വാർഡകരിയും പിന്നെ ബാർലിയും
Sunday, January 25, 2009
തെക്കത്തമ്മയ്ക്ക് സുഖമില്ല എന്ന വിവരമറിഞ്ഞാണ് അപ്പുക്കുട്ടൻ അച്ഛന്റെയും അമ്മയുടേയും കൂടെ തെക്കുവീട്ടിലെത്തിയത്. ആലപ്പുഴയിൽ നിന്നും ബസ്സിൽ റോഡുമുക്കിലെത്തിയാൽ തെക്കുവീട്ടിലെത്തിച്ചേരാൻ രണ്ട് വഴികളുണ്ട്. പാടത്തിന്റെ വരമ്പിലൂടെ നടന്നു വീട്ടിലെത്തിച്ചേരാം. അല്ലങ്കിൽ പമ്പയിലൂടെ വള്ളത്തിൽ. എങ്ങനെ പോയാലും ഏറ്റവും കുറഞ്ഞത് അരമണിക്കൂറെങ്കിലും എടുക്കും വീടെത്തുവാൻ!
തെക്കത്തമ്മയ്ക്ക് അസുഖമായതിനാൽ ഇത്തവണ ആരും വള്ളവുമായി കടവിലില്ലായിരുന്നു. നടപ്പുതന്നെ ശരണം! വെറും നടപ്പാണങ്കിൽ സാരമില്ലായിരുന്നു. പത്ത് പതിനെട്ട് പാലം കയറണം! അതും ഒറ്റത്തടി പാലങ്ങൾ. ചെറുതും വലുതുമായ തോടുകൾക്ക് കുറുകേയാണ് പാലങ്ങൾ! തെങ്ങിൻതടിപാലങ്ങൾ! ഇത്രേം വലിപ്പമുള്ള തെങ്ങുകളെവിടുന്നു കിട്ടുന്നു എന്ന് അപ്പുക്കുട്ടന് പലപ്പോഴും സംശയം തോന്നിയിട്ടുമുണ്ട്.
കൊയ്ത്തിന് തയ്യാറായി നിൽക്കുന്ന നെല്‍പ്പാടത്തിന് നടുവിലൂടെയുള്ള നടത്തം അപ്പുക്കുട്ടന് എന്നും ആവേശമായിരുന്നു. പമ്പയിലെ കാറ്റിലാടി നെൽച്ചെടികൾ അപ്പുക്കുട്ടന്റെ ശരീരത്തിൽ മുട്ടും. പുതുനെല്ലിന്റെ മണം അപ്പുക്കുട്ടന് കൂടുതൽ ഉന്മേഷം നൽകും. സ്വർണ്ണനിറമണിഞ്ഞ് നോക്കെത്താ ദൂരത്തോളം കിടക്കുന്ന പാടശേഖരങ്ങളും,നെല്ല് തിന്നാനെത്തുന്ന തത്തകളും, മാടത്തകളും, ഇടയ്ക്കിടയ്ക് പൊങ്ങിമറയുന്ന പലവർണ്ണങ്ങളിലുള്ള ചിത്രശലഭങ്ങളും എന്നും അപ്പുക്കുട്ടന് ഹരമായിരുന്നു. പാടശേഖരങ്ങളുടെ ഭംഗിയുമാസ്വദിച്ച്,പാലത്തിന്മേൽ സർക്കസും കാണിച്ച് തെക്കുവീടെത്തിയാൽ പിന്നെ അപ്പുക്കുട്ടന് വിശ്രമമില്ല. പ്രദീപനെ തേടിപ്പിടിക്കലാണ് ആദ്യപണി. അവനെ കണ്ടുകിട്ടുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഏതെങ്കിലും പാടത്തിന് നടുവിലോ തെക്കേത്തോട്ടിൽ നീന്തിക്കുളിക്കുന്നവരുടെ കൂട്ടത്തിലോ, കുരുത്തോല വലിച്ച് കരിമീൻ പിടിക്കുന്നവരുടെ കൂടെയോ ചിലപ്പോൾ അവനെ കണ്ടെന്നിരിക്കാം. അല്ലെങ്കിൽ ചൂണ്ടയുമായി ഏതെങ്കിലും കൈതപ്പൊന്തകൾക്കരികിൽ കാണാം. എവിടെയാണെന്ന് എങ്ങനെ കണ്ടുപിടിക്കും? തെക്കുവീടിന്റെ മൂന്നുവശവും വയലുകളാണ്. നോക്കെത്താ ദൂരത്തോളം നീണ്ടുകിടക്കുന്ന വയലുകൾ! വയലുകളുടെ അങ്ങേത്തലയ്ക്കലെ വീടുകൾ തീപ്പെട്ടിക്കൂടുകൾ പോലെ തോന്നും.! ഓരോരോ പാടങ്ങൾക്കും പേരുകളുണ്ട്. മനുഷ്യർക്കുള്ളതുപോലെ! പശുക്കൾക്കുള്ളതുപോലെ! പാടങ്ങൾക്ക് പേരുള്ളത് നല്ലതാണ്. അല്ലങ്കിൽ അപ്പുക്കുട്ടൻ എങ്ങോട്ടാണ് പോകുന്നതെന്ന് എങ്ങനെ അമ്മയോട് പറയും?
തെക്കുവീടിന്റെ നേരെ വാതുക്കലെ പാടമാണ് വാർഡകരിപ്പാടം. വലതുവശത്ത് വലിയതോട് കടന്നുകഴിഞ്ഞാൽ കരീത്രപാടം. പുറകിലൊരു ചെറിയപാടമാണ്. അതു കഴിഞ്ഞാൽ പമ്പയാണ്. എങ്ങോട്ടാണ് പോകേണ്ടതെന്ന് കരുതി നിൽകുമ്പോഴാണ് അമ്മയുടെ പ്രഖ്യാപനം.” അപ്പുക്കുട്ടാ, എങ്ങോട്ടും പോകരുത്. തെക്കത്തമ്മയ്ക്ക് സുഖമില്ലാണ്ടിരിക്കുവാ.“
അസുഖമായാൽ മരുന്ന് വാങ്ങണം. അല്ലാണ്ട് അപ്പുക്കുട്ടന് വിലക്ക് നൽകിയാൽ അസുഖം മാറുമോ? ആരോടും പറഞ്ഞിട്ട് കാര്യമില്ല. വെറുതേ എന്തിനാ തൊടേലെ തൊലി കളയണത്. വാതുക്കലെ കടവിൽ തല മിന്തിച്ച് കളിക്കുന്ന പള്ളത്തിമീനുകളോട് അപ്പുക്കുട്ടൻ കിന്നാരം തുടങ്ങി.
“അപ്പുക്കുട്ടാ...”
ദേ പിന്നേം വിളി. എങ്ങും പോവാനും സമ്മതിക്കില്ല. സ്വസ്ഥമായിട്ട് ഇരിക്കാനും സമ്മതിക്കില്ല്ലാന്ന് വെച്ചാൽ...
“എടാ, നീ ആ കുട്ടപ്പായീടെ പീടികേന്ന് കൊറച്ച് ബാർലി വാങ്ങി വാ. തെക്കത്തമ്മയ്ക്ക് വെള്ളം തിളപ്പിച്ച് കൊടുക്കാനാ.
അപ്പുക്കുട്ടന് അമ്മ പറഞ്ഞത് മുഴുവനും കേൾക്കാൻ കഴിഞ്ഞില്ല. പരലുകളും,പള്ളത്തികളുമായി സൊള്ളിക്കൊണ്ടിരിക്കുമ്പോൾ എന്തുകേൾക്കാൻ...എന്തു മനസ്സിലാക്കാൻ....
“എന്തോന്നാ പറഞ്ഞേ?”
“ഈ കൊച്ചന്റെ കാര്യം! ഒരു കാര്യം നൂറു തവണ പറയണം. എടാ ബാർലി വാങ്ങീട്ട് വരാൻ.”
“എന്തോന്നാടി അമ്മ പറഞ്ഞേ?” കണ്ണിമാങ്ങ ഉപ്പും കൂട്ടി കടിച്ചുകൊണ്ടിരുന്ന സേതുവിനോട് അപ്പുക്കുട്ടൻ ചോദിച്ചു.
“അതേ ചേട്ടൻ വാർഡകരീ പൊയ്ക്കോളാനാ അമ്മ പറയണത്.”
രോഗി ഇച്ഛിച്ചതും വൈദ്യൻ കല്‍പ്പിച്ചതും പാല്!
അപ്പുക്കുട്ടൻ കടവിലെ കല്‍പ്പടവിൽ നിന്നും ഇരുന്ന ഇരുപ്പിൽ മുകളിലോട്ട് ചാടി. പള്ളത്തികളും, പരലുകളും തല വെള്ളത്തിനടിയിലാക്കി.
നീളത്തിൽ വാഴനാര് കീറിയെടുത്ത് അപ്പുക്കുട്ടൻ അരയ്ക്ക് ചുറ്റിയിട്ടു. വണ്ടി സ്റ്റാർട്ട് ചെയ്തു.
“അയ്യോ, പോകല്ലേ...ഞാനുമുണ്ടേ...” സേതു ഓടി വന്ന് വണ്ടീടെ പുറകിൽ കയറി.
ഗിയറിട്ട് പിന്നെ ഒറ്റക്കുതിപ്പായിരുന്നു.
“ഞാൻ നല്ലവണ്ണം പിടിച്ചതുപോലുമില്ല.അതിനുമുന്നേ...” സേതുവിന് പറഞ്ഞ് തീർക്കാൻ പറ്റിയില്ല. അവൾ മുന്നോട്ടൊന്നാഞ്ഞു.
വണ്ടി പാഞ്ഞുകൊണ്ടിരുന്നു. വാർഡകരി പാടത്തിന്റെ വരമ്പിലൂടെ...ഒറ്റക്കാലിലിരുന്ന കൊക്കുകൾ പറന്ന് പൊങ്ങി. സേതു കിലുകിലെ ചിരിച്ചു. മാടത്തകളും തത്തകളും ഇടയ്ക്കിടയ്ക്ക് പറന്നുപൊങ്ങുന്നുണ്ടായിരുന്നു. പക്ഷേ എങ്ങും പ്രദീപനെ മാത്രം കണ്ടില്ല. വണ്ടി നിർത്താതെ വാർഡകരി പാടത്തിന് മൂന്നു വലം വെച്ചു.
“ഇനി വീട്ടീ പോകാം. ദാഹിക്കുണു.” സേതുവിന് ദാഹം മാത്രേ ഉള്ളു. അപ്പുക്കുട്ടന്റെ വയറ് കത്തുകയാണ്.
വാതുക്കലെ നാടൻ മാവിനെ വലം ചുറ്റി സഡൻ ബ്രേക്കിട്ട് വണ്ടി നിർത്തി. അല്ലെങ്കിൽ അമ്മയെ ഇടിച്ചിട്ടേനേ.
“എവിടെടാ ബാർലി?മണിക്കൂറ് രണ്ടായല്ലോ പോയിട്ട്”
“ബാർലിയോ? വാർഡകരീപ്പൊയ്ക്കോളാൻ പറഞ്ഞിട്ട്...” അപ്പുക്കുട്ടൻ തലചൊറിഞ്ഞു.
“അതേ ഈ ചേട്ടൻ വാർഡകരീല് കറങ്ങീട്ട് വരികയാ അമ്മേ.” സേതു കണ്ണിമാങ്ങ കൂട്ടിക്കടിക്കാൻ ഉപ്പിനായി അടുക്കളേലേക്കോടി.
“നിന്നെ ഇന്നു ഞാൻ...” അമ്മ ഈർക്കിലെടുത്തു.
എവിടെക്കിട്ടാൻ!! അപ്പുക്കുട്ടനപ്പോൾ വണ്ടിയുമുപേക്ഷിച്ച് ഓടിക്കഴിഞ്ഞിരുന്നു.
11 comments:
ഹ ഹ. സേതുവിന് അപ്പോള്‍ ഓസിനൊരു സവാരി തരപ്പെട്ടു അല്ലേ? അടി കിട്ടിയാല്‍ തന്നെ അപ്പുക്കുട്ടനല്ലേ കിട്ടൂ...
;)
അപ്പോള്‍ സേതുവാണ് താരം, പാവം അപ്പുക്കുട്ടന്‍.. അല്ലെങ്കിലും അപ്പുക്കുട്ടന്‍ എപ്പോഴും പാവമായിരുന്നില്ലെ..
നഷ്ടപ്പെട്ടു പോയ ആ കാലം ഇനി ഇന്നിന്റെ മക്കളിലൂടെ കാണാനും പറ്റില്ല, പക്ഷെ സതീഷ്ഭായിലൂടെ ഞാന്‍ കണ്ടു, സന്തോഷമായി മാഷെ
):
കുട്ടനാട്ടിലെ പാടങ്ങള്‍ക്കല്ലാം കരിയില്‍ അവസാനിക്കുന്ന പേരുകള്‍ ആണല്ലേ...പോസ്റ്റ് കൊള്ളാം
കൊച്ചുപോസ്റ്റ് രസായി ഭായി
:-)
ഉപാസന
നന്നായി സതീഷേട്ടാ
very good nostalgia
അസ്സലായി അപ്പുക്കുട്ടാ.
കുഞ്ഞൻ പറഞ്ഞതു (“... അല്ലെങ്കിലും അപ്പുക്കുട്ടന്‍ എപ്പോഴും പാവമായിരുന്നില്ലെ..“) വായിച്ചപ്പൊ, മലയാറ്റൂർ കഥകളിലെ പഞ്ചപാവമായ ഐ.എ.എസ്. നായകന്മാരെ ഓർത്തുപോയി :(
വണ്ടിയുടെ അടുത്ത ട്രിപ്പിലെങ്കിലും തെക്കത്തമ്മക്കു വാഡകരി അല്ല ബാർലി കിട്ടിയെന്നു കരുതുന്നു.
നല്ല പോസ്റ്റ്....!
ആശംസകള്‍...*
ശ്രീ,കുഞ്ഞൻ,അരീക്കോടൻ,ഗൗരീനാഥൻ,ഉപാസന,ദീപു,
സച്ചിൻ,സുജ,ശ്രീഇടമൺ. എല്ലാവർക്കും നന്ദി.
Post a Comment