ഉൽസവം
Sunday, June 8, 2014
“നളിനി ഭാഗ്യോള്ളോളാണ്!എഞ്ചിനീറാവാന്ന് പറഞ്ഞാൽ ചില്ലറകാര്യാണോ ഇക്കാലത്ത്? തിരോന്തരത്ത് വിട്ട് പഠിപ്പിക്കേണം ഇനി. കല്യാണി അമ്മായി മാഞ്ചുവട്ടിലെ ചർച്ച തുടങ്ങി വെച്ചു.
അപ്പുക്കുട്ടൻ ജന്നലഴിയിൽ തൂങ്ങി പുറത്തേയ്ക്ക് നോക്കി. അച്ഛന്റെ ഭാഷയിലെ പരദൂഷണ കമ്മറ്റി അംഗങ്ങൾ എല്ലാം എത്തിയിട്ടുണ്ട്.
നളിനി അമ്മായീടെ മോൻ എഞ്ചിനീയറാവാൻ പോകാണ്! അതാണ് ഇന്നത്തെ വിഷയം. അപ്പുക്കുട്ടൻ ജന്നൽ കമ്പിയിൽ കാല് മാറ്റിമാറ്റി ചവിട്ടിക്കൊണ്ട് നിന്നു.
”എടാ ചെറുക്കാ, അതു പഴയ തെങ്ങിൻ കമ്പിയാ...ഒടിഞ്ഞ് കാലേ കേറും...“ അമ്മയുടെ നോട്ടം അപ്പുക്കുട്ടനിലേക്കായി. തിരിഞ്ഞാൽ കുഴപ്പം... മറിഞ്ഞാൽ കുഴപ്പം...
”ചില്ലറ നേർച്ചേം കാഴ്ചേമൊക്കെ ആണോ അവള് നേർന്നത്! ഇത്തവണത്തെ ഉൽസവത്തിന്ന് കോടിമരം നളിനീടെ വകയാ..“ ചുമ്മാതല്ല വിലാസിനി ചിറ്റയെ അച്ഛൻ അമ്പലവാസീന്ന് വിളിക്കുന്നത്! ഭയങ്കര ഭക്തയാണ്.അമ്പലക്കാര്യോക്കെ നന്നായറിയാം.
അപ്പുക്കുട്ടന്റെ മനസ്സിൽ ചെണ്ടമേളം തുടങ്ങി. കഴിഞ്ഞ തവണത്തെ ഉൽസവം നല്ല രസാരുന്നു! കാഴ്ചശ്രീബലിക്ക് മൂന്നാനയുണ്ടായിരുന്നു. ഒരു വലിയ ഗമണ്ടൻ ആന. രണ്ട് ചെറിയ ആനകൾ. കാഞ്ഞങ്ങാട്ടുകാരുടെ ആനയായിരുന്നു വലിയത്. ‘രാജശേഖരൻ’ എന്നാണവന്റെ പേര്.
കുടിയൻ ഭാസി ആനേടെ വാലേ പിടിച്ചതിന് അന്ന് ഭയങ്കര ഇടി നടന്നു. ഭാസിയ്ക്ക് ഇടികിട്ടിയത് നന്നായെന്നാണ് മാഞ്ചുവട്ടിലെ കമ്മറ്റി അഭിപ്രായപെട്ടത്!
തെക്കേപ്പുറംകാര് ഭാസിയെവിട്ടു ഉൽസവം കലക്കാൻ ശ്രമിച്ചതാണന്നും പറയുന്നുണ്ടാരുന്നു ചിലർ.
“ആനെയെങ്ങാനും ഇളകിയാ എന്താകുമാരുന്നു...”അമ്മയുടെ അഭിപ്രായത്തിനോട് എല്ലാരും തലകുലുക്കി സമ്മതം പ്രകടിപ്പിച്ചു.
കഴിഞ്ഞ ഉൽസവത്തിന് രാജേശ്വരി ഉണ്ടായിരുന്നു. അപ്പുക്കുട്ടന്റെ കൂട്ടുകാരി. അപ്പുക്കുട്ടൻ ആനയുടെ പുറകേ നടക്കുകുന്ന സമയത്ത് സേതുവാണ് അതു കാണിച്ച് കൊടുത്തത്. അങ്ങ് വളക്കടയുടെ മുന്നിൽ...രാജേശ്വരി.
“ചേട്ടന്റെ ക്ലാസിലെ പെണ്ണാ... ല്ലേ...വളക്കടേടെ മുന്നില്...”
നീളൻ മുടി പന്നിവാലുപോലെ രണ്ട് വശത്തോട്ട് പിന്നിയിട്ട്, പട്ടുപാവാടയുമുടുത്ത് നല്ല സുന്ദരിക്കുട്ടി! അപ്പുക്കുട്ടൻ വളക്കടയിലോട്ട് നടന്നു. സേതു പുറകേ കൂടി.
“നീയെന്തിനാ...?” അപ്പുക്കുട്ടനവൾ വരുന്നത് ഇഷ്ടമല്ലാരുന്നു.
“ഞാനല്ലേ കാണിച്ച് തന്നേ...” എന്തിനും ഈ പെണ്ണിനൊരു ന്യായമുണ്ട്!
രാജേശ്വരീടെ അച്ഛനും അമ്മയും എല്ലാരുമുണ്ടാരുന്നു കൂടെ. കൈ നിറയെ വളയാ വാങ്ങിയത് അവൾ!.സേതുവിനും കിട്ടി ഒരു ജോടി വള! രാജേശ്വരീടെ വകയായി.
“ഇത്തവണ ആറാട്ടുൽസവത്തിന് നമ്മടെ സദാനന്ദന്റെ നാടകമാ...എസ്സെൽ പുരത്തെ...‘കാട്ടുകുതിര’...നല്ല ശേലൻ നാടകാന്നാ കേട്ടത്...“ കല്യാണി അമ്മായി നാടകപ്രേമിയാണ്. എവിടെ നാടകമുണ്ടേലും പോവും. വള്ളിപുള്ളി വിടാതെ കഥ മാഞ്ചുവട്ടിൽ അവതരിപ്പിക്കും.
”ചേർത്തലക്കാരനൊരാളാ, കൊച്ചുവാവായിട്ട്...ഭയങ്കര അഭിനയാ...“ നാടകം കാണുന്നതിന് മുന്നേ ഇതിനുംമാത്രം അറിവ് കല്യാണി അമ്മായിക്ക് എവിടുന്ന് കിട്ടുന്നുവെന്ന് മാഞ്ചുവട്ടിലെ എല്ലാരും അതിശയിച്ചു.
”എന്നേം കൊണ്ടുപോണം നാടകത്തിന്ന്...“ അപ്പുക്കുട്ടൻ അപ്പോഴും ജന്നലിൽ തൂങ്ങി നില്ക്കുകയായിരുന്നു.
”നേരേ ചൊവ്വേ പഠിക്കാൻ നോക്ക് ആദ്യം. കണ്ടാ ആൺപിള്ളേര് പഠിച്ച് എഞ്ചിനീയറാവാൻ പോണത്...“ അമ്മ ഉപദേശം തുടങ്ങി. അപ്പുക്കുട്ടൻ ജന്നലിലെ പിടിവിട്ടു. കണ്ടത്തീപ്പറമ്പിലെ പുളിമരത്തിൽ നിറയെ പുളിയാണ്. ഇല കാണാത്തവിധം പുളിയുണ്ട് ഇത്തവണ. ഈ പെണ്ണുങ്ങളുടെ വർത്താനം കേക്കുന്നതിലും ഭേദം പുളിയെറിയുന്നതുതന്നെയാണ്. അപ്പുക്കുട്ടൻ നിക്കർ വലിച്ച് കേറ്റി പുളിമരച്ചോട്ടിലേയ്ക്ക് പോയി. ചിലപ്പോൾ അഞ്ചുകണ്ണനും അവിടെ കാണും.
നളിനി അമ്മായീടെ വീട് നന്നായി മോടി പിടിപ്പിച്ചിരിക്കുന്നു. പുതിയതായി ഓല മേഞ്ഞ്...മുറ്റമാകെ നല്ല വെള്ള മണൽ വിരിച്ചിരിക്കുന്നു. വേലിയും പുതിയതാണ്. വാതുക്കൽ കുരുത്തോലകൊണ്ട് പന്തലിട്ടിട്ടുണ്ട്. വീടിന്റെ പുറകിലെ തോട്ടിറമ്പിലാണ് കൊടിമരത്തിനായുള്ള അടയ്ക്കാമരം നില്ക്കുന്നത്. അങ്ങോട്ടേയ്ക്കുള്ള വഴീലും കുരുത്തോല കെട്ടിയിട്ടുണ്ട്. അമ്മായി ഭയങ്കര തിരക്കിലാണ്! അമ്മായീടെ മോൻ നല്ല വെള്ള മുണ്ടൊക്കെ ഉടുത്ത്...നെറ്റിയിൽ ചന്ദനമൊക്കെ തൊട്ട്...സുന്ദരൻ...എഞ്ചിനീയറാവാൻ പോണ ആളാ...അപ്പുക്കുട്ടൻ ആരാധനയോടെ നോക്കി.
അങ്ങ് ദൂരെ ചെണ്ട മേളം കേൾക്കുന്നു. ശാന്തികളുടെ വരവാണ്... കൊടിമരം കൊണ്ടുപോവാൻ... തിരക്ക് കൂടുന്നു. നാട്ടിൻപുറം മൊത്തം ഇങ്ങോട്ടെക്കെത്തിയതുപോലെ...
അപ്പുക്കുട്ടൻ തോട്ടിറമ്പിലെ വലിയ മാവിൻകൊമ്പിൽ കയറി ഇരുന്നു. കൊടിമരം വെട്ടുന്നത് കാണാൻ ഇതിനേക്കാൾ നല്ല ഇടമില്ല!
അടയ്ക്കാമരത്തിനു മുന്നിലിട്ടിരുന്ന പായയിൽ നെല്ല് നിറച്ച പറ നിലവിളക്കുകളുടെ നടുവിൽ!. വലിയൂരു പൂങ്കുല പറയിലെ നെല്ലിൽ! കൊടിമരത്തിന് ചുറ്റും പൂക്കൾ വിതറിയിരിക്കുന്നു. നല്ല ചന്ദനത്തിരിയുടെ മണം.
ശാന്തികൾ പൂജ തുടങ്ങി. ആരും അനങ്ങുന്നില്ല...മണിയടിയും മന്ത്രോച്ഛാരണവുമല്ലാതെ മറ്റൊന്നും കേൾക്കാനില്ല.
ദൈവത്തിനെ എല്ലാർക്കും പേടിയാ... ദൈവം കോപിച്ചാൽ നാട് നശിക്കും...
കാഞ്ഞങ്ങാട്ടെ രാജശേഖരൻ തലയെടുപ്പോടെ നിക്കുന്നു.
ഒരു വലിയ ശർക്കര ഉരുള രാജശേഖരന്റെ വായിലേയ്ക്ക് ശാന്തികൾ വെച്ചുകൊടുത്തു.
പൂജിച്ച കോടാലി തങ്കപ്പനാശാരീടെ കൈയിലും.
അടയ്ക്കാമരം താഴെ വീഴുന്നു. മരം മണ്ണിൽ വീഴാൻ പാടില്ലത്രേ...ഒരായിരം കൈകൾ മരത്തെ താങ്ങുന്നു.
തൊലിയെല്ലാം ചെത്തി,പട്ടുടുപ്പിച്ച് ചന്ദനം തൊടുവിച്ച് കൊടിമരം അമ്പലത്തിലേയ്ക്ക്...മുന്നിൽ രാജശേഖരൻ...പിന്നെ ശാന്തികൾ...പിന്നെ ചെണ്ടക്കാർ...
പടയണിയായിട്ടാണ് കൊടിമരയാത്ര.
അപ്പുക്കുട്ടൻ മരത്തിൽ നിന്നും ഇറങ്ങി.
തപ്പുകൊട്ടും, തുള്ളലും, ആർപ്പുവിളിയും...ആകെ ബഹളമയം. അപ്പുക്കുട്ടന് നല്ല രസം തൊന്നി.
“മൊത്തം വെള്ളംകളിയാ...സുക്ഷിച്ചോ വഴക്കുണ്ടാകാൻ സദ്ധ്യതയുണ്ട്.” അച്ഛൻ അപ്പുക്കുട്ടന്റെ കൈയ്ക്ക് പിടിച്ചു. സേതു അമ്മയുടെ കൂടെയാണ്.
കൊടിമരയാത്ര അമ്പലത്തിന്റെ തെക്കേ നടയിലെത്തിയപ്പോൾ പുറകിലൊരു ബഹളം. ആളുകൾ ചിതറിയോടുന്നു. അച്ഛൻ അപ്പുക്കുട്ടന്റെ കൈയിൽ ബലമായ് പിടിച്ചു.
വാളുകൾ കൂട്ടിമുട്ടുന്ന ഒച്ച...അന്തരീക്ഷത്തിൽ തിളങ്ങുന്ന വാളുകളുടെ മിന്നായം...
“തെക്കേപുറത്തുകാര് കാഞ്ഞങ്ങാട്ടുകാരുടെ പടയണി പൊളിക്കാൻ ശ്രമിച്ചതാ...കഴിഞ്ഞ കൊല്ലത്തെ പകരം ചോദിക്കൽ അല്ലാണ്ടെന്താ?” കല്യാണി അമ്മ മാഞ്ചുവട്ടിൽ വിശദീകരണം തുടങ്ങി.
“ഇത്തവണ കൊടിവീണിരിക്കുന്നത് തെക്ക് കിഴക്കോട്ടാ...നളിനീടെ വീടിന്റെ ദിക്കിലേക്ക് തന്നെ... ഭാഗ്യം ഇത്തവണ അങ്ങോട്ടാ...”
“വഴക്കും കാര്യോന്നുമില്ലാണ്ട് ഉൽസവം കഴിഞ്ഞ് കിട്ടിയാമതിയാരുന്നു.“ അമ്മ പറഞ്ഞു. അപ്പുക്കുട്ടനും അതു തന്നെയായിരുന്നു ആഗ്രഹം. നാടകം കാണാനുള്ളതാണ്...കല്യാണി അമ്മായീടെ കാട്ടുകുതിര!
”കാലമാടന്മാർ ഒരുവർഷത്തെ പക മുഴുവൻ തീർക്കുന്നത് ഉൽസവ പറമ്പിലല്ലേ... എങ്ങനെ വഴക്കില്ലാണ്ടാവും! ഇവന്മാരോടെക്കൊ ദൈവം ചോദിക്കും.“ വിലാസിനി ചിറ്റ ദൈവത്തിന് ജോലികൊടുത്തു.
കൊടിയേറ്റ് കഴിഞ്ഞ് പിന്നെ പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. അതുകൊണ്ട് തന്നെ കാഴ്ച്ശ്രിബലിക്ക് ധാരാളം ആളുണ്ടായിരുന്നു. പക്ഷേ ഇത്തവണ ശ്രീബലിക്ക് രാജേശ്വരി വന്നില്ല. അപ്പുക്കുട്ടൻ അവളെ എല്ലായിടത്തും നോക്കി. കണ്ടില്ല. രാജേശ്വരി വന്നില്ലന്ന് സേതുവും പറഞ്ഞു. ഒരു ജോടി വള അവൾ ഇത്തവണയും പ്രതീക്ഷിച്ച് കാണും!
അമ്മയും വളരെ സന്തോഷത്തിലായിരുന്നു. വഴക്കില്ലല്ലോ...നാടകം കാണാൻ പറ്റും!
നല്ല തിരക്കായിരുന്നു നാടകത്തിന്.കല്യാണി അമ്മായി ഒരു പായുമായിട്ടാണ് വന്നത്! ചൊരി മണലിലിരുന്നാൽ ചൊറിയും!
കാട്ടുകുതിര!
നാടകക്കാരുടെ ബെല്ലടിയാണ് അപ്പുക്കുട്ടനേറ്റവുമിഷ്ടം. ക് ർ ർ ർ ർ ർ.... ക് ർ ർ ർ... ക് ർ ർ ർ ർ...മൂന്നാമത്തെ ബെല്ലിന് കർട്ടനുയരും.
മൂന്നാമത്തെ ബെല്ലടിച്ചതും മൈതാനത്തിന്റെ ഏറ്റവും പുറകിൽ ഒരു ബഹളം... സ്റ്റേജിനു പുറകിലൂടെ വടക്കോട്ട് ആരൊക്കെയോ ഓടി.
പിന്നെ ബഹളം കെട്ടൊടുങ്ങി.
കൊച്ചുവാവ തകർത്തു. അമ്മയും, കല്യാണി അമ്മായിയും ഭയങ്കര ചിരി ആയിരുന്നു.
“അമ്മായി പറഞ്ഞത് ശരിയാ...നല്ല ഉഗ്രൻ നാടകം. ഈ അടുത്ത കാലത്തൊന്നും ഇത്രയും നല്ല നാടകം കണ്ടിട്ടില്ല.” അമ്മായിയുടെ മാഞ്ചുവട്ടിലെ അഭിപ്രായത്തിന് അമ്മ നന്ദി പറഞ്ഞു.
നല്ല ഉറക്ക ക്ഷീണമായിരുന്നു. അപ്പുക്കുട്ടൻ എണീറ്റപ്പോൾ സമയം വൈകുന്നേരമായിരുന്നു. പുറത്ത് അടക്കിപ്പിടിച്ച സംസാരം...മാഞ്ചുവട്ടിലാണ്...
അപ്പുക്കുട്ടൻ ജന്നലഴിയിൽ ചവുട്ടി പുറത്തേക്ക് നോക്കി.പരദൂഷണ കമ്മറ്റിക്കാർ ഇന്ന് കയറുപിരിത്തവും, തൊണ്ടുതല്ലും ഒന്നുമില്ല. എല്ലാരും വട്ടംകൂടി നില്ക്കുന്നു.
കൂട്ടത്തിലാരോ പറയുന്നു.“കാഞ്ഞങ്ങാട്ടെ ശശി ആണെന്ന് കരുതിയാ...ആളുമാറിപ്പോയി തെക്കേപ്പുറംകാർക്ക്!”
“ശരിയാ...അവനെക്കണ്ടാൽ ശശിയെപ്പോലെ തന്നെ തോന്നും.” അമ്മ.
“ദൈവത്തിന്റെ ഓരോ കളികളേ...നമ്മളൊന്നു വിചാരിക്കും...അങ്ങേര് വേറെയോരോന്നും.!” വിലാസിനി ചിറ്റ ദൈവത്തിലേയ്ക്ക് പോയി.
അപ്പുക്കുട്ടനൊന്നും മനസ്സിലാകുന്നില്ലായിരുന്നു ഈ പെണ്ണുങ്ങളുടെ സംസാരം.
അടുത്തത് കല്യാണി അമ്മായിടെ ഊഴമായിരുന്നു.
‘എങ്കിലും വടക്കോട്ടുള്ള ആ ഓട്ടം ഇങ്ങനെയൊക്കെ ആകുമെന്ന് സ്വപ്നത്തീ പോലും വിചാരിച്ചില്ല. ഒറ്റക്കുത്താരുന്നു...നെഞ്ച് പിളന്നാ പോയത്...ആ ചെറുക്കനെ പ്രതീക്ഷിച്ച് അവളെന്നാക്കാ സ്വപ്നാ കണ്ടത്...
എന്തു ചെയ്യാം...
എല്ലാം തീർന്നില്ലേ, ഒരു നിമിഷം കൊണ്ട്..
നളിനി ഭാഗ്യം കെട്ടോളാ..“
7 comments:
Good story and narrations...mothathil oru MT kathavayichathinte sugham
കൊള്ളാം. നല്ല അവതരണം.
ഒരു വര്‍ഷത്തെ കണക്കൊക്കെ തീര്‍ക്കുന്നത് ഉല്‍സവക്കാലത്താണ്. ഞങ്ങളുടെ നാട്ടിലും ഇതുതന്നെയാണ് വഴക്കം.
കഥ കൊള്ളാം കേട്ടോ.
Anu Raj,Jenish Sr, ajith
വളരെ നന്ദി എല്ലാവർക്കും!
പരദൂഷണ വിഷയങ്ങളിലെ കഥാപാത്രങ്ങളുടെ ഭാഗ്യവും ഭാഗ്യക്കേടുമൊക്കെ മാറി മറിയുന്നതെത്ര പെട്ടെന്നാണ്...
നന്നായി, സതീശേട്ടാ
എന്റെ ചെറുപ്പകാലത്ത് ഞാന്‍ ഓര്‍ക്കുന്നു, വഴക്ക് തീര്‍ക്കുക എന്ന് പറഞ്ഞാല്‍ കത്തിക്കുത്തില്‍ കുറഞ്ഞ ഒന്നുമില്ല. അമ്പ് പെരുന്നാളുകള്‍ക്കാണു കൂടുതലും.
കഥ കൊള്ളാം.
ശ്രീ,പട്ടേപ്പാടം റാംജി രണ്ടുപേർക്കും വളരെ നന്ദി.
Post a Comment