Followers

ജീവിതം

Sunday, October 12, 2008

വളരെ നാളുകൾക്ക് ശേഷമാണ് അപ്പുക്കുട്ടൻ സദാപ്പൻ ചിറ്റയെ കാണാനെത്തിയത്. കുറച്ച് കാലമായി ചിറ്റ തീരെ കിടപ്പിലാണ്. പരസഹായമില്ലാതെ എണീക്കാൻ പോലുമാവാത്ത അവസ്ഥ. ഇരുട്ട് മൂടിയ മുറിയിൽ പഴയൊരു കട്ടിലിൽ , അതിലും പഴയൊരു പായയിൽ ചിറ്റ കിടക്കുന്നു. കട്ടിലിന്റെ ഒരരുകിൽ പഴയൊരു റേഡിയോ. കട്ടിലിന്റെ ഒരരുകിൽ ചിറ്റയുടെ കൈയെത്തുന്ന ദൂരത്തിൽ ഒരു സ്റ്റൂളുണ്ട്. അതിൽ ഒരു കുപ്പിയിൽ വെള്ളവും,അരിക് പൊട്ടിയൊരു സ്റ്റീൽ പാത്രവും ഗ്ലാസ്സുമിരിക്കുന്നു. തുരുമ്പിച്ചൊരു വീൽച്ചെയർ മുറിയുടെ ഒരു മൂലയ്ക്ക് തള്ളിയിരിക്കുന്നു. കുറച്ച് കാലം മുൻ‌പ് വരെ ചിറ്റ അതിൽ പുറത്തോട്ടൊക്കെ ഇറങ്ങുമായിരുന്നു. ഇപ്പോൾ അതിനും വയ്യാതായിരിക്കുന്നു. അപ്പുക്കുട്ടനെത്തുമ്പോൾ ചിറ്റ നല്ല ഉറക്കത്തിലായിരുന്നു. കാറ്റ് കയറാത്ത മുറിയുടെയും നനഞ്ഞ തഴപ്പായയുടേയും ഗന്ധം അപ്പുക്കുട്ടനെ എതിരേറ്റു. ശബ്ദമുണ്ടാക്കാതെ ചിറ്റയുടെ തലയ്ക്കൽ കട്ടിലിൽ തന്നെ അപ്പുക്കുട്ടൻ ഇരുന്നു.

പടിഞ്ഞാറേ പറമ്പിൽ വലിയൊരു കുളമുണ്ട്. കുളം നിറയെ താമരയുണ്ടായിരുന്നു പണ്ട്. കുളത്തിന് ചുറ്റും പുന്ന മരങ്ങളാണ്. ചെറുപുന്നയും വൻ‌പുന്നയുമെല്ലാമുണ്ട്. കുളത്തിന് ചുറ്റും പുന്നമരങ്ങളുള്ളതിനാലാണ് അതിലെ വെള്ളത്തിന് ഐസുപോലെ തണുപ്പെന്ന് എല്ലാരും പറയണത്! പണ്ട് കാലം മുതലേ ഉള്ള കുളമാണ്. പണ്ട് കാലമെന്ന് പറഞ്ഞാൽ സദാ‍പ്പൻ ചിറ്റ നിക്കറിട്ട് നടക്കുന്ന കാലത്തും കുളമുണ്ട്. അപ്പച്ചിയന്ന് പാവാടയുടുത്താണ് നടന്നിരുന്നത്! സേതുവിനെപ്പോലെ! അപ്പച്ചിയും കുട്ടിക്കാലത്ത് സേതുവിനെപ്പോലെ തന്നെയായിരുന്നെന്നാണ് അച്ഛൻ പറയുന്നത്. ഭയങ്കര കുസൃതിയായിരുന്നത്രേ! ഒരു ദിവസം അപ്പച്ചിയ്കൊരാഗ്രഹം. പണ്ട് പാഞ്ചാലിയ്കുണ്ടായത് പോലെ! സൗഗന്ധികപ്പൂവിനുവേണ്ടിയായിരുന്നില്ല. മറിച്ച് പടിഞ്ഞാറേ കുളത്തിലെ താമരപ്പൂവിനുവേണ്ടി! കൈയെത്തുന്ന ദൂരത്തിലൊന്നും താമരപ്പൂവുണ്ടായിരുന്നില്ല. അപ്പച്ചിയുടെ ആഗ്രഹം സാധിച്ച് കൊടുക്കുവാൻ സദാപ്പൻ ചിറ്റ ഭീമനായി അവതരിച്ചു. കൈയിൽ ഗദയുണ്ടായിരുന്നില്ല. പകരം അമ്മൂമ്മ അടുപ്പിൽ തീകത്തിക്കാനായി കീറിയിട്ടിരുന്ന മടലിന്റെ നീളമുള്ള ഒരു കഷണമെടുത്തു. വഴിതടയാൻ ഹനുമാനുണ്ടായിരുന്നില്ല. അച്ഛനന്ന് ജോലിയ്ക്ക് പോയിരിക്കുകയായിരുന്നു. സദാപ്പൻ ചിറ്റ നിക്കറൊക്കെ ഊരി കരയ്ക്ക് വെച്ച് മടലുമായി വെള്ളത്തിലിറങ്ങി. താമരപ്പൂ ഇപ്പം കിട്ടും...ഇപ്പം കിട്ടും ... എന്ന് കരുതി അപ്പച്ചി കരയ്ക്ക് നിന്നു.
ആനയിറങ്ങിയാൽ മുങ്ങുന്ന കുളമാണ്! ശരീരം മരച്ച് പോവുന്ന തണുപ്പുള്ള വെള്ളമുള്ള കുളമാണ്!
താമരപ്പൂക്കളാൽ സുന്ദരമായ കുളം. പക്ഷേ ആ സൗന്ദര്യത്തിന് പിന്നിൽ പതിയിരിക്കുന്ന അപകടത്തെ ക്കുറിച്ച് അന്നവർക്കറിയില്ലായിരുന്നു. അപകടം മനസ്സിലാക്കിവന്നപ്പോഴത്തേയ്ക്കും സദാപ്പൻ ചിറ്റ കുളത്തിന്റെ അഗാധതയിലേയ്ക്ക് താണുപോയിരുന്നു. അപ്പച്ചി കരയ്ക്ക് നിന്ന് കുഞ്ഞ് വായിൽ നിലവിളിച്ചു. ആരൊക്കെയോ ഓടി വന്നു. സദാപ്പൻ ചിറ്റ രക്ഷപ്പെട്ടു. രക്ഷപ്പെട്ടു എന്ന് പറഞ്ഞാൽ ജീവൻ തിരിച്ച് കിട്ടി എന്ന് മാത്രം! അപകടത്തിന് ശേഷം സദാപ്പൻ ചിറ്റയ്ക്ക് എണീറ്റ് നടക്കാൻ വയ്യാതായി. കിടന്ന കിടപ്പിൽ തന്നെ. കാലുകൾ തളർന്ന് പോയി. കുളത്തിലെ യക്ഷി പിടിച്ചതാണന്ന് മുതിർന്നവർ അഭിപ്രായപ്പെട്ടു. അപ്പച്ചി അതിന് വേണ്ടത്ര പരസ്യവും നൽകി. കാരണം സം‌ഭവത്തിന്റെ ഏക ദൃക്‌സാക്ഷി അപ്പച്ചി മാത്രമായിരുന്നല്ലോ. യക്ഷി വെള്ളത്തിലൂടെ ഊളിയിട്ട് വരുന്നത് അപ്പച്ചി കണ്ടുപോലും! ഭയങ്കര വേഗതയിലാണ് യക്ഷി വന്നത്. മിന്നല് പോലെ! അപ്പച്ചിയ്ക്കൊന്ന് വിളിച്ച് കൂവാൻ തുടങ്ങുന്നതിന് മുന്നേ തന്നെ യക്ഷി ചിറ്റയേയും കൊണ്ട് കുളത്തിനടിയിലേയ്ക്ക് പോയിക്കഴിഞ്ഞിരുന്നു. അപ്പച്ചി കരഞ്ഞ് ബഹളം വെച്ചതിനാൽ യക്ഷിയ്ക്ക് ചിറ്റപ്പന്റെ ചോര കുടിയ്കാൻ പറ്റിയില്ല. കുളയക്ഷി ശരീരം ഞെക്കിപ്പിഴിഞ്ഞാണത്രേ ചോര കുടിക്കുന്നത്! ചോര കുടിക്കാനായി കാല് ഞെക്കിപ്പിഴിഞ്ഞത് കൊണ്ടാണത്രെ ചിറ്റപ്പന്റെ കാല് തളർന്ന് പോയത്.

താമരയുണ്ടായത് കൊണ്ടാണല്ലോ പിള്ളാർക്ക് കുരുത്തക്കേട് തോന്നിയത്. അച്ഛൻ കുളത്തിലെ താമരയെല്ലാം പറിച്ച് കളഞ്ഞു. പിന്നിടതവിടെ വളരുവാൻ സമ്മതിച്ചിട്ടുമില്ല. അതുകൊണ്ട് തന്നെ അപ്പുക്കുട്ടനും സേതുവിനും പടിഞ്ഞാറെ കുളത്തിലെ താമര കാണുവാൻ കഴിഞ്ഞിട്ടില്ല.

“ അല്ല. നീയിവിടെ വന്ന് മിണ്ടാണ്ടിരിക്കണ. ഞാനല്പമൊന്ന് മയങ്ങിപ്പോയി.” സദാപ്പൻ ചിറ്റയുടെ ചോദ്യം കേട്ടാണ് അപ്പുക്കുട്ടൻ ചിന്തയിൽ നിന്നും തിരിച്ച് വന്നത്.

“എങ്ങനെയൊണ്ട് ചിറ്റേ ഇപ്പോ?” പതിവ് ചോദ്യം തന്നെയാണതെന്ന് അപ്പുക്കുട്ടന് നല്ല ബോദ്ധ്യമുണ്ടായിരുന്നു. എങ്കിലും ചോദിക്കാതിരിക്കാനായില്ല.
“ഓ. അതങ്ങനെ കിടക്കും വേലിയേറ്റവും വേലിയിറക്കവും പോലെ. ഇപ്പോ വേദനയില്ലെങ്കി ഒരു സുഖവുമില്ലന്നേ. ഈ വേദന ഉള്ളത് കൊണ്ടാണ് ഇടയ്ക്കിടയ്ക്കൊന്ന് ഒണർന്നിരിക്കാൻ പറ്റുന്നത് തന്നെ. അല്ലെങ്കിൽ ഒറങ്ങി ഒറങ്ങി ബോറഡിക്കും.” വേദന കടിച്ചമർത്തുമ്പോഴും മറ്റുള്ളവരിലോട്ട് അത് കാണിക്കാതിരിക്കാൻ സ്വതസിദ്ധമായ ഫലിതം ഉപയോഗിക്കുന്നുവല്ലോയെന്ന് അപ്പുക്കുട്ടനോർത്തു.

“പിന്നെ നിന്റെ വിശേഷങ്ങളെന്തൊക്കെ? പറ കേക്കട്ടെ.” അതിന് മറുപടി പറയാതെ തന്നെ ചികിത്സയുടെ വിവരങ്ങൾ ആരായുകയായിരുന്നു അപ്പുക്കുട്ടൻ.

“അതാണ് രസം. ഹോമിയോ ഡോക്ടർ സുല്ലിട്ടു. ആയുർവേദക്കാരൻ പണ്ടേ നമസ്തേ പറഞ്ഞല്ലോ. പിന്നെ ഇപ്പോ പുതിയൊരു അലോപ്പതി ഡോക്ടറുടടുക്കലാണ്. അയാള് ഭയങ്കര കരാട്ടയാണ്. ബ്ലാക്ക്ബെൽറ്റൊക്കെയാണന്നാ പറയണത്. ചെല്ലുന്ന രോഗികകളുടടുക്കലാണയാളുടെ കരാട്ടെ. ഏതും പോരാത്ത എന്നെയുമെന്തൊരിടിയാണിടിക്കുന്നത്. കാലിലും, അരയ്ക്കും, നടുവിനുമെല്ലാം. അതൊക്കെ പോട്ടേയെന്ന് വെയ്ക്കാം. എന്നെ നടത്തിക്കാ‍നൊരു ശ്രമമുണ്ട്. പിടിച്ച് നടത്തിയിട്ട് ഇടയ്ക്ക് ചെന്ന് വിട്ടു കളയുമെന്നേ...പിസിയോതെറാപ്പി എന്നൊക്കെ പറഞ്ഞ് ഇങ്ങനയുമുണ്ടോ? നമ്മള് വീഴുമ്പോ അങ്ങേര് നിന്ന് ചിരിക്കും. ഒരു അരവട്ടൻ...അല്ലാതെന്ത് പറയാൻ. പിന്നെ ഒരു ഗുണമുണ്ട്; പൈസയ്ക്ക് അത്രയ്ക്ക് ആഗ്രഹമില്ല, സാധാരണ ഡോക്ടർമാരെപ്പോലെയല്ല. അവിടെ വരെ പോകുന്നതാണ് പാട്. പിടിച്ച് കൊണ്ട് പോകാൻ ഒരാള് വേണ്ടേ? സുനിയും ഇപ്പോ വരുന്നില്ല. അവനും ഓരോരോ ചുമതലകൾ വന്ന് തുടങ്ങിയല്ലോ.”

ചിറ്റ റേഡിയോ ഓൺ ചെയ്തു. “ ഇവനുള്ളത് കൊണ്ടിപ്പോ സമയം പോണതറിയില്ല. വാർത്തയെല്ലാം കൃത്യമായറിയാം. പിന്നെ ചീട്ട് കളിക്കാ‍രപ്പുറത്തിരുന്ന് സംസാരിക്കുന്നത് കൊണ്ട് നാട്ട് വർത്തമാനവുമറിയാം. തിന്നുക. കിടക്കുക. ഒറങ്ങുക. ഇതില്‍പ്പരം സുഖം പിന്നെ മനുഷ്യന് എന്ത് വേണം” ചിറ്റ ചിരിക്കുന്നു. അപ്പുക്കുട്ടന്റെ തൊണ്ടയിടറി.

കട്ടിലിൽ നിന്നുമെണീറ്റ് ചിറ്റയുടെ ചുരുട്ടിയ കൈകളിൽ പോക്കറ്റിലുള്ളത് വെച്ച് കൊടുക്കുമ്പോൾ അപ്പുക്കുട്ടൻ ഓർത്തു, ചിറ്റയുടെ സമ്പാദ്യമായ വികലാംഗ പെൻഷൻ കൊണ്ടാണല്ലോ താനാദ്യമായി ട്രെയിനിൽ കയറിയതും അന്യനാട്ടിൽ ഒരിന്റർവ്യൂ അറ്റന്റ് ചെയ്തതുമെന്ന്.

“ചിറ്റ തന്ന പണം കൊണ്ടാണ് ഞാനാദ്യമായി നാട് വിട്ടത് ഓർക്കുന്നുണ്ടോ വല്ലതും.” പുറത്തേക്കിറങ്ങുമ്പോൾ അപ്പുക്കുട്ടൻ പതുക്കെ ചോദിച്ചു.

മറുപടി ഒരു ചിരിയായിരുന്നു. ആ ചിരിയിലും വേദന നിഴലിക്കാതിരിക്കാൻ ചിറ്റ ശ്രമിച്ചിരുന്നുവോ?

19 comments:

ഹരീഷ് തൊടുപുഴ said...

മാഷെ;
വളരെയേറെ മനസ്സില്‍ തട്ടി;
ഇതു കഥയോ ജീവിതാനുഭവമോ??

Appu Adyakshari said...

ഓര്‍മ്മകള്‍ എപ്പോഴും ഉണ്ടായിരിക്കണം സതീശാ. പ്രത്യേകിച്ചും വന്ന വഴികള്‍ മറക്കാത്ത ഓര്‍മ്മകള്‍. നന്നായി ഈ അനുഭവം.

സാജന്‍| SAJAN said...

വഴിതടയാൻ ഹനുമാനുണ്ടായിരുന്നില്ല. അച്ഛനന്ന് ജോലിയ്ക്ക് പോയിരിക്കുകയായിരുന്നു. അത് കലക്കി:)
മനസ്സില്‍ തട്ടുന്ന ഓര്‍മകളുടെ നൊമ്പരമുണര്‍ത്തുന്ന മറ്റൊരു മാക്കോത്തിയന്‍ രചന!
ഓടോ: ഇതെന്താ സതീശാ ഇവിടൊരാള്‍ സിലിമാപ്പേര് പറഞ്ഞ് കളിക്കുന്നത്?

siva // ശിവ said...

ഈ ഓര്‍മ്മകള്‍ ഒരിക്കലും അവസാനിക്കാതിരിക്കട്ടെ...ഇതൊക്കെ തന്നെയാ ജീവിതം...

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: അതെങ്ങനെയാ കുളത്തില്‍ മുങ്ങിയാല്‍ കാലു തളരുന്നേ?

ഓടോ: സാജന്‍‌ചേട്ടോ.. മുങ്ങിത്തപ്പി കണ്ടു പിടിച്ചതാ അല്ലേ?

കരീം മാഷ്‌ said...

ഇതു പോലെ ഒരു ചിറ്റപ്പന്‍ എനിക്കുണ്ട്. ഞാനുമായി മൂന്നു വയസ്സിന്‍റെ വ്യത്യാസത്തില്‍. പത്താം തരം വിദ്യാര്‍ഥിയായിരിക്കേ ഒരു ഭാഗം തളര്‍ന്നു കിടക്കുന്നു.
ചിന്തയിലും എഴുത്തിലും വരയിലും വൈകല്യം വന്നിട്ടില്ലാത്തതിനാല്‍ അവക്കൊക്കെ ഇന്നും നല്ല മൂര്‍ച്ച.
അതിനാല്‍ ചിറ്റയുടെ സംഭാഷണ രീതിയില്‍ തീരെ അതിഭാവുകത്വം തോന്നിയില്ല
നല്ല ഏഴുത്ത്.

കുഞ്ഞന്‍ said...

സതീശന്‍ ഭായി..

സുഖകരമായ വായന ലഭിച്ചു..ആ കുളയക്ഷി ഇപ്പോള്‍ പട്ടിണിയിലായിരിക്കും.

സാജന്‍ ക്വോട്ട് ചെയ്ത വരികള് വല്ലാതെ ചിരിപ്പിച്ചു.

പിന്നെ ഞങ്ങളുടെ നാട്ടില്‍ ചിറ്റ എന്നു പറയുന്നത് പെണ്ണുങ്ങളെയാണ് ( അമ്മയുടെ അനിയത്തി, അച്ഛന്റെ അനിയന്റെ ഭാര്യ എന്നിവരെ )‍

ഉപാസന || Upasana said...

നന്നായി എഴുതിയിരിയ്ക്കുന്നു ഭായ്.
മനസ്സില്‍ ഒരുവേള നൊമ്പരമുണര്‍ന്നു.
:-(
ഉപാസന

Areekkodan | അരീക്കോടന്‍ said...

മറക്കാത്ത ഓര്‍മ്മകള്‍ നന്നായി .

Jayasree Lakshmy Kumar said...

‘വഴിതടയാൻ ഹനുമാനുണ്ടായിരുന്നില്ല. അച്ഛനന്ന് ജോലിയ്ക്ക് പോയിരിക്കുകയായിരുന്നു.‘

ഈ വരികൾ വായിച്ചു ചിരിച്ചു. പക്ഷെ അവസാനം നൊമ്പരപ്പെടുത്തി. ജീവിതത്തിന്റെ വിവിധമുഖങ്ങൾ.

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

നല്ല പോസ്റ്റ്. പിന്നെ കുഞ്ഞന്‍ പറഞ്ഞതു പോലെ ‘ചിറ്റ’ എന്ന പദം കുറച്ചു കണ്‍ഫ്യുഷനിലാക്കി. അതേ പോലെ അപ്പച്ചിയും.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കഥ പറയുന്ന വരികള്‍!

കുട്ടിച്ചാത്താ, കുളത്തില്‍ മുങ്ങ്യാല്‍ കാ‍ലുകള്‍ തളരും.. കരയില്‍ മാത്രം മുങ്ങാനേ അറിയൂ ല്ലേ

pushkin said...

satheesh, i think i had seen you at some where,might be because u were my senior in L.H.S.I passed out by 1988.Hope u had seen me at that period at there.Now i am in varkala,doing business of computers.When will u come to komalapuram next time? hope we will meet at that time.
mail id:pushkinlal@yahoo.com

Mohanam said...

ഓര്മ്മകള്‍ ...... മരിക്കാതിരിക്കട്ടേ....

ചിലപ്പോള്‍ ഈ ഓര്മ്മകള്‍ തന്നെ ഒരു ശാപവും ആകാതിരിക്കട്ടേ.....

Sathees Makkoth said...

വായിക്കാനെത്തിയവർക്കും കമന്റിടാൻ സന്മനസ്സ് കാണിച്ചവർക്കും ഹൃദയം നിറഞ്ഞ നന്ദി

സമീര്‍ അലി I Samir Ali said...

പഴമയെ മറക്കാതെ...എന്നാല്‍ അറുബോറന്‍ nostalic blender-ള്‍ എഴുതി കൊല്ലാത്ത, പരിമിതികള്‍ അറിഞ്ഞു ലാളിത്യത്തോടെ ജീവിക്കുന്ന സതീശേട്ടനു ആശംസകള്‍

Deepesh

Unknown said...

സതീശന്റെ പഴയ പലെ സൃഷ്ടികളും വായിച്ചു ‘ചിറ്റ’യെ പരിചയമുള്ളതിനാൽ പലരും പറഞ്ഞ ‘കൺഫ്യൂഷൻ‘ ഉണ്ടായില്ല. പക്ഷെ ഇതേവരെയുള്ള വായനകളിൽ ചിറ്റയ്ക്കു, എന്റെ മനസ്സിൽ, ഇങ്ങനൊരു ചിത്രം ഇല്ലായിരുന്നു.
എന്തു പറ്റി അപ്പുക്കുട്ടാ, പഴയ രസികത്തം ഒക്കെ കുറെയേറെ ഒഴിവാക്കി കുറേക്കൂടി നെഞ്ചിൽ കൊള്ളിക്കുന്ന തരത്തിലുള്ള എഴുത്തിലേക്കു മാറിയത്? ഇന്നാണു ഇതും, സുഹൃത്തിനുള്ള കത്തും ഒക്കെ വായിച്ചതു. അപ്പുക്കുട്ടന്റെ ആ സുഹൃത്തു ഈ ബ്ലോഗ് കാണണേ എന്നു സതീശനെയും സതീശിയേയും പോലെ തന്നെ ഞാനും ആഗ്രഹിക്കുന്നു.

Sathees Makkoth | Asha Revamma said...

ദീപു നന്ദി.
സുജേ,രസികത്തം വരുത്തുവാനും അല്ലാതാക്കുവാനും ഒരിക്കലും മനഃപൂർവ്വം ശ്രമിക്കാറില്ല.ഓരോരോ സമയത്ത് തോന്നുന്നത് അങ്ങെഴുതുന്നു. അത്രേയുള്ളു. നന്ദി.

പ്രത്യേക ശ്രദ്ധയ്ക്ക്

Creative Commons License
എന്റെ ചില കുറിപ്പുകള്‍ by K.M.Satheesan is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Based on a work at www.satheeskm.blogspot.com.
Permissions beyond the scope of this license may be available at www.satheeskm.blogspot.com.

വിരുന്നുകാർ

Powered By Blogger

ഓർക്കണേ പ്ലീസ്...

ഈ ബ്ലോഗിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങളോ, സന്ദർഭങ്ങളോ, കഥാപാത്രങ്ങളോ ഏതെങ്കിലും വിധത്തിൽ ആരെങ്കിലുമായി ബന്ധപ്പെട്ടിട്ടുണ്ടന്ന് തോന്നുന്നുവെങ്കിൽ അത് സ്വാഭാവികം മാത്രം.

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP