Followers

സയ്ദ്‌ ആന്റിക്ക്‌ കളക്ഷൻസ്

Saturday, October 11, 2014

റോഡ്‌ നമ്പർ 213, ഷോപ്പ്‌ നമ്പർ 1.അങ്ങോട്ടേക്കുള്ള വഴി കണ്ടുപിടിക്കുന്നതിന്‌ വലിയ ബുദ്ധിമുട്ടൊന്നുമുണ്ടായില്ല.തിരക്കേറിയ വീഥിയിൽ വണ്ടി നിർത്തി ഒരാളോട്‌ വഴി ചോദിച്ചപ്പോൾ രണ്ടാമതൊന്ന്‌ ആലോചിക്കുക കൂടി ചെയ്യാതെയാണ്‌ അയാൾ  കൈ ചൂണ്ടിയത്‌.നൂറിൽപരം  വർഷങ്ങൾ പഴക്കമുള്ള കടയാണല്ലോ,അറിയപ്പെടാതിരുന്നാലേ അത്ഭുതമുള്ളു.റോഡരുകിലെ പുൽനാമ്പുകളോട്‌ ചോദിച്ചാൽ പോലും വഴി അറിയാൻ ബുദ്ധി മുട്ടേണ്ടി വരില്ല. ഒരു ചിരി അവരുടെ ചുണ്ടുകളിലൂടെ ഓടിക്കളിച്ചു.
മെയിൻ റോഡിന്റെ വശത്ത്‌ തന്നെ വണ്ടി നിർത്തി ഇറങ്ങി മുന്നോട്ട്‌ നടന്നു. ആദ്യം കാണുന്ന ഇടത്തേയ്ക്കുള്ള ചെറിയ വഴി. കഷ്ടിച്ച്‌ രണ്ടുപേർക്ക്‌ ഒരേസമയം നടക്കാൻ കഴിയുമായിരിക്കും!വഴി ചെന്നു നിന്നത്‌ ഒരു ചെറിയ കടയുടെ മുന്നിൽ.കൈവിരൽ ചായത്തിൽ മുക്കി എഴുതിയിരിക്കുന്നതുപോലെ  വീതിയുള്ള  പലകയിൽ വടിവില്ലാത്ത അക്ഷരങ്ങളാൽ കടയുടെ പേരു എഴുതിയിട്ടുണ്ട്‌.‘സയ്ദ്‌ ആന്റിക്ക്‌ കളക്ഷൻസ്‌’
ബോർഡ്‌ കണ്ടിട്ടും ഇതു തന്നെയാണോ, താൻ തിരക്കി വന്ന സ്ഥലം എന്ന ശങ്ക ഒരു വേള അവർക്കുണ്ടായി.നഗരത്തിൽ ഇത്രയ്ക്ക്‌ പ്രശസ്തമായ, നൂറിൽപരം വർഷങ്ങളുടെ പഴക്കമുള്ള  ആന്റിക്ക്‌ ഷോപ്പ്‌ ഇതു തന്നെയാണന്ന്‌ അവർക്ക്‌ വിശ്വസിക്കാനായില്ല. ഒരു ചെറിയ മുറിപോലെ തോന്നുന്ന ഇവിടെ എന്ത്‌ ആന്റിക്ക്‌ സാധങ്ങളുണ്ടാവാനാണ്‌. അവർ ചുറ്റുപാടും ഒന്നുകൂടി നോക്കി. ഇനി അടുത്തെങ്ങാനും വേറെ കടകൾ വല്ലതുമുണ്ടങ്കിലോ.
പക്ഷേ അവിടെയെങ്ങും വേറെ ഒരു സ്ഥാപനവും ഉള്ളതായും അവർക്ക്‌ തോന്നിയില്ല.വെറുതെ സമയം മെനക്കെടുത്തലാണിതെന്ന ഒരു വിശ്വാസം അവരുടെ മനസ്സിലൂടെ എങ്ങനെയോ കടന്നുപോയി.എങ്കിലും, ഏതായാലും വന്നതല്ലേ ഒന്നു കേറി നോക്കാമെന്ന്‌ തന്നെ അവർ അവസാനം തീരുമാനിച്ചു.
അകത്തേയ്ക്ക്‌ കയറാൻ തുടങ്ങുമ്പോഴാണ്‌ അവരയാളെ കാണുന്നത്‌. നല്ല പ്രായമുള്ള ഒരാൾ.നരച്ച, നീട്ടിവളർത്തിയ താടിയുള്ള ഒരാൾ.പ്രായാധിക്യത്താലയഞ്ഞ്‌ തൂങ്ങുന്ന ചർമ്മം അയാളുടെ കൈകളിലും മുഖത്തും വ്യക്തമായ്‌ കാണാം.വൃദ്ധൻ ഒരു ചെറിയ തടിക്കസേരയിൽ എന്തോ വായിച്ചു കൊണ്ടിരിക്കുകയായിരുന്നു.
അവരെ കണ്ടതും അയാൾ കസേരയിൽ നിന്നും ഊന്നുവടിയുടെ സഹായത്താൽ എണീറ്റു.ചിരിക്കുന്ന മുഖവുമായ്‌ വൃദ്ധൻ അവരെ അഭിവാദ്യം ചെയ്തു. അവരും തിരിച്ച്‌ വൃദ്ധനെ അഭിവാദ്യം ചെയ്തുകൊണ്ട്‌ ചോദിച്ചു, ‘സയ്ദ്‌ ആന്റിക്‌ ഷോപ്പല്ലേ?  അതേ എന്നും പറഞ്ഞ്‌ വൃദ്ധൻ അവരെ അകത്തേയ്ക്ക്‌ ക്ഷണിച്ചു.
ഇരുട്ട്‌ മൂടിയ ഒരു ഇടനാഴിയിലൂടെ അവർ അകത്തേയ്ക്ക്‌ കടന്നു. വൃദ്ധൻ അവരോട്‌ പറഞ്ഞു,“മാഡം ഒരു നിമിഷം നില്ക്കണേ...ഞാൻ ലൈറ്റിടട്ടെ.” കടക്കുള്ളിൽ ലൈറ്റില്ലന്നുള്ള കാര്യം അപ്പോൾ മാത്രമാണ്‌ അവരറിഞ്ഞത്‌!
വൃദ്ധൻ മുന്നോട്ട്‌ നടന്നു.
വെളിച്ചം വീണ ഇടനാഴിയിൽ അവർ കണ്ടു, പൊടിപിടിച്ച്‌, അടുക്കിയൊന്നും വെയ്ക്കാതെ കൂട്ടിയിട്ടിരിക്കുന്ന കുറേ സാധങ്ങൾ.നഗരത്തിലെ മാലിന്യക്കൂമ്പാരത്തെയാണവർക്ക്‌ ഓർമ്മ വന്നത്‌.പൊടിപിടിച്ച തടിയുടേയും പിച്ചളപ്പാത്രത്തിന്റേയും മണം അവർക്കിഷ്ടപ്പെട്ടു. അവർക്കങ്ങനെയാണ്‌,വിലകൂടിയ പെർഫ്യൂമുകളുടെയോ,അത്തറിന്റേയോ,ടാൽകം പൗഡറിന്റേയോ, സോപ്പുകളുടേയോ സൗഗന്ധത്തേക്കാൾ അവർക്കിഷ്ടം പഴമയുടെ ഈ ഗന്ധമാണ്‌!.
കടയുടെ വലിപ്പമോ, വൃദ്ധനോ ഒന്നും ഇപ്പോൾ അവർക്കൊരു പ്രശ്നമല്ല.അവരൊന്നും ഓർത്തുമില്ല. ഇടനാഴിയിലെ പുരാവസ്തുക്കളിൽ ഒടുങ്ങാത്ത അഭിനിവേശത്തോടെ അവരെന്തൊക്കെയോ ചികയാൻ തുടങ്ങി. അവർക്ക്‌ വേറെയേതോ ലോകത്ത്‌ എത്തിച്ചേർന്ന അനുഭൂതിയായിരുന്നു.
വൃദ്ധന്റെ ശബ്ദം വീണ്ടും.“മാഡം, അതൊക്കെ പൊടിപിടിച്ചുകിടക്കുന്ന സാധനങ്ങളാണ്‌, നിങ്ങൾക്കാവശ്യമുള്ളത്‌ അകത്തേയ്ക്ക്‌ വന്ന്‌ നോക്കാം.”
അവർ ഇടനാഴിയിൽ നിന്നും അകത്തേയ്ക്ക്‌ കടന്നു.അപ്പോഴാണ്‌ അവർ ആ കടയുടെ ശരിക്കുമുള്ള വലിപ്പം ശ്രദ്ധിക്കുന്നത്‌. വെളിച്ചം വീണപ്പോൾ എല്ലാം വ്യക്തമായ്‌ കാണാൻ കഴിയുന്നു! ഇടനാഴിക്കപ്പുറം, വിശാലമായ ഒരു ഹാൾ. ഭിത്തിയിൽ നിറയെ പുരാതനമായ ചിത്രങ്ങൾ, ആയുധങ്ങൾ, മൃഗത്തോലുകൾ, കൊമ്പുകൾ....

പല തരത്തിലും, വലിപ്പത്തിലുമുള്ള അനേകം തൂക്കുവിളക്കുകളിൽ വെളിച്ചം തട്ടി പ്രതിഫലിച്ചപ്പോൾ, അവർ സ്വയം മറന്നു നിന്നുപോയി. നക്ഷത്രങ്ങൾ പുഞ്ചിരിക്കുന്ന ആകാശത്തിന്റെ സൗന്ദര്യം അവർക്കവിടെ കാണാൻ കഴിഞ്ഞു.
വൃദ്ധന്റെ ശബ്ദം.“മാഡം, നിങ്ങളെന്താണ്‌ നോക്കുന്നത്‌?”
“റിയലി ഫന്റാസ്റ്റിക്‌! ഐ ലൈക്ക്‌ ഇറ്റ്‌. ഐ ലൈക്ക്‌ ഹിയർ റ്റൂ മച്ച്‌...” വർദ്ധിതമായ ആനന്ദത്താൽ അവരുടെ മനസ്സ്‌ തുള്ളുകയായിരുന്നു.
വൃദ്ധൻ നന്ദി പറഞ്ഞു.“മാഡം, എന്റെ അപ്പൂപ്പൻ തുടങ്ങിയ കടയാണിത്‌. നൂറ്റാണ്ടിനു മുൻപ്‌. ഇവിടെ നിങ്ങൾക്കെന്തും കിട്ടും.പൗരാണികമായ എന്തും. എന്താണന്ന്‌ വേണ്ടതെന്ന്‌ പറഞ്ഞാൽ, എനിക്ക്‌ നിങ്ങളെ സഹായിക്കാൻ പറ്റും.”
“ഞാനിവിടെയൊക്കെ ഒന്നു കണ്ടോട്ടെ ആദ്യം. വിരോധമുണ്ടോ?”
“ഒരിക്കലുമില്ല. നിങ്ങൾക്കിഷ്ടമുള്ളത്രയും സമയം ഇവിടെ ചിലവഴിക്കാം.സന്തോഷമേയുള്ളു.‘
വൃദ്ധൻ ഒരു ചെറിയ തുണിയെടുത്ത്‌ പാത്രങ്ങളും, തടിച്ചിത്രങ്ങളുമെല്ലാം തുടച്ചു വൃത്തിയാക്കാൻ തുടങ്ങി.
അവർക്ക്‌ വൃദ്ധന്റെ പെരുമാറ്റം വളരെ ഇഷ്ടപ്പെട്ടു.
ഇതിനോടകം വെള്ളി കൊണ്ടുള്ള, ചിത്രപ്പണികളോടുകൂടിയ ഒരു പാത്രം അവർ കണ്ടുപിടിച്ചിരുന്നു. പാത്രം കൈയിലെടുത്ത്‌ അവർ ചോദിച്ചു.”എന്താ ഇതിന്റെ വില?“
വൃദ്ധൻ അവരുടെ കൈയിൽ നിന്നും പാത്രം വാങ്ങി വളരെ ശ്രദ്ധയോടെ തിരിച്ചും മറിച്ചും നോക്കി. “പതിനെട്ടാം നൂറ്റാണ്ടിലേതാണ്‌.ഇംഗ്ളണ്ടിൽ നിന്നും ഉള്ളത്‌. നിങ്ങളെ കണ്ടിട്ട്‌ ഒരു മാന്യസ്ത്രീയാണന്ന്‌ എന്റെ മനസ്സ്‌ പറയുന്നു. കൂടാതെ എന്റെ പേരക്കുട്ടിയുടെ പ്രായവും! ഞാൻ എന്തു വില ചോദിക്കാനാ.”
അവർ പറഞ്ഞു.“അതൊന്നും പറഞ്ഞാൽ പറ്റില്ല.എനിക്കിതിന്റെ വില അറിഞ്ഞാലെ വാങ്ങാൻ പറ്റുമോ ഇല്ലയോ എന്ന്‌ തീരുമാനിക്കാൻ കഴിയൂ.
വൃദ്ധൻ പറഞ്ഞു. ”ഇതിന്റെ പഴക്കവും, വെള്ളിയുടെ ശുദ്ധിയും നോക്കിയാൽ 100 ഡോളർ കൂടുതലൊന്നുമല്ല.“
അവർക്കുണ്ടായ ഞെട്ടൽ,അതിശയം,വിശ്വസിക്കാനുള്ള പ്രയാസം എല്ലാം അവരുടെ കണ്ണുകളിൽ നിന്നും മനസ്സിലാക്കാൻ കഴിയുമായിരുന്നു.
100 ഡോളർ, വളരെ കൂടുതലാണന്ന്‌ പറഞ്ഞ്‌ സ്ത്രീ പ്ലേറ്റ്‌ അവിടെ തന്നെ വെച്ചു.പിന്നെ മറ്റു സാധങ്ങൾ നോക്കാൻ തുടങ്ങി.
ഇഷ്ടപ്പെട്ടുപോയ സാധനമല്ലേ, വില കൂടുതലാണന്ന്‌ വെച്ച്‌ വാങ്ങാണ്ടിരിക്കരുത്‌ തുടങ്ങി ആ പ്ളേറ്റിന്റെ വിശേഷങ്ങളും ഗുണഗണങ്ങളും വൃദ്ധൻ എണ്ണിയെണ്ണിപ്പറഞ്ഞുകൊണ്ടിരുന്നു.സ്ത്രീ ചിരിച്ചതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല.  അവർ ഒരു സ്ഥലത്തു നിന്നും അടുത്തിടത്തേയ്ക്ക്‌ വേഗം വേഗം മാറിക്കൊണ്ടിരുന്നു. കുറേയേറെ നേരം തിരഞ്ഞതിനു ശേഷം അവർ ചോദിച്ചു.
”നിങ്ങളുടെ കൈയിൽ സിൽവർ സ്പൂണുകളുണ്ടോ?“
‘ഉണ്ട്‌’ എന്ന്‌ പറഞ്ഞ്‌ വൃദ്ധൻ ഹാളിന്റെ മൂലയ്കുള്ള ഒരു മേശയുടെ വലിപ്പ്‌ തുറന്നു.അതിൽ നിറയെ സ്പൂണുകളായിരുന്നു. സ്ത്രീ അവയോരോന്നും തിരിച്ചും മറിച്ചുമൊക്കെ പരിശോധിച്ചു. വൃദ്ധൻ ഇപ്പോൾ അത്ഭുതത്തോടെയാണ്‌ അവരെ നോക്കുന്നത്‌.
“മാഡം, നിങ്ങൾക്ക്‌ പുരാവസ്തുക്കളോട്‌ ഭയങ്കര താൽപര്യമാണന്ന്‌ തോന്നുന്നു.”
“അങ്ങനൊന്നുമില്ല.”
വൃദ്ധൻ പറഞ്ഞു.‘ ഇതും വളരെ പഴക്കമുള്ളതാണ്‌. എല്ലാ സ്പൂണുകളും കൂടെ വാങ്ങുവാണെങ്കിൽ വില ഇളവ്‌ ചെയ്തു തരാം.
“ആ പ്ലേറ്റിനും, ഈ സ്പൂണുകൾക്കും കൂടി എന്താകും?”
150 ഡോളർ.
സ്ത്രിയുടെ നോട്ടം ഇപ്പോൾ ഇടവഴിയിലൂടെ അകലെയുള്ള മെയിൻ റോഡിലേക്കായി.
വൃദ്ധൻ പറഞ്ഞു.“മാഡം, ഞാൻ വില കൂടുതലൊന്നും ചോദിക്കുന്നില്ല. മുടക്ക്‌ മുതലെങ്കിലും കിട്ടണമെന്ന്‌ മാത്രമേ എനിക്കുള്ളൂ. നിങ്ങളാണിന്നിവിടുത്തെ ആദ്യ കസ്റ്റമർ. ചിലപ്പോൾ അവസാനത്തേതും...”
വൃദ്ധൻ പിന്നെ കാത്തുനിന്നില്ല.പ്ലേറ്റും സ്പൂണുകളുമെല്ലാം പൊതിഞ്ഞുകെട്ടാൻ തുടങ്ങി.
സ്ത്രീ അയാളെ തടഞ്ഞുകൊണ്ട്‌ പറഞ്ഞു, 150 ഡോളർ വളരെ വളരെ കൂടുതലാണ്‌. മാത്രമല്ല എന്റെ കൈയിൽ അത്രയും പണവുമില്ല ഇപ്പോൾ...
വൃദ്ധന്റെ മുഖം നിരാശകൊണ്ടുമൂടി.
“ഒറിജിനൽ പുരാവസ്തുക്കൾ വാങ്ങുന്നവർ ഇപ്പോൾ ചുരുക്കമാണ്‌.വിലകുറഞ്ഞ ഡൂപ്ലിക്കേറ്റ്‌ സാധങ്ങളോടാണ്‌ ആൾക്കാർക്ക്‌ താല്പര്യം. നിങ്ങളിത്‌ വാങ്ങുമെന്ന്‌ തന്നെ ഞാൻ പ്രതീക്ഷിച്ചു മാഡം.”
അവർക്ക്‌ എന്തുപറയണമെന്ന്‌ അറിയാതെയാതെയായ്‌.
അവർ തോൾ ബാഗ്‌ തുറന്ന്‌ അതിൽ കൈയിട്ട്‌ എന്തൊക്കെയോ തിരയുന്നതുപോലെ ഭാവിച്ചു.പിന്നെ ബാഗ്‌ അടച്ചിട്ട്‌, സിൽവർ പ്ലേറ്റും സ്പൂണുമെടുത്ത്‌ കൊത്തു പണികളുള്ള ഒരു വലിയ ടേബിളിന്റെ മുകളിൽ വെച്ചു.
പ്രകാശം തട്ടി തിളങ്ങുന്ന ആ പ്ലേറ്റിന്റേയും,സ്പൂണിന്റേയും ഭംഗി നോക്കി നോക്കി നിന്നപ്പോൾ അവരുടെ ചുണ്ടുകളിൽ അസാധാരണമായ ഒരു പുഞ്ചിരി ഉണ്ടായി.
“നല്ല ഭംഗി. പക്ഷേ ഇതുവരെ ശരിക്കുമുള്ള വില പറഞ്ഞില്ല.”അവർ വൃദ്ധനെ നോക്കി പറഞ്ഞു.
“മാഡം ഇത്രയും ഇഷ്ടപ്പെട്ട സ്ഥിതിക്ക്‌ നിങ്ങളിതു വാങ്ങുമെന്ന്‌ തന്നെ ഞാൻ പ്രതീക്ഷിക്കട്ടെ?
10 ഡോളർ കുറയ്ക്കാം എന്ന്‌ വൃദ്ധൻ പറഞ്ഞപ്പോൾ,അവർ തോളിൽ നിന്നും ബാഗെടുത്ത്‌ കസേരയിൽ വെച്ചു.
”ഇതിലും കുറയില്ലേ വില?“
കുറച്ചു നേരം ആലോചിച്ച്‌ നിന്നിട്ട്‌ വൃദ്ധൻ പറഞ്ഞു, ”മാഡം നിങ്ങളാണിവിടുത്തെ ആദ്യത്തെ കസ്റ്റമർ. അതുകൊണ്ടുതന്നെ ഈ കച്ചവടം നടക്കണമെന്ന്‌ എനിക്കാഗ്രഹമുണ്ട്‌. ഒരു 10 ഡോളർ കൂടി കുറയ്ക്കാം. അതിന്റപ്പുറം, ദയവു ചെയ്ത്‌ ചോദിക്കരുത്‌.“
അവർ കുറച്ച്‌ നേരം കൂടി ആലോചിച്ച്‌ നിന്നിട്ട്‌ പറഞ്ഞു, ”എനിക്കിത്‌ വാങ്ങണമെന്നുണ്ട്‌, എങ്കിലും ഇത്രയും തുക എന്റെ കൈയിലില്ല.ഒരു പക്ഷേ അടുത്ത തവണ വരുമ്പോൾ വാങ്ങാൻ പറ്റുമായിരിക്കും.“
അവർ പിന്നെ ബാഗ്‌ തുറന്ന്‌ ഒരു ക്യാമറ പുറത്തെടുത്തുകൊണ്ട്‌ ചോദിച്ചു, “ഞാനിതിന്റെ ഒരു പടമെടുത്തോട്ടേ?”
വിരോധമൊന്നുമില്ലന്ന്‌ വൃദ്ധൻ പറഞ്ഞു. അയാളുടെ മുഖത്തെ നൈരാശ്യം അവർ കണ്ടില്ലന്ന്‌ നടിച്ചു.

ഫ്ലാഷ്‌ ലൈറ്റിൽ വൃദ്ധന്റെ നരച്ച മുടിയുടെ സ്വർണ്ണത്തിളക്കം പല തവണ ഉണ്ടായി.
അവർ പ്ലേറ്റും,കരണ്ടിയും അതിന്റെ പഴയ സ്ഥലത്തുകൊണ്ടു വെയ്ക്കാൻ പോയപ്പോൾ അയാളത് അവരുടെ കൈയിൽ നിന്നും വാങ്ങി അലമാരയ്ക്കുള്ളിൽ വെച്ചു.
അവർ കടയെക്കുറിച്ച് വൃദ്ധനോട് പലതും ചോദിച്ചു. അയാൾ യാതൊരു മടിയോ ബുദ്ധിമുട്ടോ കൂടാതെ അവർക്കെല്ലാത്തിനും മറുപടിയും നൽകി.
പിന്നെയവർ വൃദ്ധന്‌ കൈ കൊടുത്ത്‌ നന്ദിയും പറഞ്ഞ്‌  പുറത്തേയ്ക്ക്‌ നടന്നു.അയാൾ കടയിലെ ലൈറ്റ്‌ ഓഫ്‌ ചെയ്ത്‌ വീണ്ടും തടിക്കസേരയിൽ വന്നിരുന്ന്‌ പുസ്തകം വായന തുടർന്നു.
----
കുറേ നാളുകൾക്ക്‌ ശേഷമാണ്‌ അവരവിടെ വീണ്ടും വന്നത്‌. കടയ്ക്കും, പരിസരത്തിനും,‘സയ്ദ്‌ ആന്റിക്‌ കളക്ഷൻസ്‌’ എന്നെഴുതിയ ബോർഡിനും ഒന്നും ഒരു മാറ്റവുമില്ല.
പക്ഷേ... അവർക്കതിശയം തോന്നിപ്പിച്ച ഒരു സംഗതിയുണ്ടായിരുന്നു പുതിയതായ്‌ അവിടെ.
‘സയ്ദ്‌ ആന്റിക്‌ കളക്ഷൻസ്‌’ എന്ന ബോർഡിന്‌ തൊട്ടു താഴെ മറ്റൊരു ബോർഡ്‌!അതിൽ വൃത്തിയായ്‌ ഭംഗിയുള്ള അക്ഷരത്താൽ എഴുതി വെച്ചിരിക്കുന്നു ‘photography not allowed’
അവരുടെ ദൃഷ്ടി വൃദ്ധനിരുന്നിരുന്ന തടിക്കസേരയിലേക്കായി. അതൊഴിഞ്ഞു കിടക്കുകയായിരുന്നു.
ഒരു ചെറുപ്പക്കാരൻ സ്ത്രീയെ സ്വാഗതം ചെയ്തുകൊണ്ട്‌ പുറത്തേയ്ക്ക്‌ വന്നു.
അവർ ബോർഡ്‌ ചൂണ്ടിക്കാണിച്ചുകൊണ്ട്‌ ചോദിച്ചു,“ഇതെന്താ, ഇങ്ങനെ?”
ചെറുപ്പക്കാരൻ പറഞ്ഞു, “അച്ഛനുണ്ടായിരുന്ന കാലത്ത്‌ ആൾക്കാർക്കിതായിരുന്നു പരിപാടി. ഇവിടുത്തെ സാധനങ്ങളുടെ പടമെടുത്ത്‌ ഡുപ്ലിക്കേറ്റുണ്ടാക്കി കുറഞ്ഞ വിലയ്ക്ക്‌ വിറ്റ്‌ പലരും കാശുകാരായി. ഞങ്ങളെപ്പോലുള്ളവർ ഇപ്പോഴും പട്ടിണി.”
സ്ത്രീ കുറച്ചു നേരം വൃദ്ധന്റെ ഒഴിഞ്ഞു കിടക്കുന്ന കസേരയിലേക്ക്‌ തന്നെ നോക്കി നിന്നു. പിന്നെ അകത്തോട്ടു കയറി. അവർക്ക്‌ അവിടെമെല്ലാം സുപരിചിതമായിരുന്നു.
ചെറുപ്പക്കാരൻ ചോദിച്ചു,“മാഡം ഇവിടെ ആദ്യമല്ലന്ന്‌ തോന്നുന്നു.” അവർ തലകുലുക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല.സിൽവർ പ്ലേറ്റും സ്പൂണുമിരുന്നിരുന്ന സ്ഥലത്തേയ്ക്ക്‌ അവർ നടന്നു. പക്ഷേ അതവിടെ ഉണ്ടായിരുന്നില്ല.
‘മാഡം, നിങ്ങളെന്താണ്‌ തിരയുന്നത്‌? എനിക്ക്‌ നിങ്ങളെ സഹായിക്കാൻ കഴിയും.“
അവർ പറഞ്ഞു,’പതിനെട്ടാം നൂറ്റാണ്ടിലെ ഇംഗ്ലീഷ്‌ പ്ലേറ്റും, സ്പൂണും...അതിവിടെയായിരുന്നു വെച്ചിരുന്നത്‌...കുറേ നാളുകൾക്ക്‌ മുൻപ്‌ ഞാൻ...” പ്ലേറ്റിരുന്ന സ്ഥലത്തേയ്ക്ക്‌ അവർ കൈചൂണ്ടി.
ഇപ്പോൾ അവർക്ക്‌ ചെറുപ്പക്കാരന്റെ ചിരി കാണാം.
“130 ഡോളർ അല്ലേ?”
‘അതേ’ എന്ന്‌ അവർ മറുപടി പറഞ്ഞു.
സിൽവർ പ്ലേറ്റും സ്പൂണും ഇഷ്ടപ്പെട്ട സ്ത്രീയെക്കുറിച്ചും, അതു വാങ്ങാൻ ഒരിക്കൽ അവർ വരുമെന്നും, അവർക്ക്‌ മാത്രമേ കൊടുക്കാവൂ എന്നുമൊക്കെ അച്ഛൻ പറഞ്ഞിരുന്ന കാര്യം അയാൾ പറയുന്നത്‌ വളരെ താൽപര്യത്തോടെയാണ്‌ സ്ത്രീ കേട്ടത്‌.
അയാൾ ഒരു അലമാര തുറന്ന്‌ അതിൽ നിന്നും ഭംഗിയായ്‌ പൊതിഞ്ഞു വെച്ചിരുന്ന പ്ലേറ്റും സ്പൂണുകളും എടുത്തുകൊണ്ടുവന്നു.“കസ്റ്റമേഴ്സിന്റെ ഹൃദയമറിഞ്ഞവനായിരുന്നു അച്ഛൻ!”
അവർക്ക്‌ സന്തോഷം അടക്കാനായില്ല.ചെരുപ്പക്കാരന്റെ കൈയിൽ നിന്നും അവരത്‌ വാങ്ങി.
“പുരാവസ്തുക്കൾ പഴകും തോറും വില കൂടുന്നവയാണ്‌...എങ്കിലും, അച്ഛന്റെ വാക്ക്‌  ഞാൻ പാലിക്കുന്നു. 130 ഡോളർ മാത്രം.”
സ്ത്രീ ബാഗ്‌ തുറന്ന് പണമെടുത്തു.  അതിലപ്പോഴും ഒരു ക്യാമറ ഉണ്ടായിരുന്നു.
പ്ലേറ്റും സ്പൂണുകളും വാങ്ങി ബാഗിൽ വെച്ച്‌ അവർ പുറത്തേയ്ക്കിറങ്ങി. പിന്നെ എന്തോ ഓർത്തിട്ടെന്നപോലെ തിരികെ വന്നു.
“എന്തെങ്കിലും മറന്നോ മാഡം?”
‘അതേ’ എന്ന്‌ പറഞ്ഞ്‌ അവരൊരു മാഗസിൻ ബാഗിൽ നിന്നെടുത്ത്‌ നിവർത്തി ചെറുപ്പക്കാരന്റെ കൈയിൽ കൊടുത്തു.
അയാളത്‌ വളരെ താൽപര്യത്തോടെ വായിച്ചു.നഗരത്തിലെ ഏറ്റവും പുരാതനമായ ആന്റിക്ക്‌ ഷോപ്പിനെ കുറിച്ചുള്ള ഒരു ലേഖനം.ജീവൻ തുടിക്കുന്ന അച്ഛന്റെ ഫോട്ടോയിൽ അയാൾ ഇമവെട്ടാതെ നോക്കി നിന്നു കുറച്ചുനേരം. ആ കണ്ണുകൾ എന്തോ ആജ്ഞാപിക്കുന്നുവോ? അയാൾ ധൃതിയിൽ കടയ്ക്ക്‌ പുറത്തേയ്ക്ക്‌ ഇറങ്ങി.
സ്ത്രീയെ അവിടെങ്ങും കണ്ടില്ല.
തിരികെ വന്ന് മാഗസിൻ വീണ്ടും നിവർത്തി. താളുകൾ ഒന്നൊന്നായി വേഗം അയാൾ മറിച്ചു. മാഗസിനുള്ളിൽ നിന്നും ഒരു കവർ അയാളുടെ കാലിൽ വീണു. അയാളതെടുത്തു പൊട്ടിച്ചു. വിശ്വസിക്കാനായില്ല. ഒന്ന്...രണ്ട്...മൂന്ന്...നാല്‌...അഞ്ച്...
അഞ്ഞൂറ്‌ ഡോളർ! കൂടെ ഒരു കുറിപ്പും.‘ഈ വർഷത്തെ ഏറ്റവും നല്ല ഫോട്ടോഫീച്ചറിന്‌ എന്നെ പ്രാപ്തയാക്കിയതിൽ താങ്കൾക്കുള്ള പങ്ക് ചെറുതല്ല. അതുകൊണ്ടുതന്നെ അവാർഡ് തുകയുടെ പകുതി താങ്കൾക്കുകൂടിയുള്ളതാണ്‌. ദയവായി സ്വീകരിച്ചാലും...“
ചെറുപ്പക്കാരൻ മുട്ടുകുത്തി കൈകൾ രണ്ടും ആകാശത്തേയ്ക്ക്‌ ഉയർത്തി, ”പിതാവേ ക്ഷമിക്കുക, നാം കാണുന്നതും മനസ്സിലാക്കുന്നതും മാത്രമല്ല ഈ ലോകമെന്ന്‌ ഞാനറിയുന്നു.“
വന്യമായ ഒരു കാറ്റിനോടൊപ്പം ’photography not allowed‘ എന്നുള്ള ബോർഡ്‌ പറന്നു പറന്നു പോയി.


Read more...

ബസ് സ്റ്റോപ്പിലെ യുവതി

Wednesday, September 17, 2014

പത്തുവർഷങ്ങൾക്ക്‌ മുൻപുള്ള ഒരു പ്രഭാതത്തിലാണ്‌ ഈ വഴിയിലൂടെ അയാൾ
 യാത്ര തുടങ്ങിയത്‌.  ഇതേ ബസിൽ,  ഇതേ വഴിയിലൂടെ...   ബാങ്ക്‌ ക്ലർക്കായി അന്നാണ്‌ ജോലി തുടങ്ങിയത്‌ . പ്രത്യേകതകളൊന്നുമില്ലാതെ അയാളുടെ യാത്ര അങ്ങനെ തുടർന്നുകൊണ്ടിരുന്നു. സ്ഥിരം പോകുന്ന വഴി... പതിവ്‌ വഴിക്കാഴ്ചകൾ... സഹയാത്രികരും, അല്ലാതെയുമായി എന്നും കാണുന്ന ആളുകൾ...
കുറച്ചു നാളുകൾക്ക് മുന്നേയുള്ള ഒരു ദിവസമാണ്‌; പട്ടണത്തിനടുത്തുള്ള ഒരു ബസ്‌ സ്റ്റോപ്പിൽ അയാളൊരു  യുവതിയെ കാണുന്നത്‌! എന്തോ...അയാൾക്കവരെ കണ്ടപ്പോൾ ഒരു പ്രത്യേക ആകർഷണം തോന്നി. വലിയ സുന്ദരിയൊന്നുമല്ല അവർ. എങ്കിലും ഒരു ശാലീനതയുണ്ട്‌ ആ മുഖത്ത്‌. ഒരു നിഷ്ക്കളങ്കതയുണ്ട്‌ ആ മുഖത്ത്‌. അവരുടെ നീലക്കണ്ണുകൾക്ക്‌ ഒരു വല്ലാത്ത ആകർഷ്ണതയുണ്ടന്ന്‌ അയാൾക്ക്‌ തോന്നി.
ഒരിക്കൽ അയാളും ഭാര്യയും കൂടെ ടീവിയിൽ സിനിമ കാണുകയായിരുന്നു. പെട്ടെന്ന്‌ ഒരു സ്ത്രീ കഥാപാത്രത്തെ കണ്ട്‌ എന്തോ അയാൾക്ക്  ഒരു വല്ലായ്മ തോന്നി. ഒരു തരം ഭയം.
അയാളുടെ നെറ്റിയിൽ വിയർപ്പ്‌ കണങ്ങൾ പൊടിഞ്ഞു. അയാൾ ഭാര്യയോട്‌ പറഞ്ഞു. “എനിക്കീ സ്ത്രീയുടെ മുഖം കണ്ടിട്ട്‌ വല്ലാതെ ഭയം തോന്നുന്നു.നമ്മുക്ക്‌ ഈ സിനിമ നിർത്തി വേറേ എന്തെങ്കിലും കാണാം.” ഭാര്യ ടീവി ഓഫ്‌ ചെയ്തിട്ട്‌ തമാശ രൂപേണ പറഞ്ഞു.
“ചിലപ്പോൾ ആ സ്ത്രീയുടെ മുഖമുള്ള ആരോ നിങ്ങളുടെ മുജ്ജന്മത്തിൽ ഉണ്ടായിരുന്നിരിക്കാം.അവരിൽ നിന്നും, എന്തെങ്കിലും ഭയപ്പെടുത്തുന്ന സംഭവങ്ങൾ അന്നുണ്ടായിക്കാണാം.“
അയാൾ ഭാര്യ പറഞ്ഞത്‌ ശ്രദ്ധിച്ചുകേട്ടു. ശരിയായിരിക്കാം. അല്ലായിരിക്കാം.
ചില മുഖങ്ങൾ അയാളെ  ഭയപ്പെടുത്തും. അതു സിനിമയിൽ തന്നെ ആകണമെന്നില്ല!വഴിയരുകിൽ കാണുന്നവരിൽ ചിലരാകാം...മാർക്കറ്റിലോ ഉൽസവപ്പറമ്പിലോ കാണുന്നവരാകാം.
ഭാര്യയുടെ അടുത്ത ചോദ്യം പുറകേ വന്നു. ചിരിച്ചുകൊണ്ടാണ്‌.”പേടിപ്പെടുത്തുന്ന മുഖങ്ങളുണ്ടേൽ, തീർശ്ചയായും ഇഷ്ടപ്പെടുന്ന മുഖങ്ങളുമുണ്ടാവുമല്ലോ?“
അയാൾ പറഞ്ഞു.”ശരിയാണ്‌.ഉണ്ട്‌. പക്ഷേ അതു നിന്റെ പോലത്തെ മുഖമല്ല.“അവർ പരിഭവത്തോടെ അയാളുടെ കവിളിൽ നുള്ളി.
”നിങ്ങൾക്ക്‌ ഇഷ്ടപ്പെടുന്ന മുഖം എനിക്കെന്നെങ്കിലുമൊന്ന്‌ കാണിച്ചുതരാമോ?“
സമ്മതം മൂളിയെങ്കിലും ഒന്നു അയാൾ തീരുമാനിച്ചിരുന്നു. ഒരിക്കലും ഭാര്യയെ അയാൾക്കിഷ്ടമുള്ള മുഖം കാണിക്കാൻ പോകുന്നില്ല. കുടുംബകലഹത്തിന്‌ അതു മതിയാകാം കാരണം.
ഇഷ്ടപ്പെടുന്ന സ്ത്രീകളും മുജ്ജന്മവുമായി എന്തെങ്കിലും ബന്ധമുണ്ടോ? അയാൾ ചോദിച്ചു.
‘കൂടുതല്‌ കളിയാക്കരുതേ,’ എന്നും പറഞ്ഞ്‌ ഭാര്യ എണീറ്റ്‌ പോയി.
ബസ്‌ സ്റ്റോപ്പിലെ ഈ സ്ത്രീയെ കണ്ടപ്പോൾ അയാളാ  സംഭവം  ഓർത്തുപോയി.  അയാൾക്കിഷ്ടമുള്ള മുഖം!
പിറ്റേ ദിവസവും അയാൾ യുവതിയെ കണ്ടു. പിന്നീടുള്ള ദിവസങ്ങളിൽ അതു പതിവായി. പട്ടണത്തിന്നടുത്തുള്ള ബസ്‌ സ്റ്റോപ്പിലെത്തിയാൽ അയാൾ അറിയാതെ തല പുറത്തിട്ട്‌ നോക്കും.ബസ്സ്‌ മുന്നോട്ട്‌ നീങ്ങുമ്പോൾ അയാളവരെ കമ്പിയഴിയുടെ മുകളിലൂടെ തല പുറത്തേയ്ക്കിട്ട്‌ നോക്കും..
 പണ്ടെവിടെയോ വായിച്ചതോർത്തു അയാൾ! മലയാളികളായ ആണുങ്ങളുടെ ഏറ്റവും വൃത്തികെട്ട സ്വഭാവങ്ങളിലൊന്നാണത്രേ, ഓടുന്ന വണ്ടിയിൽ നിന്നും തലയിട്ട്‌ പുറത്ത്‌ വഴിയരികിൽ നില്ക്കുന്ന സ്ത്രീകളെ ഒരത്ഭുത വസ്തുവിനെയെന്നപോലെ നോക്കുന്നത്‌!
എങ്കിലും, അയാളുടെ മനസ്സ്‌ വീണ്ടും വീണ്ടും പറഞ്ഞു.‘നോക്കൂ....നിനക്ക്‌ മതിയാവോളം നോക്ക്‌...’
ആ സ്ത്രീയെ നോക്കുന്നതിൽ നിന്നും അയാളുടെ കണ്ണുകളെ പിന്തിരിപ്പിക്കാൻ ഒരിക്കലും കഴിഞ്ഞിരുന്നില്ല. ഒരു ദിവസം ആ  സ്ത്രീയെ കണ്ടില്ലെങ്കിൽ അയാൾക്ക് ഭയങ്കര ബുദ്ധിമുട്ടാകും. അങ്ങനെയുള്ള ദിവസങ്ങളിൽ വിലയേറിയതെന്തോ നഷ്ടമായ തോന്നലാണ്‌! ഓഫീസിലെത്തിയാലും അയാൾ എന്തോ മറന്നുപോയവനെപ്പോലെയാണ്‌.ഒന്നിലും ശ്രദ്ധിക്കാൻ പറ്റില്ല.മറവി പണ്ടേ അയാളുടെ കൂടെപ്പിറപ്പാണ്‌. ചില ദിവസങ്ങളിൽ അയാൾ പേനയെടുക്കാൻ മറക്കും. ചിലപ്പോഴൊക്കെ ചന്ദനക്കുറി തൊടാൻ മറക്കും, സോക്സിടാൻ മറക്കും, ലഞ്ച്‌ ബോക്സെടുക്കാൻ മറക്കും. കണ്ണടയെടുക്കാൻ മറക്കും.ചിലപ്പോഴൊക്കെ അടിവസ്ത്രങ്ങളിടാൻ പോലും മറക്കും. പലദിവസങ്ങളിലും പലപല കാര്യങ്ങളാണ്‌ അയാൾ മറന്നിട്ടുള്ളത്‌. അങ്ങനെയുള്ള ദിവസങ്ങളിൽ, എന്തോ മറന്നെന്ന്‌ കൂടെക്കൂടെ തോന്നും. പക്ഷേ എന്താണ്‌ മറന്നതെന്ന്‌ മാത്രം മനസ്സിലാവില്ല. അറ്റന്റൻസ്‌ രജിസ്റ്ററിൽ ഒപ്പിടാൻ ചെല്ലുമ്പോഴായിരിക്കും, പേനയെടുത്തിട്ടില്ലെന്ന്‌ മനസ്സിലാവുന്നത്‌...ഊണു കഴിക്കാനായ്‌ സഹപ്രവർത്തകർ വിളിക്കുമ്പോഴായിരിക്കും ലഞ്ച്‌ ബോക്സ്‌ ബാഗിലേയ്ക്ക്‌ എടുത്ത്‌ വെയ്ക്കാൻ മറന്നുപോയെന്ന്‌ ഓർക്കുന്നത്‌...ബസ്സിൽ ടിക്കറ്റെടുക്കാൻ പോക്കറ്റിൽ കൈയിടുമ്പോഴായിരിക്കും, ടിക്കറ്റിനുവേണ്ടി മാറി വെച്ചിരുന്ന ചില്ലറ മേശമേൽ തന്നെ വെച്ച്‌ മറന്നിട്ടാണ്‌ വന്നിരിക്കുന്നതെന്ന്‌... മൂത്രമൊഴിക്കാൻ ടൊയ്‌ലെറ്റിൽ കയറുമ്പോഴായിരിക്കും, അയ്യോ...പാന്റ്സിന്നടിയിൽ ഒന്നുമിട്ടിട്ടില്ലന്ന്‌ ഓർക്കുന്നത്‌!
ഇങ്ങനെയുള്ള അയാളുടെ ഓർമ്മത്തെറ്റുകൾ നൽകുന്ന വിമ്മലിൽ നിന്നും വളരെ വ്യത്യസ്തമായിരുന്നു അയാൾക്ക്‌ ബസ്‌ സ്റ്റോപ്പിലെ യുവതിയെ കാണാതിരുന്നാൽ... ഒരു തരം നീറ്റൽ... ഉള്ളിന്റെ ഉള്ളിൽ നിന്നും...
പണ്ട്‌, കോളേജ്‌ ജീവിതകാലത്ത്‌ ഇത്തരമൊരു നൊമ്പരം അയാൾക്കുണ്ടായിട്ടുണ്ട്‌. നീല ഹാഫ്‌ സാരിയുടുത്ത്‌ സുനന്ദ ഒരു പൊട്ടുപോലെ കോളേജ്‌ വരാന്തയുടെ അങ്ങേ അറ്റത്ത്‌ കൂടി  ദൃഷ്ടിയിൽ നിന്നും എന്നെന്നേക്കുമായി അപ്രത്യക്ഷയായപ്പോൾ ഇതുപ്പൊലൊരു നൊമ്പരം
അനുഭവപ്പെട്ടിട്ടുണ്ട്‌. ഒരു നഷ്ടകാമുകന്റെ ദുഃഖമായ്‌ ആ സംഭവം മനസ്സിൽ കുറേ നാളുണ്ടായിരുന്നു.
ബസ്‌ സ്റ്റോപ്പിലെ യുവതിയെ അയാൾ പ്രണയിക്കുകയായിരുന്നോ....അറിയില്ല. പക്ഷേ അവരുടെ നടത്തം...അവരുടെ നെറ്റിയിലെ കുങ്കുമപ്പൊട്ട്‌...അവരുടെ കുപ്പി വളകൾ...വിലകൂടിയതല്ലാത്തതും, അലസമായ്‌ ഉടുത്തിരിക്കുന്നതുമായ അവരുടെ സാരി...ഈരിക്കെട്ടി വെയ്ക്കാതെ അലങ്കോലമായ്‌ കിടക്കുന്ന അവരുടെ മുടി...വശ്യമായ ആ നീലക്കണ്ണുകൾ...എല്ലാം അയാൾക്ക്‌ മനഃപാഠമായി!
അവർ ഒരിക്കൽ പോലും അയാളെ ശ്രദ്ധിച്ചിരുന്നതായ്‌  തോന്നിയിട്ടില്ല.അവരുടെ നോട്ടം അയാളിലേക്കാകർഷിക്കാനും അയാൾ ഒരിക്കൽപോലും ശ്രമിച്ചിട്ടില്ല. അവരത്ര സുന്ദരിയൊന്നുമല്ലായിരുന്നു. എന്നിട്ടും...ആ മുഖം അയാൾക്കിഷ്ടമായിരുന്നു.
 ഈയിടെയായ്‌ അയാൾ സൈഡ്‌ സീറ്റിലേ ഇരിക്കാറുള്ളു. അതായിരുന്നു അയാൾക്ക്‌ സൗകര്യം! ബസ്‌ വിട്ടാലും  കമ്പിയഴിയുടെ മുകളിലൂടെ തലയിട്ട്‌ അവരെ കാണാൻ സാധിക്കുമല്ലോ.

ഒരു ദിവസം അയാൾ ബസ്സിൽ കയറിയപ്പോൾ  സാധാരണ ഇരിക്കുന്ന സീറ്റിൽ ഒരു സ്ത്രീയും
അവരുടെ കുഞ്ഞും ഇരിക്കുന്നു. വേറേ സീറ്റൊന്നും ഒഴിവില്ലാത്തതിനാൽ അയാളാ സ്ത്രിയുടേയും കുട്ടിയുടേയും അടുത്തിരുന്നു. കുട്ടി ഇടയ്ക്കിടയ്ക്ക്‌ അയാളുടെ മുടിയിലും കണ്ണടയിലുമൊക്കെ പിടിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. അയാൾ  കുട്ടിയെ കണ്ണുരുട്ടി കാണിച്ചു.നാക്കു പുറത്തേക്കിട്ട്‌
കാണിച്ചു.കുഞ്ഞ്‌ ഭയങ്കര ചിരി. അപ്പോൾ അതിന്റെ നാമ്പെടുത്തുവരുന്ന രണ്ട്‌  പാല്പ്പല്ലുകൾ വ്യക്തമായ്‌ കാണാം. അയാളും കുട്ടിയും ഈ കളി കുറേ നേരം തുടർന്നു. പിന്നെയത്‌ അമ്മയുടെ തോളിൽ കിടന്ന്‌ ഉറങ്ങിപ്പോയി. ബസ്‌ അന്നും പതിവുപോലെ പട്ടണത്തിന്നടുത്തുള്ള സ്റ്റോപ്പിലെത്തി. സ്റ്റോപ്പിൽ നിർത്തുന്നതിനും മുന്നേ അയാളവരെ കണ്ടിരുന്നു.
ആൽമരച്ചോട്ടിൽ നിൽക്കുന്നു. പതിവ്‌ വേഷം തന്നെ. അഴിഞ്ഞുകിടക്കുന്ന മുടി. അലസമായ്‌ വാരിയുടുത്തിരിക്കുന്ന സാരി. നല്ലവണ്ണം ഡ്രസ്‌ ചെയ്ത്‌, ആവശ്യത്തിന്‌ മേക്കപ്പൊക്കെയിട്ട്‌ നില്ക്കുന്ന അവരെ അയാൾ മനസ്സിൽ സങ്കൽപിച്ചു. അപ്പോഴാണ്‌ അത്‌ സംഭവിച്ചത്‌!
ഒരു മിന്നായം പോലെ ആ യുവതി  ബസ്സിലേയ്ക്ക്‌ ഓടിക്കയറി.അയാളുടെ കൈ തട്ടി മാറ്റി അവർ തലയ്ക്ക്‌ മുകളിലൂടെ അടുത്ത സീറ്റിലേയ്ക്ക്‌ മറിഞ്ഞു.
മാനത്ത്‌ വട്ടമിട്ട്‌ പറക്കുന്ന ഒരു പരുന്തിന്റെ സൂക്ഷ്മത ആയിരുന്നു അവർക്ക്‌! കോഴിക്കുഞ്ഞിനെ റാഞ്ചുന്ന കൃത്യതയിൽ അവർ അയാളുടെ അടുത്ത സീറ്റിലിരുന്ന സ്ത്രീയുടെ കൈയിൽ നിന്നും കുഞ്ഞിനെ വലിച്ചെടുത്ത്‌ ബസിൽ നിന്നും പുറത്തു ചാടി. പിന്നെയൊരു ബഹളമായിരുന്നു.ഒരു പിടിയും വലിയും. ബസ്‌ സ്റ്റോപ്പിലെ യുവതിയെ ആരൊക്കെയോ കൂടി പിടിച്ചുകൊണ്ടുപോയി.വണ്ടി വിട്ടു. കുഞ്ഞ്‌ വീണ്ടും  കണ്ണടയിൽ പിടുത്തം തുടങ്ങി. അയാൾ കണ്ണുരുട്ടിയില്ല. നാക്കും നീട്ടിയില്ല.

അടുത്ത ദിവസവും, അതിന്റടടുത്ത ദിവസവുമൊക്കെ  ബസ്‌ സ്റ്റോപ്പിലെത്തിയപ്പോൾ അയാൾ യുവതിയെ നോക്കി. കണ്ടില്ല. അയാൾക്ക്‌ വല്ലാത്ത വിഷമം തോന്നി. ജോലിയിൽ ഒരു താല്പ്പര്യവും തോന്നിയില്ല. വീട്ടിലെത്തിയിട്ടും ഒരു വല്ലായ്മ. ഭാര്യ ചോദിച്ചു, എന്തെങ്കിലും
അസുഖമുണ്ടോയെന്ന്‌. ഇല്ലായെന്ന്‌ തലകുലുക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല അയാൾ. മൂന്നാമത്തെ ദിവസവും അയാൾ സ്റ്റോപ്പിൽ നോക്കി. യുവതിയെ കണ്ടില്ല. അയാൾ പതിയെ സീറ്റിൽ നിന്നും എണീറ്റു അവിടെ ഇറങ്ങി. ആദ്യമായിട്ടായിരുന്നു അയാളാ  സ്റ്റോപ്പിൽ ഇറങ്ങുന്നത്‌.
അയാൾക്ക്‌ ആ പ്രദേശമൊന്നും പരിചിതവുമായിരുന്നില്ല. കുറച്ചുനേരം അയാൾ ആൽമരച്ചോട്ടിൽ നിന്നു. പിന്നെ അടുത്തുള്ള കച്ചവടക്കാരനോട്‌, കഴിഞ്ഞ ദിവസം ബസ്സിൽ പ്രശ്നമുണ്ടാക്കിയ യുവതിയെക്കുറിച്ച്‌ ചോദിച്ചു. കച്ചവടക്കാരൻ പറഞ്ഞുകൊടുത്ത വഴിയിലൂടെ  യുവതിയുടെ വീട്ടിലേയ്ക്ക്‌ നടന്നു. വളവും തിരിവുമൊക്കെയായ്‌ കുറച്ചു ദൂരമുണ്ടായിരുന്നു അവരുടെ വീട്ടിലേയ്ക്ക്‌... ഇടയ്ക്ക്‌ ഒന്നു രണ്ടുപേരോട്‌ കൂടി ചോദിക്കേണ്ടി വന്നു. പട്ടണത്തിനോട്‌ ചേർന്ന്‌ ഇതുപോലെ ശാന്തമായ ഒരു സ്ഥലം അയാളെ അൽഭുതപ്പെടുത്തി.
അയാൾ ഗേറ്റ്‌ തുറന്ന്‌ യുവതിയുടെ വീട്ടിലെത്തി. അവിടെ ഒരു കറുത്ത മദ്ധ്യവയസ്കൻ നില്പ്പുണ്ടായിരുന്നു. കൈലി മാത്രം ഉടുത്ത്‌...ഷർട്ടൊന്നും ധരിക്കാതെ... അയാളുടെ ഇടത്തേ തോളത്ത്‌ ഒരു വെള്ളത്തോർത്ത്‌ കിടപ്പുണ്ടായിരുന്നു.പശുവിന്‌ പുല്ലുകൊടുത്തിട്ട്‌ തൊഴുത്തിൽ നിന്നും ഇറങ്ങി വരുന്നതുപോലെ തോന്നി അദ്ദേഹത്തെ കണ്ടപ്പോൾ.
അയാളൊന്ന് ചിരിക്കാൻ ശ്രമിച്ചു.പക്ഷേ ഒന്നും ചോദിക്കാൻ വാക്കുകൾ കിട്ടിയില്ല.
മദ്ധ്യവയസ്കൻ  ചോദിച്ചു.
“ഡോക്ടറാണല്ലേ? സുരേഷ്‌ പറഞ്ഞിരുന്നു ഇന്നിങ്ങോട്ട്‌ വരുമെന്ന്‌.”
അയാൾ ഉത്തരമൊന്നും പറഞ്ഞില്ല.ഇടത്തേ കക്ഷത്തിരുന്ന ഓഫീസ്‌ ബാഗ്‌ വലത്തേ കൈയിൽ പിടിച്ചു.
“രണ്ടു ദിവസമായ്‌ കൊറച്ച്‌ കൂടുതലാ...ഡോക്ടറിങ്ങോട്ട്‌ വന്നത്‌ ഉപകാരമായ്‌.ഇപ്പോ മുറിയിലിട്ട്‌ പൂട്ടിയിരിക്കയാ...” മദ്ധ്യവയസ്കൻ വീടിന്നകത്തേയ്ക്ക്‌ കയറി. അയാൾ അനുഗമിച്ചു.
യുവതിയുടെ മുറി പുറത്തു നിന്നും പൂട്ടിയിരിക്കുന്നു.
മദ്ധ്യവയസ്കൻ മുറിയുടെ പൂട്ടു തുറന്ന് അകത്തു കയറി.കൂടെ അയാളും.യുവതി ജന്നലിന്നടുത്ത്‌ പുറത്തോട്ടും നോക്കി നില്ക്കുകയായിരുന്നു.
മദ്ധ്യവയസ്കനും, അയാളും അകത്തുകയറിയപ്പോൾ യുവതി വാതില്ക്കലേയ്ക്ക്‌ ഓടി വന്നു. അവിശ്വസനീയമായ മിഴികളോടെയാണ്‌ യുവതി അയാളെ നോക്കിയത്‌.
ആശ്ചര്യം തുളുമ്പുന്ന ആ മുഖത്ത്‌ മൊട്ടിട്ട പുഞ്ചിരിയുടെ മനോഹാരിതയിൽ ലയിച്ച്‌  അയാൾ ഒരു നിമിഷം നിന്നു. നീലക്കണ്ണുകളുടെ ആഴത്തിലുള്ള നോട്ടം അയാളെ അമ്പരപ്പിച്ചു.യുവതി അയാളുടെ കൈകൾ ചേർത്തു പിടിച്ചു. അവരുടെ നീലക്കണ്ണുകൾ അയാളുടെ മുഖത്തിനോട്‌ ചേർന്നു
വന്നു. അവരുടെ ശ്വാസത്തിന്റെ ചൂട്‌ അയാളുടെ മുഖത്തടിച്ചു.പിന്നെ അവർ സാവധാനം ഒച്ച വളരെ താഴ്ത്തി ചോദിച്ചു.
“പെഡ്രോ,  നീയോർക്കുന്നോ, ലെഹസ്റ്റൻ കുന്നുകളുടെ താഴ്വാരത്തിൽ നിന്ന്‌ നമ്മൾ കാടിന്നുള്ളിലൂടെ....പൈൻ മരങ്ങളുടെ ഇടയിലൂടെ  ആൾട്‌വാട്ടർടമ്മിന്റെ മുകളിലെത്തിയപ്പോൾ... നീയോർക്കുന്നോ അത്‌?”
അയാളുടെ തലയ്ക്കുള്ളിൽ ശക്തമായ ഒരു പെരുപ്പ്‌ അനുഭവെപ്പെട്ടു...സിരകളിൽ വല്ലാത്തൊരു പ്രകമ്പനം. പിന്നെ ഒരു ശൂന്യത....
“പെഡ്രോ, ഇലപൊഴിക്കാതെ മഞ്ഞിൽ പൊതിഞ്ഞ്‌ നില്ക്കുന്ന പൈൻ മരങ്ങളെ നോക്കി നീ പറഞ്ഞതോർമ്മയില്ലേ? ആകാശം മുട്ടി നില്ക്കുന്ന ആൾട്ട്‌ വാട്ടർടമ്മിന്റെ മുകളിൽ നിന്നും മേഘങ്ങളെ ചാടിപ്പിടിക്കുവാൻ ശ്രമിച്ച്‌ നീ പറഞ്ഞതോർമ്മയില്ലേ?”
യുവതിയുടെ തുടരെത്തുടരെയുള്ള ചോദ്യം കേട്ട്‌ അയാൾ വല്ലാണ്ടായി.ശരീരമാകെ വിയർത്തു. കാലുകളിലും കൈകളിലും ഒരു മരവിപ്പ്‌.
മദ്ധ്യവയസ്കന്റെ ശബ്ദമാണ്‌ അയാളെ അതിൽ നിന്നും മോചിപ്പിച്ചത്‌. “ഈയിടെയായ്‌ ലൂസി ഇങ്ങനെയാണ്‌ ഡോക്ടർ!” അയാൾക്ക്‌ പിന്നെ ആ മുറിയിൽ നില്ക്കാൻ തോന്നിയില്ല. വല്ലാത്ത ഒരു ബുദ്ധിമുട്ട്‌ അനുഭവപ്പെട്ടു. അയാൾ മുറിവിട്ട്‌ പുറത്തിറങ്ങി. എങ്കിലും അയാൾക്ക്‌ സന്തോഷം തോന്നി. യുവതിയെ ഒന്നുകൂടി കാണാൻ കഴിഞ്ഞല്ലോ. അവരുടെ പേരു മനസ്സിലാക്കാൻ കഴിഞ്ഞല്ലോ..
മദ്ധ്യവയസ്കൻ മുറി പുറത്തു നിന്നും കുറ്റിയിട്ടുകൊണ്ട്‌ പറഞ്ഞു.
ലൂസിയും,സുരേഷും, കുട്ടിയും കൂടി അവരുടെ വീട്ടിൽ പോയിട്ട്‌ വരികയായിരുന്നു.നേരം വൈകിയിരുന്നു.ബസ്റ്റോപ്പിൽ എത്തിയപ്പോൾ സുരേഷ് ഹോട്ടലിൽ നിന്നും വൈകുന്നേരത്തെ ആഹാരം വാങ്ങിക്കൊണ്ടുവരാമെന്നും പറഞ്ഞു റോഡ്‌ മുറിച്ച്‌ കടന്ന്‌ അങ്ങോട്ട്‌ പോയി.ലൂസി കുട്ടിയുമായ്‌ റോഡ്‌ സൈഡിൽ തന്നെ അയാളെയും കാത്തു നിന്നു.പെട്ടെന്ന്‌ ഒരു കാറടുത്ത്‌ വന്ന്‌ നിൽക്കുകയും ലൂസിയുടെ കൈയിൽ നിന്നും കുട്ടിയെ ബലമായി പിടിച്ചുകൊണ്ടുപോവുകയും ചെയ്തു. കരച്ചിൽ കേട്ട്‌, ഭർത്താവും ആൾക്കാരുമൊക്കെ ഓടി വന്നപ്പോഴത്തേക്കും, കാർ ഒരു പൊട്ടുപോലെ കാഴ്ചയിൽ നിന്നും മറഞ്ഞിരുന്നു.അന്വേഷണമൊന്നും ഒരു ഫലവും നൽകിയില്ല. ലൂസി പിന്നെ രാവിലെ മുതൽ വൈകുന്നവരെ  ബസ്സ്റ്റോപ്പിൽ പോയി നില്പ്പായി. ആർക്കും അവരെ തടയുവാനോ ആശ്വസിപ്പിക്കുവാനോ കഴിഞ്ഞില്ല.രണ്ടുദിവസം മുന്നേ ലൂസി ബസ്സിൽ  ചാടിക്കയറി ഒരു കുട്ടിയെ എടുത്ത കാര്യം മദ്ധ്യവയസ്കൻ പറയാൻ തുടങ്ങിയപ്പോൾ അയാൾ പറഞ്ഞു, എനിക്ക്‌ എല്ലാക്കഥയും അറിയാമെന്ന്‌.
സുരേഷ്‌ എല്ലാം  പറഞ്ഞുകാണുമല്ലേയെന്ന്‌ മദ്ധ്യവയസ്കൻ ചോദിച്ചു. അയാളൊന്നും മിണ്ടിയില്ല.
യുവതിയെ അധികം താമസിയാതെ ആശുപത്രിയിൽ കൊണ്ടുവരുന്നതാണ്‌ ചികിൽസയ്ക്ക്‌ നല്ലതെന്നും പറഞ്ഞ്‌ അയാൾ ഗേറ്റുകടന്നു നടവഴിയിലോട്ടിറങ്ങി.
പെഡ്രോ... പോകല്ലേ പെഡ്രോ....എന്നുള്ള യുവതിയുടെ കരച്ചിൽ അയാൾ അകലെയെത്തിയപ്പോഴും കേൾക്കുന്നുണ്ടായിരുന്നു.
അയാൾക്ക്‌ ഓഫീസിലോട്ട്‌ പോകാൻ തോന്നിയില്ല.  അടുത്ത ബസ്‌ കയറി ബീച്ചിലെത്തി. ഉപ്പു മണമുള്ള കടൽക്കാറ്റേറ്റ്‌ അയാൾ കുറച്ചു നേരം വെയിലത്തിരുന്നു. പൊളിഞ്ഞ്‌ വീഴാറായ കടൽപ്പാലത്തിന്റെ അവശേഷിപ്പുകൾ കണ്ട്‌ അയാൾക്ക്‌ അധികാരികളോട്‌ വെറുപ്പ്‌ തോന്നി. അയാൾ പിന്നെയും കുറേ നേരം പട്ടണത്തിലൊക്കെ കറങ്ങി. വിശപ്പും ദാഹവും ഒന്നും തോന്നിയില്ല. വൈകുന്നേരം പതിവുപോലെ തന്നെ ഓഫീസിൽ നിന്നും വരുന്നതുപോലെ അയാൾ വീട്ടിൽ മടങ്ങിയെത്തി.
ഡ്രസ്‌ പോലും മാറാതെ അയാൾ കമ്പ്യൂട്ടറിന്‌ മുന്നിലിരുന്നു. യുവതി പറഞ്ഞ സ്ഥലപ്പേരുകൾ  സെർച്ച്‌ ചെയ്തു. ഒരു തരം ആകാംക്ഷ!
ലെഹസ്റ്റൻ- ജർമ്മനിയിലെ സ്ളേറ്റ്‌ മൈനുകൾക്ക്‌ പ്രസിദ്ധമായ ഒരു ചെറിയ പട്ടണം.
ആൾട്ട്‌ വാട്ടർടം- ലെഹസ്റ്റനിൽ തന്നെയുള്ള കല്ലിൽ തീർത്ത ഒരു ടവർ.
ഇത്രയും ദൂരെയുള്ള ഒരു സ്ഥലത്തെ അത്രയൊന്നും പ്രാധാന്യമില്ലാത്ത ഒരു ചെറിയ പട്ടണത്തെക്കുറിച്ച് ഈ യുവതിക്കെങ്ങനെ അറിയാനാണ്‌. ചിലപ്പോൾ അവർ അവിടെ പോയിട്ടുണ്ടാവാം.അതുമല്ലെങ്കിൽ അവരുടെ ഭർത്താവോ  കൂട്ടുകാരോ ആരെങ്കിലും അവിടെ പോയിട്ടുണ്ടാവാം.ചിലപ്പോൾ വായിച്ചുള്ള അറിവുമാകാം.
ബസ്‌ സ്റ്റോപ്പിലെ യുവതിയും ജർമ്മനിയുമായുമുള്ള ബന്ധത്തിന്‌ പല നിർവ്വചനങ്ങളും അയാളുടെ മനസും ബുദ്ധിയും നൽകിക്കൊണ്ടിരുന്നു.
അപ്പോഴാണ്‌ ഭാര്യ പ്രവേശിക്കുന്നത്‌.
ലഞ്ച്‌ ബോക്സും കൈയിൽ പിടിച്ചാണ്‌ നില്പ്പ്‌!
“എന്താ ഇന്ന്‌ ഊണു കഴിക്കാഞ്ഞത്‌ നിങ്ങൾ?”അയാൾക്ക്‌ മറുപടി നൽകാൻ തോന്നിയില്ല.
പകരം  ഇങ്ങനെ പറഞ്ഞു.“എന്നെ ‘പെഡ്രോ’ എന്നു വിളിക്കൂ പ്ലീസ്‌.”
സ്ഥിരബുദ്ധി നഷ്ടപ്പെട്ടോയെന്ന സംശയത്തോടെയാണ്‌ ഭാര്യ അയാളെ നോക്കിയത്‌. പിന്നെ പറഞ്ഞു.“പെട്രോളോ, ഡീസലോ, എന്തുവേണേ വിളിക്കാം. വൈകുന്നേരം ഊണു കഴിക്കണേ ആ ഗ്യാസുകുറ്റി ഒന്നു മാറ്റിവെച്ചു തരണം.”
അയാളെണീറ്റു. ലെഹസ്റ്റൻ കുന്നുകളുടെ മഞ്ഞു മൂടിയ താഴ്വാരത്തിലൂടെ, ഇലപൊഴിക്കാത മഞ്ഞിൽ കുളിച്ച പൈൻ മരങ്ങളുടെ ഇടയിലൂടെ ആൾട്ട്‌ വാട്ടർടമ്മിന്റെ മുകളിലേയ്ക്ക്‌...മേഘങ്ങളെ കൈക്കുമ്പിളിലാക്കാൻ...
“നിങ്ങളെന്താ മനുഷ്യാ,  മച്ചിന്റെ മുകളിൽ കയറുന്നേ?  ഗ്യാസുകുറ്റി  ചാർപ്പിലാണിരിക്കുന്നത്‌.”  ഭാര്യയുടെ ശബ്ദം. തുറിച്ചുനോക്കുന്ന രണ്ടു കണ്ണുകൾ! സാഗരത്തിന്റെ നീലിമയും വശ്യതയുമുള്ള ആ കണ്ണുകളുടെ  അഗാധതയിലേക്ക്‌ നോക്കി അയാൾ ചോദിച്ചു നിന്നെ ഞാൻ ‘ലൂസി’ എന്നു വിളിച്ചോട്ടെ...

Read more...

സിറിയയിൽ നിന്നും

Saturday, September 6, 2014

ഒബുർ സിറ്റിയിലെ ഒരു ഷോപ്പിങ്ങ്‌ മാളിൽ ചുമ്മാതെ ചുറ്റിയടിക്കുന്നതിനിടയിൽ അവിചാരിതമായിട്ടാണ്‌ ഞാൻ അബ്ദുൾ റഹ്മാനെ കാണുന്നത്‌.കേറണോ വേണ്ടയോ, കേറണോ വേണ്ടയോ എന്നാലോചിച്ച്‌ ഒരു കടയുടെ മുന്നിൽ നില്ക്കുമ്പോഴാണ്‌ അബ്ദുൾ റഹ്മാൻ പ്രത്യക്ഷപ്പെടുന്നത്‌.
നല്ലതുപോലെ ഇംഗ്ളീഷ്‌ സംസാരിക്കുന്ന ഒരു സിറിയാക്കാരൻ.
ഞങ്ങളുടെ അടുത്ത കെട്ടിടങ്ങളിലൊക്കെ കുറച്ച്‌ സിറിയാക്കാരുണ്ടായിരുന്നെങ്കിലും ആരുമായിട്ടും അധികം സംസാരിക്കാൻ കഴിഞ്ഞിട്ടില്ല.ഭാഷ തന്നെ പ്രശ്നം!
തട്ടിയും മുട്ടിയുമൊക്കെ പകുതി ആംഗ്യത്തിലും ബാക്കി പകുതി അറബിയിലും ഇംഗ്ളീഷിലുമൊക്കെയായി അടുത്ത ബിൽഡിങ്ങിലെ ഒരു ലോറിക്കാരൻ സിറിയാക്കാരനുമായ്‌ സംസാരിച്ചത്‌ ഓർമ്മവരുന്നു. സ്വന്തമായ്‌ നാലു വലിയ കണ്ടൈനർ ലോറികളുണ്ടവർക്ക്‌. നാലു സഹോദരന്മാർ. നാലു ലോറികൾ...ജീവിക്കാൻ പ്രശ്നമില്ല.
ഞാൻ സംസാരിച്ച ആൾക്ക്‌ പത്ത്‌ കുട്ടികളുണ്ട്‌. അയാളുടെ അടുത്ത സഹോദരന്‌ ആറും. ബാക്കിയുള്ളവരുടെ കാര്യം ഞാൻ ചോദിച്ചില്ല!ആകെ പത്തിരുപത്തഞ്ച്‌ കുട്ടികളെ ഞാനവിടെ കണ്ടിട്ടുണ്ട്‌.
അബ്ദുൾ റഹ്മാൻ ഒരു കോഫീ ഷോപ്പ്‌ നടത്തുകയാണ്‌. ലിബിയായിൽ ഒരു ഇലക്ട്രിക്‌ കമ്പനിയിൽ സൂപ്പർവൈസറായിരുന്നു അദ്ദേഹം. അവിടെ പ്രശ്നം രൂക്ഷമായപ്പോൾ സിറിയായിലേക്ക്‌ തിരിച്ചുപോയി. രണ്ട്‌ വർഷം മുന്നേ സിറിയായിൽ നിന്നും കുടുംബസമേതം ഈജിപ്റ്റിലേയ്ക്ക്‌...
കുടുംബം മൊത്തം ഈജിപ്റ്റിലാണിപ്പോൾ. കോഫീ ഷോപ്പിനോട്‌ ചേർന്ന്‌ ഒരു തുണിക്കടകൂടി തുടങ്ങി അവർ. അയാളുടെ ഭാര്യയാണത്‌ നോക്കുന്നത്‌.
ഇന്ത്യാക്കാരെ കണ്ടതിൽ അബ്ദുൾ റഹ്മാൻ വളരെ  സന്തോഷവാനായിരുന്നു.അയാളുടെ ഭാര്യയും.
ചായയുടെ കാശുപോലും അയാൾ വാങ്ങിയില്ല.കാശ് വരും പോകും...പക്ഷേ വല്ലപ്പോഴും കൂടി കിട്ടുന്ന സന്തോഷമാണ്‌ വിലമതിക്കാനാവാത്തതെന്ന് അബ്ദുൾ റഹ്മാന്റെ ഭാഷ്യം!
അധിക നാൾ ഈജിപ്റ്റിൽ നില്ക്കാൻ അയാൾക്ക്‌ താല്പ്പര്യമില്ല. എങ്ങനെയെങ്കിലും യൂറോപ്പിലേക്ക്‌ കടക്കണമെന്നതാണയാളുടെ ആഗ്രഹം.
ഇറ്റലിയിലേക്ക്‌ ഇല്ലീഗൽ മൈഗ്രന്റ്സുമായി പോയ ഒരു കപ്പൽ മറിഞ്ഞ വിവരം വാർത്തയിൽ കണ്ടതിന്‌ ശേഷമാണ്‌ വീണ്ടും അബ്ദുൾ റഹ്മാനെ തിരക്കി പോകുന്നത്. അന്നദ്ദേഹത്തെ കാണാൻ കഴിഞ്ഞില്ല. കുറച്ചുനേരം അദ്ദേഹത്തിന്റെ ഭാര്യയുമായ് സംസാരിച്ചു. ഞങ്ങൾ ഒബൂറിൽ നിന്നും താമസം മാഹ്ദിയിലേക്ക്‌ മാറുകയും ചെയ്തു.
മാഹ്ദിയിൽ വന്നതിനുശേഷം ഒരിക്കൽക്കൂടി അബ്ദുൽറഹ്മാന്‌  ഫോൺ ചെയ്ത്‌ നോക്കിയിട്ടുണ്ട്. പക്ഷേ കിട്ടുന്നില്ലായിരുന്നു. കടൽ മാർഗം ഇറ്റലിയിലേയ്ക്ക് കടക്കുന്ന സിറിയാക്കാരിലൊരാളായ് ഒരുപക്ഷേ ഇതിനോടകം അബ്ദുൾ റഹ്മാൻ മാറിയിട്ടുണ്ടാവാം.

കൂടുതൽ സിറിയാക്കാരുമായ് പരിചയപ്പെടണം,അവിടുത്തെ സ്ഥിതിഗതികളെക്കുറിച്ച് നേരിട്ടറിയണമെന്നൊക്കെ വിചാരിച്ചിരിക്കുമ്പോഴാണ്‌ ഒരു സിറിയാക്കാരൻ എഞ്ചിനീയർ എന്റെ കമ്പനിയിൽ ജോയ്ൻ ചെയ്യുന്നത്.
മാഗിദ്.
സിറിയായിലെ ‘ഹോംസ്’ പ്രദേശത്തുകാരൻ. സിറിയയിലെ പ്രശ്നങ്ങളുടെ തുടക്കം ഹോംസിൽ നിന്നാണ്‌!
ഒന്നര വർഷം മുന്നാണ്‌ മാഗിദും കുടുംബവും ഈജിപ്റ്റിലേയ്ക്ക് പോന്നത്. സുരക്ഷ തന്നെ പ്രശ്നം.
ഒന്നര വർഷം മുന്നേ ഇട്ടേച്ച് പോന്ന വീടും, സ്ഥലവുമൊക്കെ ഇന്ന് നിലംപരിശായിരിക്കുന്നു. സ്വന്തം വീട് നിന്ന് സ്ഥലം കണ്ടുപിടിക്കുന്നത് ഒരു മഹായത്നം തന്നെയായിരിക്കുമെന്ന് ചിരിച്ചുകൊണ്ട് മാഗിദ് പറയുമ്പോൾ അയാളുടെ കണ്ണുകളുടെ താഴെ അടർന്ന് വീഴാൻ കാത്തിരിക്കുന്ന ഒരു തുള്ളി കണ്ണീർ ഞാൻ കണ്ടു.
മാഗിദിന്റെ ഒരു സഹോദരൻ കൊല്ലപ്പെട്ടു. മറ്റൊരാൾ ഇപ്പോഴും യുദ്ധത്തിലാണ്‌.റിബൽ സേനയിൽ.
സിറിയയിൽ നടക്കുന്ന ക്രൂരതയുടെ ഒരു ചെറിയ ശതമാനം പോലും പുറം ലോകം അറിയുന്നില്ലന്ന് മാഗിദ് പറയുമ്പോൾ അയാളുടെ ശബ്ദത്തിന്റെ വിറയൽ ഞാനറിഞ്ഞു. അയാളുടെ ചുണ്ടുകളുടെ വിതുമ്പൽ ഞാനറിഞ്ഞു.
മുപ്പതുകാരനായ മാഗിദിന്‌ മൂന്ന് കുട്ടികൾ. അവസാനത്തെ കുട്ടി ഈജിപ്റ്റിൽ വന്നതിനുശേഷമാണുണ്ടായത്.
ആറുകുട്ടികൾ വേണമെന്നാണ്‌ മാഗിദിന്റെ ആഗ്രഹം!
അൽപ്പം തമാശയോടെയാണ്‌ ഞാനിതേക്കുറിച്ച് മാഗിദിനോട് ചോദിച്ചത്.മാഗിദിന്റെ മറുപടി അതേപടി ഇവിടെകൊടുക്കുന്നു.
“എനിക്ക് കുട്ടികൾ വേണം.അയാൾ കൊന്നാലും(ഇപ്പോഴത്തെ സിറിയൻ ഭരണാധികാരി) പിന്നേയും അവശേഷിക്കണം എനിക്ക് കുട്ടികൾ...സ്വന്തം കുഞ്ഞിന്റെ മാറ്‌ പിളർന്ന് ഹൃദയമെടുത്ത് മാതാപിതാക്കളെ കാണിച്ച് അതിൽ ആഹ്ളാദിക്കുന്ന നീചന്മാരുടെ നാട്ടിൽ...നിങ്ങൾ പറ, ആറു കുട്ടികളെന്നത് കൂടുതലാണോ?
ഞാൻ തലകുമ്പിട്ട് നിന്നു.
മാഗിദ് ഇന്ന് എന്നോടൊപ്പമില്ല.കുടുംബത്തെയൊക്കെ ഈജിപ്റ്റിലാക്കിയിട്ട്, ഇല്ലീഗൽ മൈഗ്രന്റ് ആയി ഒരു നല്ല ഭാവി പ്രതീക്ഷിച്ച് അയാൾ ടർക്കി വഴി സ്വീഡനിലോട്ട് കടന്നു. ഒരു പക്ഷേ മാഗിദിപ്പോൾ സ്വീഡനിലെ ഏതെങ്കിലും ജയിലിലായിരിക്കാം. അല്ലെങ്കിൽ ഏതെങ്കിലും പ്രദേശത്ത് പോലീസിന്റെ കണ്ണും വെട്ടിച്ച്...

എന്റെ ഒരു ഇന്ത്യൻ സുഹൃത്ത്, ഇപ്പോഴും സിറിയായിൽ ജോലി ചെയ്യുന്ന ഒരു സുഹൃത്ത് എനിക്കയച്ച ‘വാട്ട്സപ്പ്’ മെസ്സേജുകൂടി നൽകി ഈ കുറിപ്പ് അവസാനിപ്പിക്കുന്നു.
sathees, I want to move from here.But no option.Here it is not safe.I can hear the sounds of bombs and guns.my family,my children...they want me to come back...But I need a job,otherwise how can I move? If you can help,please give me some reference.
മിഡിൽ ഈസ്റ്റിലെ പലരാജ്യങ്ങളും ഇന്ന് കത്തിയെരിയുകയാണ്‌.അതിന്‌ പലകാരണങ്ങളും നമ്മുക്ക് നിരത്താം.ഉറക്കമില്ലാതെ വാഗ്വാദം നടത്താം.പക്ഷേ  എത്രയോ അബ്ദുൾ റഹ്മാന്മാർ...എത്രയൊ മാഗിദുമാർ...പേരറിയാത്ത എത്രയോ ഇന്ത്യാക്കാരും അല്ലാത്തവരുമായ സുഹൃത്തുക്കൾ...
കാലങ്ങളോളം നമ്മളിതൊക്കെ തന്നെ ചർച്ച ചെയ്യും.അടിപിടി കൂടും.മാഗിദുമാരും,അബ്ദുൾ രഹ്മാന്മാരും അനുഭവിച്ചുകൊണ്ടിരിക്കും. നാളെ അവരിലൊരാൾ നമ്മളും ആകാം.

Read more...

കുഴിയാന


വയസ്‌ എൺപത്‌ ആയെന്ന്‌ വിശ്വസിക്കാൻ അല്പ്പം വിഷമം. കാലം എത്ര പെട്ടെന്നാണ്‌ കടന്നുപോകുന്നത്‌! ഇതാ എന്നു പറയുമ്പോലെ...ഒരു അതിവേഗ തീവണ്ടിയാണ്‌
ജീവിതം. എത്രയെത്ര സ്റ്റേഷനുകൾ...എത്രയെത്ര യാത്രക്കാർ...വന്നുകയറുന്നവരും, ഇറങ്ങിപ്പോകുന്നവരും...ചിലർ സീറ്റൊക്കെ റിസർവ്‌ ചെയ്ത്‌ മെല്ലെ കടന്നുവരും. മറ്റുചിലർ അങ്ങനെയങ്ങ്‌ വന്നുകടന്നു പോകും.ചോദ്യവുമില്ല പറച്ചിലുമില്ലാതെ...
ശാരദ ശങ്കരൻ നായരുടെ ജീവിതത്തിലോട്ട്‌ കടന്നുവന്നത്‌ റിസർവ്‌ ചെയ്തുതന്നെയാണ്‌.ഫസ്റ്റ്‌ ക്ളാസ്‌ ബെർത്ത്‌ തന്നെ കയ്യടക്കി അവർ. ശാരദയേയും വഹിച്ച്‌ ആ യാത്ര തുടർന്നു.മുപ്പത്‌ വർഷം ഒരുമിച്ചുള്ള യാത്രയ്ക്ക്ശേഷം അവർ യാത്ര അവസാനിപ്പിച്ചു ഇടയ്ക്ക്‌ ഏതോ സ്റ്റേഷനിൽ ഇറങ്ങിപ്പോയി...കിതച്ചുകൊണ്ട്‌ തീവണ്ടി പിന്നെയും കൂകി പാഞ്ഞുകൊണ്ടിരുന്നു. മൂന്ന്‌ യാത്രക്കാരുണ്ടായിരുന്നു അപ്പോഴും തീവണ്ടിയിൽ. മൂന്നു പെൺകുട്ടികൾ...

ഇരുളടഞ്ഞ മുറിയുടെ ഒറ്റപ്പാളി ജന്നലിലൂടെ ശങ്കരൻ നായർ പുറത്തേയ്ക്ക്‌ നോക്കി.കാഴ്ച വ്യക്തമാവുന്നില്ല.വെളിച്ചത്തിന്റെ ഒരു തൂണ്‌ മുറിക്കുള്ളിലേയ്ക്ക്‌ പ്രവേശിച്ചു.കറ പിടിച്ച
മൊസേക്ക്‌ തറ വെളിച്ചത്തെ അവജ്ഞയോടെ നോക്കി .കാലം തെറ്റി വന്ന തണുത്ത കാറ്റ്‌ മുറിക്കുള്ളിലേയ്ക്ക്‌ അടിച്ചുകയറി.അസഹനീയം!കാറ്റ്‌ ജന്നൽ പാളിയെ വലിയ
ശബ്ദത്തോടെ അടച്ചു. വീണ്ടും ഇരുട്ട്‌.
ശങ്കരൻ നായർക്ക്‌ മുറിയുടെ ഓരോ മൂലയും നല്ല നിശ്ചയമാണ്‌. വെളിച്ചത്തിന്റെ ആവശ്യമേയില്ല.അതങ്ങനയാവണമല്ലോ. കാലം കുറേ ആയില്ലേ,ഓട്ടം നിലച്ച തീവണ്ടിയെ
ഗാരേജിലേയ്ക്ക്‌ മാറ്റിയിട്ട്‌. ഇപ്പോൾ യാത്രക്കാരില്ല.കച്ചവടക്കാരില്ല,യാചകരില്ല.
ഇടയ്ക്കിടയ്ക്ക്‌ ഡോക്ടറുടെ അടുത്ത്‌ പോണം.ശോഭേടെ മോൻ വണ്ടിയിൽ കയറാൻ സഹായിക്കും.കയറി ഇരുന്നുകൊടുത്താൽ മതി.ഇരുട്ടിൽ നിന്നും വെളിച്ചത്തിലേയ്ക്ക്‌... പച്ചിലകളുടെ കിന്നാരം...ശങ്കരൻ നായർക്ക്‌ അതിഷ്ടമാണ്‌...വേലിയിറമ്പിലൂടെ പോകുന്ന വണ്ടിയിലേയ്ക്ക്‌ കിന്നാരം പറയാനെത്തുന്ന ഇലച്ചാർത്തുകൾ...വെള്ളത്തുള്ളികൾ മുഖത്തടിക്കുമ്പോൾ മഞ്ഞുമൂടി കനം വെച്ച പ്രഭാതത്തിലൂടെ ഓടിപ്പോകുന്ന തീവണ്ടിയെയാണ്‌ അയാൾക്ക്‌ ഓർമ്മ വരുന്നത്‌.
ചിലപ്പോഴൊക്കെ ശങ്കരൻ നായർ എതിർക്കും. അയാൾ പോകാൻ കൂട്ടാക്കില്ല. അയാൾക്ക്‌ ആരേയും കാണേണ്ട. അങ്ങനെ തോന്നുന്ന സമയത്ത്‌ മിക്കവാറും  മുറിയുടെ അകത്തുനിന്ന്‌ കുറ്റിയിട്ടുകളയുമായിരുന്നു  അയാൾ.ഇരുട്ടിനെ പ്രണയിച്ച്‌,കുഴമ്പിന്റേയും എണ്ണയുടേയും ഗന്ധത്തിൽ ലയിച്ച്‌ മെത്തയിൽ മുഖമമർത്തി അയാൾ കിടക്കും.
ജന്നൽ പാളിയിലൂടെ അരിച്ചുകയറുന്ന കാറ്റിനെപ്പോലും അയാൾ ഭയന്നു.
കതകിന്റെ കൊളുത്തു എടുത്തുമാറ്റപ്പെട്ടു എന്നു എപ്പോഴോ ശങ്കരൻ നായർ അറിഞ്ഞു..ശോഭയുടെ കെട്ടിയോനായിരിക്കാം.അല്ലെങ്കിൽ അവരുടെ മോനായിരിക്കാം. അതുമല്ലെങ്കിൽ
അവർ മൂവരും കൂടെയായിരിക്കാം അതു ചെയ്തിട്ടുള്ളത്‌.മുറി അടച്ചിട്ട്‌, മൂത്രത്തിലും മലത്തിലും മുങ്ങിക്കിടന്നാൽ വീട്ടിൽ വരുന്നോരെന്തുവിചാരിക്കുമെന്നാണ്‌ ശോഭയോട്‌
അതേക്കുറിച്ച്‌ ചോദിച്ചപ്പോൾ പറഞ്ഞത്‌.
അങ്ങനെയെങ്കിലും ആരെങ്കിലും ഈ മുറിയിലോട്ട്‌ കയറുമല്ലോ...ശങ്കരൻ നായർ ആശ്വസിച്ചു.
കഴിഞ്ഞ തവണ ഡോക്ടറെ കാണിക്കാനെന്ന്‌ പറഞ്ഞിട്ട്‌ കൊണ്ടുപോയത്‌ ഇളയവളുടെ വീട്ടിലേയ്ക്ക്‌...ഒരാഴ്ച വളരെ ബുദ്ധിമുട്ടിയാണ്‌ അയാളവിടെ കഴിഞ്ഞത്‌.
പ്രായമായി...അവശനായി...എന്നുള്ളതൊക്കെ ശരിതന്നെ.ആരുടെയെങ്കിലും സഹായമില്ലാതെ എഴുന്നേല്ക്കുന്നത്‌ തന്നെ വളരെ പ്രയാസം. എല്ലാം ശരിതന്നെ.പക്ഷേ പറിച്ച്‌
നടുന്നതിന്‌ മുന്നേ ഒരു വാക്ക്‌...അതുണ്ടായില്ലായെന്നത്‌ ശങ്കരൻ നായരെ വളരെ ബുദ്ധിമുട്ടിച്ചു.
അതില്പ്പിന്നെ ശങ്കരൻ നായർക്ക്‌ ഒരു വല്ലാത്ത ഭയം. ഭയമെന്ന്‌ പറയാൻ പറ്റില്ല. ഒരവിശ്വാസം.ഡോക്ടറുടെ അടുക്കൽ പോകാൻ വിളിച്ചാൽ ശങ്കരൻ നായർ
അനങ്ങില്ല.എന്താണുറപ്പ്‌? അങ്ങോട്ടേക്ക്‌ തന്നെയാണ്‌ പോകുന്നതെന്ന്‌.
ശങ്കരൻ നായർക്ക്‌ ശോഭയുടെ കൂടെ നില്ക്കുന്നതാണിഷ്ടം. മറ്റു രണ്ടു മക്കളേയും അയാൾക്കിഷ്ടമില്ലന്നല്ല അതിന്റർത്ഥം! അയാൾക്ക്‌ മക്കളെല്ലാവരും ഒരുപോലെതന്നെയാണ്‌. അവർക്കും അച്ഛനെ വലിയ കാര്യമാണുതാനും.എങ്കിലും ശങ്കരൻ നായർക്ക്‌ വീട്‌ മാറി താമസിക്കുന്നത്‌ ഓർക്കാനേ പറ്റില്ല.

വാതിൽക്കൽ ഒരു കാല്പ്പെരുമാറ്റം കേൾക്കുന്നു.ശങ്കരൻ നായർ ചെവി വട്ടം പിടിച്ചു. ഈ നേരത്ത്‌ ആരും മുറിയിലോട്ട്‌ വരാൻ സാധ്യതയില്ല.ശോഭ ജോലിക്ക്‌ പോകും.പിന്നെയാരാണ്‌ ഇങ്ങോട്ട്‌ കേറി വരാൻ...
വാതിപ്പാളികൾ ഒരു ഞരക്കത്തോടെ തുറന്നു.
കട്ടിലിലിൽ ഒന്നെഴുന്നേറ്റിരിക്കാൻ അയാൾ ശ്രമിച്ചു. അരയിൽ നിന്നും മാറിപ്പോയ ഉടുമുണ്ട്‌ രണ്ടുകൈയും കൊണ്ടയാൾ വലിച്ച്‌ ശരീരത്തോട്‌ ചേർത്തു.
ആരാ? ശങ്കരൻ നായരുടെ ശബ്ദത്തിന്ന്‌ വിറയൽ...അയാൾക്ക്‌ പേടിയാണ്‌... വെളിച്ചവും...കാറ്റും...കരിയിലയുടെ മർമ്മരവും...സകലതിനേയും അയാൾക്ക്‌ പേടിയാണ്‌.

“എന്തൊരൊരിട്ടാ ഇത്‌!” ശങ്കരൻ നായരുടെ അനുവാദത്തിന്ന്‌ കാത്തുനില്ക്കാതെ സുശീലേടത്തി ജന്നൽ തുറന്നു.അരിച്ചുകയറുന്ന വെളിച്ചത്തിൽ സുശീലേടത്തിയുടെ മുഖമയാൾ അവ്യക്തമായിക്കണ്ടു.
ഒരു സ്റ്റൂൾ വലിച്ചെടുത്ത്‌ അവർ ശങ്കരൻ നായരുടെ കട്ടിലിന്നോട്‌ ചേർത്തിട്ടിരുന്നു.
“അറിയുമോ? ഞാനാ സുശീല. എത്രനേരോന്ന്‌ കരുതിയാ വീട്ടില്‌ കുത്തിയിരിക്കുന്നേ...  പിള്ളേരൊക്കെ സ്കൂളീപ്പോയാപ്പിന്നെ എനിക്ക്‌ വേറേ പണിയൊന്നുമില്ല.”
ശക്തമായ കാറ്റ്‌ ജന്നൽപ്പാളിയെ വലിച്ചടച്ചു. സുശീലേടത്തി എണീറ്റ് ജന്നലിന്ന് കൊളുത്തിട്ടു.
“മഴ വരുമെന്നാ തോന്നണത്...മാനം ഇരുണ്ട് കേറണുണ്ട്”
ശങ്കരൻ നായർ ചിരിച്ചു. ഒച്ചയില്ലാതെയുള്ള ആ ചിരി ഇരുട്ടിൽ അലിഞ്ഞുപോയി.അയാൾ സംസാരിച്ചു തുടങ്ങി.
“എനിക്കിഷ്ടാ...”
“എന്ത്‌?”
“ഭയങ്കര ഇഷ്ടാ എനിക്കീവീട്‌.”
“സുശീലച്ചേച്ചിക്ക്‌ ഇഷ്ടമാണോ?”
“എന്ത്‌?”
“ഈ വീട്‌.”
അവർ പൊട്ടിച്ചിരിച്ചു.“എന്തേ ഇപ്പോ വീടിനോടിത്ര ഇഷ്ടം.?”
ശങ്കരൻ നായർ ഈയിടെയായ്‌ ഇങ്ങനെയാണ്‌. എന്തു സംസാരിച്ചാലും വീടിനെക്കുറിച്ചേ പറയൂ. അയാൾക്ക്‌ ഈ വീട്‌ ഭയങ്കര ഇഷ്ടമാണ്‌.
ശോഭയുടെ ഭർത്താവിന്റെ സ്വപ്നമായിരുന്നു ഇങ്ങനെയൊരു വീട്‌.തടിയിൽ തീർത്ത വീട്‌!മേല്ക്കൂരയിലെ ഓട്‌ ഒഴികെ ബാക്കിയെല്ലാം തടിയിൽ തീർത്ത വീട്‌!കാലം കുറേ എടുത്തു ഇങ്ങനൊരണ്ണം പണിതീർക്കാൻ... പഞ്ചവൽസര പദ്ധതിയെന്നൊക്കെ ആളുകൾ കളിയാക്കി. ഒരുതരം വട്ടെന്നൊക്കെ കൂട്ടത്തിലുള്ളവര്‌ തന്നെ പറഞ്ഞു തുടങ്ങി.പാലക്കാടുള്ള ഏതോ വലിയ ഇല്ലം പൊളിച്ച തടിയാണ്‌.
“പഴയതൊക്കെ ആർക്കും വേണ്ട.”
 “എന്ത്‌?”
“ആളുകളൊക്കെ കോൻക്രീറ്റിന്റെ പൊറകേ അല്ലേ...ഇപ്പോ ആരാ ഇങ്ങനത്തെ വീടൊക്കെ വെയ്ക്കുന്നേ...ശോഭേടെ കെട്ടിയോനെങ്കിലും ഇങ്ങനൊരു ബുദ്ധി തോന്നിയല്ലോ.എനിക്കിഷ്ടാ ഈ വീട്‌...സുശീലച്ചേച്ചിക്ക്‌ ഇഷ്ടാണോ?”
“എന്ത്‌?”
“ഈ വീട്‌?” ശങ്കരൻ നായർ വീണ്ടും ചോദ്യം ആവർത്തിച്ചു.
“പിന്നേ...എനിക്കും ഇഷ്ടാ ഈ വീട്‌. പക്ഷേല്‌ ശങ്കരേട്ടാ, ഈ ചേച്ചി വിളിയൊന്ന് നിർത്തണം കേട്ടോ. നമ്മള്‌ തമ്മില്‌ രണ്ട്‌ വയസ്സിനിളപ്പമെനിക്കാ...അതുമറക്കേണ്ട.”
സുശീലേടത്തിക്ക്‌ ശങ്കരൻ നായർ ചേച്ചി എന്ന്‌ വിളിക്കുന്നത്‌ ഇഷ്ടമല്ല. അതുമാത്രമായിരുന്നു അവർക്ക്‌ ശങ്കരൻ നായരെ കുറിച്ചുള്ള പരാതിയും.
”ശോഭേടെ കെട്ടിയോനെ സമ്മതിച്ചുകൊടുക്കണം.“
”വീട്‌ വെച്ചതിനാ?“
”അതു മാത്രമല്ല ചേച്ചി, ഈ വീട്‌ നിക്കണത്‌ ഒരു വനത്തിലല്ലേ! വനം!“
“അതൊക്കെ ശരിയാ...പക്ഷേ ശങ്കരേട്ടാ... ചേച്ചി വിളി വീണ്ടും.” പരിഭവം സുശീലേടത്തിയുടെ മുഖത്തും നിഴലിച്ചു. മുറിയിലെ ഇരുട്ടിൽ അയാളത്‌ കണ്ടില്ല. സുശീലേടത്തി പറഞ്ഞതും ശങ്കരൻ നായർ കേട്ടില്ല. അയാൾ തുടർന്നുകൊണ്ടേയിരുന്നു. ഒരേക്കർ ഭൂമിയിൽ ശോഭയുടെ കെട്ടിയോൻ പടുത്തുയർത്ത വനത്തെക്കുറിച്ച്‌...അതിന്നുള്ളിൽ പൂർണ്ണമായും തടിയിൽ നിർമ്മിച്ച കേരളത്തനിമയുള്ള സുന്ദരൻ വീടിനെക്കുറിച്ച്‌... വനത്തിലെ സന്ദർശകരായ കിളികളെക്കുറിച്ച്‌... പൂമ്പാറ്റകളെക്കുറിച്ച്‌... തേനീച്ചയെക്കുറിച്ച്‌...
കടന്നൽ കൂട്ടിൽ ശോഭയുടെ കെട്ടിയോൻ തലയിട്ടതിനെക്കുറിച്ച്‌ പറഞ്ഞിട്ട്‌ ശങ്കരൻ നായർക്ക്‌ ചിരിയടക്കാനാവുന്നില്ല.ചിരിച്ച്‌ ചിരിച്ച്‌ അയാളുടെ കവിളിലൂടെ ഒരു  നീർച്ചാലുണ്ടായി. അയാളതറിഞ്ഞില്ല. താൻ പറയുന്നതൊക്കെ കേൾക്കാൻ സുശീലേടത്തി മുറിയിലില്ലന്ന്‌ അയാളറിഞ്ഞില്ല.അയാൾ സംസാരം തുടർന്നുകൊണ്ടേയിരുന്നു.

സുശീലേടത്തിയെ കൂടാതെ വേറേ സന്ദർശകരാരും തന്നെ ഉണ്ടായിരുന്നില്ല ശങ്കരൻ നായർക്ക്‌. അയാൾക്ക്‌ അവരുടെ സാമീപ്യം, അവരുമായുള്ള സംസാരം ഒരു ആശ്വാസമായി മാറി. വീടിനെക്കുറിച്ച്‌, മരങ്ങളെക്കുറിച്ച്‌, കിളികളെക്കുറിച്ച്‌,പൊളിച്ചെറിയപ്പെടുന്ന ഇല്ലങ്ങളെക്കുറിച്ച്‌, നഷ്ടമാകുന്ന ഗ്രാമീണതയെക്കുറിച്ച്‌, ഭാരമാവുന്ന വാർദ്ധക്യത്തെക്കുറിച്ച്‌, ആസന്നമായ മരണത്തെക്കുറിച്ച്‌.... എല്ലാം അയാൾ സംസാരിക്കും. കഥകേൾക്കുന്ന ഒരു കൊച്ചുകുട്ടിയുടെ കൗതുകത്തോടെ സുശീലേടത്തി എല്ലാം കേൾക്കും.ഒന്നൊഴിയേ...‘ചേച്ചി’ എന്ന വിളി ഒഴിയേ.
ശങ്കരൻ നായർ അവരെ ചേച്ചി എന്നു വിളിച്ചാൽ കഥ മാറും. പ്രായത്തിന്നിളയതല്ലേ...  രണ്ടുവയസ്സിന്നാണേലും.

വീർപ്പിച്ചുകെട്ടിയ മുഖവുമായി അരുതാത്തതെന്തോ സംഭവിച്ചമാതിരി,മാറുമറച്ചിരുന്ന വെള്ള തോർത്തിനാൽ കണ്ണു തുടച്ചുകൊണ്ട്‌ ശങ്കരൻ നായരുടെ മുറിയിൽ നിന്നും ഇറങ്ങിയോടുന്ന സുശീലേടത്തിയെ ഞാൻ അവിചാരിതമായിട്ടാണ്‌ കാണുന്നത്‌.ഞാൻ സുശീലേടത്തിയുടെ കൈയിൽ പിടിച്ച്‌ വലിച്ചു നിർത്തി.
“എന്താ? എന്തുപറ്റി...ശങ്കരൻ നായർക്കെന്തെങ്കിലും...”
“അങ്ങേർക്കൊന്നുമില്ല. വയസ്സാണെങ്കിലും മനസ്സിലിരുപ്പ്‌ ശരിയല്ല അങ്ങേരുടെ.”
“എന്തുപറ്റി സുശീലേടത്തി? കാര്യം പറ. നമ്മുക്ക്‌ പരിഹാരമുണ്ടാക്കാം.” ഞാൻ ആശ്വസിപ്പിക്കാൻ ഒരു വിഫല ശ്രമം നടത്തി.
“ഓ...അതിപ്പം നീ വിചാരിച്ചാ പറ്റുമെന്ന്‌ തോന്നുന്നില്ലെന്റ സുധാകരാ... അങ്ങേർക്ക്‌ നാണമെന്നൊന്നില്ല.” അരുതാത്തതെന്തോ സംഭവിച്ചു എന്നുകരുതി വിഷണ്ണനായ്‌ നിന്ന എന്നെ നോക്കി സുശീലേടത്തി പറഞ്ഞു.“രണ്ടു വയസ്സേ ഉള്ളൂവെങ്കിലും ഞാൻ അങ്ങേരിലും ഇളയതല്ലേ... എന്നെക്കേറി ‘ചേച്ചി’ എന്ന്‌ വിളിക്കുന്നതിന്‌ ഒരുളുപ്പുമില്ല കെളവന്‌...”
ചിരിക്കണോ അതോ സുശീലേടത്തിയെ ആശ്വസിപ്പിക്കണമോ അതുമല്ല ശങ്കരൻ നായരെ ഉപദേശിക്കണമോ...ഒരുവേള ഞാൻ ആലോചിച്ചു.പിന്നെ ശങ്കരൻ നായരുടെ മുറിയിലേയ്ക്ക്‌ ഞാൻ കയറി.ഇരുട്ടിൽ പൊതിഞ്ഞ ആൾരൂപം!
“സുധാകരനാണ്‌.” ഞാൻ പറഞ്ഞു.
“ഓ...” ഒരു അനക്കം
“സുശീലേടത്തി കരഞ്ഞോണ്ട്‌ ഓടണകണ്ടപ്പോ ഞാൻ വിചാരിച്ച്‌...ശങ്കരൻ നായർക്ക്‌...എന്തോ വല്ലായ്കയാണന്നാ...”
“അതോ!, ഒരു രസമല്ലേടോ അതൊക്കെ.” പിന്നെ ശബ്ദം വളരെ താഴ്ത്തി ശങ്കരൻ നായർ പറഞ്ഞു.
“അല്ലേലും ഈ പെണ്ണുങ്ങളൊക്കെ ഇങ്ങനാടോ; പ്രായമായെന്ന്‌ വിശ്വസിക്കാൻ വെഷമമാ അതുങ്ങള്‌ക്ക്‌...സുശീല, പാവം! അവള്‍ക്കറിയ്‌യ്‌വോ പ്രായം ശരീരത്തിന്നാണന്ന്...മനസ്സിനല്ലന്ന്. അതൊരു കുഴിയാനയാണടോ, കുഴിയാന...പുറകോട്ട് നടക്കാനാഗ്രഹിക്കുന്ന കുഴിയാന.”

 പൂക്കളമിടാൻ പൂപറിക്കാൻ പോയ  ബാല്യകാലമാണെനിക്ക്‌ ഓർമ്മ വന്നതപ്പോൾ.
തുമ്പപ്പൂവിന്നുള്ളിൽ നിന്നും ഇറങ്ങി വന്ന ഒരു കറുത്ത കൊച്ചുറുമ്പ്‌...
തണ്ടിലൂടെ പതുക്കെ ഇറങ്ങി മണലിലൂടെ നീങ്ങിയ അത്‌ ഒരു ചെറിയ കുഴിയിലോട്ട്‌ വീണു. ഞാന്‍ ചൂണ്ട് വിരല്‍  കുഴിയിലോട്ടിട്ടു.ഉറുമ്പിനെ കിട്ടിയില്ല. പകരം ഒരു കുഴിയാന!
കുഴിയാനെയെ ഞാൻ തെളിഞ്ഞ മണലിൽ വെച്ചു. അതപ്പോൾ പുറകോട്ട്‌ നടന്നു തുടങ്ങി.

Read more...

നരകത്തിലേയ്ക്കുള്ള വഴി

Saturday, August 30, 2014


അറബിക്കടലിൽ ഉറങ്ങാൻ പോയ സൂര്യൻ പതിവ്പോലെ വേമ്പനാട്ട്‌ കായലിൽ കുളിയും കഴിഞ്ഞ്‌ പൊങ്ങി വരുന്ന നേരം.ന്യൂസ്‌ വർക്കി ടൗണിൽ നിന്നും പത്രമൊക്കെ എടുത്ത്‌ ഇന്നെന്താണ്‌ സൗജന്യമായ്‌ നൽകേണ്ട വാർത്ത എന്നൊക്കെ ആലോചിച്ച്‌ എസ്റ്റേറ്റിന്റെ വടക്ക്‌ കിഴക്കേമൂലയിലൂടെ തെക്കേക്കരയിലോട്ട്‌ ഹെർക്കൂലീസിന്റെ പുറത്തേറി പ്രവേശിക്കുന്ന പുണ്യ നിമിഷം...
വടക്ക്‌ കിഴക്ക്‌ മൂലയ്ക്ക്‌ നില്ക്കുന്ന ആഞ്ഞിലിമരത്തെ കടന്നുവേണം ജനവാസമുള്ള സ്ഥലത്തെത്താൻ...ആകാശത്തോളം വളർന്ന ആഞ്ഞിലിമരത്തിന്‌ രണ്ടാൾപിടിച്ചാൽ എത്താത്ത വണ്ണമാണുള്ളത്‌! അതിന്റെ താഴത്തെ കൊമ്പിൽ കെട്ടിയിട്ടുള്ള വടം മരത്തെ രണ്ട്‌ ചുറ്റുചുറ്റി താഴേയ്ക്ക്‌ നീണ്ടു നീണ്ട്‌ നിലത്ത്‌ നിന്ന്‌ പൊങ്ങി നില്ക്കുന്ന വലിയ വേരിലാണ്‌ എത്തിച്ചേരുന്നത്‌.ആഞ്ഞിലിയേൽ കയറാനായുള്ള ഒരു സ്ഥിരം സംവിധാനമാണിത്‌!സംവിധായകൻ അഞ്ചുകണ്ണൻ!
വടത്തേൽ തൂങ്ങി അഞ്ചുകണ്ണന്‌ ആഞ്ഞിലിയിൽ നിഷ്‌പ്രയാസം കയറാൻ പറ്റും.കൊമ്പുകളിൽ നിന്നും കൊമ്പുകളിലേയ്ക്ക്‌ അഞ്ചുകണ്ണൻ കുരങ്ങനെപ്പോലെ പിടിച്ചുകയറുന്നത്‌ അപ്പുക്കുട്ടൻ പലവട്ടം കണ്ടിട്ടുണ്ട്‌.അഞ്ചുകണ്ണനെപ്പോലെ ഒരു തവണയെങ്കിലും കുരങ്ങനാകണമെന്നും ആഗ്രഹിച്ചിട്ടുണ്ട്‌. പക്ഷേ നടന്നിട്ടില്ല. ധൈര്യം അത്രയ്ക്കങ്ങ്‌ പോരാ...
ന്യൂസ്‌ വർക്കി ആഞ്ഞിലിയുടെ ചുവട്ടിലെത്തിയപ്പോൾ ഒരു നിമിഷം അറിയാതെ മുകളിലോട്ട്‌ നോക്കിപ്പോയി!
പിന്നെക്കേട്ടത്‌ തെക്കേക്കരയെ നടുക്കുന്ന  ഉച്ചത്തിലുള്ള കരച്ചിൽ...
ഉടമ കൈയ്യൊഴിഞ്ഞ ഹെർക്കുലീസ്‌ വടക്കേത്തോട്ടിലേക്കും, പത്രക്കെട്ട്‌ തെക്കേ കൈതക്കാട്ടിലേയ്ക്കും പോയി! അടുത്ത രണ്ടുദിവസം പത്രമില്ലാതെ, പത്രവാർത്തയില്ലാതെ തെക്കേക്കരക്കാർ വലഞ്ഞു .
ബോധം തെളിഞ്ഞപ്പോൾ ന്യൂസ്‌ വർക്കിചോദിച്ചു, “ആരായിരുന്നൂ ആഞ്ഞിലിയേൽ?”
ലോനപ്പനാണ്‌ അതിന്‌ മറുപടി നല്കിയത്‌ അതിപ്രകാരമായിരുന്നു.“തെണ്ടികൾ...വല്ല വരത്തനും, ടൗണീകെടക്കണവനും വരെ വന്ന്‌ ചാകണ്‌...ബാക്കിയൊള്ളവനെ മാത്രം ഒന്ന്‌ സ്വസ്ഥമായിട്ട്‌ ചാകാൻ സമ്മതിക്കത്തില്ല ദ്രോഹികൾ...ഇത്രേം വല്യ മരത്തേകേറാനറിയാരുന്നേ ഞാനും കാണിച്ചുതരാരുന്നു.”
ആഞ്ഞിലിയേൽ തൂങ്ങി നിന്നവനെ കൊതിയോടെയും ലേശം അസൂയയോടെയും നോക്കി നിന്ന ഒരാളേ ഉണ്ടായിരുന്നുള്ളൂ തെക്കേക്കരയിൽ അന്ന്‌...
ശ്രീമാൻ ശ്രീമാൻ ലോനപ്പൻ!

ലോനപ്പൻ
വയസ്‌- 40- 45
ചുഴലിദീനക്കാരൻ.
ജോലി- ലോട്ടറിക്കച്ചവടം
ഹോബി- ആത്മഹത്യ!

അഞ്ചടി ഉയരം...വട്ടമുഖം...തുറന്ന മൂക്ക്‌...മുറം പോലത്തെ ചെവികൾ...അനുസരണയില്ലാതെ ആകാശത്തേയ്ക്ക്‌ ഉയർന്ന്‌ നില്ക്കുന്ന തലമുടി...എല്ലുന്തിയ നെഞ്ചിൻ കൂട്‌...നടക്കുമ്പോൾ  കൂട്ടിയിടിക്കുന്ന മുട്ടുകൾ...വീതികുറഞ്ഞ നെറ്റിയെ മൊത്തത്തിൽ മറച്ചുകൊണ്ടുള്ള ഒരിക്കലും മാഞ്ഞുപോകാത്ത ചന്ദനക്കുറി...
ജനിച്ച അന്ന്‌ തുറന്ന വായാണ്‌...പിന്നെ ഇന്നേവരെ അടച്ചിട്ടില്ല...
തുറന്ന മൂക്കിന്‌ തൊണ്ണൂറ്‌ ഡിഗ്രിയായ്‌ നില്ക്കുന്ന മുൻവശത്തെ രണ്ട്‌ പെടപ്പൻ പല്ലുകൾ സൂക്ഷിച്ചില്ലേൽ മുന്നിൽ വന്നുപെടുന്നോന്റെ അന്തകനാകാം!
ചുഴലി ദീനത്താൽ വലഞ്ഞ ലോനപ്പൻ ഞാൻ ചാകും...ഞാൻ ചാകും എന്നും പറഞ്ഞ്‌ നടക്കാൻ തുടങ്ങിയിട്ട്‌ കാലം കുറേ ആയിരുന്നു.പറച്ചിലല്ലാതെ പ്രവൃത്തിയൊന്നും കാണാതിരുന്നതിൽ വിഷണ്ണരായ നാട്ടുകാർ ലോനപ്പനെ ‘പുലിവരുന്നേ...പുലിവരുന്നേ...കഥയിലെ പയ്യൻസിനോടൊക്കെ ഉപമിച്ചു തുടങ്ങിയ ഒരു മഞ്ഞുകാലത്താണ്‌ ആനവണ്ടി കഥയിൽ വന്നുചേരുന്നത്‌!
അന്തക്കാലത്ത്‌ ആലപ്പുഴ ടൗണിൽ നിന്നും തെക്കേപുരം മാർക്കറ്റിലേയ്ക്ക്‌ ഒരു ആനവണ്ടിയുണ്ടായിരുന്നു.രാത്രി വരുന്ന അവസാനവണ്ടി അവിടെ കിടക്കും.പിറ്റേന്ന്‌ അതിരാവിലെ തിരികേ ടൗണിലേയ്ക്ക്‌...
ആനവണ്ടിയുടെ രാത്രികിടപ്പ്‌ നിർത്തലാക്കിയതും, ലോനപ്പൻ ഹോബി ആരംഭിച്ചതും ഒരേദിവസം ഒരേസമയത്തായിരുന്നു എന്നുള്ളത്‌ വിധിയുടെ വിളയാട്ടമായിരിക്കാം.

വെളുപ്പാൻ കാലത്ത്‌ വണ്ടി സ്റ്റാർട്ടാക്കുന്നതിന്‌ മുന്നായി, പതിവ്‌ ചെക്ക്‌ അപ്പിന്റെ കൂടെ പുറക്‌ വീലിന്‌ അടവെച്ചിരുന്ന കല്ലെടുത്ത്‌ മാറ്റാൻ ചെന്ന ഡ്രൈവർ സാർ ഒന്നു ഞെട്ടി...
കല്ലിനോട്‌ ചേർന്ന്‌ ഒരു അത്ഭുത ജീവി...വെറും നിലത്ത്‌ വട്ടം കിടക്കുന്നു! അബദ്ധത്തിലെങ്ങാനും വണ്ടി സ്റ്റാർട്ടായാൽ കേറിയിറങ്ങിയതുതന്നെ...
കലിപൂണ്ട ഡ്രൈവർ സാർ ജീവിയെ കാലേപിടിച്ച്‌ തലയ്ക്ക്മുകളിൽ രണ്ട്‌ വട്ടം ചുറ്റിയപ്പോഴത്തേയ്ക്കും, കുറുപ്പിന്റെ കടയിൽ അതിരാവിലെതന്നെ നാട്ടുവിശേഷം കുടിക്കാനെത്തിയവരെല്ലാം ഓടിക്കൂടി.

ലോനപ്പൻ!

“ചാകാനാണേ വല്ല പ്രൈവറ്റ്‌ വണ്ടിക്കും അടവെയ്ക്കടാ കഴുതേ, മറ്റുള്ളവന്റെ കഞ്ഞീ പാറ്റയിടാതെ...”
ആനവണ്ടി മുക്രയിട്ട്‌ മുന്നോട്ട്‌ നീങ്ങി.
അന്തരീക്ഷത്തിൽ പറന്ന്‌ തറയിൽ വിശ്രമമെടുത്തിരുന്ന  ലോനപ്പന്റെ വായിൽ നിന്നും നുരയും പതയുമൊഴുകി. കൈയും കാലും കോച്ചി വലിഞ്ഞു.കണ്ണുകൾ മിഴിഞ്ഞു പുറത്തേയ്ക്ക്‌ തള്ളി.പല്ലുകൾ കൂട്ടിക്കടിച്ചു.മലർന്ന്‌ കിടന്ന്‌ വട്ടത്തിൽ കറങ്ങുന്ന ലോനപ്പന്റെ ചുരുണ്ടുകൂടിയ കൈവിരലുകൾക്കുള്ളിൽ ആരൊക്കെയൊ താക്കോല്കൂട്ടം പിടിപ്പിച്ചു.
തെക്കേപുരത്തേയ്ക്കുള്ള രാത്രി ബസ്‌ ഏതായാലും അന്നത്തോടെ നിന്നു.
കന്നിസംരംഭം പൊളിഞ്ഞതിന്റെ നിരാശയിൽ ലോനപ്പൻ പറഞ്ഞു.“ഇനി ജീവൻ പോയാലും ആനവണ്ടിക്ക്‌ അടവെയ്ക്കേല...പിക്കപ്പില്ലാത്ത  പണ്ടാരത്തിന്‌ ആരാ അട വെയ്ക്കുന്നേ...ചുമ്മാ പേര്‌ നാറ്റിച്ചു.”
മരണം ലോട്ടറി ടിക്കറ്റുപോലാണന്ന്‌ ലോനപ്പൻ പ്രഖ്യാപിച്ചു. ലോട്ടറി എടുത്തുകൊണ്ടേയിരിക്കുക. നരകത്തിലേയ്ക്കുള്ള വഴി ഏത്‌ നിമിഷവും തുറക്കപ്പെടാം. ലോനപ്പന്‌ നരകമാണിഷ്ടം!അലസന്മാർക്കുള്ളതാണ്‌ സ്വർഗ്ഗം!

മടയാംതോട്‌ പാലത്തിന്റെ കൈവരീന്ന്‌ ഒരർദ്ധരാത്രി ലോനപ്പൻ ചാടിയത്‌ പേര്‌ ചുമ്മാ നാറ്റിക്കരുതെന്ന്‌ കരുതിത്തന്നെയാണ്‌ .
ഭാഗ്യമോ അതോ ദൗർഭാഗ്യമോ!
കായലിലെ കാറ്റും കോളും കാരണം ഗോപീടെ ഭാര്യേടെ പുല്ലും വള്ളം പതിവിൽ നിന്നും വിരുദ്ധമായി വളരെയേറേ താമസിച്ചാണ്‌ അന്നെത്തിയത്‌.വള്ളം പാലത്തിന്നടിയിൽ എത്തിയ സമയം ആകാശത്തുനിന്നും ഉരുണ്ടുരുണ്ട്‌ വരുന്ന അപൂർവ്വ ജീവിയെക്കണ്ട്‌ ഏതോ ഏലിയനാണന്ന്‌ തെറ്റിദ്ധരിച്ച്‌ ഗോപീടെ ഭാര്യ തുഴയ്ക്ക്‌ ഒരു കുത്തും കാലിന്‌ രണ്ട്‌ ചവിട്ടും കൊടുത്തു ലോനപ്പനെ വള്ളത്തേലെ പുല്ലിന്മേൽ കെടത്തി സല്ക്കരിച്ചു.
കായലിലെ കാറ്റും മുടിഞ്ഞ മഴയും കാരണം വള്ളം താമസിച്ചത്‌ ദൈവനിശ്ചയമാണന്നും, അതുകൊണ്ട്‌ ലോനപ്പന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു എന്നും ഗോപീടെ ഭാര്യ പിറ്റേന്ന്‌ വള്ളക്കടവിൽ പൊതുജനസമക്ഷം പ്രഖ്യാപിച്ചു.വളരെ സാഹസിയകമായ്‌ ലോനപ്പന്റെ ജീവൻ രക്ഷിച്ചതിനാൽ പഞ്ചായത്തിൽ നിന്നും ധീരതയ്ക്കുള്ള അവാർഡിനുള്ള അപേക്ഷയും നല്കി.
കൈയൊരെണ്ണം ഒടിഞ്ഞെങ്കിലും ലോനപ്പൻ പറഞ്ഞു; “ഇനി ജീവൻ പോയാലും ഞാൻ പാലത്തേന്ന്‌ ചാടത്തില്ല...ഈ വള്ളക്കാരും പുല്ലുകാരുമില്ലാത്ത ഒരു സമയോമില്ല. ചുമ്മാ പേര്‌ നാറും.“
ചുമ്മാ പേര്‌ നാറ്റിക്കരുതെന്ന്‌ കരുതിത്തന്നെയാണ്‌ ലോനപ്പൻ എസ്റ്റേറ്റിലെ ഒരേയൊരു പരുത്തിമരത്തിന്റെ ചാഞ്ഞകൊമ്പിന്റെ ബലം പരീക്ഷിച്ചതും!
കൊമ്പിന്‌ ആവശ്യത്തിലധികം ബലമുണ്ടായിരുന്നു! പക്ഷേ എന്തു ചെയ്യാം.? മുട്ടുകാലുവന്ന്‌ നിലത്തിടിച്ചപ്പോഴും ലോനപ്പനറിഞ്ഞില്ല കറിന്‌ നീളം കൂടിപ്പോയെന്ന്‌!
”നരകത്തിലൊക്കെ മുഴുവൻ കള്ളിമുള്ളാണോ?“ എന്നായിരുന്നു ഇടയ്കെപ്പോഴോ ഒരു മിന്നായം പോലെ ബോധം വന്നപ്പോൾ ലോനപ്പൻ ചോദിച്ചത്‌.
പുഴുപ്പൻ മുള്ളിന്റെ ആഘാതം തരണം ചെയ്യാൻ കാലം കുറേ എടുത്തെങ്കിലും ലോനപ്പൻ ഒന്നുറപ്പിച്ചിരുന്നു.”ഇനി ജീവൻ പോയാലും പൊക്കം കുറഞ്ഞ മരത്തേന്ന്‌ ചാടില്ല. ചുമ്മാ പേര്‌ നാറും.“

”ഇനിമുതൽ അലവലാതി പരിപാടിക്കൊന്നുമില്ല.ലോട്ടറിക്കച്ചവടമൊന്ന്‌ കൊഴുക്കട്ടെ.. നല്ലൊന്നാന്തരം പാഷാണം വാങ്ങിക്കാണിച്ചുതരാം..“കുറുപ്പിന്റെ ചായക്കടയിൽ വെച്ചാണ്‌ ലോനപ്പൻ ഈ സുപ്രധാന തീരുമാനം പുറത്തുവിട്ടത്‌!
അറബിക്കടലിൽ ഉറങ്ങാൻ പോയ സൂര്യൻ പലതവണ വേമ്പനാട്ട്‌ കായലിൽ കുളിയും കഴിഞ്ഞ്‌ പൊങ്ങി.
തെക്കേക്കരയിലെ പ്രഭാതങ്ങൾ ന്യൂസ്‌ വർക്കി എന്നും വാർത്താ സമ്പുഷ്ടമാക്കി.

ലോനപ്പനെ കാണാനില്ല...ലോനപ്പനെ കാണാനില്ല...
പത്രവാർത്തയുടെ തലക്കെട്ടുകൾ വിളിച്ചുപറയുന്നതിനോടൊപ്പം ന്യൂസ് വർക്കി പറയുന്നു...
ലോനപ്പനെ കാണാനില്ല!!!ലോനപ്പനെ കാണാനില്ല!!!
അന്നത്തെ സൂര്യൻ വേമ്പനാട്ട് കായലിൽ നിന്നും പൊങ്ങി വന്നപ്പോൾ തെക്കേക്കരക്കാർ അറിഞ്ഞു...ലോനപ്പന്റെ തിരോധാനം!
ന്യൂസ്‌ വർക്കി വീട്‌ വീടാന്തരം കയറിയിറങ്ങി വിവരം അറിയാത്തവരായി ആരുമില്ലായെന്ന് ഉറപ്പുവരുത്തി.
വാർത്ത കേട്ടവർ കേട്ടവർ റോഡിലേയ്ക്കിറങ്ങി.ചിലർ കലുങ്കിന്മേലിരുന്ന്‌ ലോനപ്പന്റെ തിരോധാനത്തിന്‌ നിദാനമാകാവുന്നതും അല്ലാത്തതുമായ കാരണങ്ങളെ വിശകലനം ചെയ്തു.മാഞ്ചുവട്ടിലും ചർച്ച നടന്നു.
“പാവം ചുഴലി ദീനം കൊണ്ട്‌ കൊറേ കഷ്ടപ്പെട്ടു...എന്തു പറ്റിയോ ആവോ...ചാകാനായ്‌ നടക്കുന്നോനാ...” മീനാക്ഷി അമ്മായി താടിക്ക്‌ കൈ കൊടുത്തു.
ലോനപ്പൻ എവിടെ? എപ്പോൾ? എങ്ങനെ?
നാടുവിട്ടോ?
ചോദ്യങ്ങൾ പലതായിരുന്നു. പക്ഷേ ഉത്തരം മാത്രം കിട്ടിയില്ല.
മൂന്നിന്റന്ന്‌ കാലത്ത്‌ ഞെട്ടിക്കുന്ന വാർത്തയുമായിട്ട്‌ ന്യൂസ്‌ വർക്കി വീണ്ടും പ്രത്യക്ഷപ്പെട്ടു!
എസ്റ്റേറ്റിന്റെ നടുവിലെ കുളത്തിന്റെ മാടിക്കുള്ള കൈതകൾക്കിടയിൽ ലോട്ടറിടിക്കറ്റുകൾ...
“വെള്ളത്തീ മുങ്ങിയാ മൂന്നിന്റന്ന്‌ പൊങ്ങുമെന്നാ...” വിലാസിനി ചിറ്റ മാഞ്ചുവട്‌ കമ്മറ്റിയിൽ അഭിപ്രായം രേഖപ്പെടുത്തി.അപ്പോൾ മീനാക്ഷി അമ്മായി ഇടയ്ക്ക്‌ കയറി പറഞ്ഞു.
“ഒന്നു പോടീ പെണ്ണേ, ലോനപ്പനല്ലേ ആള്‌...അവൻ മൂന്നിന്റന്ന്‌ പൊങ്ങിവന്നിട്ട്‌ പറയും...ഇനി ജീവൻ പോയാലും  ഞാനാ  കുളത്തീ ചാടുകേലാ...ചുമ്മാ പേര്‌ നാറും.”
                                                            -----------------

Read more...

പ്രത്യേക ശ്രദ്ധയ്ക്ക്

Creative Commons License
എന്റെ ചില കുറിപ്പുകള്‍ by K.M.Satheesan is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Based on a work at www.satheeskm.blogspot.com.
Permissions beyond the scope of this license may be available at www.satheeskm.blogspot.com.

വിരുന്നുകാർ

Powered By Blogger

ഓർക്കണേ പ്ലീസ്...

ഈ ബ്ലോഗിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങളോ, സന്ദർഭങ്ങളോ, കഥാപാത്രങ്ങളോ ഏതെങ്കിലും വിധത്തിൽ ആരെങ്കിലുമായി ബന്ധപ്പെട്ടിട്ടുണ്ടന്ന് തോന്നുന്നുവെങ്കിൽ അത് സ്വാഭാവികം മാത്രം.

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP