പരാതിയില്ലാതെ...
Sunday, July 6, 2008
കുഞ്ഞുകുഞ്ഞിന് പ്രായമൊത്തിരി ആയെങ്കിലും നാട്ടുകാർക്കിപ്പോഴും അദ്ദേഹം കുഞ്ഞ് തന്നെയാണ്. ‘കുഞ്ഞേ’ എന്ന വിളി കുഞ്ഞുകുഞ്ഞിനിഷ്ടമായിരുന്നെങ്കിലും ഭാര്യ മറിയാമ്മയ്കും, മക്കൾ ഔസേപ്പിനും,റോസാക്കുട്ടിയ്ക്കും അത് ഒട്ടും ഇഷ്ടമായിരുന്നില്ല. മക്കൾക്കും ഭാര്യയ്ക്കും ഇഷ്ടമായില്ലെന്ന് കരുതി കുഞ്ഞുകുഞ്ഞിന് തന്റെ പേര് മാറ്റാൻ പറ്റുമോ? റിട്ടയർമെന്റ് കഴിഞ്ഞിട്ടും തലേലും,താടിയിലും മീശയിലുമെല്ലാം നരകേറിയിട്ടും ‘കുഞ്ഞേ’ എന്ന വിളികേൾക്കാൻ ഒരു ഭാഗ്യം വേണമെന്ന് കുഞ്ഞ്കുഞ്ഞ് മനസ്സിൽ കരുതി.
കുഞ്ഞ്കുഞ്ഞ് എന്ന പേരോ,കുഞ്ഞ്കുഞ്ഞിന്റെ രൂപമോ ഭാവമോ ഒന്നുമല്ല ഇവിടെ പ്രതിപാദിക്കുന്നത്. അത് കുഞ്ഞ്കുഞ്ഞ് എന്ന ചെറിയ മനുഷ്യന്റെ വലിയ മനസ്സിനെക്കുറിച്ചാണ്!
കുഞ്ഞ്കുഞ്ഞിനെ അറിയാത്തവരായി ആരുമുണ്ടായിരുന്നില്ല. എങ്ങനെ അറിയാതിരിക്കും? എവിടെ ചെണ്ടപ്പുറത്ത് കോലിട്ടാലും കുഞ്ഞ്കുഞ്ഞ് അവിടുണ്ടാവും. ഇരുപത്തെട്ട് കെട്ട്, മാമ്മോദീസ മുക്ക് തുടങ്ങി മരണ അടിയന്തിരം വരെ എന്തിലും കുഞ്ഞ്കുഞ്ഞിന്റെ സാന്നിദ്ധ്യം ഒഴിച്ച്കൂടാനാവാത്തതാണ്. അഥവാ ആരെങ്കിലും കുഞ്ഞ്കുഞ്ഞിനെ ഒഴിച്ച് നിർത്താമെന്ന് വിചാരിച്ചിട്ടുണ്ടങ്കിൽ അതൊരിക്കലും നടന്നിട്ടുമില്ല. എന്താണന്ന് വെച്ചാൽ കുഞ്ഞ്കുഞ്ഞിന് ആരേയും ഒഴിവാക്കാൻ പറ്റുമായിരുന്നില്ല. വിളിച്ചാലും ഇല്ലെങ്കിലും കുഞ്ഞ്കുഞ്ഞ് എവിടേയും കയറിച്ചെല്ലും.
കുഞ്ഞ്കുഞ്ഞ് എവിടെച്ചെന്നാലും മനസ്സിൽ ഒറ്റ ഉദ്ദേശ്യമേ ഉണ്ടായിരുന്നുള്ളു. സഹായിക്കുക. തന്റെ സേവനം കഴിയാവുന്നത്രയും മറ്റുള്ളവർക്ക് അനുഭവവേദ്യമാക്കുക. അതിന് സമയകാലഭേദമൊന്നുമില്ല. ആർക്കും കുഞ്ഞ്കുഞ്ഞിന്റെ സേവനം എപ്പോഴും ആവശ്യപ്പെടാം. കുഞ്ഞ്കുഞ്ഞ് സദാ സേവനസന്നദ്ധൻ!
ഇവിടെയാണ് കുഞ്ഞ്കുഞ്ഞും മറിയാമ്മയും തമ്മിലുള്ള ഉടക്ക് ആരംഭിക്കുന്നതും. സേവനജ്വരം മൂത്ത കുഞ്ഞ്കുഞ്ഞ് റിട്ടയർമെന്റിനത്തിൽ കിട്ടിയ തുകയുടെ നല്ലൊരു പങ്ക് മുക്കി. കുഞ്ഞ്കുഞ്ഞ് ആ പണം ധൂർത്തടിച്ച് തീർത്തെന്ന് പറഞ്ഞാൽ ദൈവം പോലും പൊറുക്കില്ല. കാരണം ഒരു നല്ല കാര്യത്തിനാണത് ഉപയോഗിച്ചതെന്നത് മാത്രം!
സംഭവം നടന്നത് കഴിഞ്ഞ മഴക്കാലത്താണ്. തോട്ടിറമ്പിലെ സുമതീടെ വീട് ശക്തമായ കാറ്റിലും മഴയിലും തകർന്ന് തരിപ്പണമായി. ഗവണ്മെന്റോ, പഞ്ചായത്തോ മറ്റ് സന്നദ്ധ സംഘടനകളോ സഹായത്തിനെത്തുന്നതിന് മുന്നേ തന്നെ ശ്രീമാൻ കുഞ്ഞ്കുഞ്ഞ് അവിടെത്തുകയും പിന്നീടുള്ള കാര്യങ്ങൾ നാട്ടിൽ പാട്ടാകുകയും ചെയ്തിട്ടുള്ളതുമാണ്!
സുമതിയ്ക്ക് ഓലപ്പുരയ്ക്ക് പകരം ഓടിട്ട രണ്ട് മുറിയും അടുക്കളയുമുള്ള ഒരു വീട് കിട്ടിയെങ്കിലും കുഞ്ഞ്കുഞ്ഞിന് തന്റെ കിടപ്പ് അകത്തെ മുറിയിൽ നിന്നും പുറത്തെ ചാർപ്പിലേയ്ക്ക് മാറ്റേണ്ടതായിവന്നു. മറിയാമ്മയും മക്കളും കൂടി കട്ടിലെടുത്ത് പുറത്തിട്ടതാണന്ന് നാട്ടുകാർ പറയുന്നുണ്ടായിരുന്നെങ്കിലും കുഞ്ഞ്കുഞ്ഞ് അതൊന്നും കാര്യമാക്കിയില്ല.
പുറത്തെ ചാർപ്പിലെ കിടപ്പ് കുഞ്ഞ്കുഞ്ഞിന് കൂടുതൽ സൗകര്യമായി മാറി. പാതിരാത്രിയെന്നോ പത്ത്‌വെളുപ്പിനെന്നോ ഇല്ലാതെ വന്ന് പോകാനുള്ള അവസരമായി മാറി.
കുഞ്ഞ്കുഞ്ഞ് തന്റെ സേവനം അങ്ങനെ നിർവിഘ്നം നിർബാധം നടത്തിപ്പോന്നു. ഒരു പാതിരാത്രി ഏതോ ചടങ്ങിലൊക്കെ പങ്കെടുത്ത് വീട്ടിലേയ്ക്ക് മടങ്ങുമ്പോഴാണ് ആ സംഭവം ഉണ്ടായത്.
നല്ല ഇരുട്ട്. പഞ്ചായത്ത് വക സ്ട്രീറ്റ് ലൈറ്റുകളൊന്നും തന്നെ കത്തുന്നില്ല. എങ്ങനെ കത്താനാണ്!. ലൈറ്റ് പിടിപ്പിക്കുന്ന അന്ന് തന്നെ ആരെങ്കിലുമൊക്കെ അത് എറിഞ്ഞുടയ്ക്കും. ഒരിക്കൽ കുഞ്ഞ്കുഞ്ഞ് ലൈറ്റ് എറിഞ്ഞുടയ്ക്കുന്നവനെ പിടിക്കുകയും ചെയ്തതാണ്. അതിന്റെ അടയാളം കുഞ്ഞ്കുഞ്ഞിന്റെ വലത്തേ പുരികത്തിൽ ഇപ്പോഴുമുണ്ട്. കവിളൻ മടലിന് കിട്ടിയ അടിയാണ്. അന്നുമുതൽ ഇരുട്ടത്ത് നടക്കുന്നതാണ് നല്ലതെന്ന് കുഞ്ഞ്കുഞ്ഞ് കരുതിപ്പോന്നു.
കുറുപ്പിന്റെ കടയുടെ മുന്നിലുള്ള ഇലക്ട്രിക് പോസ്റ്റ് കടന്ന് നടന്നപ്പോഴാണ് പിന്നിലെന്തോ ശബ്ദം കേൾക്കുന്നതായി കുഞ്ഞ്കുഞ്ഞിന് തോന്നിയത്. കുഞ്ഞ്കുഞ്ഞ് നിന്നു. പോസ്റ്റിനോട് ചേർന്ന് ആരോ അനങ്ങുന്നത് പോലെയൊരു തോന്നൽ. അത് തോന്നലല്ലായിരുന്നു. പോസ്റ്റിനോട് ചേർന്ന് ആരോ നില്‍പ്പുണ്ട്. എന്തൊക്കെയോ പുലമ്പുന്നുമുണ്ട്.
കുഞ്ഞ്കുഞ്ഞ് പോസ്റ്റിനടുത്തേയ്ക്ക് നടന്നു. കക്ഷി പോസ്റ്റിനെ കെട്ടിപ്പിടിച്ച് നിൽക്കുകയാണ്. “നിന്നെ ഞാൻ വിടില്ലടീ രാക്ഷസീ, നീയെന്നെ തല്ലുമല്ലേ. ആണിന്റെ കൈക്കരുത്ത് നെനക്കറിയില്ലടി ദുഷ്ടേ...നെന്നെ ഞാൻ...” രാക്ഷസിയെ തല്ലാനുയർത്തിയ കൈ വന്നുവീണത് കുഞ്ഞ്കുഞ്ഞിന്റെ ദേഹത്താണ്. ആ ഇരുട്ടത്തും തന്നെ തല്ലിയ കൈയുടെ ഉടമയെ കുഞ്ഞുകുഞ്ഞിന് പിടികിട്ടി. ജോസഫ്! തന്റെ അയൽവാസി ജോസഫ്! മദ്യപിച്ച് ബോധമില്ലാതെ പോസ്റ്റിനെ കെട്ടിപ്പിടിച്ചോണ്ട് നിൽക്കുകയാണ്. പലതവണ കുഞ്ഞ്കുഞ്ഞ് ജോസഫിനെ ഉപദേശിച്ചിട്ടുള്ളതാണ് മദ്യപാനത്തിന്റെ ദോഷവശങ്ങളെക്കുറിച്ച്. എന്ത് ഫലം! റാഹേലമ്മയുടെ കൈക്കരുത്ത് അറിയുവാൻ കഴിഞ്ഞു അത്രമാത്രം! കള്ളുംകുടിച്ചോണ്ട് ചെല്ലുന്ന ദിവസങ്ങളിൽ ജോസഫിന്റെ വീട്ടിൽ ഭയങ്കര ബഹളമാണ്. ആദ്യമൊക്കെ ജോസഫാണ് പ്രശ്നമുണ്ടാക്കുന്നതെന്ന് കരുതിപ്പോന്നു. പക്ഷേ കരച്ചിൽ ജോസഫിന്റേതായപ്പോൾ മനസ്സിലായി പ്രശ്നമുണ്ടാക്കുന്നത് ജോസഫും പ്രശ്നം അവസാനിപ്പിക്കുന്നത് റഹേലമ്മയുമാണന്ന്.
പാവം ജോസഫ്! കുഞ്ഞ്കുഞ്ഞിന് ജോസഫിനോട് സഹതാപം തോന്നി. റാഹേലമ്മയോടുള്ള ദേഷ്യം ഇലക്ട്രിൿപോസ്റ്റിനോട് തീർക്കുകയാണ് പാവം. താനടുത്ത് ചെന്നില്ലായിരുന്നെങ്കിൽ റഹേലമ്മയാണന്ന് കരുതി അടിച്ച അടി പോസ്റ്റിൽ കൊള്ളുകയും പാവത്തിന്റെ കൈ കേടാവുകയും ചെയ്യുമായിരുന്നു.
പാതിരാത്രി സ്വബോധമില്ലാതെ നിൽക്കുന്ന അയൽക്കാരനെ ഉപേക്ഷിച്ച് പോകാൻ കുഞ്ഞ്കുഞ്ഞിന്റെ മനസ്സനുവദിച്ചില്ല.പത്തെൺപത് കിലോയുള്ള ജോസഫിനെ തന്റെ തോളിൽ താങ്ങി റോഡളന്ന് നടന്നപ്പോൾ കുഞ്ഞ്കുഞ്ഞിന് അഭിമാനമാണ് തോന്നിയത്. അത് തന്റെ ആരോഗ്യത്തെക്കുറിച്ചായിരുന്നു. ‘എല്ലുമാണി‘ എന്ന് മറിയാമ്മ സ്നേഹത്തോടെ വിളിക്കുന്ന താൻ ഒരു തടിയനെ താങ്ങി നടത്തുന്നു!
ജോസഫിന്റെ വരവും കാത്ത് റാഹേലമ്മ വാതില്‍പ്പടിയിലുണ്ടായിരുന്നു. കശാപ്പ് കാരുടെ ലോറിയിലേയ്ക്ക് പോത്തിനെ തള്ളിക്കയറ്റുന്നത് പോലൊരു ശ്രമം വേ ണ്ടി വന്നു കുഞ്ഞ്കുഞ്ഞിന് ജോസഫിനെയൊന്ന് വീടിനകത്തേയ്ക്ക് കയറ്റാൻ!
നല്ലൊരു സഹായം ചെയ്തതിന്റെ സന്തോഷത്താൽ കുഞ്ഞ്കുഞ്ഞ് റഹേലമ്മയെ നോക്കി.” ഞാൻ നാളെ വരാം കേട്ടോ. എനിക്ക് ജോസഫിനോട് കുറച്ച് സംസാരിക്കാനുണ്ട്.” നല്ലൊരു വാക്ക് റാഹേലമ്മയിൽ നിന്ന് പ്രതീക്ഷിച്ച കുഞ്ഞ്കുഞ്ഞിന് തീപാറുന്നൊരു നോട്ടമാണ് കിട്ടിയത്. സംഭവം പന്തിയല്ലന്ന് കണ്ട് തിരിഞ്ഞ കുഞ്ഞ്കുഞ്ഞിന് പിന്നിൽ വാതിൽ വലിയശബ്ദത്തിൽ അടയ്ക്കപ്പെട്ടു. കൂടെ ജോസഫിന്റെ കരച്ചിലും റാഹേലിന്റെ ഉറക്കെയുള്ള സംസാരവും. “ഇത്രയൊക്കെ സഹായം ചെയ്തത് പോരാഞ്ഞിട്ടാ നാളെയിങ്ങോട്ട് വരാമെന്ന്. മനുഷേനെ കുടിപ്പിച്ച് കുടിപ്പിച്ച് ഇവനൊക്കെ കുടുംബം കൊളം തോണ്ടും. വരട്ടെയിങ്ങോട്ട്... തനിക്ക് തന്നതിന്റെ ബാക്കി അങ്ങേർക്കുമുണ്ട്...”
ജോസഫിന്റെ കരച്ചിൽ കൂടുതൽ ഉച്ചത്തിലായി.
റാഹേലമ്മ തന്നെ തെറ്റിദ്ധരിച്ചിരിക്കുന്നു. കുഞ്ഞ്കുഞ്ഞിന് കിടന്നിട്ട് ഉറക്കം വന്നില്ല. ജീവിതത്തിൽ മറിയാമ്മയെക്കൂടാതെ മറ്റൊരു സ്ത്രീകൂടി തന്നെ തെറ്റിദ്ധരിച്ചിരിക്കുന്നു. തന്റെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു.
ഭൂമിയുടെ കറക്കത്തിന് അല്പം കൂടി വേഗത കൂടിയിരുന്നെങ്കിലെന്ന് കുഞ്ഞ്കുഞ്ഞ് ആശിച്ചുപോയി. സൂര്യൻ ടൈംടേബിൾ തെറ്റിക്കാതെ കിഴക്കൻ ചക്രവാളത്തിൽ തലനീട്ടിയപ്പോഴേ കുഞ്ഞ്കുഞ്ഞ് ജോസഫിന്റെ വീടിനെ ലക്ഷ്യമാക്കി നടന്നു.
കിണറ്റിൻകരയിലെ വാഴച്ചോട്ടിലിരുത്തി റാഹേലമ്മ ജോസഫിന്റെ തലയിൽ വെള്ളം കോരി ഒഴിക്കുന്നു.
“റാഹേല് ഇന്നലെ രാത്രീല് എന്നെ തെറ്റിദ്ധരിച്ചെന്ന് തോന്നണു. കുടിച്ച് ബോധമില്ലാണ്ട് വഴീല് കെടന്ന് ജോസഫിനെ ഞാൻ എടുത്തോണ്ട് വന്നെന്നേയുള്ളു. അത്രേയുള്ളു. അല്ലാണ്ട് റാഹേല് വിചാരിക്കണപോലെ...”
കുഞ്ഞ്കുഞ്ഞിന് അവസാനിപ്പിക്കാനായില്ല. അതിന് മുന്നെ കരുത്തുറ്റ ജോസഫിന്റെ കൈകൾ കുഞ്ഞ്കുഞ്ഞിന്റെ കൊങ്ങയ്ക്ക് പിടുത്തം മുറുക്കിയിരുന്നു.
“ സാമദ്രോഹീ, എല്ലാമറിഞ്ഞോണ്ട് നീ എന്നെ ഇവടെ മുന്നിൽ കൊണ്ടിട്ടു അല്ലേ. നിന്നെ ഞാൻ... ” ജോസഫിന്റെ മുട്ടുകാലിന്റെ ബലം വയറ്റിലൂടെ കയറി നട്ടെല്ലിലൂടെ ഇറങ്ങുന്ന സുഖം...കുഞ്ഞ്കുഞ്ഞിന് ഒന്ന് കരഞ്ഞ് പോലും തീർക്കാനായില്ല. ജോസഫിന്റെ കൈകൾ കൊങ്ങായിലമർന്നിരിക്കുകയല്ലേ. എങ്ങനെ മനസ്സമാധാനത്തോടൊന്ന് കരയാൻ...
(ഇങ്ങനൊക്കെയാണങ്കിലും കുഞ്ഞ്കുഞ്ഞിന് ജോസഫിനോട് കൂടുതൽ സ്നേഹം തോന്നുകയാണുണ്ടായത് പിൽക്കാലത്ത്. അത് രണ്ട് കാരണങ്ങൾ കൊണ്ടായിരുന്നു. ഒന്നാമത്തേത് റാഹേലിന്റെ തെറ്റിദ്ധാരണ വലിയ വിശദീകരണങ്ങളില്ലാതെ മാറ്റി എന്നുള്ളതാണ്. രണ്ടാമത്തേത് ജോസഫ് പോലും അടിയറവ് പറയുന്ന റാഹേലമ്മയുടെ കൈക്കരുത്തിൽ നിന്നും രക്ഷപ്പെടുത്തിയെന്നുള്ളതിനും.)
8 comments:
പരാതിയും പരിഭവങ്ങളൊന്നുമില്ലാതെ സേവനം മാത്രം കൈമുതലാക്കിയ പാവം മനുഷ്യൻ!
പുതിയ പോസ്റ്റ്.
ഹഹ..
സതീശ് ഭായി..
നമുക്കു ചുറ്റും ഇത്തരം കുഞ്ഞുകുഞ്ഞന്മാരെ കാണാം. എങ്കിലും നമ്മുടെ കണ്ണില്‍ അവര്‍ പരിഹാസ കഥാപാത്രങ്ങളാണ്.
ചിരിപ്പിക്കുന്നുണ്ടെങ്കിലും, ഒരു സാമൂഹിക പ്രതിബദ്ധത എങ്ങിനെയായിരിക്കണമെന്ന് രാഷ്ട്രീയക്കാരന്‍ (ആ കുപ്പായമിട്ടുനടക്കുന്നവന്‍ )കണ്ടു പഠിക്കട്ടെ..!
ഒരു തേങ്ങയും കൊണ്ട് കുറച്ചുനാളായി ബൂലോകത്ത് കറങ്ങി നടക്കുന്നു, അത് ഇവിടെ ഉടക്കുന്നു...ഠേ......
ഈ കുറിപ്പ് വായിച്ചു...ഇഷ്ടമായി...ഇതുപോലൊരു മനുഷ്യനെ അറിയാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്... മിക്കവാറും സ്ഥലങ്ങളിലൊക്കെ ഇങ്ങനെ നന്മയുള്ള മനുഷ്യര്‍ ഉണ്ട്...
സസ്നേഹം,
ശിവ
കുഞ്ഞുകഥ നന്നായി
കുഞ്ഞു കുഞ്ഞിനേപ്പോലുള്ള സേവനസന്നദ്ധര്‍ എല്ലാ ഗ്രാമങ്ങളിലുമുണ്ടെന്നു തോന്നുന്നു.
കഥ നന്നായി, സതീശേട്ടാ.
:)
കുഞ്ഞുകുഞ്ഞു കഥ കൊള്ളാം/
:)
വന്നവർക്കും കമന്റിട്ടവർക്കും ഹൃദയംഗമമായ നന്ദി.
എന്തു പറയാൻ ? ............. ‘പാവം കുഞ്ഞ്കുഞ്ഞ്‘ എന്നല്ലാതെ !
Post a Comment