Followers

സേതു

Sunday, March 25, 2007

സേതു ബാങ്കില്‍ പോയി മടങ്ങിവരുമ്പോഴാണ് വഴിയില്‍ അയാളെ കണ്ടത്. മുനിസിപ്പാലിറ്റി വക കുപ്പത്തൊട്ടിയില്‍ അയാള്‍ എന്തോ ചികയുന്നു.രൂപവും ഭാവവും ഒരു പിച്ചക്കാരന്റേതല്ലാത്തതിനാലാവും അവള്‍ ഒരു നിമിഷം അയാളെ ശ്രദ്ധിച്ചു.
വിളറിയ മുഖവും ദൈന്യതയേറിയ കണ്ണുകളുമുള്ള ഒരു മനുഷ്യന്‍.
കുപ്പത്തൊട്ടി മുഴുവന്‍ അരിച്ച് പെറുക്കി ഒടുവില്‍ അയാള്‍ നിരാശനായി റോഡരുകില്‍ കുത്തിയിരുന്നു.

സേതു വഴിയേ പോകുന്ന കാക്കയേയും പൂച്ചയേയും പോലും വെറുതേ വിടില്ല. അവളുടെ സ്വഭാവമതാണ്. അപ്പുക്കുട്ടന്റേത് നേരേ തിരിച്ചും. അണ്ണാക്കിലിട്ട് കുത്തിയാലും മിണ്ടില്ല.

സേതു ജീവിതത്തില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത മനുഷ്യേരെപ്പോലും പിടിച്ച് നിര്‍ത്തി ഒരു നിമിഷം അടിമുതല്‍ മുടിവരെ നോക്കി;
"അല്ല നിങ്ങളെ കണ്ടിട്ട് നല്ല പരിചയം. കുറ്റിപ്പുറത്തെ കാര്‍ത്യായനിച്ചേച്ചീടെ മകനാണോ അല്ലെങ്കില്‍ മകളാണോ?" എന്ന് ചോദിച്ച് അവരുടെ വായിലിരിക്കുന്നതും കേട്ടാലെ അവള്‍ക്കന്നത്താഴം നേരേ ചൊവ്വേ ഇറങ്ങത്തുള്ളു.

അങ്ങനെയുള്ള അവളുടെ മുന്നിലാണ് ഒരു ഹതഭാഗ്യന്‍ കുത്തിയിരിക്കുന്നത്. വിടുമോ അവള്‍?
നാളും പേരും ഒന്നും മനസ്സിലാക്കാതെ ഒരാളെ വിടുകയെന്ന് പറഞ്ഞാല്‍...
അതും തളര്‍ന്ന് കുത്തിയിരിക്കുന്ന ഒരാളെ...

അവള്‍ പതിവ് ശൈലിയിലെ ചോദ്യങ്ങള്‍ ഒന്നൊന്നായി തൊടുത്തുവിട്ടു.
പേര്? നാള്? മേല്‍വിലാസം?...അങ്ങനെ പലതും.

ങ്ങേ ഹേ... ഒരു പ്രതികരണവുമില്ല.

ചോരവറ്റിയ മുഖത്ത് യാതൊരുവിധ ഭാവഭേദവുമില്ല.
ചിലപ്പോള്‍ കാത് കേള്‍ക്കാന്‍ പാടില്ലാത്ത ആളായിരിക്കും. അവള്‍ സ്വയം സമാധാനിച്ച്കൊണ്ട് മുന്നോട്ട് നടന്നു.

കുറച്ച് മുന്നോട്ട് പൊയ്ക്കഴിഞ്ഞപ്പോഴാണവള്‍ക്ക് ബോധോദയമുണ്ടായത്.
അയാളെന്തിനായിരിക്കും കുപ്പത്തൊട്ടിയില്‍ ചികഞ്ഞത്? പ്ലാസ്റ്റിക്കോ കടലാസോ പെറുക്കുന്ന ആളായിട്ട് അവള്‍ക്കയാളെ തോന്നിയുമില്ല. അയാളതൊന്നും പെറുക്കിയെടുത്തിട്ടുമില്ല. പിന്നെ...?

വിശന്നിട്ട് ആഹാരം വല്ലതും നോക്കിയതാണോ?
പണ്ട് വിശന്ന് കിടന്ന് കരഞ്ഞ തന്നേയും അപ്പുക്കുട്ടനേയും സമാധാനിപ്പിക്കാനായി ഒരു നാഴി അരിക്കായി അമ്മ ജാനു മൂപ്പത്തിയുടെ അടുക്കല്‍ പോയ കാര്യം അവള്‍ക്കോര്‍മ്മവന്നു.

എന്തായിരുന്നു അന്നവര്‍ അമ്മയോട് പറഞ്ഞത്...
ഒരുനാഴി കുത്തരിക്കായി പണയവസ്തു ചോദിച്ചവര്‍.

കണ്‍കോണുകളിലൂടെ ഒഴുകിയിറങ്ങിയ കണ്ണുനീര്‍ തൂവാലകൊണ്ട് തുടച്ച് കൊണ്ടവള്‍ ആ മനുഷ്യന്റെയടുത്തേയ്ക്ക് നടന്നു..
അവള്‍ അയാളെ തട്ടിവിളിച്ചു.

ഈ ശല്യം ഇതേവരെ പോയില്ലേ എന്ന മട്ടില്‍ അയാള്‍ അവളെ നോക്കി.
സേതു തന്റെ പേഴ്സ് തുറന്ന് ഒരു പത്ത് രൂപാനോട്ടെടുത്ത് അയാള്‍ക്ക് നേരെ നീട്ടി.
“വിശന്നിട്ടാണല്ലേ? കൊണ്ട്പോയി എന്തെങ്കിലും കഴിക്കൂ.”
അയാളിലുണ്ടായ ഭാവമാറ്റം അവളെ ഞെട്ടിച്ച്കളഞ്ഞു.

ദൈന്യതയേറിയ കണ്ണുകളില്‍നിന്നും കണ്ണുനീര്‍ ധാരധാരയായി പ്രവഹിച്ചു.
അയാളെന്തൊക്കെയോ പറയാന്‍ ശ്രമിച്ചെങ്കിലും ശബ്ദം തൊണ്ടയില്‍ കുരുങ്ങി.
മുന്നോട്ടാഞ്ഞ് അയാള്‍ സേതുവിന്റെ കാല്‍ക്കല്‍ വീണു.

വിശക്കുന്നവന് തന്നാലാവുന്നവിധം എന്തെങ്കിലും ചെയ്യാനായല്ലോയെന്ന സംതൃപ്തിയില്‍ വീട്ടിലേയ്ക്ക് നടന്ന സേതുവിന്റെ മനസ്സില്‍ മുഴുവന്‍ ജാനുമൂപ്പത്തിയുടെ വാക്കുകള്‍കേട്ട് കരഞ്ഞ്കലങ്ങിയ കണ്ണുകളുമായി മടങ്ങിയ അമ്മയുടെ മുഖമായിരുന്നു.

21 comments:

സതീശ് മാക്കോത്ത് | sathees makkoth said...

സേതു വഴിയേ പോകുന്ന കാക്കയേയും പൂച്ചയേയും പോലും വെറുതേ വിടില്ല. അവളുടെ സ്വഭാവമതാണ്. അപ്പുക്കുട്ടന്റേത് നേരേ തിരിച്ചും. അണ്ണാക്കിലിട്ട് കുത്തിയാലും മിണ്ടില്ല.

പുതിയ പോസ്റ്റ്

സു | Su said...

സേതു എന്തൊക്കെയായാലും, ഒരു മനുഷ്യപ്പറ്റുള്ളവള്‍ ആണെന്ന് കഥയിലൂടെ കാണുന്നു. :)

സതീശേ കഥ നന്നായി.

കഥ, പോസ്റ്റായി, ബ്ലോഗിലൂടെ, ഫ്രീ ആയി വായിക്കാന്‍ തന്നതിന് നന്ദിയും. :)

SAJAN | സാജന്‍ said...

മനോഹരമായ ഒരു ചെറുകഥ തന്നെ..
സമ്മതിച്ചു..
:)

അഗ്രജന്‍ said...

വന്ന വഴി മറക്കാത്ത സേതുവിനെ ഇഷ്ടപ്പെട്ടു... നല്ല പോസ്റ്റ്

തറവാടി said...

സതീഷ്‌ ,
ഒരു പോസ്റ്റിടാനുള്ളതായിരുന്നു ,
ഇനി ഇപ്പോ ഇട്ടാല്‍ അതൊരു കോപ്പിയാകും അതിനാല്‍ സംഭവം തന്നെ പറയാം.

കഴിഞ്ഞ തവണ നാട്ടില്‍പോയപ്പോഴാണ്‌ ഞങ്ങള്‍ പുതിയ വീട്ടില്‍ താമസമാക്കിയത്‌.
പിറ്റേ ദിവസം ഞങ്ങള്‍ അല്‍പം വൈകിയാണ്‌ വീട്ടിലെത്തിയത്‌ ,

വീട്ടില്‍ വന്നുകയറിയതും വീട്ടില്‍ നില്‍ക്കുന്ന സ്ത്രീ ഒരു സംഭവം പറഞ്ഞു.

തലേ ദിവസത്തെ ബാക്കി ഭക്ഷണം ഒരു ചാക്കിലാക്കി അവര്‍ പുറത്തു വെച്ചു ,

പിന്നീടുള്ള എല്ല വേസ്റ്റും ഒരുമിച്ച്‌ കളയാന്‍ വേണ്ടി , കുറച്ചു സമയം കഴിഞ്ഞു മറ്റെന്തോ അവിടെ വെക്കാന്‍ ചെന്നപ്പോള്‍ ,

2 നായ്ക്കളും പിന്നെ ഒരു മനുഷ്യനും ആ ചാക്കില്‍ നിന്നും ഭക്ഷണം കഴിക്കുന്നു.

വല്ലാതായ അവര്‍ അയാളെ വീട്ടില്‍ വരുത്തി ഭക്ഷണം കൊടുത്തു.

ഞങ്ങള്‍ നാട്ടിലുള്ള സമയത്ത്‌ അവിടെ വന്നു ഭക്ഷണം കഴിക്കാന്‍ പറയാന്‍ വേണ്ടി അയാളെ കുറെ നോക്കിയെങ്കിലും കണ്ടില്ല ,

ഇന്നും അതൊരു നൊമ്പരമായിത്തന്നെ മനസ്സില്‍ കിടക്കുന്നു.

sandoz said...

ഇത്‌ കഥയല്ലല്ലോ....ജിവിതമല്ലേ....

നന്നായിട്ട്‌ എഴുതി....

അപ്പു said...

satheeshaa...... valare nannayi.

സതീശ് മാക്കോത്ത് | sathees makkoth said...

സേതുവിന് കൂട്ടായി വന്ന എല്ലാവര്‍ക്കും നന്ദി.
സേതുവിനെ കൂടുതല്‍ പൊക്കിപറയല്ലേ സൂ എനിക്ക് ഇരിക്കപൊറുതികിട്ടില്ല.
തറവാടി,ഹൃദയത്തില്‍ തട്ടിയ താങ്കളുടെ അനുഭവം തീര്‍ച്ചയായിട്ടും എഴുതണം.സമാനതയുള്ള സം‌ഭവങ്ങള്‍ വ്യത്യസ്തരായ ആള്‍ക്കാര്‍ അവരവരുടേതായ ഭാഷയിലും ശൈലിയിലും എഴുതുന്നത് കോപ്പിയാകുമെന്ന് എനിക്ക് തോന്നുന്നില്ല.
സാജന്‍,കുട്ടന്മേനൊന്‍,അഗ്രജന്‍,സുല്‍,സാന്‍ഡോസ് എല്ലാവര്‍ക്കും ഒരിക്കല്‍കൂടി നന്ദി.

തമനു said...

സതീശാ ..

നല്ല കുറിപ്പ്‌ ....

കരീം മാഷ്‌ said...

അനുഭവങ്ങള്‍ ഉള്ളവര്‍ക്കു എന്നും മറ്റുള്ളവര്‍ക്കു അഭയം കൊടുക്കാന്‍ തോന്നും
നല്ല വീക്ഷണം.
കാത്തു സൂക്ഷിക്കുക.
കിട്ടാ‍നില്ലപ്പോഴതു.

സതീശ് മാക്കോത്ത് | sathees makkoth said...

തമനൂ,
കലക്കീട്ടുണ്ട് ട്ടോ ആ ട്രെയിന്‍ യാത്ര.
കരീം മാഷേ,
നന്ദി ഉണ്ട് ട്ടോ.

ജ്യോതിര്‍മയി said...

:)

ഇനിയും കുറേ രചനകള്‍ ഉണ്ടാവട്ടെ എന്ന പ്രാര്‍ഥനയോടെ‍...
qw_er_ty

Suja said...

Minikkatha- paranjapoley dhaa'nnum paranjangu theernnupoyallo sambhavakatha. 'nthaayaalum, naavinu kettillaatha poley, Sethunte sahaanubhoothikkum break illennu manassilaayi. May God Bless her.
Note:"Oru naazhi arikkaayi amma jaanumooppathiyudey aduthu poya" line'il venel oru link ittu kodukkaarunnu, Kaarippulunthinte aa prasaktha bhaagangalilekku.

സതീശ് മാക്കോത്ത് | sathees makkoth said...

ജ്യോതിര്‍മയി :)
സുജ, ഓര്‍മ്മിപ്പിച്ചതിനു നന്ദി. ശരിയാക്കിയിട്ടുണ്ട് :)

വിചാരം said...

അനുഭവത്തിന്‍റെ തീ ചൂളയില്‍നിന്നു വാര്‍ത്തെടുക്കുന്ന സതിശന്‍ കഥകള്‍ക്കിടയിലേക്കൊരു മറ്റൊരു പൊന്‍‍തൂവ്വല്‍
സേതു ഒരു നല്ല മനസ്സിന്‍റെ ഉടമ
വളരെ നന്നായി സതിശാ..

മഴത്തുള്ളി said...

സതീശെ, ജീവിതത്തില്‍ നാം ഇത്തരം കഥാപാത്രങ്ങളെ ധാരാളം കണ്ടുമുട്ടാറുണ്ട്. അവരേപ്പറ്റി വളരെ നന്നായി വിശദീകരിച്ചിരിക്കുന്നു.

ആശംസകള്‍.

ജ്വാല said...

കൊഴപ്പല്ല്യാ ട്ടൊ

സതീശ് മാക്കോത്ത് | sathees makkoth said...

വിചാരം, മഴത്തുള്ളി, ജ്വാല,
എന്റെ കുറിപ്പുകളില്‍ വന്നതിനും അഭിപ്രായം പ്രകടിപ്പിച്ചതിനും നന്ദി.

വേണു venu said...

സതീശേ,
മനുഷ്യത്ത്വം പരി പൂര്‍ണമായി വേരറ്റു പോയിട്ടില്ലെന്നു് ഇതൊക്കെ പറയുന്നു.:)

പ്രത്യേക ശ്രദ്ധയ്ക്ക്

Creative Commons License
എന്റെ ചില കുറിപ്പുകള്‍ by K.M.Satheesan is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Based on a work at www.satheeskm.blogspot.com.
Permissions beyond the scope of this license may be available at www.satheeskm.blogspot.com.

വിരുന്നുകാർ

ഓർക്കണേ പ്ലീസ്...

ഈ ബ്ലോഗിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങളോ, സന്ദർഭങ്ങളോ, കഥാപാത്രങ്ങളോ ഏതെങ്കിലും വിധത്തിൽ ആരെങ്കിലുമായി ബന്ധപ്പെട്ടിട്ടുണ്ടന്ന് തോന്നുന്നുവെങ്കിൽ അത് സ്വാഭാവികം മാത്രം.

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP