ഫാഷൻ ഡിസൈനർ
Wednesday, June 11, 2014
വെളുത്ത് മെലിഞ്ഞ ഒരു സുന്ദരി പെൺകുട്ടി! ശരിക്കും ഫാഷണബിൾ...മോഡേൺ ഗേൾ...
ഞാൻ അവളെ ആദ്യമായി കാണുന്നത് എന്റെ വീട്ടിൽ വെച്ചുതന്നെയാണ്. ഭാര്യയാണ് അവളെ എനിക്ക് പരിചയപ്പെടുത്തിയത്.
സ്റ്റെഫി.
ഏതോ ഷോപ്പിങ്ങ് മാളിൽ വെച്ച് കണ്ടുമുട്ടിയ പരിചയം. മലയാളിക്ക് മലയാളിയെ അന്യനാട്ടിൽ വെച്ച് കാണുമ്പോൾ എന്തോ ഒരു ‘ഇത്’ ഉള്ളതായ് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.
“ചാച്ചന്റെ പേരെന്താ...?”
“സുനിൽ” ഞാൻ പരിചയപ്പെടുത്തി.
എന്റെ രണ്ടു വയസുകാരി മോളു പറയുന്നത് പോലെ കൊഞ്ചിയുള്ള വർത്തമാനം! അന്യനാട്ടിൽ ജനിച്ച് വളർന്നതിന്റെ ഒരു പോരായ്മ...ഞാൻ വിചാരിച്ചു.
എന്റെ അമ്പരപ്പ് അല്ലെങ്കിൽ മനസ്സിലുള്ള വിചാരം അവൾ മനസ്സിലാക്കിയെന്ന് തോന്നുന്നു.
“എനിക്ക് മലയാളം നന്നായി അറിയില്ല.” ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു. അവൾ ഇത് പറഞ്ഞത് ഇങ്ങനെയൊന്നുമായിരുന്നില്ല. ഞാൻ മനസ്സിലാക്കി എടുത്തു ഒരുവിധം. അത്രതന്നെ! മലയാളവും ഇംഗ്ളീഷുമൊന്നുമല്ലാത്ത ആ ഭാഷ എങ്ങനെ
എഴുതണമെന്ന് എനിക്ക് അറിയില്ല എന്നു പറയുന്നതാവും കുറച്ചുകൂടെ നല്ലത്.
“സ്റ്റെഫി എന്തു ചെയ്യുന്നു?” എന്റെ ചോദ്യത്തിന് മറുപടി പറഞ്ഞത് ഭാര്യയാണ്.
“അവള് ഫാഷൻ ഡിസൈനറാണ്. സിറ്റിയിലെ ഒരു മാളിൽ ജോലി ചെയ്യുന്നു.”
കൊള്ളാം. സുന്ദരിയും, ഫാഷണബിളുമായിട്ടുള്ള നിനക്ക് ചേരുന്ന ജോലി തന്നെ. മനസ്സിൽ വിചാരിച്ചു.
“അതേയോ?” അത്ഭുദത്തോടെ ചോദിച്ചു. ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരു ഫാഷൻ ഡിസൈനറെ നേരിട്ട് കാണുന്നത്. കിട്ടിയ അവസരം കളയരുത്...
“അല്ലയോ ഡിസൈനറേ, എനിക്ക് വേണ്ടി എന്തേലും നിർദ്ദേശമുണ്ടോ?” ഞാൻ തമാശ രൂപേണ ചോദിച്ചു. മറുപടി ഉടനേ വന്നു.
“ചാച്ചൻ ഭയങ്കര സ്കിന്നിയാ... ഈ കോളറുള്ള ടീഷർട്ട് ചേരില്ല. അതെല്ലാം കളഞ്ഞിട്ട് വല്ല റൗണ്ട് നെക്ക് ഫുൾ സ്ലീവ് ട്രൈ ചെയ്യ്...”
ഞാനൊന്ന് ചമ്മി.
മെലിഞ്ഞുണങ്ങിയ ദേഹത്തേയ്ക്ക് അറിയാതൊന്നു നോക്കിപ്പോയി. വടികൊടുത്ത് അടി വാങ്ങിയിരിക്കുന്നു!
സാരമില്ല... സൗന്ദര്യം ഇംപ്രൂവ് ചെയ്യാൻ വേണ്ടിയല്ലേ...സമാധാനിച്ചു.
എന്തായാലും പിന്നിടിങ്ങോട്ടുള്ള കാലം ഞാൻ ഫുൾ സ്ളീവ് റൗണ്ട് നെക്കേ ഉപയോഗിച്ചിട്ടുള്ളൂ...
സ്റ്റെഫി താമസിക്കുന്നത് ജൂബിലി ഹിൽസിലാണ്. നഗരത്തിലെ സമ്പന്നർ താമസിക്കുന്ന സ്ഥലം.
“വീട്ടിലാരൊക്കെയുണ്ട്?” ചായകുടിച്ചുകൊണ്ടിരിക്കുന്നതിന്നിടയിൽ ഞാൻ ചോദിച്ചു.
“മമ്മി, അനിയൻ, അപ്പച്ചൻ” അവൾ പറഞ്ഞു.
സ്റ്റെഫിടെ മമ്മി ഏതോ ഒരു ഹോസ്പിറ്റലിൽ നേഴ്സാണ്. അനിയൻ കോളേജിലും.
“അപ്പച്ചൻ...?” സ്റ്റെഫി അപ്പച്ചന്റെ ജോലിയെ കുറിച്ച് സൂചിപ്പിക്കാഞ്ഞതിനാൽ ഞാൻ ചോദിച്ചു.
“അപ്പച്ചൻ പുറത്താ..” വളരെ കാഷ്വലായിട്ടാണ് അവൾ അപ്പച്ചനെ കുറിച്ച് സംസാരിച്ചത്. അതുകൊണ്ട്തന്നെ പുറത്ത് എവിടെയാണന്നോ എന്തുജോലിയാണന്നോ ഒന്നും ഞാൻ ചോദിച്ചില്ല.
പിന്നെ എന്റെ സംസാരം ഭാര്യയോടായി.
“നീ എങ്ങനെ ഇവളെ കണ്ടുപിടിച്ചു?”
“അതാണ് രസം. ഞാൻ പറയാൻ പോവുകാരുന്നു.”
“ചേച്ചീ, ടൊയ്‌ലെറ്റ് എവിടെയാ...?” സ്റ്റെഫി എണീറ്റു.
ഭാര്യ പറഞ്ഞു തുടങ്ങി.
“ഞാൻ ‘ഹൈദ്രാബാദ് സെണ്ട്രലീന്ന്’ചുരിദാർ വാങ്ങി കാഷ് കൗണ്ടറിൽ നില്ക്കുമ്പോ, മാനേജരുടെ റൂമിൽ നല്ല ബഹളം. നല്ല പച്ച മലയാളത്തിലെ ഒന്നാന്തരം തെറി...കേട്ടിട്ട് കാത് ചെകടിച്ച് പോയി...നോക്കുമ്പോഴല്ലേ...ഇവള്...സ്റ്റെഫി!
കതകും വലിച്ചടച്ച് പുറത്തേക്ക്... അയാളാണേ, ഗെറ്റൗട്ട്, ഗെറ്റ് ലോസ്റ്റ് എന്നൊക്കെ പറയുന്നുമുണ്ടാരുന്നു.”
അപ്പോഴത്തേക്കും സ്റ്റെഫി വന്നു. “അയാള് ഒരുമാതിരി...ക്രീയേറ്റിവിറ്റി എന്നൊരു സാധനമേ ഇല്ലാത്ത ഒരു കോന്തൻ...എനിക്ക് പിടിച്ചില്ല. ഞാൻ കൊറേ പറഞ്ഞു.”
കിലുക്കത്തിലെ രേവതിയെ ആണെനിക്കോർമ്മ വന്നത്!
“കൊള്ളാമല്ലോ ആള്! നേരാം വണ്ണം മലയാളമറിയാത്ത ഇയാളീ ചീത്തയൊക്കെയെങ്ങനെ പഠിച്ചു?” ഞാൻ ചോദിച്ചു.
ഒരു ചെറിയ നാണം അവളുടെ മുഖത്ത് എനിക്ക് കാണാൻ കഴിഞ്ഞു.
“അതൊക്കെ അപ്പച്ചൻ മമ്മിയെ വിളിക്കണതാ...” ഞങ്ങൾക്ക് ചിരിയടക്കാനായില്ല.
കുറച്ചു നാളുകൾ കഴിഞ്ഞു. ഭാര്യയ്ക്ക് അത്യാവശ്യമായി ഒരു ഇൻജക്ഷൻ എടുക്കേണ്ട ആവശ്യമുണ്ടായിരുന്നു. അടുത്തുള്ള ഡിസ്പെൻസറിയിൽ ചെന്നപ്പോൾ അത് അടച്ചിട്ടിരിക്കുന്നു.അപ്പോഴാണ് സ്റ്റെഫിയുടെ മമ്മിയെ ഓർമ്മ വന്നത്.
സ്റ്റെഫിക്ക് ഫോൺ ചെയ്തു.
ജൂബിലി ഹിൽസിൽ എത്തേണ്ട സ്ഥലം അവൾ പറഞ്ഞു തന്നു.
ഞങ്ങൾ അവിടെ എത്തുമ്പോൾ സ്റ്റെഫിയുടെ സഹോദരൻ ഞങ്ങളെ കാത്തു നില്പുണ്ടായിരുന്നു.
“ഇനി അങ്ങോട്ട് വണ്ടി പോകില്ല. കുറച്ചു നടക്കണം.” സ്റ്റെഫിയുടെ സഹോദരൻ ഞങ്ങൾക്ക് വഴി കാണിച്ചുകൊണ്ട് മുന്നേ നടന്നു.
ജൂബിലി ഹിൽസിനോട് ചേർന്ന് ഇത്തരം ഒരു സ്ഥലമുണ്ടന്നുള്ള കാര്യം ഞങ്ങൾക്ക് പുതിയ അറിവായിരുന്നു.
പാറക്കെട്ടുകൾ നിറഞ്ഞ ഒരു ഇടുങ്ങിയ വഴി. ഹിമാലയത്തിനേക്കാൾ പ്രായമുള്ള ഹൈദ്രാബാദിലെ പാറകൾ!
ഭൂ മാഫിയ ഒരുമാതിരി പാറകളൊക്കെ ഇടിച്ച് നികത്തിയിട്ടുണ്ട് ഇക്കാലത്തിനീടയ്ക്ക്.
‘ഫ്രൗക്കെ’ എന്ന ജർമ്മൻ വനിത ഈ പാറക്കെട്ടുകൾ സംരക്ഷിക്കാനായ് നടത്തുന്ന പ്രവർത്തനങ്ങൾ!
“വീടെത്തി” സ്റ്റെഫിയുടെ സഹോദരന്റെ ശബ്ദം കേട്ട് ഞാൻ ചിന്തയിൽ നിന്നും തിരിച്ചു വന്നു.
കുന്നിൻമുകളിലുള്ള ഒരു ഒറ്റവരി കെട്ടിടം. ആ കെട്ടിടത്തിന്റെ അറ്റത്തുള്ള ഒരു മുറിയുടെ മുന്നിൽ ഞങ്ങൾ നിന്നു.
“വാ...അകത്തോട്ട് വാ...” സ്റ്റെഫിയുടെ മമ്മി ഞങ്ങളെ സ്നേഹപൂർവം ക്ഷണിച്ചു.
തുണികൊണ്ട് രണ്ടായി തിരിച്ചിട്ടുള്ള ഒരു മുറി. അതിന്റെ ഒരു മൂലയ്ക്ക് ഒരു സ്റ്റൗ കത്തുന്നു. ഇൻജക്ഷനുള്ള സിറിഞ്ച് ചൂടാക്കുവാണന്ന് പിന്നിടാണറിഞ്ഞത്! മറുവശത്ത് ടീവിയും കമ്പ്യൂട്ടറുമൊക്കെ...
സ്റ്റെഫി ചായയും പലഹാരങ്ങളുമൊക്കെയായ് വന്നു.
“ഇപ്പോ, പഴയ സ്ഥലത്ത് തന്നെയാണോ?” ഞാൻ ചോദിച്ചു.
“കൊള്ളാം...അവിടത്തെ പണി അന്നത്തോടെ നിർത്തി. ബാംഗ്ളൂരിൽ ഒരു വേക്കൻസി വന്നിട്ടുണ്ട്...” സ്റ്റെഫി സംസാരിക്കുന്നതിനിടയിൽ മമ്മി ഇടപെട്ടു.
“ഇവളിനി വർക്ക് ചെയ്യാൻ ഹൈദ്രാബാദിൽ ഇടമില്ലന്ന് പറയുന്നതാ ശരി. എവിടെപ്പോയാലും വഴക്കുണ്ടാക്കിപ്പോരും അവസാനം.”
“അത് എന്റെ കൊഴപ്പമാണോ? എന്റെ മെക്കിട്ട് കേറാൻ വന്നാ, ആരാണന്നൊന്നും ഞാൻ നോക്കില്ല.” സ്റ്റെഫിക്ക് ദേഷ്യം വരുന്നു. സുന്ദരമായ ആ വെളുത്ത മുഖം ചുവക്കുന്നു...കഴുത്തിലെ ഞരമ്പുകൾ വലിയുന്നു...
മമ്മി ഇപ്പോൾ കരയുകയാണ്...
“ഒരു നേഴ്സിന് കിട്ടുന്ന വരുമാനമറിയാമല്ലോ...ഇതുങ്ങടെ കാര്യം നോക്കണം...വീട്ടു വാടക കൊടുക്കണം...കടം വാങ്ങാതെ കഴിയാൻ പറ്റണത് കർത്താവിന്റെ കൃപ!” മമ്മി ഭിത്തിയിലെ രൂപത്തെ നോക്കി കുരിശു വരച്ചു.
എന്റെ മനസ്സിൽ അപ്പോഴും ഒരു സശയം ബാക്കി...ബിൻസീടെ അപ്പച്ചൻ പുറത്തല്ലേ...എന്നിട്ടും...എന്തു പറ്റി ഈ കുടുംബത്തിന്...?
അറിയാതെ ചോദിച്ചുപോയി.
“അല്ല. സ്റ്റെഫിടെ അപ്പൻ പുറത്താണന്നല്ലേ പറഞ്ഞത്...?
”അതേ...“ മമ്മിയാണ് മറുപടി പറഞ്ഞത്.
”അങ്ങേര് ഇരുപത്തിനാലുമണിക്കൂറും വെള്ളത്തിന്റെ പുറത്താ...“
സ്റ്റെഫി അപ്പോൾ ചിരിക്കുന്നുണ്ടായിരുന്നു.
തന്റേടിയും, സുന്ദരിയുമായ പെൺകുട്ടി... നിനക്ക് നല്ലത് വരട്ടെ!
4 comments:
അപ്പന്‍ "പരിധി"യ്ക്ക് പുറത്താണെന്നായിരിയ്ക്കും സ്റ്റെഫി ഉദ്ദേശ്ശിച്ചത്... അല്ലേ?
അതെയതെ. സ്റ്റെഫിയ്ക്ക് നല്ലത് വരട്ടെ!
രസമായി അവതരിപ്പിച്ചു.
സങ്കടങ്ങളെ സന്തോഷത്തോടെ സമീപിക്കുന്ന രീതി ജീവിക്കാനുള്ള തന്റേടം വര്‍ദ്ധിപ്പിക്കും.
ശ്രീ, ആയിരിക്കാം
ajith,അതേ നല്ലത് വരട്ടെ.
പട്ടേപ്പാടം റാംജി,അതേ തന്റേടം വർദ്ധിപ്പിക്കും
എല്ലാവർക്കും നന്ദി
Post a Comment