പള്‍സ്
Monday, July 7, 2008
ചിത്രകലയെന്നത് വളരെ നിസ്സാര സംഗതിയാണന്ന് പഠിപ്പിച്ചത് പപ്പൻ സാറാണ്. ഒരു കഷണം ഹൽവ തിന്നുന്നത്പോലെ രുചികരവും സിമ്പിളും. ഒരു മാമ്പഴമോ, താമരയോ, ചെമ്പരത്തിയിലയോ അതേപടി കടലാസിലോട്ട് പകർത്തുന്നതിനപ്പുറമൊന്നുമില്ല ചിത്രകല! സോ സിമ്പിൾ!
കേവലം ഒരു വർഷം കൊണ്ട് ഏത് വിദ്യാർത്ഥിക്കും മാമ്പഴം,താമര,ചെമ്പരത്തി ഇല എന്നിവ കണ്ണടച്ച് കൊണ്ടും വരയ്ക്കാവുന്ന മാന്ത്രികവിദ്യ പപ്പൻ സാറിന് സ്വന്തമായിട്ടുള്ളതായിരുന്നു. മാമ്പഴം,താമര, ചെമ്പരത്തി ഇല എന്നിവ വരയ്ക്കുന്നതിൽ സ്പെഷ്യലൈസ് ചെയ്ത ഒരു നൂറൂകൂട്ടം വിദ്യാർത്ഥികളെ സൃഷ്ടിച്ചവൻ എന്ന നിലയ്ക്ക് പപ്പൻ സാർ സ്കൂളിന്റെ ചരിത്രത്തിൽ ചിരപ്രതിഷ്ഠ നേടുകയും ചെയ്തു.
ബ്ലാക്ക്ബോർഡിൽ ചോക്ക് കൊണ്ട് മാമ്പഴം വരയ്ക്കുമ്പോൾ മാഷ് പറയും, മാമ്പഴത്തിന്റെ വളവ് തിരിവുകൾ അതേപോലെ പകർത്തണമെങ്കിൽ നല്ല കൈവഴക്കം വേണമെന്ന്. അതിന് കൈവഴക്കത്തിനുള്ള എക്സർസൈസുകൾ ചെയ്യണമെന്ന്. ചപ്പാത്തിയ്ക്ക് മാവ് കുഴയ്ക്കുന്നത് പോലെ.
വീട്ടിൽ കറിയ്ക്കരയ്ക്കുന്നതും,ഉഴുന്നാട്ടുന്നതും മാഷായതിനാലാണ് മാഷിന് നല്ല കൈ വഴക്കമെന്ന് പിച്ചാണ്ടി പിൻബഞ്ചിലിരുന്ന് പറഞ്ഞത് മുൻബഞ്ചുകളിൽ എത്തിച്ചേരുകയും അടുത്ത ക്ലാസ്സുകളിൽ പോലും കേൾക്കുന്ന രീതിയിലുള്ള കൂട്ടച്ചിരി ഉണ്ടായതും സ്കൂളിൽ മൊത്തം അത് പാട്ടായതും പിന്നീടുണ്ടായ സംഭവങ്ങൾ!
പിച്ചാണ്ടിയെ മേശപ്പുറത്ത് കയറ്റി നിർത്തി പപ്പൻ സാർ സൈക്കിൾ ചവുട്ടിച്ചതും, പിന്നീട് അതേച്ചൊല്ലി സ്റ്റാഫ് റുമിലുണ്ടായ കശപിശയിൽ മാലതി ടീച്ചർ പപ്പൻ സാറിനെ ‘ഇഡ്ഢലി’ എന്ന് വിളിച്ചതും, പപ്പൻ സാർ മാലതി ടീച്ചറിന്റെ മുടിയിൽ ചിത്രകലാപരമായി പിടിച്ചതും സ്കൂളിന്റെ ചരിത്രത്തിലെ കറുത്ത അദ്ധ്യായങ്ങളിൽ ഒന്ന്!
കുട്ടികളുടേയും സഹപ്രവർത്തകരുടേയും അവഹേളനത്തിൽ മനംനൊന്താണ് മാഷ് പൊതുജനസേവനത്തിനിറങ്ങിയതെന്നും, അതല്ല ചിത്രകലയിൽ മാങ്ങയോ,താമരയോ,ചെമ്പരത്തി ഇലയോ അല്ലാതെ മറ്റൊന്നുമില്ല എന്നുള്ളതിന്റെ വിരസത മാറ്റാനാണ് മാഷ് പൊതുജനസേവനത്തിനിറങ്ങിയതെന്നുമുള്ള രണ്ട് അഭിപ്രായങ്ങളുണ്ട്!
ചിത്രകലാദ്ധ്യാപനം ഹോബിയും പൊതുജനസേവനം ജോലിയുമായി മാറിയപ്പോൾ മാഷിനെ ചുരുക്കം ചില ദിവസങ്ങളിൽ മാത്രമേ സ്കൂളിൽ കാണുവാനും തന്നിമിത്തം മാങ്ങ, താമര,ചെമ്പരത്തി ഇല തുടങ്ങിയ വിശേഷവസ്തുക്കളെ കടലാസിലോട്ടാക്കുന്ന പ്രതിഭാധനരായ ചിത്രകാരന്മാരുടെ എണ്ണം നാൾക്കുനാൾ സ്കൂളിൽ കുറഞ്ഞും വന്നു.
പക്ഷേ എന്തൊക്കെ ആയാലും അദ്ധ്യാപനത്തിലൂടെ നേടിയതിനേക്കാൾ കൂടുതൽ അംഗീകാരം ജനസേവനത്തിലൂടെ നേടിയെടുക്കുവാൻ മാഷിന് കഴിഞ്ഞു.
സ്കൂളിൽ മാലതി ടീച്ചർ മാഷിനെ അവഹേളിച്ചെങ്കിൽ ജനസേവനരംഗത്തും ഒരു സ്ത്രീതന്നെയാണ് മാഷിന്റെ പേരിന് കളങ്കമുണ്ടാക്കാൻ ഇടയായത്.
മോളി സിസ്റ്റർക്ക് നെഞ്ചുവേദന ഉണ്ടായി എന്നറിഞ്ഞ് ആദ്യമോടിയെത്തിയ ആളായിരുന്നു പപ്പൻ സാർ. രണ്ടാമത് എത്തിയത് അച്ചാർ പൊന്നമ്മയും. നെഞ്ചുവേദന ഹാർട്ട് അറ്റാക്കിന്റെ മുന്നോടിയാണന്നും അത് കൂടുതൽ നേരം നീണ്ട് നിന്നാൽ ശ്വാസം തന്നെ നിലച്ച് പോകുമെന്ന് മനസ്സിലാക്കിയ മാഷ് വേഗം തന്നെ കാർ വിളിച്ച് സിസ്റ്ററെ ആശുപത്രിയിൽ എത്തിക്കുവാൻ മുൻകൈ എടുത്തു. പക്ഷേ മാഷറിഞ്ഞോ കഷ്ടകാലം പൊന്നമ്മയുടെ രൂപത്തിൽ അതേ കാറിൽ തന്നെ ഉണ്ടാകുമെന്ന്!
നിശ്ചലമായി കിടക്കുന്ന സിസ്റ്ററുടെ ശരീരംപുറകിലെ സീറ്റിലിരിക്കുന്ന പൊന്നമ്മയുടേയും ബന്ധുക്കളുടേയും മടിയിൽ. മുൻസീറ്റിൽ മാഷും. അടുത്തിരിക്കുന്നവരുടെ ഏങ്ങലുകൾ ഇടയ്ക്കിടയ്ക്ക് കേൾക്കുന്നുണ്ട്. കാര്‍ കുതിച്ച് പാഞ്ഞുകൊണ്ടിരുന്നു. മാഷിന് ഇരുന്നിട്ട് ഇരിക്കപ്പൊറുതിയില്ല. എങ്ങനെയാണ് ബന്ധുക്കളെയൊന്നാശ്വസിപ്പിക്കുക?
അപ്പോഴാണ് പുറകിൽ നിന്നും പൊന്നമ്മയുടെ അരുളിപ്പാടുണ്ടായത്. “ സാറേ സിസ്റ്റർക്ക് പ്ങ്‌ൾസില്ല”.
മാഷ് പുറകിലേയ്ക്ക് എത്തിവലിഞ്ഞ് സിസ്റ്ററുടെ കൈത്തണ്ടയിൽ കയറിപ്പിടിച്ചു. കണ്ണടച്ച് പിടിച്ച് പൾസിൽ മാത്രം ശ്രദ്ധിച്ചു. പൊന്നമ്മ മാഷിന്റെ മുഖത്തേയ്ക്കും ശ്രദ്ധിച്ചു. കണ്ണടച്ചിരിക്കുന്നു. വിരുതൻ! ആപത്ത് സമയത്താണ് ഓരോരോ ലീലാവിലാസങ്ങൾ!
മാഷിന്റെ കണ്ണുകൾ പതുക്കെ തുറന്നു. അതിൽ ആശ്വാസത്തിന്റെ വെള്ളിവെളിച്ചം! പൾസുണ്ട്. നല്ല ആരോഗ്യമുള്ള ആൾക്കുള്ളതുപോലെ തന്നെ. പേടിക്കാനൊന്നുമില്ല. മാഷിന്റെ മനസ്സ് ആഹ്ലാദത്താൽ അലതല്ലി.
“ പൾസുണ്ട്...പൾസുണ്ട്...സിസ്റ്റർക്ക് പൾസുണ്ട്...പേടിക്കാനൊന്നുമില്ല.” മാഷിന്റെ വാക്കുകൾ കേട്ട് ബന്ധുക്കളുടെ മുഖത്ത് ആശ്വാസത്തിന്റെ തിരയിളക്കം.
അപ്പോൾ ദാ വരുന്നൂ എല്ലാവരേയും ഞെട്ടിച്ച് കൊണ്ട് പൊന്നമ്മയുടെ വാക്കുകൾ. തന്റെ കിണുങ്ങ് കൂടി മേമ്പൊടി ചേർത്ത് കൊണ്ട്...
“പിന്നേ...മ്‌ങാഷേ...നിങ്‌ഹളിതെന്തോന്ന് പ്‌ങണിയാ ഹ്‌ങാണിച്ചേ...ഹ്‌ങ്ന്റെ കൈയിലെ പ്‌ങ്‌ൾസാ നിങ്ങള് നോക്കിയേ...”
11 comments:
കലക്കി..:)
രസകരം പള്‍സ് പിടുത്തം
പപ്പന്‍ സാറിന് കഷ്ടകാലമാണല്ലോ എവിടെപ്പോയാലും...
സസ്നേഹം,
ശിവ.
പപ്പന്‍ സാര്‍ മനസ്സില്‍ നിറഞ്ഞു നിലക്കുന്നു.
ആരുടെ കൈയിലായാലും പള്‍സുണ്ടായാമതി എന്നെങ്ങാണ്ടൊരു ചൊല്ലില്ലേ ...? എന്തായാലും സംഭവം കലക്കി.
ഓടോ : ഒത്തിരിക്കാലമായി എഴുതാതിരുന്നതിന്റെ കേടു തീര്‍ക്കാനാണോ പുറകേ പുറകേ പോസ്റ്റുകള്‍ .. :)
ഹിഹിഹി
അതു കൊള്ളാം.
-സുല്‍
ഹ ഹ :)
ഹ..ഹ..ഹ.... സതീശാ ഇതിങ്ങനെയാവുമെന്ന് സ്വപ്നേപി വിചാരിച്ചില്ല. കലക്കി.
പൾസ് അറിയാൻ വന്ന എല്ലാവർക്കും നന്ദി.
“മാഷ് പുറകിലേയ്ക്ക് എത്തിവലിഞ്ഞ് ........” മുതൽ ഒരിക്കൽകൂടി വായിച്ചപ്പൊ ഒഫീസിലിരുന്നു ചിരിച്ചുപോയി സതീശോ.
എന്തായാലും മാഷ് ഒരു സത്സ്വഭായി ആയിരുന്നിരിക്കണം അല്ലേ സതീശാ? അല്ലെങ്കിൽ പൊന്നമ്മേടെ പൾസ് റേറ്റ് തീർച്ചയായും കൂടിയിരുന്നേനേ !
മാഷ് നല്ലൊരാൾ തന്നെ. തർക്കമില്ല.
Post a Comment