Followers

സുന്ദരമായൊരു പാസ് കഥയില്ലിത് കാര്യം

Monday, June 15, 2020


പ്രായം ഏകദേശം 18 അല്ലെങ്കിൽ 19 ഒക്കെ ആയിരിക്കുന്ന കാലത്താണ് ഡ്രൈവിങ്ങ് ലൈസൻസിനായ് ഒരു ഫോട്ടോ എടുക്കാനായ് വീടിന്നടുത്തുള്ള സ്റ്റുഡിയോവിൽ പോയത്. ചേട്ടൻ ഫോട്ടോയൊക്കെ എടുത്ത് രണ്ട് ദിവസം കഴിഞ്ഞ് കോപ്പിയ്ക്കായ് വരാൻ പറഞ്ഞതിൻപ്രകാരം കൃത്യദിവസം തന്നെ വന്ന് ഫോട്ടോ വാങ്ങി. സത്യം പറയണോല്ലോ ഫോട്ടൊ കണ്ട് ഞാൻ കരഞ്ഞുപോയി. പോക്കാച്ചിത്തവളേടെ പോലെ കൺപോളേന്ന് വിട്ട് നിൽക്കുന്ന വലിയകണ്ണും വരച്ച് വെച്ചപോലത്തെ മീശേം....
സങ്കടം സഹിക്കവയ്യാതെ ‘ചേട്ടാ‘ എന്നു വിളിച്ചതും മഴവെള്ളം പോലെ കണ്ണിൽ നിന്നും വെള്ളം ചാടിയതും  അതുകണ്ട് സാന്ത്വനിപ്പിക്കാനായ് ചേട്ടൻ പയ്യെ ചെവിയിൽ പറഞ്ഞ നല്ലവാക്കുകളും ഓർമ്മയിൽ...
“സാരമില്ലട, ഫോട്ടോയാണേലും ഒള്ള മുഖമല്ലേ വരത്തൊള്ളൂന്ന് ആശ്വസിക്കൂ.”
ആശ്വസിച്ച് വീട്ടിൽ വന്നപ്പോഴാണ് സംഗതി മാറിയത്. ഫോട്ടോ നോക്കി അമ്മ വക കമന്റ്, “നിന്നെ നേരില് കാണുന്നതാടാ ഇതിലും ഭംഗി.”

കൊറോണക്കാലത്ത് ഹൈദ്രാബാദിലെ റോഡിലൂടെ വണ്ടി ഓടിക്കുന്ന സുഖം ഒന്നു വേറേ തന്നെയാണ്! ഒരു പക്ഷേ ഇത്തരമൊരവസരം പിന്നീടുണ്ടായെന്നും വരില്ല.നിന്ന് തിരിയാൻ സ്ഥലമില്ലാതിരുന്ന റോഡൊക്കെ വെല്ലുവിളിച്ചുകൊണ്ട് നീണ്ടു നിവർന്ന് കിടക്കുന്നു.
ലോക്ഡൌൺ അവഗണിച്ച് വെളിയിലിറങ്ങണമെന്ന് മനസ്സുകൊണ്ട് ആഗ്രഹമില്ലാതിരിന്നിട്ടുകൂടി നിത്യേന ഹൈദ്രാബാദിലെ റോഡുകളിലൂടെ 80 കി.മീ ഡ്രൈവ് ചെയ്യേണ്ടി വരുന്നു. ഡ്രൈവിങ്ങ് ആയാസം. തിരക്കില്ല. വണ്ടിയില്ല.ആളില്ല. അഞ്ച് ചെക്ക് പോസ്റ്റ് മാത്രം.
എല്ലായിടത്തും പോലീസ് വണ്ടിക്ക് കൈകാണിക്കും. ഐഡി കാണിക്കുമ്പോൾ ലാത്തികൊണ്ട് പോകാൻ അനുവാദം.

ആദ്യഘട്ട ലോക്ഡൌൺ  തീരാൻ ഒരു ദിവസം ബാക്കിയുള്ളപ്പോഴാണ് ഒരു പോലീസുകാരന്റെ സ്നേഹപൂർവമായ ഉപദേശം. “ഓൺലൈൻ പാസ്സിന് അപേക്ഷിച്ചുകൂടെ?” ശരിയാണ് രണ്ടുകൂട്ടർക്കും പണി എളുപ്പമാവും.
പാസിന് അപേക്ഷിച്ച് പിറ്റേന്ന് തന്നെ കിട്ടി. നല്ല കളർ പ്രിന്റൊക്കെ എടുത്ത് വണ്ടീടെ മുന്നിൽ തന്നെ ഒട്ടിച്ചു.

പാസ് വെച്ചതിൽ പിന്നെ ചെക്കിങ്ങ് ആന്റ് ക്വൊസ്റ്റ്യനിങ്ങ് പണ്ടത്തേതിലും കൂടുതലായി തോന്നി. കാരണം മാത്രം പിടി കിട്ടിയില്ല. എല്ലാവരും അവസാനം ഐഡി കാർഡ് നോക്കും. പിന്നെ ലാത്തി ആട്ടി അനുവാദം.
ഇന്ന് തിരികെ വരുമ്പോൾ രണ്ട് പോലീസുകാർ ചെക്ക്പോസ്റ്റിൽ ലാത്തി ചൂണ്ടി വണ്ടി നിർത്തിച്ചു. പാവം പോലീസുകാർ...എന്തു കഷ്ടമാണ് അവരുടെ ജോലി. വെയിലത്ത്... വകതിരിവില്ലാതെ വണ്ടിയുമായിറങ്ങുന്ന എത്രയോ ആൾക്കാർ. എല്ലാവരോടും സംയമനത്തോടെ കാര്യങ്ങൾ ചോദിച്ച്, ഡൊക്കുമെന്റ്സ് പരിശോധിച്ച് യാത്രാനുമതി നൽകുന്നവർ. ഇന്നലെ ഒരു ചെക്ക് പോസ്റ്റിൽ കുറേ ആൾക്കാർ പെട്ടിവണ്ടിയിൽ കരിക്കുമായ് വന്ന് പോലീസുകാർക്ക് നൽകുന്നതുകണ്ടു. അല്പം വെള്ളം കുടിക്കണമെങ്കിൽ പോലും ഒരു കടപോലുമില്ലാത്ത സ്ഥലങ്ങളിലാണ് മിക്ക ചെക്ക് പോസ്റ്റുകളും. വാട്ട്സാപ്പിൽ പല വീഡിയോകളും കണ്ടിരുന്നു. പോലീസ് അടിക്കുന്നു. ഏത്തമിടീക്കുന്നു തുടങ്ങി പലതും. പക്ഷേ തെലങ്കാന പോലീസിൽ നിന്നും കഴിഞ്ഞ ഒരു മാസത്തിനിടയ്ക്ക് എനിക്ക് അത്തരമൊരനുഭവം ഉണ്ടായിട്ടില്ല. അതല്ല ചിലർക്കെങ്കിലും അങ്ങനെ ഉണ്ടായിട്ടുണ്ടങ്കിൽ അതിന് വ്യക്തമായ കാരണവുമുണ്ടാവാമെന്നാണ് എന്റെ ഒരിത്.

 അപ്പോൾ പറഞ്ഞ് വന്നത് അതൊന്നുമല്ല. ഇന്ന് തിരികേ വരുമ്പോൾ എന്നെ പോലീസുകാർ പിടിച്ച് നിർത്തി. ഒരാൺ പോലീസും ഒരു പെൺ പോലീസും. വണ്ടിയിൽ ഒട്ടിച്ചിരിക്കുന്ന പാസ് കണ്ടിട്ട് പെൺ പോലീസിന് കാര്യം പിടികിട്ടുന്നില്ല. ആൺപോലീസ് വിശദീകരിച്ചുകൊടുത്തു. ഇത് ഓൺലൈനിൽ എടുക്കുന്ന പോലീസ് പാസാണ്.(പാവം പെൺപോലീസ്..ഡിപ്പാർട്ട്മെന്റിലെ തീരുമാനങ്ങൾപോലും അവരിലോട്ടെത്തിയിട്ടില്ല.)
ആൺ പോലീസ് വണ്ടിക്കൊരു വലം വെച്ച് ലാത്തികൊണ്ട് ഗ്ലാസ് താഴ്ത്താൻ പറഞ്ഞു. എന്നിട്ടൊരു ചോദ്യം. “ഈ ഫോട്ടൊയിലുള്ളത് നിങ്ങള് തന്നെയാണോ?” ഞാൻ മാസ്ക് മാറ്റി മുഖം മുഴുവൻ കാണിച്ചു. പോലീസുകാരന് എന്നിട്ടും പുളിചവച്ച മുഖം മാത്രം. കുറച്ച് നേരം നിന്നിട്ട് ലാത്തികാട്ടി. പൊയ്ക്കോളാൻ...

കാർ പാർക്ക് ചെയ്ത് വീട്ടിലേക്ക് പോകുന്നതിന് മുന്നേ ചുമ്മാതെ വണ്ടീടെ മുന്നിൽ ചെന്ന് പാസൊന്ന് നോക്കി. ശരിയാണ്. ഏറ്റവും പുതിയ ഫോട്ടോ തന്നെയാണ്. വണ്ടീടെ വശത്ത് വന്ന് മിററിലേക്കും പിന്നെ പാസിലേക്കും മാറി മാറി നോക്കി.
ശരിയാണ്. ഫോട്ടോയിലെ ഞാൻ എന്നെക്കാളും വളരെ സുന്ദരനാണ്. ഫോട്ടോഷോപ്പിലിട്ട് മുഖമൊക്കെ സുന്ദരമാക്കിത്തന്നപ്പോ സ്റ്റുഡിയോക്കാരനോട് വലിയ സ്നേഹമാരുന്നു.

Read more...

വാഗ്യ- ശിവാജി കരയുന്നു

Sunday, May 10, 2020






ഇരുട്ടിലേക്ക് തുറന്ന ബാൽക്കണിയിൽ നിന്ന് കൈകൾ പുറത്തേക്ക് വിടർത്തി കാറ്റിൽ ചരിഞ്ഞ് വീഴുന്ന വലിയ വെള്ളത്തുള്ളികളെ ശരീരത്തിലേക്ക് തട്ടിവീഴ്ത്തുമ്പോൾ ഹരിയുടെ മനസ് കുളിരുകയായിരുന്നു.
“മഴ നനയാതെ അകത്ത് കയറി ഇരുന്നൂടെ നിങ്ങക്ക്, ദാ ഞാൻ ഇപ്പോ എത്തി.” കാറ്റിന്റെ വേഗതയിൽ വാതിൽ തുറന്ന് പുറത്തെ ഇരുട്ടിലേക്ക് കുതിച്ച സജീനയെ നോക്കി ഹരി  നനഞ്ഞ തലമുടി പെട്ടെന്ന് ചുറ്റി തിരിച്ചപ്പോൾ ഉതിർന്ന് വീണ തുള്ളികൾ വലിയ ഗ്ലാസിൽ തട്ടി ചിത്രം വരച്ച് താഴോട്ട് ഒഴുകി.
നനഞ്ഞ ശരീരത്തിലൂടൊഴുകിയിറങ്ങുന്ന വെള്ളത്തുള്ളികളെ  അകത്ത് തറയിൽ വീഴിക്കാതിരിക്കാൻ പെരുവിരലുകളിലൂന്നി നടക്കാനുള്ള  വിഫല ശ്രമം ഹരി നടത്തിക്കൊണ്ടിരുന്നപ്പോഴത്തേക്കും സജീന തിരിച്ചെത്തിയിരുന്നു.
മാറോടമർത്ത് പിടിച്ച കൊച്ചുകളിപ്പാട്ടം പോലത്തെ ഒരു നായക്കുട്ടിയുമായാരുന്നു സജീന എത്തിയത്.
“നിങ്ങള് മഴനനഞ്ഞുകൊണ്ടിരുന്നപ്പോ ഞാനിവന്റെ കരച്ചിലാ ശ്രദ്ധിച്ചോണ്ടിരുന്നത്. കാർ പോർച്ചിലെ തൂണിനോട് ചേർന്നിരിക്കുകയായിരുന്നു പാവം. ശരിക്കും മഴച്ചാറ്റലടിച്ചിട്ടുണ്ട്.” തുവർത്തെടുത്ത് നായക്കുട്ടിയുടെ ശരീരത്തിലെ വെള്ളമെല്ലാം നല്ലവണ്ണം കളഞ്ഞ് സജീന അതിനെ സോഫയുടെ ഒരരുകിലിരുത്തി.
“കൊള്ളാല്ലോ. നാടനാ ഇനം എന്താ നീ ഇവനെ വിളിക്കേ?”
“ഫിഡോ” മുൻ‌കൂർ തീരുമാനിച്ചുറപ്പിച്ച് വെച്ചിരുന്നതുപോലെയായിരുന്നു സജീന അത് പറഞ്ഞത്.
നായക്കുട്ടിയുടെ പേര് നന്നായി ഇഷ്ടപ്പെട്ടതുപോലായിരുന്നു ഹരിയുടെ പ്രതികരണവും.” എബ്രഹാം ലിങ്കന്റെ വളർത്തുനായയുടെ പേര് തന്നെ.”
"അയ്യേ...ഇത് എബ്രഹാം ലിങ്കന്റെയല്ല...ഇത് കാർലോ സോറിയാനോയുടേതാ...” സജീന നായക്കുട്ടിയെ ചേർത്ത് പിടിച്ച് വട്ടം ചുറ്റി.പുറത്തപ്പോൾ മഴനിലച്ചിരുന്നു.

രണ്ടുദിവസമായി നിർത്താതെ പെയ്യുന്ന മഴയാണ്. മക്ഡോണാൾഡ്സ് കഴിഞ്ഞ് MJR മാളിന്റെ അല്പം മുന്നിലേക്ക് മാറി റോഡിൽ സാമാന്യം നല്ലരീതിയിൽ വെള്ളം കെട്ടിക്കിടപ്പുണ്ടായിരുന്നു. ഡ്രെയ്നേജ് സംവിധാനമില്ലാത്ത ആ ഭാഗം എല്ലാ മഴക്കാലത്തും അങ്ങിനെയാണ്. ഇടതുവശത്ത് തലയെടുപ്പോടെ നിൽക്കുന്ന അസംഖ്യം അപ്പാർട്ട്‌മെന്റുകളുടെ ചുവട്ടിൽ തളം കെട്ടുന്ന വെള്ളം ചാലുവെട്ടി റോഡിലേക്ക് തിരിച്ചുവിടും. ടയർ മുങ്ങുന്ന വെള്ളത്തിലൂടെ വണ്ടിയോടിക്കുന്നത് ശ്രമകരമായിരുന്നു.. ഇടയ്ക്കെങ്ങാനും നിന്നുപോയാൽ...സൈലൻസറിൽ വെള്ളം കേറിയാൽ... പുതിയ വോൾവോ എസ് 60  ആണ് ഓടിക്കുന്നതെന്നത് മനസ്സിൽ ചെറിയൊരു പരിഭ്രാന്തി ഉണ്ടാക്കിയെങ്കിലും ഒരു വിധം വെള്ളക്കെട്ടിന് പുറത്തെത്തിയപ്പോഴാണ് അത് സംഭവിച്ചത്!
ഒരു നായ! വണ്ടിക്ക് വട്ടം നിൽക്കുന്നു!
സാമാന്യം വലിയൊരു നായ. പൂഴിവെള്ളത്തിൽ നനഞ്ഞതിനാ‍ലാവാം അതിന്റെ രോമമെല്ലാം ചെമ്മണ്ണ് നിറമായിരുന്നു.  മഴയിൽ നനഞ്ഞ് ശരീരത്തിനോടൊട്ടിയിരുന്ന രോമം കാരണമാകാം  അതിന്ന് മെലിഞ്ഞതും ഉയർന്നതുമായ ശരീരമുള്ളതായിട്ടാണ് തോന്നിയത്. വളരെ പെട്ടെന്നായിരുന്നു ആ നായ വണ്ടിക്ക് മുന്നിലേക്ക് ചാടിയത്. പതുക്കെ വണ്ടി വെട്ടിച്ച് ഓടിച്ചുപോന്നെങ്കിലും, അടുത്ത രണ്ട് ദിവസങ്ങളിലും നായ അതേ സ്ഥലത്ത് വെച്ച് വണ്ടിക്ക് വീണ്ടും വട്ടം നിന്നപ്പോൾ ഒരു അസാധാരണത്വം  തോന്നുകയായിരുന്നു.
വൈകിട്ട് അത്താഴത്തിന്നിരുന്നപ്പോഴാണ് നായക്കഥ സജീനയോട് പറഞ്ഞത്.
അവൾ പറഞ്ഞു,“അതു ചിലപ്പോൾ മറ്റൊരു ഫിഡോ ആയിരിക്കും“ എബ്രഹാം ലിങ്കന്റെ ഫിഡൊ ആയിരിക്കുമെന്ന് പറഞ്ഞ് ചിരിച്ചപ്പോൾ നെറുകയിൽ കയറിയ എരിവുള്ള ചോറ് താഴയാക്കാൻ അവൾ ഹരിയുടെ തലയിലടിച്ചുകൊണ്ട് പറഞ്ഞു,”അല്ല. കാർലോ സോറിയാനോയിടാതായിരിക്കും.”

കാർലോ സോറിയാനയുടെ കഥ തലയ്ക്ക് മുകളിലൂടെ ബോംബർ വിമാനങ്ങൾ പോലെ,ഏതോ അപസർപ്പക കഥയുടെ ഓർമ്മപോലെ,  എപ്പോഴും കറങ്ങിക്കൊണ്ടിരുന്നതിനാൽ സജീനയ്ക്കും മനഃപാഠമായിരിക്കുന്നു എന്നോർത്ത് ഹരി ഉള്ളാലെ ചിരിച്ചു.
1941 നവമ്പർ 
ഫ്ലോറൻസിലെ ഒരു തണുത്ത രാത്രി. റോഡരുകിലെ കുഴിയിൽ മുറിവേറ്റ് കിടന്ന ഒരു കുഞ്ഞുനായ! സോറിയാന ജോലികഴിഞ്ഞ് മടങ്ങിയപ്പോൾ കൂട്ടത്തിൽ അന്ന് ആ നായക്കുട്ടിയുമുണ്ടായിരുന്നു.സജീനയുടെ കൈയിലെ ഫിഡോയെപ്പോലെ! മുറിവ് ശുശ്രൂഷിച്ച് ജീവിതത്തിലേക്ക് കൊണ്ട് വന്ന ആ നായക്കുട്ടിയെ കാർലോ സോറിയാന ‘ഫിഡോ’ എന്ന് വിളിച്ചു.
പിന്നീടുള്ള രണ്ടു വർഷങ്ങൾ...
ജോലിക്കുപോകുന്ന കാർലോയെ അനുഗമിച്ച് ബസ് സ്റ്റോപ്പ് വരെ നിത്യവും ഫിഡോ കൂടെപ്പോകുമായിരുന്നു. കാർലോയെ യാത്രയാക്കിയതിന് ശേഷം വൈകുവോളം അവൻ യജമാനന്റെ തിരിച്ചുവരവ് കാത്തിരുന്നു. സത്യത്തിന്റേയ്മും, സ്നേഹത്തിന്റേയും, വിധേയത്തത്വത്തിന്റേയും മാതൃകയായി ഫിഡോ മാറുകയായിരുന്നു.അടുത്ത രണ്ടുവർഷം ഫ്ലോറൻസ് നിവാസികൾക്ക് ഇതൊരു പതിവ് കാഴ്ച തന്നെയായി. ജോലികഴിഞ്ഞ് മടങ്ങിയെത്തുന്ന കാർലോ സോറിയാനയെ സ്വീകരിച്ച് തുള്ളിച്ചാടി വീട്ടിലേക്ക് പോകുന്ന ഫിഡോ!  
1943 ഡിസംബർ.
സഖ്യകക്ഷികളുടെ വിമാനമുതിർത്ത ബോംബുകൾ ഫ്ലോറൻസിലെ കൽച്ചൂളകളൊന്നൊഴിയാതെ നശിപ്പിച്ചപ്പോൾ തിരികേ വരാനാവാത്ത ലോകത്തിലേക്ക് കാർലോ സോറിയാനി പോയി. യജമാനെ കാത്ത് കാത്തിരുന്ന് മരവിച്ച മനസ്സുമായി ഫിഡോ അന്നു രാത്രി വീട്ടിലേക്ക് തനിച്ച് മടങ്ങി. അടുത്ത ദിവസവും അതിന്നടുത്തദിവസവും ഫിഡോ ബസ് സ്റ്റോപ്പിൽ കാത്തിരുന്നു.ആഴ്ചകളും മാസങ്ങളും വർഷങ്ങളും കടന്നുപൊയ്ക്കൊണ്ടിരുന്നു. മറക്കാത്ത ഓർമ്മക്കളുമായ് ഫിഡോ നിത്യവും ബസ് സ്റ്റോപ്പിലെത്തി കാത്തിരുന്നു. നീണ്ട പതിനാലുവർഷം അതു തുടർന്നു.ഫിഡോയെ മരണം കീഴടക്കുന്നതുവരെ.
കാർ സ്റ്റാർട്ട് ചെയ്ത് ഗേറ്റിന്ന് വെളിയിലേക്കിറങ്ങുമ്പോൾ ബാൽക്കണിയിൽ നിന്ന് കൈവീശി കാണിക്കുന്ന സജീനയുടെ കൈയിൽ കുഞ്ഞു ഫിഡോ ഉണ്ടായിരുന്നു.“പിന്നേ...ഇന്ന് മറ്റവനവിടൊണ്ടെ ഒന്നെറങ്ങി നോക്കണേ...”
മക്ഡൊണാൾഡ്സിന്റെ മുന്നിൽ റോഡിലെ വെള്ളം അൽപ്പം കുറഞ്ഞിട്ടുണ്ടായിരുന്നു. ഏതോ ഓർമ്മപ്പെടുത്തലുകളെന്നപോലെ കണ്ണുകൾ അവനെ പരതുമ്പോൾ അകലെ അവ്യക്തമായ് ഒരു വെള്ളരൂപം പ്രത്യക്ഷമാകുന്നു. വണ്ടി അടുക്കുന്തോറും അതിന്ന് വലിപ്പം കൂടിക്കൂടി വന്നു. മഴമാറിയതിനാൽ രോമം ദേഹത്തോടൊട്ടിയിട്ടില്ലെങ്കിലും ഒട്ടിയ വയർ അതിന്റെ കഴിഞ്ഞ ദിവസങ്ങളെ മനസ്സിലാക്കാൻ പ്രാപ്‌തമായിരുന്നു.

പ്രതീക്ഷിച്ചതുപോലെ തന്നെ അത് വണ്ടിക്ക് വട്ടം ചാടി.പിൻ കാലുകൾ പുറകിലോട്ടേക്കും മുൻ കാലുകൾ മുന്നോട്ടേക്കും ആക്കി തല ആകാശത്തേക്കാക്കി കണ്ണുകൾ കാറിലേക്കാണോ ഹരിയിലേക്കാണോയെന്ന് വ്യക്തമാക്കാതെ അവൻ നിന്നു. മഴതുടങ്ങിയിരുന്നു അപ്പോൾ.
കാർ വശത്തിലേക്കൊതുക്കി കുടയുമെടുത്ത് പുറത്തോട്ടിറങ്ങാൻ തുടങ്ങുമ്പോഴത്തേക്കും ഇടത്തേ സൈഡ് ഗ്ലാസിൽ മുൻ കാലുകളുടെ വിരലുകൾ വെള്ളത്തുള്ളികൾക്കിടയിലൂടെ കണ്ടു.
“ഞാനും വരട്ടെ.” അവന്റെ ദയനീയമായ കണ്ണുകൾ ചോദിച്ചു. ഹരി വിൻഡോ ഗ്ലാസ് താഴ്ത്തിയതും പരിചയസമ്പന്നനായ ചാട്ടക്കാരനെപ്പോലെ അവൻ ഉള്ളിലെത്തിയിരുന്നു.അവന്റെ കണ്ണുകൾ ചിരിച്ചു,
പൂഴിവെള്ളത്തിൽ നനഞ്ഞ് നിറം മാറിയ രോമത്തിന്റെ നിറം വെള്ളതന്നെയായിരിക്കുമെന്ന് ഹരിക്ക് തോന്നി. നായ മുൻസീറ്റിൽ നിവർന്നിരുന്ന് തലകുടഞ്ഞ് വെള്ളം തെറിപ്പിച്ചപ്പോൾ അയാൾ വശത്തോട്ട് ഒഴിഞ്ഞ് നീങ്ങാൻ ശ്രമിച്ചു.
നായ അപ്പോൾ കണ്ണുകൾ മുന്നിലേക്കുറപ്പിച്ച് നാക്ക് നീട്ടി പറഞ്ഞത്, മുന്നോട്ട് പോകട്ടെ ദൂരം ഇനിയുമുണ്ട് എന്നു തന്നെയായിരുന്നു.
“നിന്റെ പേരെന്താടാ?”
അവൻ നാക്ക് നീട്ടി വാലൊന്നിളക്കി ഇരുന്നു.
“ഫിഡോ എന്നാണോ?”
തല ഡാഷ്ബോർഡിലേക്കിട്ട് കൈകൾ മെല്ലെ മുന്നിലേക്കും പിറകിലേക്കും അവൻ ചലിപ്പിച്ചു. “വേഗം, വേഗം” 
“നിനക്ക് വിശക്കുന്നുണ്ടോ?” ഹരി ഒരു പാക്കറ്റ് ബിസ്ക്കറ്റ് പൊട്ടിച്ച് അതിന്റെ നേരെ നീട്ടി.കൈകൾക്കിടയിൽ ബിസ്കറ്റ് പാക്കറ്റ് പിടിച്ച് നായ ബിസ്കറ്റ് തിന്നുന്നത് കൌതുകത്തോടെ നോക്കി. ഫോണെടുത്ത് സജീനയെ വിളിച്ചു.”ഫിഡോ സീനിയർ കൂടി വരും ഇന്ന്.”

‘ജയ്ൻ ഇറിഗേഷൻ കമ്പനി’ കടന്ന് വണ്ടി റഗാല റിസോർട്ടിന്നോടടുത്തപ്പോൾ ഫിഡോ സീനിയർ ഒന്നിളകി. തല ഇടത്തോട്ട് തിരിഞ്ഞു. കുരച്ചുകൊണ്ട് സൈഡ് ഗ്ലാസിൽ കൈകളൂന്നി അവൻ പറഞ്ഞു ഇനി നമ്മുക്ക് പോകണ്ടത് ഇടത്തേക്കാണ്.
അറ്റം കാണിക്കാതെ വളഞ്ഞ് പുളഞ്ഞ് കിടക്കുന്ന ചെമ്മൺ റോഡ്. കാടുപിടിച്ച് കിടക്കുന്ന വശങ്ങൾ. നായ നാക്കു നീട്ടി മുന്നിലേക്ക് തന്നെ നോക്കിയിരുന്നു.
കാർ ഒരു വലിയ മതിലിന്നടുത്തെത്തിയപ്പോൾ അവൻ സീറ്റിൽ നിന്നും ചാടി. വാല് കാലുകൾക്കിടയിലേക്കൊതുക്കി നാക്ക് വശങ്ങളിലേക്കോടിച്ച് അവൻ പറഞ്ഞു, “ഇതാണ്...ഈ വലിയ മതിൽക്കെട്ട്...”
നീല യൂണിഫോമിട്ട ഒരു കുറിയ സെക്യൂരിറ്റി വലിയ ഗേറ്റ് പരക്കെ തുറന്നു. സെക്യൂരിറ്റിക്കാരൻ അവനെ നോക്കി കൈകാണിച്ചു. 
ഹരി വിൻഡോ ഗ്ലാസ് താഴ്ത്തിയതും നായ ചാടി ഇറങ്ങി കാറിന്ന് മുന്നേ ഓടാൻ തുടങ്ങി.

പോർച്ചിലുണ്ടായിരുന്ന ഒനിക്സ് ബ്ലാക് മെറ്റാലിക്ക് നിറത്തിലെ വോൾവോ എസ് -60 യുടെ മറവിലൂടെ ഫിഡോ സീനിയർ അപ്രത്യക്ഷനായപ്പോൾ ഹരി തന്റെ കാറിൽ നിന്നുമിറങ്ങി. ആളനക്കമില്ലാത്ത ആ കൂറ്റൻ ബംഗ്ലാവ് ഒരു അതിശയമായി ഹരിയുടെ മുന്നിൽ!
ഇരുട്ട് വീണ ഫ്ലോറൻസ് നഗരത്തിലെ ഒരു ബസ് സ്റ്റോപ്പിൽ നിന്നും ഒറ്റയ്ക്ക് വീട്ടിലേക്കോടുന്ന ഫിഡോ. പതുക്കെപ്പതുക്കെ അത് നിശ്ചലനാവുന്നു. പിന്നെ ഒരു വെങ്കല പ്രതിമയായി.  മുനിസിപ്പൽ പാലസിനടുത്തുള്ള ചത്വരത്തിലേക്ക് പറിച്ചുമാറ്റപ്പെടുമ്പോൾ സ്നേഹവായ്പിന്റെ ഉദാത്ത ഉദാഹരണമായ ഫിഡോ എന്ന നായ അയാളുടെ മനസ്സിൽ ഒരിക്കലും തുടച്ചുമാറ്റാനാവാത്ത ഒരു ചിത്രമായി മാറി.
മലർക്കെ തുറന്നുകിടന്നിരുന്ന ആ വലിയ വാതിൽ അപ്പോഴാണ് ഹരിയുടെ ശ്രദ്ധയിൽ പെട്ടത്! അങ്ങോട്ടേക്ക് നടന്നപ്പോൾ 
ആ വലിയ വീടിന്റെ അകത്തുനിന്ന് പ്രായമായൊരാളുടേതെന്ന് തോന്നിക്കുന്ന ശബ്ദം കേട്ടു.“ഓ, വാഗ്യാ...എന്റെ പൊന്നേ നീ എവിടെയാരുന്നെടാ ഇത്രനാൾ...”
സഹ്യാദ്രിയുടെ മുകളിൽ റായ്ഗഡിലെ  ചിതയിലെരിഞ്ഞടങ്ങിയ പോരാളിയായ യജമാനൻ..
ചിതക്ക് തീ കൊടുത്തപ്പോൾ , യജമാനനെ അഗ്നിയിൽ നിന്ന് രക്ഷിക്കാനോ , അതോ അയാൾക്കൊപ്പം ഇല്ലാതെ ആവനോ ചിതയിലേക്ക്  ചാടിയ വാഗ്യ...
വാഗ്യ...ഇനിയൊരു ജന്മമുണ്ടെങ്കിൽ ഛത്രപതി നിനക്കുവേണ്ടി കരയും തീർച്ച...ഹരി വണ്ടി തിരിച്ചു.

Read more...

വഴിയരികിലെ കച്ചവടക്കാരൻ

Sunday, April 19, 2020



രൂപം കൊണ്ട് അദ്ദേഹത്തെ എല്ലാവരും തിരിച്ചറിഞ്ഞിരുന്നത് ആ പ്രത്യേക കൊമ്പൻ മീശ കൊണ്ടായിരുന്നു. അദ്ദേഹത്തിന്റെ മീശയുടെ അറ്റം രണ്ടായി പിളർന്നതായിരുന്നു. ഒരറ്റം മുകളിലേയ്ക്ക് വളച്ച് ചുരുളൻ വള്ളൻ പോലെ വെച്ചിരുന്നു. മറ്റേ അറ്റം  താഴേയ്ക്ക് ഒരു നൂലുപോലെ തുടങ്ങി  ക്രമേണ വീതി കൂടി കീഴ്ത്താടിയുടെ വശങ്ങളിലൂടെ ചെവിയുടെ തൊട്ടു താഴെ വരെ നാലുവിരൽ വീതിയിൽ കൊണ്ടുവന്ന് നിർത്തിയിരുന്നു.
അദ്ദേഹം ഒരു ധനികനായിരുന്നെങ്കിലും ആളുകൾ അദ്ദേഹത്തെ ഒരു പിശുക്കനായിട്ടാണ് പറഞ്ഞുപോന്നിരുന്നത്.
എനിക്ക് അദ്ദേഹത്തെ പരിചയമായിട്ട് അധിക നാളായിട്ടില്ല. പുതിയ വാടകവീടിലേയ്ക്ക് ഞങ്ങൾ മാറി കുറച്ച് നാളുകൾക്ക് ശേഷമാണ് ഞാനിദ്ദേഹത്തെ പരിചയപ്പെടുന്നത്. സായാഹ്ന നടത്തമൊക്കെ കഴിഞ്ഞുള്ള  വിശ്രമ വേളയിലാണ് ഞങ്ങൾ തമ്മിലുള്ള പരിചയം തുടങ്ങുന്നത്.
നടത്തമൊക്കെ കഴിഞ്ഞ് പാർക്കിലെ ബഞ്ചിൽ ഇരിക്കുമ്പോഴാണന്ന് തോന്നുന്നു ഞാനാദ്യമായ് അദ്ദേഹത്തെ കാണുന്നത്. ശരീരപ്രകൃതിയിൽ ഞങ്ങൾ ആടും ആനയും പോലായിരുന്നു. എന്റെ നൂലുപോലുള്ള ശരീരത്തിന്റെ ഭംഗി അത്രയ്ക്കങ്ങ് ദഹിക്കാത്ത രീതിയിൽ... ചിലപ്പോൾ അസൂയയും ആകാം....ഒരു നോട്ടത്തിലൂടെയായിരുന്നു തുടക്കം.
ഇത്തരത്തിലുള്ള നോട്ടം കണ്ട് തഴമ്പിച്ച ഞാൻ കിറി ഒരുവശത്തേയ്ക്ക് ഒരു ചെറിയ ശബ്ദത്തോടെ അനക്കി അസഹ്യയതയുടെ ഒരു മറു സിഗ്നൽ നൽകി.
“പുതിയ ആളാ?”
ഞാൻ ഗൌരവം ഭാവിച്ചു. എന്റെ ശരീരം അത് പ്രതിഫലിപ്പിച്ചില്ലന്ന് തോന്നുന്നു. അങ്ങേർക്ക് എന്റെ ഗൌരവം മനസ്സിലാക്കാൻ കഴിഞ്ഞില്ല. വീണ്ടും ചോദ്യം.
“ഏതു ബ്ലോക്കിലാ?”
വലിച്ച് പിടിച്ച് വെച്ചിരുന്ന ശരീരം ഞാനൊന്നയച്ചു. ഗൌരവവും അസഹ്യതയുമൊക്കെ കാണിക്കാനായ് കാണിക്കുന്ന മസ്സിലു പിടുത്തം എത്രയേറേ ബുദ്ധിമുട്ടാണന്നും ഞാനറിഞ്ഞു.
“പേര് സതീശൻ, നാട് കേരളം. ഫ്ലാറ്റ് 519.” എന്തിനാ കൂടുതൽ ചോദ്യം ചോദിക്കാൻ അവസരം നൽകുന്നതെന്ന് കരുതിയാണ് അങ്ങനെ പറഞ്ഞത്.
“ഓ...കേരളയാണോ? ഐ ലൌവ് ദെം! നൈസ് പീപ്പിൾ...”
കൊമ്പൻ മീശ മുകളിലേയ്ക്കും താഴേയ്ക്കും അതിവേഗം ചലിക്കുന്നു. അങ്ങേരു ചിരിച്ച് കൊണ്ട് കൈ നീട്ടി. എന്റെ നട്ടെല്ലിലുടെ ചെറിയൊരു കറന്റ് കടന്നുപോയതുപോലെ.
‘അതേ...അതേ...അണ്ടിയോടടുക്കുമ്പോഴല്ലേ മാങ്ങയുടെ പുളിയറിയൂ...’  ഞാനും കൈനീട്ടി.
പിന്നെ പുരാണമായി....
ഞങ്ങൾ സ്ഥിരം കണ്ടുമുട്ടാൻ തുടങ്ങി. കുറേ നേരം വർത്തമാനം പറഞ്ഞിരിക്കും.പ്രത്യേകിച്ച് വിഷയമൊന്നുമുണ്ടാവണമെന്നില്ല. എന്തുമാവാം. വിലക്കയറ്റം....പട്ടിണി...കൃഷി...വ്യവസായം....മുഖ്യമന്ത്രിയുടെ പുതിയ ഫാം ഹൌസ്...നല്ലൊരു സെക്രട്ടേറിയേറ്റ് ബിൽഡിങ്ങ് നിലവിൽ ഉണ്ടായിട്ടും, ‘എരാ മൻസിൽ‘ ഇടിച്ച് നിരത്തി 900 കോടിയ്ക്ക് നിർമ്മിക്കുന്ന പുതിയ കെട്ടിട ധൂർത്ത്....തുടങ്ങി അനേകമനേകം വിഷയങ്ങളെക്കുറിച്ച് ഞങ്ങൾ മണിക്കുറുകളോളം സംസാരിച്ചു.
എന്തൊക്കെ സംസാരിച്ചാലും അവസാനം അദ്ദേഹം സംഭാഷണം നിർത്തുന്നത് പണത്തെക്കുറിച്ചായിരിക്കും. പണത്തിന്റെ ദുർവിനിയോഗത്തെക്കുറിച്ച്....പുതിയ തലമുറ, അദ്ദേഹത്തിന്റെ മക്കൾ ഉൾപ്പെടെ....പണത്തിന്റെ വിലയറിയാതെ അമിതമായ ചിലവ് ചെയ്യുന്നത് അദ്ദേഹത്തിന് സഹിക്കാവുന്നതിനപ്പുറമായിരുന്നു.
കോടികളുടെ ആസ്തിയുള്ള മനുഷ്യനാണ്...ഓരോ ചില്ലിക്കാശിന്റേയും കണക്ക് മറ്റെന്തിനേക്കാളും പ്രാധന്യത്തോട് പറയുന്നതിനോട് എനിക്ക് യോജിക്കാൻ കഴിഞ്ഞിരുന്നില്ല. അങ്ങനെയൊരുനാളാണ്...വേണമെങ്കിൽ ‘കുരു’ പൊട്ടി എന്നു പറയാം. ഞാൻ പറഞ്ഞു. “ഈ സമ്പാദ്യമൊക്കെ എന്തിനാ? ജീവിക്കാനുള്ള കാശു പോരേ? കുറേയൊക്കെ ചിലവാക്കണം...സമൂഹത്തിനും ഉപയോഗപ്പെടുമല്ലോ... ആരും ചാകുമ്പോളിതൊന്നും കൊണ്ടുപോകാൻ പോണില്ലല്ലോ!”
അന്ന് ഞങ്ങൾ പിരിഞ്ഞതിൽ പിന്നെ ഞാനദ്ദേഹത്തെ കണ്ടിട്ടില്ല.
കുറേ നാളുകൾക്ക് ശേഷം കവലയിലെ പഴക്കച്ചവടക്കാരന്റടുക്കൽ നിൽക്കുകയായിരുന്നു ഞാൻ.
ആ കച്ചവടക്കാരനെ എനിക്ക് വലിയ ഇഷ്ടമായിരുന്നു. പാവം മനുഷ്യൻ. ജീവിതത്തിന്റെ ബുദ്ധിമുട്ടായിരിക്കാം...അദ്ദേഹത്തിന്റെ ശരീരത്തിൽ നോക്കിയാലറിയാം... മെലിഞ്ഞുണങ്ങി തോളെല്ലാം പൊങ്ങി കവിളെല്ലാം ഒട്ടി...എങ്കിലും ആ പച്ചക്കറിക്കാരന്റെ ചിരിയുണ്ടല്ലോ...അതൊന്ന് വേറേ തന്നെയായിരുന്നു. നിഷ്ക്കളങ്കത ആ ചിരിയിലുണ്ടായിരുന്നു. ആരേയും തന്നിലേക്കടുപ്പിക്കുന്ന വശ്യമായ ഒരു ചിരിയുടെ ഉടമയായിരുന്നു ആ കച്ചവടക്കാരൻ. മനസ്സിന്റെ നന്മ ആ കച്ചവടക്കാരന്റെ മുഖത്ത് പ്രതിഫലിച്ചിരുന്നു.
എപ്പോഴും പഴങ്ങൾ തരുമ്പോൾ അത് തൂക്കത്തിൽ മറ്റ് കടക്കാരെക്കാൾ കൂടുതലുണ്ടായിരുന്നു. ഒരിക്കൽ ഞനതയാളോട് ചോദിക്കുകയും ചെയ്തു. “നിങ്ങളിങ്ങനെ തൂക്കം കൂടുതൽ നൽകിയാൽ എങ്ങനെ മുതലാകാനാണ്?”
കച്ചവടക്കാരൻ ചിരിച്ചുകൊണ്ട് പറഞ്ഞു, “എന്റെ സാറേ, കൊറേ പണമുണ്ടായാല് ജീവിതത്തിൽ സന്തോഷമുണ്ടാവുമോ....ഇല്ലല്ലോ...ഹാപ്പിയായിരിക്കണം സാറേ ഹാപ്പിയായിരിക്കണം. അത്രേ ഒള്ളു. ഞാൻ തുക്കത്തിൽ കുടുതൽ കൊടുക്കുമ്പോൾ വാങ്ങുന്ന ആളുടെ മുഖത്ത് കാണുന്ന ഒരു വികാസമുണ്ടല്ലോ...അതു മതി എനിക്ക്...”

പഴം വാങ്ങി തിരികെ പോരാൻ തുടങ്ങുമ്പോൾ ദാ വരുന്നു... കൊമ്പൻ മീശക്കാരൻ....എന്നെ കാണാത്തതുപോലെ വന്നപാടേ അദ്ദേഹം പഴത്തിന്റെ വില ചോദിച്ചു. വിലകേട്ടിട്ട് അത്രയ്ക്കങ്ങ് സുഖിക്കാത്തപോലെ ഒരു ഭാവം മുഖത്ത്.
“കുറയില്ലേ?”
പഴക്കാരൻ രണ്ട് രൂപ കുറച്ച് നൽകാമെന്ന് പറഞ്ഞു. ഇപ്പോഴും കൊമ്പൻ മീശക്കാരന്റെ മുഖത്തൊരു സന്തോഷമില്ല.എങ്കിലും രണ്ട് കിലോ പഴം തൂക്കാൻ പറഞ്ഞു. കച്ചവടക്കാരൻ പഴം തൂക്കിക്കൊണ്ട് നിൽക്കുമ്പോൾ കൊമ്പ്ൻ മീശക്കാരൻ അഞ്ഞുറിന്റെ ഒരു നോട്ടെടുത്ത് നീട്ടി. “നിങ്ങളുടെ വെല കൂടുതാലാ കേട്ടോ...ഇങ്ങനാണേ കച്ചവടം അധിക നാള് നിൽക്കില്ല.”
കച്ചവടക്കാരൻ മറുപടി ഒന്നും പറയാതെ പണം വാങ്ങി ബാക്കി കൊടുക്കുവാനായ് പെട്ടിയിലേയ്ക്ക് തിരിഞ്ഞു.
അപ്പോഴാണ് എന്നെ അതിശയിപ്പിച്ച ആ സംഭവം നടന്നത്!
കൊമ്പൻ മീശക്കാരൻ നൊടിയിടയിൽ ഒരു പഴമുരിഞ്ഞ് സഞ്ചിയിലാക്കുന്നു!
 ചിരിച്ചുകൊണ്ട് തന്നെ കച്ചവടക്കാരൻ ബാക്കി പണം നീട്ടി. കൊമ്പൻ മീശക്കാരന്റെ മുഖത്ത് അപ്പോഴും ഒരു സന്തോഷമില്ല. പഴക്കിറ്റുമായ് നടന്ന് നീങ്ങുന്ന കൊമ്പൻ മീശക്കാരനെ തന്നെ നോക്കി ഞാൻ നിന്നു.
 “ ഇവർക്കൊക്കെ വെലപേശാനും കയ്യൂറ്റം കാണിക്കാനുമൊക്കെ നമ്മളോടല്ലേ പറ്റൂ‘. എന്ന് കച്ചവടക്കാരൻ പറഞ്ഞെങ്കിലും കോഴികളുടെ പ്രാണഭയത്താലുള്ള കരച്ചിലിൽ ഞാനൊഴിച്ച് ആരുമത് കേട്ടില്ല.

Read more...

കിണറ്റിൽ വീണ ഹെർക്കുലീസ്

Friday, March 6, 2020

 


മഞ്ഞുപൊഴിയുന്ന ആ പ്രഭാതത്തിലും ഒരിക്കലും പിഴച്ചിട്ടില്ലാത്ത ചുവടുകളോടെ ചുവന്ന മുഖവുമായ് അംശുമാൻ മടയാംതോടിന്റെ കരയിലെ മണൽകൂനകൾക്ക് മുകളിൽ എത്തിനോക്കിയപ്പോഴാണ് നാട് ആ വാർത്ത അറിയുന്നത്.
രായൻ കിണറ്റിൽ ചാടി!
“നല്ലോരു ചെത്തുകാരനാരുന്നു. പോയില്ലേ എല്ലാം! ഇനീപ്പോ ശ്യാമള എന്തോ ചെയ്യും?” ഇടത്തുകാലിന്മേൽ വലത്തുകാൽ ചവിട്ടി ഉമിക്കരി പിടിച്ച വിരൽ വായിൽ തിരുകി ഓടക്കുഴലൂതുന്ന ഉണ്ണിക്കണ്ണനെപ്പോലെ മീനാക്ഷി അമ്മായി നിന്നു.
“രായനെ രാവിലെ തന്നെ അമ്മായി കൊന്നു...കിണറ്റിൽ ചാടീന്നല്ലേ പറഞ്ഞുള്ളൂ...ചത്തെന്ന് ആരേലും പറഞ്ഞോ?” അടുപ്പിലെ തീ ഊതുന്നതിനിടെ അമ്മ പറയുന്നത് ആരു കേൾക്കാൻ!

“എന്തിനാ രായൻ കിണറ്റിൽ ചാടിയത്?” കിണറ്റിൻ കരയിൽ കൂടിയ ആൾക്കൂട്ടം പരസ്പരം ചോദിച്ചു.
“കിണറ്റിന് എന്ത് ആഴം വരും?”
“ഭൂമിയോളം.”  കുട്ടൻ പറഞ്ഞ അളവിനോട് ആർക്കും എതിരില്ലാരുന്നു.“കിണറെത്ര തേകിയ കുട്ടനാ...കിറുകൃത്യാരിക്കും”

നാൽപ്പത് വർഷങ്ങൾക്ക് മുന്നേ തെക്കൻ ദേശത്തൂന്ന വന്ന പൊടിമീശക്കാരൻ രാജൻ.
ശ്യാമളയുടെ വീടിന്റെ ചാർപ്പിൽ വാടകയ്ക്ക് രാജൻ താമസം തുടങ്ങിയപ്പോൾ അമ്മായി പറഞ്ഞു, “തെക്കനെ സൂക്ഷിക്കണം പെണ്ണേ.നാടുവിട്ട് ഓടി വന്നവനാണ്. തക്കം പോലെ നിക്കും തെക്കൻ” 
അസൂയയ്ക്കും കുശുമ്പിനും മരുന്നില്ലന്ന് ശ്യാമളയും പറഞ്ഞു.അമ്മായിക്ക് രായനിൽ ഒരു നോട്ടമുണ്ടായിരുന്നെന്ന് നാട്ടിലൊരു പറച്ചിലുണ്ടായിരുന്നു.
അന്ന് അമ്മായിക്ക് പ്രായം ഇരുപത്. ശ്യാമളയ്ക്ക് പതിനെട്ട്.

രായൻ കരപ്പുറത്തെ ചെത്തുകാരനായി. കള്ളടിക്കാത്ത ചെത്തുകാരനായി.
പതിവിൽക്കവിഞ്ഞ പൊക്കമുള്ളകൊന്നത്തെങ്ങിന് കൊതകൊത്താനായ് കയറിക്കൊണ്ടിരുന്നപ്പോഴാണ് രായന്റെ ശ്രദ്ധ തെറ്റിയത്. ശ്രദ്ധയോടൊപ്പം കാലും തെറ്റി.നടുവിന്റെ ഡിസ്കും തെറ്റി. ശ്യാമളയെ അമ്മായി വഴക്ക് പറഞ്ഞു.
“കാണാങ്കൊള്ളാവുന്ന ആമ്പിള്ളാരെക്കണ്ടാലവക്കൊള്ളതാ ഇളക്കം. അവക്ക് മറപ്പുരേ കേറാൻ കണ്ട സമയം! ഇപ്പോ എന്തായി...തന്തേം തള്ളേല്ലാത്തോനാ...ഭാവി പോയില്ലേ?”  കുളക്കരയിലെ ഒതളമരത്തിന്റെ ചാഞ്ഞ കൊമ്പിൽ നിന്നും ഒതളങ്ങ പറിച്ചെടുത്ത് തെങ്ങിൻ മൂട്ടിൽ എറിഞ്ഞുടച്ചു അമ്മായി.
“തെങ്ങേന്ന് വീണാല് നോക്കാനുമറിയാം” ശ്യാമള വിട്ടുകൊടുത്തില്ല.
“നടുവൊടിഞ്ഞവനാ...പെണ്ണേ...സ്നേഹോള്ളകൊണ്ട് പറയുകയാ... ഭാവി കളയരുത്.”
“ഒള്ള സ്നേഹോക്കെ തന്നെ അധികമാ എന്റെ മിന്നാക്ഷി...” ശ്യാമള കൈകൊകൊണ്ട് എന്തോ ആംഗ്യം കാണിച്ചെന്നും പിന്നിടിന്നുവരെ അമ്മായി ശ്യാമളെയോട് മിണ്ടീട്ടില്ലന്നതും കാലം സാക്ഷി.

“കുട്ടാ, നീ കീണറ് തേകി പരിചയോള്ളനല്ലേ...ഒന്നിറങ്ങി രക്ഷിച്ചൂടേ?”
പലമുഖങ്ങൾ ഒരേസമയം കുട്ടനിലേക്ക് തിരിഞ്ഞു.
‘നുരപൊങ്ങുന്നുണ്ടിപ്പോഴും. എളുപ്പം ചാടിയാൽ രക്ഷപ്പെടുത്താം.‘
നീണ്ട കയറെടുത്ത് കിണറ്റിങ്കരയിലെ മാവിൽകെട്ടി, ഉടുത്തിരുന്ന മുണ്ട് താറുപാച്ചിയുടുത്ത് കുട്ടൻ കിണറ്റിലേക്കിറങ്ങി. കിണറ്റിലെ വെള്ളത്തിൽ പ്രതിഫലിച്ച മുഖങ്ങൾ പ്രാർത്ഥനയോടെ നിശബ്ദമായി.
ശ്യാമളെയെവിടെ?
നാടുമുഴുവൻ വീട്ടിങ്കലെത്തിയിട്ടും ശ്യാമളയെ കാണാനില്ല. തുറന്നുകിടന്ന അടുക്കളവാതിലിലൂടെ അകത്തുകയറി പലരും. ശ്യാമളയില്ല.
രായൻ കിണറ്റിൽ ചാടിയതാരാണ് കണ്ടത്?അറിയില്ല.അംശുമാനപ്പോൾ തെളിയുന്ന മുഖവുമായ് മണൽകൂനകൾക്ക്  മുകളിലെത്തിയിരുന്നു.

ആകാംക്ഷയുറ്റ് നിൽക്കുന്ന മുഖങ്ങൾക്ക് ആശ്വാസമേകി കുട്ടന്റെ തല വെള്ളത്തിന്ന് മുകളിൽ പൊങ്ങി. കുട്ടന്റെ മാത്രം തലവെള്ളത്തിന്ന് മുകളിൽ...
രായൻ...??
ഞൊടിയിടയിൽ കുട്ടൻ കയറിൽ പിടിച്ച് മുകളിൽ എത്തി. നനഞ്ഞ മുണ്ട് കൈകൊണ്ട് പിഴിഞ്ഞ് വിരിഞ്ഞ നെഞ്ചിൻ‌കാടിൽ വിരലോടിച്ച് തല ലെഫ്റ്റ് റൈറ്റ് രണ്ടു തവണ വെട്ടിച്ചു.മുടിയിഴയിലെ വെള്ളത്തുള്ളികൾ ഇളവെയിലിൽ തിളങ്ങിത്തെറിച്ചു.
കിട്ടിയോ? ഉണ്ടോ കുട്ടാ രായൻ കിണറ്റിൽ...?
“ ആ കയറൊന്ന് വലിച്ചേ എല്ലാരും കൂടേ...”
ജീവന്റെ വില നിർണ്ണയിക്കുന്ന അനർഘ നിമിഷങ്ങൾ...വെള്ളത്തിൽ വീണവനെ കയറിൽ കെട്ടിയിട്ട് കേറിപ്പോന്ന ദുഷ്ടനെന്ന രീതിയിൽ ജനക്കൂട്ടം കുട്ടനെ നോക്കി.
സമയം പാഴാക്കാനില്ല.  കയറ് പൊങ്ങി...കൂടെ നുരയും...
കിണറിന്നുള്ളിലേക്ക് ഇമവെട്ടാതെ നിന്ന ആകാംക്ഷാഭരിതമായ കണ്ണുകൾ അത്ഭുതം കൂറി! വരണ്ട തൊണ്ടകൾ കൂകി വിളിച്ചു.
‘ഹെർക്കുലീസ്...’ രായന്റെ ഹെർക്കുലീസ്...
“അപ്പോൾ രായനില്ലേ കുട്ടാ കിണറ്റിൽ...”
“പുല്ല്...രണ്ട് മൂന്ന് ഒണക്ക ചട്ടീം പാത്രോം കൂടീണ്ട്...”

തലേന്ന് രായനെ കണ്ടവരുണ്ട്. ചെത്തുകുടുക്കയും തൂക്കി ഹെർക്കുലീസിൽ വളവിലെ കലുങ്കിൽ കാലുകുത്തി സിഗററ്റ് വലിച്ച് നിന്ന രായനെ കണ്ടവരുണ്ട്. സമയമപ്പോൾ നന്നേ ഇരുട്ടിയിട്ടുണ്ടായിരുന്നു. വൈകിട്ട് ചന്തയിൽ നിന്ന് കപ്പയും കക്ക ഇറച്ചിയും വാങ്ങിമടങ്ങിയ ശ്യാമളയേയും കണ്ടവരുണ്ട്.വർഷം നാൽപ്പത് കഴിഞ്ഞിട്ടും രായന് കപ്പയും കക്ക ഇറച്ചിയും ശ്യാമളയോടെന്നപോലെ തന്നെ ഇഷ്ടമായിരുന്നു.
കിണറ്റിങ്കരയിൽ ആളൊഴിഞ്ഞു.വീടിന്റെ തുറന്ന വാതിലുകളിലൂടെ കാറ്റ് അപ്പോഴും കയറി ഇറങ്ങിക്കൊണ്ടിരുന്നു.

“ചത്തില്ലേല് ഒറപ്പാ, രായൻ അവളെ ഇട്ടിട്ട് പോയതാ.” മീനാക്ഷി അമ്മായിക്ക് ഉറപ്പിക്കാൻ കാരണങ്ങൾ പലതുണ്ടായിരുന്നു. കണക്കിന് ഉപ്പിടാതെ കറിയുണ്ടാക്കാനോ, വേവ് നിർത്തി ചോറുണ്ടാക്കാനോ ശ്യാമളയ്ക്കറിയ്‌വോ എന്ന ചോദ്യത്തിന്ന് മറുപടി നൽകാൻ ആരുമില്ലായിരുന്നു. എല്ലാം പോട്ട്... വർഷം പത്ത് നാല്പതായിട്ട് ഒരു കുഞ്ഞിക്കാലുണ്ടാക്കിയെടുക്കാനവൾക്കായോ...
രായന് ഭക്ഷണം മറ്റെന്തിനെപ്പോലെയും പ്രീയകരമായിരുന്നു. കണക്കിന് ഉപ്പ്, പാകത്തിന്ന് എരിവ്, അല്പം വേവ് കൂട്ടിയെടുത്ത കുത്തരിച്ചോറ്... കട്ടായം... ഏതെങ്കിലും ഒന്ന് തെറ്റിയാൽ കറിപാത്രം അന്ന് കിണറ്റിലാണ്.
ചട്ടീം പാത്രോം കിണറ്റിലായത് മനസ്സിലാക്കാം. പക്ഷേ സൈക്കിൾ... ഒരുപക്ഷേ ശ്യാമളേയാക്കാൾ രായനിഷ്ടം ഹെർക്കുലീസായിരിക്കാം.

കാഞ്ചന, ശ്യാമളയുടെ ഇളയ സഹോദരി, മരുന്നു കമ്പനി ജോലിക്കാരി, ബാഗും തൂക്കി ജോലിക്കിറങ്ങാൻ തുടങ്ങുമ്പോഴായിരുന എതിരേ കാറ്റിന്റെ വേഗതയിൽ ‘ഇച്ചേയി‘ വന്നത്.
കുടിയാനാണെങ്കിൽ കൂടി ജോലി ജന്മം ചെയ്താൽ ചെയ്യില്ലന്നുറപ്പിച്ച കെട്ടിയോന്റെ പരിചരണം, മൂന്ന് പെണ്മക്കളുടെ പഠനം, പഠനേതര കാര്യങ്ങൾ,മുതലായ മുതലുകൾ തന്റെ കുഞ്ഞിത്തലയിലൂടെ കശകശക്കി വട്ടുപിടിച്ചിട്ടും ആർക്കും ഒരു ശല്യവുമില്ലാതെ സ്വസ്ഥം ഗൃഹഭരണം നടത്തിവരുമ്പോഴാണ് ഓർക്കാപ്പുറത്ത് വെളുപ്പാങ്കാലത്ത് ഇച്ചേയി പ്രത്യക്ഷപ്പെട്ടത്.
“ഇല്ലടീ കാഞ്ചനേ,അതിയാന്റെ കൂടെയൊള്ള പൊറുപ്പ് ഞാൻ മതിയാക്കി. ഇങ്ങനേമൊണ്ടോ? തൊട്ടതിനും പിടിച്ചതിനും വഴക്കും കിണറ്റിലേറും.എത്ര നാളെന്ന് കരുതിയാ...”
അരി വെന്തുപോയാൽ പ്രശ്നം വെന്തില്ലേല് പ്രശ്നം...എരിവു പുളി ഉപ്പ് എന്തിനുപറയാൻ അങ്ങേർക്ക് കുറ്റമൊന്നുമില്ലാത്ത ഒരു സംഗതിയുമില്ലന്ന് മാത്രമല്ല കുടുംബ മൊതല് നശിപ്പിക്കൽ എന്ന പുരാതന നാടകങ്ങൾക്ക് പുറകേ ഇപ്പോ ദേഹോപദ്രവം കൂടി തുടങ്ങിയെന്ന് ഒറ്റശ്വാസത്തിൽ ശ്യാമളപറഞ്ഞ് നിർത്തിയപ്പോൾ വിശ്വാസം വരാത്ത വിധം കാഞ്ചന എല്ലാം കേട്ടുകൊണ്ടിരുന്നു.
നാൽപ്പത് വർഷങ്ങളിൽ കേൾക്കാത്തകാര്യങ്ങൾ...
“അങ്ങേരുടെ ജീവനായ ഹെർക്കുലീസിനെ കിണറ്റിലെറിഞ്ഞപ്പോഴേ  നിരീച്ചു, എന്നേം കിണറ്റീ തള്ളൂന്ന്..”
"എന്നിട്ട്?”
“എന്നിട്ടെന്താ എന്നെത്തള്ളുന്നതിന് മുന്നേ ഞാനങ്ങേരെ തള്ളി.” 
“ഇച്ചേയീ അപ്പോ രായണ്ണൻ!” തള്ളിവന്ന കണ്ണുകളെ അകത്തേക്ക് വലിക്കാനാവാതെ തുറന്നവായിൽ കാഞ്ചന നിന്നു.
“അങ്ങേർക്കൊന്നും പറ്റില്ലെടി പെണ്ണേ...നാലുകാലേ നിക്കണ ജാതിയാ...
നാൽപ്പത് വർഷത്തെ ജീവിതത്തിന്റെ കരുത്തും വിശ്വാസവും ആ വാക്കുകളിലുണ്ടായിരുന്നു.

പറക്കമുറ്റാത്ത മൂന്നും പണിക്കുപോകാത്ത ഒരെണ്ണവും താങ്ങാവുന്നതിലുമധികമാണ്.ബാഗ് ഇറയത്തേക്കെറിഞ്ഞ് അകത്ത് കയറി കട്ടിലിൽ കമിഴ്ന്ന് കിടന്നു കാഞ്ചന. .തൊണ്ട് തല്ലി ഞണ്ടിൻ പുറം പോലായ കൈകളാൽ ശ്യാമള ബാക്ക് ഓപ്പൺ ബ്ലൌസിട്ട കാഞ്ചനയുടെ പുറം മെല്ലെ തഴുകി.
“ ഞാൻ ന്യൂസ് വർക്കിയേ ഞാൻ വഴീല് കണ്ടാരുന്നു. അങ്ങേര് കിണറ്റില് വീണന്ന് സൂചിപ്പിച്ചിട്ടാ ഇങ്ങോട്ട് ഓടിയത്. ഒറപ്പാ അവൻ നാട്ടാരെ വിളിച്ചോളും“ അംശുമാൻ ചിരിച്ചു.തൂവെള്ള പല്ലുകൾ തിളക്കം വ്യക്തമാക്കുന്നുണ്ടായിരുന്നു.

കാലം മാറ്റം വരുത്താത്ത കുടുംബ വീടിന്റെ മുറ്റത്ത് സുഖദമായ നനവുള്ള മണ്ണിൽ പാദസ്പർശമേൽപ്പിച്ച് കണ്ണടച്ച് ധ്യാനനിരതനായ് അയാൾ നിന്നു. ആരുടേയും അനുവാദത്തിന്ന് കാത്തുനിൽക്കാതെ കോലായിലെ ഞാത്തുകട്ടിൽ കൈകൊണ്ട് തള്ളി അകത്തേക്ക് കയറിയപ്പോൾ പരിചിതമായ മുഖമൊരണ്ണം ഭിത്തിയിലിരുന്ന് ചിരിക്കുന്നു.
പത്തായപ്പുരകടന്ന് ഇടനാഴിയിലൂടെ തെക്കേ മുറിയിലെ കോണിൽ അയാൾക്കെന്നപോലെ കിടന്നിരുന്ന ചാരുകസേരയിലേക്കമർന്ന് ഒരു നിമിഷം കണ്ണടച്ചു.
ഭവാനിയുടെ ആങ്ങള വന്നിരിക്കുന്നു. ഉറ്റവരേം ഉടയവരേം വിട്ട് നാടുതെണ്ടിയ അമ്മാവൻ ഇനി എങ്ങോട്ടും പോണില്ലാത്രേ!
കേട്ടുകഥയോ കെട്ടുകഥയോ ആയ അമ്മാവൻ!
ഭവാനിയുടെ ഓർമ്മ തങ്ങി നിൽക്കുന്നയിടം. അച്‌ഛനും അമ്മയുമില്ലാതെ വളർത്തിയ കുട്ടി...പറക്കമുറ്റാറായപ്പോൾ കേശവൻ നായരെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുവന്നവൾ...സഹിച്ചില്ല.
ഇരുകവിളിലൂടെ ഒഴുകിയ കണ്ണീർ തൂവാലകൊണ്ട് തുടച്ച് രായൻ കണ്ണുതുറന്നു.
ചെറുതും വലുതുമായ് ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു കൂട്ടം മുഖങ്ങൾ ചുറ്റിലും!
“എന്റെ ഭവാനീടെ ഓർമ്മ നിൽക്കുന്നിടം വിട്ട് അമ്മാവനിനി എങ്ങോട്ടുമില്ല മക്കളേ...”
ഉൾക്കൊള്ളാനാവത്ത മനസ്സിന്റെ പ്രതിഫലനം നോട്ടങ്ങളിലുണ്ടായെങ്കിലും പുറത്തേക്ക് നേരിട്ട് വന്നില്ലന്നത് രായനെ വിഷമിപ്പിച്ചു.
“ഞാൻ വന്നത് ബുദ്ധിമുട്ടായ് അല്ലേ? സാരമില്ല മക്കളേ...ഇതെന്റേയും വീടാണ്. ഭാവാനീടെ മാത്രല്ല.” ഉറച്ചവാക്കുകൾക്ക് പിന്തുണയേകുന്ന മനസ്സുമായെഴുന്നേറ്റ് തെക്കേപ്പുറത്തെ വയലിറമ്പിലെ കൊടമ്പുളിയുടെ സുഖദമായ തണുപ്പിൽ രായൻ നിന്നു. ഉൾത്തടം തുടിച്ചു, രായൻ കൊണ്ടേ പോകൂ...അംശുമാനപ്പോൾ ഉറങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു.

“ഇച്ചേയി എന്തായീപ്പറയണത്” കാഞ്ചനയുടെ പുറകിൽ അരയ്ക്ക് കൈ താങ്ങി കെട്ടിയോനും അങ്ങേർക്ക് പിന്നിലായി മൂന്ന് സുന്ദരികളും നിന്നു.
”കാഞ്ചനേ, ഇനിയെങ്കിലും ഞാനെന്റെ കാര്യം നോക്കീല്ലേല് വയസാൻ കാലത്ത് ഒന്നാശൂത്രീപോണേലും പോലും നാലുപൈസ കൈയിലുണ്ടാവില്ല. അതാ പറഞ്ഞേ. നീ കൂടി വിചാരിച്ചാലേ അത് നടക്കൂ.” തുണയില്ലാതുള്ള തുടർജീവിതത്തിന്റെ അസന്നിഗ്ധാവസ്ഥ നിഴലിക്കുന്ന വാക്കുകൾ...
“നെയമപ്രകാരം എളയവള് കാഞ്ചനക്കുള്ളതാ വീട്.ഒന്നുമറിയാത്തപോലെ ഇച്ചേയി ഒരുമാതിരി മണകുണ വർത്താനം പറയരുത്.” കാഞ്ചനയുടെ ഭർത്താവ് ശ്യാമളയെ നിയമം പഠിപ്പിക്കാൻ ശ്രമിച്ചതവർക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല.
“ഞങ്ങള് സഹോദരങ്ങള് പറയണതിനെടെക്കേറി പറയണ്ടകേട്ട നീ. രായണ്ണനൊണ്ടാരുന്നേ നീ ഇങ്ങനൊക്കെ പറയ്‌വാരുന്നോ.“ കവിളിലൂടൊഴുകിയ കണ്ണീർ കൈത്തലം കൊണ്ട് തുടച്ച് ശ്യാമള വരാന്തയിലോട്ടിരുന്നു.
കുറച്ച് കഴിഞ്ഞ് കാഞ്ചന ഇച്ചേയീടെ അടുക്കൽ വന്നിരുന്നു.
“ഞാനിപ്പോ എന്താചെയ്യേണ്ടത്? എന്റെ അച്‌ഛനും അമ്മയും എല്ലാം നിങ്ങളാരുന്നു.അറിയാം പാടില്ലാഞ്ഞിട്ടല്ല. പക്ഷേല് ഈ മൂന്നെണ്ണത്തിനെ ഓർക്കുമ്പോ...”
“എനിക്കും അറിയാമ്മേലാഞ്ഞിട്ടല്ലെന്റ കുട്ടി, ഈ വയസാം കാലത്ത് എനിക്കെന്തെങ്കിലും വരുമാനോണ്ടോ. അങ്ങേരും പോയി...വീടായാൽ വാടകയ്ക്ക് കൊടുത്താലും നിങ്ങളേക്കെ ബുദ്ധിമുട്ടിക്കാതെ കഴിയാല്ലോന്ന് വിചാരിച്ചിട്ടാ.” മൌനത്തിന്റെ നീണ്ട ഇടവേളയ്ക്ക് ശേഷം കാഞ്ചനയുടെ തലയാടി,”ശരി ഇച്ചേയീ.”അംശുമാനപ്പോൾ യുഗയുഗങ്ങളായുള്ള കർമ്മങ്ങൾക്ക്മാറ്റമുണ്ടാക്കാതെ ഗാഢനിദ്രയിലായിരുന്നു.

ഇടവഴിയിലും കടത്തിണ്ണയിലും കവലയിലും മാത്രമല്ല നാലാൾ കൂടുന്ന ഇടങ്ങളിലെല്ലാം ഭവാനിയുടെ ആങ്ങള വന്ന വാർത്തയായിരുന്നു.
ഭവാനീടെ കുട്ട്യോൾക്കൊന്നും അയാളെ ഇഷ്ടമല്ലത്രേ! വയസാൻ കാലത്ത് പണിയൊണ്ടാക്കാൻ വന്ന മാരണം. നല്ലപ്രായത്തിൽ വീടും കൂടും വിട്ട് വല്ല രാജ്യത്തും പോയോൻ!
ഇപ്പോ വയ്യാണ്ടായപ്പോ എത്തീരിക്കുണു.
കുടുംബയോഗംകൂടി ഒരുനാൾ എല്ലാരുംകൂടി അമ്മാവന് മുന്നിലെത്തി.
പോയിത്തരുന്നതിനെന്താവേണ്ടതെന്ന്?
ഭവാനി ഒരുത്തനെ അനുവാദമില്ലാതെ വിളിച്ചോണ്ട് വന്നപ്പോ ഇറങ്ങിപ്പോയവനാണ്. അന്ന് രണ്ടിനേം അടിച്ച് പുറത്താക്കാരുന്നു.  സുഖായിട്ട് ഇക്കണ്ട സ്വത്തും ആസ്വദിച്ച് ജീവിക്കായിരുന്നു. ഇപ്പോ...പോയിത്തരാമോന്ന്...
രാജൻ ചിരിക്കുകയായിരുന്നു.
“പോകാം. പക്ഷേ...ഇത്തവണ ചുമ്മാതല്ല.” അർത്ഥഗർഭമായ ഒരുമൂളലോടെ രാജൻ എണീറ്റു. തെക്കേ വയലിറമ്പിലേക്ക് നടന്നു. ഭവാനിയുണ്ടവിടെ. കൊടമ്പുളിച്ചുവട്ടിൽ...

“രായൻ തിരിച്ചുവന്നു.” ന്യൂസ് വർക്കി പതിവിന്നേക്കാൾ ആവേശത്താൽ വീടുതോറുംകയറി ഇറങ്ങി. വന്നപാടെ ഹെർക്കുലീസേ പിടിച്ചിട്ടുണ്ട്. പൊടിതുടച്ച് ടയറിന് കാറ്റടിച്ചോണ്ടിരിക്കുന്ന രായനെ ന്യൂസ് വർക്കി പകൽ പോലെ വ്യക്തമായിക്കണ്ടതാണ്!
“എങ്കിലും ശ്യാമള...നാണോല്ലാത്തോള്...ഇത്രേക്കെ അനുഭവിച്ചിട്ടും കേറ്റിപ്പൊറുപ്പിച്ചിരിക്കുന്നു...“പ്‌ഫൂ.. മീനാക്ഷി അമ്മായി നീട്ടിത്തുപ്പി.
ശ്യാമള അപ്പോൾ രായന്റെ ചെവിയിൽ പറയുകയായിരുന്നു. അല്പം കഷ്ടപ്പെട്ടാലെന്താ...എല്ലാം നമ്മ വിചാരിച്ചപോലെ തന്നെനടന്നല്ലോ...” എല്ലാതിന്നും സാക്ഷിയായ് അംശുമാൻ ജ്വലിച്ചുനിന്നു.

Read more...

ഫേസ്ബുക്കിന്റെ എഴുതാപ്പുറങ്ങൾ

Friday, February 21, 2020



“നമ്മുടെ മോള് മിടുക്കിയാണല്ലോ, ഒറ്റ ദിവസം കൊണ്ടവള് ഇരുപത്തൊന്ന് വർഷം പഴക്കമുള്ള നിങ്ങടെ പേര് ഹാജർ ബുക്കിൽ നിന്നും വെട്ടിക്കളഞ്ഞല്ലോ!” മോളുടെ കല്യാണം കഴിഞ്ഞതിന്റെ പിറ്റേന്ന് രാവിലെ പതിവ് ചായകുടിയോടൊപ്പം  സുരേന്ദ്രൻ മാഷ് കോച്ചിയിലേക്ക് ചാഞ്ഞ് പത്രവാർത്തകളിലൂടെ ഓട്ടപ്രദക്ഷിണം നടത്തുമ്പോഴാണ് ഭാര്യ മൊബൈലുമായ് എത്തിയത്.
സുഗന്ധി സുരേന്ദ്രൻ ഫേസ് ബുക്കിലെ പേര് തിരുത്തിയിരിക്കുന്നു!
“അങ്ങനാ ഇപ്പോഴത്തെ പെൺപിള്ളാര്! നിന്നെപ്പോലെയല്ല... നാൽപ്പത്തഞ്ച് വർഷം കഴിഞ്ഞിട്ടും നീ ‘സുശാന്തി.പി എസ്“തന്നെയല്ലേ!. സിഗററ്റ് കുറ്റി കോച്ചിയുടെ കൈയിൽ കുത്തി സുരേന്ദ്രൻ മാഷ് മോളുടെ കല്യാണ ഫോട്ടോകളിലൂടെ കടന്നു.സുരേഷേ നീ ഭാഗ്യമുള്ളവനാടാ....എന്റെ മോള് തനി സുഗന്ധിയാണടോ...

സുഗന്ധി ആദ്യമായിട്ടായിരുന്നു വീട്ടിൽ നിന്നും മാറിനിൽക്കുന്നത്. ഭർത്താവിന്റെ ജോലി സൌകര്യാർത്ഥം വാടകയ്ക്ക് വീടെടുത്ത് പുതുജീവിതം തുടങ്ങിയപ്പോൾ സുഗന്ധി സന്തോഷിച്ചു. സുരേഷും സന്തോഷിച്ചു. സന്തോഷപൂർവമായ അവരുടെ ജീവിതം കണ്ട് രണ്ടാളുടേയും മാതാപിതാക്കളും സന്തോഷിച്ചു.
സാധാരണ പെൺകുട്ടികളിൽ നിന്നും വ്യത്യസ്തയാകണമെന്നുള്ള അടങ്ങാത്ത ആഗ്രഹത്തിന്റെ ആദ്യപടിയായി അവൾ കണവനെ കൺ‌വൻഷണൽ പേരുകളായ ചേട്ടാ, അണ്ണാ, ഇതിയാൻ, അങ്ങേര്, ശൂ എന്നൊക്കെ വിട്ട് സ്നേഹിച്ചിരിക്കുമ്പോൾ എടാ ചെറുക്കാ എന്നും അല്ലാത്തപ്പോൾ പോടാ ചെറുക്കാ എന്നും വിളിച്ചുതുടങ്ങി.
സുഗന്ധിയുടെ മൂഡ് കണ്ടുപിടിക്കാനുള്ള ഇൻഡിക്കേറ്ററായ് ഈ വിളി സുരേഷിന്!
കല്യാണാനന്തരം വലിയ പ്രശ്ങ്ങളൊന്നുമില്ലാതെ ഇടക്കിടക്കുണ്ടാകുന്ന ചെറിയ അസ്വാരസ്യങ്ങളിലൂടെ ജീവിതം സുന്ദരസുരഭിലമായ് നീങ്ങുകയായിരുന്നു.
വിവാഹ ജീവിതം, ദാമ്പത്യ ജീവിതം എന്നതൊക്കെ എന്നും അങ്ങനെ തന്നെയാണല്ലോ. ആയിരുന്നല്ലോ?
ഹായ്  ഡാർലിങ്ങ് എന്നും പറഞ്ഞ് ഭാര്യയ്ക്ക് എപ്പോഴും ഭർത്താവിന്റെ തലയിലെ വെള്ളി നൂൽ പറിച്ച് കളയാനോ, ഷൂസിട്ട് മരവിച്ച കാല് പിടിച്ച് മടിയിൽ വെച്ച് തായ് മസാജ് ചെയ്യാനോ പറ്റില്ല.
ഹായ് ഹണി നീ എത്ര സുന്ദരിയായിരിക്കുന്നു, നിന്റെ ഗന്ധം എന്റെ മനം മയക്കിക്കളയും, നിന്റെ കാർകൂന്തലിൽ (തിരുപ്പൻ വെച്ചതാണങ്കിൽ കൂടിയും!) മുഖം പൂഴ്ത്തുമ്പോൾ സ്വർ ലോകമെനിക്കെന്തിന് എന്നൊക്കെ ഭർത്താവിനും എപ്പോഴും പറയാൻ പറ്റില്ല.(പ്രാക്റ്റിക്കത്സിന്റെ ഡിഫിക്കൽറ്റി അങ്ങനയാണ്!)

“രാജീവും ഭാര്യയും നമ്മുടെ വീട്ടിൽ വിരുന്ന് വരുന്നു.“ ഓർമ്മക്കയത്തിൽ മുങ്ങിത്തപ്പിയിട്ടും അടുത്തകാലത്തൊന്നും അങ്ങനൊരാളെ കണ്ടതായോ എവിടെയെങ്കിലും കേട്ടതായോ സുരേഷിന് തോന്നിയില്ല.
‘ആ‍രാ രാജീവ്?”
“ഓഹ്, ഈ ചെറുക്കന് അല്ലേലും ഉള്ളതാ ഓർമ്മക്കുറവ്. ഞാൻ മുൻപും പറഞ്ഞിട്ടുണ്ട്.  FB ലെ രാജീവ് ഇടശ്ശേരി. ആള് പുലിയാ...നാലായിരത്തഞ്ഞൂറാ ഫോളോവേഴ്സ്! ഇവിടെ സിറ്റീല് അങ്ങേർക്കൊത്തിരി ഫ്രൻഡ്സ് ഉള്ളതാ. എന്നിട്ടും അങ്ങേരെന്താ നമ്മുടടുത്ത് വരുന്നത്?”
“ഹോട്ടലിൽ റൂമുകിട്ടാത്തതുകൊണ്ടാ?”
‘ഒന്നു പോകുന്നുണ്ടോ? അങ്ങര് വരുന്നത് നമ്മുടെ ഭാഗ്യമെന്ന് കരുതിയാമതി. അത്രതന്നെ. ഒരുപണിചെയ്യ് ഒരാഴ്ച ചെറുക്കൻ കാർ കൊണ്ട് പോവേണ്ട. ഒന്നഡ്ജസ്റ്റ് ചെയ്ത് ബസിൽ പോവൂന്നേ...”
“ഒരാഴ്ച അവരിവിടെയുണ്ടോ?”
സുഗന്ധി പിന്നിലൂടെ വന്ന് അവന്റെ കഴുത്തിനെ വരിഞ്ഞു. മൈലാഞ്ചിയിട്ട കരങ്ങൾ മാറിൽ ചിത്രങ്ങളെഴുതി.സുഗന്ധമുള്ളതും ക്രമമായി മുറിച്ചതുമായ മുടി അവന്റെ മുഖം മറച്ചു.മൃദുലമായ ശരീരഭാരം കോരിത്തരിപ്പായി. . കുതിച്ചൊഴുകുന്ന സമയത്തിന്റെ ഏതോ ഒരു കടവിൽ പിന്നിടെപ്പോഴോ അവർ നിൽക്കുമ്പോൾ വിരിഞ്ഞ മാറിൽ സുഖസുഷിപ്‌തിയിലായിരുന്നു സുഗന്ധി.അവളുടെ മുടിയിഴകളിലൂടെ വിരലോടിച്ച് അനങ്ങാതെ കിടന്നു അവനും.

എന്നും  അതിരാവിലെ തന്നെ എണീറ്റ് മൊബൈലെടുത്ത് ഒരു നിമിഷം കണ്ണടച്ച് പിടിച്ച് FB യിലെ ധന്യമായൊരു ദിവസത്തിന്ന് വേണ്ടി പ്രാർത്ഥിച്ചിട്ടേ മറ്റെന്തു പരിപാടികളും സുഗന്ധി തുടങ്ങാറുണ്ടായിരുന്നുള്ളു.
ജോലിക്ക് പോകാനായ് ഒരുങ്ങി ബാഗ് കൈയിലെടുത്തിട്ടും സുഗന്ധിയെ കാണാതായപ്പോഴാണ് സുരേഷ് ബെഡ് റൂമിലേക്ക് ചെല്ലുന്നത്. കട്ടിലിൽ വശം ചെരിഞ്ഞ് കിടക്കുന്നു സുഗന്ധി.
“എനിക്ക് തീരെ സുഖം തോന്നുന്നില്ല ചെറുക്കനിന്ന് ഡ്യൂട്ടിക്ക് പോകേണ്ട” ആജ്ഞയാണോ അഭ്യർത്ഥനയാണൊയെന്ന്  മനസ്സിലാക്കാൻ പറ്റിയില്ല. കല്യാണ ശേഷം ആദ്യാനുഭവമാണ്.
“പോകാതിരിക്കാൻ പറ്റില്ല ചക്കരേ. ബോസ് ലീവിലാണ്.“
“അങ്ങേര് പെണ്ണുമ്പിള്ളേമായിട്ട് ബാങ്കോക്കീന്ന് വന്നില്ലേ ഇതുവരെ?”
“അതല്ല ചക്കരേ...അങ്ങേര് ബോർഡ് മീറ്റിങ്ങിലാണ്.”
“എന്റെ നടൂനും കാലിനുമൊക്കെ ഭയങ്കര വേദന...ഇന്നു പോവണ്ടന്നേ...?
“ഞാനിവിടിരുന്നാല് നിന്റെ വേദന മാറുമോ? കാപ്പിയുണ്ടാക്കാനുള്ള മടിയാണേൽ സാരമില്ല. ഞാൻ പോണ വഴീന്നെന്തെങ്കിലും കഴിച്ചോളാം. 
“പോടാ ചെറുക്കാ, ഇവിടൊരുത്തി ചത്താലും സാരമില്ല. ഒരു ഓഫീസ്... ഓഫീസാണല്ലോ  ഒന്നാം ഭാര്യ. വയ്യാത്ത ഞാൻ രാവിലെ എന്ത് കഴിക്കുമെന്ന വല്ല വിചാരോണ്ടോ?സ്വന്തം കാര്യം സിന്താബാദ്.” സുഗന്ധി ബെഡിൽ മുഖമമർത്തി.
മനുഷ്യരായാൽ ചെറിയ തുമ്മലും ചീറ്റലും പല്ലുവേദനയുമൊക്കെ വരും. അതിന് ലീവെടുത്ത് വീട്ടിലിരിക്കാൻ പറ്റുമോ?
“ഒരുപണി ചെയ്യ്, നീ സുരേന്ദ്രൻ മാഷിന് ഫോൺ ചെയ്യ്...അങ്ങേര് റിട്ടയറായ് പണിയൊന്നുമില്ലാതെ വീട്ടിലിരിക്കുവല്ലേ”

അവശയായ ഭാര്യയെ ആംബുലൻസിൽ ആശുപത്രിയിൽ കൊണ്ടുപോകാൻ മനസ്സ് കൊണ്ട് തയ്യാറായാണ് സുരേഷ് വൈകിട്ട് വീട്ടിലേക്കെത്തിയത്. ഇടയ്ക്ക് എത്ര തവണ വിളിച്ചതാണ്. ഒരു തവണപോലും ഫോണെടുക്കാതായപ്പോൾ തന്നെ ഉറപ്പിച്ചു, ഒന്നുകിൽ കഠിനമായ അവശത അല്ലെങ്കിൽ ഒടുക്കത്തെ പരിഭവവും പിണക്കവും.
 കാളിങ്ങ് ബെല്ലിൽ വിരലമർത്തുമ്പോഴും സുനാമിയാണ് പ്രതീക്ഷിച്ചതെങ്കിലും കതക് തുറന്നെത്തിയത് സുഗന്ധപൂരിതമായൊരു ഇളംകാറ്റായിരുന്നു.
“എടാ ചെറുക്കാ, ദേ നോക്കിയേ...ഈ കമ്മലെനിക്ക് മാച്ചിങ്ങാണോന്ന് നോക്കിയേ. ..” ഒരു ചാൺ നീളമുള്ള ഒരു ഞാത്ത് കാതിൽ പിടിച്ച് സുഗന്ധം വമിപ്പിക്കുന്ന പനിനീർപ്പൂവായി നിൽക്കുന്നു സുഗന്ധി!
വഴിയിൽ അവിടവിടെ വീണ് ചിതറിക്കിടക്കുന്ന സ്ലൈഡും റബ്ബർ ബാൻഡുമൊക്കെ കാലുകൊണ്ട് തട്ടി സുരേഷ് അകത്തേക്ക് കയറി.
എന്തോന്നാടീ ഇത്...കേറി വരുന്ന വഴീ തന്നെ അവടൊരു സ്ലൈഡും, റബ്ബർ ബാൻഡും...ഇതെന്താ ബ്യൂട്ടി പാർലർ വാതുക്കലേട്ടാക്കിയോ?
നേരേ അടുക്കളേൽ ചെന്ന് ഫ്രിഡ്ജ് തുറന്നു. “കോപ്പ് കുടിക്കാനൊന്നുമില്ലേ?”
“ഞാൻ വാട്ട്സാപ്പിൽ രേണൂന് കമ്മലിട്ട പടമയച്ചുകൊടുത്തു. അവള് പറഞ്ഞു സൂപ്പർ...” ഇടുപ്പ് വശങ്ങളിലേക്ക് ഇളക്കി സുഗന്ധി നിന്നു.
നിന്നെ പടമാക്കാൻ എനിക്ക് തോന്നുന്നു എന്ന് പറയാൻ തോന്നിയെങ്കിലും മിണ്ടാതെ സുരേഷ് ഡ്രസ് മാറാനായി പോ
യി.
“എടിയേ, ഇവിടിട്ടിരുന്ന എന്റെ ബനിയനെവിടെ? ഒരു സാധനവും വെച്ചിടത്ത് കാണില്ല.” അലങ്കോലമായി കിടക്കുന്ന അലമാരിയുടെ മുന്നിൽ വിഷണ്ണനായ് സുരേഷ് നിന്നു. വാതുക്കൽ സുഗന്ധി. “ഓ അതോ...ലിപ്‌സ്റ്റിക്ക് തുടക്കാൻ പഞ്ഞി തീർന്നപ്പോൾ ഞാനതങ്ങെടുത്തു. വിടർത്തിക്കാണിച്ച വെള്ള ബനിയൻ ഏതോ മോഡേൺ ആർട്ട് വർക്കുപോലെ സുരേഷിന് മുന്നിൽ...
“നാശം. ഇവളെ കെട്ടാൻ തോന്നിയ നേരം രണ്ട് അടയ്ക്കാ വെച്ചിരുന്നേൽ പാക്കും കൂട്ടി മുറുക്കാനെങ്കിലും പറ്റുമായിരുന്നു.” കൈയിൽ കിട്ടിയ കൈലിമുണ്ടെടുത്ത് നെഞ്ചിൽ കേറ്റി ഉടുത്തു.
സുഗന്ധിക്ക് ചിരി അടക്കാനായില്ല.”കൊള്ളാം കൊള്ളാം. മുടികൂടി വശത്തോട്ട് ഉരുട്ടിക്കെട്ടിയാൽ ഉണ്ണിയാർച്ചയെന്നേ പറയൂ.”
‘അതേ അതേ, ഒരു ഉറുമികിട്ടിയിരുന്നെങ്കിൽ ഉലച്ചുകെട്ടിയേനെ നിന്നെ ഞാൻ” പത്രവുമെടുത്ത് സുരേഷ് സോഫായിലോട്ട് ചാഞ്ഞു.
“എടാ ചെറുക്കാ, ഞാൻ അച്‌ഛനെ വിളിച്ചിരുന്നു. അച്‌ഛന് വരാൻ പറ്റൂല്ല. തിരക്കാ. അമ്മ സ്കൂളിൽ പൊയ്ക്കഴിഞ്ഞാല്  അച്‌‌ഛന് നിന്ന് തിരിയാൻ സമയമില്ല. സൊസൈറ്റിടെ പ്രസിഡന്റാ അതാ.“
“അതേ അതേ...അമ്മയുണ്ടേല് നിന്റച്‌ഛന് അടുക്കള. ഇല്ലേല് നടുക്കളം.” സുരേഷ് പറഞ്ഞതൊന്നും സുഗന്ധി കേൾക്കുന്നുണ്ടായിരുന്നില്ല. ഓൺലൈനിൽ ഓർഡർ ചെയ്തിട്ട് ഇതുവരെ എത്താത്ത ഏതോ സാധനത്തെക്കുറിച്ചുള്ള ആശങ്കയൊടെ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു അവൾ.
മുറി ആകെ അലങ്കോമായിക്കിടക്കുന്നു. ആരോട് പറയാൻ? ഒരു വേലക്കാരിയെ വെക്കാൻ പറഞ്ഞാൽ ആര് കേൾക്കാൻ? ഈയിടെയായി പുതിയ ഡിമാന്റ്‌ ആണ്. വേലക്കാരിക്കായ് എന്തിനാ പൈസ വെറുതെ കളയണത് ചെറുക്കാ, അത് എനിക്ക് തന്നാല് പോരേ? സുഗന്ധിയുടെ ചോദ്യം ശരിയായിരുന്നെങ്കിലും ഒരുദിവസമെങ്കിലുമൊരു സാമ്പിൾ ‘സ്വഛ് വീട്’ ചെയ്ത് കാണിക്കാൻ പറഞ്ഞിട്ട് ആര് കേൾക്കാൻ.
പണം ആദ്യം പണി പിന്നെ എന്ന് കട്ടായം.
ഒരുപാത്രമെങ്കിലും നേരാംവണ്ണം കഴുക്. എന്നിട്ട് കൂലി എന്ന് പറഞ്ഞതും, ‘പിന്നേ,പണ്ട് പാഞ്ചാലിപോലും പാത്രം കഴുകാതിരുന്നതുകൊണ്ടല്ലേ ദുർവാസാവിന്റെ ശാപത്തീന്ന് പാണ്ഡവർ` രക്ഷപ്പെട്ടതെന്ന മറുചോദ്യം!
ഇവിടെ ഏത് ദുർവാസാവിന്റെ ശാപത്തീന്നാ രക്ഷപ്പെടേണ്ടതെന്നാലോചിച്ച് സുരേഷിരുന്നു.

---

പതിവുപോലെ ജോലി കഴിഞ്ഞ് വീട്ടിലെത്തിയ സുരേഷ് ഒരു വേള ശങ്കിച്ച് നിന്നു. പോകുമ്പോൾ ഇങ്ങനെ ആയിരുന്നില്ല. എന്തൊക്കെയോ മാറ്റം. KSRTC ബസ് സ്റ്റാന്റ് പ്രതീക്ഷിച്ച് വന്നവന്റെ മുന്നിൽ ഹൈദ്രാബാദ് എയർപോർട്ട്!
കത്തിച്ച് വെച്ചിരിക്കുന്ന നിലവിളക്കിന്റെ ചുവട്ടിൽ വിതറിയിട്ടിരിക്കുന്ന മുല്ലപ്പൂക്കളുടെ സൌരഭ്യം മുറിയാകെ!
“ഈ സെറ്റ് സാരിയെങ്ങനെ? അമ്മേടെയാ...കഴിഞ്ഞതവണ പോയപ്പോ അലമാരീന്ന് ഞാനങ്ങ് ചൂണ്ടി. നല്ല ഭംഗിയില്ലേ?”
നിലവിളക്കിനേക്കാൾ ശോഭയിൽ സുഗന്ധി.
‘വെണ്ണയോ വെണ്ണിലാവുറഞ്ഞതോ
വെളുത്ത പെണ്ണേ നിന്റെ പൂമേനി
കവിതയോ കവിയും ഇന്ദ്രജാലമോ’
ഓഫീസ് ബാഗ് സോഫയിലേക്ക് പറന്നു. സോക്സ് ഊരി ടീടേബിളിന്ന് മുകളിലോട്ടിട്ടു.
മന്ദഹാസത്തോടെ സുഗന്ധി സുരേഷിനോടടുത്തു. “എടാ ചെറുക്കാ, എന്ത് കഷ്ട്ടപ്പെട്ടാതാന്നറിയാമോ? ചുമ്മാ വലിച്ചെറിയുന്നു. പരിഭവവും സ്നേഹവും ഒരുമിക്കുന്ന വാക്കുകളുടെ സത്യസന്ധത സുരേഷിനെയൊന്നുലച്ചു.

മന്ദഹാസലോലയായ് നീ വന്നണയുമ്പോൾ
എന്റെ മാനസത്തിൽ മൊട്ടിടുന്നു മോഹങ്ങൾ
പുളകമായ് നീ കൽപ്പനയിൽ പൊട്ടി വിടർന്നാൽ
ആകെ പൂത്തുലയും നിർവൃതി തൻ പുഷ്പങ്ങൾ...

പുതിയൊരു ലോകം! പുതിയൊരനുഭവം! തലചുറ്റുന്നുവോ...ഇരുന്നുപോയി.
ഇന്ദ്രപ്രസ്ഥത്തിലെത്തിയ കൌരവരെ നോക്കി ചിരിക്കുന്ന പാഞ്ചാലിയുടെ രൂപം കണ്മുന്നിലുടെ...
“ദാ, കട്ടൻ” സുഗന്ധി കട്ടൻ ചായയുമായ് മുന്നിൽ...
‘എന്തേ ഇങ്ങനൊക്കെ?’ വാക്കുകൾ മുഴുവനായി പുറത്തുവരുന്നില്ലായിരുന്നു.
“ഓഹ് ..ഞാൻ പറഞ്ഞില്ലാരുന്നോ?നമ്മടെ  രാജീവ് ഇടശേരി നാളെയാ വരുന്നെ.ഇത്രയെങ്കിലും ചെയ്തില്ലേല് അവരെന്തോ വിചാരിക്കും!”
സുഗന്ധിയുടെ ഫേസ്ബുക്ക് ഫ്രൻഡ്സ് ലിസ്റ്റ് ആയിരം കഴിഞ്ഞിരിക്കുന്നു.ലോകത്തിന്റെ ഏത് ഭാഗത്ത് പോയാലും അറിയാവുന്ന ഒരാളെങ്കിലുമുണ്ട്. പേടിക്കാതെ എവിടെയും പോകാം. സഹായത്തിന് ആരെങ്കിലും കാണും. ഫേസ് ബുക്കിന്റെ ഗുണങ്ങളെക്കുറിച്ച് സുഗന്ധി നിർത്താതെ പറഞ്ഞുകൊണ്ടിരുന്നു.
“അതേ അതേ...വളരെ ശരിയാ നീ പറഞ്ഞത്. ഇടയ്ക്കിടയ്ക്ക് അവരെ വീട്ടിലേക്ക് വിളിച്ചാൽ വളരെ വളരെ ഗുണമുണ്ടാവും.”
ചിരിയും സങ്കടവും വ്യക്തമാക്കുന്ന അവ്യക്തമായൊരു ശബ്ദം സുഗന്ധിയിൽ നിന്നുമുണ്ടായി. സാരിത്തുമ്പ് മുകളിലോട്ട് വലിഞ്ഞു. നഗ്നമായ തുടയിലേക്കായ് സുരേഷിന്റെ നോട്ടം.
“എടാ ചെറുക്കാ നിന്നെ ഞാൻ...” നീളത്തിൽ ചുരുട്ടിയ ന്യൂസ് പേപ്പറുമായ് സുഗന്ധി. സുരേഷിന് ഓടാതിരിക്കാനായില്ല.

Read more...

പ്രത്യേക ശ്രദ്ധയ്ക്ക്

Creative Commons License
എന്റെ ചില കുറിപ്പുകള്‍ by K.M.Satheesan is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Based on a work at www.satheeskm.blogspot.com.
Permissions beyond the scope of this license may be available at www.satheeskm.blogspot.com.

വിരുന്നുകാർ

Powered By Blogger

ഓർക്കണേ പ്ലീസ്...

ഈ ബ്ലോഗിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങളോ, സന്ദർഭങ്ങളോ, കഥാപാത്രങ്ങളോ ഏതെങ്കിലും വിധത്തിൽ ആരെങ്കിലുമായി ബന്ധപ്പെട്ടിട്ടുണ്ടന്ന് തോന്നുന്നുവെങ്കിൽ അത് സ്വാഭാവികം മാത്രം.

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP