കുഴിയാന
Saturday, September 6, 2014
വയസ് എൺപത് ആയെന്ന് വിശ്വസിക്കാൻ അല്പ്പം വിഷമം. കാലം എത്ര പെട്ടെന്നാണ് കടന്നുപോകുന്നത്! ഇതാ എന്നു പറയുമ്പോലെ...ഒരു അതിവേഗ തീവണ്ടിയാണ്
ജീവിതം. എത്രയെത്ര സ്റ്റേഷനുകൾ...എത്രയെത്ര യാത്രക്കാർ...വന്നുകയറുന്നവരും, ഇറങ്ങിപ്പോകുന്നവരും...ചിലർ സീറ്റൊക്കെ റിസർവ് ചെയ്ത് മെല്ലെ കടന്നുവരും. മറ്റുചിലർ അങ്ങനെയങ്ങ് വന്നുകടന്നു പോകും.ചോദ്യവുമില്ല പറച്ചിലുമില്ലാതെ...
ശാരദ ശങ്കരൻ നായരുടെ ജീവിതത്തിലോട്ട് കടന്നുവന്നത് റിസർവ് ചെയ്തുതന്നെയാണ്.ഫസ്റ്റ് ക്ളാസ് ബെർത്ത് തന്നെ കയ്യടക്കി അവർ. ശാരദയേയും വഹിച്ച് ആ യാത്ര തുടർന്നു.മുപ്പത് വർഷം ഒരുമിച്ചുള്ള യാത്രയ്ക്ക്ശേഷം അവർ യാത്ര അവസാനിപ്പിച്ചു ഇടയ്ക്ക് ഏതോ സ്റ്റേഷനിൽ ഇറങ്ങിപ്പോയി...കിതച്ചുകൊണ്ട് തീവണ്ടി പിന്നെയും കൂകി പാഞ്ഞുകൊണ്ടിരുന്നു. മൂന്ന് യാത്രക്കാരുണ്ടായിരുന്നു അപ്പോഴും തീവണ്ടിയിൽ. മൂന്നു പെൺകുട്ടികൾ...
ഇരുളടഞ്ഞ മുറിയുടെ ഒറ്റപ്പാളി ജന്നലിലൂടെ ശങ്കരൻ നായർ പുറത്തേയ്ക്ക് നോക്കി.കാഴ്ച വ്യക്തമാവുന്നില്ല.വെളിച്ചത്തിന്റെ ഒരു തൂണ് മുറിക്കുള്ളിലേയ്ക്ക് പ്രവേശിച്ചു.കറ പിടിച്ച
മൊസേക്ക് തറ വെളിച്ചത്തെ അവജ്ഞയോടെ നോക്കി .കാലം തെറ്റി വന്ന തണുത്ത കാറ്റ് മുറിക്കുള്ളിലേയ്ക്ക് അടിച്ചുകയറി.അസഹനീയം!കാറ്റ് ജന്നൽ പാളിയെ വലിയ
ശബ്ദത്തോടെ അടച്ചു. വീണ്ടും ഇരുട്ട്.
ശങ്കരൻ നായർക്ക് മുറിയുടെ ഓരോ മൂലയും നല്ല നിശ്ചയമാണ്. വെളിച്ചത്തിന്റെ ആവശ്യമേയില്ല.അതങ്ങനയാവണമല്ലോ. കാലം കുറേ ആയില്ലേ,ഓട്ടം നിലച്ച തീവണ്ടിയെ
ഗാരേജിലേയ്ക്ക് മാറ്റിയിട്ട്. ഇപ്പോൾ യാത്രക്കാരില്ല.കച്ചവടക്കാരില്ല,യാചകരില്ല.
ഇടയ്ക്കിടയ്ക്ക് ഡോക്ടറുടെ അടുത്ത് പോണം.ശോഭേടെ മോൻ വണ്ടിയിൽ കയറാൻ സഹായിക്കും.കയറി ഇരുന്നുകൊടുത്താൽ മതി.ഇരുട്ടിൽ നിന്നും വെളിച്ചത്തിലേയ്ക്ക്... പച്ചിലകളുടെ കിന്നാരം...ശങ്കരൻ നായർക്ക് അതിഷ്ടമാണ്...വേലിയിറമ്പിലൂടെ പോകുന്ന വണ്ടിയിലേയ്ക്ക് കിന്നാരം പറയാനെത്തുന്ന ഇലച്ചാർത്തുകൾ...വെള്ളത്തുള്ളികൾ മുഖത്തടിക്കുമ്പോൾ മഞ്ഞുമൂടി കനം വെച്ച പ്രഭാതത്തിലൂടെ ഓടിപ്പോകുന്ന തീവണ്ടിയെയാണ് അയാൾക്ക് ഓർമ്മ വരുന്നത്.
ചിലപ്പോഴൊക്കെ ശങ്കരൻ നായർ എതിർക്കും. അയാൾ പോകാൻ കൂട്ടാക്കില്ല. അയാൾക്ക് ആരേയും കാണേണ്ട. അങ്ങനെ തോന്നുന്ന സമയത്ത് മിക്കവാറും മുറിയുടെ അകത്തുനിന്ന് കുറ്റിയിട്ടുകളയുമായിരുന്നു അയാൾ.ഇരുട്ടിനെ പ്രണയിച്ച്,കുഴമ്പിന്റേയും എണ്ണയുടേയും ഗന്ധത്തിൽ ലയിച്ച് മെത്തയിൽ മുഖമമർത്തി അയാൾ കിടക്കും.
ജന്നൽ പാളിയിലൂടെ അരിച്ചുകയറുന്ന കാറ്റിനെപ്പോലും അയാൾ ഭയന്നു.
കതകിന്റെ കൊളുത്തു എടുത്തുമാറ്റപ്പെട്ടു എന്നു എപ്പോഴോ ശങ്കരൻ നായർ അറിഞ്ഞു..ശോഭയുടെ കെട്ടിയോനായിരിക്കാം.അല്ലെങ്കിൽ അവരുടെ മോനായിരിക്കാം. അതുമല്ലെങ്കിൽ
അവർ മൂവരും കൂടെയായിരിക്കാം അതു ചെയ്തിട്ടുള്ളത്.മുറി അടച്ചിട്ട്, മൂത്രത്തിലും മലത്തിലും മുങ്ങിക്കിടന്നാൽ വീട്ടിൽ വരുന്നോരെന്തുവിചാരിക്കുമെന്നാണ് ശോഭയോട്
അതേക്കുറിച്ച് ചോദിച്ചപ്പോൾ പറഞ്ഞത്.
അങ്ങനെയെങ്കിലും ആരെങ്കിലും ഈ മുറിയിലോട്ട് കയറുമല്ലോ...ശങ്കരൻ നായർ ആശ്വസിച്ചു.
കഴിഞ്ഞ തവണ ഡോക്ടറെ കാണിക്കാനെന്ന് പറഞ്ഞിട്ട് കൊണ്ടുപോയത് ഇളയവളുടെ വീട്ടിലേയ്ക്ക്...ഒരാഴ്ച വളരെ ബുദ്ധിമുട്ടിയാണ് അയാളവിടെ കഴിഞ്ഞത്.
പ്രായമായി...അവശനായി...എന്നുള്ളതൊക്കെ ശരിതന്നെ.ആരുടെയെങ്കിലും സഹായമില്ലാതെ എഴുന്നേല്ക്കുന്നത് തന്നെ വളരെ പ്രയാസം. എല്ലാം ശരിതന്നെ.പക്ഷേ പറിച്ച്
നടുന്നതിന് മുന്നേ ഒരു വാക്ക്...അതുണ്ടായില്ലായെന്നത് ശങ്കരൻ നായരെ വളരെ ബുദ്ധിമുട്ടിച്ചു.
അതില്പ്പിന്നെ ശങ്കരൻ നായർക്ക് ഒരു വല്ലാത്ത ഭയം. ഭയമെന്ന് പറയാൻ പറ്റില്ല. ഒരവിശ്വാസം.ഡോക്ടറുടെ അടുക്കൽ പോകാൻ വിളിച്ചാൽ ശങ്കരൻ നായർ
അനങ്ങില്ല.എന്താണുറപ്പ്? അങ്ങോട്ടേക്ക് തന്നെയാണ് പോകുന്നതെന്ന്.
ശങ്കരൻ നായർക്ക് ശോഭയുടെ കൂടെ നില്ക്കുന്നതാണിഷ്ടം. മറ്റു രണ്ടു മക്കളേയും അയാൾക്കിഷ്ടമില്ലന്നല്ല അതിന്റർത്ഥം! അയാൾക്ക് മക്കളെല്ലാവരും ഒരുപോലെതന്നെയാണ്. അവർക്കും അച്ഛനെ വലിയ കാര്യമാണുതാനും.എങ്കിലും ശങ്കരൻ നായർക്ക് വീട് മാറി താമസിക്കുന്നത് ഓർക്കാനേ പറ്റില്ല.
വാതിൽക്കൽ ഒരു കാല്പ്പെരുമാറ്റം കേൾക്കുന്നു.ശങ്കരൻ നായർ ചെവി വട്ടം പിടിച്ചു. ഈ നേരത്ത് ആരും മുറിയിലോട്ട് വരാൻ സാധ്യതയില്ല.ശോഭ ജോലിക്ക് പോകും.പിന്നെയാരാണ് ഇങ്ങോട്ട് കേറി വരാൻ...
വാതിപ്പാളികൾ ഒരു ഞരക്കത്തോടെ തുറന്നു.
കട്ടിലിലിൽ ഒന്നെഴുന്നേറ്റിരിക്കാൻ അയാൾ ശ്രമിച്ചു. അരയിൽ നിന്നും മാറിപ്പോയ ഉടുമുണ്ട് രണ്ടുകൈയും കൊണ്ടയാൾ വലിച്ച് ശരീരത്തോട് ചേർത്തു.
ആരാ? ശങ്കരൻ നായരുടെ ശബ്ദത്തിന്ന് വിറയൽ...അയാൾക്ക് പേടിയാണ്... വെളിച്ചവും...കാറ്റും...കരിയിലയുടെ മർമ്മരവും...സകലതിനേയും അയാൾക്ക് പേടിയാണ്.
“എന്തൊരൊരിട്ടാ ഇത്!” ശങ്കരൻ നായരുടെ അനുവാദത്തിന്ന് കാത്തുനില്ക്കാതെ സുശീലേടത്തി ജന്നൽ തുറന്നു.അരിച്ചുകയറുന്ന വെളിച്ചത്തിൽ സുശീലേടത്തിയുടെ മുഖമയാൾ അവ്യക്തമായിക്കണ്ടു.
ഒരു സ്റ്റൂൾ വലിച്ചെടുത്ത് അവർ ശങ്കരൻ നായരുടെ കട്ടിലിന്നോട് ചേർത്തിട്ടിരുന്നു.
“അറിയുമോ? ഞാനാ സുശീല. എത്രനേരോന്ന് കരുതിയാ വീട്ടില് കുത്തിയിരിക്കുന്നേ... പിള്ളേരൊക്കെ സ്കൂളീപ്പോയാപ്പിന്നെ എനിക്ക് വേറേ പണിയൊന്നുമില്ല.”
ശക്തമായ കാറ്റ് ജന്നൽപ്പാളിയെ വലിച്ചടച്ചു. സുശീലേടത്തി എണീറ്റ് ജന്നലിന്ന് കൊളുത്തിട്ടു.
“മഴ വരുമെന്നാ തോന്നണത്...മാനം ഇരുണ്ട് കേറണുണ്ട്”
ശങ്കരൻ നായർ ചിരിച്ചു. ഒച്ചയില്ലാതെയുള്ള ആ ചിരി ഇരുട്ടിൽ അലിഞ്ഞുപോയി.അയാൾ സംസാരിച്ചു തുടങ്ങി.
“എനിക്കിഷ്ടാ...”
“എന്ത്?”
“ഭയങ്കര ഇഷ്ടാ എനിക്കീവീട്.”
“സുശീലച്ചേച്ചിക്ക് ഇഷ്ടമാണോ?”
“എന്ത്?”
“ഈ വീട്.”
അവർ പൊട്ടിച്ചിരിച്ചു.“എന്തേ ഇപ്പോ വീടിനോടിത്ര ഇഷ്ടം.?”
ശങ്കരൻ നായർ ഈയിടെയായ് ഇങ്ങനെയാണ്. എന്തു സംസാരിച്ചാലും വീടിനെക്കുറിച്ചേ പറയൂ. അയാൾക്ക് ഈ വീട് ഭയങ്കര ഇഷ്ടമാണ്.
ശോഭയുടെ ഭർത്താവിന്റെ സ്വപ്നമായിരുന്നു ഇങ്ങനെയൊരു വീട്.തടിയിൽ തീർത്ത വീട്!മേല്ക്കൂരയിലെ ഓട് ഒഴികെ ബാക്കിയെല്ലാം തടിയിൽ തീർത്ത വീട്!കാലം കുറേ എടുത്തു ഇങ്ങനൊരണ്ണം പണിതീർക്കാൻ... പഞ്ചവൽസര പദ്ധതിയെന്നൊക്കെ ആളുകൾ കളിയാക്കി. ഒരുതരം വട്ടെന്നൊക്കെ കൂട്ടത്തിലുള്ളവര് തന്നെ പറഞ്ഞു തുടങ്ങി.പാലക്കാടുള്ള ഏതോ വലിയ ഇല്ലം പൊളിച്ച തടിയാണ്.
“പഴയതൊക്കെ ആർക്കും വേണ്ട.”
“എന്ത്?”
“ആളുകളൊക്കെ കോൻക്രീറ്റിന്റെ പൊറകേ അല്ലേ...ഇപ്പോ ആരാ ഇങ്ങനത്തെ വീടൊക്കെ വെയ്ക്കുന്നേ...ശോഭേടെ കെട്ടിയോനെങ്കിലും ഇങ്ങനൊരു ബുദ്ധി തോന്നിയല്ലോ.എനിക്കിഷ്ടാ ഈ വീട്...സുശീലച്ചേച്ചിക്ക് ഇഷ്ടാണോ?”
“എന്ത്?”
“ഈ വീട്?” ശങ്കരൻ നായർ വീണ്ടും ചോദ്യം ആവർത്തിച്ചു.
“പിന്നേ...എനിക്കും ഇഷ്ടാ ഈ വീട്. പക്ഷേല് ശങ്കരേട്ടാ, ഈ ചേച്ചി വിളിയൊന്ന് നിർത്തണം കേട്ടോ. നമ്മള് തമ്മില് രണ്ട് വയസ്സിനിളപ്പമെനിക്കാ...അതുമറക്കേണ്ട.”
സുശീലേടത്തിക്ക് ശങ്കരൻ നായർ ചേച്ചി എന്ന് വിളിക്കുന്നത് ഇഷ്ടമല്ല. അതുമാത്രമായിരുന്നു അവർക്ക് ശങ്കരൻ നായരെ കുറിച്ചുള്ള പരാതിയും.
”ശോഭേടെ കെട്ടിയോനെ സമ്മതിച്ചുകൊടുക്കണം.“
”വീട് വെച്ചതിനാ?“
”അതു മാത്രമല്ല ചേച്ചി, ഈ വീട് നിക്കണത് ഒരു വനത്തിലല്ലേ! വനം!“
“അതൊക്കെ ശരിയാ...പക്ഷേ ശങ്കരേട്ടാ... ചേച്ചി വിളി വീണ്ടും.” പരിഭവം സുശീലേടത്തിയുടെ മുഖത്തും നിഴലിച്ചു. മുറിയിലെ ഇരുട്ടിൽ അയാളത് കണ്ടില്ല. സുശീലേടത്തി പറഞ്ഞതും ശങ്കരൻ നായർ കേട്ടില്ല. അയാൾ തുടർന്നുകൊണ്ടേയിരുന്നു. ഒരേക്കർ ഭൂമിയിൽ ശോഭയുടെ കെട്ടിയോൻ പടുത്തുയർത്ത വനത്തെക്കുറിച്ച്...അതിന്നുള്ളിൽ പൂർണ്ണമായും തടിയിൽ നിർമ്മിച്ച കേരളത്തനിമയുള്ള സുന്ദരൻ വീടിനെക്കുറിച്ച്... വനത്തിലെ സന്ദർശകരായ കിളികളെക്കുറിച്ച്... പൂമ്പാറ്റകളെക്കുറിച്ച്... തേനീച്ചയെക്കുറിച്ച്...
കടന്നൽ കൂട്ടിൽ ശോഭയുടെ കെട്ടിയോൻ തലയിട്ടതിനെക്കുറിച്ച് പറഞ്ഞിട്ട് ശങ്കരൻ നായർക്ക് ചിരിയടക്കാനാവുന്നില്ല.ചിരിച്ച് ചിരിച്ച് അയാളുടെ കവിളിലൂടെ ഒരു നീർച്ചാലുണ്ടായി. അയാളതറിഞ്ഞില്ല. താൻ പറയുന്നതൊക്കെ കേൾക്കാൻ സുശീലേടത്തി മുറിയിലില്ലന്ന് അയാളറിഞ്ഞില്ല.അയാൾ സംസാരം തുടർന്നുകൊണ്ടേയിരുന്നു.
സുശീലേടത്തിയെ കൂടാതെ വേറേ സന്ദർശകരാരും തന്നെ ഉണ്ടായിരുന്നില്ല ശങ്കരൻ നായർക്ക്. അയാൾക്ക് അവരുടെ സാമീപ്യം, അവരുമായുള്ള സംസാരം ഒരു ആശ്വാസമായി മാറി. വീടിനെക്കുറിച്ച്, മരങ്ങളെക്കുറിച്ച്, കിളികളെക്കുറിച്ച്,പൊളിച്ചെറിയപ്പെടുന്ന ഇല്ലങ്ങളെക്കുറിച്ച്, നഷ്ടമാകുന്ന ഗ്രാമീണതയെക്കുറിച്ച്, ഭാരമാവുന്ന വാർദ്ധക്യത്തെക്കുറിച്ച്, ആസന്നമായ മരണത്തെക്കുറിച്ച്.... എല്ലാം അയാൾ സംസാരിക്കും. കഥകേൾക്കുന്ന ഒരു കൊച്ചുകുട്ടിയുടെ കൗതുകത്തോടെ സുശീലേടത്തി എല്ലാം കേൾക്കും.ഒന്നൊഴിയേ...‘ചേച്ചി’ എന്ന വിളി ഒഴിയേ.
ശങ്കരൻ നായർ അവരെ ചേച്ചി എന്നു വിളിച്ചാൽ കഥ മാറും. പ്രായത്തിന്നിളയതല്ലേ... രണ്ടുവയസ്സിന്നാണേലും.
വീർപ്പിച്ചുകെട്ടിയ മുഖവുമായി അരുതാത്തതെന്തോ സംഭവിച്ചമാതിരി,മാറുമറച്ചിരുന്ന വെള്ള തോർത്തിനാൽ കണ്ണു തുടച്ചുകൊണ്ട് ശങ്കരൻ നായരുടെ മുറിയിൽ നിന്നും ഇറങ്ങിയോടുന്ന സുശീലേടത്തിയെ ഞാൻ അവിചാരിതമായിട്ടാണ് കാണുന്നത്.ഞാൻ സുശീലേടത്തിയുടെ കൈയിൽ പിടിച്ച് വലിച്ചു നിർത്തി.
“എന്താ? എന്തുപറ്റി...ശങ്കരൻ നായർക്കെന്തെങ്കിലും...”
“അങ്ങേർക്കൊന്നുമില്ല. വയസ്സാണെങ്കിലും മനസ്സിലിരുപ്പ് ശരിയല്ല അങ്ങേരുടെ.”
“എന്തുപറ്റി സുശീലേടത്തി? കാര്യം പറ. നമ്മുക്ക് പരിഹാരമുണ്ടാക്കാം.” ഞാൻ ആശ്വസിപ്പിക്കാൻ ഒരു വിഫല ശ്രമം നടത്തി.
“ഓ...അതിപ്പം നീ വിചാരിച്ചാ പറ്റുമെന്ന് തോന്നുന്നില്ലെന്റ സുധാകരാ... അങ്ങേർക്ക് നാണമെന്നൊന്നില്ല.” അരുതാത്തതെന്തോ സംഭവിച്ചു എന്നുകരുതി വിഷണ്ണനായ് നിന്ന എന്നെ നോക്കി സുശീലേടത്തി പറഞ്ഞു.“രണ്ടു വയസ്സേ ഉള്ളൂവെങ്കിലും ഞാൻ അങ്ങേരിലും ഇളയതല്ലേ... എന്നെക്കേറി ‘ചേച്ചി’ എന്ന് വിളിക്കുന്നതിന് ഒരുളുപ്പുമില്ല കെളവന്...”
ചിരിക്കണോ അതോ സുശീലേടത്തിയെ ആശ്വസിപ്പിക്കണമോ അതുമല്ല ശങ്കരൻ നായരെ ഉപദേശിക്കണമോ...ഒരുവേള ഞാൻ ആലോചിച്ചു.പിന്നെ ശങ്കരൻ നായരുടെ മുറിയിലേയ്ക്ക് ഞാൻ കയറി.ഇരുട്ടിൽ പൊതിഞ്ഞ ആൾരൂപം!
“സുധാകരനാണ്.” ഞാൻ പറഞ്ഞു.
“ഓ...” ഒരു അനക്കം
“സുശീലേടത്തി കരഞ്ഞോണ്ട് ഓടണകണ്ടപ്പോ ഞാൻ വിചാരിച്ച്...ശങ്കരൻ നായർക്ക്...എന്തോ വല്ലായ്കയാണന്നാ...”
“അതോ!, ഒരു രസമല്ലേടോ അതൊക്കെ.” പിന്നെ ശബ്ദം വളരെ താഴ്ത്തി ശങ്കരൻ നായർ പറഞ്ഞു.
“അല്ലേലും ഈ പെണ്ണുങ്ങളൊക്കെ ഇങ്ങനാടോ; പ്രായമായെന്ന് വിശ്വസിക്കാൻ വെഷമമാ അതുങ്ങള്‌ക്ക്...സുശീല, പാവം! അവള്‍ക്കറിയ്‌യ്‌വോ പ്രായം ശരീരത്തിന്നാണന്ന്...മനസ്സിനല്ലന്ന്. അതൊരു കുഴിയാനയാണടോ, കുഴിയാന...പുറകോട്ട് നടക്കാനാഗ്രഹിക്കുന്ന കുഴിയാന.”
പൂക്കളമിടാൻ പൂപറിക്കാൻ പോയ ബാല്യകാലമാണെനിക്ക് ഓർമ്മ വന്നതപ്പോൾ.
തുമ്പപ്പൂവിന്നുള്ളിൽ നിന്നും ഇറങ്ങി വന്ന ഒരു കറുത്ത കൊച്ചുറുമ്പ്...
തണ്ടിലൂടെ പതുക്കെ ഇറങ്ങി മണലിലൂടെ നീങ്ങിയ അത് ഒരു ചെറിയ കുഴിയിലോട്ട് വീണു. ഞാന്‍ ചൂണ്ട് വിരല്‍ കുഴിയിലോട്ടിട്ടു.ഉറുമ്പിനെ കിട്ടിയില്ല. പകരം ഒരു കുഴിയാന!
കുഴിയാനെയെ ഞാൻ തെളിഞ്ഞ മണലിൽ വെച്ചു. അതപ്പോൾ പുറകോട്ട് നടന്നു തുടങ്ങി.
12 comments:
ഓണാശംസകൾ!
പിന്നേം ശങ്കരന്‍........!!
കഥ നന്നായിട്ടുണ്ട്
കഥ വായിച്ചു വന്നപ്പോള്‍ ഒരു മുന്‍ ധാരണയുണ്ടായിരുന്നു ,,അത് തിരുത്തികുറിച്ചു :) അവസാനം അപ്രതീക്ഷിതം !! നല്ല കഥ സതീഷ് ,,, ഒപ്പം ഓണാശംസകളും :)
അവിചാരിത കഥാന്ത്യം , കഥയെ മനോഹരമാക്കി ട്ടോ....
മനസ്സെന്ന കുഴിയാന.... നന്നായി... ആശംസകള്‍ സതീഷ് ഭായ്.
കഥ മനോഹരമായി.
മനസ്സിനല്ല പ്രായം വരിക ശരീരത്തിനാണ്...........
ആശംസകള്‍
അവസാനം തുമ്പ പൂവിൽ നിന്നും ഇറങ്ങിവരുന്ന കട്ടുറുമ്പ്...ഞാനും നിമിഷനേരം കൊണ്ട് എന്റെ ബാല്യത്തിലെ രംഗങ്ങൾ അയവിറക്കി....കുഴിയാന ഇഷ്ടമായി സതീഷ്.താങ്കൾക്കും കുടുംബത്തിനും ഓണാശംസകൾ
കഥ കൊള്ളാംട്ടോ .
ഇതിങ്ങനെ ആയിരിക്കും തീരുക എന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. ഒരു ട്രാജഡി ആയിരുന്നു ആദ്യം വിചാരിച്ചത്. പിന്നെ ഒരു പിടീയും കിട്ടിയില്ല. അവസാനം കോമഡി!!!! നല്ല ഭാവന
ajith :വളരെ നന്ദി അല്പസമയം ശങ്കരൻ നായരുടെ കൂടെ ചെലവഴിച്ചതിന് ഫൈസല്‍ ബാബു :കഥ ഇഷ്ടപ്പെട്ടു എന്നറിയച്ചതിൽ വളരെ സന്തോഷം. നന്ദി. കുഞ്ഞൂസ് (Kunjuss) :വളരെ നന്ദി സുധീര്‍ദാസ്:വളരെ നന്ദി Cv Thankappan :തങ്കപ്പേട്ടാ, അതേ ശരീരത്തിന്നാണ് പ്രായം. നന്ദി. Areekkodan | അരീക്കോടന്‍ :പെരുത്ത കാലമായല്ലോ ഇതുവഴി വന്നിട്ട്. വളരെ നന്ദി. മിനി പി സി:അഭിപ്രായത്തിന് നന്ദി. ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritage:ഇതുവഴി വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിലും വളരെ സന്തോഷം.നന്ദി
ഉഗ്രൻ.. വളരെ ഇഷ്ടപ്പെട്ടു..
Jenish Sr :നന്ദി
Post a Comment