Followers

വെളിച്ചപ്പാട്

Sunday, March 1, 2009

അത്ഭുതം!
അത്ഭുതം സംഭവിച്ചത് കൈമൾക്കാണ്. കൈമൾ പറമ്പിൽ കിളച്ചുകൊണ്ട് നിന്നപ്പോഴാണ് അത്ഭുതം സംഭവിച്ചത്. കൈമൾ എന്തിനാണ് പറമ്പിൽ കിളയ്ക്കാൻ പോയത് എന്ന് ചോദിക്കരുത്. അതിനുത്തരമില്ല.കൈമൾക്ക് കിളക്കേണ്ടതിന്റെയും വിതയ്ക്കേണ്ടതിന്റേയും ആവശ്യമില്ല.മോഷണം നടത്തി ജീവിച്ചിരുന്നവൻ എന്തിന് ശരീരം അനങ്ങി പണിയെടുക്കണം!!
‘മോഷണവും ഒരു തൊഴിലല്ലേ? അതിനും ശരീരാദ്ധ്വാനം ആവശ്യമില്ലേ? സർവ്വോപരി ഇത്രയും ഏടാകൂടം പിടിച്ച പണി വേറെയുണ്ടോ?’ എന്നൊക്കെ ചോദിക്കുന്നവരുണ്ടാകാം. ഉണ്ടായിക്കോട്ടെ. പക്ഷേ അവരെല്ലാം കൈമൾക്ക് കൂട്ട് നിൽക്കുന്നവരാണന്നേ പറയാൻ പറ്റുള്ളു. കള്ളന് കൂട്ടുനിൽക്കുന്നവർ! കൈമൾ കള്ളനാണന്ന് എല്ലാവർക്കും അറിയാം. കൈമൾ എങ്ങനെ കള്ളനായി എന്നാർക്കുമറിയില്ല. എന്തായാലും ജനിച്ചപ്പോഴേ കള്ളനല്ലായിരുന്നു എന്നത് സുനിശ്ചിതം! കാരണം. കൈമൾക്ക് കള്ളനാകേണ്ടതിന്റെ ആവശ്യമില്ലായിരുന്നു എന്നുള്ളത് തന്നെ. എന്തുകൊണ്ട് കൈമൾക്ക് കള്ളനാകേണ്ടതിന്റെ ആവശ്യമില്ലായിരുന്നു എന്ന് ചോദിച്ചാൽ കൈമൾ നല്ലൊരു കുടും‌ബത്തിലെ അംഗമായിരുന്നതിനാലാണ് എന്ന് ഉത്തരം. നല്ല കുടും‌ബത്തിലെ അംഗത്തിന് കള്ളനാകാൻ പാടില്ലേ എന്ന് ചോദിച്ചാൽ പിന്നേം കുഴങ്ങും. എന്തിനാ ആവശ്യമില്ലാത്ത ചോദ്യങ്ങൾ ചോദിക്കുന്നത്? എന്തിനാ ആവശ്യമില്ലാത്ത ഉത്തരങ്ങൾ കണ്ടുപിടിക്കാൻ ശ്രമിച്ച് സമയം പാഴാക്കുന്നത്? കൈമൾ കള്ളനാണ്. ഒരുതരം. രണ്ടുതരം.മൂന്നുതരം. കള്ളനെ കൈയോടെ പിടിച്ചിട്ടുള്ളതുമാണ്. കള്ളനെ എങ്ങനെ പിടിച്ചു എന്ന് ചോദിച്ചാൽ അതൊരു കഥയാണ്. കള്ളനെ ആരു പിടിച്ചു എന്ന് ചോദിച്ചാൽ അതൊരു രസകരമായ സംഗതിയാണ്.

കള്ളന്റെ ശല്യം സഹിക്കാതെ നാട്ടുകാർ നെട്ടോട്ടമോടുന്ന കാലം! കള്ളൻ എന്തും മോഷ്ടിക്കും. ഇന്നതേ മോഷ്ടിക്കൂ എന്നുള്ള വലിയഭാവമൊന്നും കള്ളനില്ല. കൈയിൽ കിട്ടുന്ന എന്തും കള്ളൻ മോഷ്ടിക്കും. സോപ്പ്,ചീപ്പ്, കണ്ണാടി,കലം,വട്ടി,ചട്ടി തുടങ്ങി അടിവസ്ത്രങ്ങൾ വരെ കള്ളൻ മോഷ്ടിക്കും. കള്ളൻ എവിടുന്നാണ്...എപ്പോഴാണ്...എന്താണ് മോഷ്ടിക്കുന്നത് എന്ന് ആർക്കും പ്രവചിക്കാൻ പറ്റാത്ത അവസ്ഥ. ഓരോരുത്തരും അവരവരുടെ ബുദ്ധിയ്ക്ക് അനുസൃതമായ രീതിയിൽ ഓരോരോ കുരുക്കുകൾ ഉണ്ടാക്കിക്കൊണ്ടിരുന്നു കള്ളനെ പിടിക്കാൻ. പക്ഷേ കുരുത്തംകെട്ട കള്ളനെ മാത്രം കിട്ടിയില്ല.

പനമ്പ് കുത്തിമറച്ച വീടിന്റെ ഓലകൊണ്ടുള്ള വാതിലിലാണ് കള്ളനെ പിടിക്കാൻ അമ്മ പദ്ധതി ആസൂത്രണം ചെയ്തത്. തികച്ചും ബുദ്ധിപരമായ ഒരു രീതി എന്നാണ് അമ്മ അതിനെ വിശേഷിപ്പിച്ചത്! പോഷത്തരം എന്ന് അച്ഛനും! വാതില് കയറിട്ട് കെട്ടാതെ അമ്മ അതിന്റെ പുറകിൽ ഉലക്ക ചാരി വെച്ചു. ഉലക്കയ്ക്ക് പുറകിൽ അലൂമിനിയവും ചെമ്പ് കലങ്ങളും നിരത്തി വെച്ചു. സംഗതി വളരെ എളുപ്പം! കള്ളൻ വരുന്നു. കതകിൽ പിടിക്കുന്നു. ഉലക്ക മറിയുന്നു. പാത്രങ്ങളുടെ പുറത്ത് വീഴുന്നു. ശബ്ദം കേട്ട് അമ്മയും അച്ഛനും എണീക്കുന്നു. കള്ളനെ പിടിക്കുന്നു. അങ്ങനെ നാട്ടുകാരുടെ അഭിമാനപാത്രമായി അമ്മ മാറുന്നു. അമ്മയുടെ ചിന്ത ഇങ്ങനെയൊക്കെ ആയപ്പോൾ അച്ഛൻ പറഞ്ഞത് കള്ളന് പണി എളുപ്പമായെന്നാണ്! ഇനി പാത്രങ്ങൾക്ക് വേണ്ടി തെരഞ്ഞ് നടക്കേണ്ടല്ലോ!!!!! നെരത്തിവെച്ചിരിക്കുകയല്ലേ എല്ലാം. പക്ഷേ അമ്മയുടെ കെണിയിൽ വീഴാൻ കള്ളൻ വന്നില്ല. അതിനർത്ഥം കള്ളൻ പണി നിർത്തി എന്നല്ല. കള്ളൻ മറ്റു വീടുകളിൽ കയറിക്കൊണ്ടിരുന്നു. ഓരോ ദിവസവും പുലരുന്നത് പുത്തൻ മോഷണവിശേഷങ്ങളുമായിട്ടായിരുന്നു.

കള്ളനെ പിടിക്കാൻ ഉരല് പൊക്കി ജിമ്മടിക്കുന്ന പുക്കരന്റെ നേതൃത്വത്തിൽ സേന രൂപം കൊണ്ടു. അവർ രാത്രികാലങ്ങളിൽ നാടിന്റെ പല ഭാഗങ്ങളിലായി റോന്തുചുറ്റിക്കൊണ്ടിരുന്നു. പുക്കരന് കൂടുതൽ കരുത്ത് നൽകാൻ ദിവസവും രാവിലെ അമ്മ മുളപ്പിച്ച കടല നൽകിപ്പോന്നു.പക്ഷേ കടല തീർന്നതല്ലാതെ കള്ളൻ മാത്രം വലയിൽ വീണില്ല.“കള്ളനെ പിടിക്കാനെന്ന പേരിൽ പുളിഞ്ചോട്ടിലിരുന്ന് ചീട്ട് കളിക്കയല്ലേ അവന്മാരുടെ പണി. കള്ളനെ എങ്ങനെ കിട്ടാനാ?” അമ്മ മാഞ്ചുവട്ടിലിരുന്ന് പറയുന്നത് കേട്ടു.

കള്ളനെ പിടിക്കാൻ അമ്മയെ പോലെ ബുദ്ധിമതികൾ പലപല പദ്ധതികളും ആവിഷ്ക്കരിച്ചുപോന്നു. പുക്കരനെ പോലെയുള്ള കരുത്തന്മാർ അതിന് പിൻ‌ബലവും നൽകി. പക്ഷേ കള്ളൻ അതിലൊന്നും വീണില്ല. കള്ളൻ വീണത് വളരെ യാദൃശ്ചികമായിട്ടായിരുന്നു.

രാത്രിയിൽ നിർത്താതെയുള്ള കുര കേട്ടാണ് കുറുപ്പുണർന്നത്. വാതുക്കലെ തെങ്ങിൻ ചോട്ടിൽ മുകളിലോട്ട് നോക്കിയിരുന്ന് പട്ടി കുരയ്ക്കുന്നു. കുറുപ്പും നോക്കി മുകളിലോട്ട്. മുകളിലൊരനക്കം! കള്ളൻ...കള്ളൻ തെങ്ങിൽ... തേങ്ങയിടാൻ കള്ളൻ തെങ്ങിൽ കയറിയതാണന്നും അല്ല പട്ടി ഓടിച്ച് തെങ്ങിൽ കയറ്റിയതാണന്നും രണ്ടഭിപ്രായമുണ്ടായി. തെങ്ങിൻ ചോട്ടിൽ കിടന്ന തേങ്ങകൾ കള്ളൻ പിരിച്ചിട്ടതാണന്നും അല്ല പട്ടിയിൽ നിന്നും രക്ഷനേടാൻ പിരിച്ചെറിഞ്ഞതാണന്നും അഭിപ്രായമുണ്ടായി. എന്താണ് സംഭവിച്ചെതെന്നത് പട്ടിയ്ക്കും കള്ളനും ഇടയിലുള്ള രഹസ്യമായി നിന്നു.

നേരം പുലരുന്നത് വരെ കള്ളനെ തെങ്ങിൽ തന്നെ കെട്ടിയിട്ടു. നേരം പുലർന്ന് കഴിഞ്ഞ് കള്ളനെ ചെരുപ്പ് മാലയിട്ട് ആദരിച്ച് നാട് ചുറ്റിച്ചു. പാട്ട കൊട്ടി നല്ലൊരു ജനക്കൂട്ടം കള്ളനൊപ്പം കൂടി. അന്ന് കുറുപ്പിന്റെ ചായക്കടയിൽ പതിവിൽ കൂടുതൽ ആളുകളുണ്ടായിരുന്നു.കുറുപ്പ് വളരെ സന്തുഷ്ടനായി. റെക്കോഡ് കച്ചവടമാണ് നടന്നത്. പക്ഷേ കുറുപ്പിന്റെ സന്തോഷം അധിക ദിവസം നിന്നില്ല. എന്തുകൊണ്ടെന്നാൽ കള്ളൻ പിടിക്കപ്പെട്ടതിൽ പിന്നെ പുതിയ പുതിയ വിശേഷങ്ങളൊന്നും തന്നെയില്ലാതെയാണ് നാടുണർന്നിരുന്നത്. വിശേഷങ്ങളില്ലാതെ വന്നപ്പോൾ കൊച്ചുവർത്തമാനം പറയാൻ ചായക്കടയിൽ ആള് കുറഞ്ഞു. ചായക്കച്ചവടവും കുറഞ്ഞു. കുറുപ്പിന് പട്ടി പാരവെച്ചെന്ന് ചിലരൊക്കെ പറഞ്ഞു.

കൈമളെ കുറിച്ച് കുറേ നാളത്തേയ്ക്ക് പിന്നൊരറിവുമില്ലായിരുന്നു. കൈമളെ വീട്ടുകാർ ദൂരെ എവിടെയോ മാറ്റി നിർത്തിയെന്നും അല്ല സ്വഭാവ ശുദ്ധീകരണത്തിനായി ഏതോ സന്യാസി മഠത്തിലാക്കിയെന്നുമൊക്കെയുള്ള കഥകളുണ്ടായി. കൈമൾ നന്നാവുമോ? ചായക്കടയിലെ ചർച്ച പിന്നെ അതായി. “കൈമൾ നന്നായാലും ഇല്ലേലും നാട്ടുകാരെ നന്നാകാൻ അനുവദിച്ചാൽ മതിയാരുന്നു.” കുറുപ്പിനതായിരുന്നു വേവലാതി.
“തന്റെ കടേ കേറിയാ കള്ളന് എന്ത് കിട്ടാനാ? കൊറേ പൊട്ട ഗ്ലാസ്സും,നൂലുപാകിയ ബോണ്ടയുമല്ലാതെ!” നാണപ്പനാശാന്റെ കളിയാക്കൽകേട്ട് കുറുപ്പിന് ശരിക്കും അരിശം വന്നു. പക്ഷേ ഒന്നും പറഞ്ഞില്ല. കൈമൾ പിടിയിലായതിൽ പിന്നെ കച്ചവടം ഒന്ന് ശരിയായി വരുന്നതേയുള്ളു. കസ്റ്റമേഴ്സിനെ പിണക്കുന്നത് ശരിയല്ലല്ലോ. മറുപടി ഒരു ചിരിയിലൊതുക്കി.

കൈമൾ തിരികെ നാട്ടിലെത്തിയ വിവരം അത്ഭുതം സംഭവിച്ച അന്നാണ് നാട്ടുകാരറിയുന്നത്. ചുരുക്കത്തിൽ രണ്ടത്ഭുതങ്ങൾ ഒരേസമയം നടന്നു എന്ന് പറയണം. ഒന്നാമത്തേത്, കൈമൾ തിരിച്ചെത്തിയെന്നതും; രണ്ടാമത്തേത് കൈമളുടെ കണ്ടെത്തലുമാണ്. കൈമളുടെ കണ്ടെത്തൽ നടന്നത് തൂമ്പായെടുത്ത് പറമ്പിൽ കിളച്ചപ്പോഴാണുണ്ടായത്. ചേമ്പിന് തടമെടുത്തുകൊണ്ടിരുന്ന കൈമളുടെ തൂമ്പ എന്തിലോ തട്ടി! തട്ടിയ സാധനത്തിൽ കൈമളൊന്നുകൂടി ആഞ്ഞ് വെട്ടി. എന്താണ് സംഭവിച്ചെതെന്നറിയാൻ കൈമളവിടെ കുഴിച്ച് നോക്കി. അത്ഭുതം! വെട്ടേറ്റിരിക്കുന്നത് ഒരു വിഗ്രഹത്തിലാണ്! കരിങ്കൽ വിഗ്രഹത്തിൽ! വാർത്ത നാട്ടിൽ പടരാൻ അധിക നേരം വേണ്ടിവന്നില്ല. വെട്ടേറ്റഭാഗത്ത് നിന്ന് ചോരചീറ്റി എന്നാണ് കൈമള് പറഞ്ഞത്. വിഗ്രഹത്തെ എടുത്ത് കൈമൾ കരിക്കിൻ വെള്ളത്തിൽ കഴുകി. കല്ലിൽ നിന്നുവന്ന ചോരതുടച്ച തുണി കൈമൾ നാട്ടുകാരെ കാണിച്ചു.
കള്ളന്റെ പുതിയ പണിയാണിതെന്ന് ഒരുകൂട്ടം ആൾക്കാർ! ചോര കൈമളുടേതാരിക്കുമെന്ന് നാണപ്പനാശാൻ.

കളി ദൈവകാര്യത്തിൽ വേണ്ട എന്ന് അമ്മയും വിലാസിനിചിറ്റയും, മീനാക്ഷി അമ്മായിയും അടങ്ങുന്ന ഭക്തകൾ!

“ദൈവത്തിന്റെ ഓരോരോ ലീലാവിലാസങ്ങളേ...കള്ളന്റെ മുന്നിൽ ഇത്തരത്തിൽ പ്രത്യക്ഷപ്പെടുക എന്നുപറഞ്ഞാൽ...” മീനാക്ഷി അമ്മായി വിഗ്രഹത്തിന് മുന്നിൽ കൈകൂപ്പി നിന്നു.
“ദൈവത്തിന് പ്രീയപ്പെട്ടവരാരാണ് എന്ന് നിശ്ചയിക്കുന്നത് നമ്മളാണോ? അതെല്ലാം അങ്ങേരങ്ങ് തീരുമാനിക്കും. നമ്മളങ്ങ് അനുസരിച്ചാ മതി.” വിലാസിനി ചിറ്റ വിഗ്രഹത്തിന് മുന്നിൽ ചന്ദനത്തിരി കത്തിച്ചുവെച്ചു.

ആരൊക്കെയോ ജോത്സ്യൻ വാസുവിനെ കൊണ്ടുവന്നു. ജോത്സ്യർ കവടി നിരത്തി.ദൈവസാന്നിദ്ധ്യം പ്രശ്നത്തിൽ തെളിഞ്ഞു വന്നു. വിഗ്രഹത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടത്രേ! നിത്യപൂജ കർശനമായുണ്ടാകണം.

“എന്റെ കാൽച്ചോട്ടിലമ്മേ...അടിയനോട് പൊറുക്കണേ...” വിഗ്രഹത്തിന് മുന്നിൽ കൈമൾ സാഷ്ടാംഗം വീണു. കാൽച്ചുവട്ടിൽ കിടന്നിട്ടുകൂടി അറിയാതെ പോയതിനാൽ കൈമൾ ‘കാൽച്ചോട്ടിലമ്മ’ എന്ന പേരല്ലാതെ എന്തു വിളിക്കാൻ. അപ്പുക്കുട്ടന് ആ പേര് നന്നേ ഇഷ്ടപ്പെട്ടു.
‘കള്ളന്റെ കാൽച്ചോട്ടിലമ്മ’ എന്ന് പറഞ്ഞതിന് അമ്മ കിഴുക്ക് കൊടുത്തു.
“നേരത്തേ ഒളിഞ്ഞുള്ള മോഷണം, ഇപ്പം തെളിഞ്ഞുള്ള മോഷണം” എന്ന് അച്ഛൻ പറഞ്ഞതിന് ദൈവദോഷം പറയരുതെന്ന് അമ്മ പറഞ്ഞു.

കാൽച്ചോട്ടിലമ്മയുടെ സാന്നിദ്ധ്യമുണ്ടായതിൽ പിന്നെ കൈമളങ്ങ് മാറിപ്പോയെന്ന് ചായക്കടയിൽ വർത്തമാനം! കള്ളൻ കൈമൾ നന്നാകാൻ ദൈവം ഒരു വഴി കാണിച്ചുകൊടുത്തതാണന്ന് കേശുവമ്മാവൻ പറഞ്ഞു.


“നോക്കിക്കോ ഇതിന്റെ പേരിൽ കൈമളൊരു കളി തൊടങ്ങും. അവനാളാരാ മോൻ!” കുഞ്ഞൻ സഖാവിന് സംശയം ഇനി ദൈവത്തിന്റെ പേരിൽ കൈമളെങ്ങാനും പിരിവ് തുടങ്ങുമോന്നാണ്.
“ കൈമള് പിരിവിനെറങ്ങിയാലും അതീ പാർട്ടിക്കാരുടെ ആഴ്ചയ്‌ക്കേഴ് ബക്കറ്റ് പിരിവിനേലും നല്ലതായിരിക്കും. ചുമ്മാതല്ല ഈ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളൊക്കെ പൊളിഞ്ഞത്. ദൈവവിശ്വാസമില്ലാത്തതുകൊണ്ടാ...” വിലാസിനി ചിറ്റയ്ക്ക് ഇത്രയ്ക്ക് അറിവൊക്കെ എവിടുന്ന് കിട്ടിയെന്നാണ് അപ്പുക്കുട്ടനറിയേണ്ടിയിരുന്നത്.
“പിള്ളേർക്ക് അറിയേണ്ടാത്ത കാര്യമില്ല, പോയി പത്തക്ഷരം പഠിക്കാൻ നോക്ക്” അമ്മ വിലാസിനി ചിറ്റയിൽ നിന്നും കൂടുതൽ ലോകകാര്യങ്ങൾ മനസ്സിലാക്കാനുള്ള ശ്രമത്തിലാണന്ന് തോന്നുന്നു.


കാൽച്ചോട്ടിലമ്മയുടെ കാൽ തൊട്ടുതൊഴുതാൽ ഫലസിദ്ധി ഉറപ്പ്!. അനുഭവസ്ഥരുടെ എണ്ണം കൂടിക്കൂടി വന്നു. കുഞ്ഞാണ്ടിയുടെ ഒരു വർഷമായിട്ടും മാറാത്ത ചൊറിച്ചിൽ ഒരു പ്രാവശ്യം കാൽച്ചോട്ടിലമ്മയുടെ കാൽതൊട്ട് തൊഴുതതോടെ മാറി!
“ദൈവത്തിന്റടുക്കൽ പോകാനായിട്ടെങ്കിലും അവനൊന്ന് കുളിച്ചല്ലോ; ചൊറിച്ചിൽ മാറാതിരിക്കുമോ?“ അത് പറഞ്ഞതിന് നാണപ്പനാശാനെ അവിശ്വാസി എന്നു വിളിച്ചു അമ്മ.
മീനാക്ഷി അമ്മായിക്കും ഉണ്ടായി ദൈവകടാക്ഷം. അമ്മായിടെ തലേടെ വലത് വശത്തുണ്ടായിരുന്ന നരച്ചമുടി കറുത്ത് തുടങ്ങിയത്രേ. ബ്ലേഡ് വേലായുധന് ലോട്ടറിയടിച്ചു. പൊട്ടൻ മണിക്ക് ഇപ്പോ കുറേശ്ശെ കാതുകേൾക്കാൻ പറ്റുന്നു എന്ന് പറഞ്ഞത് അമ്മയാണ്. കഴിഞ്ഞ ദിവസം ‘എടാ’ എന്ന് വിളിച്ചപ്പോൾ മണി തിരിഞ്ഞ് നോക്കി. അമ്മയ്ക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. “പൊട്ടനേം കാതുകേൾപ്പിക്കുന്ന കാൽച്ചോട്ടിലമ്മേ ഞങ്ങടെ ഈ ഓലപ്പെര മാറ്റി രണ്ട് മുറീം അടുക്കളേമായിട്ട് ഒരു ഓടിട്ടപെര തരണേ..” അമ്മേടെ പ്രാർത്ഥനയും കാൽച്ചോട്ടിലമ്മ കേട്ടു. അടുത്താഴ്ച വില്ലാജാഫീന്ന് ആറായിരം രൂപേടെ ലോൺ കിട്ടി. അത്ഭുതങ്ങളിലൂടെ അനുഭവസ്ഥരുടെ എണ്ണം ദിനം തോറും കൂടിക്കൂടിവന്നു. കാൽച്ചോട്ടിലമ്മയോടൊപ്പം പണിക്കരും ആരാധ്യനായി.

കാൽച്ചോട്ടിലമ്മയ്ക്ക് ഒരു അമ്പലം പണിയണം. ആവശ്യം വിശ്വാസികളുടേതായപ്പോൾ കൈമൾ മുന്നിട്ടിറങ്ങി. ചൈതന്യാ പ്രസ്സിൽ നല്ല മഞ്ഞ നിറത്തിലെ രസീത്കുറ്റി തയ്യാറായി. കുഞ്ഞൻ സഖാവ് പറഞ്ഞത് ശരിയാവുകയാണോ? ഒരു വ്യത്യാസമുണ്ടായി. കൈമൾ നാട്ടുമ്പുറത്ത് പിരിവിനിറങ്ങിയില്ല. രസീത് കുറ്റിയുമായി പട്ടണത്തിലോട്ടിറങ്ങി. “അതിപ്പോ ഏതായാലും നന്നായി. ആരേയും കണക്ക് ബോധിപ്പിക്കേണ്ടല്ലോ.” ചായക്കടേലെ വർത്തമാനം അങ്ങനെയായി.
“എന്ത് കാണിച്ചാലും കുറ്റം പറയാൻ കൊറേ ആൾക്കാരുണ്ട്.” അടുക്കളേല് ദോശ മറിച്ചിടുന്നതിനിടയിൽ അമ്മ പറയുന്നത് കേട്ടു.

പ്രശസ്തി വർദ്ധിച്ചതോടെ കാൽച്ചോട്ടിലമ്മയ്ക്ക് പിരിവും കൂടി. ചൈതന്യയിൽ രസീതുകുറ്റികൾ വീണ്ടും അച്ചടിക്കപ്പെട്ടു. കാൽച്ചോട്ടിലമ്മയ്ക്ക് മേൽക്കൂര ഉണ്ടായി. മേൽക്കൂരയുടെ മുകളിൽ ടൗണിലെ ഒരു സ്വർണ്ണക്കടയുടെ പേരെഴുതിവെച്ചു. പോൺസറുടെ പേരാണന്ന് മീനാക്ഷി അമ്മായി പറഞ്ഞു. പിരിവിന്റെ കൂടെ പണിക്കർ തന്നെ പൂജയും തുടങ്ങി. കാൽച്ചോട്ടിലമ്മയ്ക്ക് നിത്യപൂജയുണ്ടായി. നിത്യപൂജയുണ്ടായപ്പോൾ കാണിക്കവരവും കൂടി.

അമ്പലത്തിലേയ്ക്ക് പുതിയൊരു മൈക്ക് സെറ്റ് വാങ്ങി. കൈമൾ ശാന്തിയുടെ ശബ്ദം മൈക്കിലൂടെ കേൾക്കാത്ത നാളില്ലാതായി.അമ്പലത്തിൽ ഉത്സവം നടത്തിക്കാൻ ഭക്തർ ഉത്സാഹിക്കണമെന്ന് ശാന്തികൾ മൈക്കിലൂടെ വിളിച്ചുപറഞ്ഞു. “ശരിയാണല്ലോ ശാന്തി പറയുന്നത്. അമ്പലമാകുമ്പോ ഉത്സവം വേണ്ടേ.” ചായക്കടയിൽ ചർച്ച തുടങ്ങി.
“ആനേ കൊണ്ടു വരണം.” കുറുപ്പ് ഭയങ്കര ആനക്കമ്പക്കാരനാണ്. എവിടെ ആനയുണ്ടോ അവിടെ കുറുപ്പുമുണ്ടാകും.
“ദാനപ്പന്റെ മേളവും വേണം.” കേശുവമ്മാവൻ മേളപ്രീയനാണ്.
“ഇതൊക്കെ ഇങ്ങനെ ചായക്കടേലിരുന്ന് തീരുമാനിക്കാനുള്ളതാണോ? ഉത്സവക്കമ്മിറ്റി ഉണ്ടാക്കണം.” ഭദ്രൻ ചേട്ടന്റെ അഭിപ്രായത്തിന് ഭൂരിപക്ഷമുണ്ടായി.

പ്രസിഡന്റായി പ്രബലനായ ഒരാൾ വേണമെന്ന് അഭിപ്രായമുണ്ടായപ്പോൾ, ഭദ്രൻ ചേട്ടൻ പ്രസിഡന്റാകാൻ തയ്യാറായി.
ഭദ്രൻ ചേട്ടൻ തയ്യാറായാൽ പോരല്ലോ. നാട്ടുകാർ സമ്മതിക്കേണ്ടേ?
“കള്ളന്റെ കൂടെ പെണ്ണുകേസിലെ പ്രതിയെക്കൂടി അമ്പലത്തീക്കേറ്റിയാ നല്ല കളിയാകും.” കുഞ്ഞൻ സഖാവിന് കുസുമൻ മൊതലാളിയെ പ്രസിഡന്റാക്കുന്നതിലായിരുന്നു താല്‍പ്പര്യം.
‘കമ്മൂണിസ്റ്റുകാരെല്ലാം ഇപ്പം ബൂർഷാമൊതലാളിമാരുടെ കൂടാണന്ന് മാവോ തങ്കപ്പൻ ആരോപിച്ചു. അവസാനം കുഞ്ഞൻ സഖാവ് തന്നെ ജയിച്ചു. കുസുമൻ മൊതലാളി പ്രസിഡന്റായി. കുസുമൻ മൊതലാളിയ്ക്ക് കൂട്ടായി പല പ്രമുഖരും കമ്മറ്റി അംഗങ്ങളായി.


***** ****** *****



കൊടുവാളും ചുവന്ന തലേക്കെട്ടും കിലുകിലെ കിലുങ്ങണ മണി അരയിലും കാലിലും! വെളുത്ത് കൊലുന്നനെയുള്ള കൈമൾ ശാന്തി ചുമപ്പിൽ മുങ്ങിയപ്പോൾ കാണാൻ നല്ല ഭംഗി. അപ്പുക്കുട്ടന് വെളിച്ചപ്പാടിനെ നന്നായി ഇഷ്ടപ്പെട്ടു.വെളിച്ചപ്പാടിന് നിൽക്കാൻ പറ്റില്ലത്രേ! ഓട്ടമാണ് ഓട്ടം. അഥവാ നിൽക്കണമെന്ന് തോന്നിയാൽ തുള്ളിക്കൊണ്ട് നിൽക്കാം. വെള്ളം കുടിക്കുമ്പോഴും തലവെട്ടിച്ചോണ്ടെ വെള്ളം കുടിക്കാവൂ. വെളിച്ചപ്പാട്‌ വെള്ളമോ ആഹാരമോ കഴിക്കരുത്‌. കരിക്കിൻ വെള്ളം കുടിക്കുന്നതുകൊണ്ട് കുഴപ്പമില്ല. പിന്നെ ആരെങ്കിലും നിർബന്ധിച്ചാൽ സോഡയും കുടിക്കാം.സ്വന്തം ഇഷ്ടപ്രകാരം കഴിക്കരുതെന്നേ ഉള്ളൂ എന്ന് അമ്മായി പറഞ്ഞു. വെളിച്ചപ്പാട് വരുന്ന ശബ്ദം ഒരുപാട് ദൂരെ നിന്നു തന്നെ മനസ്സിലാക്കാം. ഛിൽ..ഛിൽ..ഛിൽ... മണിയുടെ നാദം അപ്പുക്കുട്ടൻ അനുകരിക്കാൻ ശ്രമിച്ചു.
അമ്മ ചെവിക്ക് പിടിച്ചു. “ദൈവദോഷമുണ്ടാ‍വും.” വെളിച്ചപ്പാടിനെ കളിയാക്കാൻ പടില്ല. വെളിച്ചപ്പാടിന്റെ പുറകെ വെടി വാസു ഉണ്ട്. ചാക്കുമായി.രണ്ട് ചാക്കുകളുണ്ട്. ഒന്ന് അരിയ്ക്കുള്ളത്. രണ്ടാമത്തേത് നെല്ലിനുള്ളത്. പണമിടാനുള്ള പാത്രം വെളിച്ചപ്പാടിന്റെ ഇടതു കൈയിലുണ്ട്. അതിന്റെ വായും ചുവന്ന തുണി കൊണ്ട് കെട്ടിയിട്ടുണ്ട്. തുണിയുടെ നടുക്കായി പൈസ ഇടാനുള്ള ഒരു കിഴുത്തയുമുണ്ട്. അമ്മ ഒരു രൂപ തുട്ട് അപ്പുക്കുട്ടന്റെ കൈയിൽ കൊടുത്തു. കാ‍ൽച്ചോട്ടിലമ്മയെ ധ്യാനിച്ചോണ്ട് പൈസ അതിലിടണം. ദുർവിചാരങ്ങളൊന്നുമുണ്ടാവരുത്. വെളിച്ചപ്പാട് നിന്ന് തുള്ളുന്നു.കൈയിലെ പാത്രവും ഒപ്പം തുള്ളുന്നു. കൊടുവാളും തുള്ളുന്നു. അരമണി ഛിൽ..ഛിൽ നാദമുണ്ടാക്കുന്നു. വെടി വാസുവിന്റെ ചാക്കിലേയ്ക്ക് അമ്മ അരി നാഴിയിൽ അളന്നിട്ടു. വെളിച്ചപ്പാട് ഉറഞ്ഞ് തുള്ളി കുറുപ്പിന്റെ വീട്ടിലേയ്ക്ക് ഓടി. വീട്ടിലെ ദോഷങ്ങളെല്ലാം മാറിപ്പോയെന്ന് അമ്മ പറഞ്ഞു. അച്ഛൻ ചിരിച്ചു.

വെളിച്ചപ്പാടിന് നിൽക്കാൻ പറ്റില്ല.ഓടിക്കൊണ്ടേയിരിക്കണം. അല്ലെങ്കിൽ തുള്ളിക്കൊണ്ടേയിരിക്കണം. അപ്പുക്കുട്ടനും പുറകേ ഓടി. വെടി വാസു എടുത്താൽ പൊങ്ങാത്ത ചാക്കുകൾ രണ്ട് തോളിലുമിട്ട് വെളിച്ചപ്പാടിനൊപ്പമെത്താൻ ശ്രമം നടത്തുന്നുണ്ട്.

അപ്പുക്കുട്ടന് വെളിച്ചപ്പാടിനൊപ്പമെത്താൻ കഴിയുന്നില്ല. ഓട്ടത്തിന് ഇത്രയും വേഗമോ? ഓരോ നിമിഷവും വെളിച്ചപ്പാടിന്റെ വേഗം കൂടിക്കൂടി പോകുന്നതായി തോന്നി. പക്ഷേ അത് തോന്നലായിരുന്നില്ല. കുറുപ്പിന്റെ പട്ടിയെ കാണുന്നത് വരേയ്ക്കും! കുറുപ്പിന്റെ പട്ടി! അവനെവിടെ നിന്നു വന്നു എന്നറിയില്ല.

വെളിച്ചപ്പാടിന്റെ ഛിൽ..ഛിൽ... നാദമിപ്പോൾ കേൾക്കാനില്ല. പട്ടിയുടെ കുര മാത്രം!
അപ്പുക്കുട്ടൻ കുറുപ്പിന്റെ വീട്ടിലെത്തി. എവിടെ വെളിച്ചപ്പാട്? വെടി വാസു ഇനിയും വരാനിരിക്കുന്നതേയുള്ളു. വാതുക്കലെ തെങ്ങിൻ ചോട്ടിൽ മുകളിലോട്ട് നോക്കിയിരുന്ന് പട്ടി കുരയ്ക്കുന്നു!

കുറുപ്പും ഭാര്യയും ഒച്ചകേട്ട് പുറത്തിറങ്ങി. “വിവരം കെട്ട പട്ടി. ആളും തരവും മനസ്സിലാക്കാൻ പറ്റുകേലന്ന് വെച്ചാൽ...”കുറുപ്പ് പട്ടിയെ അടിച്ചോടിച്ചു.
വെളിച്ചപ്പാട് നെഞ്ചുരച്ചുകൊണ്ട് തെങ്ങിൽനിന്ന് ഊർന്നിറങ്ങി. ആദ്യമായിട്ടാണ് ഒരാള് തളപ്പില്ലാതെ തെങ്ങിൽ നിന്നിറങ്ങുന്നത് അപ്പുക്കുട്ടൻ കാണുന്നത്. കുറുപ്പ് തോളത്തിട്ടിരുന്ന തോർത്തുമുണ്ടെടുത്ത് അരയ്ക്ക് കെട്ടി.

“ക്ഷമിക്കണേ ശാന്തികളേ...പട്ടിയുടെ വിവരക്കേടന്നല്ലാതെ എന്തുപറയാൻ... ഭഗവാനേ കാത്തുകൊള്ളണേ...” കിണ്ടിയിലെ വെള്ളമെടുത്ത് കുറുപ്പ് വെളിച്ചപ്പാടിന്റെ കാലുകഴുകി. താഴെ വീണുകിടന്നിരുന്ന അരമണിയും കൊടുവാളും അപ്പുക്കുട്ടൻ എടുത്തുകൊടുത്തു. അപ്പോൾ അവന്റെ മുന്നിൽ ഒരു ചിത്രം തെളിഞ്ഞുവന്നു. അതിലൊരു ഉലക്കയുണ്ടായിരുന്നു. കതകിനുപുറകിൽ കുത്തിച്ചാരിവെച്ചിരിക്കുന്ന ഉലക്ക. ഉലക്കയ്ക്ക് പിന്നിൽ നിരത്തിവെച്ചിരിക്കുന്ന പാത്രങ്ങൾ. ഉലക്കമറിയുന്ന ശബ്ദവും പ്രതീക്ഷിച്ച് കിടക്കുന്ന അമ്മ.

17 comments:

Sathees Makkoth | Asha Revamma said...

നന്നാകാനാവസരം കിട്ടിയൊരു കള്ളൻ. അല്ലെങ്കിൽ കള്ളനെ നന്നാക്കിയൊരു ജനത.

സാജന്‍| SAJAN said...

കൂടുതല്‍ എന്ത് പറയാന്‍?
വളരെ വളരെ നന്നായി.
വേറിട്ട, രസകരമായ ആഖ്യാന ശൈലിയും കാലിക പ്രസക്തമായ വിഷയവും, ഒരു മനോഹര കഥയ്ക്ക് വേണ്ട എല്ലാ ചേരുവകളും പാകത്തിന്!

അദ്യം കാണുമ്പോള്‍ ഒത്തിരി വലുപ്പമുണ്ടെന്ന് തോന്നിയെങ്കിലും വായിച്ചു തുടങ്ങിയപ്പോള്‍ ആ നീളക്കൂടുതല്‍ അനുഭവപ്പെട്ടതേ ഇല്ല.


സതീഷിന്റെ ഏറ്റവും നല്ല രണ്ടോ മൂന്നോ കഥകള്‍ സെലക്ട് ചെയ്യാന്‍ എന്നോട് ആവശ്യപ്പെടാല്‍ അതിലുണ്ടാവും ഇതും.
ആശംസകള്‍ സുഹൃത്തേ:)
ഇത് ഏറെ ആളുകള്‍ വായിച്ചിരുന്നുവെങ്കില്‍ എന്നാശിച്ചു പോകുന്നു.

ഹരീഷ് തൊടുപുഴ said...

സതീശേട്ടന്റെ കഥകള്‍ ഞാനാര്‍ത്തിയോടെയാണ് വായിക്കാറ്; ഇതും ഗംഭീരമായിരിക്കുന്നു..
ഒരു നാടിന്റെ നന്മ, തിന്മകളുടെ ഓര്‍മ്മകള്‍ ഉണര്‍ത്തുന്നുണ്ട് ഈ കഥ. കേന്ദ്ര കഥാപ്രാത്രമായ പട്ടിയും കൊള്ളാം, പിന്നെ നമ്മുടെ കൈമളും..

Appu Adyakshari said...

സതീശന്റെ വേറിട്ട ആഖ്യാന ശൈലിതന്നെയാണ് ഈ കഥയുടെയും ഭംഗി. ചെറിയ നുറുങ്ങു തമാശകളിലൂടെ കള്ളന്‍ ശാന്തിയായി മാറിയ, നമ്മുടെ നാട്ടിന്‍പുറത്തെ വിശ്വാസങ്ങളുടെ കഥ സതീശന്‍ പറഞ്ഞുതരുന്നു.. ““ദൈവത്തിന്റടുക്കൽ പോകാനായിട്ടെങ്കിലും അവനൊന്ന് കുളിച്ചല്ലോ; ചൊറിച്ചിൽ മാറാതിരിക്കുമോ?“ ഇത്തരമൊരു വിശ്വാസത്തിന്റെ ഉത്തമ ഉദാഹരണം!!

പക്ഷേ കഥയുടെ അവസാനം ഇങ്ങനെയാക്കിവച്ചത് എനിക്ക് തീരെ ഇഷ്ടമായില്ല സതീ‍ശാ.കഥ നിര്‍ത്തുവാനായി നിര്‍ത്തിയതുപോലെ തോന്നിച്ചു. എന്തായാലും എഴുതാന്‍ തുടങ്ങിയ ഒരു കഥയല്ലേ. അതിനെ ഭംഗിയായി ക്ലൈമാക്സിലെത്തിച്ച് നിറുത്തുവാനും സതീശന് അറിയാ‍മല്ലോ. പിന്നെ ഇതിലെന്തുപറ്റി?

Unknown said...

‘മോഷണവും ഒരു തൊഴിലല്ലേ? അതിനും ശരീരാദ്ധ്വാനം ആവശ്യമില്ലേ?
അതേ സതീശേട്ടാ അപ്പോ ഗൾഫിന്നു മടങ്ങി വന്നാലും പണികിട്ടും അല്ലെ

ശ്രീ said...

കാല്‍‌ച്ചോട്ടിലമ്മയീയും കൈമള്‍ ശാന്തിയെയും എല്ലാം അടുത്തറിഞ്ഞതു പോലെ. പെട്ടെന്ന് അവസാനിപ്പിച്ചതായി തോന്നിയെങ്കിലും നാട്ടിന്‍‌പൂറത്തെ വിശേഷങ്ങള്‍ വളരെ ഭംഗിയായി വിവരിച്ചിരിയ്ക്കുന്നു, സതീശേട്ടാ...

ഷബീര്‍ എം said...

സതീശേട്ടാ... നന്നായിരിക്കുന്നുകള്ളനും കള്ളനു കഞ്ഞി (കാണിക്ക) വെച്ചവരും..

ബിന്ദു കെ പി said...

ഗ്രാമീണത തുടിച്ചു നിൽക്കുന്ന, ലാളിത്യമാർന്ന ഈ കഥ വളരെ ഇഷ്ടപ്പെട്ടു. അപ്പു പറഞ്ഞപോലെ അവസാനം എന്തോ ഒരു അപാകത...

Unknown said...

അതെന്തായാലും (യേത്... നമ്മടെ അപ്പു പറഞ്ഞതേ) ഒരു കണക്കിനു ശരിന്ന്യാ, അപ്പുക്കുട്ടാ. എന്നാലും ആ നാട്ടിൻപുറം ഇവിടെ എല്ലാരേം പോലെ എനിക്കും ഇപ്പോ കാണാപാഠമാ. കൈമളിനു തെങ്ങിൽ കേറാനും ഇറങ്ങാനുമൊക്കെ ഒരു കാത്തളയുടെ ആവശ്യമില്ല എന്നതു നമുക്കു അദ്ദേഹത്തിന്റെ പൂർവ്വകാല ചരിത്രം മറിച്ചു നോക്കിയാൽ മനസ്സിലാക്കാവുന്നതേയുള്ളല്ലോ...ഹഹ. എന്തായാലും പതിവുപോലെ ഇതും കലക്കീട്ടോഷ്ട്ടാ...

smitha adharsh said...

നമുക്ക് ചുറ്റും നടക്കുന്ന കാര്യങ്ങളെ നന്നായി വിവരിച്ചിരിക്കുന്നു...

Sathees Makkoth | Asha Revamma said...

വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ടായതിന്റെ സന്തോഷത്തിലാണ് ഞാൻ. മനസ്സ് തുറന്ന് വായനക്കാർ പ്രതികരിക്കുമ്പോഴാണ് ഏത് എഴുത്തുകാരനും കൂടുതൽ മെച്ചമായ രീതിയിലോട്ട് പോകാൻ കഴിയുന്നതെന്ന് ഞാൻ വിശ്വസിക്കുന്നു.
കഥയുടെ അവസാനം അല്പം വേരിട്ട രീതിയിൽ നിർത്തണമെന്ന ഉദ്ദേശ്യമേ ഉണ്ടായിരുന്നുള്ളു അത് നിർത്തുമ്പോൾ.
മനസ്സ് തുറന്ന് അഭിപ്രായമെഴുതിയ എല്ലാവർക്കും എന്റെ അകമഴിഞ്ഞ നന്ദി.

നിരക്ഷരൻ said...

സതീഷിന്റെ കഥകളില്‍ എന്നെ എപ്പോളും ആകര്‍ഷിക്കുന്നത് ഗ്രാമീണപശ്ചാത്തലവും അവിടത്തെ കഥാപാത്രങ്ങളുമാണ്.അധികം വര്‍ണ്ണനയൊന്നും അവരെപ്പറ്റിയൊക്കെ ഇല്ലെങ്കിലും കഥ വായിച്ച് കഴിയുമ്പോഴേക്കും കഥാപാത്രങ്ങളെയൊക്കെ മുന്‍പരിചയം ഉണ്ടെന്ന തോന്നലുണ്ടാകുന്നു. അത് കഥാകാരന്റെ വിജയമാണ്. തുടരൂ അപ്പുക്കുട്ടന്റെ കഥകള്‍

നിരക്ഷരൻ said...

സതീഷിന്റെ കഥകളില്‍ എന്നെ എപ്പോളും ആകര്‍ഷിക്കുന്നത് ഗ്രാമീണപശ്ചാത്തലവും അവിടത്തെ കഥാപാത്രങ്ങളുമാണ്.അധികം വര്‍ണ്ണനയൊന്നും അവരെപ്പറ്റിയൊക്കെ ഇല്ലെങ്കിലും കഥ വായിച്ച് കഴിയുമ്പോഴേക്കും കഥാപാത്രങ്ങളെയൊക്കെ മുന്‍പരിചയം ഉണ്ടെന്ന തോന്നലുണ്ടാകുന്നു. അത് കഥാകാരന്റെ വിജയമാണ്. തുടരൂ അപ്പുക്കുട്ടന്റെ കഥകള്‍

ശ്രീഇടമൺ said...

നല്ല കഥ...
നല്ല സൂപ്പര്‍ വിവരണം.....:‌‌‌-)
ആശംസകള്‍...*
വീണ്ടും കാണാം........

ഉപാസന || Upasana said...

ഒരിക്കല്‍ പിടിച്ച് കെട്ടിയ തെങ്ങിനടുത്ത് വച്ച് തന്നെ കുറുപ്പിനെക്കൊണ്ട് ക്ഷമാപണം നടത്തിച്ചല്ലോ കൈമള്!
കേമന്‍ തന്നെ. മനുഷ്യനറിയാം കാലം പോകവേ പദവികള്‍ മാറിമറയുന്നെന്ന്, പക്ഷേ പട്ടിക്കറിയില്ലല്ലോ. :-)

ഭായ് കുറച്ച് നാളായി വായിച്ചിട്ട്. ഇപ്പോഴാ ഒരു അഭിപ്രായം പറയാന്‍ ഒത്തത്.

പോസ്റ്റിന്റെ അവസാനം വലിയ പ്രോബ്ലം ഒന്നും തോന്നിയില്ല. നിര്ത്തേ ണ്ട സമയം അത് തന്നെയാണെന്നും, നിര്ത്തേ ണ്ട രീതി കുറച്ച് വ്യത്യസ്തമാകേണ്ടതുണ്ടെന്നും എന്റെ മനം പറയുന്നു. :-)

ആശംസകള്
:-)
ഉപാസന

Sathees Makkoth | Asha Revamma said...

നിരക്ഷരൻ,ശ്രീ ഇടമൺ,ഉപാസന -സമയം കണ്ടെത്തി ഇതൊക്കെ വായിച്ച് കമന്റിടുന്നതിന് വളരെ നന്ദി.

പ്രത്യേക ശ്രദ്ധയ്ക്ക്

Creative Commons License
എന്റെ ചില കുറിപ്പുകള്‍ by K.M.Satheesan is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Based on a work at www.satheeskm.blogspot.com.
Permissions beyond the scope of this license may be available at www.satheeskm.blogspot.com.

വിരുന്നുകാർ

Powered By Blogger

ഓർക്കണേ പ്ലീസ്...

ഈ ബ്ലോഗിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങളോ, സന്ദർഭങ്ങളോ, കഥാപാത്രങ്ങളോ ഏതെങ്കിലും വിധത്തിൽ ആരെങ്കിലുമായി ബന്ധപ്പെട്ടിട്ടുണ്ടന്ന് തോന്നുന്നുവെങ്കിൽ അത് സ്വാഭാവികം മാത്രം.

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP