വെടിയൂതി
Monday, November 17, 2008
സന്ധ്യാസമയത്ത് ആശാന്റെ ചായക്കടയിൽ പതിവ് പോലെ തന്നെ ചർച്ച നടക്കുകയാണ്. വിഷയം ഇന്നതെന്നൊന്നുമില്ല. ആകാശത്തിന് കീഴിലുള്ളതെന്തുമെന്ന് പണ്ടൊക്കെ വേണമെങ്കിൽ പറയാമായിരുന്നു. ഇന്ത്യയുടെ ബഹിരാകാശപ്രവേശന ശേഷം ചർച്ചാവിഷയങ്ങളിലും കാര്യമായ മാറ്റമുണ്ടായി.”നമ്മടെ ഇന്ത്യ ഇനി ചന്ദ്രനിലും, ചൊവ്വേലുമെല്ലാം പോവും. അമേരീക്കേനേം,റഷ്യേനേമെല്ലാം തരിപ്പണമാക്കാനുള്ള സംഗതിയെല്ലാം നമ്മളുണ്ടാക്കും.ഓട്ടവും,ചാട്ടവും, ഫുട്ബോളും,ഹോക്കിയെല്ലാം ആരേലുമെടുത്തോട്ടേന്ന്! പക്ഷേങ്കില് ആകാശത്തിന്റെ കാര്യത്തീ നമ്മളിനി വിടില്ല.” പണിക്കര് ചേട്ടൻ ദേശ സ്നേഹം മൂത്ത് ഇത്രയും പറഞ്ഞത് കുഞ്ഞൻ സഖാവിന് അത്രയ്ക്ക് ഇഷ്ടപ്പെട്ടില്ല. “ദേ, കാര്യോക്കെ പറഞ്ഞേക്കാം, അമേരിക്കേനെ എന്ത് വേണേ പറഞ്ഞോ...പക്ഷേ റഷ്യേനേ തൊട്ടാലുണ്ടല്ലോ...” സഖാവിന് പിന്നെ ഒന്നും പറയാൻ കഴിഞ്ഞില്ല. ആൾ നിന്ന് വിറയ്ക്കുകയായിരുന്നു. ചർച്ചക്കാർ രണ്ട് ചേരിയായി തിരിഞ്ഞ് എന്തെങ്കിലുമൊക്കെ സംഭവിക്കുമെന്ന് പ്രതീക്ഷിച്ച് നിന്നപ്പോഴാണ് അതുണ്ടായത്! റഷ്യ-അമേരിക്ക സംഘട്ടനം കൗതുകത്തോടെ വീക്ഷിച്ചുകൊണ്ട് കട്ടൻ ചായ മോന്തിക്കൊണ്ടിരുന്ന വിജയപ്പൻ ഡെസ്കിന്മുകളിലൂടെ ഒരു ചാട്ടം. ചാട്ടം ചെന്ന് നിന്നത് അടുക്കളയിൽ. പിന്നെ കണ്ടത് കത്തുന്ന വിറകു കൊള്ളിയുമായൊള്ളൊരു ഓട്ടം!
“അവൻ തൊടങ്ങി കലാപരിപാടി” ആശാന്റെ മുഖത്ത് വാഗ്വാദം നിന്നുപോയതിന്റെ നിരാശയുണ്ടായിരുന്നു.
വിജയപ്പൻ സ്കൂളിൽ പോകുന്നത് ഉപ്പുമാവ് തിന്നാൻ വേണ്ടി മാത്രമാണന്ന് കണ്ടുപിടിച്ചത് യാദൃശ്ചികമായിട്ടൊന്നുമല്ലായിരുന്നു. ഭക്തിപുരസരം ‘ഉപ്പുമാവ് ശരണം’ മന്ത്രവുമുരുവിട്ട് കൊണ്ട് വിജപ്പൻ ഉപ്പുമാവ് പുരയ്ക്ക് വലം വെയ്ക്കാൻ തുടങ്ങിയപ്പോൾ ‘ഉപ്പുമാവ് സാർ’ എന്ന് വിളിക്കുന്ന രാമൻ ചേട്ടൻ വിജയപ്പനെ അടുപ്പിലെ തീയൂതാൻ വിളിച്ചു. അങ്ങനെ വിജയപ്പൻ ‘തീയൂതി‘യായ് അറിയപ്പെടാൻ തുടങ്ങി! വിജയപ്പന് അതൊന്നും പ്രശ്നമല്ലായിരുന്നു. തീയൂതിയായാലും വയറ്റിലെ ആന്തൽ നിൽക്കുമെന്നുള്ളതുകൊണ്ട് ഉപ്പുമാവ് പുരയിലെ ജോലി വിജയപ്പൻ സ്ഥിരമാക്കി. ഉപ്പുമാവ് സാർ സന്തുഷ്ടനായി!
പക്ഷേ വില്ലനായി അവതരിച്ചത് സുഗതൻ സാറാണ്. വിജയപ്പന്റെ തീയൂതൽ അറിഞ്ഞ സുഗതൻ സാർ ഒരുനാൾ മുയലിനെ ചെവിയിൽ പിടിച്ച് തൂക്കിയെടുക്കുന്നത് പോലെ തൂക്കിയെടുത്ത് വിജയപ്പനെ അസംബ്ലിയിൽ കൊണ്ടുവന്നു. ഉപ്പുമാവ് തിന്നാൻ വേണ്ടി മാത്രം സ്കൂളിലെത്തുന്നവനെന്ന കുറ്റം വിജയപ്പനിൽ ആരോപിക്കപ്പെട്ടു! ചെവിയിൽ തൂക്കിയെടുത്ത് കൊണ്ടുവന്ന് തുടയ്ക്കിട്ടടിച്ചതിൽ വിജയപ്പന് സങ്കടമുണ്ടായില്ല. പക്ഷേ ഇനിമുതൽ ഉപ്പുമാവ് പുരയുടെ പരിസരത്ത് പോലും കാണരുതെന്ന അന്ത്യശാസന വിജയപ്പനിൽ സങ്കടമുണ്ടാക്കി. പാവം വിജയപ്പൻ! ഇനി മുതൽ ഒറ്റയ്ക്ക് തീയൂതണമല്ലോയെന്നോർത്തിട്ട് ഉപ്പുമാവ് സാറിനും സങ്കടമുണ്ടായി. ഉപ്പുമാവില്ലാത്ത ഒരു സ്കൂൾ ജീവിതത്തെക്കുറിച്ച് വിജയപ്പന് സ്വപ്നം കാണുവാൻ പോലുമായിരുന്നില്ല്ല. അതോടെ നിർത്തി വിജയപ്പൻ സ്കൂൾ ജീവിതം. മഴപെയ്താൽ പോലും സ്കൂളിന്റെ വരാന്തയിൽ കയറില്ലായെന്ന് കൈതത്തിൽ അമ്പലനടയിൽ ചെന്ന് വിജയപ്പൻ ഏത്തമിട്ട് പറഞ്ഞു.
അതുകണ്ടുനിന്ന ശാന്തിക്കാരൻ വിജയപ്പനെ അമ്പലത്തിലേയ്ക്ക് ക്ഷണിച്ചു. പ്രസാദവും, പായസവും, അവലും, മലരും, ശർക്കരയും, പഴവുമെല്ലാം ഉപ്പുമാവിനേക്കാൾ രുചികരമാണന്ന് വിജയപ്പൻ തിരിച്ചറിഞ്ഞു. ചെവിയ്ക്ക് പിടിച്ച് പുറത്ത് തള്ളാൻ അവിടെയൊരു സുഗതൻ സാർ ഇല്ലാതിരുന്നതിനാൽ കിണ്ടികഴുകലും, വിളക്ക് തുടയ്ക്കലുമായി ഒരു സന്തുഷ്ടജീവിതം നയിക്കുമ്പോഴാണ് അപ്രതീക്ഷിതമായി വിജയപ്പനൊരു ഉദ്യോഗകയറ്റം കിട്ടുന്നത്.
കതിനവാസു മുന്നറിയിപ്പില്ലാതെ അമ്പലത്തിൽ വരാതിരുന്ന ഒരു ദിവസമാണ് സെക്രട്ടറി പരീക്ഷണാർത്ഥം വിജയപ്പനെ ഉപയോഗിച്ചത്. വിജയപ്പൻ വിജയിച്ചു എന്ന് പറഞ്ഞാൽ മതിയല്ലോ. വിജയപ്പന്റെ വിജയം ഉത്തരവാദിത്തബോധമില്ലാതെ സെക്രട്ടറിയെ വലച്ചിരുന്ന കതിനവാസുവിന്റെ പുറത്താക്കലിൽ അവസാനിച്ചു. കതിനപൊട്ടിക്കുന്നതും നിറയ്ക്കുന്നതുമെല്ലാം വിജയപ്പന്റെ ചുമതലയായി. പുതിയ ജോലി വിജയപ്പനും ഇഷ്ടമായി. വിളക്ക് തുടക്കുന്നതും, പാത്രം കഴുകുന്നതും കണ്ട് ഊറിച്ചിരിയുമായി പൊയ്ക്കൊണ്ടിരുന്ന ഭക്തകൾ ഒന്നടങ്കം ഇപ്പോൾ വെടിരസീതുമായി വിജയപ്പന്റെ അടുക്കൽ വരുവാൻ തുടങ്ങി. വിജയപ്പന് തിരക്കോട് തിരക്ക് തന്നെ! വിശേഷ ദിവസങ്ങളിൽ പറയുകയും വേണ്ട. അവലും, മലരും, പഴവും, പായസവും നേരാംവണ്ണം രുചിയറിഞ്ഞ് കഴിക്കുവാൻ വിജയപ്പന് സമയം കിട്ടാതായി. അവലും മലരും കഴിക്കാൻ പറ്റിയില്ലെങ്കിലും വിജയപ്പൻ സന്തുഷ്ടനായിരുന്നു. കൈയിൽ കുറച്ച് ചില്ലറ കിട്ടുമെന്നുള്ളതുകൊണ്ട് വിജയപ്പൻ കൂടുതൽ സന്തോഷവാനായി. ‘ആദ്യം ദക്ഷിണ പിന്നെ വെടി’ എന്ന നിലപാടാണ് വിജയപ്പൻ തുടക്കം മുതൽ കൈക്കൊണ്ടത്. അതുകൊണ്ട് തന്നെ വെടിപൊട്ടിയില്ലെങ്കിലും കാശ് വിജയപ്പന് കിട്ടിക്കൊണ്ടുമിരുന്നു.
സുന്ദരസുരഭിലമായി ജീവിതമിങ്ങനെ നീങ്ങിക്കൊണ്ടിരുന്ന ഒരു ദിനത്തിലാണ് വിജയപ്പന്റെ കതിന പണി മുടക്കിയത്. എത്ര ശ്രമിച്ചിട്ടും കതിന പൊട്ടുന്നില്ല. വെടിമരുന്ന് പുറത്തെടുത്ത് വീണ്ടും നിറച്ച് നോക്കി. രക്ഷയില്ല. കതിന പൊട്ടുന്നില്ല. ഭക്തജനങ്ങൾ അക്ഷമരായി. ചിലർ കതിന വാസുവിനെ അനുകൂലിച്ച് സംസാരിക്കാൻ തുടങ്ങി. ചിലർ സെക്രട്ടറിയെ കുറ്റം പറഞ്ഞു. ചിലർക്ക് വിജയപ്പനോട് അനുകമ്പ തോന്നി. ഏതു ജോലിയായാലും പരിചയസമ്പന്നത എന്നൊന്ന് വേണമെന്ന് ആളുകൾ അഭിപ്രായം പറഞ്ഞു. വിജയപ്പൻ നിന്ന് വിയർത്തു. കരിമരുന്ന് കത്തി കത്തി കുറ്റിയുടെ അടുത്ത് ചെന്ന് അയ്യോ പറ്റിച്ചേ എന്ന മട്ടിൽ അണഞ്ഞു പോകുന്നു. എത്ര ശ്രമിച്ചിട്ടും കുറ്റിയുടെ അകത്തോട്ട് തീ പിടിക്കുന്നില്ല. തീ കുറ്റിയ്ക്കകത്ത് കയറിയില്ലെങ്കിലും വിജയപ്പന്റെ തലയ്ക്കകത്ത് ഒരു നിമിഷത്തേക്കെങ്കിലും ബുദ്ധി കയറി. കയറിയ ബുദ്ധി പുറത്തേക്ക് പോകുന്നതിന് മുന്നേ വിജയപ്പൻ ഊതി. കത്താതിരുന്ന കതിനയിൽ ശക്തമായി ഊതി. അത്ഭുതം! അതുവരെ പണിമുടക്കിയിരുന്ന കതിന പതിവിനേക്കാൾ ശക്തിയിൽ പൊട്ടി. പൊട്ടല് കേട്ട് ഭക്തജനങ്ങൾ ഞെട്ടി. കൂടെ കതിനയെ വെല്ലുന്നൊരു കരച്ചിലുമുണ്ടായി. വെടിയുടെ പുകയും ശബ്ദവും മാറിയപ്പോൾ ആളുകൾ വിജയപ്പന്റെ മുഖം കണ്ടു! പാവം വിജയപ്പൻ മാത്രം ആരേയും കണ്ടില്ല.
ദൈവകോപം കൊണ്ടാണ് വിജയപ്പന്റെ മുഖം കത്തിയതെന്ന് വിശ്വാസികൾ വാദിച്ചു. ബാലവേല ശിക്ഷാർഹമാണന്നും അതുകൊണ്ട് സെക്രട്ടറി ശിക്ഷാർഹനാണന്നും അവിശ്വാസികൾ പറഞ്ഞുപരത്തി.സെക്രട്ടറിയെ ജനം പ്രതിസ്ഥാനത്താക്കി. ദൈവത്തിന് ബാലനെന്നോ വൃദ്ധനെന്നോ ഉള്ള വേർതിരിവൊന്നുമില്ലന്ന് സെക്രട്ടറി വാദിച്ച് നോക്കി. ജനം കേട്ടില്ല. അമ്പലപ്പറമ്പിൽ പലവട്ടം യോഗങ്ങൾ നടന്നു.
കതിനവാസുവിനെ തിരിച്ച് കൊണ്ടുവരികയല്ലാതെ സെക്രട്ടറിക്ക് വേറെ വഴിയില്ലായിരുന്നു. കതിനപൊട്ടാൻ തുടങ്ങിയതോടെ ജനങ്ങൾ ദൈവകോപവും നിയമവശങ്ങളും മറന്നു. കാലങ്ങൾക്ക് ശേഷവും കരിമരുന്നേല്‍പ്പിച്ച പാടുകൾ വിജയപ്പന്റെ മുഖത്ത് നിന്നും, അതിന്നിടയാക്കിയ കൃത്യം ജനങ്ങളുടെ മനസ്സിൽ നിന്നും മാറാതെ നിന്നു.
ഗ്രാമത്തിന്റെ ചരിത്രത്തിൽ ആദ്യമായി വെടിമരുന്ന് ഊതിക്കത്തിച്ചവൻ എന്ന നിലയിൽ വിജയപ്പൻ വിഖ്യാതനായി!
“ആശാനെ, നല്ല കടുപ്പത്തിലൊരു കട്ടൻചായ പോരട്ടെ.” ഓടിക്കേറി വരുന്ന വഴിക്ക് തന്നെ ചായയ്ക്ക് ഓഡർ കൊടുത്തിട്ട് വിജയപ്പൻ നിന്നണയ്ക്കുകയായിരുന്നു. അപ്പോഴും വിറക് കൊള്ളി കൈയിലുണ്ടായിരുന്നു. തീ അണഞ്ഞ് പോയിരുന്നു എന്ന് മാത്രം.
“ഇത്തവണയും കിട്ടിയില്ല അല്ലേ?” ചായക്കടയിലിരുന്നവർ ചോദിച്ചു.
“കിട്ടും... ഒരു നാൾ കിട്ടും...അന്നു ഞാനവനെയൊക്കെ....”ഒരു പരിപ്പുവട വിജയപ്പന്റെ പല്ലുകൾക്കിടയിലിരുന്ന് ഞെരിഞ്ഞു.
“വെടിയൂതീ...” ഇരുട്ടത്ത് നിന്നും വീണ്ടും വിളികേട്ടു.
“നീയിവിടെങ്ങാനും അടങ്ങിയൊതുങ്ങി ഇരിയടാ. വിളിച്ച് മടുക്കുമ്പോൾ അവന്മാര് പൊയ്ക്കോളും.” ആശാനത് പറയുന്നത് കേൾക്കാൻ വിജയപ്പനവിടുണ്ടായിരുന്നില്ല. പുറത്തെ ഇരുട്ടിൽ അവൻ അപ്രത്യക്ഷനായിരുന്നു.
11 comments:
ഒടുക്കമില്ലാത്ത ഓട്ടം!
സതീശേട്ടാ നന്നായിട്ടുണ്ട് ഈ ഓട്ടം... വിജയപ്പന്‍ മത്രമൊന്നുമല്ല ഞങ്ങളും ഓടുകയാണു ഒടുക്കമില്ലത്ത ഓട്ടം
കൊള്ളാം!
നാട്ടിന്‍ പുറം നന്മകളാല്‍ സമൃദ്ധം.
എല്ലാവര്‍ക്കും എല്ലാവരേയും പരസ്പരം അറിയാം.
അതു കൊണ്ട് തന്നെ ഒരു കാണാചരടു കൊണ്ടുള്ള ബന്ധനം തമ്മിലുണ്ട് ,
വളരെ നല്ല വശങ്ങള്‍ ഉണ്ടതിന് ...
കഥ പറഞ്ഞ രിതി നന്നായി ആശാന്റെ ചായക്കടയില്‍ എത്തിയപോലെ തോന്നി .
““ദേ, കാര്യോക്കെ പറഞ്ഞേക്കാം, അമേരിക്കേനെ എന്ത് വേണേ പറഞ്ഞോ...പക്ഷേ റഷ്യേനേ തൊട്ടാലുണ്ടല്ലോ...”
ഇത് നല്ല ഒര്‍ജിനാലിറ്റിയുള്ള് ഡയലോഗ് :)
ആശംസകള്‍..
അസ്സലായി..ഇഷ്ടപ്പെട്ടു.
കഥ ഇഷ്ടപ്പെട്ടു.....വിജയപ്പനും കതിനവാസുവൊമൊക്കെ നാട്ടില്‍ പരിചയമുള്ള പലരേയുമോര്‍മ്മിപ്പിച്ചു.....ആശംസകള്‍....
കലക്കി മാഷെ.....
ആശംസകള്‍
വിജയപ്പനെ നന്നായി അവതരിപ്പിച്ചിരിയ്ക്കുന്നു, സതീശേട്ടാ... നാട്ടിന്‍പുറങ്ങളില്‍ മാത്രം കാണുന്ന നിഷ്കളങ്കതയോടെ...
നാട്ടിന്‍പുറം തന്മയത്ത്വത്തോടെ അവതരിപ്പിച്ചിരിക്കുന്നു. ഉപ്പുമാവ് പുരയില്‍ തീയൂതികളായിട്ടുള്ള ക്ലാസ്മേറ്റ്സ് എനിക്കും ഉണ്ടായിരുന്നു.ഇവരെ സ്വാധീനിച്ച് അളവില്‍ കൂടുതല്‍ ഉപ്പുമാവ് കരസ്ഥമാക്കികൊണ്ടിരുന്ന ബാല്യകാലം ഓര്‍മ്മവന്നു ഇതു വായിച്ചപ്പോള്‍.
കുറേ നാളു കൂടിയാ ഇവിടൊന്നു കേറാനൊത്തതു. സതീശന്റെ ഗ്രാമീണത തുളുമ്പുന്ന കഥ വായിച്ചപ്പോ വീണ്ടും നാട്ടിൻപുറത്തെത്തിയ പ്രതീതി.
N.B.: ഫോട്ടോ കലക്കീട്ടുണ്ട്. ആശ എടുത്തതാവുമല്ലോ?
ഷബീർ,മാണിക്യം,സിജു,സ്മിത ആദർഷ്,മയില്‍പ്പീലി,എസ് വി,ശ്രീ, കനൽ,സുജ ഏവർക്കും ഒരുപാട് നന്ദി.
Post a Comment