Followers

ഒരു ബ്ലോഗറുടെ ഗതികേട്

Friday, March 16, 2007

പലപ്പോഴായി പലതും കുത്തിക്കുറിച്ചിട്ടുണ്ടങ്കിലും അത് പത്ത് പേര്‍ വായിക്കുന്ന നിലയിലാക്കണമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടില്ല.
അങ്ങനെ സ്വപ്നത്തില്‍ കാണാതിരുന്ന കാര്യങ്ങള്‍ പഴയ ഒരു നോട്ട് ബുക്കിന്റെ താളുകളില്‍ വിശ്രമംകൊള്ളുകയായിരുന്നു വര്‍ഷങ്ങളോളം.
ഒരു ദിവസം ഓഫീസില്‍നിന്നും വന്ന ഞാന്‍ ഞെട്ടിപ്പോയി.
വാമഭാഗം എന്റെ പഴയ ബുക്കുകളൊക്കെ അളിച്ച് വാരിയിട്ടിരിക്കുന്നു.
വെറുതേ ഒരു രസത്തിന് നോക്കിയതാണന്ന വിശദീകരണം സത്യത്തില്‍ എനിക്കത്രയ്ക്കങ്ങ് ദഹിച്ചില്ല.

എന്റെ പഴയ പ്രേമലേഖനങ്ങള്‍ വല്ലതും തപ്പിയതായിരുന്നിരിക്കും അവള്‍.

എവിടെ കിട്ടാന്‍. അതൊക്കെ പണ്ടേ കത്തിച്ചു കളഞ്ഞതല്ലേ.

ഞാന്‍ മനസ്സ് കൊണ്ട് ചിരിച്ചു.

കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞ് ഓഫീസില്‍ നിന്ന് വന്ന ഞാന്‍ വീണ്ടും ഞെട്ടി.

കമ്പ്യൂട്ടറും തുറന്ന് വെച്ച് അവള്‍ നിന്ന് ചിരിക്കുന്നു.

ഞാന്‍ പണ്ടെങ്ങോ എഴുതിയ എന്തോ സാധനം ടൈപ്പ് ചെയ്ത് മലയാളവേദിയില്‍ കൊടുത്തിരിക്കുന്നു.
ആരൊക്കെയോ കമന്റും ചെയ്തിട്ടുണ്ട്.
കുളിരുകോരുന്ന ഒരു തോന്നല്‍. എങ്കിലും ഞാനത് പുറത്ത് കാണിച്ചില്ല.

കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞ് ഞാന്‍ വീണ്ടും ഞെട്ടി.

ഇത്തവണ ബ്ളോഗ് എന്ന ഉമ്മാക്കി കാട്ടിയാണവളെന്നെ പേടിപ്പിച്ചത്.
ആഹാ. എന്റെ പടവും കൊടുത്തിട്ടുണ്ട്. ഇന്റര്‍നെറ്റില്‍ എന്റെ പടം കണ്ടപ്പോള്‍ ഞാന്‍ വീണ്ടും കോരിത്തരിച്ചു.
ഇത്തവണയും ഞാന്‍ മസില്‍പിടിച്ച് നിന്നു. മനസിലെ സന്തോഷം പുറത്ത് കാണിച്ചില്ല.
ക്രെഡിറ്റ് അവളെങ്ങാനുമെടുത്താലോ!

പക്ഷേ അധിക നാള്‍ പിടിച്ച് നില്‍ക്കാനായില്ല.
കമന്റുകള്‍ എന്നെ ബ്ളോഗിലേയ്ക്ക് വലിച്ചടുപ്പിച്ചു. ഞാനാരൊക്കെയാണെന്നൊരു തോന്നല്‍. അറ്റ്ലീസ്റ്റ് നല്ലപാതിയുടെ മുന്നിലെങ്കിലും! (അഹങ്കാരമെന്ന് കരുതരുത്). ഒരു ഉള്‍പ്പുളകം അത്രേയുള്ളു.

പിന്നെ പിന്നെ ഞാന്‍ കിട്ടുന്ന ഒഴിവ് സമയത്തെല്ലാം കമ്പ്യൂട്ടറിന്റെ മുന്നിലായി.

ഒരേ ഒരു മന്ത്രം മനസ്സില്‍. ബ്ളോഗ് മന്ത്രം.

കുറെ നാളായി എന്നെ പുറത്തോട്ട് കാണാതിരുന്നതിനാല്‍ ഒരു ഞായറാഴ്ച രാവിലെ എന്റെ ഒരു കൂട്ടുകാരനായ അജിത് എന്നെ തേടി വന്നു.

കട്ടന്‍ ചായയും കുടിച്ചുകൊണ്ട് ഞാന്‍ കമ്പ്യൂട്ടറിന്റെ മുന്നില്‍...
അജിത്തും എന്റടുത്തുവന്നിരുന്നു.

ഞാനവനെ എന്റെ ബ്ളോഗും കഥകളും (കഥകളാണോയെന്ന് ഇപ്പോഴും അത്ര നിശ്ചയമില്ല.) കമന്റുകളും കാണിക്കുവാന്‍ തുടങ്ങി.

അവന്റെ താല്‍പര്യം കണ്ടിട്ട് ഞാന്‍ പതുക്കെ എന്റെ സീറ്റ് അവന് നല്‍കി. സ്വസ്ഥമായിരുന്ന് വായിക്കട്ടെ.
അജിത്ത് വായന തുടങ്ങി. ഞാന്‍ കഥയ്ക്ക് പിന്നിലെ കഥകളും അവനു പറഞ്ഞു കൊടുത്തുകൊണ്ടിരുന്നു.
സമയം പോയതറിഞ്ഞേയില്ല.
ഊണിന് സമയമായെന്ന് അറിയിപ്പ് അടുക്കളയില്‍നിന്നും വരുന്നതു വരെ.

“എങ്കില്‍പിന്നെ ഊണ് കഴിഞ്ഞിട്ടാവാം ബാക്കി.” ഞാന്‍ അജിത്തിനോട് പറഞ്ഞു.
ഊണ് കഴിഞ്ഞ് വീണ്ടും കമ്പ്യൂട്ടറിന് മുന്നില്‍.

ഇടയ്ക്കിടയ്ക്ക് അജിത് വാച്ചില്‍ നോക്കുന്നതു കണ്ട് ഞാന്‍ ചോദിച്ചു “എന്താ അജിത്തേ വല്ലയിടത്തും പോകാനുണ്ടോ?”

“ഇല്ല.” അജിത്

“പിന്നെന്താ ഇടയ്ക്കിടയ്ക്ക് വാച്ചില്‍ നോക്കുന്നത്?” എനിക്കെന്തോ ഒരു പന്തികേടു തോന്നി.

അജിത് ദയനീയമായി എന്നെയൊന്ന് നോക്കി.പിന്നെ പതിയെ പറഞ്ഞു.

“എന്റെ സതീശേട്ടാ, എന്റെ ജീവിതത്തില്‍ ഇന്നേ വരെ ഞാന്‍ ബാലരമ പോലും വായിച്ചിട്ടില്ല. പിന്നെയെന്നോടെന്തിനാ ഈ കൊലച്ചതി.”

ഞാന്‍ വീണ്ടും ഞെട്ടി.

പിന്നെ ഊണും ഉറക്കവും കളഞ്ഞ്,പാതിരാത്രിയെന്നോ പത്തുവെളുപ്പെന്നോ ഇല്ലാതെ കുത്തിയിരുന്ന് ടൈപ്പ് ചെയ്ത്; ഇന്റര്‍നെറ്റ് കണക്ഷനുമെടുത്ത്, കൈയിലെ പൈസായും കളഞ്ഞ്, വായനക്കാരനെ തേടി നടക്കേണ്ടുന്ന പാവം ബ്ലോഗറുടെ ദുര്‍വിധിയെയോര്‍ത്ത് തലയ്ക്ക് കൈയും കൊടുത്തിരുന്നു.

35 comments:

Sathees Makkoth | Asha Revamma said...

ഒരു ബ്ലോഗറുടെ ദുര്‍വിധി.
വായനക്കാരന്റേയും...

വിശ്വപ്രഭ viswaprabha said...

സാരല്ല്യ സതീശേ,

ഇന്നല്ലെങ്കില്‍ നാളേ ആരെങ്കിലുമൊക്കെ എവിടുന്നെങ്കിലുമൊക്കെ ഈ എഴുത്തു വായിക്കാന്‍ ഇവിടെയെത്തും.
നല്ല ഉറപ്പുണ്ട്.
വായനക്കാരെ നാം തപ്പിനടക്കണ്ട. നല്ല എഴുത്താണെങ്കില്‍ അവര്‍ തന്നത്താന്‍ ഇവിടെ എത്തിക്കോളും.
എഴുത്ത് നന്നാക്കാന്‍ മാത്രം എപ്പോഴും ശ്രദ്ധിച്ചുകൊണ്ടിരിക്കുക.
:-)

Haree said...

ഹ ഹ ഹ...
കൊള്ളാട്ടോ... :)
കൂട്ടുകാരനെ സമ്മതിച്ചിരിക്കുന്നു... പലപ്പോഴും പറയണം പറയണം എന്നു വിചാരിച്ചതാ.. മുഖത്ത് നോക്കാതെ പറയുന്നതു ശരിയല്ലല്ലോ, അതുകൊണ്ട് കാണുമ്പോള്‍ ആവാന്നു കരുതി...
(തമാശയാണേ...)
--

kalesh said...

അത് കലക്കി!

എഴുത്ത് രസകരം!
ഞാനിനീം ഇവിടെ വരും...

എഴുത്ത് തുടരൂ.....

മയൂര said...

നന്നായിട്ടുണ്ട്..:)

:: niKk | നിക്ക് :: said...

കൊള്ളാം സുഹൃത്തേ :)
തുടര്‍ന്നെഴുതൂ...
ഇനിയും വരും :)

asdfasdf asfdasdf said...

സതീശേ, അതു കലക്കി.
ഇനി എന്തായാലും ഞാന്‍(നിര്‍ദ്ദോഷിയായ ഒരു വിഡ്ഢി) വായിക്കാന്‍ വരാം. :)

കുറുമാന്‍ said...

അതു ശരി, മാക്കോത്തെ, താന്‍ ബ്ലോഗില്‍ എത്താനുള്ള പ്രധാന കാരണം, ആശയാണല്ലെ? ആശേ നല്ല കാര്യം.

സതീശിന്റെ പല പോസ്റ്റുകളും എനിക്ക് ഇഷ്ടമാണ്. എല്ലാ പോസ്റ്റുകളും വായിച്ചിട്ടില്ല. ചിലതെല്ലാം വിട്ടു പോയിട്ടുണ്ട്. വായിച്ചതിനെല്ല്ലാം, കമന്റും ഇട്ടിട്ടുണ്ട്. വിട്ടുപോയവ ഇനി വായിക്കണം.

എന്തായാലും ബ്ലോഗിങ്ങ് തുടരട്ടെ

കുറുമാന്‍ said...

അതു ശരി, മാക്കോത്തെ, താന്‍ ബ്ലോഗില്‍ എത്താനുള്ള പ്രധാന കാരണം, ആശയാണല്ലെ? ആശേ നല്ല കാര്യം.

സതീശിന്റെ പല പോസ്റ്റുകളും എനിക്ക് ഇഷ്ടമാണ്. എല്ലാ പോസ്റ്റുകളും വായിച്ചിട്ടില്ല. ചിലതെല്ലാം വിട്ടു പോയിട്ടുണ്ട്. വായിച്ചതിനെല്ല്ലാം, കമന്റും ഇട്ടിട്ടുണ്ട്. വിട്ടുപോയവ ഇനി വായിക്കണം.

എന്തായാലും ബ്ലോഗിങ്ങ് തുടരട്ടെ

വേണു venu said...

സതീഷേ ,
എഴുതാന്‍ ആത്മാര്‍ഥമായി കൊതിച്ചൊരു കാലം ഉണ്ടായിരുന്നു. ആശയങ്ങളും
ചിന്തകളും വിപ്ലവങ്ങളും വാക്കുകളും നിറഞ്ഞു നിന്നൊരു കാലം.
പല നഷ്ടപ്പെടലുകളും ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ട ജീവിതം, എന്‍റെ സ്ലേറ്റും പെന്‍സിലും മല വെള്ളത്തില്‍ ഒഴുക്കി കളയുന്നതു കണ്ടു് അതൊന്നു വിളിച്ചു പറയാന്‍‍ പോലും ആരുമില്ലാ കാലം.
ഒരിക്കലും ചിന്തിച്ചിരുന്നില്ല. മറന്നു പോയ വാക്കുകളോര്‍ത്തും, കിട്ടാത്ത വാക്കുകള്‍ കടം വാങ്ങിയും, എനിക്കു വീണ്ടും എന്തെങ്കിലും കുത്തിക്കുറിക്കാനാകും എന്നു്.
സമയം മാത്രം ഒന്നിനും തികയാതെ നെട്ടോട്ടമോടുന്ന ഈ ജീവിതത്തിലും, ഒരു വാക്കെങ്കിലും എഴുതി ഉറങ്ങാന്‍ കിടക്കാന്‍ താമസിക്കുന്ന രാത്രികളില്‍ കേള്‍ക്കുന്ന സ്നേഹപൂര്‍വ്വമുള്ള പരാതികള്‍ പോലും മനോഹരമായി തോന്നുന്നു. അതെ ആത്മ സംതൃപ്തി തന്നെ.
ഞാന്‍ പിന്നെ ഊണും ഉറക്കവും കളഞ്ഞ്,പാതിരാത്രിയെന്നോ പത്തുവെളുപ്പെന്നോ ഇല്ലാതെ കുത്തിയിരുന്ന് ടൈപ്പ് ചെയ്ത്; ഇന്റര്‍നെറ്റ് കണക്ഷനുമെടുത്ത്, കൈയിലെ പൈസായും കളഞ്ഞ്, ......അതെ..
അതൊക്കെ ഇല്ലെങ്കില്‍ വാര്യര്‍‍ സാറിന്‍റെ കാല്‍ക്കുലേറ്റര്‍‍ ജനിക്കില്ലായിരുന്നു.

സതീഷേ എഴുതുക. :)

krish | കൃഷ് said...

അതുസാരമില്ല.. വായിക്കുന്നവര്‍ വായിക്കും.
തുടരൂ.

കരീം മാഷ്‌ said...

അജിത്തു ഒരു മൂരാച്ചി തന്നെ. പോകാന്‍ പറ,
എഴുതൂന്നേ!.
വിശാലന്‍ എന്നോടോരു ദിവസം പറഞ്ഞു ബ്ലോഗില്‍ പിന്നെ പറഞ്ഞു. സില്‍ക്കിനു ആദ്യത്തെപ്പോലെ പാലുകിട്ടുന്നില്ല എന്ന്‌.
ഞാന്‍ അന്നു പറഞ്ഞത് റബ്ബരിനു ടാപ്പിംഗു നടത്തിയാലേ പാലു കിട്ടൂ.
സില്‍ക്കിനു പാലുകിട്ടുന്നില്ലങ്കില്‍ സില്‍ക്കിനെ വിറ്റു നാലു റവറു വെക്കന്നേ!
എന്നതാ ലാഭം!

ദേവന്‍ said...

ഒരുമാതിരി എഴുത്തും വായനയും അറിയാത്തയാളിനു ഡോക്റ്റര്‍ ഐ ടെസ്റ്റ്‌ കൊടുത്ത കഥപോലായല്ലോ, ആ സാരമില്ല സതീശേ. നരകത്തില്‍ പോകുന്നതിനെക്കാള്‍ വലിയ ശിക്ഷയാണു അരസികരോട്‌ സാഹിത്യം പറയുന്നതെന്ന് ഒരു ശ്ലോകമുണ്ട്‌ (മാലിബൂ മാലിബൂ എന്നോ മാലിഖ മാലിഖ എന്നോ എന്തോ ആണ്‌, ഗുരുക്കള്‍ പറഞ്ഞു തരും)

പൊട്ടന്റെ മുന്നില്‍ ചെന്ന് ശംഖു വിളിച്ചതുപോലെയായി. ജഗതി പറയുമ്പോലെ "പുല്ല്‌ പോവാമ്പറ." ഇവിടെ ആളുകള്‍ വായിക്കുന്നില്ലേ, ധാരാളം. അതുമതി

ഓ.ടോ.
സതീശ്‌ പഴേ മലയാളവേദിയിലെ സതീഷ്‌ ആണോ?

Sathees Makkoth | Asha Revamma said...

സുഹ്യുത്തുക്കളെ,
ഞാനിത് തമാശയ്ക്കായി എഴുതിയതാണ്.
സംഭവം സത്യമാണങ്കില്‍ കൂടിയും. അജിത്ത് തമാശ രീതിയിലാണ് അങ്ങനെ പറഞ്ഞത്.
ഞാന്‍ എഴുത്ത് സീരിയസ് ആയി ഇന്നേ വരെ കണ്ടിട്ടില്ലാത്ത ആളാണ്. അതുകൊണ്ട് തന്നെ കമന്റുകളില്ലെങ്കിലും ബുദ്ധിമുട്ടൊന്നുമുണ്ടായിട്ടുമില്ല.
ആരെങ്കിലും ഇത് തെറ്റിദ്ധരിച്ചിട്ടുണ്ടങ്കില്‍ ദയവായി ക്ഷമിക്കുക. ജസ്റ്റ് ടേക് ഇറ്റ് ആസ് എ ജോക്.
നന്ദി.നമസ്കാരം. അന്തരുക്ക്.(തെലുങ്കാണേ!)
ഹരീ, തമാശതന്നെയാ‍ണല്ലോ... അല്ലേ?
km എന്താ അകത്തൊരു വിഡ്ഢി!
കുറുമാന്‍, ബ്ലോഗിങ് നിര്‍ത്താന്‍ പരിപാടിയില്ല. നിര്‍ത്താന്‍ പറഞ്ഞാലും നിര്‍ത്തില്ല.എന്റെ തൊലിക്കട്ടി അല്പം കൂടുതലാ...!!!
വേണുച്ചേട്ടാ, ശരിയാണ്. ആ സംതൃപ്തി തന്നെയാണ് ഏറ്റവും വലുത്.
കരീം മാഷ്, അജിത്ത് കേള്‍ക്കേണ്ടാ ട്ടോ. അവനാളു പെശകാ.:)
ദേവേട്ടാ, മലയാളവേദിയില്‍ ഞാനധികനാളായിട്ടില്ല. സതീശന്‍ എന്നാ.

Sathees Makkoth | Asha Revamma said...

അജിത് രസികന്‍ തന്നെ.
പക്ഷേ എത്രനേരമെന്നു കരുതിയാ ഇതൊക്കെ സഹിക്കുന്നേ.
അളമുട്ടിയാല്‍ ചേരയും കടിക്കും. അതാണിവിടെ സം‌ഭവിച്ചത്!
നന്ദി. ഉമേഷ്.

മനോജ് കുമാർ വട്ടക്കാട്ട് said...

അജിത്തിനെ പിന്നെ ആ വഴിക്ക്‌ കണ്ടിട്ടുണ്ടാവില്ല. അല്ലേ, സതീശ്‌?

Rasheed Chalil said...

സതീശ് നന്നായിട്ടുണ്ട്... :)

തമനു said...

അതു ശരി, അപ്പോ തന്റെ വാമഭാഗമായിരുന്നു ഇതെല്ലാം ഞങ്ങളെക്കൊണ്ടു വായിപ്പിക്കാന്‍ കാരണമായത്‌ അല്ലേ.

ഒരു മബ്‌റൂക്ക് കൊടുത്തേര്..

മഴത്തുള്ളി said...

“എന്റെ സതീശേട്ടാ, എന്റെ ജീവിതത്തില്‍ ഇന്നേ വരെ ഞാന്‍ ബാലരമ പോലും വായിച്ചിട്ടില്ല. പിന്നെയെന്നോടെന്തിനാ ഈ കൊലച്ചതി.”

പാവം അജിത്ത് :)

പക്ഷേ പലര്‍ക്കും ബ്ലോഗ് വായിച്ച് ഇതൊരു അഡിക്ഷനാവാറുമുണ്ട്.

അജിത്തിനോടും ഒരു ബ്ലോഗ് തുടങ്ങാന്‍ പറ സതീശെ ;)

Sreejith K. said...

ഒന്നാഞ്ഞ് പിടിച്ചിരുന്നെങ്കില്‍ നമുക്ക് ആ അജിത്തിനേയും ഒരു ബ്ലോഗ്ഗറാക്കി എടുക്കാമായിരുന്നു :)

Unknown said...

സതീശേട്ടാ,

തരളരുത്.. ഇതൊക്കെ സ്റ്റാര്‍ട്ടിങ് ട്രബിള്‍ മാത്രം. വായനക്കാര്‍ ഉണ്ടാവും. ഇല്ലെങ്കില്‍ ഉണ്ടാക്കണം. ചില വിദ്യകള്‍:

1)സ്വന്തം മക്കളെ എന്നും ഹോം വര്‍ക്ക് ചെയ്യിപ്പിക്കാന്‍ ബലം പ്രയോഗിച്ചിരുത്തുന്നത് പോലെ അര മണിക്കൂര്‍ സ്വന്തം ബ്ലോഗ് പിടിച്ചിരുത്തി വായിപ്പിക്കുക.

2) ഗതികേട് കൊണ്ട് ആരെങ്കിലും കടം ചോദിച്ച് വന്നാല്‍ ഞാന്‍ പൈസയെടുത്ത് വരുന്നത് വരെ നീയിത് വായിച്ചിരിക്ക് എന്ന് പറയുക. (വന്നാല്‍ ഞാന്‍ അതില്‍ നിന്ന് ചോദ്യം ചോദിക്കും എന്ന് ഭീഷണിപ്പെടുത്താന്‍ മറക്കരുത്)

3)ഇത് എന്നും വന്ന് വായിച്ച് ഒമ്പതാള്‍ക്ക് റെക്കമെന്റ് ചെയ്താല്‍ രണ്ട് ദിവസത്തിനകം പത്രണ്ട് കോടി രൂപ ലോട്ടറിയടിക്കും ഇല്ലെങ്കില്‍ തലമന്നൂറ്മഠത്തിലപ്പന്‍ നിങ്ങളെ ശപിച്ച് തവളയാക്കും എന്ന് പറഞ്ഞ് പോസ്റ്റിന്റെ ലിങ്ക് കൂട്ടുകാര്‍ക്ക് മെയില്‍ ചെയ്യുക.

4)മുകളില്‍ പറഞ്ഞത് പോലെ തന്നെ എന്നാല്‍ ചെറിയ മാറ്റം, ഓരോ തവണം വായിക്കുമ്പോളും നിങ്ങള്‍ നോക്കിയാ കമ്പനിക്കാരുടെ പരസ്യം ചെയ്യുന്നു, ഉടന്‍ ഫ്രീ മൊബൈല്‍ കിട്ടും എന്ന് മെയിലയക്കുക.

5)സഹബ്ലോഗര്‍മാരുടെ മുതുകുകള്‍ സര്‍വ്വശക്തിയുമെടുത്ത് ആഞ്ഞാഞ്ഞ് ചൊറിയുക. എല്ലാവ്രേയും പറ്റി നല്ലത് മാത്രം പറയുക. അബദ്ധവശാല്‍ പോലും സത്യം പറയരുത് പോസ്റ്റുകളെ പറ്റി. അത് വിമര്‍ശനം എന്ന വൃത്തികെട്ട സാധനമായിപ്പോവും.

ഇത്രയും ചെയ്താല്‍ പിന്നെ വെച്ചടി വെച്ചടി കയറ്റമല്ലേ റീഡര്‍ഷിപ്പില്‍... :-)

ഓടോ: ഒടുവില്‍ എന്നെ പോലെ ഒന്നും നടക്കുന്നില്ല എന്ന് കണ്ടാല്‍ പൂഴിക്കടകന്‍ പരീക്ഷിക്കുക. അതായത് രാത്രി ആരെയെങ്കിലും ഓടിച്ചിട്ട് പിടിച്ച് കൊണ്ട് വന്ന് കഴുത്തില്‍ കത്തിവെച്ച് വായിപ്പിക്കുക.ഇന്നലെ എനിക്ക്‍ ഇങ്ങനെ ഒരു പാകിസ്താനി വായനക്കാരനെ കിട്ടി. എന്ത് നല്ല സ്വഭാവമായിരുന്നെന്നോ.. വിമര്‍ശിച്ചത് പോലുമില്ല.

ഇടിവാള്‍ said...

ഹഹ കൊള്ളാം സതീശാ..

ഡാ ദില്‍ബ്വോ..
നീയിമ്മാതിരി പോസ്റ്റിന്റെ റലവന്‍സ് കളേണ കിടിലന്‍ കമന്റിട്ട്, പോസ്റ്റ് വായിച്ച കാര്യം റീഡേഴ്സ് മറന്നു പോവും ട്ടാ... ;)

ആ പാക്കിസ്താനി വായനക്കാരന്റെ കാര്യുമോര്‍ത്ത് കണ്ണില്‍ നിന്നും വെള്ളം വന്നു..ചിരിച്ചട്ട്!

Satheesh said...

ആഷാഢം വായിച്ചപ്പ്ഴാണ്‍ ഈ പോസ്റ്റിന്റെ ഗുട്ടനാലിറ്റി മനസ്സിലായത് :-)
ദില്‍ബാ... ആ പാകിസ്താനിയാണ്‍ യഥാര്‍ത്ഥ ആസ്വാദകന് !

Kaithamullu said...

"സഹബ്ലോഗര്‍മാരുടെ മുതുകുകള്‍ സര്‍വ്വശക്തിയുമെടുത്ത് ആഞ്ഞാഞ്ഞ് ചൊറിയുക. എല്ലാവ്രേയും പറ്റി നല്ലത് മാത്രം പറയുക. അബദ്ധവശാല്‍ പോലും സത്യം പറയരുത് പോസ്റ്റുകളെ പറ്റി. അത് വിമര്‍ശനം എന്ന വൃത്തികെട്ട സാധനമായിപ്പോവും."

ഇത് കലക്കി ദില്‍ബാ!

Sathees Makkoth | Asha Revamma said...

ദേ പിന്നേം കമന്റുകള്...
എനിക്ക് തലചുറ്റുന്നു. എവിടെ നാരങ്ങാ വെള്ളം.
പടിപ്പുര,ഇത്തിരിവെട്ടം,തമനൂ,മഴത്തുള്ളി,കൃഷ്,
ശ്രീജിത്ത്,ദില്‍ബൂ,ഇടിവാള്‍,സതീഷ്,കൈതമുള്ള്, എല്ലാവര്‍ക്കും നന്ദി.:)
അജിത്ത് വരാറുണ്ട് പടിപ്പുരേ... എനിക്കതില്പിന്നെ അവനോട് പ്രത്യേക കാര്യമാ!
തമനൂ,ക്ഷമീര്, എന്റെ ബ്ലോഗില്‍ വരുന്ന സാധനങ്ങള്‍ മറ്റാര്‍ക്കും കൊടുക്കില്ല.അതെനിക്കുള്ളതാ.മൊത്തത്തില്‍ ഞാനതങ്ങട് തിന്നു.
മഴത്തുള്ളി,ശ്രീജിത്ത്, അതിന് അജിത്ത് ജീവിതത്തില്‍ ആകെ ഒറ്റ ബ്ലോഗേ വായിച്ചിട്ടുള്ളു.ബ്ലോ...എന്ന് കേട്ടാല്‍ അവനോടും.ദില്‍ബന്‍ പറഞ്ഞ ടെക്നിക്ക് ചിലപ്പോള്‍ നടന്നേക്കും.അപ്പോള്‍ അഡിക്ഷനുണ്ടാവുമായിരിക്കും.
റ്റു ദി ഗ്രേറ്റ് ദില്‍ബൂ,
ഞാന്‍ ദേ കാല്‍ക്കല്‍ വീണിരിക്കുന്നു മഹാഗുരോ അങ്ങയുടെ...
എന്തിനാ ഇതൊക്കെ ഇത്ര നാളും വെച്ച് താമസിപ്പിച്ചത്. ഇനിയൊരു കാ‍ര്യം പറഞ്ഞേക്കാം.ഏത് പുതിയ ബ്ലോഗറുമായി പരിചയപ്പെട്ടാലും ആദ്യം തന്നെ ഇമ്മാതിരി ബ്ലോഗടവുകള്‍ പഠിപ്പിച്ചേക്കണം. എന്റെ കാര്യത്തില്‍ ഒരു വ്യത്യാസമുണ്ട്. എന്നെ കുറ്റം പറയുന്നവരെ എനിക്ക് വലിയ കാര്യമാ...
(ആരും കേക്കേണ്ട. നേരില്‍ക്കിട്ടിയാല്‍ എല്ലൂരും ഞാന്‍.)
ആ പാകിസ്താനിയുടെ ഗതിയെന്തായോ...
ഇന്ത്യാ-പാക് യുദ്ധമുണ്ടായാല്‍ കൂടി പാവങ്ങള്‍ ഇത്ര കഷ്ടപ്പെടില്ലായിരിക്കും.
ഞാന്‍ തെലുങ്കരെക്കൊണ്ട് വായിപ്പിക്കാന്‍ ഒരു ശ്രമം നടത്തുട്ടെ.
ആകെ മൊത്തം ടോട്ടാലിറ്റി നോക്കിയാല്‍ ഞാന്‍ ഇടിവാളിന്റെ അഭിപ്രായത്തോട് യോജിക്കുന്നു.
സതീഷ്, ആഷാഢത്തിന്റെ കാര്യം മിണ്ടിപ്പോകരുത് :)

Inji Pennu said...

ഹഹഹഹ! അജിത്തിനെ എനിക്കിഷ്ടപ്പെട്ടു! ബ്ലോഗില്‍ അജിത്തുമാരെ ആവശ്യമുണ്ട് എന്ന് പരസ്യം വെച്ചാലോന്ന് ആലോചിക്കുവാ :)

Sathees Makkoth | Asha Revamma said...

പരസ്യം വെച്ചോളൂ ഇഞ്ജിപ്പെണ്ണേ...

വേണു venu said...

സതീശേ,
ഇന്നലെ ചോദിച്ചിരുന്ന കഥ ഇവിടെ എഴുതിയേക്കാം.
ഒരിക്കല്‍ , കുറച്ചു ദിവസം നാട്ടില്‍ കഴിഞ്ഞു് മടങ്ങിയെത്തിയ ഒരു ഞായറാഴ്ച്ച. വീടിനു വെളിയിലിരിക്കുകയായിരുന്നു ഞങ്ങള്‍. മോനും മോള്‍ക്കും ഒരു നമ്പൂതിരിയുടെ തമാശ്ശ കഥ പൊടിപ്പും തൊങ്ങലും വച്ചു് അര മണിക്കൂര്‍ സമയമെടുത്തു് പറഞ്ഞു കൊടുത്തു. മോന്‍ ചിരിച്ചു. മോളു് ചിരിച്ചില്ല. പക്ഷേ കുറച്ചു കഴിഞ്ഞപ്പോള്‍‍ പറഞ്ഞു, “ എനിക്കറിയാം നമ്പൂരിയെ അതൊരു ഇന്‍സെക്റ്റല്ലിയോ, നാട്ടില്‍ അമ്മൂമ്മ കാണിച്ചു തന്നായിരുന്നു. നമ്പൂരി അട്ടയെ.” ശരിയായ ചിരി നടന്നതു് പിന്നീടാണു്.:)

ഏറനാടന്‍ said...

സതീഷിന്റേയും സുഹൃത്തിന്റേയും സ്ഥിതി കണ്ടപ്പോള്‍ ഒരു പാട്ട്‌ എവിടേനിന്നോ മൂളിയിട്ടൊടുവില്‍ കാതില്‍ വന്നിരുന്നു.

"അപ്പളും പറഞ്ഞില്ലേ പോരണ്ടാ ബ്ലോഗണ്ടാന്ന്
ബ്ലോഗണ്ടാ പോരണ്ടാന്ന്.."

സതീഷേ, ഒന്നുകൊണ്ടും നിരാശനായിട്ട്‌ പിന്മാറരുത്‌. ബ്ലോഗുക, ബ്ലോഗി ബ്ലോഗി ലോകമെങ്ങുമുള്ള പിസികളില്‍ ഒരൊഴിയാഘടകമായി മാറുക. അഭിനന്ദനങ്ങള്‍..

Sathees Makkoth | Asha Revamma said...

വേണുച്ചേട്ടാ,
മോള് കലക്കി.നമ്പൂരിയും നമ്പൂരി അട്ടയും നല്ല കോമ്പിനേഷന്‍!
ഏറനാടാ,
ബ്ലോഗി ബ്ലോഗി പി സികളുടെ ഒഴിയാബാധയാകുക. നല്ല ആശയം മാഷേ.പത്ത് അജിത്തുകള്‍ ഒന്നിച്ച് ചേര്‍ന്നാല്‍ എന്റെ സ്ഥിതിയെന്തായിരിക്കും?

സു | Su said...

സതീശിന് അജിത്തെങ്കിലും ഉണ്ട്. ഒന്ന് വായിക്കണേ സമയം കിട്ടുമ്പോള്‍ എന്ന് പറയാന്‍. ഞാന്‍ ആരോട് പറയും? അതുകൊണ്ട് ഞാന്‍ തന്നെ വായിക്കും. ബാലരമ പോലും വായിക്കാത്ത അജിത്ത്, ബ്ലോഗുകളുടെ ആരാധകന്‍ ആയി ഒരു ദിവസം സ്വന്തം ബ്ലോഗുമായി വരുമെന്ന് കരുതാം.

അപ്പു ആദ്യാക്ഷരി said...

സതീശാ...ഇതിപ്പോഴാ കണ്ടത്. :-)
സുവേച്ചി..അജിത് ബ്ലോഗും കൊണ്ട് വന്നില്ലേലും സതീശന്റെ വാമഭാഗം ബ്ലോഗറായി ഇവിടെ കറങ്ങുന്നുണ്ട്.

Sathees Makkoth said...

സുവിനും അപ്പുവിനും നന്ദി.

സുധി അറയ്ക്കൽ said...

സതീശേട്ടാ,അങ്ങനെയണു ഈ ബ്ലോഗൻ ജനിച്ചത്‌ അല്ലേ??

പ്രത്യേക ശ്രദ്ധയ്ക്ക്

Creative Commons License
എന്റെ ചില കുറിപ്പുകള്‍ by K.M.Satheesan is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Based on a work at www.satheeskm.blogspot.com.
Permissions beyond the scope of this license may be available at www.satheeskm.blogspot.com.

വിരുന്നുകാർ

Powered By Blogger

ഓർക്കണേ പ്ലീസ്...

ഈ ബ്ലോഗിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങളോ, സന്ദർഭങ്ങളോ, കഥാപാത്രങ്ങളോ ഏതെങ്കിലും വിധത്തിൽ ആരെങ്കിലുമായി ബന്ധപ്പെട്ടിട്ടുണ്ടന്ന് തോന്നുന്നുവെങ്കിൽ അത് സ്വാഭാവികം മാത്രം.

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP