Followers

ഉമ്പ്രിശാന്തിയുടെ യോഗപരിശീലനം

Monday, February 19, 2007

അമ്പലത്തിലെ ശാന്തിമാരുടെ എണ്ണം നാള്‍ക്കുനാള്‍ കുറഞ്ഞുവരുന്നു.
മേല്‍ശാന്തിക്ക് സഹായികളായുണ്ടായിരുന്നവരെല്ലാം വേറേ വേറേ അമ്പലങ്ങള്‍ തേടി പോയിരിക്കുന്നു.

ശാന്തിമാര്‍ കൂടുതല്‍ വരുമാനം തേടി മറ്റ് അമ്പലങ്ങളിലേയ്ക്ക് പോകരുതെന്ന് നിയമമൊന്നുമില്ലല്ലോ?

അതുകൊണ്ട് തന്നെ ഇത് അത്രയ്ക്ക് അദ്ഭുതപ്പെടുവാനുള്ള വിഷയമൊന്നുമായിരുന്നില്ല.

എങ്കിലും ശാന്തിക്കാര്‍ക്ക് ഇത്രയധികം ഡിമാന്റ് ഉണ്ടായിരിക്കുന്നു എന്നത് അദ്ഭുതപ്പെടുത്തുന്നത് തന്നെയായിരുന്നു.

പഴയ ശാന്തിമാര്‍ കൂടുതല്‍ വരുമാനം കിട്ടുന്ന അമ്പലങ്ങള്‍ നോക്കിപ്പോയതുകൊണ്ടും,പുതിയ ആള്‍ക്കാരെ കിട്ടാനില്ലായെന്നുമുള്ള വിഷമഘട്ടത്തിലാണ് ദേവസ്വം കമ്മറ്റിക്കാര്‍ ചെറുപ്പക്കാര്‍ക്ക് പരിശീലനം നല്‍കി പുതിയ ശാന്തിമാരെ കണ്ടെത്തുന്നതിനെക്കുറിച്ചാലോചിക്കുന്നത്.

അങ്ങനെ അവര്‍ നാടുനീളെ തിരച്ചില്‍ തുടങ്ങി.
ലക്ഷണമൊത്ത ചെറുപ്പക്കാരെത്തേടി.
കണ്ട അണ്ടനേം അടകോഴനേം ഈ പണിക്ക് കേറ്റിയിരുത്തിയാല്‍ പറ്റുകേലല്ലോ.
പക്ഷേ തിരച്ചില്‍ ഫലം കൂടുതല്‍ അതിശയിപ്പിക്കുന്നതായിരുന്നു.

ആളെ കിട്ടാനില്ല.

ഒറ്റൊരുത്തനും വരുന്നില്ല.

ഇതെന്ത് കഥ!

ലക്ഷണമൊത്തവന്‍ പോയിട്ട് അണ്ടനും അടകോഴനും പോലും വരുന്നില്ല.

കൂലിപ്പണിക്ക് ആളെകിട്ടാനില്ലായെന്ന് പറഞ്ഞാല്‍ അതില്‍ അതിശയിക്കാനൊന്നുമില്ലായിരുന്നു.
തെങ്ങുകയറ്റം, തൂമ്പാപ്പണി തുടങ്ങിയ വിയര്‍പ്പ് നാറ്റമുണ്ടാക്കുന്ന ജോലികള്‍ക്ക്, കഴുത്തിലും കക്ഷത്തുമെല്ലാം കുട്ടിക്കൂറയും പോണ്ട്സുമെല്ലാം പൊത്തിവെച്ച് സുഗന്ധമുണ്ടാക്കി നടക്കുന്ന സുന്ദരക്കുട്ടപ്പന്മാരുടെ വിമുഖത മനസ്സിലാക്കാവുന്നതേയുണ്ടായിരുന്നുള്ളു.
താരതമ്മ്യേന ദേഹമനക്കിയുള്ള അദ്ധ്വാനം കുറവായതിനാലും,സുന്ദരികളുമായി സ്വൈര്യസല്ലാപം നടത്തുന്നതിന് യാതൊരുവിധ തടസവുമില്ലാതിരുന്നതിനാലും ചെറുപ്പക്കാര്‍ ശാന്തിപ്പണിക്ക് പോകുവാന്‍ മടികാണിക്കാതിരുന്ന ഒരു കാലമുണ്ടായിരുന്നു.

പക്ഷേ അതു പണ്ടത്തെ കാലം!

ഇപ്പോളെന്താണ് സംഭവിച്ചിരിക്കുന്നത്?

ദേവസ്വം കമ്മറ്റിക്കാര്‍ പുറകേ നടന്നിട്ടും ഒരുത്തനും അമ്പലത്തിലേയ്ക്ക് ശാന്തിപ്പണിക്കായ് വരുവാന്‍ തയ്യാറാകുന്നില്ല.

ഒരു പണിയുമില്ലാതെ വായ്നോക്കി കലുങ്കിന്മേലിരിക്കുന്ന കോമളന്മാര്‍ക്കെന്താണ് സംഭവിച്ചത്?

ദേഹമനക്കാതെ പത്ത് പൈസാ ഉണ്ടാക്കിക്കൂടെ ഇവന്മാര്‍ക്ക്?

അദ്ധ്വാനം കുറവും പെണ്‍പിള്ളാരുമായി ഇടപഴകുവാന്‍ അവസരം കിട്ടുമെന്നെല്ലാമുള്ളത് ശരിതന്നെ.
പക്ഷേ കൈയില്‍ ദക്ഷിണയായി കിട്ടുന്ന തുച്ഛമായ എന്തെങ്കിലുമല്ലാതെ മറ്റൊന്നും തടയാനിടയില്ലന്നതായിരുന്നു മടിയന്മാരായ വായ്നോക്കികളുടെ വാദഗതിയായുണ്ടായിരുന്നത്.
പണി ചെയ്തിട്ട് പൈസാ കിട്ടാതിരിക്കുന്നതിനേക്കാള്‍ ഭേദമാണത്രേ ഒന്നും ചെയ്യാതെ കലുങ്കിന്മേലിരിക്കുന്നത്!

ദേവസ്വം കമ്മറ്റിക്കാര്‍ തളര്‍ന്നില്ല. അവര്‍ അക്ഷീണ പ്രയത്നം തുടര്‍ന്നുകൊണ്ടേയിരുന്നു.
അങ്ങനെയാണവര്‍ സുന്ദരേശനെ കണ്ടെത്തുന്നത്.
കമ്മറ്റിക്കാരുടെ ഭാഷയില്‍ സുന്ദരേശന്‍ എല്ലാം തികഞ്ഞവനായിരുന്നു.
സല്‍സ്വഭാവി, സാധാരണ ചെറുപ്പക്കാര്‍ക്കുണ്ടായിരുന്ന വെള്ളമടി, ബീഡിവലി, ചീട്ടുകളി തുടങ്ങിയ ദുഃശീലങ്ങളൊന്നും തന്നെ സുന്ദരേശനില്ലായിരുന്നു.
അതും പോരാഞ്ഞിട്ട് സുന്ദരേശന് നേരത്തേ എണീക്കുന്ന സ്വഭാവവുമുണ്ടായിരുന്നു.
ശാന്തിപ്പണിക്കായ് ഇതില്‍പ്പരം എന്തു യോഗ്യതയാണ് ഒരാള്‍ക്ക് വേണ്ടത്?

സുന്ദരേശന്‍ നേരത്തേ എണീറ്റിരുന്നു എന്നുള്ളത് സത്യം.
അത് അദ്ദേഹത്തിന് വെയിലടിക്കുവോളം കിടന്നുറങ്ങുവാന്‍ ആഗ്രഹമില്ലാതിരുന്നത് കൊണ്ടാണന്ന് തെറ്റിദ്ധരിക്കരുത്.
സുന്ദരേശന്റെ ജോലിയുടെ പ്രത്യേകത ഒന്നുകൊണ്ട് മാത്രമാണ് അദ്ദേഹം നേരത്തേ എണീറ്റിരുന്നത്.
അതിരാവിലെ തന്നെ എണീറ്റ് ബസ്സ് സ്റ്റാന്റില്‍ ചെന്ന് പത്രക്കെട്ടുകള്‍ ശേഖരിച്ച് സൂര്യനുദിക്കുന്നതിന് മുന്നേ വരിക്കാര്‍ക്ക് എത്തിച്ച് കൊടുക്കുകയെന്നുള്ളതായിരുന്നു സുന്ദരേശന്റെ പണി.
പത്രം ഓഫീസുകള്‍ക്ക് അവധിയുള്ള ദിവസങ്ങളില്‍ സുന്ദരേശനെ ഒന്നുണര്‍ത്തിയെടുക്കുവാന്‍ സുന്ദരേശന്റെ അമ്മ നടത്തിവന്നിരുന്ന പാഴ് ശ്രമങ്ങളും അതിനോടനുബന്ധിച്ചുള്ള കശപിശകളും പലപ്പോഴും അയല്‍വീട്ടുകാരുടെ സന്ദര്‍ഭോചിതമായ ഇടപെടലുകള്‍ കൊണ്ടാണ് തീര്‍ന്ന് പോന്നിട്ടുള്ളത്.
ഇതില്‍നിന്നും സുന്ദരേശന്‍ ഉറക്കത്തെ എത്രമാത്രം സ്നേഹിച്ചിരുന്നു എന്ന് മനസ്സിലാക്കാവുന്നതേയുള്ളു.

പത്രവിതരണമാണ് സുന്ദരേശന്റെ പണിയെന്ന് ചുരുക്കി പറയാവുന്നതേയുള്ളു.
പക്ഷേ കേവലം പത്ര വിതരണം എന്ന് പറഞ്ഞാല്‍ ശരിയാവില്ല.
കാരണം. പത്രം എപ്പോള്‍ വേണമെങ്കിലും വിതരണം ചെയ്യാം.
നല്ലത് പോലെ വെട്ടം വീണ് കഴിഞ്ഞ് പത്രം കൊടുത്താലും പത്രവിതരണമെന്ന് തന്നെ പറയാം.
സുന്ദരേശനതിനൊരപവാദമായിരുന്നു.
തന്റെ ജോലിയോട് ആത്മാര്‍ത്ഥത കാണിക്കുന്ന ആളായിരുന്നു.
അങ്ങനെയുള്ള സുന്ദരേശനെയാണ് ദേവസ്വം കമ്മറ്റിക്കാര്‍ തിരഞ്ഞെടുത്തിരിക്കുന്നത്.
കേട്ടപ്പോള്‍ ആദ്യമൊക്കെ സുന്ദരേശന് സന്തോഷമാണ് തോന്നിയത്.
പക്ഷേ പിന്നിടൊന്നിരുത്തി ചിന്തിച്ചപ്പോഴാണ് സുന്ദരേശന് ഈ പണി അത്ര ശരിയാവുകയില്ല എന്ന് തോന്നിയത്.
തന്റെ വിഹാരകേന്ദ്രം അമ്പലമതില്‍കെട്ടിനുള്ളില്‍ തളച്ചിടപ്പെടുമെന്നുള്ള വിചാരമായിരുന്നു അതില്‍ പ്രധാനം.
വല്ലപ്പോഴും കൂടെകിട്ടുന്ന ഉറക്കാവസരവും നഷ്ടപ്പെടുമെന്നുള്ളതായിരുന്നു മറ്റൊന്ന്.

അവസാനം സുന്ദരേശന്‍ തന്റെ വിസമ്മതം കമ്മറ്റിക്കാരെ വിനയപൂര്‍വ്വം അറിയിക്കുകയും ചെയ്തു.

എങ്കിലും തന്നെ ആശ്രയിച്ചവരെ നിരാശരാക്കരുതെന്ന് സുന്ദരേശന് നിര്‍ബന്ധമുണ്ടായിരുന്നു.

അങ്ങനെയാണ് സുന്ദരേശന്‍ ഉമ്പ്രിയുടെ പേര് ശാന്തിപ്പണിക്കായി നിര്‍ദ്ദേശിക്കുന്നത്.

വീട്ടിലെ പട്ടിണി കാരണം നാടായ നാട്ടിലെയൊക്കെ കല്യാണം, മരണ അടിയന്തിരം, കെട്ടുമുറുക്ക് ഇത്യാദി ചടങ്ങുകളുടെ ലിസ്റ്റ് തയ്യാറാക്കി അതിന്‍ പ്രകാരം വിളിക്കാത്ത വിശിഷ്ടാതിഥിയായി തന്റെ വയറിന് സ്വാസ്ഥ്യം നല്‍കി വന്നിരുന്ന ഉമ്പ്രിക്ക് ഇതില്‍പരം സന്തോഷം നല്‍കുന്ന മറ്റൊരു കാര്യവുമില്ലായിരുന്നു. തന്റെ ആഹാരക്കാര്യമെങ്കിലും അമ്പലം കൊണ്ട് നടക്കുമല്ലോയെന്നുള്ള സന്തോഷമേ ഉമ്പ്രിയ്ക്ക് ഉണ്ടായിരുന്നുള്ളു.

വെളുത്ത് തുടുത്ത് ഉമ്പ്രി ശാന്തി അമ്പലനടയില്‍ സുസ്മേരവദനനായി പ്രസാദ വിതരണം ആരംഭിച്ചതില്‍പിന്നെ അമ്പലത്തില്‍ എത്തുന്ന ചെറുപ്പക്കാരികളുടെ എണ്ണം മാത്രമല്ല കാണിക്കയിനത്തിലുള്ള വരുമാനവും വര്‍ദ്ധിച്ചു എന്നുള്ള കണ്ടെത്തലായിരുന്നു കമ്മറ്റിക്കാര്‍ക്ക്.

ഉമ്പ്രി ശാന്തി നാട്ടില്‍ പേരെടുത്ത് തുടങ്ങിയെങ്കിലും അതിന്റെയൊന്നും അഹങ്കാരം അദ്ദേഹത്തിനില്ലായിരുന്നു. അതുകൊണ്ടു തന്നെ തന്റെ കൈയില്‍ നിന്നും പ്രസാദം വാങ്ങുകയെന്ന ഉദ്ദേശ്യത്തോടെ മാത്രം എത്തിയിരുന്ന ചില ഭക്തകളെ അദ്ദേഹം നിരാശപ്പെടുത്തിയിരുന്നില്ല.

അങ്ങനെയാണ് ഉമ്പ്രി ശാന്തി കോമളവല്ലിയുമായി പരിചയപ്പെടുന്നത്. പ്രസാദവിതരണത്തില്‍ തുടങ്ങിയതാണങ്കിലും പ്രമാദമായ ഒരു വിഷയമായി മാറുവാന്‍ അതിന് അധിക നാളുകള്‍ വേണ്ടിവന്നില്ല.

ഉമ്പ്രിശാന്തിയ്ക്ക് കോമളവല്ലിയേയോ, കോമളവല്ലിക്ക് ഉമ്പ്രിശാന്തിയേയോ കാണാതെയോ രണ്ട് വാക്ക് പറയാതെയോ ഒരു ദിവസം പോലും കഴിച്ച് കൂട്ടാനാവാതെയായി.
പക്ഷേ നിത്യേന വര്‍ദ്ധിച്ച് വരുന്ന ഭക്തജനങ്ങളുടെ ബാഹുല്യം ഉമ്പ്രി ശാന്തിക്കും കോമളവല്ലിക്കും വല്ലാത്തൊരു പൊല്ലാപ്പായി മാറുകയായിരുന്നു.
എങ്കിലും അവരതിനെയെല്ലാം അതിജീവിക്കുവനുള്ള മാര്‍ഗ്ഗം കണ്ടെത്തുക തന്നെ ചെയ്തു.

അല്ലാതെ വേറെ വഴിയുമില്ലല്ലോ.

അതിന്‍പ്രകാരമാണ് കോമളവല്ലി വഴിപാട് ചീട്ടിന്റെ കൂടെ പ്രേമച്ചീട്ട്കൂടി നല്‍കുവാന്‍ തുടങ്ങിയത്. ഉമ്പ്രിശാന്തി മറിച്ചും. തന്റെ മനസ്സ് മുഴുവനും പ്രസാദത്തിന്റെ കൂടെ പ്രത്യേകം പൂജിച്ച് വെച്ചിരുന്ന കടലാസുകഷണത്തിലാക്കി നല്‍കുവാന്‍ തുടങ്ങി.

അങ്ങനെ ഭക്തിരസപ്രദമായി നാളുകള്‍ നീങ്ങിക്കൊണ്ടിരുന്നു.

കണ്ണുമടച്ച് പാലുകുടിക്കുന്ന പൂച്ചയുടെ മനോഭാവത്തോടെ തങ്ങളുടെ ലീലാവിലാസങ്ങള്‍ നടത്തിപ്പോന്നിരുന്ന ഉമ്പ്രി കോമളവല്ലി പ്രണയിതാക്കള്‍ക്ക് തെറ്റി.

ദീപാരാധന തൊഴുന്നതിനിടെ കോമളവല്ലിയുടെ മുഖത്തിന്റേ ഭാവവ്യത്യാസങ്ങളും, അതു ഉമ്പ്രി ശാന്തിയിലുണ്ടാക്കുന്ന പ്രതിഫലനങ്ങളും മനസ്സിലാക്കുവാന്‍ പ്രാപ്തരായ അനേകം ഭക്തര്‍ വേറെയുണ്ടന്നുള്ള യാഥാര്‍ത്ഥ്യം മനസ്സിലാക്കിയെടുക്കുവാന്‍ ഇരുവരും താമസ്സിച്ച് പോയി.
കാതുകളില്‍ നിന്നും കാതുകളിലേയ്ക്ക് പ്രണയവാര്‍ത്ത പടര്‍ന്നു.

വാര്‍ത്ത കോമളവല്ലിയുടെ ചേട്ടന്റെ ചെവികളിലുമെത്തി.

എവറസ്റ്റ് ജിമ്മില്‍ പോയി പാതിരാത്രിയെന്നോ പത്തുവെളുപ്പെന്നോ ഇല്ലാതെ കട്ടപൊക്കി വീര്‍പ്പിച്ചെടുത്ത തന്റെ ശരീരം മുഴുവനിളക്കിക്കാട്ടി കോമളവല്ലിയുടെ ചേട്ടന്‍ കോമളവല്ലിയ്ക്ക് അന്ത്യശാസനം നല്‍കി.

"എന്റനുവാദമില്ലാതെ ഈ വീടിന്റെ പടി കടന്നിറങ്ങിപ്പോകരുതസത്തേ. അവടെയൊരു ഭക്തി. വെട്ടികണ്ടം തുണ്ടമാക്കും രണ്ടിനേം."

പ്രാണനാഥനെ കണ്ടംതുണ്ടമാക്കി കാണുവാന്‍ ആഗ്രഹമില്ലാത്തതിനാല്‍ കോമളവല്ലി ദീപാരാധന തൊഴല്‍ തല്‍ക്കാലം നിര്‍ത്തി.

മനസ്സുകളുടെ അടക്കാനാവാത്ത തേങ്ങല്‍ എങ്ങനെ നിലയ്ക്ക് നിര്‍ത്തുവാനാണ്?
കോമളവല്ലി വല്ലാതെ ബുദ്ധിമുട്ടി.
പ്രണയിക്കുന്ന മനസ്സുകളുടെ കരുകരുപ്പ് മനസ്സിലാക്കാനാവാത്ത ചേട്ടനെ മനസ്സാ ശപിച്ച് കൊണ്ട് കോമളവല്ലി തന്റെ വ്യഥകളെല്ലാം ഒരു കടലാസിലോട്ട് പകര്‍ത്തി.
ഉമ്പ്രി ശാന്തിക്ക് കൊടുക്കുവാനായി.
എങ്ങനെ തന്റെ സന്ദേശം ശാന്തികളുടെ കൈയില്‍ എത്തിക്കും?
ഹംസത്തേയും കാത്ത് കോമളവല്ലി ഇരുന്നു.
ഭഗവാന്‍ പറഞ്ഞുവിട്ട ഹംസത്തെപ്പോലെ കാത്തുവല്യമ്മ പ്രത്യക്ഷപ്പെടുകയായിരുന്നു അപ്പോള്‍.

കൈയിലിരിക്കുന്ന പൂക്കളും എണ്ണയുമെല്ലാം കണ്ടപ്പോഴേ മനസ്സിലായി വല്യമ്മ അമ്പലത്തിലേക്കാണന്ന്.
പ്രായാധിക്യത്താല്‍ വല്യമ്മയ്ക്ക് നേരെ ചൊവ്വേ കണ്ണും കാണില്ല, കാതും കേള്‍ക്കില്ല. അക്ഷരമാണങ്കില്‍ ലവലേശം ദഹിക്കില്ല.
ഇതില്‍പരം എന്തു യോഗ്യതയാണ് ഹംസമാകാന്‍ വേണ്ടത്?
കോമളവല്ലി ചുറ്റുമൊന്ന് നോക്കി ആരും അടുത്തെങ്ങുമില്ലായെന്ന് ഉറപ്പുവരുത്തി.
പിന്നീട് ജീവിതത്തില്‍ ഇന്നേവരെ ആരോടും കാണിച്ചിട്ടില്ലാത്ത ബഹുമാനത്തോടും എളിമയോടും കൂടി വല്യമ്മയോട് ചോദിച്ചു.
“വല്യമ്മ അമ്പലത്തിലേക്കാ, അല്ലേ? ഈ വഴിപാട് ചീട്ടൊന്ന് ഉമ്പ്രി ശാന്തിയ്ക്ക് കൊടുത്തേക്കുമോ?”

“എന്തോന്നാ ശാന്തിയ്ക്കാ. ഇങ്ങു താ മോളേ. ഞാന്‍ കൊടുത്തേക്കാം”. വല്യമ്മ ചിരിച്ച് കൊണ്ട് തന്റെ സേവനസന്നദ്ധത അറിയിച്ചു.

വല്യമ്മ ശരിയാംവണ്ണം കേട്ടില്ലായെന്നു മനസ്സിലായതിനാല്‍ കോമളവല്ലി ഒന്നുകൂടി ഉറപ്പിച്ച് പറഞ്ഞു.
“ഉമ്പ്രിശാന്തിയ്ക്ക് തന്നെ വേണം കൊടുക്കാന്‍”
“ദേ, കൊച്ചേ എനിക്കേ നല്ലവണ്ണം കാതുകേക്കാം. എന്തിനാ ഇങ്ങനെ മനുഷേനെ കളിയാക്കണത്? ശാന്തീന്ന് പറഞ്ഞാല്‍ എനിക്ക് മനസ്സിലാകേലേ?” വല്യമ്മ ദേഷ്യത്തില്‍ ചീട്ടും വാങ്ങി അമ്പലത്തിലേയ്ക്ക് നടന്നു.
ദീപാരാധനയ്ക്ക് ശേഷം പ്രസാദ വിതരണം തുടങ്ങി.
മേല്‍ശാന്തി പേരും നാളും വിളിച്ച് ചൊല്ലി പ്രസാദ വിതരണം നടത്തുന്നു.

കാത്തുവല്യമ്മയ്ക്ക് കൂടുതല്‍ നേരം കാത്തിരിക്കാനുള്ള ക്ഷമയില്ലായിരുന്നു.
അവര്‍ ആളുകളെ തള്ളി നീക്കി മുന്‍പിലെത്തിയിട്ട് മേല്‍ശാന്തിയോട് പറഞ്ഞു.

“ന്റെ ശാന്തി, വല്യമ്മയ്ക്ക് ഇങ്ങനെ കുത്തിപ്പിടിച്ച് നിക്കാന്‍ പറ്റത്തില്ല. അതോണ്ട് ഈ പ്രസാദമിങ്ങെടുത്തേര് ” വല്യമ്മ മടിക്കുത്തഴിച്ച് വഴിപാട് ചീട്ട് കൊടുത്തു.

വല്യമ്മ നല്‍കിയ വഴിപാട് ചീട്ട് വായിച്ച് ശാന്തി ഞെട്ടി.

മേല്‍ശാന്തിയെന്നല്ല ലോകത്തൊരു ശാന്തിയും ഇങ്ങനെയൊരു വഴിപാടു ചീട്ടിനെക്കുറിച്ച് വിചാരിക്കുമോ?

താന്‍ പഠിച്ച മന്ത്രതന്ത്രങ്ങളിലൊന്നുമില്ലാത്ത പുതുപുത്തന്‍ സൂക്തങ്ങള്‍ വായിച്ചിട്ട് ശാന്തികള്‍ വല്യമ്മയോട് പറഞ്ഞു.
“ഉമ്പ്രിശാന്തി വരണം വല്യമ്മേ ഈ പ്രസാദം തരണേല്‍. കുറച്ച് നേരം അവിടിരിക്കു.”
അമ്പലനടയില്‍ കുത്തിയിരുന്ന വല്യമ്മയ്ക്ക് ക്ഷമ നശിച്ചു.

“ഒരു മേല്‍ശാന്തിയാണുപോലും. ഇന്നലെവന്ന പയ്യന്‍ വരാതെ പ്രസാദം തരാന്‍ പറ്റില്ലത്രേ. അവക്ക് വേണേല്‍ വന്ന് വാങ്ങിച്ചോളും. എനിക്ക് വേറേ പണിയൊണ്ട്.” വല്യമ്മ പിറുപിറുത്തുകൊണ്ട് അമ്പലത്തിന്റെ പുറത്തിറങ്ങി.

“എന്താ വല്യമ്മേ പിറുപിറുക്കണത്?” ആരോ ചോദിക്കുന്നത് കേട്ട് വല്യമ്മ ഒന്നു നിന്നു.
പിന്നെ കണ്ണുകള്‍ക്ക് മുകളില്‍ കൈ വെച്ചുകൊണ്ട് ശബ്ദത്തിന്റെ ഉടമയെ സൂക്ഷിച്ചു നോക്കി. കോമളവല്ലിയുടെ ആങ്ങള.

“ആ.ഹാ, നീയാ. നിന്റെ പെങ്ങളു തന്ന വഴിപാടുചീട്ട് ഞാന്‍ ശാന്തികളുടെ കൈയില്‍ കൊടുത്തിട്ടുണ്ട്. ഉമ്പ്രി ശാന്തി വന്നിട്ട് തരമെന്നാ പറയണെ. എനിക്ക് കൂടുതലു നേരം കുത്തിയിരിക്കാന്‍ മേലാത്തതുകൊണ്ട് ഞാനിങ്ങു പോന്നു. ഏതായാലും നിന്നെക്കണ്ടത് നന്നായി. നീ പോയി വാങ്ങിച്ചോടാ കൊച്ചനെ.” വല്യമ്മ നടന്നു നീങ്ങി.

കോമളവല്ലിയുടെ ചേട്ടന്‍ അമ്പലത്തിനുള്ളിലേക്ക് കുതിച്ചു.
മേല്‍ശാന്തികളുടെ മുന്നില്‍ നിന്ന് കിതച്ചുകൊണ്ട് ചോദിച്ചു.

“എവിടെ കാത്തു വല്യമ്മ തന്ന ചീട്ട്?”

ഹിരണ്യകശിപുവിനെ വധിക്കാനായി തൂണും പിളര്‍ന്ന് പുറത്തുചാടിയ നരസിംഹാവതാരത്തിനെപ്പോലെ ഉറഞ്ഞു തുള്ളി നില്‍ക്കുന്ന കോമളവല്ലിയുടെ ചേട്ടന്റെ മുഖം മേല്‍ശാന്തിയെ ഭയചകിതനാക്കി.
താന്‍പോലുമറിയാതെ ശാന്തി വഴിപാട് ചീട്ട് കോമളവല്ലിയുടെ ചേട്ടനെ ഏല്‍പ്പിച്ചു.

സമയമൊട്ടും കളയാതെ അദ്ദേഹമത് വായിച്ചു തീര്‍ത്തു.


ഈ വായനയുടെ അനന്തരഫലമായി ഉമ്പ്രി ശാന്തി മെഡിക്കല്‍കോളേജില്‍ ഒരു മാസം സര്‍വ്വാംഗാസനവും രണ്ട് മാസം വീട്ടില്‍ ശവാസനവും പരിശീലിച്ച് പതന്‍ജലി മഹര്‍ഷിയെ വെല്ലുന്ന യോഗാചാര്യനായി പുറത്തിറങ്ങിയപ്പോഴേയ്ക്കും ഏതോ ഒരു ഹതഭാഗ്യന്‍ കോമളവല്ലിയെ കെട്ടിയെടുത്തോണ്ട് പൊയ്ക്കഴിഞ്ഞിരുന്നു.


N.B:- ഇത് പണ്ടത്തെ കഥ! ശാന്തിമാര്‍ക്ക് വലിയ വരുമാനമൊന്നും ഇല്ലാതിരുന്ന കാലത്തെ കഥ.

Read more...

മനുഷ്യരൂപം പൂണ്ട ദൈവങ്ങള്‍

Sunday, February 4, 2007

സേതുവിന് കല്യാണ പ്രായമെത്തിയതോടെ അമ്മയ്ക്ക് ആധി തുടങ്ങി. ഊണിലും ഉറക്കത്തിലും അമ്മയ്ക്ക് ഒറ്റ വിചാരമേയുള്ളൂ. ഏക മകളെ നല്ല നിലയില്‍ കെട്ടിച്ചുവിടണമെന്ന്.

കെട്ടു പ്രായം തികഞ്ഞു നില്‍ക്കുന്ന പെണ്മക്കളുള്ള ഏതൊരമ്മയ്ക്കും തോന്നുന്ന വികാരമേ സത്യത്തില്‍ അമ്മയ്ക്കും ഉണ്ടായിരുന്നുള്ളു.
പക്ഷേ അച്ഛന് അതു വല്ലതും മനസ്സിലാവേണ്ടേ.
അച്ഛന്‍ അമ്മയുടെ വേവലാതിക്ക് കാര്യമായ പ്രാധാന്യം നല്‍കിയിരുന്നില്ല.
കല്യാണം,വീടുവെയ്പ്പ് മുതലായവ നമ്മളു വിചാരിക്കണ രീതിയില്‍ നടക്കുകേലന്നാണ് അച്ഛന്‍ പറയുന്നത്. എല്ലാത്തിനും അതിന്റേതായ സമയമുണ്ടന്നാണ് അച്ഛന്റെ പ്രമാണം.

അച്ഛന്റെ പ്രമാണം സഹിക്കാനാവാതായ ഒരു സന്ധ്യക്ക് അമ്മ പൊട്ടിത്തെറിച്ചു.

“അങ്ങനെ വിചാരിച്ചോണ്ട് നിങ്ങളവിടെ കാലും നീട്ടി ഇരുന്നോ. നല്ല ആമ്പിള്ളേര് ഒറ്റൊരെണ്ണം കേറുകേലിങ്ങോട്ട്. അതിനേ എണ്ണിക്കൊടുക്കണം. നിങ്ങടെ കൈയിലുണ്ടോ വല്ലതും. പെണ്ണിന്റെ കഴുത്തേലും കാതേലും കെടക്കണതുതന്നെ ഞാന്‍ ചുമടു ചുമന്നുണ്ടാക്കിയതാ. പത്തുസെന്റ് സ്ഥലവും നടുക്കുള്ള കൂരയും കെട്ടിപ്പിടിച്ചോണ്ടിരുന്നിട്ട് ഒരു കാര്യോമില്ല.എങ്ങനേങ്കിലും കുറച്ച് പണമോ സ്വര്‍ണ്ണമോ ഒണ്ടാക്കാന്‍ ശ്രമിക്കെന്റെ മനുഷ്യാ.”

അമ്മയുടെ നിര്‍ത്താതെയുള്ള ശകാരം സഹിക്കാനാവാതെയായപ്പോള്‍ അച്ഛന്‍ ചൂടായി.

"ഇത്രയും കാലം ഇവിടെ നടന്ന കാര്യങ്ങളെല്ലാം നിന്റെ കുടുമ്പത്തീന്ന് കൊണ്ട് വന്നിട്ടാ നടത്തീത്. എനിക്കാരുടേം
ഔദാര്യം ആവശ്യമില്ല. എന്റെ മോടെ കാര്യം നോക്കാനെനിക്കറിയാം."

"ങ്ങാ. കാണാം.കാണാം. വീടുവെച്ചതിന്റെ കോടിക്കഴുക്കോലുവരെ എന്റെ വീട്ടീന്ന് കൊണ്ടുവന്നതാ. എന്നിട്ടിപ്പോ ഒന്നും കണ്ടതുമില്ല കേട്ടതുമില്ല. എങ്ങനാ വല്ലോരും സഹായിക്കണെ. നന്ദിയെന്ന് പറയുന്നതൊന്നുവേണം." അമ്മ വിട്ട് കൊടുത്തില്ല.

സംഗതി അടിപിടിയിലെത്തുമെന്ന് കണ്ടപ്പോള്‍ സേതു കയറി ഇടപെട്ടു.
"എന്നെക്കരുതി ആരുമിവിടെ വഴക്കിടേണ്ട. എന്റെ കല്യാണം നടന്നില്ലന്ന് കരുതി ലോകമൊന്നും ഇടിഞ്ഞ് വീഴാന്‍ പോണില്ലല്ലോ?"

സേതു ഇടപെട്ട് കഴിഞ്ഞപ്പോള്‍ അച്ഛനും അമ്മയും അതുവരെയുള്ള കാര്യങ്ങളെല്ലാം മറന്നു. പിന്നെ സംസാരം ഗൗരവകരമായ ഭാവികാര്യങ്ങളെക്കുറിച്ചായി.

"പിന്നേ ഇന്ന് രാവിലെ ജഗദ വന്നിരുന്നു." അമ്മ പറഞ്ഞു തുടങ്ങി.
ജഗദചിറ്റ രാവിലെ വന്നിരുന്നതിനെക്കുറിച്ചാണ് അമ്മ സംസാരിക്കുന്നത്.
ജഗദചിറ്റയുടെ വീടിനടുത്തുള്ള ഗവണ്മെന്റ് ജോലിക്കാരനും നല്ല കുടുംബതിലെ അംഗവുമായ ഏതോ ഒരു പയ്യനെക്കുറിച്ചുള്ള വിവരണമാണ് ചിറ്റ നടത്തിയത്.
അവര്‍ സേതുവിനെ എപ്പോഴോ എവിടെയോ വെച്ച് കണ്ടിട്ടുണ്ടന്നും പെണ്ണുകാണാനായി വരുവാന്‍ താല്‍പ്പര്യമുണ്ടന്നുമൊക്കെയുള്ള വിവരങ്ങള്‍ അറിയിച്ചതിനു ശേഷമാണ് ജഗദ ചിറ്റ മടങ്ങിയത്.

അമ്മയ്ക്ക് സന്തോഷമുണ്ടാവാതിരിക്കുമോ?

ആ സന്തോഷമാണ് അമ്മ അച്ഛനോട് പങ്കുവെയ്ക്കുന്നത്.

അച്ഛനിലെ ദുരഭിമാനം സടകുടഞ്ഞെണീറ്റു.

രണ്ട് സ്ത്രീകള്‍ ഇത്രയധികം സുപ്രധാനമായ കാര്യത്തില്‍ തീരുമാനമെടുക്കുകയെന്നുപറഞ്ഞാല്‍!
അച്ഛനിലെ അമര്‍ഷം വാക്കുകളായി പുറത്തുവന്നു.

"ഞാനിപ്പോ എന്താ പറയേണ്ടേ? എല്ലാം നീയും അനിയത്തിയും കൂടി തീരുമാനിച്ചല്ലോ! നടക്കട്ടെ അങ്ങനെതന്നെ."

“ദേ,കണ്ടോ. ഈ മനുഷ്യേന്റെ കാര്യം.സ്വന്തം മോളുടെ കാര്യമായിട്ട് കൂടി ഒരു ചൂടുമില്ല.ശുഷ്ക്കാന്തിയുമില്ല. ഞാനിപ്പോ എന്താ ചെയ്യേണ്ടതെന്റെ ഭഗവതീ.”
അമ്മ നിറഞ്ഞു വന്ന കണ്ണ് കൈകൊണ്ട് തുടച്ചുകൊണ്ട് അടുക്കളയിലോട്ട് പോയി.

അത്താഴം കഴിക്കാനിരുന്നപ്പോള്‍ അച്ഛനാണ് വീണ്ടും വിഷയമെടുത്തിട്ടത്.

പിന്നേ, നീ ജഗദയോടറിയിക്ക് അവരിങ്ങോട്ട് വരാനായി.ഏതായാലും ഇനി അങ്ങനൊരു പരിഭവം വേണ്ട.”

“നിങ്ങളെന്തോന്നാ ഈ പറയണത്.അവരിങ്ങോട്ട് വരാന്‍ പറയാനോ?”

അമ്മയുടെ മറുപടി കേട്ട് അപ്പുക്കുട്ടന്‍ അതിശയിച്ചു. കുറച്ച് മുമ്പ് വരെ ഏതെങ്കിലുമൊരു ചെറുക്കന്‍ വന്നുകിട്ടിയാല്‍ മതിയെന്നായിരുന്നു. ഇപ്പോള്‍!

“അവരേ നല്ല കുടുമ്പത്തിലെ ആള്‍ക്കാരാ. ഇവിടെ എന്തു കണ്ടോണ്ടാ അവരിങ്ങോട്ട് വരണത്? വല്ല ആമ്പിള്ളേരും വന്നാല്‍ ഒന്നിരിക്കാന്‍ ഒരു കസേരയുണ്ടോ ഇവിടെ? ഒരു ബഞ്ചുണ്ടോ ഇവിടെ. പോട്ടെ, നേരേ ചൊവ്വേ കുറച്ച് വെള്ളം കൊടുക്കാന്‍ ഉളുമ്പ് മണമില്ലാത്ത ഒരു ഗ്ളാസ്സുണ്ടോ ഇവിടെ?”

അപ്പോള്‍ അതാണ് സംഗതി. അപ്പുക്കുട്ടനിപ്പോള്‍ എല്ലാം മനസ്സിലായി.ഭാവിയിലെ മരുമകന്റെ മുന്നില്‍ അന്തസ്സ് കളയാതിരിക്കാനുള്ള വഴി ആലോചിക്കുകയാണ് അമ്മ.

“നീയൊന്നടങ്ങെന്റെ പെമ്പ്രന്നോത്തീ, അവരു പെണ്ണിനെ കാണാനല്ലേ ഇവിടെ വരണത്? അല്ലാതെ നിന്റെ പദവിയും പത്രാസും കാണാനല്ലല്ലോ? നീ പറഞ്ഞ പോലെയൊക്കെ നോക്കിയിരുന്നേ ഞാന്‍ നിന്നെ കെട്ടുമാരുന്നോ?
എത്ര ബഞ്ചും കസേരയുമായിരുന്നു നിന്റെ വീട്ടില്‍! വള്ളത്തീരുന്നല്ലേ ഞാന്‍ നിന്നെ പെണ്ണു കണ്ടതുതന്നെ. എന്നിട്ട് അവടെയൊരു വര്‍ത്താനം കേട്ടില്ലേ!”

അച്ഛന്‍ അപ്പുക്കുട്ടനേയും സേതുവിനേയും നോക്കി കണ്ണിറുക്കി ചിരിച്ചു.

അമ്മയുടെ മുഖത്ത് ഒരു നാണം മൊട്ടിട്ടു.

“പിള്ളാരുടെ മുമ്പീ വെച്ചാ അങ്ങേരുടെ ഒരു പഴങ്കഥ! ഒന്നു പോ എന്റെ മനുഷ്യാ. പണ്ടത്തെ കാലമല്ല ഇപ്പോളത്തെ. വരുന്നവരേ നമ്മടെ ചുറ്റുപാടൊക്കെ നോക്കും.”

അച്ഛന്‍ തന്റെ പഴയ പല്ലവി ആവര്‍ത്തിച്ചു.
“നീ അവരോട് വരാന്‍ പറ. ബാക്കിയെല്ലാം വിധിപോലെ നടക്കും. നമ്മളെ മനസ്സിലാക്കാന്‍ പറ്റണവരാണങ്കില്‍ നീ പറഞ്ഞതൊന്നും ഒരു പ്രശ്നാവില്ല.”

ശരിയായിരുന്നു അച്ഛന്‍ പറഞ്ഞത്.
അവര്‍ക്ക് സേതുവിനെ ഇഷ്ടപ്പെട്ടു.
വീടും സ്ഥലവുമൊന്നും പ്രശ്നമായില്ല.

പെണ്ണിന് ചെറുക്കനേയും, ചെറുക്കന് പെണ്ണിനേയും ഇഷ്ടപ്പെട്ടതുകൊണ്ട് കല്യാണം നടക്കണമെന്നില്ലല്ലോ?
കുടുംബത്തിലെ കാരണവന്മാരുടെ സമ്മതം വേണ്ടേ?
രണ്ടു കൂട്ടരുടേയും കാരണവന്മാര്‍ ഒത്തുകൂടി.
അവസാനം ഒരു തീരുമാനത്തിലെത്തി.
ചെറുക്കന്റെ ജോലിയ്ക്കും കുടുംബത്തിനും യോജിക്കുന്ന രീതിയില്‍ പെണ്‍വീട്ടുകാര്‍ എന്തെങ്കിലും ചെയ്യണം.
അതും അവര്‍ തിരുമാനിച്ചു.

35 പവന്‍!

തീരുമാനമെടുത്തവര്‍ പലവഴി പിരിഞ്ഞു.
അച്ഛനും അമ്മയും തലയ്ക്ക് കൈയും കൊടുത്തിരുന്നു.
പത്തു പേരുടെ മുന്നില്‍ വെച്ച് വാക്ക് കൊടുത്തുപോയി.
എന്തു ചെയ്യും? എങ്ങനെ ചെയ്യും?
ഒരെത്തും പിടിയും കിട്ടിയില്ല.
അടുത്ത ബന്ധുക്കള്‍ വാഗ്ദാനം ചെയ്തതും,സേതുവിന്റെ കഴുത്തിലും കാതിലുമുള്ളതെല്ലാം കൂടി നുള്ളിപ്പെറുക്കിയാല്‍ 20 പവനോളമുണ്ട്.

ബാക്കി?

വിറ്റുപെറുക്കാനായി പത്തുസെന്റ് സ്ഥലവും നടുക്കുള്ള കൂരയുമല്ലാതെ മറ്റൊന്നുമില്ല.

“നമ്മുക്കീ സ്ഥലവും വീടും കൂടിയങ്ങ് വിക്കാം.” അച്ഛന്‍ പറഞ്ഞു.

“പിന്നേ, സ്ഥലവും വീടും വിറ്റിട്ട് എനിക്കങ്ങനെയൊരു ജീവിതം വേണ്ട.നിങ്ങളന്നിട്ട് കടത്തിണ്ണയില്‍ പോയി കിടക്കുമോ? കല്യാണം കഴിച്ചില്ലായെന്ന് വെച്ച് എനിക്കൊന്നും സംഭവിക്കാന്‍ പോണില്ല.” സേതു തറപ്പിച്ച് പറഞ്ഞു.


“നിങ്ങളോര്‍ക്കുന്നുണ്ടോ നമ്മളെങ്ങനെയാണീ വീടുവെച്ചതെന്ന്? അച്ഛന്റെ മറുപടിയ്ക്കായി കാത്തുനില്‍ക്കാതെ അമ്മ തുടര്‍ന്നു.

സേതു പണ്ട് അവളുടെ കൂട്ടിക്കാലത്ത് സ്കൂളിലെ കൂട്ടുകാരികളുമായി ഇവിടെ വന്നതും, നിലം പൊത്താറായി നിന്നിരുന്ന ഓലപ്പുരയുടെ അവസ്ഥ കണ്ട് അവളെ കളിയാക്കിയതും, പിന്നിട് നാണക്കേടുകൊണ്ട് സ്ക്കൂളില്‍ പോകില്ലായെന്ന് പറഞ്ഞ് കരഞ്ഞതുമെല്ലാം നിങ്ങളിത്ര പെട്ടെന്ന് മറന്നോ? അപ്പുക്കുട്ടനുമുണ്ടായിരുന്നു വിഷമം. അവനും ഒറ്റ കൂട്ടുകാരേയും ഇങ്ങോട്ട് കൊണ്ടു വരുമായിരിന്നില്ലല്ലോ?”

ശരിയാണ്. അപ്പുക്കുട്ടനോര്‍ത്തു.
പണ്ട് കുട്ടിക്കാലത്ത് തനിക്കും സേതുവിനും കൂട്ടുകാരെ വീട്ടിലേയ്ക്ക് കൊണ്ടുവരുന്നത് ഒരുതരം നാണക്കേടായിരുന്നു.
പാമ്പ്, പാറ്റ,പല്ലി,തേരട്ട,പഴുതാര,എലി തുടങ്ങി ഭൂലോകത്തിലെ സര്‍വ്വ ജീവജാലങ്ങളുടേയും വിഹാരകേന്ദ്രമായിരുന്ന നാലുകാലില്‍ നിര്‍ത്തിയ ഓലമേഞ്ഞ ആ ബംഗ്ളാവിലേയ്ക്ക് ആരേയും കൊണ്ടുവരാന്‍ താനും സേതുവും ആഗ്രഹിച്ചിരുന്നില്ല.

അച്ഛനും അമ്മയും കൂടി വീടു വെയ്ക്കുന്നതിനെക്കുറിച്ച് ഉറച്ചൊരു തീരുമാനമെടുക്കുന്നത് തന്നെ സേതുവിന്റെ ജീവനു ഭീഷണിയായി മാറിയ മൂര്‍ഖന്‍ പാമ്പിനെ അച്ഛന്‍ കൊയ്ത്തരിവാളിന് വെട്ടിക്കൊന്ന അന്നാണ്.

ഐസുമിഠായിക്കാരന്റെ മണിയടികേട്ട് തന്റെ സമ്പാദ്യമായ കശുവണ്ടി ഇട്ടുവെച്ചിരുന്ന വട്ടിയില്‍ കൈയിട്ടതായിരുന്നു സേതു. പെട്ടെന്നായിരുന്നു എന്തോ ഒന്ന് അവളുടെ കൈയിലൂടെ ഇഴഞ്ഞ് മാറിയത്. അവള്‍ കരഞ്ഞ് വിളിച്ച് കൊണ്ട് അമ്മയുടെ അടുത്തേക്ക് ഓടി.
ഓലമെടയുവാനായി തെങ്ങോല കീറിക്കൊണ്ട് നിന്നിരുന്ന അച്ഛന്‍ കരച്ചില്‍ കേട്ട് അരിവാളുമായി ഓടിയെത്തി.

സേതു കാണിച്ച് കൊടുത്ത മൂലയില്‍ വടികൊണ്ട് കുത്തി നോക്കിയ അച്ഛന്‍ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ പത്തിവിടര്‍ത്തിനിന്നാടുന്ന മൂര്‍ഖന്‍ പാമ്പിനെ കണ്ടു.

അച്ഛനൊന്നും ആലോചിച്ചില്ല. അന്നേരത്തെ ആവേശത്തിന് അരിവാളുകൊണ്ടൊരു വെട്ടങ്ങു കൊടുത്തു.

പാമ്പ് രണ്ട് കഷണം!

ഓടിക്കൂടിയവരെല്ലാം അച്ഛനെ വഴക്ക് പറഞ്ഞു.
പത്തി വിടര്‍ത്തിനിന്നാടിയ പാമ്പിനെ വെട്ടിയതിന്. ആയുസ്സിന്റെ ബലം കൊണ്ടൊന്നുമാത്രമാണത്രേ അച്ഛനന്ന് രക്ഷപ്പെട്ടത്.
അന്ന് അച്ഛനും അമ്മയും കൂടി തീരുമാനമെടുത്തതാണ് എങ്ങിനെയെങ്കിലും വീടു വെയ്ക്കണമെന്ന്.

അങ്ങനെയാണ് സ്ഥലത്തിന്റെ ആധാരം വെച്ചെടുത്ത പൈസാകൊണ്ട് വീടെന്ന് വേണമെങ്കില്‍ പറയാവുന്ന ഈ ഓടു മേഞ്ഞ കൂര വെച്ചത്.

“എന്താണ് എല്ലാരും കൂടി ഒരാലോചന? കല്യാണക്കാര്യമായിരിക്കുമല്ലേ?” തോമ്മാച്ചന്റെ ശബ്ദം കേട്ടാണ് അപ്പുക്കുട്ടന്‍ ഓര്‍മ്മയില്‍ നിന്നും മടങ്ങിവന്നത്.(തോമ്മാച്ചന്‍ അച്ഛന്റെ ഏറ്റവും അടുത്ത സുഹൃത്താണ്.)

അമ്മയാണ് മറുപടിപറഞ്ഞത്.

“എല്ലാക്കാര്യവും തോമ്മാച്ചനറിയാവുന്നതല്ലേ? വീടും സ്ഥലവും കൂടി വിക്കാമെന്നാണ് ഈ മനുഷ്യേനിപ്പൊ പറയണത്.”

“ഓഹോ. അത്രത്തോളമെത്തിയോ കാര്യങ്ങള്.അതിന് മുന്‍പ് ഞാന്‍ പറയുന്നതൊന്ന് ശ്രദ്ധിച്ച് കേക്ക് രണ്ടാളും.” തോമ്മാച്ചന്‍ പറയുവാന്‍ തുടങ്ങി.

“എന്റെ ഒരു പരിചയക്കാരനുണ്ട്. വര്‍ഗ്ഗീസ്സ്. അവന് പട്ടണത്തിലെ ജ്വല്ലറീലാ പണി. അവന്റെ മൊതലാളിയുമായി സംസാരിച്ച് കൊറച്ച് സ്വര്‍ണ്ണം സംഘടിപ്പിക്കാമോയെന്ന് നോക്കാട്ടെയെന്നാണ് അവന്‍ പറഞ്ഞത്.
നീ എന്റെ കൂടെ വന്നാല്‍ നമ്മക്ക് സംസാരിക്കാം.” തോമ്മാച്ചന്‍ അച്ഛനെ വിളിച്ചു.

എന്റെ ഭഗവതീ ഇതെങ്ങനെയെങ്കിലും ശരിയാവണേ...
എന്റെ കുഞ്ഞിന് നല്ലൊരു ജീവിതം കൊടുക്കണേ...
അമ്മ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു.
അച്ഛന്‍ തോമ്മാച്ചന്റെ കൂടെ പോയി.

അച്ഛന്‍ തിരിച്ച് വന്നപ്പോള്‍ നേരം നന്നേ ഇരുട്ടിയിരുന്നു.

“എന്തായി? തോമ്മാച്ചനെവിടെ?”
അച്ഛന്‍ വീടിന്റെ പടി കേറുന്നതിന് മുന്നേ അമ്മ ചോദിച്ചു.

“നീയൊന്നടങ്ങ്. എല്ലാം ഞാന്‍ പറയാം. അതിന് മുമ്പേ കുടിക്കാന്‍ കൊറച്ച് വെള്ളമിങ്ങെട്.” അച്ഛന്‍ പറഞ്ഞു.

അച്ഛന്റെ മുഖത്തെ പ്രസാദം കണ്ടപ്പോള്‍ തന്നെ അനുകൂലമായ എന്തോ സംഭവിച്ചിട്ടുണ്ടന്ന് അപ്പുക്കുട്ടന് മനസ്സിലായി.
അച്ഛന്‍ ഷര്‍ട്ട് ഊരി അഴയിലിട്ടു.
അമ്മ കൊണ്ടു വന്ന കഞ്ഞിവെള്ളവും കുടിച്ചുകൊണ്ട് പറഞ്ഞു.
“നേരമൊത്തിരി താമസിച്ചതിനാല്‍ തോമ്മാച്ചന്‍ നേരെ അവന്റെ വീട്ടിലേയ്ക്ക് പോയി.
വര്‍ഗീസിനെ കണ്ടു.
തല്‍ക്കാലം കാര്യങ്ങളൊക്കെ നടക്കുമെന്നാ തോന്നുന്നേ.
പക്ഷേ അതു കഴിഞ്ഞുള്ള കാര്യങ്ങളാ പ്രശ്നം.”

അമ്മയ്ക്ക് ആകാംക്ഷയായി.
“നിങ്ങളൊന്ന് വേഗം തൊറന്ന് പറയുന്നുണ്ടോ. മനുഷേനിവിടെ ഇരിക്കപ്പൊറുതിയില്ലാണ്ടിരിക്കുമ്പോളാ എങ്ങുമെങ്ങും തൊടീക്കാണ്ടുള്ള ഒരു വര്‍ത്താനം.”

“ദേ. പിന്നേം തൊടങ്ങി. ഇതാ നിന്റെ കൊഴപ്പം. ഒന്നും നേരെ ചൊവ്വേ കേക്കത്തുമില്ല. മനസ്സിലാക്കത്തുമില്ല.”
അമ്മയുടെ ഇടയ്ക്ക് കേറിയുള്ള സംസാരം ഇഷ്ടപ്പെടാതെ അച്ഛന്‍ പറഞ്ഞു.

“വര്‍ഗ്ഗീസിനെ കണ്ടു. സ്വര്‍ണ്ണതിന്റെ കാര്യം ഏതാണ്ടൊക്കെ ശരിയാവുകയും ചെയ്തു. പക്ഷേ കല്യാണം കഴിഞ്ഞ് ഒരു മാസത്തിനുള്ളില്‍ പണം തിരികെ കൊടുക്കണം.തോമ്മാച്ചനുമായിട്ടുള്ള പരിചയം കൊണ്ടാ വര്‍ഗീസ് ഇങ്ങനെയെങ്കിലും സമ്മതിച്ചത്.തല്‍ക്കാലം കല്യാണമങ്ങ് നടക്കട്ടെ. ബാക്കി വരുന്നിടത്ത് വെച്ച് കാണാം.” അച്ഛന്‍ ആത്മഗദമെന്നോണം പറഞ്ഞു.

“നിങ്ങള് വെപ്രാളപ്പെടാണ്ടിരി. പൈസാ കല്യാണം കഴിഞ്ഞു കൊടുത്താ പോരേ? പ്രസന്റേഷനായി നമ്മക്ക് കൊറച്ച് പൈസ കിട്ടാണ്ടിരിക്കുമോ? നമ്മളും പലപ്പോഴും പലര്‍ക്കായി ഒത്തിരി കൊടുത്തിട്ടുള്ളതല്ലേ? അതെല്ലാം കൂടി പിരിഞ്ഞു കിട്ടിയാല്‍ തന്നെ വലിയ ആശ്വാസമാകും.” അമ്മ അച്ഛനെ സമാധാനിപ്പിച്ചു.

ആ... എല്ലാം ദൈവത്തിനറിയാം. അച്ഛന്‍ ആരോടെന്നില്ലാതെ പറഞ്ഞു.

ശരിയായിരുന്നു.എല്ലാം ദൈവത്തിനറിയാമായിരുന്നു.

എല്ലാം നേരേക്കൂട്ടി എഴുതിവച്ചിരുന്നത് പോലെയാണല്ലോ പിന്നിട് നടന്നതെല്ലാം.

കല്യാണതലേന്ന് പാതിരാത്രിയാവോളം പെണ്ണിനെ അണിയിച്ചിറക്കാനുള്ള സ്വര്‍ണ്ണമില്ലാതിരിക്കുക. നാട്ടുകാരും, ബന്ധുക്കളുമെല്ലാം എത്തിയിരിക്കുന്നു.
സ്വര്‍ണ്ണം മാത്രമില്ല.
സ്വര്‍ണ്ണമെത്തിക്കാമെന്ന് പറഞ്ഞ വര്‍ഗീസു ചേട്ടനുമില്ല.
പക്ഷേ അതു തങ്ങളുടെ വെപ്രാളം വര്‍ദ്ധിപ്പികാനുള്ള നിമിത്തം മാത്രമായിരുന്നെന്ന് പാതിരാത്രികഴിഞ്ഞ് സ്വര്‍ണ്ണവുമായി വര്‍ഗീസു ചേട്ടന്‍ എത്തിക്കഴിഞ്ഞ് മാത്രമാണറിഞ്ഞത്.
തിരുവനന്തപുരത്ത് പോയിരുന്ന മൊതലാളി തിരിച്ച് വന്നത് വളരെ താമസിച്ചായിരുന്നുവത്രേ!
ഭാഗ്യം! മൊതലാളി താമസിച്ചായാലും തിരിച്ചു വന്നത്. അല്ലെങ്കിലെന്തു ചെയ്യുമായിരുന്നു?

ദൈവമേ... കാത്തുകൊള്ളണേ... അമ്മ ആ പാതിരാത്രിക്കും ദൈവത്തെ വിളിച്ചുണര്‍ത്തി.

കല്യാണം വളരെ ഭംഗിയായി നടന്നു.

സേതു ആനന്ദ കണ്ണീരൊഴുക്കി. അമ്മ കൂടെ കരഞ്ഞു.
സേതുവിന് പുറകേ ബന്ധുക്കാരും സ്വന്തക്കാരുമെല്ലാം അവരവരുടെ വീടുകളിലേയ്ക്ക് പോയി.

പൂരം കഴിഞ്ഞ ഉത്സവ പറമ്പ് പോലെയായി വീട്.

അച്ഛനും അമ്മയും അപ്പുക്കുട്ടനും മാത്രം അവശേഷിച്ചു.

വിധിയുടെ വിളയാട്ടത്തിനായി കാതോര്‍ത്തുകൊണ്ട്...


പിരിവു കാശ് എണ്ണിനോക്കി.

പാചകക്കാരനും, പന്തലുകാരനും,നാദസ്വരക്കാരനും,സാമാനങ്ങള്‍ വാങ്ങിയ വകയില്‍ ഉത്തമന്‍ ചേട്ടനും കൊടുക്കാനുള്ളതും കഴിഞ്ഞ് പറയത്തക്കതായി ഒന്നുമില്ല.

എന്താ ചെയ്ക. അച്ഛന് വയറുവേദന ആരംഭിച്ചു.

ദിവസങ്ങള്‍ ഒന്നൊന്നായി കൊഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു.
സേതുവും അളിയനും വിരുന്നു വന്ന് പോയി.
പണം തിരിച്ച് കൊടുക്കുവാന്‍ എതാനും ദിവസ്സങ്ങള്‍ മാത്രം.

സ്ഥലവും വീടും കൂടി വില്‍ക്കുക തന്നെ. അച്ഛന്‍ തീരുമാനമെടുത്തിരുന്നു.

“സേതു രക്ഷപ്പെട്ടല്ലോ. നമ്മുക്കതുമതി. കുറച്ച് വടക്കോട്ട് മാറിയാല്‍ കുറഞ്ഞ വിലയ്ക്ക് സ്ഥലം കിട്ടും. അവിടെ ഒരു കൂര കെട്ടിയാല്‍ മൂന്നുപേര്‍ക്ക് സുഖമായി കഴിയാനാവും.അപ്പുക്കുട്ടന്റെ കാര്യമല്ലേ? അവന് ജോലി കിട്ടീട്ടുണ്ടല്ലോ? എല്ലാം ശരിയാവും.” അച്ഛന്‍ പറഞ്ഞു.

അച്ഛന്റെ പദ്ധതി സേതു എങ്ങനേയോ മണത്തറിഞ്ഞു.

അവള്‍ ഭര്‍ത്താവില്ലാതെ ആദ്യമായി വീട്ടിലെത്തിയതുകണ്ട് അമ്മ അമ്പരന്നു.

“എന്താ, മോളേ നീ തനിച്ച്. അവനെന്തിയേ നിന്റെ കെട്ടിയോന്‍.” അമ്മ ചോദിച്ചു.

സേതു ചിരിച്ചു.
“എന്നെ കെട്ടിച്ച് വിട്ടിട്ട് നിങ്ങളിവിടെ തീ തിന്നുകയാ അല്ലേ?” പിന്നെയവള്‍ പൊട്ടിക്കരഞ്ഞുകൊണ്ട് അമ്മയുടെ തോളിളോട്ട് ചാഞ്ഞു.

“ഛേ, എന്തായിത് മോളേ? നീയെങ്കിലും രക്ഷപ്പെട്ടല്ലോ. ഈ അമ്മയ്ക്കതു മതി.അപ്പുക്കുട്ടനൊരാണല്ലേ. അവന്റെ കാര്യം അവന്‍ നോക്കിക്കൊള്ളും. നീ വെഷമിക്കാണ്ടിരി.” അമ്മ അവളെ ആശ്വസിപ്പിച്ചു.
സേതുവിന്റെ തേങ്ങലിന്റെ ശക്തി കുറഞ്ഞു കുറഞ്ഞു വന്നു. പിന്നെയവള്‍ സാരിത്തലപ്പുകൊണ്ട് കണ്ണ് തുടച്ച് കൊണ്ട് പറഞ്ഞു.

“അമ്മേ, ചേട്ടനും അവിടുത്തെ അമ്മയുമെല്ലാം നല്ല ആള്‍ക്കാരാ. നമ്മുടെ ബുദ്ധിമുട്ടൊക്കെ അവര്‍ക്കറിയാം.ജഗദ ചിറ്റ എല്ലാം അവരോട് നേരത്തേ പറഞ്ഞിട്ടുണ്ടായിരുന്നു. അച്ഛനോട് പറഞ്ഞുകൂടെ അവരോടൊന്ന് ചെന്ന് സംസാരിക്കാന്‍.”

“എന്തു സംസാരിക്കാന്‍... പണത്തിനു വേണ്ടിയോ? അതു ശരിയാവില്ല. പുത്തന്‍ ബന്ധുക്കാരോട് കടം ചോദിക്കുകയെന്നുപറഞ്ഞാല്‍...നല്ല കുടുംബത്തിലെ ആര്‍ക്കെങ്കിലും ചേരുന്നതാണോ?” അമ്മയ്ക്കതത്ര ഇഷ്ടപ്പെട്ടില്ല.

“എങ്കി നിങ്ങളു കുടുംബ മാഹാത്മ്യോം കെട്ടിപ്പിടിച്ചോണ്ടിരുന്നോ. കല്യാണം കഴിഞ്ഞ് പത്ത് നാളിന്നുള്ളില്‍ വീടും പുരയിടവും വിറ്റ് കടതിണ്ണേല്‍ കെടക്കുമ്പോ എല്ലാ അഭിമാനവുമുണ്ടാവും. സ്വന്തമായി വീട് പോലുമില്ലാത്തവളായി എനിക്കവിടെ കഴിയേണ്ടി വരും. ബന്ധു വീട്ടുകാരെ വഴിയാധാരമാകിയെന്ന പേര് ചേട്ടനുണ്ടാവും.
വേണ്ട. എന്നെക്കുറിച്ചാലോചിക്കേണ്ട. അപ്പുക്കുട്ടന്റെ ആഗ്രഹത്തെയല്ലേ നിങ്ങളില്ലാതാക്കുന്നേ? അവനീ വീട് വിട്ട് എങ്ങോട്ടെങ്കിലും പോകാന്‍ മനസ്സുണ്ടോയെന്ന് ഒന്ന് ചോദിച്ച് കൂടായിരുന്നോ നിങ്ങള്‍ക്ക്.
അല്ലെങ്കിലും ഞാനിപ്പോ ആരാ നിങ്ങക്ക്. വല്ലവീട്ടിലെയുമായിപ്പോയില്ലേ? നടക്കട്ടെ. എല്ലാം നടക്കട്ടെ നിങ്ങളുടെയൊക്കെ ഇഷ്ടം പോലെ.”

സേതു കരഞ്ഞു കൊണ്ട് വീട് വിട്ടിറങ്ങി.

അമ്മ തലയ്ക്ക് കൈ കൊടുത്തിരുന്ന് തേങ്ങി.

“ഏതായാലും സേതു പറഞ്ഞതല്ലേ? അച്ഛനെന്താ ഒന്നവിടം വരെ പോയി അളിയനോടെല്ലാം പറഞ്ഞാല്‍...
വീടു വില്‍ക്കുന്നത്രയും അഭിമാനക്കേടൊന്നുമല്ലല്ലോ അതു?” അപ്പുക്കുട്ടന്‍ അമ്മയോട് ചോദിച്ചു.

പിറ്റേന്ന് തന്നെ അച്ഛന്‍ സേതുവിന്റെ വീട്ടിലേയ്ക്ക് തിരിച്ചു.

ഒരിക്കലും ഒരച്ഛനും ഇങ്ങനെയൊരു സ്ഥിതി ഉണ്ടാവരുതേയെന്ന പ്രാര്‍ത്ഥനയോടെ.

“ഈ സ്വര്‍ണ്ണമെല്ലാം ഇവിടെ വെച്ചിട്ട് എന്തു ചെയ്യാനാ? സേതുവിന് എല്ലാം കൂടി ഇടുവാന്‍ പറ്റുമൊ? അച്ഛനിതു കൊണ്ടുപോയി ബാദ്ധ്യത എല്ലാം തിര്‍ത്തിട്ട് ബാക്കിയുള്ളത് തിരിച്ചേല്‍പ്പിച്ചാല്‍ മതി.” അളിയന്റെ അമ്മയുടെ കൈയില്‍ നിന്നും ആഭരണപ്പെട്ടി അച്ഛനെ ഏല്‍പ്പിച്ചു കൊണ്ട് അളിയന്‍ പറഞ്ഞു.

മനുഷ്യ രൂപം പൂണ്ട ദൈവങ്ങളെ മനസ്സാധ്യാനിച്ച് കൊണ്ട് ആഭരണപ്പെട്ടി തിരിച്ച് വാങ്ങി അച്ഛന്‍ തലകുമ്പിട്ട് തിരിഞ്ഞു നടന്നു.

“പിന്നേ, ഇത് സൗജന്യമായിട്ട് കണക്ക് കൂട്ടരുത്. അപ്പുക്കുട്ടന്‍ നല്ല നിലയിലാവുമ്പോ എല്ലാം പലിശേം കൂട്ടി തിരിച്ച് തന്നേക്കണം.”
സേതു പിന്നില്‍ നിന്നും വിളിച്ച് പറയുന്നുണ്ടായിരുന്നു.

Read more...

ഓമനാമ്പുലീസം

Friday, January 26, 2007

ഭദ്രന്‍ചേട്ടനെക്കുറിച്ച് പറയാനൊത്തിരിയാണ്. അദ്ദേഹത്തെക്കുറിച്ച് നാവു വായിലിടാതെ പറയാനുള്ള വിഷയങ്ങളുണ്ട് ജനങ്ങള്‍ക്ക്.
പൊതുക്കാര്യപ്രസക്തനും ജനസേവകനും മാത്രമല്ല ഭദ്രന്‍ ചേട്ടന്‍.അദ്ദേഹത്തിന്റെ വ്യക്തിത്വം നിറഞ്ഞു നില്‍ക്കാത്ത മേഖലകളില്ല. സാമൂഹ്യ സാമ്പത്തിക സാംസ്കാരിക കായിക രംഗങ്ങളില്‍ ഭദ്രന്‍ ചേട്ടനെ ഒഴിവാക്കി മറ്റൊരാളെ സങ്കല്‍പ്പിക്കുവാന്‍ പോലും ആര്‍ക്കും കഴിഞ്ഞിരുന്നില്ല.
മലയാള ഭാഷയില്‍ മാത്രമല്ല,ഇംഗ്ളീഷ് ഭാഷയെപ്പോലും പച്ചവെള്ളം പോലെ തന്റെ നാവിന്‍ തുമ്പത്തിട്ടമ്മാനമാടിക്കാനുള്ള പാണ്ഡിത്യം അദ്ദേഹത്തിനുണ്ടന്നാണ് പൊട്ടന്‍ കവലയിലെ കുറുപ്പിന്റെ ചായക്കടയില്‍ കൂടുന്ന ബഹുഭൂരിപക്ഷം വരുന്ന ആള്‍ക്കാരുടെയും പക്ഷം.
മണി മണി പോലെ ഭദ്രന്‍ ചേട്ടന്‍ ഇംഗ്ളീഷ് സംസാരിച്ചത് അവരവരുടെ കാതുകള്‍ കൊണ്ട് കേട്ടതും കണ്ണുകള്‍ കൊണ്ട് കണ്ടതുമാണ്.

ആലപ്പുഴയുടെ സൗന്ദര്യത്തില്‍ ലയിച്ച്, സമീപ ഗ്രാമങ്ങള്‍ കൂടി കാണാനുള്ള ആഗ്രഹത്താല്‍ ഇറങ്ങിത്തിരിച്ച സായിപ്പ് ദമ്പതികള്‍ക്ക് വഴിതെറ്റിപ്പോയി.
പത്രവായനയും, അല്‍പസ്വല്‍പ പരദൂഷണവും, വാര്‍ത്തകളെക്കുറിച്ച് ചൂടേറിയ ചര്‍ച്ചയും, കൂട്ടത്തില്‍ കട്ടന്‍ചായയും നൂലുപാകിയ ബോണ്ടയും കഴിച്ച് കുറുപ്പിന്റെ ചായക്കടയില്‍ സമയം പാഴാക്കിയിരുന്ന ബുദ്ധിരാക്ഷസന്മാരുടെ ഇടയില്‍ വന്നുപെട്ട സായിപ്പു ദമ്പതികള്‍ക്ക് വഴിചോദിക്കാന്‍ ആള്‍ക്കാരെ കിട്ടിയെന്ന തല്‍കാലാശ്വാസമുണ്ടായെങ്കിലും,ഭാഷ ദഹിക്കാത്ത മൂപ്പിലാന്മാര്‍ക്ക് ലേശം അസഹ്യത ഉണ്ടാവുകയും ചെയ്ത സന്ദര്‍ഭത്തിലാണ് ഭദ്രന്‍ ചേട്ടന്‍ പ്രത്യക്ഷപ്പെട്ടത്.

സായിപ്പിന്റെ സംസാരം കേട്ടപ്പോഴേ അവര്‍ സംസാരിക്കുന്നത് ഇംഗ്ളീഷല്ല പകരം സ്പാനീഷാണന്ന് ഭദ്രന്‍ ചേട്ടന് മനസ്സിലാവുകയും, സ്പാനീഷ് തനിക്കത്രയ്ക്കങ്ങട്ട് വശമില്ലാത്തതിനാല്‍ ആകാംക്ഷാഭരിതരായി നിന്നിരുന്ന വയസ്സിന്‍സിനോട് തന്റെ നിസ്സഹായാവസ്ഥ പ്രകടിപ്പിക്കുകയും ചെയ്തു.
പിന്നീട് സായിപ്പ് ദമ്പതികളോട് ഇപ്രകാരം മൊഴിഞ്ഞു.
"യു പ്ലീസ് സ്പീക് ഇന്‍ ഇംഗ്ളീഷ്. ഐ കാണ്ട് അണ്ടര്‍സ്റ്റാന്റ് യുവര്‍ സ്പാനീഷ്."

ചടപടായെന്നുള്ള ഇംഗ്ളീഷുകേട്ട് പ്രേക്ഷകരായ ചായകുടിയന്മാര്‍ എണീറ്റ് നിന്ന് കൈയടിക്കുകയും, സംഗതി പന്തികേടാണന്ന് മനസ്സിലായ സായിപ്പ് ദമ്പതിമാര്‍ കുട്ടന്‍ ചേട്ടന്റെ ആട്ടോറിക്ഷായില്‍ കയറിപറപറക്കുകയും ചെയ്തു.
സായിപ്പ് പോയ വഴിയില്‍ പുല്ലു പോലും കിളുത്തിട്ടില്ലായെന്നാണ് കുമാരന്‍ കണിയാന്‍ പറഞ്ഞു പരത്തിയത്.

വെള്ളിയാഴ്ച ദിവസങ്ങളില്‍ ഭദ്രന്‍ ചേട്ടന് വീട്ടിലിരിക്കാന്‍ സമയം കിട്ടാറില്ല. ബാക്കിയുള്ള ദിവസങ്ങളിലും ഏറക്കുറെ അങ്ങനെ തന്നെ. എങ്കിലും വെള്ളിയാഴ്ച ദിവസങ്ങളില്‍ മറ്റു ദിവസങ്ങളേക്കാള്‍ തിരക്കല്‍പം കൂടുതലാണന്ന് മാത്രം.
അന്നാണ് രശ്മി കൊട്ടകേലും, വിദ്യാ തീയേറ്ററിലും പടം മാറുന്നത്.പുതിയ പടത്തിന്റെ പരസ്യ പ്രഖ്യാപനം നടത്തുന്നതിനായി തിയേറ്ററുകാര്‍ ഭദ്രന്‍ ചേട്ടനെ തെക്കോട്ടും വടക്കോട്ടും വലിയാണ്. ഭദ്രന്‍ ചേട്ടന്റെ സ്വരസൗകുമാര്യം തന്നെയാണ് ഇത്തരമൊരു മല്‍സരത്തിന് പ്രധാന കാരണമായിത്തീര്‍ന്നിട്ടുള്ളത്.

ഭദ്രന്‍ ചേട്ടന്റെ സ്വരത്തിന് റവുക്കയിട്ട് നടക്കുന്ന വല്യമ്മമാരേയും,പൊട്ടിവിടരാന്‍ തയ്യാറായി നില്‍ക്കുന്ന തരുണീമണികളേയും മാത്രമല്ല മുലകുടി മാറാത്ത കുഞ്ഞുങ്ങളെ വരെ കൊട്ടകേലെത്തിക്കാനുള്ള എന്തൊ ഒരു ഇത് ഉണ്ടന്നാണ് കൊട്ടക മൊതലാളിമാരുടെ പക്ഷം.

വെള്ളിയാഴ്ചകളില്‍ ഭദ്രന്‍ ചേട്ടന്റെ മൈക്ക് കെട്ടിയ കറുത്ത അംബാസഡറിന്റെ പുറകെ കുറഞ്ഞത് ഒരു കിലോമീറ്ററെങ്കിലും സിനിമ നോട്ടീസിനായി ഓടിയാണ് അപ്പുക്കുട്ടന്‍ തന്റെ കായിക പരിശീലനം തുടങ്ങിയതു തന്നെ.
തന്നെ തികഞ്ഞൊരു കായിക താരമാക്കുന്നതിനപ്പുറം സിനിമായെകുറിച്ചുള്ള തന്റെ വിജ് ഞാനം വര്‍ദ്ധിപ്പിക്കുകയും ചെയ്തുപോന്നിരുന്ന ഭദ്രന്‍ ചേട്ടനെ കീഴേടത്ത് ഓമനേടെ വീട്ടുവാതുക്കലെ തെങ്ങേല്‍ നാട്ടുകാര്‍ പിടിച്ചുകെട്ടിവെച്ചിരിക്കുന്നു എന്ന വാര്‍ത്ത നടുക്കത്തോടെയേ അപ്പുക്കുട്ടന് ശ്രവിക്കുവാന്‍ കഴിഞ്ഞുള്ളു.

വര്‍ത്തമാന പത്രങ്ങള്‍ വായനശാലയില്‍ എത്തുന്നതിന് മുന്നേ തന്നെ വാര്‍ത്തകളുടെ തലക്കെട്ടുകളും തലേന്നത്തെ നാട്ടിലെ പ്രധാന വിശേഷങ്ങളും വെളുപ്പാന്‍കാലത്തുതന്നെ വീടുകള്‍ തോറും കയറിയിറങ്ങി അറിയിച്ച് വന്നിരുന്ന സഞ്ചരിക്കുന്ന പത്രമായ ന്യൂസ് വര്‍ക്കി അടുക്കള വാതുക്കല്‍ വന്ന് അമ്മയോട് പറയുമ്പോഴാണ് അപ്പുക്കുട്ടന്‍ വിവരം അറിയുന്നത്.
സംഭവം നടന്നിട്ട് മൂന്ന് നാലു മണിക്കൂറായിരിക്കുന്നു പോലും!

പൊതുജനസേവകനും,നാട്ടുകാരുടെ ബഹുമാന്യനുമായ ഭദ്രന്‍ ചേട്ടനെ തെങ്ങില്‍ കെട്ടിവെയ്ക്കുകയെന്നുപറഞ്ഞാല്‍...

അപ്പുക്കുട്ടനൊന്നും മനസ്സിലായില്ല.

അവന്‍ ഓടി.

കീഴേടത്ത് ഓമനേടെ വീട്ടിലേയ്ക്ക്.


കീഴേടത്ത് ഓമന താമസിക്കുന്നത് ലക്ഷംവീട് കോളനിയിലാണ്. ഭര്‍ത്താവ് രാമന്‍ ചെത്തുകാരനാണ്.
രാമന് ഉദ്യോഗം അങ്ങ് പാലക്കാടാണ്.മാസത്തില്‍ ഒന്നോ രണ്ടോ ദിവസം മാത്രമേ രാമന്‍ വീട്ടിലുണ്ടാവാറുള്ളു.
ബാക്കിയുള്ള ദിവസങ്ങളില്‍ രാമന്‍ പാലക്കാട്ടെ തെങ്ങുകളിലായിരിക്കും.
അരുമ ഭാര്യ ഓമനയ്ക്കും,മക്കള്‍ സീതയ്ക്കും സെല്‍വനും വേണ്ടി പാലക്കാടായ പാലക്കാട്ടെ തെങ്ങുകളായ തെങ്ങുകളൊക്കെ ചെത്തി കള്ളെടുത്ത്; ആ കള്ള് അളന്ന് വിറ്റ് കിട്ടുന്ന കാശുമായി രാമന്‍ തിരിച്ച് വീട്ടിലെത്തിക്കഴിഞ്ഞാല്‍ പിന്നയവിടെ ഉത്സവമാണ്.
ഉത്സവവും കഴിഞ്ഞ് ആറാട്ടും നടത്തി രാമന്‍ മക്കളേയും പ്രീയ പത്നിയേയും ടാറ്റാ കാണിച്ച് മടങ്ങി പോകുന്ന രംഗം ഏതു കഠിനഹൃദയന്റേയും കരളലിയിപ്പിക്കാന്‍ പോന്നതാണ്.

എല്ലാ ഗുണഗണങ്ങളും ദൈവം മനുഷ്യന് നല്‍കുകയില്ലല്ലോ?
സര്‍വ്വ ഗുണ സമ്പന്നനെന്ന് പറയാമെങ്കിലും,ഒരു ചെറിയ കുഴപ്പം ഭദ്രന്‍ ചേട്ടനുണ്ടായിരുന്നു.
അതിപ്പോ ലോകചരിത്രമോ,ഭാരതചരിത്രമോ പോട്ടെ ഈ കൊച്ചു ട്ടാ വട്ടത്തിലെ ഗ്രാമചരിത്രമെടുത്ത് നോക്കിയാല്‍ പോലും കാണാന്‍ കഴിയുന്നതും, പലപല മഹാന്മാരുടെ ജീവിതത്തെ പിടിച്ച് കുലുക്കിയിട്ടുള്ളതുമായ അതേ വിഷയം തന്നെയായിരുന്നു.
സ്ത്രീ വിഷയം!
കാണാന്‍ കൊള്ളാവുന്ന പെമ്പിള്ളാരെ കണ്ടാല്‍ ഭദ്രന്‍ സംസാരത്തില്‍ പഞ്ചാര ചേര്‍ക്കുമെന്നാണ് മാഞ്ചുവട്ടിലെ സ്ത്രീകളുടെ സംസാരം.

ഓമനചേച്ചി ആളൊരു കൊച്ചു സുന്ദരിയായിരുന്നു. ഭര്‍ത്താവും വീട്ടിലുണ്ടാവുമായിരുന്നില്ല. ഭദ്രന്‍ ചേട്ടന്റെ കൊച്ചുവര്‍ത്തമാനം ഓമനചേച്ചി ഇഷ്ടപ്പെട്ടുതുടങ്ങി.
കൊച്ചുവര്‍ത്തമാനം വലിയവര്‍ത്തമാനമാവുകയും,വലിയവര്‍ത്തമാനം പഞ്ചാരവര്‍ത്തമാനമാവുകയും,പഞ്ചാരവര്‍ത്തമാനം പിന്നീട് രാത്രി വര്‍ത്തമാനമാവുകയും ചെയ്തു.

പക്ഷേ അതിങ്ങനെയൊക്കെ ആകുമെന്ന് ഭദ്രന്‍ ചേട്ടനോ ഓമന ചേച്ചിയോ സ്വപ്നേപി വിചാരിച്ചിരുന്നില്ല.
അല്ലങ്കിലും രാമന്‍ ചേട്ടന്‍ സാധാരണ വരാറുള്ളതിനും നാലഞ്ച് ദിവസം മുന്നേ ഇങ്ങ് പോന്നതെന്തിനാണ്?
ഭാര്യയേയും മക്കളേയും കാണാതെ ഇരിക്കപ്പൊറുതി ഇല്ലാതായിട്ടോ?
അതോ ഏതെങ്കിലും ചാരന്മാര്‍ പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നുവൊ?

സത്യം രാമന്‍ ചേട്ടന് മാത്രമറിയാം!

അന്നും പതിവുപോലെ ഭദ്രന്‍ ചേട്ടന്‍ പാതിരാകഴിഞ്ഞ നേരത്ത് ഓമനചേച്ചിയുടെ വീട്ടിലെത്തുകയും കുറ്റിയിടാതിരുന്ന വാതില്‍ തള്ളിത്തുറന്ന് അകത്തു കയറുകയും ചെയ്തു.വാതിലിന് കുറ്റിയിടാതിരിക്കുന്നത് ഓമന തനിക്കു വേണ്ടി ചെയ്തു പോരുന്ന ഗ്രീന്‍ സിഗ്നലാണന്നറിയാവുന്നതുകൊണ്ട് ഭദ്രന്‍ ചേട്ടന് സംശയിക്കേണ്ട ഒരു കാര്യവുമില്ലായിരുന്നു.
മൂടി പുതച്ചു കിടക്കുന്നത് തന്റെ രോമാഞ്ചമാണന്ന് കരുതി ഭദ്രന്‍ ചേട്ടന്‍ കുലുക്കി വിളിച്ചത് രാമനെയായിരുന്നു.

എന്തു ചെയ്യാം. വരാനുള്ളത് വഴിയില്‍ തങ്ങുകേലല്ലോ?

ചെത്തുകത്തി പിടിച്ച് തഴമ്പിച്ച കൈ കൊങ്ങായില്‍ അമരുമ്പോള്‍ ഒന്നു ഞരങ്ങുവാന്‍ പോലുമാവാതെ ഭദ്രന്‍ ചേട്ടന്‍ കൈകാലിട്ടടിക്കുകയായിരുന്നു.
പിന്നയവിടെ നടന്ന റഫറിയും ഗോളിയുമൊന്നുമില്ലാത്ത ഫുട്ബോള്‍ കളിയുടെ ശബ്ദം കേട്ട് ഓടിയെത്തിയ ചില സന്മാര്‍ഗ്ഗികളാണ് ഭദ്രന്‍ ചേട്ടനെ വാതില്‍ക്കലെ തെങ്ങേല്‍ കെട്ടിയിട്ടത്.

അപ്പുക്കുട്ടനെത്തുമ്പോള്‍ നാടു മുഴുവന്‍ ഓമനയുടെ വീടിന്റെ മുന്നില്‍ കൂടിയിട്ടുണ്ട്. ഭദ്രന്‍ ചേട്ടന്റെ ഭാര്യ ഒഴികെ.

ന്യൂസ് വര്‍ക്കി തന്റെ ജോലി ഭംഗിയായി നിര്‍വ്വഹിച്ചിരുന്നു.
ഭദ്രന്‍ ചേട്ടന്റെ ദയനീയാവസ്ഥ നാടായ നാടൊക്കെ ചൂടാറാതെ എത്തിച്ചതിനു ശേഷം മാത്രമാണ് കളത്രത്തെ വിവരം അറിയിക്കുന്നതുതന്നെ!

വാര്‍ത്ത കേട്ട പാതി കേള്‍ക്കാത്ത പാതി ഇടവപ്പാതിമഴയെപ്പോലെ ആര്‍ത്തലച്ച് നെഞ്ചത്തിട്ടടിച്ച് പാഞ്ഞു വന്ന ശ്രീമതി ചേച്ചിയുടെ ചിത്രം മനസ്സില്‍ നിന്നും മായ്ക്കാന്‍ പറ്റാത്തതായിരുന്നു.

അവരെ തടുക്കുവാന്‍ ആര്‍ക്കും കഴിഞ്ഞില്ല.
ശ്രീമതി ചേച്ചി ഭദ്രന്‍ ചേട്ടനെ ബന്ധനവിമുക്തനാക്കി.

പിന്നെ ഭദ്രന്‍ ചേട്ടന്‍ തലമൂടുവാനുപയോഗിച്ചിരുന്നതും, ഇപ്പോള്‍ പാമ്പു വേലുവിന്റെ കഴുത്തിലെ പെരുമ്പാമ്പിനെ പോലിട്ടിരിക്കുന്നതുമായ തോര്‍ത്തിന്റെ രണ്ടറ്റവും കൂട്ടിപ്പിടിച്ചുകൊണ്ടു ഇപ്രകാരം മൊഴിഞ്ഞു.

"എനിക്കിതുതന്നെ വേണം മനുഷ്യാ. ഇതു തന്നെ വേണം.നിങ്ങക്കെന്തിന്റെ കുറവുണ്ടായിട്ടാ. കെട്ടുപ്രായം തികഞ്ഞു നിക്കണ പെമ്മക്കളുണ്ടന്നുള്ള വിചാരമെങ്കിലും നിങ്ങക്കുണ്ടായിരുന്നോ? നടക്ക് വീട്ടിലോട്ട്. ഈ ശ്രീമതി ആരാന്ന് നിങ്ങക്ക് ഞാന്‍ മനസ്സിലാക്കിത്തരാം."

ലജ്ജാഭാരം കൊണ്ട് തലകുനിച്ച് പിടിച്ചിരുന്ന ഭദ്രന്‍ ചേട്ടന്‍ മുഖമൊരല്‍പം ഉയര്‍ത്തി പറഞ്ഞു.

"എന്റെ ശ്രീമതി, നീയെങ്കിലുമൊന്നെന്നെ വിശ്വസിക്കൂ. സത്യമായിട്ടും ഞാന്‍ കുറുപ്പിന്റെ ചായക്കടയാണന്ന് വിചാരിച്ച് വന്ന് കേറീതാ. ഇരുട്ടായതുകൊണ്ട് ഒന്നും മനസ്സിലായില്ലായിരുന്നു."

പിന്നെ തള്ളപ്പശുവിന്റെ പാലു കുടിക്കാന്‍  പിറകേ കൂടുന്ന കിടാവിനെപ്പോലെ മിസ്സിസ്സ് ഭദ്രന്റെ പുറകേ നടന്നു പാവം ഭദ്രൻ ചേട്ടൻ!

അപ്പോള്‍ നാട്ടുകാര്‍ക്കിടയില്‍ നിന്നും വിജ് ഞാനികളാരോ വിളിച്ച് പറയുന്നുണ്ടായിരുന്നു.

"നമ്മടെ ഭദ്രന്‍ ചേട്ടന് ഒറക്കത്തീ എണീറ്റ് നടക്കണ സൂക്കേടാ...ഓമനാമ്പുലീസം"

Read more...

ചീട്ടുകളി വരുത്തിയ വിന

Sunday, January 14, 2007

വിനോദങ്ങള്‍ പലര്‍ക്കും പലവിധമാണ്.
ചിലരുടെ വിനോദം ഉറക്കമാണ്.ചിലര്‍ക്ക് വായനയാണ്. ചിലര്‍ക്ക് രചനയാണ്. ചില സ്ത്രീകള്‍ക്കും (പുരുഷന്മാര്‍ക്കും) വിനോദം പാചകമാണ്. കഴിക്കാന്‍ കൊള്ളാവുന്നതും,കൊള്ളരുതാത്തതുമായ എന്തുമുണ്ടാക്കി മറ്റുള്ളവരെ നിര്‍ബന്ധിച്ചും അല്ലാതെയും കഴിപ്പിക്കും. അങ്ങനെ വിനോദങ്ങള്‍ എണ്ണിയാലൊടുങ്ങാത്തവ !
ആളും തരവും അനുസരിച്ച് മാറിക്കൊണ്ടിരിക്കുമെന്നു മാത്രം.

സദാപ്പന്‍ ചിറ്റനും,രവിച്ചേട്ടനും,അന്തപ്പനും,ലാസറളിയനുമെല്ലാം വിനോദമെന്നത് ചീട്ടുകളിയാണ്. പൈസ വച്ചും അല്ലാതെയും അവര്‍ ചീട്ടു കളിക്കും.
കീശ കാലിയാവുന്നത് വരെ കാശിന് കളിക്കും. അതുകഴിഞ്ഞാല്‍ കുണുക്കനിട്ട് കളിക്കും. വെള്ളക്കായില്‍ ഈര്‍ക്കില്‍ വളച്ച് കുത്തിയാണ് കാതിലിടാനുള്ള കുണുക്കനുണ്ടാക്കുന്നത്. തോല്‍ക്കുന്നയാള്‍ കുണുക്കനിട്ടിരിക്കണം. ചിലപ്പോഴൊക്കെ പ്ലാവില കൊണ്ട് തൊപ്പിയുമുണ്ടാക്കും. കുണുക്കനുമിട്ട് പ്ലാവില തൊപ്പിയും വെച്ചിരിക്കുന്ന സദാപ്പന്‍ ചിറ്റനെ കാണാന്‍ നല്ല രസമാണ്.
അതുകൊണ്ട് തന്നെ കുണുക്കനിട്ടുള്ള കളിയാണ് അപ്പുക്കുട്ടനും കൂട്ടര്‍ക്കും ഇഷ്ടം. പലപ്പോഴും കുണുക്കും കിരീടവും ഉണ്ടാക്കാനുള്ള കരാറും അപ്പുക്കുട്ടനായിരിക്കും ഏറ്റെടുക്കുന്നത്. വെറുതെയല്ല. കളികഴിഞ്ഞാലുടനെ കമ്മത്തിന്റെ കടയില്‍ നിന്നും പാലുമിഠായി കിട്ടുമെന്നുള്ളതുകൊണ്ടു മാത്രമാണത് ചെയ്തിരുന്നത്.

വായനശാലയുടെ പുറകിലുള്ള കൊടമ്പുളി മരത്തിന്റെ ചുവട്ടിലാണ് ചീട്ടുകളി നടന്നുവന്നിരുന്നത്.
ചൂടുകാലത്ത് കൊടമ്പുളി മരത്തിന്റെ ചുവട്ടിലിരിക്കുന്നത് നല്ല സുഖമുള്ള കാര്യമാണ്.
എന്തൊരു തണുപ്പാണ് മരത്തിന്റെ കീഴില്‍ !
കൊടമ്പുളി മരത്തിന്റെ കീഴിലിരിക്കുന്നത് കണ്ടാല്‍ അമ്മ വഴക്കു പറയും. നീരെളക്കമുണ്ടാവുമെന്നാ അമ്മ പറയുന്നത്.
കീഴിലിരുന്നാലല്ലേ പ്രശ്നമുള്ളൂ.
അതുകൊണ്ട് അപ്പുക്കുട്ടന്‍ മരത്തിന്റെ മുകളില്‍ കയറിയിരിക്കും. കളിയും കാണാം. കുണുക്കും കിരീടവും വിതരണവും നടത്താം. അമ്മ അറിയുകയുമില്ല.

അങ്ങനെ ഒരു ദിവസം ചീട്ടുകളിക്കാര്‍ക്ക് സകല സഹകരണവും വാഗ്ദാനം ചെയ്ത് പുളിമരത്തിന്റെ മുകളില്‍ പ്രകൃതി ഭംഗിയുമാസ്വദിച്ച് അപ്പുക്കുട്ടനിരിക്കുകയായിരുന്നു.
താഴെ കളിയില്‍ ലയിച്ച് സദാപ്പന്‍ ചിറ്റനും സംഘവും.
ആകാശമിടിഞ്ഞു വീണാല്‍ പോലും അവര്‍ക്കൊരു പ്രശ്നമാകില്ല. അത്രയ്ക്ക് ലയിച്ചിരിക്കുകയാണ് കളിക്കാര്‍.

പെട്ടെന്നൊരു ജീപ്പു വന്നു നിന്നത് അപ്പുക്കുട്ടന്‍ കണ്ടു.
മരത്തിന്റെ മുകളിലിരുന്നത് കൊണ്ട് വായനശാലയുടെ മറുവശത്ത് റോഡില്‍ നടക്കുന്ന കാര്യങ്ങള്‍ അപ്പുക്കുട്ടന് നല്ല വ്യക്തമായി കാണാന്‍ കഴിയുന്നുണ്ടായിരുന്നു.
'' ദൈവമേ, പോലീസ്. ''
അപ്പുക്കുട്ടന്‍ താഴെ വീഴാതിരിക്കാന്‍ മരത്തിന്റെ കൊമ്പില്‍ കുറച്ച് കൂടെ ഉറപ്പിച്ചു പിടിച്ചു.
ചിറ്റനേയും സംഘത്തേയും രക്ഷിക്കുകയെന്നത് അപ്പുക്കുട്ടന്റെ കടമയാണ്. അവന്‍ കഴിയാവുന്നത്ര ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു.
'' ചിറ്റാ, ദേ... പോലീസ്...''
പറഞ്ഞു തീര്‍ന്നു കഴിഞ്ഞതും അപ്പുക്കുട്ടന്‍ താഴേയ്ക്ക് നോക്കി.
വിശ്വസിക്കാനാവുന്നില്ല. കണ്ണു തിരുമ്മി വീണ്ടും നോക്കി.
ഇല്ല. ആരുമില്ല താഴെ.
പൊടിപോലുമില്ല കണ്ടുപിടിക്കാന്‍.

അപ്പുക്കുട്ടന്‍ മരത്തില്‍ തന്നെയിരുന്നു. ഇപ്പോള്‍ താഴെയിറങ്ങിയാല്‍ കടുവാ ദാമുവിന്റെ പിടുത്തം തന്റെ കഴുത്തിലായിരിക്കുമെന്ന് അപ്പുക്കുട്ടനറിയാം. എന്തെന്നാല്‍ താനാണല്ലോ ഒറ്റുകാരന്‍.

ഹെഡ്കോണ്‍സ്റ്റബിള്‍ ദാമോദരനെ കടുവാ ദാമുവെന്നാണ് നാട്ടിലറിയപ്പെടുന്നത്.
വെട്ടൊന്ന് കണ്ടം രണ്ട് എന്ന പക്ഷക്കാരനാണ് കടുവാ ദാമു.
ചീട്ടു കളിക്കാരെ കടുവാ ദാമു വെച്ച് പൊറുപ്പിക്കില്ല.
കടുവാ ദാമുവിന്റെ ഉദ്ദേശ്യം വേറെയാണന്നാണ് സദാപ്പന്‍ ചിറ്റന്‍ പറയുന്നത്.
'' ചീട്ടുകളിക്കാരുടെ പൈസാ ലക്ഷ്യമാക്കിയാ കടുവാ വരണത്. നാട്ടില്‍ വേറെയെന്തെല്ലാം പ്രശ്നങ്ങളു നടക്കണു. ഒരു കള്ളനെയെങ്കിലും ഈ കടുവ ഇതുവരെ പിടിച്ചിട്ടുണ്ടോ ?''
ചിറ്റന്‍ തന്നെ മറുപടി പറയും.
'' ഇല്ല. കാരണമെന്തോന്നാ ? അതേ തടികേടാവുന്ന വകുപ്പാ. കള്ളന്മാരേ പിച്ചാത്തി കേറ്റും. പതിര നോക്കി പിച്ചാത്തി കേറ്റും. നമ്മളു പാവം ചീട്ടുകളിക്കാരാവുമ്പൊ ആ പ്രശ്നമൊന്നുമില്ലല്ലോ കടുവായ്ക്ക്. ''

അപ്പുക്കുട്ടനും തോന്നിയിട്ടുണ്ട് സദാപ്പന്‍ ചിറ്റന്‍ പറയുന്നത് ശരിയാണന്ന്.
എന്തുമാത്രം കള്ളന്മാരാ നാട്ടിലുള്ളത്.അവരെ പിടിക്കാന്‍ ഒരു പോലീസുമില്ല. പട്ടാളവുമില്ല. കഴിഞ്ഞ ആഴ്ചയാണ് വീട്ടില്‍ വാതുക്കല്‍ വെച്ചിരുന്ന കിണ്ടിയുമടിച്ചോണ്ട് കള്ളന്മാരു പോയത്. എത്ര ദിവസം കയറു പിരിച്ചാലാണ് അമ്മയ്ക്കതുപോലൊരെണ്ണം ഇനി വാങ്ങാന്‍ പറ്റുക !

സദാപ്പന്‍ ചിറ്റന്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയാണന്ന് അപ്പുക്കുട്ടന് ബോധ്യമാവുകയായിരുന്നു.

മരത്തിന്റെ താഴെ അതാ കടുവാ ദാമുവും രണ്ടു മൂന്ന് നിക്കറു പോലീസും നില്‍ക്കുന്നു.
കടുവ ദേഷ്യത്താല്‍ ചീട്ട് നിരത്തിയിരുന്ന കടലാസുകളെല്ലാം തട്ടിയെറിഞ്ഞു.

'' പന്ന റാസ്കലുകള്‍. ഒറ്റ പൈസ ഇട്ടിട്ടില്ല. ഒരുത്തനേയും വെറുതേ വിടരുത്. കമ്മോണ്‍.'' കടുവ മറ്റ് പോലീസുകാരെ കൈ കൊണ്ട് ആംഗ്യം കാണിച്ചു.
അപ്പുക്കുട്ടന്‍ വാപൊത്തി ചിരിച്ചു.

പിടിയരി അമ്മാവന്റെ റേഷന്‍ കടയുടെ അടുത്തുകൂടെയാണ് ചിറ്റനും രവിച്ചേട്ടനും ഓടിയത്.കടുവ അവരെ കണ്ടിരുന്നു എന്ന് അപ്പുക്കുട്ടന് തോന്നി. കാരണം കടുവ ഓടിയതും റേഷന്‍ കടയെ ലക്ഷ്യമാക്കിയായിരുന്നു.

പിടിയരി അമ്മാവന്‍ അപ്പുക്കുട്ടന്റെ അച്ഛന്റെ വകയിലെ ഒരമ്മാവനാണ്.കച്ചവടത്തിന്റെ സകലമാന അടവുകളും പഠിച്ചിരുന്ന അമ്മാവന് നാട്ടുകാര്‍ നല്‍കിയിരുന്ന പേരാണ് പിടിയരിയെന്നത്.
വെറുതെ നല്‍കിയ പേരല്ല. അമ്മാവന്റെ സല്‍പ്രവര്‍ത്തിയാല്‍ വലഞ്ഞ നാട്ടുകാര്‍ അങ്ങനെയൊരു പേരു നല്‍കാന്‍ നിര്‍ബന്ധിതരായി എന്നുള്ളതാണ് സത്യം.
റേഷന്‍ കടയില്‍ വരുന്ന ആളുകളുടെ വലിപ്പച്ചെറുപ്പം നോക്കാതെ തന്നെ ആരോടും അമ്മാവന്‍ സാധനം തൂക്കുന്നതിനിടെ കുശലം ചോദിക്കും. അതിനിപ്പോള്‍ പ്രത്യേക വിഷയം വേണമെന്നൊന്നുമില്ല. അകാശത്തിനു കീഴിലുള്ള എന്തുമാവാം. ആദ്യകാലങ്ങളിലൊക്കെ ആളുകള്‍ വിചാരിച്ചിരുന്നത് കടയിലേയ്ക്ക് കൂടുതല്‍ ആള്‍ക്കാരെ ആകര്‍ഷിക്കാനുള്ള ഒരു തന്ത്രമാണതെന്നാണ്.
പിന്നിടല്ലേ കള്ളി വെളിച്ചത്തായത്.
തൂക്കം ശരിയാവുമ്പോള്‍ അമ്മാവന്‍ പറയും.
'' ദേ നൊക്കിക്കേ. സൂചിനോക്കിക്കേ. കണ്ടോ ഞാന്‍ തൂക്കിയാല്‍ അരി കൂടുതലേ കാണൂ. അല്‍പം അരി പോയാലും കുഴപ്പമില്ല. ഇവിടെ വരുന്നവരുടെ സന്തോഷമാണ് എനിക്ക് പ്രധാനം.''
സന്തോഷധിരേകത്താല്‍ പാവം കസ്റ്റമേഴ്സ് സൂചീലോട്ട് നോക്കുമ്പോഴേയ്ക്കും അമ്മാവന്‍ ഒരു പിടി അരി തൂക്കുപാട്ടയില്‍ നിന്ന് തിരിച്ചെടുത്ത് തന്റെ ചാക്കിലാക്കിയിരിക്കും.
പലനാള്‍ കള്ളം ഒരു നാള്‍ പിടിക്കപ്പെടുമെല്ലോ ?
അമ്മാവനും പിടിക്കപ്പെട്ടു.
തന്നേയും തന്റെ കുടുംബത്തേയും അപകീര്‍ത്തിപ്പെടുത്താന്‍ ചില കുബുദ്ധികള്‍ നടത്തുന്ന കുല്‍സിത ശ്രമമാണതെന്ന് പറഞ്ഞ് തനിക്കെതിരെയുള്ള ആരോപണങ്ങളെല്ലാം അമ്മാവന്‍ അവഗണിക്കുകയും തന്റെ സല്‍പ്രവര്‍ത്തി സധൈര്യം തുടര്‍ന്നുപോരുകയും ചെയ്തു.

മാളുവേടത്തിയ്ക്ക് അരി തൂക്കി തന്റെ വിഹിതമായ ഒരുപിടിയ്ക്കായി അമ്മാവന്‍ അരിപ്പാത്രത്തില്‍ കൈയിട്ട് കൊണ്ടിരുന്ന ശുഭമുഹൂര്‍ത്തത്തിലാണ് കടുവായുടെ നടുക്കുന്ന ചോദ്യം അമ്മാവന്റെ നേരെ ഉയര്‍ന്നത്.
'' ടാ സത്യം പറഞ്ഞോളണം. അല്ലെങ്കില്‍ നിന്റെ കൂമ്പിടിച്ച് ഞാന്‍ വാട്ടും. ആരാടാ ഇതു വഴി ഓടിയത്. അവന്റെ യൊക്കെ പേരും നാളുമെല്ലാം വേഗം പറയടാ.''
തന്റെ വെട്ടിപ്പ് പിടിക്കാന്‍ വന്നതല്ല കടുവ എന്ന് മനസ്സിലായപ്പോഴെയ്ക്കും അമ്മാവന് പകുതി ജീവന്‍ തിരിച്ച് കിട്ടി.
അല്ലെങ്കിലും രവിയാണ് തനിക്കെതിരെ ഈ അപഖ്യാതികളുണ്ടാക്കിയവരില്‍ പ്രധാനി. കിട്ടിയ അവസരം പൂര്‍ണ്ണമായി ഉപയോഗിക്കുവാന്‍ തന്നെ അമ്മാവന്‍ തീരുമാനിച്ചു.
ഏമാനേ, എന്നെയൊന്നും ചെയ്യരുതേ... ഓടിയ ഒരാളെ ഞാന്‍ കണ്ടതാ. അപ്പുറത്തെ രവിയാണത്.''
പിടിയരി അമ്മാവന്‍ ഉള്ളുകൊണ്ട് ഊറിച്ചിരിച്ച് കൊണ്ട് രവിച്ചേട്ടന്റെ വീടുകാണിച്ചു കൊടുത്തു.
കടുവാ ദാമു രവിച്ചേട്ടന്റെ വീട്ടിലേക്കോടി.
വീട്ട് മുറ്റത്തെത്തി കടുവ ഗര്‍ജ്ജിച്ചു.
'' ആരുമില്ലേടാ ഇവിടെ ? ഇങ്ങോട്ടിറങ്ങിവാടാ. ''
ങ്ങ്. ഹേ. ഒരനക്കവുമില്ല.
കടുവ ഓടി അടുക്കളമുറ്റത്തെത്തി.

കടുവയെക്കണ്ട് പേടിച്ചോടി വീട്ടിലെത്തിയ രവിച്ചേട്ടന്‍ കണ്ടത് കറിയ്ക്കരച്ച് കൊണ്ട് നില്‍ക്കുന്ന സുമതിച്ചേച്ചിയെയാണ്.
കൂടുതലൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല രവിച്ചേട്ടന്.
ഭാര്യാസ്നേഹം തുളുമ്പി ഒഴുകി.
പാലും തേനും ഒലിപ്പിച്ച് രവിച്ചേട്ടന്‍ ശ്രീമതി സുമതിയോട് തന്റെ സഹായമനസ്കത ഉണര്‍ത്തിച്ചു.
'' ന്റെ സുമതീ, നീയിങ്ങനെ എല്ലാ പണിയും ഒറ്റയ്ക്ക് ചെയ്താല്‍ ശരിയാവൂല്ല. ഇങ്ങോട്ട് താ ഞാനരയ്ക്കാം. അപ്പോഴത്തേയ്ക്ക് നീ മീനൊക്കെ അങ്ങട്ട് വെട്ടി ശരിയാക്ക്.''
പതിവില്ലാത്ത സംസാരം കേട്ട് കണ്ണും തള്ളി നിന്ന സുമതിച്ചേച്ചിയെ തള്ളിമാറ്റിയിട്ട് രവിച്ചേട്ടന്‍ കറിയ്ക്കരയ്ക്കാന്‍ തുടങ്ങി.
കാര്യമൊന്നും മനസ്സിലായില്ലെങ്കിലും സുമതിച്ചേച്ചി ഉള്ളുകൊണ്ടാഹ്ളാദിച്ചു. ഇരുപത് വര്‍ഷത്തെ ദാമ്പത്യജീവിതത്തില്‍ ആദ്യമായിട്ടാണ് തന്റെ കണവന്‍ അടുക്കള പണിയില്‍ തന്നെ സഹായിക്കുന്നത്.
സുമതിച്ചേച്ചി മീനുമെടുത്ത് വാഴച്ചോട്ടിലോട്ട് മാറിയിരുന്നു.

ഈ സന്ദര്‍ഭത്തിലാണ് സാക്ഷാല്‍ കടുവ പ്രത്യക്ഷപ്പെടുന്നത്.
തനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്നഭാവത്തില്‍ ജോലി തുടര്‍ന്നുകൊണ്ടിരുന്ന രവിച്ചേട്ടനെ കണ്ട് ചെറിയൊരാശങ്ക ഉണ്ടായിട്ടുകൂടി കടുവ അലറി.
'' കള്ള റാസ്കല്‍,അവന്റെ ഒടുക്കത്തെ ഒരുചീട്ടുകളി. നീ ഇവിടെ വന്ന് വേഷം കെട്ടിയാല്‍ ഞാന്‍ പിടിക്കുകേലാന്ന് കരുതിയോ നീ. നടക്കടാ ജീപ്പിലോട്ട്. ''
കടുവാ രവിച്ചേട്ടന്റെ കൈയ്ക്ക് കേറിപ്പിടിച്ചതും സുമതിച്ചേച്ചി മീന്‍ വെട്ടിക്കൊണ്ടിരുന്ന പിച്ചാത്തിയുമായി ചാടിയെണീറ്റു.
'' തൊട്ടു പോകരുതതിയാനെ.
എന്റെ പൊന്നേമാനേ, നിങ്ങക്കിങ്ങേരെ കൊണ്ടുപോണേ കൊണ്ടുപൊയ്ക്കോ പക്ഷേ കറിയ്ക്കുള്ളത് അരച്ചു തീര്‍ത്തിട്ടുമതി. ഇരുപത് വര്‍ഷത്തിനിടേലാദ്യായിട്ടാ ഇങ്ങേരെനിക്കൊരു കൈസഹായം ചെയ്യണത്. അറിയുമോ നിങ്ങക്ക്. ''
ഓര്‍ക്കാപ്പുറത്തുള്ള ഡയലോഗ് കേട്ട് കടുവ ദാമു രവിച്ചേട്ടന്റെ കൈയിലെ പിടുത്തം വിട്ടു.
പിന്നെ ചിരിച്ചു. പൊട്ടി പൊട്ടി ചിരിച്ചു.
കണ്ടു നിന്ന ജനം അന്ധാളിച്ചു.
സുമതിച്ചേച്ചിയ്ക്ക് രവിച്ചേട്ടന്റെ സഹായം ആദ്യമായിട്ട് കിട്ടുന്നത് പോലെതന്നെയായിരുന്നു ജനത്തിനും.
അവരും ആദ്യമായിട്ട് കാണുകയായിരുന്നു കടുവ ദാമു ചിരിക്കുന്നത് !

Read more...

വാര്യര്‍ സാറിന്റെ കാല്‍ക്കുലേറ്റര്‍

Monday, January 1, 2007

ഒന്നാം വര്‍ഷക്ലാസ്സില്‍ തെര്‍മോ ഡൈനാമിക്സ് ക്ലാസ്സ് തകര്‍ത്തു നടക്കുകയാണ്. വാര്യര്‍ സാര്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ഐ. സി. എന്‍ജിന്‍സും ലോസ് ഓഫ് തെര്‍മോഡൈനാമിക്സും കാര്‍നോട്ട് സൈക്കിളുമെല്ലാം പറഞ്ഞു കൊടുക്കയാണ്.
കഷണ്ടി കടന്നാക്രമിച്ച തലയും ചൈതന്യം വിട്ടു മാറാത്ത മുഖത്തിന്റെ ഭംഗി കൂടുതല്‍ എടുത്തു കാണിക്കുന്ന വീതിയേറിയ നെറ്റിയില്‍ നീളന്‍ ചന്ദനക്കുറിയുമായ് കടന്നു വരുന്ന കുറുകിയ മനുഷ്യന്‍. മുഖത്തിന്റെ ഭംഗിയെ കുറയ്ക്കുന്ന രീതിയില്‍ നാലിഞ്ച് ബെല്‍റ്റും ബെല്‍ബോട്ടം പാന്‍സും വീതി കൂടിയ പോക്കറ്റോടു കൂടിയ ഇറുകിയ ഷര്‍ട്ടും ആകെ കൂടി ഒരു ഒന്നൊന്നര ഭംഗിയാണ് വാര്യര്‍ സാറിനെ കാണുവാന്‍.

'' അടുത്ത ക്ലാസ്സില്‍ പ്രോബ്ളംസാണ്. സോ പ്രോബ്ലംസ് സോള്‍വ് ചെയ്യണമെന്നുണ്ടങ്കില്‍ യു ഷുഡ് ഹാവ് എ സയന്റിഫിക് കാല്‍ക്കുലേറ്റര്‍. ആള്‍ ഓഫ് യൂ മസ്റ്റ് ഹാവ് എ സയന്റിഫിക് കാല്‍ക്കുലേറ്റര്‍ ബൈ നെക്സ്റ്റ് ക്ലാസ്. ഒ.കെ.''
വാര്യര്‍ സാര്‍ ക്ലാസു വിട്ടിറങ്ങി.
അപ്പുക്കുട്ടന്‍ സഹപാഠിയായ പ്രകാശിനോട് ചോദിച്ചു. ''എത്ര രൂപയാകും പ്രകാശേ ഒരു സയന്റിഫിക് കാല്‍ക്കുലേറ്ററിന് ?''
''കെന്നടി വാങ്ങിയതിനു 500 രൂപയോളമായി. എങ്കിലും 300 രൂപയ്ക്ക് കുറഞ്ഞ ഒരെണ്ണം കിട്ടുമായിരിക്കും.''

300 രൂപയോ ? അപ്പുക്കുട്ടന്‍ ഒരു നിമിഷം തരിച്ചിരുന്നു പോയി.

ഇന്നു കോളേജിലേക്ക് വന്ന ബസ്സ്കൂലി കൊടുത്തത് സന്തോഷാണ്. ഇനി ആരെയെങ്കിലും ചാക്കിട്ടു പിടിച്ചാലേ തിരിച്ചു പോകാനുള്ള വണ്ടിക്കൂലി ഉണ്ടാക്കാന്‍ പറ്റുകയുള്ളു അപ്പോള്‍ പിന്നെ താന്‍ എവിടെയാണ് മുന്നൂറ് രൂപയ്ക്ക് പോവുന്നത്.

വീട് ജപ്തി ചെയ്യുമെന്നറിയിച്ചു കൊണ്ട് കഴിഞ്ഞയാഴ്ചയാണ് വില്ലേജാഫീസില്‍ നിന്നും നോട്ടീസ് വന്നത്. പണ്ടെങ്ങോ എടുത്ത ലോണ്‍ ക്യതമായി തിരിച്ചടയ്ക്കാത്തതിനുള്ള അറിയിപ്പ്. അത്യാവശ്യമായി 250 രൂപ വില്ലേജാഫീസില്‍ അടച്ചില്ലെങ്കില്‍ ജപ്തി നടപടിയുമായി മുന്നോട്ടു പോകുമെന്നാണ് വില്ലേജാഫീസര്‍ അറിയിച്ചിരിക്കുന്നത്. നോട്ടീസ് കിട്ടിയ അന്ന് തുടങ്ങിയതാണ് അച്ഛനു വയറുവേദന. അച്ഛന്‍ അങ്ങനെയാണ്. മനസ്സു വേദനിപ്പിക്കുന്ന എന്തെങ്കിലുമുണ്ടായാല്‍ അപ്പോള്‍ തുടങ്ങും വയറുവേദന. ഇപ്പോള്‍ സയന്റിഫിക് കാല്‍ക്കുലേറ്ററിനെ കുറിച്ച് പറഞ്ഞാല്‍ ചിലപ്പോള്‍ വയറുവേദന മുകളിലേക്കു വ്യാപിച്ച് നെഞ്ചുവേദന കൂടിയാകാന്‍ സാധ്യതയുണ്ട് അത് കൊണ്ട് അത്തരമൊരു സാഹസത്തിനു മുതിരേണ്ടാ എന്നു തന്നെ അപ്പുക്കുട്ടന്‍ തീരുമാനിച്ചു.

താന്‍ പണ്ടു പഠിച്ചിരുന്ന ആര്‍ട്സ് കോളേജും ഈ പ്രോഫഷണല്‍ കോളേജും തമ്മില്‍ അജഗജാന്തരമുണ്ട്. ഇവിടെ അച്ചടക്കമെന്ന് പറയുന്നത് വളരെ കര്‍ശനമാണ്.
കലാലയ രാഷ്ട്രീയത്തിന്റെ കഠാര മുനയില്‍ നിന്നു രക്ഷപ്പെട്ട് ഇവിടെയെത്തിയപ്പോള്‍ നല്ലൊരു ഭാവി കരുപ്പിടിപ്പിക്കുവാന്‍ കഴിയുമെന്ന് തന്നെ അപ്പുക്കുട്ടന്‍ കരുതി. അദ്ധ്യാപനം തങ്ങളുടെ ജന്മനിയോഗമെന്ന് കരുതി ജോലി ചെയ്തിരുന്ന ഒരു കൂട്ടം അദ്ധ്യാപകരും അവര്‍ക്ക് പരിപൂര്‍ണ്ണസഹകരണം നല്‍കിയിരുന്ന ഒരു മാനേജ്മെന്ററ്റും ഉള്ള ഒരു സ്ഥാപനത്തില്‍ നിന്നും അങ്ങനെയല്ലാതൊന്നും പ്രതീക്ഷിക്കാനും ഇടയില്ലല്ലോ.

ആര്‍ട്സ് കോളേജില്‍ ഒറ്റമുണ്ടും മടക്കികുത്തി പോയിരുന്ന തനിക്ക് ഇവിടെയങ്ങനെ പ്രവേശിക്കാന്‍ പറ്റില്ലായെന്ന തിരിച്ചറിവ് തന്നെ അപ്പുക്കുട്ടന്റെ പ്രോഫഷണല്‍ വിദ്യാഭ്യാസത്തിന്റെ തുടക്കത്തിലേറ്റ തിരിച്ചടിയാണ്. ഒറ്റമുണ്ടനായി പോകാനുള്ള ആഗ്രഹമല്ല മറിച്ച് പാന്‍സ് സ്വന്തമായിട്ടില്ലായെന്ന യാഥാര്‍ത്ഥ്യമാണ് അപ്പുക്കുട്ടനെ ബുദ്ധിമുട്ടിച്ചത്.
' where there is a will there is a way'' എന്നാണല്ലോ.
അപ്പുക്കുട്ടന്‍ പിന്മാറാന്‍ തയ്യാറല്ലായിരുന്നു. തനിക്ക് സ്വന്തമായി പാന്റ്സ് ഇല്ലെങ്കിലും അതുള്ളവര്‍ വേറെയും ബന്ധുക്കാരും സ്വന്തക്കാരുമായിട്ടുണ്ടാവുമല്ലോ. ദിവസങ്ങള്‍ നീണ്ട് നിന്ന പ്രയത്നത്തിനൊടുവില്‍ രണ്ടു പാന്റ്സുകള്‍ സംഘടിപ്പിക്കുവാന്‍ അപ്പുക്കുട്ടന് കഴിഞ്ഞു.

ഇന്ത്യയായ ഇന്ത്യയൊക്കെ ചുറ്റിയടിച്ച് കഴിയാവുന്ന ജോലികളൊക്കെ ചെയ്ത്, എല്ലാത്തിനേക്കാളും നല്ലത് തന്റെ നാടായ കുട്ടനാട്ടിലെ നെല്‍കൃഷിയാണെന്ന് ബോദ്ധ്യപ്പെട്ട് നാട്ടില്‍ തിരിച്ച് വന്ന് നെല്‍കൃഷിയാരംഭിച്ച ലക്നോ മാമന്‍ അലക്കിതേച്ച് വടി പോലെയാക്കി അലമാരയില്‍ ഭദ്രമായി സൂക്ഷിച്ചിരുന്ന വെള്ളപാന്റ്സായിരുന്നു ഒരെണ്ണം.
അകന്നബന്ധത്തില്‍പ്പെട്ട ഒരാള്‍ തന്റെ നിസഹായവസ്ഥ കണ്ട് നല്‍കിയതായിരുന്നു മറ്റൊരെണ്ണം, ഒരു കറുത്തപാന്റ്സ്. കറുപ്പെന്ന് പറയുന്നത് കുറച്ചാര്‍ഭാടമാകും. ഉപയോഗിച്ച് പഴകുമ്പോളുണ്ടാകുന്ന നിറം മാറ്റത്തോട് കൂടിയ കറുപ്പ്. നരച്ചകറുപ്പെന്ന് പറയുന്നതായിരിക്കും കൂടുതല്‍ ഭംഗി.

പ്രശ്നങ്ങള്‍ ആരംഭിക്കുന്നതേയുണ്ടായിരുള്ളൂ.
പാന്റ്സ് അപ്പുക്കുട്ടന് ചേരുന്ന അളവിലാക്കേണ്ടേ.
തയ്യല്‍ക്കാര്‍ക്കൊക്കെ എന്താ ഗമ !
ആരും പഴയ തുണി വെട്ടി തയ്ച്ചു കൊടുക്കില്ലത്രേ !
ജൂബാ പരമു പോലും തന്റെ അഭിമാനം വെടിയാന്‍ തയ്യാറല്ലായിരുന്നു. ആയ കാലത്ത് ജൂബാ പരമു നാട്ടിലെ ഒന്നാംതരം തയ്യല്‍ക്കാരനായിരുന്നു.
ശരിക്കും പറഞ്ഞാല്‍ ജൂബാ സ്പെഷ്യലിസ്റ്റ്.
അന്നത്തെ യുവാക്കള്‍ക്ക് ( ഇന്നത്തെ അപ്പൂപ്പന്മാര്‍ക്ക് ) ജൂബാ പരമുവിന്റെ കൈകൊണ്ടു തയ്ച ജൂബാ ഒരു ഹരമായിരുന്നു.
കേവലം സെക്കന്റ് ഹാന്‍ഡ് പാന്റ്സ് വെട്ടി തയ്ച് തന്റെ നഷ്ട പ്രതാപത്തിന് ഭംഗം വരുത്തുവാന്‍ മാത്രം ബുദ്ധിശൂന്യത ശ്രീമാന്‍ ജൂബാ പരമുവിനില്ലായിരുന്നു.
അതിനേക്കാളും നല്ലത് താനിപ്പോള്‍ ചെയ്ത് കൊണ്ടിരിക്കുന്ന പാര്‍ട്ടിയുടെ കൊടിയും,തോരണവും വെട്ടിതയ്ക്കുന്നതു തന്നെയാണന്ന് ആ മാന്യദേഹം കരുതിയിരിക്കാം !

എങ്കിലും പാന്റ്സ് തയ്ക്കുകയെന്നത് തന്റെ ജീവിതാഭിലാഷമായിക്കൊണ്ടുനടന്നിരുന്ന ഒരാളുണ്ടായിരുന്നു. അപ്പുക്കുട്ടന്‍ അയാളെ കണ്ടു പിടിക്കുക തന്നെ ചെയ്തു.
അങ്ങു ദൂരെ കുട്ടനാട്ടില്‍. അമ്മയുടെ നാട്ടില്‍.
തയ്യല്‍ പാച്ചന്‍.
കുട്ടനാട്ടിലെ ആ കുഗ്രാമത്തില്‍ അന്ന് പാന്റ്സിട്ട് നടക്കുന്ന ആരുമുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ തയ്യല്‍ പാച്ചന് തന്റെ സ്വപ്നത്തെ നെഞ്ചിലേറ്റി നടക്കുകയേ മാര്‍ഗമുണ്ടായിരുന്നുള്ളൂ.
നിനച്ചിരിക്കാതെ ഒരു സുപ്രഭാതത്തില്‍ അപ്പൂപ്പനേയും കൂട്ടി തന്നെത്തേടി വന്ന ചെറുപ്പക്കാരനെ കണ്ട് തയ്യല്‍ പാച്ചന്‍ ഞെട്ടി. തന്റെ സ്വപ്ന സാക്ഷാത്ക്കാരത്തിനായി എത്തിയ ദൈവ ദൂതനെപ്പോലെ അപ്പുക്കുട്ടനെ തയ്യല്‍ പാച്ചന്‍ സ്വീകരിച്ചിരുത്തി.
'' പാന്റ്സിപ്പോ സെക്കനാന്റായ അല്ലാലെന്താ ഈ പാച്ചന്‍ ചെയ്യും. '' തയ്യല്‍ പാച്ചന്‍ അഭിമാനംകൊണ്ടു. അപ്പുക്കുട്ടന് സമാധാനവുമായി.
തയ്യല്‍ പാച്ചന്‍ താന്‍ പറഞ്ഞതിനേക്കാള്‍ രണ്ടു ദിവസം മുന്നേ പാന്റ്സ് വെട്ടി തയ്ച്ച് കൊടുക്കുകയും ചെയ്തു.
കാലുകള്‍ തമ്മില്‍ അല്‍പം നീള വ്യത്യാസം, അരവണ്ണം ലേശം കൂടുതല്‍, നടക്കുമ്പോള്‍ ഇടത്തേ കാലിന്റെ തുടയില്‍ ചെറിയൊരു പിടുത്തം തുടങ്ങിയ ചെറിയ ചെറിയ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നെങ്കിലും, സാഹചര്യത്തിന്റെ നിര്‍ബന്ധത്താലും ചാപ്ലിന്‍ സ്റ്റൈലിന്റെ പുതിയ പരിവേഷമെന്ന് വീമ്പിളക്കാമെന്നതിനാലും അപ്പുക്കുട്ടന്‍ ഒന്നും കാര്യമാക്കിയെടുത്തില്ല.

പാന്റ്സിനു വേണ്ടി ഓടിയതിനുള്ള കിതപ്പ് മാറുന്നതിന് മുന്നേ ഇതാ വാര്യര്‍ സാര്‍ കൂടംകൊണ്ടൊരടിതന്നിരിക്കുകയാണിപ്പോള്‍. നെറുക നോക്കിത്തന്നെ.
അപ്പുക്കുട്ടന് എന്തു ചെയ്യണമെന്ന് ഒരു നിശ്ചയവുമില്ലായിരുന്നു. ഇനി രണ്ടേ രണ്ട് ദിവസമേയുള്ളു വാര്യര്‍ സാറിന്റെ ക്ലാസ്സിന്.

വാര്യര്‍ സാര്‍ ക്ലാസ് തുടങ്ങി.ആദ്യ പ്രോബ്ളം പറഞ്ഞുകൊടുത്തു.
വിറയാര്‍ന്ന മനസ്സും തകിലുകൊട്ടുന്ന ഹൃദയവുമായി അപ്പുക്കുട്ടനിരുന്നു. വാര്യര്‍ സാറിന്റെ പിടി ഇപ്പോള്‍ വീഴുമെന്ന പ്രതീക്ഷയില്‍.
സംഭവിക്കാനുള്ളത് സംഭവിച്ചല്ലേ തീരൂ.
വാര്യര്‍ സാറിന്റെ ചോദ്യം വന്നു. '' സയന്റിഫിക് കാല്‍ക്കുലേറ്റര്‍ കൊണ്ടുവന്നിട്ടില്ലാത്തവര്‍ പ്ലീസ് സ്റ്റാന്‍ഡ് അപ്. ''
1...2...3...4...5
വാര്യര്‍ സാര്‍ തലയെണ്ണി.
അഞ്ചുപേര്‍ എണീറ്റ് നില്‍ക്കുന്നു. അപ്പുക്കുട്ടന്‍ ആശ്വസിച്ചു.താന്‍ മാത്രമല്ല തന്നെപ്പോലെ വേറെയുമുണ്ട് മാന്യന്മാര്‍. ചെറിയ വ്യത്യാസം ഉണ്ടായിരുന്നെന്നു മാത്രം.അപ്പുക്കുട്ടനൊഴികെ ബാക്കിയുള്ളവര്‍ വാര്യര്‍ സാര്‍ തങ്ങളെ ക്ളാസ്സില്‍ നിന്നും ഇറക്കിവിടുമെന്നുള്ള പ്രതീക്ഷയിലാണ് കാല്‍ക്കുലേറ്റര്‍ കൊണ്ടുവരാതിരുന്നത്.
താനിതെത്ര കണ്ടിരിക്കുന്നെന്ന ഭാവത്തില്‍ വാര്യര്‍ സാര്‍ പറഞ്ഞു.
'' ഞാന്‍ നിങ്ങളെ ക്ലാസില്‍ നിന്നും ഇറക്കി വിടുമെന്ന് ആരും കരുതേണ്ട. അഞ്ച് സാറന്മാരും അങ്ങു മാറി ക്ലാസിന്റെ പുറകിലാട്ട് നിന്നാട്ടെ. അടുത്ത ക്ലാസിലും ഇതാവര്‍ത്തിച്ചാല്‍ ശിക്ഷ വേറെയാണ്. മനസ്സിലായോ ?''

അടുത്ത ക്ലാസ്സിലെ ശിക്ഷയ്ക്ക് തയ്യാറവുകയല്ലാതെ അപ്പുക്കുട്ടന് വേറെ മാര്‍ഗ്ഗമൊന്നുമില്ലായിരുന്നു.
വാര്യര്‍ സാര്‍ ചോദ്യം ആവര്‍ത്തിച്ചു.
'' സ്വന്തമായി സയന്റിഫിക് കാല്‍ക്കുലേറ്റര്‍ കൊണ്ടുവരാത്തവര്‍ എണീറ്റ് നില്‍ക്കുക.''
അപ്പുക്കുട്ടനെണീറ്റു. ചുറ്റും നോക്കി. ഇല്ല. ആരുമില്ല. തനിക്ക് കൂട്ടായി. താനേകനാണ്. എന്താ പറയേണ്ടത് വാര്യര്‍ സാറിനോട്. ഒരു പിടിയുമില്ല.
വാര്യര്‍ സാര്‍ അപ്പുക്കുട്ടന്റെ അടുത്തു വന്നു.
'' അപ്പുക്കുട്ടന്‍. ടെല്‍ മീ, വാട്ട് ഈസ് യുവര്‍ പ്രോബ്ലം ?''
'' സാര്‍... അത്...'' അപ്പുക്കുട്ടന് വാക്കുകളില്ലായിരുന്നു. അണകെട്ടിനിര്‍ത്തിയിരുന്ന കണ്ണുനീര്‍ എല്ലാ തടസ്സങ്ങളേയും തുടച്ച് മാറ്റിക്കൊണ്ട് പുറത്തേയ്ക്ക് പ്രവഹിച്ചു.
'' ഛേ, എന്താ ഇത് കൊച്ചു കുട്ടികളെപ്പോലെ. എന്താ തന്റെ പ്രശ്നമെന്ന് എന്നോട് പറയൂ. നമ്മുക്ക് പരിഹാരമുണ്ടാക്കാം.'' വാര്യര്‍ സാര്‍ അപ്പുക്കുട്ടനെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു.
'' ഡോണ്ട് വറി അപ്പുക്കുട്ടന്‍. പ്ലീസ് സിറ്റ് ഡൗണ്‍. അടുത്ത ക്ലാസില്‍ നീ കാല്‍ക്കുലേറ്റര്‍ കൊണ്ടു വന്നാല്‍ മതി. ഒരു ക്ലാസ്സ് കൂടി നിനക്ക് ഞാന്‍ സമയം തരാം.''
എത്രയോ അപ്പുക്കുട്ടന്മാരെ കണ്ടും അവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കിയിട്ടുമുള്ള, നിറയെ ജീവിതാനുഭവമുള്ള ഒരു മഹാനെ അപ്പുക്കുട്ടന്‍ തന്റെ മുന്നില്‍ കണ്ടു.
പക്ഷേ ! എങ്ങനെ താന്‍ അടുത്ത ക്ലാസില്‍ കാല്‍ക്കുലേറ്റര്‍ കൊണ്ടുവരും ഉത്തരം കിട്ടാത്ത ചോദ്യമായി അപ്പുക്കുട്ടന്റെ മനസ്സിലത് നിലകൊണ്ടു.
അവസാന അവധി പറഞ്ഞ ക്ലാസ്സും വന്നെത്തി. ഇത്തവണ വാര്യര്‍ സാര്‍ ചോദിച്ചില്ല. പകരം അപ്പുക്കുട്ടനെ നോക്കി ഒരു നേര്‍ത്ത ചിരി ചിരിച്ചു. ആ ചിരിയില്‍ എല്ലാമുണ്ടായിരുന്നു.ഒരു നിര്‍ദ്ധനനായ ബാലനെ പിടിച്ചുലയ്ക്കാന്‍ വേണ്ട എല്ലാമതിലുണ്ടായിരുന്നു. ഇത്തവണ കരയാന്‍ പോലും അപ്പുക്കുട്ടന് കഴിഞ്ഞില്ല. ജീവഛവം പോലവനിരുന്നു.
ക്ലാസ് കഴിഞ്ഞു.കൂട്ടുകാരെല്ലാം എണീറ്റ് പോയി.അപ്പുക്കുട്ടനൊന്നും അറിഞ്ഞില്ല. വാര്യര്‍ സാര്‍ വന്ന് തട്ടിവിളിക്കുന്നത് വരെ.
'' അപ്പുക്കുട്ടന്‍ വാട്ട് ഹാപ്പന്റ് റ്റു യു ? പ്ലീസ് ഗോ അന്റ് മീറ്റ് ദ പ്രിന്‍സിപ്പാള്‍. ''

അപ്പുക്കുട്ടനൊന്നു ഞെട്ടി. ഇതിനായിരുന്നോ ഈ ചിരി. എന്തെല്ലാം സ്വപ്നങ്ങളോട് കൂടിയാണ് ഈ സ്ഥാപനത്തിന്റെ പടിചവുട്ടികയറിയത്. ഇപ്പോളിതാ കേവലം ഒരു കാല്‍ക്കുലേറ്റര്‍ ഇല്ലാത്ത കുറ്റത്തിന് താന്‍ പുറത്താക്കപെടുമോ ?
പ്രിന്‍സിപ്പാള്‍ വളരെ കര്‍ക്കശക്കാരനാണ്. അനുസരണയില്ലാത്തവരെ വെച്ച് പൊറുപ്പിക്കില്ല.താനും അവരുടെ പട്ടികയിലാവുകയാണോ ?
വിറയാര്‍ന്ന പാദങ്ങളോടെ അപ്പുക്കുട്ടന്‍ പ്രിന്‍സിപ്പാളിന്റെ അടുക്കല്‍ ചെന്നു.
'' അപ്പുക്കുട്ടന്‍, കാല്‍ക്കുലേറ്റര്‍ എന്താ കൊണ്ടുവരാത്തത് ? പ്രിന്‍സിപ്പാള്‍ ചോദിച്ചു.
'' സാര്‍... അത്...'' അപ്പുക്കുട്ടന്റെ മുട്ടുകളേക്കാള്‍ വേഗതയില്‍ പല്ലുകള്‍ കൂട്ടിയിടിച്ചുകൊണ്ടിരുന്നു.

പ്രിന്‍സിപ്പാള്‍ മേശ വലിപ്പ് തുറന്ന് ഒരു പൊതിയെടുത്ത് അപ്പുക്കുട്ടന്റെ കൈയില്‍ കൊടുത്തു.
'' ലുക്ക് അപ്പുക്കുട്ടന്‍. വാര്യര്‍ സാര്‍ എല്ലാം എന്നോട് പറഞ്ഞു. പരീക്ഷ കഴിയുന്നത് വരെ ഇതു നിന്റെ സ്വന്തമാണ്. ആവശ്യം കഴിഞ്ഞ് തിരിച്ചേല്‍പ്പിക്കണം.''

താന്‍ നിന്നിടം കുഴിഞ്ഞ് ഭൂമിക്കടിയിലേയ്ക്ക് പോകുന്നതായി അപ്പുക്കുട്ടന് തോന്നി.
ഈ കലികാലത്തിലും ഇങ്ങനേയും അദ്ധ്യാപകരോ ?

ഒരു നോട്ടത്തിലോ ഭാവത്തിലോ കൂടി അപ്പുക്കുട്ടന്മാരെ തിരിച്ചറിയാന്‍ കഴിയുന്ന മഹാന്മാരായ ഗുരുക്കന്മാരെ നിങ്ങള്‍ക്ക് ഒരു കോടി പ്രണാമം...അപ്പുക്കുട്ടന്റെ മനസ്സ് മന്ത്രിച്ചു.


( എന്നെ ഞാനാക്കിയ മഹാന്മാരായ ഗുരുക്കന്മാരുടെ കാല്‍ക്കല്‍ ഈ കുറിപ്പ് വിനയപുരസ്സരം അര്‍പ്പിച്ച് കൊള്ളുന്നു. )

Read more...

പ്രത്യേക ശ്രദ്ധയ്ക്ക്

Creative Commons License
എന്റെ ചില കുറിപ്പുകള്‍ by K.M.Satheesan is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Based on a work at www.satheeskm.blogspot.com.
Permissions beyond the scope of this license may be available at www.satheeskm.blogspot.com.

വിരുന്നുകാർ

Powered By Blogger

ഓർക്കണേ പ്ലീസ്...

ഈ ബ്ലോഗിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങളോ, സന്ദർഭങ്ങളോ, കഥാപാത്രങ്ങളോ ഏതെങ്കിലും വിധത്തിൽ ആരെങ്കിലുമായി ബന്ധപ്പെട്ടിട്ടുണ്ടന്ന് തോന്നുന്നുവെങ്കിൽ അത് സ്വാഭാവികം മാത്രം.

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP