Followers

കാവിലെ പ്രേതം

Saturday, June 14, 2014

“കർക്കിടകത്തിലെ കറുത്ത വാവിന്റെ അന്നാണ്‌ പ്രേതങ്ങളൊക്കെ പുറത്തിറങ്ങുന്നത്‌! പുറത്ത്‌ ഇറങ്ങുന്ന പ്രേതങ്ങൾ നേരേ അവരുടെ മക്കടേം, ബന്ധുക്കടേം അടുക്കലേയ്ക്ക്‌ പോകും. അപ്പോൾ പ്രേതങ്ങൾക്ക്‌ തിന്നാനായ്‌ കരിക്കും,അവലും മലരും,പഴവും,ശർക്കരേം ഒക്കെ വെച്ചേക്കണം. ഇല്ലേങ്കിൽ അവര്‌ കോപിക്കും. ആത്മാക്കൾ കോപിച്ചാൽ കുടുംബം നശിക്കും...
ഇങ്ങനെ അവലും, മലരുമൊക്കെ  ആത്മാക്കൾക്കായ്‌ വെക്കുന്നതിനാണ്‌ നമ്മ ദാഹം വെയ്ക്കണതെന്ന്‌ പറയണത്‌.”
അമ്മൂമ്മ വാവുബലിയെക്കുറിച്ച്‌ പറയാൻ തുടങ്ങീട്ട്‌ നിർത്തുന്നില്ല!
അച്ഛനാണ്‌ വീട്ടിൽ വാവിന്‌ ദാഹം വെയ്ക്കുന്നത്‌. രാത്രി മരിച്ചുപോയവരുടെ എല്ലാം ആത്മാക്കൾ വരുമത്രെ! അവരു വന്ന്‌ അവലും, മലരും,കരിക്കുമൊക്കെ തിന്നും.
ആത്മാക്കൾ പോയിക്കഴിയുമ്പോൾ അതെല്ലാം അപ്പുക്കുട്ടനും തിന്നാം.

തെക്കേമുറിയിൽ ചാണകം മെഴുകിയ തിണ്ണയിൽ തൂശനില നിരത്തി അതിനുമുകളിൽ അവലും,മലരും വെച്ചു. അതിന്റെ മുകളിൽ ശർക്കരയും,കരിക്കും വെച്ചു. അഞ്ചുതിരിയിട്ട നിലവിളക്ക്‌ കത്തിച്ചു. അപ്പുക്കുട്ടനാണ്‌ ചന്ദനത്തിരി കത്തിച്ചത്‌ .
അച്ഛൻ കൈവിളക്കിൽ എണ്ണയൊഴിച്ച്‌ തിരി കൊളുത്തി. വെള്ള മുണ്ട്‌ താർ പാച്ചി ഉടുത്തു.ബലിവെയ്ക്കാനുള്ള സമയമായപ്പോൾ അപ്പുക്കുട്ടൻ തെക്കേമുറിയിൽ നിന്നും പുറത്തിറങ്ങി.
കതകടച്ച്‌ അച്ഛൻ പൂജ തുടങ്ങി.

“നിന്റച്ഛൻ ഒരു പൂജാരി ആകേണ്ടതാരുന്നു. എന്തു ചെയ്യാം...എല്ലാത്തിനും ഒരു യോഗം വേണം...എന്റെ ഭഗവാനേ...കാത്തു രക്ഷിക്കണേ...”
അമ്മൂമ്മ ഈ പൂജാരിക്കഥ ഒരു നൂറു തവണ പറഞ്ഞിട്ടുള്ളതാണ്‌.
അച്ഛന്റെ അപ്പൂപ്പൻ പേരുകേട്ട പൂജാരി ആയിരുന്നെന്നും, അച്ഛനെ പൂജാരി ആക്കണമെന്നുള്ളതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹമെന്നുമൊക്കെയുള്ള കഥ!

“എന്തുചെയ്യാം...കാലത്തിന്റെ കളികളേ...അക്കാലത്ത്‌ പൂജാരിക്കൊക്കെ എന്നാ കിട്ടാനാ? അമ്പലത്തീന്ന്‌ കിട്ടുന്നതിന്റെ ഒരു പങ്ക്‌ വിശപ്പടക്കാൻ പറ്റിയെങ്കിലായി...” അമ്മൂമ്മയുടെ നോട്ടം കിഴക്കേപ്പറമ്പിലെ ഉമ്പ്രിശാന്തിയുടെ വീട്ടിലേക്കായി.
അടുത്തതായ്‌ അമ്മൂമ്മ പറയാൻ പോകുന്ന കാര്യങ്ങളും അപ്പുക്കുട്ടൻ ഊഹിച്ചു.
അകത്ത്‌ മണികിലുങ്ങുന്നു...
“ഇന്നത്തെക്കാലത്ത്‌ പൂജാരികൾക്കാ പണം! ദൈവത്തെ വിറ്റ്‌ കാശാക്കുവല്ലേ ആൾക്കാര്‌...” ഇപ്പോഴും നോട്ടം ഉമ്പ്രിശാന്തിയുടെ മാളിക വീട്ടിലേയ്ക്ക്‌ തന്നെ!
“എന്റെ കുഞ്ഞ്‌ പൂജ പഠിക്കാതെ കയർഫാക്ടറീപ്പോയി...അന്നതാരുന്നു കാശ്‌...ഇപ്പോ ദേ, കയറുമില്ല...ഫാക്ടറീമില്ല.”
അപ്പുക്കുട്ടൻ വെറ്റയും പാക്കും കൂടി ചതച്ച്‌ അമ്മൂമ്മയുടെ വായിൽവെച്ചുകൊടുത്തു. എത്ര തവണ കേട്ട കഥകളാ...പിന്നേയും, പിന്നേയും.

അച്ഛൻ വാതിൽ തുറന്ന്‌ പുറത്തുവന്നു.
“വീതി വെച്ചിരിക്കയാ...കുറച്ച്‌ കഴിഞ്ഞ്‌ നമുക്ക്‌ കഴിക്കാം.”  അപ്പുക്കുട്ടന്റെ കവിളിൽ അച്ഛൻ നുള്ളി.
ദാഹം വെച്ച സാധനങ്ങളൊക്കെ ആത്മാക്കൾക്ക് തിന്നാനായ്‌ വെച്ചിരിക്കയാണ്‌. അവര്‌ വന്ന്‌ തിന്നു പോയിക്കഴിഞ്ഞാൽ പിന്നെ അപ്പുക്കുട്ടന്‌ തിന്നാം...അമ്മുമ്മയ്ക്ക്‌  തിന്നാം...എല്ലാർക്കും തിന്നാം.

“ഈ ആത്മാക്കളെങ്ങനാ ഇരിക്കുന്നേ? നമുക്കെന്താ കാണാൻ പറ്റാത്തെ?” അപ്പുക്കുട്ടന്റെ സംശയത്തിന്‌ അമ്മൂമ്മയ്ക്ക്‌ മറുപടി ഉണ്ടായിരുന്നു. വായിലെ മുറുക്കാൻ അമ്മൂമ്മ പുറത്തേയ്ക്ക്‌ തുപ്പി.
“എടാ ചെറുക്കാ നീ അങ്ങോട്ട്‌ നോക്ക്‌.” അങ്ങുദൂരെ...
അങ്ങുദൂരെ പാതിരപ്പള്ളിയിൽ...റേഡിയോനിലയത്തിന്റെ ഏരിയൽ കാണാം...അതിന്റെ മുകളിലെ ചുവപ്പ്‌ വെളിച്ചവും കാണാം.
“കണ്ടോടാ ചെറുക്കാ, റേഡിയോനെലയത്തീ പറയണതൊക്കെ നമ്മ കേക്കണതെങ്ങനാ?” അമ്മൂമ്മ തന്നെ ഉത്തരവും പറഞ്ഞു.
“നമ്മുടെ കണാരൻ മൂപ്പന്റെ റേഡിയോലുക്കൂടി... കാറ്റീക്കൂടി വരുന്ന ശബ്ദം നമ്മ അറിയണേയില്ല. അതേപോലാ ആത്മാക്കളും...നമ്മള്‌ മനുഷേർക്ക് കാണാൻ പറ്റില്ല അവരെ.  പക്ഷേല്‌ പട്ടിക്കും പൂച്ചക്കുമൊക്കെ ആത്മാക്കളെ കാണാം.”

തെക്കേമുറിയിൽ നിന്നും കുഞ്ഞിപ്പൂച്ചയുടെ കരച്ചിൽ കേട്ടു.

“കേട്ടോ..വീതി വെച്ചത് തിന്നാൻ എല്ലാരും വന്നിട്ടുണ്ട്...പൂച്ച കരയണത് കേട്ടാ...” അമ്മൂമ്മ തെക്കേമുറിയിയ്ക്ക് ചെവിയോർത്തു.
തൊളവീണ്‌ ഞാന്നാടുന്ന ആ വലിയ ചെവിയുടെ തുഞ്ചത്ത് തൂങ്ങുന്ന കല്ലുവെച്ച കമ്മൽ മണ്ണെണ്ണ വെട്ടത്തിൽ തിളങ്ങുന്നു.“

”എല്ലാം നശിപ്പിച്ചു ഈ പണ്ടാരം പൂച്ച!“ അമ്മ ഒരു വടിയുമായ് കുഞ്ഞിപ്പൂച്ചയുടെ പുറകേ ഓടുന്നു.
”ആത്മാക്കളെ കണ്ട് പേടിച്ച പൂച്ചയാ...അതിനെ നീ എന്തിനാ പിന്നേയും ദ്രോഹിക്കുന്നേ...“
ഇനിയുള്ള അങ്കം അമ്മയും അമ്മൂമ്മയും കൂടെ ആയിരിക്കുമെന്ന് അപ്പുക്കുട്ടനുറപ്പായി. അവൻ തെക്കേ മുറിയുടെ തുറന്ന് കിടന്ന വാതിലിൽ കൂടി അകത്തേയ്ക്ക് നോക്കി...
കഷ്ടം...
ഉൽസവം കഴിഞ്ഞ അമ്പലപ്പറമ്പ് പോലെ...

അപ്പുക്കുട്ടന്‌ ആകെ സംശയമായി. ഈ പ്രേതവും, പിശാചും, ആത്മാക്കളുമൊക്കെ ഒള്ളത് തന്നാണോ? പൂച്ചയ്ക്കും പട്ടിക്കും പ്രേതങ്ങളെ കാണാൻ പറ്റുമെന്നല്ലേ അമ്മൂമ്മ പറഞ്ഞത്? അപ്പോൾ പ്രേതങ്ങളൊള്ള മുറിയിൽ കുഞ്ഞിപ്പൂച്ച കയറുമോ?
”കലികാലം... അല്ലാണ്ടെന്താ പറയാൻ...മൊട്ടേന്ന് വിരിയണ പിള്ളേർക്ക് വരെ ഇപ്പോ പ്രേത വിശ്വാസമില്ലാണ്ടായി...“ അപ്പുക്കുട്ടന്റെ ചോദ്യം അമ്മൂമ്മയ്ക്ക് രസിച്ചില്ല. വായിലെ മുറുക്കാൻ അമ്മൂമ്മ മുറ്റത്തേയ്ക്ക് നീട്ടിത്തുപ്പി.

ഇരുന്ന ഇരുപ്പിൽ അമ്മൂമ്മ അടുക്കളയിലേയ്ക്ക് എത്തി നോക്കി. അമ്മ അവിടെ അടുപ്പിലെ തീ ഊതുകയായിരുന്നു

”ദാഹമെടുക്കാൻ വരുന്നതേ, നമ്മുടെ സ്വന്തപ്പെട്ട പ്രേതങ്ങളാ...സ്വന്തക്കാര്‌ നമ്മളെ ദ്രോഹിക്കുമോ?“ അമ്മൂമ്മ അപ്പുക്കുട്ടന്റെ കൈയ്ക്ക് പിടിച്ച് അടുത്തിരുത്തി.
“ഗതികിട്ടാ പ്രേതങ്ങള്‌ ചൊവ്വാഴ്ചയും, വെള്ളിയാഴ്ചയും പൊറത്തിറങ്ങും. നമ്മ മനുഷേരെ കാണിക്കാനായ് അവര്‌ പല വേഷത്തിലും വരും... ചെല പ്രേതങ്ങള്‌ ചോര കുടിക്കും...ചെല പ്രേതങ്ങള്‌ ചൊമന്ന കണ്ണുരുട്ടി ചോരവരണ കോമ്പല്ല് കാണിച്ച് പേടിപ്പിക്കും... വേഷം മാറി വരണ പ്രേതങ്ങളുമൊണ്ട്...അവരാ യക്ഷികള്‌...”
അപ്പുക്കുട്ടന്‌ പേടി വന്നു. അവൻ അമ്മയുടെ അടുത്തേയ്ക്കോടി.
“കൊച്ചിനെ ഓരോന്ന് പറഞ്ഞ് പേടിപ്പിച്ചോളും...” അമ്മ ആ പറഞ്ഞത് അമ്മൂമ്മ്യ്ക്ക് ഇഷ്ടപ്പെട്ടില്ല.
അമ്മൂമ്മയുടെ സംസാരം പിന്നെ വടക്കേപറമ്പിലെ കാവിനെ കുറിച്ചായി. സംശയുമുള്ളോര്‌ ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും പാതിരാത്രി പന്ത്രണ്ട് മണിക്ക് കാവിലെ പൂച്ചപ്പഴമരത്തിന്റെ അടുക്കൽ ചെന്നാൽ മതി...പ്രേതത്തിനെകാണാം. അമ്മൂമ്മ പണ്ട് അവിടെ പോയിട്ടുണ്ട്...പൂജാരി അപ്പൂപ്പന്റെ കൂടെ...അപ്പൂപ്പൻ മന്ത്രം ചൊല്ലി ഇരുമ്പ് കത്തി കാണിച്ചപ്പോൾ പ്രേതം പൂച്ചപ്പഴമരത്തേലോട്ട് കേറിപ്പോയി. ആ പ്രേതം ഇപ്പോഴും അവിടുണ്ടത്രേ...
അമ്മ വിടാൻ തയ്യാറല്ലായിരുന്നു. “അപ്പുക്കുട്ടാ, നീ പേടിക്കേണ്ടടാ...അടുത്ത ചൊവ്വാഴ്ച രാത്രീല്‌ നമ്മള്‌ പൂച്ചപ്പഴമരത്തിന്റടുക്കേ പോകും. ഏത് പ്രേതാ  വരുന്നതെന്ന് കാണണമല്ലോ...”
 അമ്മൂമ്മയുമായുള്ള വാശിക്ക് അമ്മ എന്തും ചെയ്യും! അപ്പുക്കുട്ടന്‌ പേടിയും സങ്കടവും വരുന്നുണ്ടായിരുന്നു.ഒരു തരിപ്പ് നട്ടെല്ലിലൂടെ!

ചൊവ്വാഴ്ച രാത്രി നല്ല മഴയായിരുന്നു.
അമ്മ അപ്പുക്കുട്ടന്റെ കൈയ്ക്ക് പിടിച്ച് നടന്നു. വടക്കേ പറമ്പിലെ കാവിലേയ്ക്ക്.പൂച്ചപ്പഴമരത്തിന്റെ അടുത്തേയ്ക്ക്...
അച്ഛൻ പറഞ്ഞു. “പേടിക്കേണ്ടടാ, ഞങ്ങളെല്ലാരും ഇവിടെതന്നെ ഉണ്ടല്ലോ...”
“വേണ്ടാത്ത പണിയാ ഈ കാണിക്കുന്നേ...നീ പോണേ പോടീ...എന്തിനാ ആ ചെറുക്കനെ പ്രേതത്തിന്‌ കൊടുക്കണത്...” അമ്മൂമ്മയുടെ വാക്കുകൾ അപ്പുക്കുട്ടന്റെ ചെവികളിൽ മുഴങ്ങിക്കൊണ്ടിരുന്നു.
വിറയ്ക്കുന്ന കാലുകളുമായ് അപ്പുക്കുട്ടൻ അമ്മയുടെ കൈയ്ക്ക്പിടിച്ച് കാവിലേയ്ക്ക്..
മഴ ശക്തി പ്രാപിക്കുന്നു...ഉണക്കിലയിൽ മഴവെള്ളം വീഴുന്ന ശബ്ദം. ആഞ്ഞുവീശുന്ന കാറ്റ് തണുപ്പിനെ ശരീരത്തിലേയ്ക്ക് കുത്തിക്കയറ്റുന്നു. അമ്മ അപ്പുക്കുട്ടനെ വലിച്ചോണ്ട് ഓടുകയാണ്‌...കാവിലേയ്ക്ക്...പൂച്ചപ്പഴമരത്തിന്റെ ചോട്ടിലേയ്ക്ക്...അപ്പുക്കുട്ടൻ കണ്ണടച്ച് പിടിച്ചു.

കൊന്തൻപല്ല് കാണിച്ച് ചോരയിറ്റുന്ന നാവ് പുറത്തിട്ട് ആർത്തട്ടഹസിക്കുന്ന ഗതിയില്ലാപ്രേതം. കണ്ണടച്ചിട്ടും അപ്പുക്കുട്ടന്‌ കാണാം. അവന്റെ കണ്ണിര്‌ മഴവെള്ളത്തിൽ അലിഞ്ഞുപോയി.
അമ്മയുടെ ശബ്ദം. “നോക്ക് മോനേ...ദേ പൂച്ചപ്പഴമരം...ഇവിടെ  പ്രേതവുമില്ല...ഒരു മണ്ണാങ്കട്ടയുമില്ല.”
അപ്പുക്കുട്ടൻ കണ്ണുതുറന്നു.
കുറ്റാകുറ്റിരുട്ട്...ആഞ്ഞ് വീശുന്ന കാറ്റിൽ കാവിലെ മരക്കൊമ്പുകൾ കൂട്ടിയിടിക്കുന്നു. ഇലകളിൽ തട്ടി വീഴുന്ന വെള്ളത്തിന്റെ ശബ്ദം...കാലിന്റെ മുകളിലൂടെ എന്തൊക്കെയോ ഇഴയുന്നു...

പെട്ടെന്ന് ഒരിടിമിന്നൽ...
മിന്നൽ വെളിച്ചത്തിൽ അപ്പുക്കുട്ടൻ അത് വ്യക്തമായ് കണ്ടു! പൂച്ചമരത്തിന്റെ ചില്ലകൾക്കിടയിൽ...രണ്ട് ചുമന്ന കണ്ണുകൾ...ചോരയിറ്റുവീഴുന്ന കണ്ണുകൾ...
ആ മഴയിലും നിക്കറിന്റെ പിന്നിലുണ്ടായ ചൂടുള്ള നനവ് അവനറിഞ്ഞു.

പിറ്റേന്ന് കണ്ണു തുറന്നപ്പോൾ അമ്മ അടുത്തുണ്ടായിരുന്നു. അച്ഛനും ഉണ്ടായിരുന്നു.സേതുവും ഉണ്ടായിരുന്നു. പ്രേതത്തെ നേരിട്ട് കണ്ട ധീരനെപ്പോലെ അവൻ അവളെ നോക്കി.
അവൾ പൊട്ടിപ്പൊട്ടിച്ചിരിക്കുന്നു...
“പേടിച്ച് തൂറീ...മൂങ്ങായെ കണ്ട...” അവളത് പറഞ്ഞ് തീരുന്നതിന്‌ മുന്നെ അപ്പുക്കുട്ടൻ പായയിൽ നിന്നും ചാടിയെണീറ്റു.
“നിന്നെ ഞാൻ...” അച്ഛൻ അവന്റെ കൈയിൽ പിടിച്ചു.
“പോട്ടടാ... ഈ പ്രേതവും പിശാചുമൊക്കെ മനസിന്റെ ഓരോ വിചാരങ്ങളാ...അങ്ങനൊന്നുമില്ലടാ...”
അപ്പുക്കുട്ടന്‌ ആലോചിക്കാനൊന്നുമില്ലായിരുന്നു.
‘അങ്ങനൊന്നുമില്ലേല്‌ അച്ഛനെന്തിനാ ആത്മാക്കൾക്കായ് ബലിയിടുന്നേ?“
ഒരു നിമിഷം അച്ഛൻ ആലോചിച്ചു നിന്നു. എന്നിട്ട് പറഞ്ഞു.
”ഈ സമൂഹത്തെ ബോധിപ്പിക്കാനായ് ചിലപ്പോ നമ്മള്‌ ചിലതൊക്കെ ചെയ്യേണ്ടതായ് വരും.“
അവന്‌ അതിന്റെ അർത്ഥം തീരെ മനസിലായില്ല.


6 comments:

ajith said...

നല്ല കഥ
ഇതൊക്കെയാണെങ്കിലും ചിലപ്പോള്‍ പേടി വരുമെന്നതും സത്യം

Sathees Makkoth said...

വളരെ നന്ദി ajith

പട്ടേപ്പാടം റാംജി said...

കുഞ്ഞുമനസ്സുകളില്‍ പതിയുന്ന ബിംബങ്ങള്‍ മായ്ച്ചു കളയാന്‍ പെട്ടെന്ന് കഴിയില്ല. അതത് കാലത്ത് അവര്‍ക്കനുയോജ്യമായ വിധത്തില്‍ യുക്തിയോടെയുള്ള ഉത്തരങ്ങള്‍ കിട്ടുമ്പോള്‍ അതെല്ലാം മനസ്സില്‍ ഒരു കറയായി താങ്ങാതിരിക്കും.
ഇഷ്ടപ്പെട്ടു.

Jenish said...

കൊള്ളാം. ഇഷ്ടപ്പെട്ടു.

Sathees Makkoth said...

ശരിയാണ്‌ റാംജി മാഷേ, യുക്തിയുക്തമായ ഉത്തരങ്ങൾ കുഞ്ഞുമനസുകൾക്കാണ്‌ കൂടുതൽ ആവശ്യം. വളരെ നന്ദി.
Jenish Sr :വളരെ നന്ദി

പ്രത്യേക ശ്രദ്ധയ്ക്ക്

Creative Commons License
എന്റെ ചില കുറിപ്പുകള്‍ by K.M.Satheesan is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Based on a work at www.satheeskm.blogspot.com.
Permissions beyond the scope of this license may be available at www.satheeskm.blogspot.com.

വിരുന്നുകാർ

Powered By Blogger

ഓർക്കണേ പ്ലീസ്...

ഈ ബ്ലോഗിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങളോ, സന്ദർഭങ്ങളോ, കഥാപാത്രങ്ങളോ ഏതെങ്കിലും വിധത്തിൽ ആരെങ്കിലുമായി ബന്ധപ്പെട്ടിട്ടുണ്ടന്ന് തോന്നുന്നുവെങ്കിൽ അത് സ്വാഭാവികം മാത്രം.

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP