അയ്യായുടെ അമ്മന്‍കുടം
Thursday, March 15, 2007
അയ്യായെ അറിയാത്തവരാരുമില്ലായിരുന്നു.
അയ്യായെക്കുറിച്ച് അറിയാവുന്നവരുമാരുമില്ലായിരുന്നു.
അയ്യ എവിടുത്തുകാരനാണന്നോ എപ്പോള്‍ വന്നന്നോ ആര്‍ക്കും ഒരു നിശ്ചയവുമില്ലായിരുന്നു.
അയ്യ തന്നെക്കുറിച്ച് ആരോടും വ്യക്തമായി ഒന്നും പറഞ്ഞിരുന്നുമില്ല.
ആരെങ്കിലും ചോദിച്ചാല്‍ തന്നെ അയ്യ അതില്‍നിന്നെല്ലാം വിദഗ്ധമായി ഒഴിഞ്ഞുമാറിയിരുന്നു.
എങ്കിലും അയ്യായെക്കുറിച്ച് അറിയാവുന്ന ചില കാര്യങ്ങളുണ്ടായിരുന്നു.
അയ്യ നല്ലൊരു കലാകാരനായിരുന്നു.
അയ്യ നല്ലൊരു സഹായിയായിരുന്നു.
അയ്യ കുട്ടികളുടെ നല്ലൊരു കളിക്കൂട്ടുകാരനായിരുന്നു.
ഉത്സവങ്ങളോ, കലാപരിപാടികളോ, ആഘോഷങ്ങളോ, ഘോഷയാത്രകളോ എന്തുമാകട്ടെ; ഉണ്ടന്നറിഞ്ഞാല്‍ അയ്യ അത് തേടിപ്പിടിച്ച് പോകുമായിരുന്നു. ജാതി മത രാഷ്ട്രീയ വകഭേദമില്ലാതെ! തന്റെ അമ്മന്‍കുടവുമായി...
അയ്യായെ ആരും പ്രത്യേകം ക്ഷണിക്കേണ്ട കാര്യമൊന്നുമില്ലായിരുന്നു അതിന്. അയ്യ അത് തന്റെ ജന്മനിയോഗമോ, കര്‍ത്തവ്യമോ അല്ലെങ്കില്‍ അവകാശമോ ആയി കണക്കുകൂട്ടിയിരുന്നു.
സിനിമാപ്പാട്ടോ, ചെണ്ടമേളമോ,പഞ്ചവാദ്യമോ എന്നുവേണ്ട കേവലം ചൂളമടിയായാലും അയ്യ യാതൊരുവിധ പരിഭവങ്ങളുമില്ലാതെ ചുവടുവെയ്ക്കുമായിരുന്നു.
ലഭ്യമാകുന്ന സംഗീതത്തിന്റേയും വാദ്യോപരണങ്ങളുടേയും അകമ്പടിയോടെ അമ്മന്‍കുടം തുള്ളുന്ന അയ്യ ആര്‍ക്കും ഒരു ബാദ്ധ്യതയായിരുന്നില്ല.
അല്ലെങ്കില്‍ ഒരിറ്റ് മദ്യത്തിലോ ഒരുനേരത്തെ ആഹാരത്തിലോ ആ ബാദ്ധ്യത അവസാനിക്കുന്നതേയുള്ളായിരുന്നു.
അയ്യായെ ആരും ഒരിക്കലും ഒരിടത്ത്നിന്നും ഒഴിച്ച് നിര്‍ത്തിയിരുന്നില്ല.
ചുരുക്കത്തില്‍ അയ്യായോ അയ്യയുടെ അമ്മന്‍കുടമോ ഇല്ലാത്ത ഒരു കാര്യപരിപാടിയും നടന്നിരുന്നില്ല.
കൈകള്‍ രണ്ട് വശത്തേയ്ക്കും നീട്ടിപ്പിടിച്ച് കുടം താഴേയ്ക്ക് പോകാതിരിക്കാനായി തല ഒരു പ്രത്യേക രീതിയില്‍ വെച്ച്കൊണ്ട് അയ്യ പാട്ടിനൊപ്പം ചുവടുവെയ്ക്കുമ്പോള്‍ അത് കണ്ട് നില്‍ക്കുവാന്‍ അനേകം നാട്ടുകാരോടൊപ്പം അപ്പുക്കുട്ടനും പോയിട്ടുണ്ട്.
കുട്ടിക്കാലം മുതല്‍ക്കേ കണ്ട് പരിചയിച്ച അയ്യായുടെ മുഖവും അമ്മന്‍കുടം തുള്ളലും അപ്പുക്കുട്ടന്റെ മനസ്സില്‍ ഒരു മായാത്ത മുദ്ര പതിപ്പിച്ചു.
"അയ്യ വേറേ ജോലിയൊന്നും ചെയ്യത്തില്ലേ?" ഒരിക്കല്‍ അപ്പുക്കുട്ടന്‍ അയ്യായോട് ചോദിച്ചു. വായനശാലയുടെ വാര്‍ഷികത്തിന്റെ അന്നായിരുന്നു അത്.
അയ്യ തന്റെ അമ്മന്‍കുടത്തെ തഴുകിക്കൊണ്ട് പറഞ്ഞു. "മോനേ ഈ കുടവും തുള്ളലുമാണ് അയ്യായുടെ ജീവിതം."
അതേ. അയ്യായുടെ ജീവനും ജീവിതവുമായിരുന്നു അമ്മന്‍കുടം തുള്ളല്‍.
തുള്ളലില്ലാത്ത സമയങ്ങളില്‍ അയ്യ തന്റെ കുടവും അതിന് മുകളില്‍ വെയ്ക്കുന്ന പൂക്കുടയുമായി കുട്ടികളുടെ യിടയിലേയ്ക്കിറങ്ങും.
പിന്നെ കഥകളുടെ വേലിയേറ്റമായിരിക്കുമവിടെ.
എല്ലാം തന്റെ വീരകഥകള്‍!
ആയകാലത്ത് കേരളത്തില്‍ അങ്ങോളമിങ്ങോളം താന്‍ നടത്തിയ കലാപ്രകടനത്തിന്റെ കഥകള്‍!
അനുഭവങ്ങള്‍!
അങ്ങനെ പലതും.
ഓണാഘോഷത്തോടനുബന്ധിച്ച് സാംസ്കാരിക ഘോഷയാത്ര നടത്തണമെന്ന തീരുമാനമുണ്ടായപ്പോഴാണ് അയ്യായുടെ പേര് ചര്‍ച്ചയ്ക്കായി എത്തിയത്. മറ്റ് പല ഇനങ്ങളുടെ കൂടെ അയ്യായുടെ അമ്മന്‍കുടവും ഉണ്ടാവണമെന്ന തീരുമാനമുണ്ടായി.
സത്യത്തില്‍ അങ്ങനെയൊരു തീരുമാനമെടുക്കേണ്ട ആവശ്യമില്ലായിരുന്നു. അയ്യ അല്ലാതെ തന്നെ എത്തുന്നയാളാണ്.
എങ്കിലും വൃദ്ധനായ ആ കലാകാരനെ തങ്ങളാലാവുന്ന വിധം ബഹുമാനിക്കണമെന്ന തീരുമാനത്തിന്റെ പുറത്താണ് അപ്പുക്കുട്ടനും കൂട്ടരും അയ്യയെ കാണുവാനായി പുറപ്പെട്ടത്.
തോട്ടിറമ്പിലെ ഓലമറച്ച കൂരയുടെ മുന്നിലെത്തി അപ്പുക്കുട്ടനും സംഘവും നിന്നു.
ആളനക്കമുള്ള ലക്ഷണമില്ല. വാതില്‍ തുറന്ന് കിടക്കുന്നു.
"അയ്യാ, അല്ല ഇവിടെയാരുമില്ലേ?" അപ്പുക്കുട്ടന്‍ വിളിച്ചു.
വിളിക്ക് പ്രതികരണമുണ്ടായി. പക്ഷേ അതൊരു ഞരക്കം മാത്രമായിരുന്നു.
അയ്യ ഉള്ളിലുണ്ടന്ന് മനസ്സിലായതിനാല്‍ അപ്പുക്കുട്ടന്‍ വീടിനകത്ത് കയറി. ശരിയായ രീതിയില്‍ വെളിച്ചമില്ലാത്തതിനാല്‍ ഒന്നും വ്യക്തമായി കാണുവാന്‍ കഴിയുന്നില്ല.
എങ്കിലും തറയിലിട്ടിരുന്ന പായയില്‍ ചുരുണ്ടുകൂടി കിടക്കുന്ന അയ്യായെ തിരിച്ചറിയുവാന്‍ അധികസമയമെടുത്തില്ല.
"എന്തുപറ്റി അയ്യാ, സുഖമില്ലേ?" അപ്പുക്കുട്ടന്‍ ചോദിച്ചു.
"പുറത്തേയ്ക്കൊന്നും അയ്യായെ കാണാത്തതിനാലാണ് അമ്മന്‍കുടം തുള്ളലിന്റെ കാര്യം പറയാന്‍ ഞങ്ങളിങ്ങോട്ടേയ്ക്കെത്തിയത്."
അമ്മന്‍കുടം തുള്ളലെന്ന് കേട്ടതും തന്റെ വല്ലായ്മയെല്ലാം മാറ്റിവെച്ചുകൊണ്ട് അയ്യ ചാടിയെണീറ്റു.
"എന്താ പറഞ്ഞേ മക്കളേ..." അയ്യായ്ക്ക് പൂര്‍ണ്ണമാക്കാന്‍ കഴിഞ്ഞില്ല. അതിന് മുന്നേ ശക്തമായ ചുമ വാക്കുകളെ കവര്‍ന്നെടുത്തിരുന്നു.
കുറച്ച് സമയമെടുത്തു അയ്യായ്ക്ക് സംസാരിക്കാനുള്ള സ്ഥിതിതിയിലേയ്ക്ക് തിരിച്ചെത്തുവാന്‍. പിന്നെ എന്തോ ഓര്‍ത്തിട്ടെന്നപോലെ പറഞ്ഞു.
"ഓ... ഓണം വരികയാണല്ലോ, അതിന്റെ കാര്യം പറയാനായിരിക്കും എല്ലാരുംകൂടി എത്തിയിരിക്കുന്നതല്ലേ? എന്നോടെന്തിനാ മക്കളേ പ്രത്യേകം പറയേണ്ടത്? ഞാനങ്ങ് എത്തില്ലേ?" അയ്യ ചിരിക്കുവാന്‍ ശ്രമിച്ചു. പക്ഷേ അതൊരു വിഫലശ്രമമായി മാറി. ഉള്ളിലെ ബുദ്ധിമുട്ട് ശക്തമായ ചുമയായി വീണ്ടും പുറത്തുവന്നു.
"അയ്യ, ഇതിങ്ങനെ വെച്ചോണ്ടിരുന്നാല്‍ പറ്റില്ല. മരുന്ന് വാങ്ങിക്കണം.നമ്മള്‍ക്ക് ആശുപത്രിയില്‍ പോകാം. എന്താ?" അപ്പുക്കുട്ടന്‍ പറഞ്ഞു.
"ഇനി ഈ വയസ്സ് കാലത്ത് എന്ത് ഡാക്കിട്ടര്? എന്ത് മരുന്ന്?" അയ്യ കുറച്ചുനേരം മുകളിലോട്ട് നോക്കിയിരുന്നു. എന്നിട്ട് പറഞ്ഞു.
"നിങ്ങള് പൊയ്ക്കോളൂ. എന്നാ വരേണ്ടതെന്ന് പറഞ്ഞാമതി. ഞാനങ്ങെത്തിക്കോളാം."
ഘോഷയാത്രയുടെ മുന്‍ദിവസം ഒന്നുകൂടിവന്ന് വിവരം ഓര്‍മ്മിപ്പിക്കാമെന്ന് സമ്മതിച്ചിട്ടാണ് അപ്പുക്കുട്ടന്‍ അയ്യായുടെ വീട്ടില്‍നിന്നും ഇറങ്ങിയത്.
എങ്കിലും അതിനടുത്ത ദിവസങ്ങളിലും അപ്പുക്കുട്ടന് അയ്യായുടെ അടുക്കല്‍ പോകാതിരിക്കാനായില്ല. ദിനംതോറും ദയനീയമായിക്കൊണ്ടിരിക്കുന്ന അയ്യായുടെ ആരോഗ്യസ്ഥിതിതന്നെയായിരുന്നു അതിന് കാരണം.
ചില ദിവസങ്ങളില്‍ അയ്യ വളരെയേറെ ഉത്സാഹവാനായി കാണപ്പെട്ടു. ചില ദിവസങ്ങളില്‍ നേരെ തിരിച്ചും.
ചുമ സഹിക്കാനാവാതെ വില്ലുപോലെ വളഞ്ഞുള്ള അയ്യയുടെ ഇരുപ്പ് കണ്ട് പലവട്ടം അപ്പുക്കുട്ടന്‍ നിര്‍ബദ്ധിച്ചു ഡോക്ടറെ കാണുവാനും മരുന്ന് വാങ്ങുവാനുമായി.
പണത്തിന്റെ മറ്റോ പോരായ്മയാണെങ്കില്‍ കൂടിയും ബുദ്ധിമുട്ടണ്ടായെന്നും അതിനാണ് തങ്ങളെല്ലാവരും ഇവിടെയുള്ളതെന്നും ആവര്‍ത്തിച്ചു പറഞ്ഞു നോക്കി. അയ്യ ഒന്നും കേട്ടില്ലാ.
ഇറ്റ് വന്ന കണ്ണീര്‍ തുടച്ചുകൊണ്ട് അയ്യാ പറഞ്ഞു "നിങ്ങളുടെയീ വാക്കും സഹായവും തന്നെ അയ്യാക്ക് ധാരാളമാണ് മക്കളേ. ഞാന്‍ പോയാല്‍ ആര്‍ക്കും ഒന്നും നഷ്ടമാവില്ല. പിന്നെന്തിനാ മരുന്നൊക്കെ."
ആകെയുള്ള ജീവിതസമ്പാദ്യമായ ഓട്ടുകുടവും അതിനു മുകളില്‍ വെയ്ക്കുന്ന കടലാസും മുളകീറുകളും കൊണ്ടുണ്ടാക്കിയ പൂക്കൂടയും അയ്യ തന്റെ ശരീരത്തോട് ചേര്‍ത്തുപിടിച്ചു. "ഈ കുടം കണ്ടോ മക്കളേ എനിക്ക് പത്തു വയസ്സുള്ളപ്പോ എന്റെ അമ്മ മരിച്ചു. മരിക്കുന്നതിനു മുന്നേ അമ്മയെനിക്കു തന്ന സമ്മാനമായിത്. പിന്നീടിങ്ങോട്ട് ഇതേ നിമിഷം വരെ എന്റെ ജീവനും ജീവിതവുമെല്ലാമിവനാ. ഇവന്‍ പോയാല്‍ പിന്നെ അയ്യയില്ല. ഇങ്ങനെയിതിനെ തഴുകിയിരുന്നാല്‍ അയ്യയെല്ലാം മറക്കും. വേദനയും അസുഖവും വിശപ്പുമെല്ലാം." അയ്യ ചെറുതായി ചിരിക്കാന്‍ ശ്രമിച്ചു. ആ ചിരി പൂര്‍ണ്ണമാക്കുവാന്‍ അയ്യായേ കീഴ്പ്പെടുത്തികൊണ്ടിരുന്ന രോഗം സമ്മതിച്ചില്ല.
ശക്തിയേറിയ ചുമ കണ്ടുകൊണ്ട് നില്‍ക്കുവാന്‍ കഴിയാതിരുന്നതിനാല്‍ അപ്പുക്കുട്ടന്‍ അവിടെ നിന്നിറങ്ങി.
ഘോഷയാത്ര തുടങ്ങുവാന്‍ മണിക്കൂറുകള്‍ മാത്രമുള്ളപ്പോഴാണ് അപ്പുക്കുട്ടന്‍ വീണ്ടുമവിടെയെത്തിയത്. അകത്തു നിന്നും അയ്യയുടെ ചുമ കേള്‍ക്കുന്നുണ്ട്. അപ്പുക്കുട്ടനകത്തു കയറി അയ്യയുടെ അടുത്തിരുന്നു.
"അയ്യാ നമ്മുടെ പരിപാടി തുടങ്ങുവാന്‍ ഇനി കുറച്ചുനേരം കൂടിയേയുള്ളൂ. ഇത്തവണ അയ്യക്ക് തുള്ളാന്‍ പറ്റുകേലന്നാ എനിക്കു തോന്നുന്നത്. അത്രയ്ക്ക് വയ്യല്ലോ അയ്യക്ക്." അപ്പുക്കുട്ടന്‍ പറഞ്ഞു.
അയ്യാ കിടന്നകിടപ്പില്‍ തന്നെ കണ്ണുതുറന്നു അപ്പുക്കുട്ടനെ നോക്കി. ചിരിയും വേദനയും സങ്കടവുമെല്ലാം ആ മുഖത്തു മിന്നിമറഞ്ഞു.
എഴുന്നേറ്റിരിക്കാനൊരു വിഫലശ്രമം അയ്യ നടത്തുന്നത് കണ്ട് അപ്പുക്കുട്ടന്‍ കൈതാങ്ങി അയ്യയെ നേരെയിരുത്തി.
"അതിങ്ങെടുത്തേ" അയ്യ കുടത്തേയും പൂക്കുടയേയും കാട്ടി അപ്പുക്കുട്ടനോട് പറഞ്ഞു.
കുടവും പൂക്കുടവും അപ്പുക്കുട്ടനേല്‍പ്പിച്ചു കൊണ്ട് അയ്യ പറഞ്ഞു "നീയിതു കൊണ്ടുപോയി തേച്ചുതുടച്ച് ശരിയാക്കി വെയ്ക്ക്. ആരാ പറഞ്ഞേ അയ്യക്ക് തുള്ളാന്‍ പറ്റില്ലെന്ന്?. അയ്യക്ക് തുള്ളാതിരിക്കാന്‍ പറ്റുമോ മക്കളേ സമയത്തിനു മുന്നേ അയ്യയവിടെ എത്തിയിരിക്കും. നീ പോയ്ക്കോടാ മക്കളേ."
അപ്പുക്കുട്ടനു വിശ്വസിക്കാനായില്ല. എഴുന്നേറ്റിരിക്കാന്‍ കൂടിയാവതില്ലാതിരിക്കുന്ന ഈ മനുഷ്യന്‍ എങ്ങനെയെത്താനാണ്. അവനൊന്നും മനസ്സിലായില്ല. അവന്‍ കുടവും പൂക്കുടയുമായി പോകാനൊരുങ്ങി. പക്ഷേ അപ്പുക്കുട്ടനു പോകാനായില്ല. സാധാരണയുണ്ടാകാറുള്ളതിനേക്കാള്‍ ശക്തമായ അയ്യയുടെ ചുമ അപ്പുക്കുട്ടനെയവിടെ പിടിച്ചുനിര്‍ത്തി.
അവന്‍ അയ്യയേ തന്റെ കൈകളില്‍ താങ്ങിയിരുത്തി. തളര്‍ന്നുകിടന്നു ചുമയ്ക്കുന്നതിനിടയിലും അയ്യയെന്തോ പറയുവാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.
അപ്പുക്കുട്ടന്‍ തന്റെ ചെവി അയ്യയുടെ മുഖത്തോട് അടുപ്പിച്ചു.
"മക്കളേ നീ പോയ്ക്കോ അയ്യയവിടെയെത്തിയിരിക്കും. അയ്യയുടെ ജീവനാ നിന്റെ കൈയ്യില്‍ തന്നിരിക്കുന്നേ. സൂക്ഷിച്ചു വെച്ചോളണം."
അപ്പുക്കുട്ടന്‍ കുടത്തേയും മാറി മാറി നോക്കി. അയ്യയുടെ മുഖത്തൊരു നേരിയ പുഞ്ചിരി പടര്‍ന്നു.
പിന്നെയാ കണ്ണുകളടഞ്ഞു.
അയ്യാ...അയ്യാ...അപ്പുക്കുട്ടനയ്യയെ കുലുക്കി വിളിച്ചു.
ഇല്ല എല്ലാം കഴിഞ്ഞിരിക്കുന്നു.
അപ്പുക്കുട്ടന്‍ അയ്യയേല്‍പ്പിച്ച ജീവനേയും കൈയ്യിലെടുത്ത് എന്തു ചെയ്യണമെന്നറിയാതെ നിന്നു.
ശരീരത്തെ ഉപേക്ഷിച്ച അയ്യയുടെ ആത്മാവ് ഒരു പക്ഷേ അപ്പുക്കുട്ടന്‍ കൊണ്ടു വരുന്ന കുടത്തേയും പൂകുടയേയും പ്രതീക്ഷിച്ച് എല്ലാരേക്കാളും മുന്നേ ഘോഷയാത്രയ്ക്കായ് എത്തിയിരുന്നിരിക്കാം. തന്റെ വാക്ക് പാലിക്കാന്‍ പറ്റിയെന്ന ചാരിതാര്‍ത്ഥ്യത്തോടെ...
21 comments:
ബോറടിച്ചാല്‍ ഞാനുത്തരവാദിയല്ല.
ഒരു മുന്‍കൂര്‍ ജാമ്യം!
ഇന്നത്തെ ചോദ്യം
ഇതില്‍ മൊത്തം എത്ര ‘അയ്യ’യുണ്ട്?
എണ്ണാമെങ്കില്‍ എണ്ണിക്കോ...
ഓണ്‍ ലൈന്‍ വായനക്കു പറ്റിയതല്ലാത്തതിനാല്‍ നെറ്റ് ദിസ് കണക്ടു ചെയ്താണു സാവകാശം വായിച്ചതു. ഒരു പ്രത്യേക ശൈലിയില്‍ എഴുതിയതു രസിച്ചു.
പുതുമയുള്ളത്. നന്നായി.
ശരിതന്നെ. ഘോഷയാത്രയില്‍ എല്ലാവര്‍ക്കും മുന്നില്‍ അയ്യ ഉണ്ടായിരിരുന്നേക്കും...
ayya oru nomparamaayi..nalla bhaasha satheesh..
അയ്യ ..... നമ്മുക്കിടയില്‍ അനാഥത്വത്തിന്‍റെ ഒത്തിരി ആള്രൂപങ്ങളിലൊന്ന് ജീവശ്വാസം വരെ അമ്മയെ സ്നേഹിച്ച യഥാര്‍ത്ഥ മനുഷ്യ സ്നേഹി അയ്യയുടെ ജീവന്‍ അപ്പുകുട്ടന്‍റെ കൈകളില്‍ കിടന്നകന്നു പോയതുപോലെ സമാനമായൊരു അനുഭവമാണീ ഇതില്‍ http://yaadaaz.blogspot.com/2006/11/blog-post.html
നല്ല അനുഭവം നല്ല വിവരണം പതിവ് പോലെ പ്രതീക്ഷകൊന്നുയര്‍ന്നു .. അഭിനന്ദനം
അയ്യയുടെ കഥ വായിച്ചു ദുഖം തോന്നി. പാവം അയ്യ...
വ്യത്യസ്തമായ ശൈലിയില്‍ നല്ല രചന. നോ ബോറഡി അറ്റ് ആള്‍...
ഇനിയും ധൈര്യമായി എഴുതൂ സതീശ്, എല്ലാ ആശംസകളും.
സതീശാ.....നന്നായി......വായിച്ച് കഴിഞ്ഞപ്പോള്‍ ഒരു നൊമ്പരം ......
satheesaa, I liked this story also. But, I don't think it is upto the mark of previous stories you had written. We like to see your original style.
കരീം മാഷിന്,
സമയമെടുത്ത് വായിക്കാനുള്ള സന്മനസ്സിന് നന്ദി.
പടിപ്പുര , ജി മനു :)നന്ദി.
വിചാരം, ലിങ്ക് കൊടുത്തിരുന്നത് വായിച്ചു.വേദനിപ്പിക്കുന്ന ഓര്‍മ്മകളാണ് പലരുടേയും ശക്തിയായി മാറാറുള്ളത്. പ്രോത്സാഹനത്തിന് നന്ദി.
മഴത്തുള്ളി, ബോറടി ഇല്ലായിരുന്നു എന്നറിഞ്ഞതില്‍ സന്തോഷം. കൂട്ടത്തില്‍ നന്ദിയും.
സാന്‍ഡോസ്, നന്ദി :)
അപ്പു,
അപ്പുവിന്റെ അഭിപ്രായത്തോട് ഞാന്‍ പൂര്‍ണ്ണമായും യോജിക്കുന്നു. എഴുതിക്കഴിഞ്ഞ് എനിക്കും അങ്ങനെ തന്നെയാണ് തോന്നിയത്. ലുക്ക് മൈ ഫസ്റ്റ് കമന്റ്.
നന്ദി.
നന്നായിരിക്കുന്നു സതീശ്.ഒന്നു എഡിറ്റ് ചെയ്തിരുന്നെങ്കില്‍ ഇതിലും നന്നായെനെ എന്നു തോന്നുന്നു.
മാക്കോത്തേ,
വൈകിയാണെത്തിയത്. നല്ല ആവിഷ്കരണം. വായിച്ചുകഴിഞ്ഞപ്പോള്‍ ഉള്ളിന്റെ ഉള്ളില്‍ വലിയൊരു നീറ്റല്‍.
സതീശാ ..
ഒരു ചെറിയ നൊമ്പരം സമ്മാനിച്ചിരിക്കുന്നു താന്‍ പിന്നെയും.
തന്റെ ആദ്യത്തെ കമന്റ് മാത്രമേ ഇതില്‍നിന്നൊഴിവാക്കേണ്ടതുള്ളൂ .. ബാക്കിയെല്ലാം വളരെ സുന്ദരം
മുസാഫിര്‍, നിര്‍ദ്ദേശത്തിന് നന്ദി.
ആവനാഴി :)
ഒഴിവാക്കണോ തമനൂ.എനിക്കിപ്പോഴും തോന്നുന്നില്ല.
"എന്റെ ചില കുറിപ്പുകള്‍" ഇതുവരെയുള്ളതെല്ലാം വായിച്ചിട്ടുണ്ട് ഞാന്‍. വായിച്ചു തുടങ്ങിയപ്പോള്‍ അഭിപ്രായമെഴുതാന്‍ അറിയില്ലായിരുന്നു. അതുകൊണ്ടു ഇവിടെ പറയുന്നു. വായിച്ചവയെല്ലാം വളരെ നല്ലതായിരുന്നു. മറ്റുള്ളവപോലെ ഇതും വളരെ നന്നായിട്ടുണ്ട്. ബോറടിച്ചിട്ടൊന്നുമല്ല എന്നാലും ഞാന്‍ "അയ്യ" ഒന്നു എണ്ണിനോക്കി.
കണക്കില്‍ ഞാന്‍ വളരെ പുറകിലൊന്നും അല്ലെങ്കിലും അശ്രദ്ധയുടെ കാര്യത്തില്‍ ഞാന്‍ ഒന്നമതാണ്. അതുകൊണ്ട് "അയ്യ" കൗണ്ട് ശരിയാകാന്‍ വഴിയൊന്നുമില്ല. എന്നാലും എന്റെ വക കൗണ്ട് താഴെ ....
അയ്യ - 50
അയ്യാ - 30
തരികിട എണ്ണാനുള്ള സന്മനസ്സിന് നന്ദി.
എന്റെയൊരു ജോലി കുറഞ്ഞ് കിട്ടി.
കുമാരേട്ടനു ഇഷ്ടായി. ജീവിക്കാന്‍ വേണ്ടി ഹൈദരാബാദില്‍ താമസിക്കണമെന്നില്ല. ഇതിലൂടെ ജീവിച്ചുകൂടെ??
കുമാരേട്ടാ...:)
അയ്യായുടെ കഥയുടെ ക്ലൈമാക്സ് ഞാന്‍ വേറൊരുതരത്തില്‍ ശരിക്കും മുന്‍പ് കേട്ടിട്ടുണ്ട് സതീഷ്. തെറ്റിദ്ധരിക്കരുത്. ശബരിമലക്ക് പോകാന്‍ ഇറങ്ങുമ്പോള്‍ സഹോദരങ്ങളില്‍ ഏറ്റവും ഭക്തനായ ജ്യേഷ്ടന് അസ്വസ്ഥത. അസുഖക്കാരനായി അദ്ദേഹത്തെ കൂടെകൊണ്ടുപോകാന്‍ മറ്റുള്ളവര്‍ക്ക് വൈമുഖ്യം. അവര്‍ മാത്രമായി പടിയിറങ്ങുമ്പോള്‍ പരിഭവം പോലെ ജ്യേഷ്ടന്‍ പറഞ്ഞു: "പൊയ്കോളൂ എല്ലാവരും, എല്ലാവരുടെയും മുന്നില്‍ ഞാന്‍ അവിടെയെത്തും." ഇരുമുടിയിറക്കി അദ്ദേഹം വരാന്തയില്‍ തന്നെ ചാഞ്ഞുകിടന്നു. മെല്ലെയുറങ്ങി. പിന്നെ ഉണര്‍ന്നില്ല. ഇതു കഥയല്ല എന്നു മാത്രം.
താങ്കളുടെ ശൈലി നന്നായിരിക്കുന്നു. കഥക്ക് നന്ദി. ഞാന്‍ ബാക്കി പോസ്റ്റുകളിലേക്ക് പോകട്ടെ.. വൈകി വന്നതിന്റെ തിരക്ക് :)
മനു,
കമന്റ് കാണാന്‍ വൈകി.ശരിക്കുമുള്ള കഥയില്‍ ക്ലൈമാക്സ് വേറൊന്നാണ്.കഥയ്ക്ക് വേണ്ടിയുള്ള മാറ്റത്തില്‍ ആ സാമ്യം യാദൃശ്ചികം.
നന്ദി.
അയ്യ - 49
അയ്യാ – 29
മനസിലൊരു കൊളുത്തിപിടുതം...
Post a Comment