Followers

സിറിയയിൽ നിന്നും

Saturday, September 6, 2014

ഒബുർ സിറ്റിയിലെ ഒരു ഷോപ്പിങ്ങ്‌ മാളിൽ ചുമ്മാതെ ചുറ്റിയടിക്കുന്നതിനിടയിൽ അവിചാരിതമായിട്ടാണ്‌ ഞാൻ അബ്ദുൾ റഹ്മാനെ കാണുന്നത്‌.കേറണോ വേണ്ടയോ, കേറണോ വേണ്ടയോ എന്നാലോചിച്ച്‌ ഒരു കടയുടെ മുന്നിൽ നില്ക്കുമ്പോഴാണ്‌ അബ്ദുൾ റഹ്മാൻ പ്രത്യക്ഷപ്പെടുന്നത്‌.
നല്ലതുപോലെ ഇംഗ്ളീഷ്‌ സംസാരിക്കുന്ന ഒരു സിറിയാക്കാരൻ.
ഞങ്ങളുടെ അടുത്ത കെട്ടിടങ്ങളിലൊക്കെ കുറച്ച്‌ സിറിയാക്കാരുണ്ടായിരുന്നെങ്കിലും ആരുമായിട്ടും അധികം സംസാരിക്കാൻ കഴിഞ്ഞിട്ടില്ല.ഭാഷ തന്നെ പ്രശ്നം!
തട്ടിയും മുട്ടിയുമൊക്കെ പകുതി ആംഗ്യത്തിലും ബാക്കി പകുതി അറബിയിലും ഇംഗ്ളീഷിലുമൊക്കെയായി അടുത്ത ബിൽഡിങ്ങിലെ ഒരു ലോറിക്കാരൻ സിറിയാക്കാരനുമായ്‌ സംസാരിച്ചത്‌ ഓർമ്മവരുന്നു. സ്വന്തമായ്‌ നാലു വലിയ കണ്ടൈനർ ലോറികളുണ്ടവർക്ക്‌. നാലു സഹോദരന്മാർ. നാലു ലോറികൾ...ജീവിക്കാൻ പ്രശ്നമില്ല.
ഞാൻ സംസാരിച്ച ആൾക്ക്‌ പത്ത്‌ കുട്ടികളുണ്ട്‌. അയാളുടെ അടുത്ത സഹോദരന്‌ ആറും. ബാക്കിയുള്ളവരുടെ കാര്യം ഞാൻ ചോദിച്ചില്ല!ആകെ പത്തിരുപത്തഞ്ച്‌ കുട്ടികളെ ഞാനവിടെ കണ്ടിട്ടുണ്ട്‌.
അബ്ദുൾ റഹ്മാൻ ഒരു കോഫീ ഷോപ്പ്‌ നടത്തുകയാണ്‌. ലിബിയായിൽ ഒരു ഇലക്ട്രിക്‌ കമ്പനിയിൽ സൂപ്പർവൈസറായിരുന്നു അദ്ദേഹം. അവിടെ പ്രശ്നം രൂക്ഷമായപ്പോൾ സിറിയായിലേക്ക്‌ തിരിച്ചുപോയി. രണ്ട്‌ വർഷം മുന്നേ സിറിയായിൽ നിന്നും കുടുംബസമേതം ഈജിപ്റ്റിലേയ്ക്ക്‌...
കുടുംബം മൊത്തം ഈജിപ്റ്റിലാണിപ്പോൾ. കോഫീ ഷോപ്പിനോട്‌ ചേർന്ന്‌ ഒരു തുണിക്കടകൂടി തുടങ്ങി അവർ. അയാളുടെ ഭാര്യയാണത്‌ നോക്കുന്നത്‌.
ഇന്ത്യാക്കാരെ കണ്ടതിൽ അബ്ദുൾ റഹ്മാൻ വളരെ  സന്തോഷവാനായിരുന്നു.അയാളുടെ ഭാര്യയും.
ചായയുടെ കാശുപോലും അയാൾ വാങ്ങിയില്ല.കാശ് വരും പോകും...പക്ഷേ വല്ലപ്പോഴും കൂടി കിട്ടുന്ന സന്തോഷമാണ്‌ വിലമതിക്കാനാവാത്തതെന്ന് അബ്ദുൾ റഹ്മാന്റെ ഭാഷ്യം!
അധിക നാൾ ഈജിപ്റ്റിൽ നില്ക്കാൻ അയാൾക്ക്‌ താല്പ്പര്യമില്ല. എങ്ങനെയെങ്കിലും യൂറോപ്പിലേക്ക്‌ കടക്കണമെന്നതാണയാളുടെ ആഗ്രഹം.
ഇറ്റലിയിലേക്ക്‌ ഇല്ലീഗൽ മൈഗ്രന്റ്സുമായി പോയ ഒരു കപ്പൽ മറിഞ്ഞ വിവരം വാർത്തയിൽ കണ്ടതിന്‌ ശേഷമാണ്‌ വീണ്ടും അബ്ദുൾ റഹ്മാനെ തിരക്കി പോകുന്നത്. അന്നദ്ദേഹത്തെ കാണാൻ കഴിഞ്ഞില്ല. കുറച്ചുനേരം അദ്ദേഹത്തിന്റെ ഭാര്യയുമായ് സംസാരിച്ചു. ഞങ്ങൾ ഒബൂറിൽ നിന്നും താമസം മാഹ്ദിയിലേക്ക്‌ മാറുകയും ചെയ്തു.
മാഹ്ദിയിൽ വന്നതിനുശേഷം ഒരിക്കൽക്കൂടി അബ്ദുൽറഹ്മാന്‌  ഫോൺ ചെയ്ത്‌ നോക്കിയിട്ടുണ്ട്. പക്ഷേ കിട്ടുന്നില്ലായിരുന്നു. കടൽ മാർഗം ഇറ്റലിയിലേയ്ക്ക് കടക്കുന്ന സിറിയാക്കാരിലൊരാളായ് ഒരുപക്ഷേ ഇതിനോടകം അബ്ദുൾ റഹ്മാൻ മാറിയിട്ടുണ്ടാവാം.

കൂടുതൽ സിറിയാക്കാരുമായ് പരിചയപ്പെടണം,അവിടുത്തെ സ്ഥിതിഗതികളെക്കുറിച്ച് നേരിട്ടറിയണമെന്നൊക്കെ വിചാരിച്ചിരിക്കുമ്പോഴാണ്‌ ഒരു സിറിയാക്കാരൻ എഞ്ചിനീയർ എന്റെ കമ്പനിയിൽ ജോയ്ൻ ചെയ്യുന്നത്.
മാഗിദ്.
സിറിയായിലെ ‘ഹോംസ്’ പ്രദേശത്തുകാരൻ. സിറിയയിലെ പ്രശ്നങ്ങളുടെ തുടക്കം ഹോംസിൽ നിന്നാണ്‌!
ഒന്നര വർഷം മുന്നാണ്‌ മാഗിദും കുടുംബവും ഈജിപ്റ്റിലേയ്ക്ക് പോന്നത്. സുരക്ഷ തന്നെ പ്രശ്നം.
ഒന്നര വർഷം മുന്നേ ഇട്ടേച്ച് പോന്ന വീടും, സ്ഥലവുമൊക്കെ ഇന്ന് നിലംപരിശായിരിക്കുന്നു. സ്വന്തം വീട് നിന്ന് സ്ഥലം കണ്ടുപിടിക്കുന്നത് ഒരു മഹായത്നം തന്നെയായിരിക്കുമെന്ന് ചിരിച്ചുകൊണ്ട് മാഗിദ് പറയുമ്പോൾ അയാളുടെ കണ്ണുകളുടെ താഴെ അടർന്ന് വീഴാൻ കാത്തിരിക്കുന്ന ഒരു തുള്ളി കണ്ണീർ ഞാൻ കണ്ടു.
മാഗിദിന്റെ ഒരു സഹോദരൻ കൊല്ലപ്പെട്ടു. മറ്റൊരാൾ ഇപ്പോഴും യുദ്ധത്തിലാണ്‌.റിബൽ സേനയിൽ.
സിറിയയിൽ നടക്കുന്ന ക്രൂരതയുടെ ഒരു ചെറിയ ശതമാനം പോലും പുറം ലോകം അറിയുന്നില്ലന്ന് മാഗിദ് പറയുമ്പോൾ അയാളുടെ ശബ്ദത്തിന്റെ വിറയൽ ഞാനറിഞ്ഞു. അയാളുടെ ചുണ്ടുകളുടെ വിതുമ്പൽ ഞാനറിഞ്ഞു.
മുപ്പതുകാരനായ മാഗിദിന്‌ മൂന്ന് കുട്ടികൾ. അവസാനത്തെ കുട്ടി ഈജിപ്റ്റിൽ വന്നതിനുശേഷമാണുണ്ടായത്.
ആറുകുട്ടികൾ വേണമെന്നാണ്‌ മാഗിദിന്റെ ആഗ്രഹം!
അൽപ്പം തമാശയോടെയാണ്‌ ഞാനിതേക്കുറിച്ച് മാഗിദിനോട് ചോദിച്ചത്.മാഗിദിന്റെ മറുപടി അതേപടി ഇവിടെകൊടുക്കുന്നു.
“എനിക്ക് കുട്ടികൾ വേണം.അയാൾ കൊന്നാലും(ഇപ്പോഴത്തെ സിറിയൻ ഭരണാധികാരി) പിന്നേയും അവശേഷിക്കണം എനിക്ക് കുട്ടികൾ...സ്വന്തം കുഞ്ഞിന്റെ മാറ്‌ പിളർന്ന് ഹൃദയമെടുത്ത് മാതാപിതാക്കളെ കാണിച്ച് അതിൽ ആഹ്ളാദിക്കുന്ന നീചന്മാരുടെ നാട്ടിൽ...നിങ്ങൾ പറ, ആറു കുട്ടികളെന്നത് കൂടുതലാണോ?
ഞാൻ തലകുമ്പിട്ട് നിന്നു.
മാഗിദ് ഇന്ന് എന്നോടൊപ്പമില്ല.കുടുംബത്തെയൊക്കെ ഈജിപ്റ്റിലാക്കിയിട്ട്, ഇല്ലീഗൽ മൈഗ്രന്റ് ആയി ഒരു നല്ല ഭാവി പ്രതീക്ഷിച്ച് അയാൾ ടർക്കി വഴി സ്വീഡനിലോട്ട് കടന്നു. ഒരു പക്ഷേ മാഗിദിപ്പോൾ സ്വീഡനിലെ ഏതെങ്കിലും ജയിലിലായിരിക്കാം. അല്ലെങ്കിൽ ഏതെങ്കിലും പ്രദേശത്ത് പോലീസിന്റെ കണ്ണും വെട്ടിച്ച്...

എന്റെ ഒരു ഇന്ത്യൻ സുഹൃത്ത്, ഇപ്പോഴും സിറിയായിൽ ജോലി ചെയ്യുന്ന ഒരു സുഹൃത്ത് എനിക്കയച്ച ‘വാട്ട്സപ്പ്’ മെസ്സേജുകൂടി നൽകി ഈ കുറിപ്പ് അവസാനിപ്പിക്കുന്നു.
sathees, I want to move from here.But no option.Here it is not safe.I can hear the sounds of bombs and guns.my family,my children...they want me to come back...But I need a job,otherwise how can I move? If you can help,please give me some reference.
മിഡിൽ ഈസ്റ്റിലെ പലരാജ്യങ്ങളും ഇന്ന് കത്തിയെരിയുകയാണ്‌.അതിന്‌ പലകാരണങ്ങളും നമ്മുക്ക് നിരത്താം.ഉറക്കമില്ലാതെ വാഗ്വാദം നടത്താം.പക്ഷേ  എത്രയോ അബ്ദുൾ റഹ്മാന്മാർ...എത്രയൊ മാഗിദുമാർ...പേരറിയാത്ത എത്രയോ ഇന്ത്യാക്കാരും അല്ലാത്തവരുമായ സുഹൃത്തുക്കൾ...
കാലങ്ങളോളം നമ്മളിതൊക്കെ തന്നെ ചർച്ച ചെയ്യും.അടിപിടി കൂടും.മാഗിദുമാരും,അബ്ദുൾ രഹ്മാന്മാരും അനുഭവിച്ചുകൊണ്ടിരിക്കും. നാളെ അവരിലൊരാൾ നമ്മളും ആകാം.

8 comments:

ajith said...

സമാധാനമില്ലാത്ത ദേശങ്ങള്‍

ഫൈസല്‍ ബാബു said...

അസ്വസ്ഥമാവുന്ന രാഷ്ട്രങ്ങള്‍ !! ,, എല്ലാവര്ക്കും നന്മവരെട്ടെ എന്ന് പ്രാര്‍ഥിക്കാം അതല്ലേ നമുക്ക് ചെയ്യാന്‍ കഴിയൂ !! നല്ല കുറിപ്പ് സതീഷ്‌ .

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഭാരതത്തിന്റെ മാഹാത്മ്യം ഒന്നു കൂടി ഊട്ടി ഉറപ്പിക്കുന്ന  പോസ്റ്റ്.  

Jenish said...

നമ്മളെത്ര ഭാഗ്യവാന്മാരാണെന്ന് ഇത്തരം കഥകൾ കേൾക്കുമ്പോഴാണ് തിരിച്ചറിയുന്നത്...

Cv Thankappan said...

നൊമ്പരമായ് മാഗിദുമാരും,അബ്ദുള്‍റഹ്മാ്മാരും..........

Sathees Makkoth said...

ajith:അതേ,ഈ സ്ഥലങ്ങളൊക്കെ തികച്ചും അസ്വസ്ഥമായിക്കൊണ്ടിരിക്കയാണ്‌. നന്ദി.
ഫൈസല്‍ ബാബു:
നമ്മുക്ക് പ്രാർത്ഥിക്കാം. നന്ദി
ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage:
ഇതൊക്കെ കാണുമ്പോൾ, നമ്മൾ ഭാരതീയർ ഭാഗ്യവാന്മാർ! നന്ദി
Jenish Sr:ശരിയാണ്‌.നന്ദി
Cv Thankappan:അതേ, തങ്കപ്പേട്ടാ.എത്രയോപേർ! സിറിയാക്കാരായ ചിലർ കടകളിൽ വന്ന് ഒരു സവാള,ഒരു തക്കാളി,ഒന്നോ രണ്ടോ മുളക്,ഒരു വെള്ളരിക്ക മാത്രം വാങ്ങുമെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമായിരിക്കാം. പക്ഷേ പച്ചയായ യാതാർത്ഥ്യമാണത്!
മാനം വിറ്റ് ജീവൻ പുലർത്തുന്ന സ്ത്രീകൾ...അവർക്കൊന്നും വേറേ വഴിയില്ല.
നമ്മളൊക്കെ ഭാഗ്യവാന്മാർ.നന്ദി

സുധി അറയ്ക്കൽ said...

താങ്കൾ ആറേഴു വർഷം കൊണ്ട്‌ എഴുതിത്തീർത്ത മുഴുവൻ കഥകളും ഞാൻ വായിക്കുകയാണു.
ഏതോ ഒരു ലിങ്കിൽ നിന്നും കയറിയതാണു.
ബ്ലോഗുകളുടെ പ്രാതാപകാലത്തിൽ എഴുതാൻ തുടങ്ങി ഇപ്പോളും എഴുതുന്നുണ്ടല്ലോ.
ഇന്നലെ വായിക്കാൻ തുടങ്ങി.ഇന്നു തീരും.
രണ്ടു ദിവസം കൊണ്ട്‌ ഇതു മുഴുവൻ വായിച്ചു എന്നു പറയുമ്പോൾ തന്നെ അറിയാമല്ലോ താങ്കൾ എന്നെ എത്ര കണ്ട്‌ തൃപ്തിപ്പെടുത്തിയെന്ന്.
എത്ര തിരക്കാണെങ്കിലും എഴുതുക.
ഹൃദയം നിറഞ്ഞ ആശംസകൾ!!!!!!!!!!

Areekkodan | അരീക്കോടന്‍ said...

What we knows through media are only 1%. These AbdulRahmans and Magids are really starving for a life for them and their beloveds.But where will it happen...???

പ്രത്യേക ശ്രദ്ധയ്ക്ക്

Creative Commons License
എന്റെ ചില കുറിപ്പുകള്‍ by K.M.Satheesan is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Based on a work at www.satheeskm.blogspot.com.
Permissions beyond the scope of this license may be available at www.satheeskm.blogspot.com.

വിരുന്നുകാർ

Powered By Blogger

ഓർക്കണേ പ്ലീസ്...

ഈ ബ്ലോഗിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങളോ, സന്ദർഭങ്ങളോ, കഥാപാത്രങ്ങളോ ഏതെങ്കിലും വിധത്തിൽ ആരെങ്കിലുമായി ബന്ധപ്പെട്ടിട്ടുണ്ടന്ന് തോന്നുന്നുവെങ്കിൽ അത് സ്വാഭാവികം മാത്രം.

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP