്മയുണ്ടായിരുന്നുകൂടെ...
എല്ലാ തെറ്റുകളും പൊറുക്കുന്ന അമ്മയുടെ സ്നേഹം ഞാനറിഞ്ഞു.
പിന്നെയെപ്പോഴോ ഞാനീ മുറിയിലോട്ട് മാറ്റപ്പെട്ടു. എന്റെ വീട്ടിലെ എന്റെ സ്വന്തം മുറി. കഴിഞ്ഞ മുപ്പതുവർഷമായി ഞാനിവിടെ...
ആണുങ്ങളെക്കണ്ടാൽ ഞാൻ വയലന്റാകുമത്രേ...
ശാലുമോള്(എന്റെ അനിയത്തീടെ പേരക്കുട്ടി) ഇന്ന് ജന്നാല വഴി എറിഞ്ഞ് തന്നതാ ഈ ചായപ്പെൻസിൽ...ഭ്രാന്തിയമ്മയ്ക്കായി...
എന്തായാലും ഉപകാരമായി...ഭിത്തി വൃത്തികേടായാലും സാരമില്ല...ഒരു ഭ്രാന്തിയുടെ വികല മനസ്സായ് ആൾക്കാർ കൂട്ടിക്കോളും.
ശാലുമോളേ, നിനക്കായിരം നന്ദി. എന്റെ മനസ്സിലുള്ളത് എഴുതാൻ കഴിഞ്ഞല്ലോ നീ കാരണം.
4 comments:
നീളം കൂടിയ ഗര്‍ഭം അല്ലെ.
വിപ്ലവത്തീപ്പൊരികള്‍ അണയുന്ന വിധങ്ങള്‍!!!
പട്ടേപ്പാടം റാംജി- :)) നന്ദി
ajith- :(പലപ്പോഴും ആളിക്കത്തുന്നതും അണയുന്നതും വലരെ പെട്ടെന്നായിരിക്കും
നന്ദി
സംഭവം കൊള്ളാട്ടോ... സതീഷ് ഭായ്.... ആശംസകള്‍.
Post a Comment