മുല്ലപ്പൂമണമുള്ള ചേച്ചി
Monday, November 10, 2008
ശോഭനച്ചേച്ചിയെ കാണാൻ എന്തു രസമായിരുന്നു. പഴുത്ത ചാമ്പങ്ങയുടെ നിറമായിരുന്നു ശോഭനച്ചേച്ചിയ്ക്ക്. മുല്ലപ്പൂവിന്റെ ഗന്ധമായിരുന്നു ശോഭനച്ചേച്ചിയ്ക്ക്. മുട്ടൊപ്പം മുടിയുണ്ടായിരുന്നു ശോഭനച്ചേച്ചിയ്ക്ക്. നല്ല രസമായിരുന്നു ശോഭനച്ചേച്ചിയുടെ സംസാരം കേൾക്കാൻ. കുപ്പിവള കിലുങ്ങുന്നത് പോലെ.
മാഞ്ചുവട്ടിലെ പെണ്ണുങ്ങളുടെ സംസാരവിഷയം ശോഭനച്ചേച്ചി ആയപ്പോഴാണ് അപ്പുക്കുട്ടന്റെ ശ്രദ്ധ അങ്ങോട്ടേക്ക് തിരിഞ്ഞത്. മീനാക്ഷി അമ്മായി പറയുകയാണ്. “ നല്ല തങ്കം പോലത്തെ പെണ്ണ്. തങ്കത്തിനേക്കാൾ നല്ല സ്വഭാവം. പക്ഷേ ആ മുട്ടൊപ്പം മുടിയൊണ്ടല്ലോ അതൊര് അപശകുനമാണ്. ഭർത്താവ് വാഴില്ല.”
വിലാസിനിച്ചിറ്റയ്ക്ക് അമ്മായി പറഞ്ഞതിഷ്ടപ്പെട്ടില്ല. “ അല്ലേലും ഈ അമ്മായിക്ക് മൊത്തം അന്ധവിശ്വാസമാണ്. എന്ത് കണ്ടാലും അതിനൊരു കുറ്റം കണ്ടുപിടിക്കും”
രണ്ട് വിരലുകൾ ചുണ്ടത്ത് വെച്ച്, അതിന്റെ വിടവിലൂടെ അമ്മായി വായിലെ മുറുക്കാൻ മുഴുവൻ ‘ഫൂ’ എന്ന് നീട്ടിത്തുപ്പി.
“നീ നോക്കിക്കോടീ, വരാൻ പോണ പൂരം കണ്ടാൽ പോരേ.”
ശോഭനച്ചേച്ചിയുടെ കല്ല്യാണക്കാര്യമാണ് സംസാരവിഷയം. ഒരു സർക്കാരുദ്യോഗസ്ഥൻ ശോഭനച്ചേച്ചിയെ കാണാൻ വന്നുവത്രേ! എല്ലാവർക്കും ചെറുക്കനെ ശരിക്കുമങ്ങ് ബോധിച്ചു. സുന്ദരൻ! നല്ല ചൊക ചൊകാന്നിരിക്കുന്ന ചെറുക്കനാണന്നാണ് വിലാസിനിചിറ്റ പറഞ്ഞത്. ശോഭനച്ചേച്ചിയ്ക്കും ചെറുക്കനെ നന്നേ ഇഷ്ടപ്പെട്ടത്രേ!
ഇനിയിപ്പം കല്ല്യാണം നടക്കും! നാലുകൂട്ടം പായസവും പരിപ്പും പപ്പടവുമൊക്കെയായി നല്ലൊരു സദ്യ ഒക്കും. അപ്പുക്കുട്ടന്റെ വായിൽ വെള്ളമൂറി.
സ്ത്രീധനമൊന്നും അവരാവശ്യപ്പെട്ടില്ലന്നാണ് പെണ്ണുങ്ങൾ പറയുന്നത്. “ഇക്കാലത്തും ഇങ്ങനേം ആമ്പിള്ളാരുണ്ടോ?” എന്നാണ് അമ്മായിക്ക് സംശയം.
അമ്മായി ശബ്ദം താഴ്ത്തി പറയുന്നത് കേൾക്കാനായി അപ്പുക്കുട്ടൻ കാതുകൂർപ്പിച്ചു.
“ടീയേ, പെമ്പിള്ളാരേ, ന്റെ ബലമായ സംശയം അവനെന്തോ കൊഴപ്പമുണ്ടന്നാ. അല്ലങ്കീ ഇക്കാലത്ത് ഏതെങ്കിലും സർക്കാര് ജോലിക്കാരൻ ശ്രീധനം വേണ്ടന്ന് പറയുമോ?”
“കരിനാക്ക് കൊണ്ടൊന്നും പറയാതെന്റമ്മായി. ഒരു പെണ്ണ് രക്ഷപ്പെടുന്നെങ്കിൽ പെടട്ടേന്ന്...” വിലാസിനി ചിറ്റപറഞ്ഞതിഷ്ടപ്പെടാഞ്ഞിട്ടായിരിക്കാം അമ്മായി ചകിരി പിരിക്കുന്നത് നിർത്തി, ഇരുന്നിരുന്ന ചാക്ക് മടക്കി കക്ഷത്തിൽ വെച്ച് വടക്കോട്ട് നടന്നു.
കല്ല്യാണാലോചന മുറപോലെ നടന്നു. ഉടനുണ്ടാകും കല്ല്യാണമെന്ന് എല്ലാരേം പോലെ അപ്പുക്കുട്ടനും വിചാരിച്ചു. പക്ഷേ സംഭവങ്ങൾ പെട്ടെന്ന് തകിടം മറിയുകയായിരുന്നു. ചെറുക്കന് എന്തോ തീരാവ്യാധിയുണ്ടന്ന വാർത്ത പരന്നു. ശോഭനച്ചേച്ചി കരച്ചിലോട് കരച്ചിൽ. ഹാർട്ടിന് കേടൊള്ള ചെറുക്കനാണത്രേ!.
ഈ കല്ല്യാണം നടന്നാൽ ശോഭനേടെ ഭാവി വെള്ളത്തിലാവുമെന്ന് മാഞ്ചുവട് കമ്മറ്റി വിധിയെഴുതി.
കല്ല്യാണം കഴിച്ചാൽ ചെറുക്കൻ ചത്തുപോവുമെന്ന് ‘ഡാട്ടറ് സർട്ടിക്കേറ്റു‘ണ്ടന്നാണ് അമ്മായി പറഞ്ഞത്.
എല്ലാരും കല്ല്യാണത്തെ എതിർത്തു. വീട്ടുകാരും നാട്ടുകാരും. കല്ല്യാണത്തെ അനുകൂലിക്കുന്ന രണ്ടേ രണ്ട് പേരേ ഉണ്ടായിരുന്നുള്ളു. ഒന്ന് ശോഭനച്ചേച്ചി. രണ്ടാമത്തേത് അപ്പുക്കുട്ടനും! പക്ഷേ അപ്പുക്കുട്ടനതാരോടും പറഞ്ഞില്ല. ആരെങ്കിലും കേട്ടാൽ സദ്യ തിന്നാനുള്ള കൊതികൊണ്ടാണന്ന് പറഞ്ഞ് കളയും. എന്തിനാ വെറുതേ നാണക്കേട്!
ശോഭനച്ചേച്ചി കരച്ചിലോട് കരച്ചിൽ തന്നെ. ഊണുമില്ല ഉറക്കവുമില്ല. കുളിയുമില്ല ഒരുങ്ങലുമില്ല. കരഞ്ഞ് കരഞ്ഞ് കണ്ണുകൾ കലങ്ങി. ദേഹത്തിന്റെ മുല്ലപ്പൂമണമൊക്കെ വിയർപ്പ് മണമായി. കുളിക്കാതിരുന്നാൽ അപ്പുക്കുട്ടനെ മാത്രമല്ല വിയർപ്പ് നാറുന്നതെന്ന് പറയണമെന്നുണ്ടായിരുന്നു അവന്. പക്ഷേ പറഞ്ഞില്ല.മറ്റുള്ളോരെന്ത് വിചാരിക്കും!
നൂറ് പേരുടെ മുന്നിൽ ഒരുങ്ങി ചമഞ്ഞ് നിൽക്കാൻ തന്നെക്കൊണ്ടാവില്ലന്നാണ് ശോഭനച്ചേച്ചി പറഞ്ഞത്. ഒരുമിച്ച് ജീവിക്കുന്നത്രയും കാലം സന്തോഷകരമായി കഴിയുന്നതാണ് ഇഷ്ടപ്പെടാത്ത ആളിനോടൊപ്പം ജീവിതകാലം മുഴുവൻ കഴിയുന്നതിനേക്കാൾ താനിഷ്ടപ്പെടുന്നതെന്ന് ശോഭനച്ചേച്ചി തീർത്ത് പറഞ്ഞു.
“പെണ്ണിന്റെ ഒരു വിധിയേ...” അമ്മായി തലയിൽ കൈ വെച്ചു.
പെണ്ണിന്റെ ആഗ്രഹമതാണങ്കിൽ അങ്ങനെ തന്നെ നടക്കട്ടേയെന്ന് കാരണവന്മാർ തീരുമാനിച്ചു. ശോഭനച്ചേച്ചി കരച്ചിൽ നിർത്തി. മഴക്കാറ് മാറിയ മാനത്ത് നിന്നും വെട്ടം വീഴണമാതിരി തോന്നി അപ്പുക്കുട്ടന് ശോഭനച്ചേച്ചിയുടെ മുഖം. ശോഭനച്ചേച്ചിയുടെ കല്യാണത്തിനായി പുതിയ ഉടുപ്പും നിക്കറും വാങ്ങിപ്പിക്കേണം. അച്ഛൻ ഇടങ്ങേറുണ്ടാക്കിയില്ലെങ്കിൽ ഒരു ചെരുപ്പ് കൂടി വാങ്ങിപ്പിക്കേണം. വടക്കേക്കരേലെ ഹരിദാസിന്റെ ആയിരിക്കും പാചകം. ഹരിദാസിന്റെ അവിയലിന്റെ സ്വാദ് അപ്പുക്കുട്ടനിഷ്ടമാണ്. പായസമാണങ്കിൽ ബഹുകേമം!
കല്യാണം കഴിഞ്ഞ് ശോഭനച്ചേച്ചി ഭർത്താവിന്റെ വീട്ടിൽ പോയി. ശോഭനച്ചേച്ചിയെപ്പോലെ തന്നെ അപ്പുക്കുട്ടനും സന്തോഷമായി. സദ്യയുണ്ട് വീർത്ത വയറ് കൊണ്ട് വന്ന അമ്മയെ കാണിച്ച വകയിൽ തുടയിൽ അടിയും കിട്ടി.
“പിള്ളാര് വേണ്ടാതീനമേ പറയൂ..അവൻ പറയുവാണേ, ഇനിയിപ്പോ ശോഭനേടേ വയറും ഇത് പോലേ വീർത്ത് വരുമെന്ന്.”
“ഇപ്പഴത്തെ പിള്ളാര് പണ്ടത്തെപ്പോലല്ല. വെളഞ്ഞ വിത്തുകളാ...നല്ല അടികിട്ടാത്ത സൂക്കേടാ...” അമ്മായി പറയുന്നത് കേട്ടപ്പോ അമ്മയ്ക്ക് ഒന്നുകൂടി ദേഷ്യം കൂടി. അപ്പുക്കുട്ടൻ ഓടി.
പിറ്റേന്ന് മാഞ്ചുവട് കമ്മറ്റി കൂടിയപ്പോഴാണ് അപ്പുക്കുട്ടൻ ആ വിവരം അറിഞ്ഞത്. ശോഭനച്ചേച്ചിയുടെ ഭർത്താവ് ആശുപത്രീലാണത്രേ! രാത്രീൽ നെഞ്ചുവേദന ഉണ്ടായിയെന്ന്!
“അന്നേ ഞാൻ പറഞ്ഞതാ ഈ ബന്ധം നമ്മുക്ക് വേണ്ടന്ന്...ആര് കേക്കാൻ...ഇനീപ്പോ അനുപവിച്ചോ...പെമ്പിള്ളാരായാൽ കൊറച്ചൊക്കെ അനുസരണ വേണ്ടേ...അവന്റെ തൊലിവെളുപ്പ് കണ്ടവളങ്ങ് മയങ്ങിപ്പോയി...ഇപ്പോ ആരാ അനുഭവിക്കുന്നേ...ഒറ്റ ദെവസം കൊണ്ട് തീർന്നില്ലേ എല്ലാം.” അമ്മായിയ്ക്ക് ശകാരം നിർത്തണമെന്നില്ലായിരുന്നു. പക്ഷേ അമ്മയും വിലാസിനിചിറ്റയും ഇടയ്ക്ക് കയറിയത് കൊണ്ട് തൽക്കാലം നിർത്തി.
“അമ്മായിടേ വർത്താനം കേട്ടാ ശോഭനേടെ ഭർത്താവ് ചത്ത് പോയത് പോലാണല്ലോ...ഒന്ന് നിർത്തെന്ന്..ആരെങ്കിലും കേട്ടാലെന്തോ വിചാരിക്കും? നമ്മള് സ്വന്തക്കാര് തന്നെ ഇങ്ങനെ തുടങ്ങിയാലോ...”
“ഞാനൊന്നും പറയുന്നില്ലേ...” അമ്മായി പിണങ്ങി പോയി.
ശോഭനച്ചേച്ചീടെ ഭർത്താവ് കുറെ അധികനാള് ആശുപത്രീലാരുന്നു. രക്ഷപ്പെടാൻ സാധ്യത ഇല്ലന്നാണ് അപ്പുക്കുട്ടന് പെണ്ണുങ്ങളുടെ വർത്തമാനത്തിൽ നിന്നും മനസ്സിലായത്. ശോഭനച്ചേച്ചി ഗർഭിണിയാണന്ന വിവരവും അപ്പുക്കുട്ടനങ്ങനാണറിഞ്ഞത്.
‘ഒറ്റ ദിവസം കൊണ്ട് അവള് കാര്യം സാധിച്ചെടുത്തെന്നാണ്’ അമ്മായി പറഞ്ഞത്.
ഒരു കുഞ്ഞിനേം കൊണ്ട് ഇനിയുള്ള കാലം ഒറ്റയ്ക്ക് താമസിക്കുകയെന്ന് വെച്ചാൽ.... അവള് നന്നേ ചെറുപ്പമല്ലേ...ഒരു ജീവിതമല്ലേ പാഴാവുന്നത്... മാഞ്ചുവട്ടിലെ മറ്റ് പെണ്ണുങ്ങളുടെ സംശയമതായിരുന്നു. ശോഭനച്ചേച്ചിയുടെ ഭർത്താവ് മരിച്ച് പോയി എന്ന രീതിയിലായിരുന്നു പെണ്ണുങ്ങളുടെ സംസാരം. അപ്പുക്കുട്ടനതങ്ങ് രസിച്ചില്ല. വലിയവരായിട്ട് പോലും വകതിരിവില്ല. പിള്ളാര് വല്ലതുമാണിങ്ങനെ പറയുന്നതെങ്കിൽ തൊടയ്ക്കിട്ട് കിഴുക്കാൻ നൂറാളുണ്ടാവും! ഇവരുടെയൊക്കെ ചെവിക്ക് പിടിക്കാൻ പോലും ആളില്ലാണ്ടായല്ലോ!
പെണ്ണുങ്ങളുടെ പറച്ചില് പോലെ തന്നെ സംഭവിച്ചു. അമ്മായിയുടെ കരിനാക്ക് ഫലിച്ചു. ശോഭനച്ചേച്ചി ഒറ്റയ്ക്കായി. സഹതാപമൂറുന്ന കണ്ണുകൾ ശോഭനച്ചേച്ചിയെ സ്വന്തം വീട്ടിലേക്കാനയിച്ചു. ശോഭനച്ചേച്ചിയെ നിരീക്ഷിക്കാൻ പെണ്ണുങ്ങൾ മാറി മാറി നിന്നു. ‘പെണ്ണ് കടും കൈ വല്ലതും ചെയ്ത് കളയുമോന്നായിരുന്നു‘ എല്ലാരുടേം സംശയം. അങ്ങനൊന്നുമുണ്ടായില്ല. ശോഭനച്ചേച്ചി പ്രസവിച്ചു. ഓമനത്തുമുള്ളൊരു പെൺകുഞ്ഞ്! അപ്പുക്കുട്ടന് കൊച്ചിന്റെ മുഖത്ത് നിന്നും കണ്ണെടുക്കാനായില്ല. ഇങ്ങനെ നോക്കിയാൽ കുഞ്ഞിന് കൊതികിട്ടുമെന്ന് അമ്മ പറഞ്ഞു.
ശോഭനച്ചേച്ചീടെ കുഞ്ഞ് നല്ല കളിയും ചിരിയുമൊക്കെയായി. അത് ശോഭനച്ചേച്ചീയിലോട്ടും പകർന്നു. പണ്ടത്തെ ശോഭന ചേച്ചി തിരിച്ച് വന്നത് പോലെ തോന്നി അപ്പുക്കുട്ടന്.
“രണ്ടാം കെട്ടിന് ഒരു നല്ല ആലോചനവന്നിട്ടും പെണ്ണായാൽ അവള് സമ്മതിക്കുന്നില്ല.എന്തൊരു ജന്മമാ അവടെ...ഇനിയുള്ള ജീവിതം മൊഴോനും ആ കൊച്ചിന് വേണ്ടീള്ളതാന്നാ അവള് പറേണത്.” മാഞ്ചുവട്ടിലിരുന്ന് അമ്മായി അത് പറയുമ്പോൾ അപ്പുക്കുട്ടനൊരു സംശയം തോന്നി.
മുട്ടൊപ്പം മുടിയൊള്ള ശോഭനച്ചേച്ചിയ്ക്ക് ഭർത്താവ് വാഴില്ലന്ന് അമ്മായിയല്ലേ പണ്ട് പറഞ്ഞത്...എന്നിട്ടിപ്പോ...ആ... ആർക്കറിയാം...ഈ വലിയവരുടെ വാക്കിനൊന്നും ഒരു സ്ഥിരതയില്ലന്നേ...
20 comments:
പ്രത്യേകതകളൊന്നുമില്ല. എന്നിട്ടും ചുമ്മാതെ...
തമാശയായിട്ടാണ് പറഞ്ഞതെങ്കിലും കഥയുടെ അവസാനം വളരെ സങ്കടം തോന്നി സതീശാ. ഇതുപോലെ ഒരു അനുഭവം നേരില്‍ ഉള്ളതുകൊണ്ടാവാം. ആ സംഭവം ഇത്തിരിവെട്ടം റഷീദ് ഒരു കഥാരൂപത്തില്‍ ഇവിടെ എഴുതിയിട്ടിട്ടുണ്ട് സമയമുള്ളപ്പോള്‍ ഒന്നു വായിച്ചു നോക്കൂ.
‘പ്രത്യേകതളൊന്നുമില്ലാത്ത ചുമ്മതെ’ യാണെങ്കിലും മനസ്സില്‍ ഒരു പോറലേല്‍പ്പിക്കുന്നു സതീശിന്റെ ഈ രചന. ഇഷ്ടായി.
അപ്പുവിന്റെ കണ്ടെത്തല്‍ വളരെ മനോഹരമായി പറഞ്ഞിട്ടുണ്ടട്ടൊ. കുളിക്കാതിരുന്നാല്‍ മുല്ലപ്പൂ മണമല്ല വരുന്നതെതെന്നും ഭര്‍ത്താവ് വാഴില്ലാന്ന് പറയുന്ന അമ്മായി രണ്ടാം കെട്ടിന് ശുപാര്‍ശചെയ്യുന്നതിലെ നേരില്ലായ്മയും കാട്ടിത്തരുന്ന അപ്പുവിന് എന്തുകൊണ്ട് ശോഭേച്ചിയുടെ മുടി മുറിച്ചുകളയാന്‍ തോന്നീല്ലാ..?
അന്ധവിശ്വാസത്തിന് എതിരായിട്ടാണൊ അനുകൂലമായിട്ടാണൊ ആവൊ അതെന്തിങ്കിലുമാകട്ടെ ഞാന്‍ ആസ്വദിച്ചു വായിച്ചു സതീശ് ഭായി.
സ്നേഹമില്ല്ലാതെ അര നൂറ്റാണ്ട്
ഒന്നിച്ചു കഴിയുന്നതിലും നല്ലതാണ്
ഒരു ദിവസമാണെങ്കിലും
എന്നൊക്കെ വേദാന്തം പറയാം.
പക്ഷെ ...?
ശോഭനച്ചേച്ചിയെ
ആ മുല്ലപ്പൂവിന്റെ ഗന്ധമായിട്ട്
കുപ്പിവള കിലുക്കമായിട്ട്
ഓര്‍മ്മയില്‍ സൂക്ഷിക്കാം അല്ലെ?
ഇനിയും ഇതുപോലെ നല്ല കഥകള്‍ എഴുതാന്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ.
ആശംസകള്‍ ..
ശോഭേച്ചിയെ സുഖായി ജീവിക്കാന്‍ വിട്ടൂടായിരുന്നോ?!
എഴുത്ത് നന്നായെങ്കിലും പോസ്റ്റില്‍ പ്രത്ദിപാദിക്കുന്ന വിഷയം ഇന്ററസ്റ്റിങ്ങ് ആയി തോന്നിയില്ല സതീഷ് ഭായ്.
:-)
ഉപാസന
ഒറ്റ ദിവസം.....
സതീശെ, അത് വേണ്ടായിരുന്നൂ.
(ആ അമ്മായിയെ എനിക്കറിയാമ്, ട്ടോ!)
നന്നായി പോസ്റ്റ്.
പാവം ശോഭനചേച്ചി.
ഇതുപോലൊരു കഥാപാത്രത്തെ നേരിട്ട് പരിചയമുള്ളതുകൊണ്ടാവും, വല്ലാതെ ഉള്ളിൽ തട്ടി ഈ കഥ.
വായിച്ചു കഷ്ടം തോന്നി..:(
സതീഷ് സാറെ ഇതെവിടാ..
കാണാനില്ലല്ലൊ!? അതൊ ഞാന്‍ കാണാത്തതൊ!?
ഇപ്പൊ ഒളിഞ്ഞിരുന്നാണ് കഥയെഴുത്ത് അല്ലേ?
ആരാധകരുടെ ശല്യം മൂലമാവും, ദെന്തായാലും പോസ്റ്റ് വായിക്കുന്നതിനു മുമ്പേ ഇതിലെ ചെല ഡയലോഗുകള്‍ മെയിലില്‍ കറങ്ങിയത് കാണാന്‍ ഇടയായി.
സതീഷിന്റെ മിക്ക കഥകളിലും അനുഭവത്തിന്റെ സ്പര്‍ശമുള്ളതുകൊണ്ട് തന്നെ ഓരോ കഥ വായിക്കുമ്പോഴും ചെറുനൊമ്പരവും അനുഭവിക്കാന്‍ ആവുന്നുണ്ട്!
സതീശേട്ടാ.. നന്നായിട്ടുണ്ട്... അപ്പുക്കുട്ടനിലൂടെ ഉള്ള ഈ കാഴ്ച
അനുഭങ്ങളുടെ പശ്ശ്ച്ചാത്തലവും പരിചിതരായ കഥാപാത്രങ്ങളും കഥയെ കൂടുതല്‍ ഇഷ്ടമാക്കി.
കഥാതന്തുവിനോട് യോജിപ്പില്ല.
ഇനിയും നല്ല കഥകള്‍ക്കായി..:)`
സദ്യയുണ്ട് വീർത്ത വയറ് കൊണ്ട് വന്ന അമ്മയെ കാണിച്ച വകയിൽ തുടയിൽ അടിയും കിട്ടി.
“പിള്ളാര് വേണ്ടാതീനമേ പറയൂ..അവൻ പറയുവാണേ, ഇനിയിപ്പോ ശോഭനേടേ വയറും ഇത് പോലേ വീർത്ത് വരുമെന്ന്.”
ഒബ്സര്‍വേഷന്‍ എന്ന സ്വഭാവം ഉണ്ടായിരുന്നല്ലേ ?
അവസാനത്തെ വരികള്‍ വായിച്ചപ്പോള്‍ നല്ല തര്‍ക്കുത്തരവും, ചോദ്യവുമൊക്കെ ചെറുപ്പത്തിലേ ഉണ്ടായിരുന്നെന്ന് തോന്നി.
അപ്പുക്കുട്ടനേയ്..അപ്പുക്കുട്ടന്റെ കാര്യമാ പറഞ്ഞത് ... :)
എനിക്കെന്തോ ആ കാല്‍ക്കുലലേറ്റര്‍ കഥയുടെ അത്രയ്ക്കൊന്നും ഇത് ഇഷ്ടായില്ല. അതൊരു സംഭവം തന്നായിരുന്നു.
അപ്പു, ഇത്തിരിയുടെ ലിങ്ക് ക്ലിക്കാവുന്നില്ലല്ലോ.
കുഞ്ഞാ, മാറ്റാനും മാറ്റിമറിക്കുവാനും നമ്മളാരാണ്! അതുകൊണ്ട് അങ്ങനൊന്നും വിചാരിച്ചിട്ടില്ല. കഥയ്ക്ക് നല്ലൊരു റ്റ്വിസ്റ്റ് ഉണ്ടാകുമായിരുന്നു അങ്ങനെയായിരുന്നുവെങ്കിൽ. കൊള്ളാം. നല്ല അഭിപ്രായം. പ്രയാസി- എവിടെ പോകാനാ,ഇവിടൊക്കെത്തന്നെയുണ്ട്.
സാജാ:)
ഇത്തിരി,മാണിക്യം, BS Madai, കൈതമുള്ള്,
കുമാരൻ,ഉപാസന,ബിന്ദു.കെ.പി,lakshmy,
ഷബീർ,വേണുച്ചേട്ടൻ,നിരക്ഷരൻ- എല്ലാവർക്കും അകം നിറഞ്ഞ നന്ദി.തുറന്ന അഭിപ്രായങ്ങൾ ഇനിയുമുണ്ടാകുമെന്ന പ്രതീക്ഷയോടെ...ഒരിക്കൽക്കൂടി നന്ദി ഏവർക്കും
അപ്പുകുട്ടനെയും ശോഭന ചേച്ചിയെയും ഒക്കെ അടുത്തറിയുന്ന പോലെ തോന്നുന്നു... വലിയവരുടെ വാക്കിനൊന്നും സ്ഥിരതയില്ലെന്ന വെളിപാടുണ്ടായ അപ്പു കുട്ടന്റെ പേരു സതീശ് എന്നായിരുന്നോ ? :-)
പാവം ശോഭനേച്ചി. മറ്റു പലരും ഇവിടെ പറഞ്ഞതുപോലെ.... കഥയുടെ തീം... അന്ധവിശ്വാസങ്ങളെ അനുകൂലിക്കുന്നോ അതൊ ഇല്ലയോ?
“...പിള്ളാര് വല്ലതുമാണിങ്ങനെ പറയുന്നതെങ്കിൽ തൊടയ്ക്കിട്ട് കിഴുക്കാൻ നൂറാളുണ്ടാവും! ഇവരുടെയൊക്കെ ചെവിക്ക് പിടിക്കാൻ പോലും...” അസ്സലായി
The Layman നന്ദി.
സുജേ, ഒരു കുട്ടിയുടെ മനസ്സിൽ തോന്നുന്ന കാര്യങ്ങൾ അത്രേ ഉള്ളൂ. അന്ധവിശ്വാസങ്ങളോ,വിശ്വാസങ്ങളോ ഒരു കഥയിലൂടേയോ കുറിപ്പിലൂടേയോ മാറ്റിമറിക്കാൻ പറ്റുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല.അതുകൊണ്ട് അങ്ങനൊരു ശ്രമം നടത്തിയില്ല.
ഇതുപോലുള്ള നല്ല രജനകള്‍ ഇനിയും പ്രദീക്ഷിക്കുന്നു....
Post a Comment