കുട്ടനാട്ടിലേയ്ക്ക് ഒരു യാത്ര
Monday, August 15, 2011
കുട്ടനാട്ടിലെ കൃഷിയിടങ്ങളിലെ കീടനാശിനി പ്രയോഗത്തിന്റെ ക്രൂരവും, ഭീകരവും, പൈശാചികവുമായ അനന്തരഫലത്തെക്കുറിച്ച് ഞാൻ ബോധവാനായത് ഈയിടയ്ക്കാണ്. കീടനാശിനിപ്രയോഗം നദികളേയും, കായലുകളേയും, ഭക്ഷ്യധാന്യങ്ങളേയും വിഷലിപ്തമാക്കി മനുഷ്യകുലത്തിനാകെ ദോഷകരമായി മാറിക്കൊണ്ടിരിക്കുന്ന സ്ഥിതിഗതികളെക്കുറിച്ചൊക്കെ നാം പലതവണ വായിട്ടുള്ളതുമാണല്ലോ.
എൻഡോസൾഫാൻ... എൻഡോസൾഫാൻ...എൻഡോസൾഫാൻ... എന്തൊക്കെ പുകിലാണ് ഈയിടയായ് നടന്നുകൊണ്ടിരിക്കുന്നത്!
കണ്ണും, വായും, മൂക്കുമൊന്നും ഒരു തൂവാലകൊണ്ടുപോലും മൂടാതെ തലങ്ങും വിലങ്ങും നെല്ലിന് മരുന്നടിക്കുന്ന കുട്ടനാടൻ കർഷകരെ കണ്ട് ഞാൻ മൂക്കും പൊത്തി നിന്നിട്ടുണ്ട്! സങ്കടപ്പെട്ടിട്ടുണ്ട്. പക്ഷേ എന്റെ സങ്കടം കേവലം ‘അയ്യോ കഷ്ടം’ എന്ന് പറയുന്നതിന്റെ അപ്പുറത്തേയ്ക്ക് കടന്നിട്ടില്ല. എങ്കിലും എന്റെ അമ്മാവന്മാരുൾപ്പെടുന്ന കർഷകശ്രേഷ്ഠന്മാർ സ്വന്തം ആരോഗ്യത്തിന് വൈക്കോലിന്റെ വിലപോലും നൽകാതെ ഈ ലോകമാകമാനുമുള്ള പെരുവയറന്മാരെ തീറ്റിപ്പോറ്റുന്നതിലെ നന്മയെക്കുറിച്ചോർത്ത് ഞാൻ ആനന്ദപുളകിതനായിട്ടുണ്ട്. അതിന് പ്രത്യേകചിലവൊന്നുമില്ലല്ലോ! ഞാനിപ്പോൾ പറയുന്ന കഥയ്ക്ക് ഈ വക കാര്യങ്ങളുമായി എന്തെങ്കിലും ബന്ധമുള്ളതായി എനിക്ക് തോന്നുന്നില്ല. കഥവായിച്ച് കഴിഞ്ഞ് നിങ്ങൾക്കും തീരുമാനിക്കാം എന്തെങ്കിലും ബന്ധമുണ്ടോയെന്ന്! കഥ പറയുമ്പോൾ തുടക്കം മുതൽ പറയണമല്ലോ. അതുകൊണ്ട് ഈ കഥയ്ക്ക് ആസ്പദമായ സംഭവത്തിന്റെ തുടക്കം മുതൽ പറയാം.
ഈ കഥയിലെ നായകൻ എന്റെ അമ്മാവന്മാരിൽ ഒരാളാണ്. ഈ അമ്മാവൻ ചില്ലറക്കാരനൊന്നുമല്ല! അമ്മാവനെക്കുറിച്ച് അമ്മൂമ്മ കുറച്ചൊന്നുമല്ല പറയാറുണ്ടായിരുന്നത്. കുട്ടനാട്ടീന്ന് ആദ്യമായി നാടുവിട്ടുപോയ ആളാണ് തന്റെ മോനെന്ന് അമ്മൂമ്മ ഊറ്റം കൊള്ളാറുണ്ടായിരുന്നു. അത് അമ്മൂമ്മ ‘പുളു’ അടിക്കുകയാണന്ന് സേതുപറഞ്ഞപ്പോൾ അമ്മൂമ്മ പ്രതികരിച്ചതിങ്ങനെയാണ്.
“ പെണ്ണിന് ഈയിടയായ് അരുത്തി ഇത്തിരി കൂടുന്നുണ്ട്. ഒരുകാര്യം ഒറപ്പാ...പതിനഞ്ച് വയസാകാൻ രണ്ട് ദിവസം മാത്രമുള്ളപ്പോൾ നാടുവിട്ട ആദ്യത്തെ കുട്ടനാട്ടുകാരനാ എന്റെ മോൻ!”
നാടുവിട്ടുപോയ മകനെക്കുറിച്ചോർത്ത് അഭിമാനിക്കുന്ന അമ്മൂമ്മയെക്കുറിച്ച് കൂടുതൽ വിശദീകരിക്കാതെ നമ്മുക്ക് അമ്മാവൻ നാടുവിടാൻ ഇടയാക്കിയ സംഭവത്തിലേയ്ക്ക് പോകാം. ഏകദേശം പത്ത് മുപ്പത്താറ് വർഷങ്ങൾക്ക് മുൻപ്...അന്നെനിക്ക് നല്ല ഓർമ്മയൊന്നും വെച്ചിട്ടില്ലന്നാണ് അമ്മ പറയുന്നത്. പക്ഷേ ഞാനതൊന്നും സമ്മതിച്ച് കൊടുത്തിട്ടില്ല. ഈ കഥയിൽ എന്റെ ഓർമ്മയ്ക്ക് യാതൊരുവിധ പ്രസക്തിയുമില്ലാത്തതിനാൽ ഞാനാവിധം കാര്യങ്ങളൊന്നും പറയുന്നില്ല. നമ്മുക്ക് കഥയിലേയ്ക്ക് തിരിച്ച് വരാം.
അമ്മാവൻ മഹാ തന്തോന്നി ആയിരുന്നെന്നാണ് അമ്മ പറയുന്നത്. ‘അവൻ മഹാ അഭിമാനി‘ ആയിരുന്നെന്നാണ് അമ്മൂമ്മ പറയുന്നത്. ഏതമ്മയാണ് മകനെക്കുറിച്ച് മോശം പറയുന്നത്!
നമ്മുടെ നായകനായ അമ്മാവൻ തന്റെ പേരിനെ അന്വർത്ഥമാക്കിക്കൊണ്ട് കൃഷ്ണന്റെ ലീലാവിലാസങ്ങളുമായ് കുട്ടനാടൻ പെൺകിടാങ്ങളുടെ മുന്നിൽ അവതരിക്കാൻ തുടങ്ങിയ കാലം! അപ്പോഴാണ് മൂത്ത മാമൻ കഥയിലെ വില്ലനായി അവതരിച്ചത്!
“നിന്നെക്കാളും അഞ്ചാറ് ഓണം കൂടുതൽ ഉണ്ടവനാടാ ഞാൻ.” എന്ന ഡയലോഗും കാച്ചിക്കൊണ്ട് മൂത്തമാമൻ ഇലക്ട്രിക് കേബിൾ കൊണ്ട് കൗമാരക്കാരൻ അമ്മാവന്റെ മുതുകത്ത് ഒരു കളരിപ്പയറ്റ് നടത്തി. കളരിപ്പയറ്റ് നടത്താൻ കാരണം ഒന്നല്ല! രണ്ട്.
ഒന്നാമത്തേത്, അഞ്ചിലെ കുട്ടപ്പായിയുടെ അരുമ പെങ്ങൾ ത്രേസ്യാമ്മയെ അതിക്രൂരമായി സൈറ്റടിച്ച് കാണിച്ചു. അതും കടവിൽ കടത്തുകയറാൻ വന്ന കുട്ടനാടൻ പ്രജകളുടെ മുന്നിൽ വെച്ച്! ത്രേസ്യാമ്മ കമ്പ്ലൈന്റ് ചെയ്തില്ല. സൈറ്റടി കണ്ട് നിന്ന മുപ്പതിലെ കുഞ്ഞന്നാമ്മ ത്രേസ്യാമ്മയുടെ ആങ്ങള കുട്ടപ്പായിയെ അറിയിക്കാതിരിക്കുന്നതെങ്ങനെ! ചില്ലറ സംഭവമെങ്ങാനമാണോ നടന്നത്! ഞൊടിയിലേ നുള്ളിയില്ലെങ്കിൽ വർഗീയ കലാപം പോലും ഉണ്ടാകാനിടയുള്ള കാര്യമാണ്! ഒരു ഹിന്ദു ചൊക്ലി പയ്യൻ ഒന്നാന്തരം കൃസ്ത്യൻ കൊച്ചിനെ സൈറ്റടിച്ച് കാണിച്ചിരിക്കുന്നു. നെല്ലും പതിരും തിരിച്ചറിയാത്ത പെൺകൊച്ചെങ്ങാനും വീണുപോയാൽ...അതുകൊണ്ട് മുപ്പതിലെ കുഞ്ഞന്നാമ്മ ചെയ്തത് സമൂഹ നന്മയ്ക്ക്! കുട്ടപ്പായി ചെയ്തതും സമൂഹനന്മയ്ക്ക്!
വിശപ്പ് പിടിച്ച കാള കലപ്പ വലിച്ചോണ്ട് ഓടുന്നതുപോലെ കേബിൾ വയർ പ്രയോഗിക്കാൻ മൂത്തമാമനെ പ്രകോപിപ്പിച്ച രണ്ടാമത്തെ സംഭവം മൂത്തമാമൻ നേരിട്ട് സാക്ഷ്യം വഹിച്ചതാണ്. ചീട്ടുകളി! സ്കൂളിൽ പോകാതെ ചിറയിലെ പുളിഞ്ചോട്ടിലിരുന്ന് ചീട്ടുകളിച്ചതാണ് രണ്ടാമത്തെ കുറ്റം. മീശമുളയ്ക്കാത്ത പ്രായത്തിൽ ചീട്ടുകളിച്ചാൽ പയ്യന്റെ ഭാവിയെന്താണ്?
ഉഴുതു മറിച്ച് കണ്ടം പോലെയായ മുതുകിലെ പാടുകളിൽ നിന്ന് ചോരനിലയ്ക്കുന്നതിന് മുന്നേ അമ്മാവൻ വീടുവിട്ടിറങ്ങി. അങ്ങനെ പതിനഞ്ച് വയസാകാൻ രണ്ട് ദിവസം മാത്രമുള്ളപ്പോൾ നാടുവിട്ട ആദ്യ കുട്ടനാട്ടുകാരനായി ചരിത്രത്തിൽ സ്ഥാനം പിടിച്ചു എന്റെ അമ്മാവൻ! അറിയപ്പെടുന്ന അമ്പലങ്ങളിലൊക്കെ നേർച്ചകൾ...കാഴ്ചകൾ...എല്ലാം നടന്നു.
“കുട്ടി വടക്കോട്ട് പോയിട്ടുണ്ടന്ന് വാസു ജോത്സ്യർ കവടി നിരത്തി പറഞ്ഞു.”
“കടവിൽ നിന്ന് ബസ് കേറിയാൽ വടക്കോട്ടേ പോകാൻ പറ്റൂ. അത് പറയാൻ ജോത്സ്യന്റെ ആവശ്യമില്ലായെന്ന്” അച്ഛനും പറഞ്ഞു. എന്തായാലും
ജോത്സ്യപ്രമുഖൻ പത്തിൽ വാസു ജോത്സ്യർ അമ്മാവന്റെ പേരിൽ കുറച്ച് പണമുണ്ടാക്കി അതല്ലാതെ വേറേ ഫലമൊന്നുമുണ്ടായില്ല.
അമ്മാവൻ എവിടെ പോയി എന്തായി എന്ന് ആർക്കും ഒരു വിവരവുമില്ല. കാലം കടന്നുപോയി. ഓണവും,വിഷുവും, കൊയ്ത്തും,മെതിയുമൊക്കെ അതിന്റെ മുറയ്ക്ക് നടന്നു. പക്ഷേ അമ്മാവനെക്കുറിച്ച് മാത്രം ഒരു വിവരവുമുണ്ടായില്ല.
അമ്മാവനെക്കുറിച്ചുള്ള ഓർമ്മ ഭിത്തിയിൽ തൂക്കിയിട്ടിരിക്കുന്ന ഒരു ഫോട്ടോയിൽ മാത്രമായി മാറി.വെള്ളക്കാ വണ്ടിയും ഉരുട്ടി, പ്ലാവിലതൊപ്പിയും വെച്ച് നടന്നിരുന്ന ഞങ്ങളൊക്കെ പലപല സ്ഥലങ്ങളിലേയ്ക്ക് ചേക്കേറി. കുടുംബത്തിലെ പുത്തൻ കുഞ്ഞുകുരുന്നുകൾക്കൊക്കെ ഭിത്തിയിലെ ഫോട്ടോ ‘നാടുവിട്ട മാമനായി.’
പക്ഷേ കഥ ഇവിടെ തീരുന്നില്ല. പത്ത് മുപ്പത്താറ് വർഷങ്ങൾക്ക് ശേഷം അമ്മാവൻ എവിടെയുണ്ടന്ന് അറിഞ്ഞിരിക്കുന്നു. ലക്നോവിൽ... അങ്ങ് വടക്കേന്ത്യയിൽ...ഹിന്ദിക്കാരുടെ ഇടയിൽ...
“അവൻ പെണ്ണും കെട്ടി,പിള്ളേരൊക്കെ കാണും ഇപ്പോൾ” അമ്മ പ്രഖ്യാപിച്ചു. ജഗദ ചിറ്റ ശരിവെച്ചു. അഭിപ്രായം പറയാനും സന്തോഷം പങ്കുവെയ്ക്കാനും അമ്മൂമ്മ ഇല്ലാതായിപ്പോയി.
അമ്മാവൻ തന്നെ നാട്ടിലേയ്ക്ക് കത്തെഴുതുകയായിരുന്നു.ഏതോ ആക്സിഡന്റായി റിക്കവറായി വരുകയാണന്നും, പരിചയക്കാരനും സഹായിയുമായിരുന്ന മലയാളി പറ്റിച്ചെന്നുമായിരുന്നു കത്തിലെ ചുരുക്കം.
അധികം താമസിയാതെ തന്നെ അമ്മാവനെ നാട്ടിലെത്തിച്ചു.
“കഷ്ടം. എന്റെ കൊച്ചന്റെ പരുവം തിരിഞ്ഞു. അവനെ പറ്റിച്ചതാ...ഒരു മലയാളി...ബാങ്കിലെ പണം മുഴുവൻ ചെക്കെഴുതിച്ച് അടിച്ചുമാറ്റി. വല്ല നാട്ടിലും കഴിയുന്നോനാ, നീ സൂക്ഷിക്കണം.”അമ്മ കരയുന്നത് എനിക്ക് ഫോണിലൂടെ കേൾക്കാൻ കഴിഞ്ഞു.
നാട്ടിൽ ചെന്നപ്പോൾ അമ്മാവനെ കാണാൻ ഞാൻ പോയി. കുറെ വർഷങ്ങൾക്ക് ശേഷമാണ് ഞാൻ കുട്ടനാട്ടിലേയ്ക്ക്... ആകെ മാറിപ്പോയിരിക്കുന്നു. പതിനാറ് പാലം കേറി വീട്ടിലെത്തിയിരുന്ന സ്ഥാനത്ത് ഇന്നൊറ്റപാലമില്ല! വണ്ടി വീടിന്റെ വാതുക്കലെത്തും! പുരാവസ്തുവെന്നപോലെ ഒരു കൊതുമ്പുവള്ളം പായലുകേറിയ തോടിന്റെ അരികിൽ കിടക്കുന്നു. അഞ്ചുമിനിറ്റ് മതി കടവിൽ നിന്നും വീട്ടിലെത്താൻ! പണ്ട് അരമണിക്കൂറിൽ കൂടുതൽ വേണമായിരുന്നു വള്ളത്തിൽ വരാൻ! പുരോഗതി! പുരോഗതി! നാടുവികസിക്കുന്നു! കുട്ടനാട് വികസിക്കുന്നു! പക്ഷേ എനിക്ക് സങ്കടമാണ് തോന്നിയത്. കുട്ടനാട് പുരോഗതിക്കുന്നതുകൊണ്ടല്ല എന്റെ സങ്കടം. നമ്മുടേതായ വയലേലകളും, തോടും, ആറുമൊക്കെ നമ്മളല്ലാതെ ആരാണ് സംരക്ഷിക്കേണ്ടത്? തോടു നികത്തലും വെട്ടി നിരത്തലുമല്ലാതെ വേറെ മാർഗമൊന്നുമില്ലേ?
പറഞ്ഞ് പറഞ്ഞ് ഞാൻ വിഷയത്തിൽ നിന്നും മാറി പോയിരിക്കുന്നു. ഞാൻ അമ്മാവനെ കണ്ടു. ഒത്തിരി വർഷങ്ങൾക്ക് ശേഷം. ഒരു മനുഷ്യ രൂപം മാത്രം. ഇളയമ്മായി എന്നെ വിളിച്ച് സ്വകാര്യമായി പറഞ്ഞു. “ എടാ, മാമൻ വന്നിട്ട് പത്ത് നാല്‍പ്പത് ദിവസമായി. ഇതുവരെ ഒന്നു കുളിച്ചിട്ടുമില്ല. മുടിവെട്ടിയിട്ടുമില്ല. ഞങ്ങള് പറഞ്ഞ് പറഞ്ഞ് മടുത്തു. ഈ വടക്കേന്ത്യയിലൊക്കെ ഇങ്ങനെയാണോ? നീയൊന്ന് പറഞ്ഞു നോക്ക്.”
നാല്‍പ്പത് ദിവസം പറഞ്ഞിട്ട് നടക്കാത്ത കാര്യം ഞാനായിട്ടെങ്ങനെയാണ്. ഒരു സംശയമായിരുന്നു.
അപ്പോഴാണ് അമ്മാവന്റെ വക ക്ഷണം. “എടാ നീ വാ, നമ്മുക്ക് തെക്കേ പാടത്തിന്റെ ചിറയിൽ നിന്നും കരിക്കിട്ട് കുടിക്കാം.” വലിയ തോടിന്റെ കുറുകേ ഒരു ചെറിയ പാലം വന്നിരിക്കുന്നു. പണ്ടിവിടെ തോണിയായിരുന്നു. പാലം കേറുമ്പോൾ തന്നെ ഓർത്തു. അമ്മാവനെ പാലത്തിൽ നിന്നും തള്ളിയിട്ടാലോ! കുട്ടനാട്ടുകാരനല്ലേ ഏതായാലും! ഏതു വെള്ളത്തിൽ വീണാലും നീന്തിക്കയറിക്കോളും! പക്ഷേ അപ്പോളതു ചെയ്തില്ല. കരിക്ക് കുടിക്കേണ്ടതല്ലേ!
തിരിച്ചുവന്നപ്പോൾ അമ്മാവൻ എന്തായാലും വെള്ളത്തിൽ വീണു. പത്തു മുപ്പത്താറുവർഷം കഴിഞ്ഞിട്ടും നീന്തൽ മറന്നിട്ടില്ല അമ്മാവൻ! പൂച്ച വെള്ളത്തിൽ നിന്നും കയറുന്നതുപോലെ അമ്മാവൻ കരയ്ക്ക് കയറി ശരീരമാസകലമൊന്നു കുടഞ്ഞു.
“നീയെന്തോന്ന് പണിയാടാ കാണിച്ചേ?” ദേഷ്യപ്പെടുമെന്ന് വിചാരിച്ചതാണ്. പക്ഷേ പരിഭവം നിറഞ്ഞ ഒരു ചിരിയോടെ അമ്മാവൻ ഷർട്ടുരിഞ്ഞ് പിഴിയാൻ തുടങ്ങി.
“വന്നിട്ട് ഒന്ന് ഒന്നര മാസമായില്ലേ? എന്താ ഒന്ന് വെള്ളത്തിലോട്ടിറങ്ങാത്തേ?”
ഉറക്കെയുള്ള ഒരു ചിരിയായിരുന്നു ആദ്യം. ചിരിയൊന്നടങ്ങിയപ്പോൾ അമ്മാവൻ പറയുകയാണ്;“ഈ വെള്ളത്തിൽ കുളിക്കുന്നതിലും ഭേദം പാടത്തടിക്കുന്ന വെഷമെടുത്ത് ഒഴിക്കുന്നതാണ്! വെഷമല്ലേ മൊത്തം! കീടനാശിനിയെല്ലാം വെള്ളത്തിലോട്ടൊഴുകി...നോക്ക് വെള്ളത്തിന്റെ നിറം...”
അപ്പോൾ കുട്ടനാട്ടിൽ തോട്ടിലെ വെള്ളമല്ലാതെ വേറെ കുളിക്കാൻ വെള്ളം കിട്ടില്ലേ എന്നു ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷേ ചോദിച്ചില്ല.ഇനിയിപ്പോൾ മുടി വെട്ടിക്കുന്നതിനെകുറിച്ച് അമ്മാവൻ എന്തായിരിക്കാം പറയാൻ പോകുന്നത്!
അമ്മാവൻ കുളിക്കാത്തതിന്റേയും മുടിവെട്ടിക്കാത്തതിനേയും വ്യക്തമായ ഒരു ഉത്തരം കിട്ടിയില്ലെങ്കിലും തിരികെയുള്ള യാത്രയിൽ എന്റെ ചിന്ത അമ്മാവൻ പറഞ്ഞതിനെക്കുറിച്ചായിരുന്നു. എന്തോ ചിലതൊക്കെ അതിലില്ലേ?
----------
2 comments:
എന്തോ ചിലതൊക്കെ ഇതില്‍ ചീഞ്ഞുനാറുന്നുണ്ട് മാഷേ.. അത് സത്യം. ഒരു കൊച്ചു കഥയിലൂടെ അത് പറഞ്ഞ രീതി കൊള്ളാം. ജോത്സ്യന്മാരോട് നല്ല കലിപ്പാണല്ലേ.. “കടവിൽ നിന്ന് ബസ് കേറിയാൽ വടക്കോട്ടേ പോകാൻ പറ്റൂ. അത് പറയാൻ ജോത്സ്യന്റെ ആവശ്യമില്ലായെന്ന്” ആ പ്രയോഗം ഇഷ്ടപ്പെട്ടു. മുന്‍പും ഏതോ കഥയില്‍ ജോത്സ്യവധം വായിച്ചിട്ടുണ്ട് :)
നന്ദി മനോരാജ്.ആരോടും പ്രത്യേക വിരോധമൊന്നുമില്ല.
Post a Comment