ഫ്ലാറ്റിലെ എലി
Monday, August 15, 2011
പലപല കുറ്റകൃത്യങ്ങൾ കണ്ടിട്ടും കേട്ടിട്ടും വായിച്ചറിഞ്ഞിട്ടുമുണ്ടങ്കിലും ഇത്തരം അപൂർവ്വങ്ങളിൽ അപൂർവ്വമായ ഒരു സംഭവം ഞാൻ നേരിൽ കണുന്നത് ആദ്യമായാണ്. ക്രൂരവും,കഠിനവും,ക്ഷന്തവ്യവുമല്ലാത്തതുമായ ഈ കുറ്റം നടത്തിയിരിക്കുന്നത് ഒരു എലിയാണ്! വെറും ഒരു എലി.
എലി ചെയ്തിരിക്കുന്ന കുറ്റകൃത്യമെന്നത് എന്റെ വീടിന്റെ വാതില്‍പ്പടി കരണ്ടു തിന്നിരിക്കുന്നു എന്നതാണ്. കരണ്ട് തിന്നു തീർത്തു എന്ന് പറയുന്നത് ശരിയല്ല പക്ഷേ തിന്നാനുള്ള സകലമാന ശ്രമവും നടത്തി എന്നുള്ളതാണ്. അതിന് ഞാൻ ദൃക്‌സാക്ഷിയുമാണ്.
രാവിലെ പാൽക്കവറെടുക്കാൻ വാതിൽ തുറന്ന ഞാൻ കണ്ടത് ആകെ അലങ്കോലപ്പെട്ടുകിടക്കുന്ന വാതിലിന്റെ മുൻവശമാണ്. പൊടിപോലെ എന്തൊക്കെയോ കിടക്കുന്നു. കൂടുതൽ ആലോചിക്കാനൊന്നും പോയില്ല. വല്ല പിള്ളാരും എന്തെങ്കിലും കൊണ്ടിട്ട് വൃത്തികേടാക്കിയതായിരിക്കുമെന്നേ വിചാരിച്ചുള്ളു. പിറ്റേ ദിവസവും ഞാൻ കണ്ടത് അതു തന്നെ! കൂടുതൽ പൊടി പോലെ എന്തൊക്കെയോ കിടക്കുന്നു. പണീം കഴിഞ്ഞ് തങ്കപ്പനാശാരി എണീക്കുമ്പോഴത്തെ മുറ്റത്തിന്റെ അവസ്ഥയാണ് എനിക്കോർമ്മവന്നത്!
ഇവിടെയാരാണപ്പാ ഈ തടിപ്പണി ചെയ്യാൻ? ആകെ തടിച്ചീളുകൾ!
നല്ലതുപോലെ വൃത്തിയായ് കിടന്നിരുന്ന സ്ഥലമാണ്! ഇത്തവണ ആലോചിക്കണമെന്ന് തോന്നി. പതുക്കെ വാതില്‍പ്പടിയിൽ ഇരുന്നു. പൊടി ഒരു കുറ്റാന്വേഷകന്റെ ഗൗരവത്തോടെ ഞാൻ നിരീക്ഷിച്ചു. മണത്തു നോക്കി. തൊട്ടുനോക്കി. തടിയുടെ പൊടി തന്നെ! ഇതെങ്ങനെ ഇവിടെയെത്തി?
ഇരുന്ന ഇരുപ്പിൽ തന്നെ ഇടത്തോട്ടും വലത്തോട്ടുമൊക്കെ ഞാൻ തിരിഞ്ഞു നോക്കി.
കട്ടിളപ്പടിയുടെ ഒരു വശം ആകെ തുരന്ന് വെച്ചിരിക്കുന്നു. ആരിത്? എന്റെ വീടിന്റെ കട്ടിളപ്പടി കരളാൻ മാത്രം കരളുറപ്പുള്ളവൻ ആര്? ഞാൻ പരിസരം മൊത്തം നോക്കി. ഫലം വിഫലം.
ഞാനൊന്ന് ആലോചിക്കാമെന്ന് വെച്ചപ്പോൾ പുറകിൽ വിളി വന്നു. “എന്തെടുക്കുവാ അവിടെ? മണിക്കൂറൊന്നായല്ലൊ വാതില്‍പ്പടിയിൽ കുത്തിയിരിക്കാൻ തുടങ്ങിയിട്ട്. ചായ വേണേൽ പാലിങ്ങ് കൊണ്ടുവാ.”
ഞാൻ വീട്ടിൽ ആകെക്കൂടി ചെയ്യുന്ന ജോലിയ്ക്ക് രണ്ട് ഭാഗങ്ങളാണുള്ളത്. ഒന്നാമത്തേത് പാൽക്കവറിടാനുള്ള സഞ്ചി വാതുക്കലെ ഭിത്തിയിൽ അടിച്ചിരിക്കുന്ന ആണിയിൽ രാത്രി കിടക്കുന്നതിന് മുന്നേ തൂക്കുകയെന്നതാണ്. രണ്ടാമത്തേത് ആണിയിൽ തൂങ്ങിക്കിടക്കുന്ന സഞ്ചിയും അകത്തുള്ള പാൽക്കവറും യാതൊരു വിധ കേടുപാടുകളുമില്ലാതെ രാവിലേ തന്നെ അടുക്കളയിൽ എത്തിക്കുകയെന്നതുമാണ്.
സൂര്യൻ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്നതുപോലെ തന്നെ എന്റെ ഈ ജോലിയ്ക്ക് ഇന്നേവരെ മുടക്കവും വന്നട്ടില്ല. ഇക്കാര്യത്തിൽ ഭാര്യയ്ക്ക് എന്നെ ഭയങ്കര വിശ്വാസവുമാണ്. വില്ലനായി വിലസി നടന്നിരുന്ന തടിയൻ പൂച്ചയിൽ നിന്ന് എന്റെ ബുദ്ധിപരവും സമയോചിതവുമായ നീക്കങ്ങളിലൂടെ പലതവണ പാൽക്കവർ ഒരു കുഴപ്പമില്ലാതെ കൊണ്ടുവരുവാൻ എനിക്ക് കഴിഞ്ഞിട്ടുള്ളതാണ്.
കതകടച്ച് വന്ന് ടിവിയുടെ മുന്നിലിരുന്നു.വാതിലിന് പുറത്തേക്കായിരുന്നു കാതുകൾ. എന്തോ ഒരു ശബ്ദം കേൾക്കുന്നതുപോലെ... സംശയനിവൃത്തിക്കായ് ടീവി ഓഫ് ചെയ്തു. ഇപ്പോൾ പകൽ പോലെ വ്യക്തം. വാതുക്കൽ നിന്നും ശബ്ദം വരുന്നുണ്ട്. എന്റെ വീടിന്റെ കട്ടിളപ്പടി കരണ്ട് തിന്നുന്ന ഭീകരൻ വാതിലിന്നപ്പുറത്ത്! ഇനി അമാന്തിക്കരുത്. മൊത്തം അസൂയാലുക്കളുടെ ലോകമാണ്. സമയം കിട്ടിയാൽ കട്ടിളപ്പടിവരെ അടിച്ചുമാറ്റുന്നവരുടെ ലോകം. ഇന്നവന്റെ കഷ്ടകാലം തുടങ്ങും. അല്ലെങ്കിൽ ഞാൻ തുടങ്ങിക്കും. സകലമാന ധൈര്യവും സംഭരിച്ചുകൊണ്ട് വാതിൽ തുറന്നു.
അടുത്ത ഫ്ലാറ്റുകളിൽ താമസിക്കുന്ന അസൂയമൂത്ത ആരെങ്കിലുമൊക്കെയായിരിക്കുമെന്ന് കരുതി പുറത്തിറങ്ങിയ ഞാൻ ഞെട്ടി. അവിടെങ്ങും ഒരു മനുഷ്യനുമില്ല പൂച്ചക്കാളിയുമില്ല. പകരം ഒരെലി!
വെറും ഒരു എലിയൊ? എന്ന് ചോദിക്കാൻ വരട്ടെ. അവൻ... (അതോ അവളോ.) വെറും ഒരു എലിയല്ല. ഒരു മനുഷ്യ ജീവിയായ എന്നെ വെല്ലുവിളിച്ചവനാണ്. എന്റെ സകലമാന ഇമേജും കളഞ്ഞ് കുളിച്ചവനാണ്!
വെറുമൊര് എലി! ഞാനാകുന്ന മനുഷ്യജീവി വന്ന് നിൽക്കുന്നു എന്നൊരു ഭാവം പോലുമില്ലവന്! വന്ന് വന്ന് എലി പോലും എന്നെ പേടിക്കാതായോ? ഇല്ല. ഇതങ്ങനെ വിട്ടുകൊടുക്കുവാൻ പാടില്ല. തൊണ്ടയടപ്പ് മാറ്റാൻ മുക്രയിടുന്നത് പോലെ ഒന്ന് രണ്ട് ശബ്ദങ്ങളൊക്കെ ഉണ്ടാക്കി നോക്കി. എവിടെ? അവൻ നോക്കുന്നത് പോലുമില്ല. കബ്ബഡികളിക്കാരനെപ്പോലെ കാലൊക്കെ കവച്ച് വെച്ച് തുടയ്ക്കിട്ടൊക്കെ രണ്ട് കൊട്ടൊക്കെ കൊട്ടി നോക്കി. രക്ഷയില്ല. ഇവൻ നിസ്സാരനെലിയല്ല. ജഗജില്ലനാണ്. ഒരുപക്ഷേ തെലുങ്കനെലിയായതിനാൽ ഞാൻ മലയാളത്തിൽ പറയുന്നത് മനസ്സിലാകാത്തതാണോ?
തെലുങ്കിലും ഹിന്ദിയിലുമൊക്കെ പറഞ്ഞുനോക്കി. നോ രക്ഷ!
ഞാൻ ഒരുകാൽ വാതിലിന്നകത്തും മറ്റേക്കാൽ വാതിലിന്ന് പുറത്തുമായി നിന്ന് അകത്തേയ്ക്ക് നോക്കി വിളിച്ചുപറഞ്ഞു. “എടിയേ,ഒരു വടിയിങ്ങെടുത്തേ... ഇവനെയിന്ന് ശരിയാക്കിയിട്ട് തന്നെ കാര്യം.”
വടിയുടെ കാര്യം പറഞ്ഞത് അവന് മനസ്സിലായെന്ന് തോന്നുന്നു. ആളൊന്ന് തലപൊക്കി നോക്കി എന്നെ സൈറ്റടിച്ച് കാണിച്ചു. ജീവിതത്തിലിന്നേവരെ ഒരു പെണ്ണുപോലും എന്നെനോക്കി സൈറ്റടിച്ച് കാണിച്ചിട്ടില്ല. ഇവിടെ ഇപ്പോ ദേ ഒരു പീറ എലി!
“വേഗം വടി എടുത്തോണ്ട് വാ... അല്ലെങ്കീ എലിയതിന്റെ പാട്ടിന്ന് പോകും.”
“പിന്നേ, വടിയെടുത്തോണ്ട് വന്നിട്ടെന്തിനാ... അതതിന്റെ പാട്ടിന് പൊയ്ക്കോളും.”
ഇതിവളെന്നെയൊന്ന് ആക്കിയതല്ലേ. ഇനി പണ്ട് നാട്ടിലെ വീട്ടില്‍ പാമ്പ് വന്ന കഥ ഞാനിവളോട് അബദ്ധത്തിലെങ്ങാനും പറഞ്ഞിട്ടുണ്ടോ? ശ്ശെ. എന്റെയൊരു കാര്യം ആവശ്യമില്ലാത്ത കാര്യമൊക്കെ പറഞ്ഞ് ഒള്ള വിലകളയും. പണ്ട് ഞാന്‍ നൈറ്റ് ഷിഫ്റ്റൊക്കെ കഴിഞ്ഞ് വന്ന് സുഖായിട്ട് ഉറങ്ങുകയായിരുന്നു. അച്ഛനും അടുത്ത വീട്ടിലെ ചേട്ടനും വാതുക്കലുണ്ടായിരുന്നു. അപ്പോഴാണ് വാതുക്കല്‍ കൂട്ടിയിട്ടിരുന്ന തേങ്ങയുടെ ഇടയിലേയ്ക്ക് ഒരു മൂര്‍ഖന്‍ പാമ്പ് വന്ന് കയറിയത്. ചേട്ടന്‍ ‘അയ്യോ പാമ്പ്’ എന്നൊരലറല്‍! എനിക്ക് പണ്ടേ ഉറക്കത്തില്‍ വല്ല്യ ശ്രദ്ധയാണ്. അടുക്കളയില്‍ എന്താണ് ഉണ്ടാക്കുന്നതെന്ന് ഉറക്കത്തില്‍ പോലും മണം പിടിച്ച് ഞാന്‍ പറഞ്ഞ് കളയും.അതിന് അമ്മയുടെ വക ഒത്തിരി നല്ല വാക്കുകളും കേട്ടിട്ടുണ്ട്. “ചന്തയില്‍ നിന്ന് കുറച്ച് മീന്‍ വാങ്ങിക്കൊണ്ട് വരാന്‍ പറഞ്ഞാല്‍ അവന് ഭയങ്കര ഉറക്കമാണ്. കുംഭകര്‍ണ്ണനല്ലേ...കുംഭകര്‍ണ്ണന്‍. ആരെങ്കിലും മീന്‍ വാങ്ങി വറുത്ത് തീരേണ്ട; അവന്റെ ഉറക്കം തീരും. ഇങ്ങനേമുണ്ടോ പിള്ളേര്!”
നിസ്സാര പാമ്പൊന്നുമല്ലല്ലോ. മൂര്‍ഖനല്ലേ. കടിച്ചാല്‍ തീര്‍ന്നു. എങ്ങോട്ടാണ് പാമ്പ് കയറിയതെന്നും അറിയില്ല. ഞാന്‍ എണിറ്റ് അറ്റന്‍ഷന്‍...സ്റ്റാന്റിറ്റീസൊക്കെ പറഞ്ഞ് കട്ടിലില്‍ കണ്ണുമടച്ച് ഒരു നില്‍പ്പങ്ങ് നിന്നു. പിന്നെ പാമ്പിനെ കൊന്ന് തീയില്‍ കരിയുന്ന മണം വന്നു എന്നുറപ്പ് വന്നതിന് ശേഷമേ ഞാന്‍ പുറത്തിറങ്ങിയുള്ളു. അത് പേടി കൊണ്ടൊന്നുമല്ലായിരുന്നു. ഒരു മുന്‍കരുതല്‍ നടപടി മാത്രമായിരുന്നു എന്ന് പറഞ്ഞിട്ട് ആരെങ്കിലും കേട്ടോ? അവര്‍ക്കൊക്കെ കളിയാക്കാന്‍ എന്തെങ്കിലും കിട്ടിയാല്‍ പോരേ?
“ എളുപ്പം വടികൊണ്ട് വന്നില്ലേല്‍ എലി അതിന്റെ പാട്ടിന് പോകും.“ വടികൊണ്ട് വരാന്‍ പറയുന്നതോടൊപ്പം ഞാന്‍ നിലത്തിട്ട് ആഞ്ഞ് ചവിട്ടുന്നുമുണ്ടായിരുന്നു. ശല്യം സഹിക്കവയ്യാഞ്ഞിട്ടായിരിക്കും എലി വീണ്ടും തലപൊക്കി. എബൌട്ടേണ്‍ അടിച്ചു. വാലൊന്ന് പൊക്കി ആകാശത്ത് കറക്കി കാണിച്ചു. മുദ്രാവാക്യം വിളിച്ചതായിരിക്കും. മലയാളിയോട് എങ്ങനെ പെരുമാറണമെന്ന് എലിക്ക് പോലും അറിയാം.
എന്തായാലും ‘പോടാ പുല്ലേ’ എന്ന് സുരേഷ് ഗോപി സ്റ്റൈലില്‍ പറഞ്ഞ് എലി പതുക്കെ സ്റ്റെയര്‍ കേസ് കയറി മുകളിലെ നിലയിലേയ്ക്ക് പോയി. അവിടെം ഫ്ലാറ്റുകളും കട്ടിളകളും ഉണ്ടല്ലോ എന്നായിരിക്കും ഭാവം.
അപ്പോഴത്തേയ്ക്കും പെമ്പ്രന്നോത്തി വടിയുമായി എത്തി. പിന്നെ എന്റെ വക ഒരു ആക്ഷന്‍ ത്രില്ലറായിരുന്നു. വടി സമയത്തിന് കിട്ടിയിരുന്നെങ്കില്‍...
“പിന്നേ... നിങ്ങള് എലിയുമായി കോലുകളി നടത്തുമായിരുന്നു.”
ഭാര്യ അടുക്കളയിലേയ്ക്ക് നടന്നു. അവളുടെ നടത്തത്തിന് തീർച്ചയായും എലിയുടേതിനേക്കാളും വേഗത ഉണ്ടായിരുന്നു.
ഇനിയിപ്പോൾ കൂടുതൽ വാചകമടിച്ചിട്ട് കാര്യമില്ല.വീണ്ടും വന്ന് ടീവിയുടെ മുന്നിലിരുന്നു.
“അവിടെ കുത്തിയിരിക്കാതെ കുറച്ച് വൈറ്റ് സിമന്റെടുത്ത് ആ ദ്വാരമൊന്നടയ്ക്കരുതോ?”
അകത്ത് ചെന്ന് കുറച്ച് വൈറ്റ് സിമന്റെടുത്തോണ്ട് വന്ന് എലി കുഴിച്ച ഭാഗം അടച്ചു.
എന്റെയൊരു കഴിവേ... ഞാന്‍ ഭാര്യയെ നോക്കി. അവൾ മൈന്റ് ചെയ്യുന്നില്ല! തീർച്ചയായിട്ടും ആ എലിയും ഒരു പെണ്ണുതന്നെയായിരിക്കും. ഞാൻ ഉറപ്പിച്ചു.
എലി നടത്തിയ കഷ്ടപ്പാടിന്റെ പൊരുൾ മനസ്സിലായത് രണ്ട് ദിവസം കഴിഞ്ഞാണ്. വൈകുന്നേരം ടെറസിൽ ഉലാസുമ്പോൾ ചെടിച്ചെട്ടികൾക്കിടയിൽ എലിക്കുഞ്ഞുങ്ങൾ! എലി പ്രസവിച്ചിരിക്കുന്നു.
പാവം എലി! അല്ല എലികൾ!!!
പട്ടണത്തിലെ എലികൾ. ഫ്ലാറ്റിൽ താമസിക്കുന്ന എലികൾ! അവയ്ക്ക് മനസമാധാനത്തോടെ പ്രസവിക്കാൻ പോലും സ്ഥലമില്ലാതായിരിക്കുന്നു.
4 comments:
:)
തേങ്ങ എന്റെ വക തന്നെ ഇരിക്കട്ടെ :)
നല്ല പോസ്റ്റ്,
രസിപ്പിച്ചു.
എലിയുമായി ലോക മഹായുദ്ധം 3 പ്രഖ്യാപിക്കുന്ന ഡേറ്റ് നേർത്തേ അറിയിക്കണേ..
എന്റെ വീട്ടിലെ എലികളൊക്കെ കാണുമ്പോ തന്നെ ഓടിക്കളയും.. ഓഹ്.. അത് ഗ്രാമത്തിലെ എലികൾ ആയത് കൊണ്ടയിരിക്കുമല്ലേ...
കണ്ണടച്ചിരുട്ടാക്കുന്നവരോട്...
ഇനി നാട്ടില്‍ പോയി മടങ്ങുമ്പോള്‍ ഒരു മാര്‍ജാരനെ കൂടെ കൊണ്ടുപോവുക. മൂഷികശല്യം തീര്‍ന്നുകിട്ടും.
നന്ദി മത്താപ്പ്-തേങ്ങായ്ക്ക്
വാൾപയറ്റ്-ശ്രദ്ധിക്കാമ്
ഏറനാടൻ- ശ്രമിക്കാം
എല്ലാവർക്കും നന്ദി
Post a Comment