പല്ല് കൊഴിഞ്ഞ സിംഹം
Tuesday, May 1, 2007
രാമന്‍ നായരെ അറിയില്ലേ?
ഈ ജാതി സ്പിരിറ്റ് ജാതി സ്പിരിറ്റ് എന്ന സാധനം എന്താണന്നറിയണമെങ്കില്‍ രാമന്‍ നായരെ നോക്കി പഠിക്കണം.
പത്തറുപത് വയസ് ഉണ്ടങ്കിലുമെന്താ? ആയ കാലത്ത് കള്ള സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കാനുള്ള ബുദ്ധി രാമന്‍ നായര്‍ക്കുണ്ടായല്ലോ. അതുകൊണ്ടാണല്ലോ ഇപ്പോഴും റിട്ടയറാവാന്‍ ഇനിയും അഞ്ച് കൊല്ലം ബാക്കിയുണ്ടന്ന് നാലഞ്ച് കൊല്ലമായി രാമന്‍ നായര്‍ പറഞ്ഞുപോരുന്നത്.
മുടിമുഴുവന്‍ പഞ്ഞിക്കെട്ട് പോലെയായാലെന്താ.? മുഖം മുഴുവന്‍ ചുക്കിച്ചുളിഞ്ഞാലെന്താ? പണിയുടെ കാര്യത്തില്‍ രാമന്‍ നായരുടെ പരിസരത്ത്പോലും ഒറ്റൊരുത്തനും വരില്ല. അതുകൊണ്ട് തന്നെ രാമന്‍ നായരെ പറഞ്ഞു വിടണമെന്ന് മാനേജ്മെന്റിനും അത്രയ്ക്ക് താല്‍പ്പര്യമില്ലായിരുന്നു.
അല്‍പം മുന്‍ശുണ്‍ഠിയുണ്ടന്നുള്ളത് സത്യമാണ്. പക്ഷേ അതും ആളും തരവും നോക്കിയെ രാമന്‍ നായര്‍ കാണിക്കാറുള്ളായിരുന്നു. പുതിയതായി ജോയിന്‍ ചെയ്യുന്ന എഞ്ചിനീയര്‍ പിള്ളേരെ കണ്ടാല്‍ രാമന്‍ നായര്‍ക്ക് ഹാലിളകും.
പുത്തന്‍ പിള്ളേരെ നെലയ്ക്ക് നിര്‍ത്തിയില്ലങ്കില്‍ അത് ഭാവിയില്‍ ദോഷമാകുമെന്നാണ് രാമന്‍ നായര്‍ക്കുള്ള അഭിപ്രായം.
എവന്മാര് ഇപ്പോളിങ്ങനെ മൂടും താങ്ങി നില്‍ക്കും. കൊറച്ച് പണി പഠിച്ച് കഴിഞ്ഞാല്‍ പിന്നെ ഒട്ടകത്തിന് സ്ഥലം കൊടുത്തപോലാകുമെന്നാണ് രാമന്‍ നായര്‍ പറഞ്ഞുപോരുന്നത്. അതിന് ഉദാഹരണ സഹിതം പറയാന്‍ രാമന്‍ നായരുടെ ഓര്‍മ്മയ്ക്ക് യാതൊരുവിധ മങ്ങലുമില്ല.
പണിയുടെയിടയില്‍ രാമന്‍ നായര്‍ക്ക് ഇടക്കിടെ മദംപൊട്ടും.
പിന്നെ അത്ര പെട്ടെന്നൊന്നും രാമന്‍ നായരെ തളയ്ക്കാന്‍ ആര്‍ക്കും സാധിക്കില്ല.
ഷിഫ്റ്റ് ഇന്‍ ചാര്‍ജ് എന്നല്ല പ്ലാന്റ് മാനേജര്‍ വന്നാല്‍ പോലും രാമന്‍ നായര്‍ കുലുങ്ങില്ല.
"ഇന്നലെ വന്നവന്മാര്‍, ഞാന്‍ പണി പഠിപ്പിച്ചവന്മാര്‍,ഇപ്പോള്‍ നമ്മുക്കിട്ട് പണിയാന്‍ വന്നാല്‍ വിടില്ല ഞാന്‍. ഇഞ്ചിനീരല്ല മാനേജരല്ല പ്രസിഡന്റ് വന്നാലും രാമന്‍ നായര്‍ക്ക് ചുക്കാ."
പ്രായത്തിന്റെയും പണിയുടെയും മിടുക്കില്‍ കത്തി നിന്നിരുന്ന രാമന്‍ നായരെ ചോദ്യം ചെയ്യാന്‍ ആരുമില്ലായിരുന്നു.
അങ്ങനെ കെട്ടഴിച്ച് വിട്ട കാളയെ പോലെ എഞ്ചിനീയര്‍മാരുടെ പേടി സ്വപ്നമായി രാമന്‍ നായര്‍ വിലസുന്ന കാലം.
രാമന്‍ നായരുടെ ദൗര്‍ബല്യം ഒന്നേയുണ്ടായിരുന്നുള്ളു. അത് ജാതിയായിരുന്നു. നല്ല നായര്‍ തറവാട്ടില്‍ പിറന്നവനായാല്‍ രാമന്‍ നായരുടെ മുന്നില്‍ പിടിച്ചു നില്‍ക്കാം.
നായര്‍ ചെക്കന്മാരെ രാമന്‍ നായര്‍ പൊന്നുപോലെ നോക്കും. തനിക്ക് ഇഷ്ടമില്ലാത്തത് കാണിച്ചാല്‍ കണ്ടില്ലന്ന് നടിക്കും. രണ്ട് കൊല്ലം കൊണ്ട് പഠിക്കേണ്ടുന്ന മെഷീന്റെ മര്‍മ്മ സ്ഥാനങ്ങള്‍ രണ്ട് ദിവസം കൊണ്ട് പഠിപ്പിക്കും.
പുതിയതായി വരുന്ന പിള്ളേര്‍ക്ക് രാമന്‍ നായരെക്കുറിച്ചെന്തറിയാം.
എഞ്ചിനീയര്‍ സാറിന്റെ ഗമയില്‍ രാമന്‍ നായരുടെ മുന്നില്‍ ചെന്നു നിന്നാല്‍ വല്ല രക്ഷയുമുണ്ടോ?
രാജീവ് രത്തിനവും ഇതൊന്നുമറിയാതാണല്ലോ രാമന്‍ നായരുടെ മുന്നില്‍ ചെന്നുപെട്ടത്.
പണിയില്‍ ലയിച്ച് നില്‍ക്കുന്ന രാമന്‍ നായരുടെ അടുക്കല്‍ ചെന്ന് ചേട്ടാ ഇതെന്നതാ? എന്തിനാ ഇങ്ങനെ ചെയ്യുന്നത്? എന്നൊക്കെ ചോദിച്ചാല്‍ വല്ലതും നടക്കുമോ?
രാമന്‍ നായര്‍ വെറുതേ നില്‍ക്കുന്ന സമയത്ത് നടക്കില്ല. പിന്നെയാണിപ്പോള്‍!
ഇവിടെയിപ്പോള്‍ കലാപം നടക്കും. ആകാംക്ഷാഭരിതരായി സഹപ്രവര്‍ത്തകര്‍ നോക്കി നിന്നു. ശേഷം കാഴ്ച കാണാനായി.
പതിവില്‍ നിന്നും വിരുദ്ധമായി എല്ലാവരേയും അതിശയിപ്പിച്ച് കൊണ്ട് രാമന്‍ നായര്‍ കോലാഹലമുണ്ടാക്കാതെ തന്നെ രാജീവിനെ വിളിച്ചുകൊണ്ട് കുറച്ച് ദൂരേയ്ക്ക് മാറി.
പുതിയ ആളാ? രാമന്‍ നായര്‍ ചോദിച്ചു.
അതേ.
എഞ്ചിനീയറാ?
അതേ.
നാടെവിടെയാ?
മൂവാറ്റുപുഴ.
അതേയോ. രാമന്‍ നായര്‍ ഹാപ്പിയായി. രാമന്‍ നായരും മൂവാറ്റുപുഴക്കാരനാണ്.
പേരെന്താ?
രാജീവ് രത്തിനം.
രാമന്‍ നായര്‍ക്ക് പേരത്രയ്ക്കങ്ങട്ട് ദഹിച്ചില്ല.പുതിയ പിള്ളാരുടെ ഓരോരോ പേരേ...
എന്തോന്നാ? രാമന്‍ നായര്‍ വീണ്ടും ചോദിച്ചു.
രാജീവ് രത്തിനം.
രാമന്‍ നായര്‍ ഒരു നിമിഷം ആലോചിച്ചു. ആള് ഹിന്ദുവാണോ, നായരാണോ. ഒരു പിടിയും കിട്ടുന്നില്ല. അടുത്ത ചോദ്യം ഉടനുണ്ടായി.എന്തിനാ കൂടുതല്‍ വെച്ച് നീട്ടുന്നതെന്ന് രാമന്‍ നായര്‍ വിചാരിച്ചുകാണും.അല്ലെങ്കിലും നേരേ വാ നേരേ പോ എന്നതാണല്ലോ രാമന്‍ നായര്‍ സ്റ്റൈല്‍!
നായരാണോ?
അല്ല.
കാഴ്ചയില്‍ ഇത്രയും സുമുഖനായൊരു എഞ്ചിനീയറെ രാമന്‍ നായരിതുവരെ കണ്ടിട്ടില്ല.
ഇത്രയ്ക്കും സൗന്ദര്യമുണ്ടാകണമെന്നുണ്ടങ്കില്‍ ആള്‍ ഒന്നുകില്‍ നായരായിരിക്കണം അല്ലെങ്കില്‍ ബ്രാഹ്മിണനായിരിക്കണം.വെളുപ്പ് നിറവും,സൗന്ദര്യവും ബ്രാഹ്മിണര്‍ക്കും നായന്മാര്‍ക്കും ദൈവം അനുഗ്രഹിച്ച് നല്‍കിയതാണത്രേ.അതിന് അസൂയപ്പെട്ടിട്ട് കാര്യമില്ലന്ന് പലപ്രാവശ്യം മറ്റ് ജാതി മതസ്തരെ രാമന്‍ നായര്‍ ഓര്‍മ്മിപ്പിച്ചിട്ടുള്ളതുമാണ്.
സൗന്ദര്യത്തിന്റെ അളവു കോലു വെച്ച് നോക്കുമ്പോള്‍ രാജീവ് രത്തിനം നായരല്ലങ്കില്‍ ബ്രാഹ്മിണനാകും.കൂടാതെ പേരിന്റെ ആദ്യഭാഗം ആളൊരു ഹിന്ദുവാണന്ന് ഉറപ്പാക്കുന്നു.
പിടികിട്ടാത്തത് രത്തിനമെന്ന രണ്ടാമത്തെ ഭാഗമാണ്.
രാമന്‍ നായരുടെ അടുത്ത് ചോദ്യമുണ്ടായി.
ബ്രാഹ്മിണനാണോ?
അല്ല. രാജീവ് ഉത്തരം നല്‍കി.
രാമന്‍ നായരുടെ ജീവിതത്തിലാദ്യമായിട്ടാണ് ജാതിയെ സംബന്ധിച്ച കണക്കുകൂട്ടല്‍ തെറ്റുന്നത്.
സഹിക്കാന്‍ പറ്റുമോ രാമന്‍ നായര്‍ക്ക്.
നായരു കുലത്തിലും ബ്രാഹ്മണകുലത്തിലുമല്ലാതെയുള്ളൊരാള്‍ക്ക് ഇത്രയും സൗന്ദര്യമുണ്ടാവുകയെന്ന് പറഞ്ഞാല്‍...
അത് നായര്‍ക്ക് ചിന്തിക്കാവുന്നതിനും അപ്പുറമായിരുന്നു.
രാമന്‍ നായരുടെ മുഖം ചുവന്നു. കണ്ണുകള്‍ പുറത്തേയ്ക്ക് തള്ളി വന്നു.കഴുത്തിലെ ഞരമ്പുകള്‍ വലിഞ്ഞു മുറുകി.വലതു കൈ പാന്റ്സിന്റെ പോക്കറ്റിലുണ്ടായിരുന്ന സ്പാന്നറില്‍ അമര്‍ന്നു.
പെട്ടെന്നുള്ള ഭാവമാറ്റവും പോക്കറ്റില്‍ നിന്നുയര്‍ന്നു വരുന്ന സ്പാന്നറും രാജീവ് കണ്ടു.
''നായരും ബ്രാഹ്മിണനുമല്ലെങ്കില്‍ പിന്നെത്താനാരുവാടോ?'' രാമന്‍ നായര്‍ ഗര്‍ജ്ജിച്ചു.
രാജീവ് ഓടി.
അടുത്തുണ്ടായിരുന്ന മറ്റ് ജോലിക്കാര്‍ കൂകിവിളിച്ചു. അത് രാജീവിന്റെ ഓട്ടം കണ്ടിട്ടായിരുന്നില്ല.
സര്‍വ്വശക്തിയുമെടുത്ത് ഒച്ചയെടുത്ത് വയറ്റിലെ കാറ്റ് മുഴുവന്‍ വായിലൂടെ തള്ളി രാജീവിനെ പറപ്പിച്ചപ്പോള്‍ താഴെവീണ വെപ്പ് പല്ല് എടുക്കുവാനുള്ള രാമന്‍ നായരുടെ വെപ്രാളം കണ്ടിട്ടായിരുന്നു.
സമര്‍പ്പണം: എന്റെ സുഹൃത്ത് പ്രവാസി നായര്‍ക്ക്.
