Followers

ഫൗണ്ടന്‍പേന

Friday, December 8, 2006

അക്ഷരങ്ങള്‍ കൂട്ടി വായിക്കുവാന്‍ പഠിച്ചതിനു ശേഷം വായന എനിക്ക് എറ്റവും രസകരമായ സംഗതിയായി.
എന്തു കിട്ടിയാലും വായിക്കും. വായിച്ചതിനെക്കുറിച്ചാലോചിച്ചങ്ങനെയിരിക്കും.
അക്ഷരങ്ങളെ പോലെ തന്നെ എനിക്കിഷ്ടമാണ് പേനയും.
ഫൗണ്ടന്‍പേന. ദീപുവിന്റെ കൈയ്യിലുണ്ടൊരെണ്ണം. എന്തു രസമാണത് കാണുവാന്‍.
പിരി തുറന്നു അതിന്റെകത്ത് മഷി ഒഴിക്കണം. കറുത്തതോ, നീലയോ ഏതാണു വേണ്ടത് അത്.
പക്ഷേ എനിക്കത് കാണുവാനുള്ള ഭാഗ്യം മാത്രമേയുള്ളു.
ദുഷ്ടനാണ് അവന്‍. ഒന്നു തൊടുവാന്‍ പോലും സമ്മതിക്കില്ല.
ഞാനവന്റെ സഹപാഠിയാണന്നു കണക്കു കൂട്ടണ്ട അവന്റെ അകന്ന ബന്ധത്തില്‍പെട്ട ഒരാളാണെന്ന പരിഗണനയെങ്കിലും തരണ്ടെ.
ഞാനും ഒരിക്കല്‍ കാണിച്ചു തരാം. എനിക്കും കിട്ടും എന്നെങ്കിലും ഒരു ഫൗണ്ടന്‍ പേന.
എങ്ങനെ സ്വന്തമായി ഫൗണ്ടന്‍ പേന ഉണ്ടാക്കാമെന്നതായി പിന്നീടുള്ള ചിന്ത മുഴുവനും.
വീട്ടില്‍ അച്ഛനോടോ അമ്മയൊടോ പറയാമെന്നു വിചാരിച്ചു. പക്ഷേ പറഞ്ഞില്ല. എല്ലാം അറിഞ്ഞു കൊണ്ട് ഞാനെങ്ങനെയാണ് പേന ആവശ്യപ്പെടുന്നത്.തല്‍ക്കാലം ഈ പെന്‍സില്‍ കൊണ്ട് അടങ്ങുന്നതാണ് നല്ലത്.
അങ്ങനെ ആ അദ്ധ്യാനവര്‍ഷം അവസാനിച്ചു.
വേനലവധി എത്തി.
വേനലവധി ഏറ്റവും സന്തോഷം തരുന്ന കാര്യമാണ്.
രണ്ടു മാസം സ്ക്കൂളില്‍ പോകേണ്ട എന്നത് മാത്രമല്ല, ആ സമയത്താണ് ഞങ്ങള്‍ അമ്മയുടെ നാട്ടിലേയ്ക്ക് പോകുന്നത്.
അങ്ങു ദൂരെ കുട്ടനാട്ടിലെ ഒരുള്‍നാടന്‍ പ്രദേശം, എന്തു ഭംഗിയായിരുന്നു അവിടം കാണാന്‍. കുളിര്‍കാറ്റുമേറ്റു കൊണ്ട് പമ്പയുടെ തീരത്തു കൂടെ അങ്ങനെ നടക്കണം വളരെ ദൂരെ. ഒരു വശത്ത് നീണ്ടു നിവര്‍ന്ന് കിടക്കുന്ന പാടശേഖരം. മറുവശം പമ്പാനദി.
പലപ്പോഴും ഞങ്ങള്‍ നടന്നാണ് കടവില്‍ നിന്ന് വീടു വരെയെത്തിയിരുന്നത്. ചിലപ്പോഴൊക്കെ തെക്കത്തച്ഛന്‍ വള്ളവുമായി വരും.
വള്ളത്തില്‍ പമ്പയുടെ വിരിമാറിലൂടെയുള്ള ആ യാത്ര ഇന്നു സ്വപ്നത്തിലെന്നൊണം തോന്നുന്നു.
വള്ളത്തിലെ യാത്ര ഞങ്ങള്‍ ഇഷ്ടപ്പെട്ടിരുന്നുവെങ്കിലും പേടിപ്പെടുത്തുന്ന ഒരു സംഗതിയുണ്ടായിരുന്നു.
യാത്രബോട്ടിന്റെ വരവ്.
ഹമ്മോ! അവന്റെ ഒരു പോക്ക്.
വെള്ളത്തെ മുഴുവന്‍ കീറിമുറിച്ചുള്ള ആ പോക്കിനിടയില്‍ അവന്‍ പാവം വള്ളക്കാരെ ശ്രദ്ധിക്കാറേയില്ല. ബോട്ടിനെയും അതിലെ യാത്രക്കാരെയും എന്നും ദേഷ്യത്തോടെ മാത്രമേ ഞങ്ങള്‍ നോക്കിക്കണ്ടിട്ടുള്ളൂ. ഓളത്തില്‍ വള്ളം ഉയര്‍ന്നു താഴുമ്പോള്‍ സകലമാന ദൈവങ്ങളേയും വിളിച്ച് ഞങ്ങള്‍ കണ്ണടച്ചിരിക്കും.
പക്ഷേ തെക്കത്തച്ഛന് ബോട്ടിനേയും യാത്രക്കാരെയും ഒരു പേടിയുമില്ല. അമ്മയ്ക്കും പേടിയില്ല.
അമ്മയപ്പോള്‍ പഴയകാലങ്ങളെക്കുറിച്ച് പറയുവാന്‍ തുടങ്ങും.
പണ്ട് എന്നു വെച്ചാല്‍ അമ്മ കരപ്രദേശത്തേയ്ക്ക് മാറുന്നതിനു മുന്‍പു, അതായത് കല്ല്യാണത്തിനു മുന്‍പുള്ള കഥകള്‍. അമ്മയുടെ കുട്ടിക്കാലത്തെ കഥകള്‍.
വീട്ടിലെ മൂത്തപുത്രിയായതു കൊണ്ടു തന്നെ അമ്മയ്ക്ക് വിദ്യാഭ്യാസം തുടരുവാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല. ഇളയത്തുങ്ങളെ നോക്കുകയെന്നതായിരുന്നു അമ്മയുടെ അക്കാലത്തെ ജോലി. അവരെ സ്ക്കൂളില്‍ കൊണ്ടു വിടുക തിരികെ കൊണ്ടു വരിക, ഭക്ഷണം പാചകം ചെയ്യുക തുടങ്ങി ഒരു നൂറുകൂട്ടം കാര്യങ്ങള്‍ ആ ചെറുപ്രായത്തില്‍ അമ്മ നോക്കി നടത്തേണ്ടതായി വന്നു.

“ഇതെന്തൊരു ഓളം” ബോട്ടു പോകുമ്പോഴുണ്ടാകുന്ന വള്ളത്തിന്റെ ഉയര്‍ച്ച താഴ്ച കണ്ട് അമ്മ പറയും. “പണ്ട് മഴക്കാലത്ത്,അന്ന് മണിയന്‍ സ്ക്കൂളില്‍ പഠിക്കയാണ്. (മണിയന്‍ അമ്മയുടെ നേരെ ഇളയ ആങ്ങള, എന്റെ വലിയമ്മാവന്‍) അവനെ സ്ക്കൂളില്‍ കൊണ്ടു ചെന്നാക്കുക എന്റെ ജോലിയാണ്” അമ്മ തുടരുന്നു.
“പാടവും നദിയുമെല്ലാം ഒന്നായി കിടക്കുന്ന സമയം.പെരുമഴയത്ത് അവനെ വള്ളത്തില്‍ സ്കൂളില്‍ കൊണ്ടുചെന്നാക്കണം നല്ല കാറും കോളുമുണ്ടാവും.”
അമ്മ ഞങ്ങളുടെ നേരെ തിരിഞ്ഞു.
“നീയൊക്കെ ഭാഗ്യവാന്മാര്‍!
അന്നു കുടയൊന്നുമുണ്ടായിരുന്നില്ല.മാറാമ്പിന്റെ ഇല വെട്ടി തലയില്‍ വെച്ചാണ് ഞങ്ങള്‍ സ്കൂളില്‍ പോയിരുന്നത്.പഠിക്കുന്നതിനേക്കാള്‍ പ്രധാനം സ്കൂളില്‍ നിന്നും കിട്ടുന്ന ആഹാരമായിരുന്നു.നിങ്ങളിന്നെന്തെങ്കിലും അറിയുന്നുണ്ടോ?ഒരു ദിവസം പോലും പട്ടിണി കിടക്കാതെ കഴിയാന്‍ പറ്റുന്നുണ്ടല്ലോ.”
ശരിയാണ്.ആഹാരം കിട്ടുകയെന്നുള്ളതു തന്നെ മഹാഭാഗ്യം.
അപ്പോള്‍ എന്റെ ഫൗണ്ടന്‍ പേനയോ? അതൊന്നുമല്ല. ഞാനാശ്വസിച്ചു.

സേതുവിന്റെ ശ്രദ്ധ ഇതിലൊന്നുമായിരുന്നില്ല. അവള്‍ കഴിയാവുന്നത്രയും ആമ്പല്‍ പൂക്കള്‍ പറിക്കുവാനുള്ള ശ്രമത്തിലായിരിക്കും.അവസാനം നീണ്ട ഒരു യാത്രയ്ക്കൊടുവില്‍ ഞങ്ങള്‍ വീടെത്തും.

ആറ്റിറമ്പിലൂടെ നടന്നു പോകുന്നത് ഞങ്ങള്‍ക്കിഷ്ടമായിരുന്നെങ്കിലും ഏറ്റവും പേടിപ്പെടുത്തുന്നത് ഇടക്കിടക്കുള്ള പാലങ്ങളായിരുന്നു.
ഒറ്റത്തടിപ്പാലങ്ങള്‍!
പലതിനും കൈ പിടിക്കുവാനുള്ള കയറു പോലുമുണ്ടായിരുന്നില്ല.
പക്ഷേ അമ്മയ്ക്ക് അതൊന്നും പ്രശ്നമായിരുന്നില്ല. ഞാനിതെത്ര കണ്ടിരിക്കുന്നു എന്ന ഭാവത്തിലാണു അമ്മ പാലം കയറുന്നത്.
അച്ഛന്‍... ഒരു പാവം കരപ്പുറത്തുകാരന്‍.
അമ്മ അക്കരയെത്തി ഒന്നു വിശ്രമിച്ചു കഴിഞ്ഞായിരിക്കും അക്കരെ എത്താറുള്ളത്.

അമ്മ പറഞ്ഞു കേട്ടിട്ടുള്ളതാണ്.
പണ്ട്, ഞാന്‍ കുട്ടി ആയിരുന്ന സമയത്ത്,
എന്നുവച്ചാല്‍ എന്നെ എടുത്തുകൊണ്ടു നടക്കുന്ന പ്രായത്തില്‍ അച്ഛനും അമ്മയും കൂടി ഒരു മഴക്കാലത്ത് അമ്മയുടെ വീട്ടിലേക്ക് പോയി.വഴിയില്‍ പാടത്തിന്റെ മട പൊട്ടിക്കിടക്കുന്നു.വെള്ളം ആറ്റില്‍ നിന്നും പാടത്തേയ്ക്ക് ഒഴുകുന്നുണ്ട്.ശക്തമായ ഒഴുക്കൊന്നുമില്ല.വലിയ ആഴവും തോന്നുന്നില്ല. അക്കരെയെത്താനായി ഒരു അടയ്ക്കാ മരം ഇട്ടിട്ടുണ്ട്.അവിടം നീന്തിക്കടക്കുന്നതാണ് പാലത്തില്‍ കയറുന്നതിനേക്കാള്‍ നല്ലതെന്ന് അച്ഛനു തോന്നി.അമ്മയുടെ താക്കീത് വകവെയ്ക്കാതെ അച്ഛനെന്നെയുമെടുത്ത് നീന്താനാരംഭിച്ചു.
പക്ഷേ വെള്ളത്തിലേക്കിറങ്ങിയപ്പോഴാണു അച്ഛന് കാര്യത്തിന്റെ ഗൗരവം മനസ്സിലായത്.വിചാരിച്ചതിനേക്കാള്‍ ശക്തിയായ ഒഴുക്കുണ്ട്.കാലു ചെളിയിലോട്ട് ഊര്‍ന്ന് പോകുന്നു.കൈയ്യില്‍ കുഞ്ഞായ ഞാന്‍...

എന്നെ കഴിയാവുന്നത്ര ഉയര്‍ത്തി കഴുത്തൊപ്പം വെള്ളത്തില്‍ നനഞ്ഞ് അച്ഛനെങ്ങനെയോ അക്കരയെത്തി.ഒരു കുട്ടനാട്ടുകാരിയുടെ വാക്കിനെ അവഗണിച്ചതിനുള്ള ഫലം.
അതില്‍പ്പിന്നെ അച്ഛന്‍ വെള്ളത്തിലിറങ്ങാന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ല.

അവധിക്കാലം കഴിയുന്നതറിയുകേയില്ല. വള്ളവും തോടും നദിയും പാടവുമെല്ലാം ഞങ്ങളെ വളരെ ആകര്‍ഷിച്ചിരുന്നു. പക്ഷെ ഇത്തവണ എന്നെ ആകര്‍ഷിച്ചത് ഇതൊന്നുമായിരുന്നില്ല.
നല്ലൊരു ചുവന്ന ഫൗണ്ടന്‍ പേന!
ദീപുവിന്റേതിനേലും ഭംഗിയുള്ള ഒരു ഫൗണ്ടന്‍ പേന!
തെക്കുവീട്ടിലെത്തിയന്ന് മുതല്‍ എന്നെ ആകര്‍ഷിച്ചതും എന്റെ ഉറക്കം കെടുത്തിയതും ആ പേനയായിരുന്നു.
ആ സുന്ദരന്‍ പേനയും കൈയ്യില്‍ പിടിച്ച് സ്ക്കൂളില്‍ കുട്ടികളുടെ മുന്നില്‍ ഞാന്‍ നടക്കുന്നത് എന്റെ സ്ഥിരം സ്വപ്നമായി തീര്‍ന്നു. പക്ഷേ അതെനിക്കെങ്ങനെ സ്വന്തമാക്കാന്‍ കഴിയും.
ഉണ്ണിമാമന്റേതാണ്. മാമന് ആകെയുള്ള പേനയാണ്.

മാമന്‍ എന്നെ പോലെ ചെറിയ ക്ലാസ്സിലെ കുട്ടിയൊന്നുമല്ല. പട്ടണത്തിലെ കൊളേജിലാണു പഠിക്കുന്നത്. വലിയ ക്ലാസ്സില്‍. അപ്പോള്‍ ഫൗണ്ടന്‍ പേന ആവശ്യമാണ്.
ഞാന്‍ ചെറിയ കുട്ടി. എനിക്കു പെന്‍സിലായാലും മതി. പലപ്പോഴും സ്വയം ആശ്വാസം കൊള്ളുവാന്‍ ശ്രമിച്ചു.
പക്ഷേ എന്റെ ഇളം മനസ്സ് ആ പേന എന്റേതാണെന്നു മന്ത്രിച്ചു കൊണ്ടിരുന്നു...

അങ്ങനെ ആ അവധിക്കാലവും അവസാനിച്ചു. ഞങ്ങള്‍ ഞങ്ങളുടെ നാട്ടിലേക്കു തിരിച്ചു. തെക്കത്തച്ഛന്‍ പഴയതു പോലെ തന്നെ വള്ളത്തില്‍ അരിയും പഴക്കുലയും പച്ചക്കറികളുമെല്ലാം കടവു വരെ എത്തിച്ചു തന്നു.കൂട്ടത്തില്‍ ആരുമറിയാതെ ഞാന്‍ എന്റെ സ്വപ്നത്തെ നിക്കറിന്റെ കീശയില്‍ ഒളിപ്പിച്ചിരുന്നു.

അപ്പുക്കുട്ടാ...
എന്ന നീട്ടിയുള്ള വിളി കേട്ടു കൊണ്ടാണ് പിറ്റേന്നു ഞാന്‍ ഉണര്‍ന്നത്.
എന്റെ ഹ്യദയം പടപടാന്നു ഇടിക്കുന്നു.
അതങ്ങ് ലോകത്തിന്റെ മറുതലയ്ക്ക് കേള്‍ക്കുവാന്‍ സാധിക്കുമായിരുന്നിരിക്കും.
തെക്കത്തച്ഛന്റെ ശബ്ദമാണ്.
അച്ഛനെന്തിനാണ് രാവിലെ ഓടിയെത്തിയിരിക്കുന്നത്? ഞാന്‍ പിടിക്കപ്പെടുമോ?
ആരും കണ്ടിട്ടില്ല എന്നത് ഉറപ്പാണ്. പക്ഷേ...
തെക്കത്തച്ഛന്റെ ശബ്ദം വീണ്ടും കേട്ടു.
“ഉണ്ണിയുടെ പേന കാണാനില്ല. അവനു കോളേജില്‍ കൊണ്ട് പോകേണ്ടതാണ്. അപ്പുക്കുട്ടന്‍ എടുത്തോയെന്നറിയണം. അതു കൊണ്ടാ ഞാന്‍ ആദ്യ ബസ്സിനു തന്നെയിങ്ങു പോന്നത്.”

ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ.

ഞാന്‍ പിടിക്കപ്പെട്ടു. ആരറിയുന്നു എന്റെ മനസ്സിന്റെ വേദന. ഞാന്‍ കള്ളനല്ലേ.
ഒരു പക്ഷേ അവര്‍ക്കറിയാമായിരിക്കാം...
വേറെ മാര്‍ഗ്ഗമില്ലാത്തതു കൊണ്ടല്ലേ തെക്കത്തച്ഛന്‍ ഇത്രയും ദൂരം താണ്ടി ഇവിടം വരെ വന്നത്. പൊന്തി വന്ന വിമ്മലിനിടയില്ലും ഞാന്‍ സ്വയം സമാധാനിക്കാന്‍ ശ്രമിച്ചു.

ദീപൂ... നീ തന്നെ ജയിച്ചു.

Read more...

എന്റെ നേതാവ്

നാളെ പരീക്ഷയാണ്.
ഇന്നെങ്കിലും എന്തെങ്കിലും പഠിക്കണം.
സത്യത്തില്‍ പഠിക്കുന്നെന്ന് കാണിക്കണം അമ്മയെ.
അവള്‍. ബിന്ദു.
ആ കുശുമ്പിയാണല്ലോ ഇങ്ങനെയൊരവസ്ഥ അപ്പുക്കുട്ടനുണ്ടാക്കിയത്.
അവള്‍ വന്നു അമ്മയോട് പറയുകയാണ്.
''അമ്മേ, അപ്പുക്കുട്ടനെ നോക്ക് പരീക്ഷയായിട്ടും ഒന്നും പഠിക്കാതെ, പന്തുകളിച്ചും മാവിലും കയറി നടക്കുകയാണ്. ഞാനാണങ്കില്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ പഠിക്കുന്നുണ്ട്.
അവള്‍ നല്ല കുട്ടി.

രാവിലെ മുതല്‍ വൈകുവോളം പഠിക്കുന്നുണ്ടത്രേ. എന്നിട്ടാണവള്‍ക്ക് കണക്കു പരീക്ഷയ്ക്ക് മൊട്ട കിട്ടിയത്.
ഇപ്പോളവളുടെ പേരു മൊട്ട ബിന്ദുവെന്നാണ്. എന്നിട്ടും അമ്മയോട് വന്നു പറഞ്ഞിക്കുന്നതു കണ്ടില്ലേ.
കുശുമ്പി.
അമ്മ അപ്പുക്കുട്ടന് അന്ത്യശാസനം നല്‍കി.
''നീ എന്നു സ്ക്കൂളില്‍ പോകാന്‍ തുടങ്ങി അന്നു തുടങ്ങിയതാ എന്റെ തലവേദന. ഇനിയെങ്കിലും നിനക്കെന്തെങ്കിലും പഠിച്ചുകൂടേ. നീ ബിന്ദുവിനെ നോക്കൂ അവള്‍ പുസ്തകം വായിക്കുന്നത് ഇവിടെ എനിക്കു കേള്‍ക്കാം. ''

''അവള്‍ ആളുകളെ കാണിക്കാന്‍ വേണ്ടി ചെയ്യുന്നതാ അമ്മേ. കണക്കു പരീക്ഷയ്ക്ക് അവള്‍ക്ക് മൊട്ടയാ. മൊട്ട '' അപ്പുക്കുട്ടന്‍ കൈ കൊണ്ട് മൊട്ട ഉരുട്ടി കാണിച്ചു.

''പിന്നേ നീ നല്ലൊരു കുഞ്ഞ്. നിനക്കും മൊട്ട കിട്ടിയതല്ലേ, നീ ഭയങ്കര ബുദ്ധിമാനാണന്ന് എനിക്കറിയാം. മറിയാമ്മ ടീച്ചര്‍ എല്ലാം എന്നോടു പറഞ്ഞു. നിന്റെ മൊട്ടയുടെ ഇടതുവശത്ത് രണ്ട് എഴുതി ഇരുപത് ആക്കി നീ എന്നെ കാണിച്ചില്ലേ.
ഭയങ്കര ബുദ്ധിയാ നിന്റെ.
കുരുട്ടു ബുദ്ധി.
പഠിക്കാന്‍ വേണ്ടി കുറച്ചു ബുദ്ധിയുപയോഗിക്കൂ ഗുണമുണ്ടാവും ''.

അമ്മ വഴക്കു പറയുവാന്‍ തുടങ്ങിയപ്പോള്‍ അപ്പുക്കുട്ടന്‍ പുസ്തകമെടുത്തു പഠിക്കുവാന്‍ ആരംഭിച്ചു.
ഉച്ചത്തില്‍ വായിച്ചു കൊണ്ട്.
കേള്‍ക്കട്ടെ എല്ലാവരും കേള്‍ക്കട്ടെ.
ബിന്ദു............ കുശുമ്പി.........നീ കേള്‍ക്കടീ.
മറിയാമ്മ ടീച്ചറേ.........ഒറ്റുകാരി..........കേള്‍ക്കൂ.
അമ്മ സമാധാനിക്കട്ടെ..
പക്ഷേ ശ്രദ്ധ കിട്ടുന്നില്ല വായിക്കാന്‍.
എങ്ങനെ കിട്ടാനാ....
നേതാവിന്റെ പ്രസംഗം തകര്‍ക്കുകയല്ലേ.
വീട്ടിലെ തെങ്ങിലാണ് ഉച്ചഭാഷിണി വെച്ചിരിക്കുന്നത്. നാളെ പരീക്ഷയാണെന്നു അമ്മയ്ക്കറിയാവുന്നതല്ലേ. പിന്നെയെന്തിനാ അമ്മയിതൊക്കെ അനുവദിച്ചത്. അമ്മ അനുവദിച്ചില്ലേലും നേതാവ് പ്രസംഗിക്കും. ഉച്ചഭാഷിണി വെറെയാരുടെയെങ്കിലും തെങ്ങില്‍ കെട്ടിവെയ്ക്കുമെന്നേയുള്ളു.
നേതാവ് ഓരോരൊ ആനുകാലിക സംഭവങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് ചോദ്യങ്ങള്‍ ചോദിക്കുകയാണ്.അങ്ങ് ചെക്കൊസ്ലോവാക്കിയയിലും,ഉഗാണ്ടയിലും എന്തുണ്ടായി എന്നു ആക്രോശിക്കുന്നു.
പൊതുജനം കഴുതകള്‍!
അവര്‍ക്കതിനൊന്നും ഉത്തരമറിയില്ല.
അപ്പുക്കുട്ടനും അറിയില്ല.
ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ചോദിക്കാനറിയുന്നതുകൊണ്ടായിരിക്കാം നേതാവ് ഇന്നത്തെ നിലയിലെത്തിയത്.
ഈ നേതാവിന് ഇതിന്റെയൊക്കെ ഉത്തരമറിയാമോ? അപ്പുക്കുട്ടന്‍ ആലോചിച്ചു.
നേതാവിന്റെ പഠിത്തത്തിന്റെ കഥയൊക്കെ അപ്പുക്കുട്ടനറിയാം.
പണ്ട് നേതാവ് ഇന്നത്തെപ്പോലെ വലിയ ആളല്ല.ഒരു കുട്ടി നേതാവ്.അങ്ങ് ദൂരയുള്ള ഗവണ്മെന്റ് ഹൈസ്കൂളിലെ നേതാവ്.പഠിത്തത്തേക്കാള്‍ നേതാവിന് പ്രധാനം പഠിപ്പ് മുടക്കിലായിരുന്നു.സമരമുണ്ടാക്കാനും കല്ലെറിയാനും നേതാവ് എല്ലാവരുടെയും മുന്നിലുണ്ടാവും.അങ്ങനെ ഒരു സമരത്തില്‍ നേതാവ് ഹെഡ്മാസ്റ്ററെ മുറിക്കകത്തിട്ട് പൂട്ടിയിട്ടു.ടെലഫോണ്‍ വയര്‍ മുറിച്ചുകളയുകയും ചെയ്തു.പോലീസെത്തിയാണ് പാവം ഹെഡ്മാസ്റ്റ്റെ പുറത്തിറക്കിയത്.സമരം വന്‍ വിജയമായി.പക്ഷേ നേതാവ് അതോടെ സ്കൂളില്‍ നിന്നും പുറത്തായി.കുറേ നാളത്തേയ്ക്ക് നേതാവിന്റെ അച്ഛന്‍ നേതാവിനെ വീട്ടില്‍ നിന്നും പുറത്താക്കി.
നേതാവിന് സുഖം!
പഠിക്കാന്‍ പോകേണ്ട.
പിന്നീടുള്ള നേതാവിന്റെ ജീവിതം പാര്‍ട്ടി ഓഫീസ്സിലായി.ഊണും ഉറക്കവുമെല്ലാം അവിടെത്തന്നെയായി.അവിടെയുള്ള താമസം നേതാവിനെ നല്ലൊരു പ്രാസംഗികനാക്കി.ലോകത്തുള്ള എന്ത് വിഷയത്തെക്കുറിച്ചും പ്രസംഗിക്കാന്‍ ഇന്നു നേതാവിന് കഴിയും.പ്രസംഗിക്കുക എന്നു പറയുന്നതിനേക്കാള്‍ നല്ലത് ചോദ്യങ്ങള്‍ ചോദിക്കാനുള്ള കഴിവുണ്ടായി എന്നു പറയുന്നതായിരിക്കും കൂടുതല്‍ ശരി.നേതാവിന്റെ പ്രസംഗത്തില്‍ കൂടുതലും ചോദ്യങ്ങളായിരിക്കും.ഉത്തരമില്ലാത്ത ചോദ്യങ്ങള്‍! ഒരു പക്ഷേ നേതാവിന് നേതാവിന്റെ ഗുരു പഠിപ്പിച്ചു കൊടുത്തതായിരിക്കണം ഈ വിദ്യ!
പണ്ട് സുമതിച്ചേച്ചിയുമായി നേതാവുണ്ടാക്കിയ വഴക്കിന്റെ കഥയും അപ്പുക്കുട്ടനറിയാം.
മടയാംതോട്ടില്‍ ബണ്ട് കെട്ടിക്കഴിഞ്ഞാല്‍ പിന്നെ നാട്ടിലുള്ള ആളുകളെല്ലാം കുളിക്കുന്നതവിടെയാണ്.നേതാവും അവിടെയാണു കുളിക്കുന്നത്.ഒരു ദിവസം നേതാവ് കുളിക്കുന്നതിനായ് മടയാംതോട്ടിലേയ്ക്ക് പോവുകയാണ്.വഴിയരുകിലാണ് ആ മഹാവൃക്ഷം നില്‍ക്കുന്നത്.നിറയെ മാമ്പഴവുമായി നില്‍ക്കുന്ന കാച്ചില്‍ കുറുപ്പിന്റെ മാവ്!നേതാവിനെന്നല്ല ആര്‍ക്കും അതു കണ്ടില്ലന്ന് നടിച്ച് പോകാനാവില്ല. അടുത്തുള്ള വേലിയില്‍ നിന്നും ഒരു പത്തലൊടിച്ച് നേതാവ് മാങ്ങ എറിഞ്ഞിട്ടു.
എന്തൊരു ധിക്കാരം!
എന്തൊരു ധൈര്യം!
കാച്ചില്‍ കുറുപ്പിന്റെ മാവില്‍ നിന്നും മാങ്ങ എറിഞ്ഞിടുവാന്‍ മാത്രം ഇവന്‍ വളര്‍ന്നുവോ? അതും പട്ടാപ്പകല്‍ എല്ലാവരുടെയും മുന്നില്‍ വെച്ച്.വിവരം കുറുപ്പ് ചേട്ടന്റെ വീട്ടിലറിഞ്ഞു.
കുറുപ്പു ചേട്ടനും കുടുംബവും പണ്ടെങ്ങോ തെക്കന്‍നാട്ടില്‍ നിന്നും അപ്പുക്കുട്ടന്റെ നാട്ടിലേയ്ക്ക് താമസത്തിനായി എത്തിയതാണ്.അജാനബാഹുവാണ് കുറുപ്പുചേട്ടന്‍.വയസ്സ് ഇപ്പോള്‍ എഴുപത് എഴുപത്തഞ്ചോളം വരും.എങ്കിലും കഠിനാദ്ധ്വാനത്തിനു ഒരു കുറവുമില്ല.തെങ്ങിന് തടമെടുക്കുവാന്‍ മക്കളേയോ മറ്റു വേലക്കാരെയോ കുറുപ്പു ചേട്ടന്‍ കൂട്ടാറില്ല.കുറുപ്പു ചേട്ടനും ഭാനുവമ്മയ്ക്കും മക്കള്‍ പന്ത്രണ്ടാണ്.എട്ടാണും,നാലു പെണ്ണും.അംഗസംഖ്യ കൂടുതലായതുകൊണ്ടു തന്നെ അവര്‍ക്ക് ഒരുകാര്യത്തിനും മറ്റുള്ളവരെ ആശ്രയിക്കേണ്ട കാര്യവുമില്ലായിരുന്നു.മൂത്ത മകന്‍ അങ്ങു വടക്കെ ഇന്‍ഡ്യയിലെവിടെയോ ആണ്.പട്ടാളത്തില്‍.പട്ടാളക്കാരന്റെ പണമാണ് ആ കുടുംബത്തിന്റെ എല്ലാ ഉയര്‍ച്ചയ്ക്കും കാരണമായിട്ടുള്ളത്.കുറുപ്പു ചേട്ടന്‍ പട്ടാളക്കാരന്റെ പണമെല്ലാം നേരായ രീതിയില്‍ വിനിയോഗിച്ചു.നാട്ടില്‍ കുറെ അധികം സ്ഥലം വാങ്ങി.മറ്റു മക്കളെയെല്ലാം പഠിപ്പിച്ചു. പെണ്മക്കളെയെല്ലാം നല്ല നിലയില്‍ കെട്ടിച്ചു വിട്ടു.
കാച്ചില്‍ കുറുപ്പെന്നു പറഞ്ഞാലെ നാട്ടില്‍ കുറുപ്പ് ചേട്ടനെ അറിയുകയുള്ളു.പണ്ട് പട്ടിണിക്കാലത്ത് ജോലി കഴിഞ്ഞുവരുമ്പോള്‍ കുറുപ്പു ചേട്ടന്‍ കൊണ്ടുവരുന്ന ഒരു സധനമുണ്ടായിരുന്നു.
കാച്ചില്‍!
അതെ കാച്ചിലായിരുന്നു അന്നു ആ കുടുംബത്തിന്റെ പ്രധാന ആഹാരം.
കാച്ചിലില്ലായിരുന്നെങ്കില്‍ ഇത്രയും വലിയ ഒരു കുടുംബത്തെ പോറ്റുകയെന്നുള്ളത് കുറുപ്പ് ചേട്ടനെപ്പോലുള്ള ഒരു സാധാരണക്കാരനെക്കൊണ്ട് നടക്കുന്ന കാര്യവുമായിരുന്നില്ല. ആ കുടുംബത്തിനെതിരെ എന്ത് കാര്യമായിരുന്നാല്‍ പോലും ഒന്നു വിരലനക്കാന്‍ പോലും ആരും ധൈര്യപ്പെട്ടിരുന്നില്ല.എന്തുകൊണ്ടെന്നാല്‍ കുറുപ്പ് ചേട്ടനും ആണ്‍മക്കളും എന്തിനും പോന്നവരായിരുന്നു.പെണ്‍മക്കളും തീരെ മോശമല്ലായിരുന്നു.
അങ്ങനെയുള്ള കുറുപ്പ് ചേട്ടന്റെ മാവില്‍ നിന്നാണ് ഒരുത്തനിപ്പോള്‍ മാങ്ങ എറിഞ്ഞിട്ടിരിക്കുന്നത്.
അതാ വരുന്നു..........
സുമതിച്ചേച്ചി.
കാച്ചില്‍ കുറുപ്പിന്റെ മൂത്ത മകള്‍.
കൈയില്‍ ഒരു ഇരുമ്പ് വടിയുമുണ്ട്.
തൊണ്ട് തല്ലിക്കൊണ്ടിരുന്നപ്പോഴാണ് വിവരമറിഞ്ഞത്.നേരെ പോന്നു.മീശ മുളയ്ക്കാത്ത ഒരു പീറ പയ്യനെ നേരിടാന്‍ എന്തിനാണ് വീട്ടിലെ ആണുങ്ങള്‍!
ഉടുത്തിരുന്ന മുണ്ടും മടക്കിക്കുത്തി ഇരുമ്പ് വടിയുമായുള്ള ആ വരവ് കണ്ടാല്‍ സാധാരണക്കാരൊന്നും നില്‍ക്കത്തില്ല.
പക്ഷേ നേതാവിനോടു നടക്കുമോ വിരട്ടല്‍!
കേവലം മാങ്ങ എറിഞ്ഞു എന്ന കുറ്റത്തിന് ഓടാനോ ക്ഷമാപണം നടത്താനോ നേതാവ് തയ്യാറല്ലായിരുന്നു.
ഇരുമ്പ് വടിക്ക് പകരമായി ഒരു വേലിപ്പത്തല്‍ ചുവടോടെ നേതാവ് പറിച്ചെടുത്തു.പിന്നെ അവിടെ നടന്നത് ഒരു കസര്‍ത്ത് തന്നെയായിരുന്നു.ആരൊക്കെയോ കൂടി നേതാവിനെ പറഞ്ഞു വിട്ടു.' ഞാന്‍ വീണ്ടും വരും' എന്ന മുന്നറിയിപ്പോടുക്കൂടിയാണ് നേതാവ് പോയത്.
''വീണ്ടും നീ വന്നാല്‍ നിന്റെ കൈ ഞാന്‍ വെട്ടിയെടുക്കുമെടാ കഴുവേറീട മോനേ'' സുമതിച്ചേച്ചി.
കുറുപ്പും മറ്റു മക്കളുമെത്താന്‍ പിന്നെയും സമയമെടുത്തു.ഭാഗ്യം! അല്ലെങ്കില്‍ എന്തൊക്കെ സംഭവിക്കാമായിരുന്നു.
ഈ സംഭവത്തിനു ശേഷം നേതാവ് വളരുകയായിരുന്നു.
തീപ്പൊരി പ്രസംഗങ്ങളിലൂടെ.
വലിയ ആളാവണമെങ്കില്‍ പഠിക്കണമെന്നൊന്നുമില്ല. അപ്പുക്കുട്ടന്‍ വിചാരിച്ചു.
''അമ്മേ,എന്തൊരു ഒച്ച. എനിക്ക് പഠിക്കാന്‍ പറ്റണില്ല.'' അപ്പുക്കുട്ടന്‍ വിളിച്ചു പറഞ്ഞു.
''ദേ, ഞാനങ്ങോട്ട് വന്നാലുണ്ടല്ലോ;മര്യാദയ്ക്കിരുന്ന് പഠിക്കാന്‍ നോക്ക്''
''പള്ളിക്കൂടത്തില്‍ പോയിട്ടുള്ളവരോട് പറഞ്ഞാലല്ലേ ഇതൊക്കെ മനസ്സിലാക്കാന്‍ പറ്റുള്ളു.അമ്മ പള്ളിക്കൂടത്തില്‍ പോയിട്ടില്ലല്ലോ.'' അപ്പുക്കുട്ടന്‍ പിറുപിറുത്തു.
എത്ര പഠിച്ചിട്ടാ നേതാവിന് നൂറുകണക്കിന് അനുയായികളുണ്ടായത്?
എത്ര പഠിച്ചിട്ടാ നേതാവിനെ ഒരു പ്രസ്ഥാനം അതിന്റെ അനിഷേധ്യ നേതാവാകിയത്?
എത്ര പഠിച്ചിട്ടാ നേതാവ് പഞ്ചായത്ത് പ്രസിഡന്റ് ആയത്?
അപ്പുക്കുട്ടന് ഒന്നും മനസ്സിലാവുന്നില്ല.
ഒന്ന്................രണ്ട്.........മൂന്ന്...........
വടക്കെപറമ്പില്‍ ബിന്ദുവും കൂട്ടരും സാറ്റു കളിക്കുകയാണ്.
നീ കളിച്ചോടീ മൂധേവി,നിനക്ക് ഞാന്‍ വച്ചിട്ടുണ്ട്.അപ്പുക്കുട്ടന്‍ വായന തുടര്‍ന്നു.
നേതാവിന്റെ പ്രസംഗത്തെ തോല്‍പ്പിക്കുന്ന ശബ്ദത്തില്‍...

Read more...

കഞ്ചാവ് വേട്ട

അപ്പുക്കുട്ടാ... ഞാനൊരു രഹസ്യം കണ്ടുപിടിച്ചു. രാമുണ്ണിയാണ്.
എന്താണടാ നിന്റെ പുതിയ രഹസ്യം. ഞാന്‍ അധികം ശ്രദ്ധ കൊടുക്കാതെ എന്റെ ജോലി തുടര്‍ന്നു കൊണ്ടിരുന്നു.
നീയെന്റെ കൂടെ വാ ഞാന്‍ കാണിച്ചു തരാം. എന്തു കാണിക്കാനാണെടാ, ഞാനവനെ ഒഴിവാക്കാന്‍ ശ്രമിച്ചു.
നീ വാ........ അവന്‍ നിര്‍ബന്ധിച്ചു കൊണ്ടേയിരുന്നു.അവസാനം ഞാന്‍ രാമുണ്ണിയുടെ കൂടെ പോകുവാന്‍ തീരുമാനിച്ചു. അവനെന്നെ കരിങ്കല്ലു പാലത്തിലേക്കാണു കൊണ്ട് പോയത്. കരിങ്കല്ലു പാലത്തിലൂടെയായിരുന്നു ഞങ്ങള്‍ മടയാംതോട് കടന്നു പോയിരുന്നത്. പണ്ടെങ്ങോ നിര്‍മ്മിച്ച പാലം.മൊത്തം കരിങ്കല്ലുകൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്.അതുകൊണ്ടാണ് കരിങ്കല്ല് പാലം എന്നറിയപ്പെടുന്നത്.പാലത്തിന് പണ്ട് തേക്കിന്‍ പലകകള്‍ കൊണ്ടുള്ള ഷട്ടറുകളുണ്ടായിരുന്നു.മഴക്കാലമായാല്‍ തോട്ടിലെ ജലനിരപ്പുയരും.അപ്പോള്‍ ഷട്ടറുകള്‍ മാറ്റി വെള്ളം കിഴക്ക് കായലിലോട്ട് ഒഴുക്കിവിടും.
ഇതെല്ലാം പണ്ടത്തെ കഥകള്‍!
നമ്മുടെ ജനങ്ങള്‍ വളരെ ബുദ്ധിമാന്മാരാണല്ലോ?
വീടുവയ്ക്കാനും,വീട്ടുപകരണങ്ങള്‍ പണിയാനുമായി അവര്‍ പലകകള്‍ ഒന്നൊന്നായി മോഷ്ടിച്ചെടുത്തു.പലകകള്‍ തീര്‍ന്നപ്പോള്‍ പാലത്തിന്റെ കല്ലുകള്‍ കൂടി ഇളക്കി എടുക്കുവാന്‍ തുടങ്ങി.അസ്ഥികൂടം മാത്രമായ പാലം എപ്പോള്‍ വേണമെങ്കിലും നിലം പൊത്താമെന്ന അവസ്ഥയിലായി.ആരും അതു വഴി പോകാതായി. പാലത്തിന്റെ ഇരു കരയും കാടു പിടിച്ചു തുടങ്ങി.വെള്ളമില്ലാത്ത തോടിന് നോക്കുകുത്തിയെന്നോണം കരിങ്കല്ലു പാലം നിലകൊണ്ടു.
അവിടേയ്ക്കാണ് രാമുണ്ണി എന്നെ കൊണ്ടു പോകുന്നത്.
''പോകണോ'', ഞാന്‍ പിന്മാറാന്‍ ശ്രമിച്ചു.
''ഇന്നലെ നീ പറഞ്ഞ കാര്യങ്ങള്‍ ഇത്രവേഗം മറന്നോ?'' രാമുണ്ണി ചോദിച്ചു.
എന്തു കാര്യം?
ഷഡ്ഡിക്കാരെക്കുറിച്ച്............
അതും ഇതുമായി എന്തു ബന്ധം?
''നിനക്കെല്ലാം മനസ്സിലാവും, എന്റെ കൂടെ വാ...''രാമുണ്ണി നിര്‍ബന്ധിച്ചുകൊണ്ടേയിരുന്നു.
ഷഡ്ഡിക്കരെക്കുറിച്ചുള്ള വാര്‍ത്ത വന്നു തുടങ്ങിയിട്ട് കുറച്ചു നാളായി.
കറുത്ത ഷഡ്ഡിയിട്ട് മേലാസകലം എണ്ണയിട്ട് കരി തേച്ച കുറച്ചു പേര്‍!
രാത്രിയാണവരുടെ സഞ്ചാരം.
ഇരുട്ടത്തുനിന്നാല്‍ ആര്‍ക്കും കണ്ടു പിടിക്കാന്‍ പറ്റില്ല.
അവര്‍ പെണ്ണുങ്ങളെ തട്ടിക്കൊണ്ടുപോകുമത്രേ!
രാത്രി എന്തെങ്കിലും കാര്യത്തിനായി പുറത്തിറങ്ങുന്ന പെണ്ണുങ്ങളെ അവര്‍ ബോധം കെടുത്താനുള്ള മരുന്ന് മൂക്കില്‍ മണപ്പിച്ച് തട്ടിക്കൊണ്ടുപോകുമത്രേ!
പക്ഷേ കഥകള്‍ മാത്രമേ കേള്‍ക്കുന്നുള്ളു.ആരെ എപ്പോള്‍ കൊണ്ടുപോയെന്ന് ചോദിച്ചാല്‍ ആര്‍ക്കും ഉത്തരമില്ല.
മാനഹാനി ഭയന്ന് ആരും പുറത്ത് പറയാത്തതാണന്നാണ് മാഞ്ചുവട്ടിലെ സ്ത്രീകളുടെ ഇടയിലെ സംസാരം.
''ഇന്നലെ പുത്തന്‍വീട്ടിലെ മോളി മീന്‍ വെള്ളം പുറത്തു കളയാനായി ഇറങ്ങിയപ്പോള്‍ ഒരു ഷഡ്ഡിക്കാരന്‍ അവളെ കയറി പിടിച്ചത്രേ!ബോധം കെടുത്താനുള്ള മരുന്ന് മണപ്പിക്കുന്നതിന് മുന്നെ അവള്‍ അലറിവിളിച്ചതു കൊണ്ട് രക്ഷപ്പെട്ടു.അവടെ കെട്ടിയോന്‍ ഷഡ്ഡിക്കാരന്റെ പിറകേ ഓടി നോക്കി.പക്ഷേ അവന്‍ മേലാസകലം എണ്ണ തേച്ചിരുന്നത് കൊണ്ട് പിടിത്തം കിട്ടിയില്ലത്രേ!''മീനാക്ഷി അമ്മായി ഷഡ്ഡിക്കാരന്റെ വിശേഷങ്ങള്‍ തകര്‍ത്തു പറയുകയാണ്.
''എന്റെ അമ്മായി പുളുവടിക്കാതെ.മോളി ഇന്നു രാവിലെയുമെന്നെ കണ്ടതാണ്.എന്നിട്ടും എന്നോടൊന്നും പറഞ്ഞില്ലല്ലോ?''വിലാസിനി ചിറ്റ.
''എടീ പെണ്ണേ, ഇതൊക്കെ ആരേലും പുറത്തുപറയുമോടീ അമ്മായി ശബ്ദം താഴ്ത്തി പറഞ്ഞു.നാറ്റക്കേസ്സല്ലേ''
വിലാസിനി ചിറ്റയോടുള്ള ദേഷ്യമായിരിക്കാം അമ്മായി തൊണ്ടിന്മേലുള്ള അടി കൂടുതല്‍ ശക്തിയോടെയാക്കി.
ഷഡ്ഡിക്കാരെക്കുറിച്ച് നാട്ടില്‍ പല പല കഥകള്‍ പ്രചരിച്ചിട്ടുണ്ട്.ചിലര്‍ പറയുന്നത് അവര്‍ നാട്ടില്‍ തന്നെയുള്ള ചില തലതെറിച്ച ചെറുപ്പക്കാരാണന്നാണ്. കോളേജ് വിദ്യാഭ്യാസം കഴിഞ്ഞതുകൊണ്ടാണത്രെ അവര്‍ തല തെറിച്ച് പോവുന്നത്! മീനാക്ഷി അമ്മായിയുടെ കണ്ടുപിടിത്തമാണ്
''കാളേജീ പോയി രണ്ടക്ഷരം പടിച്ചുകഴിഞ്ഞാ പിന്നെ അവമ്മാരു മേലനങ്ങി പണി ചെയ്യേല.'' അമ്മായി പറയുകയാണ്''ഇപ്പം പണ്ടെത്തപ്പോലൊന്നുമല്ല, കയര്‍ പാക്ടറിപ്പണിക്കും,തൂമ്പാപ്പണിക്കുമൊന്നും ചെറുപ്പക്കാരെ കിട്ടില്ല. അവമ്മാര് ഗവര്‍ണ്ണമെണ്ടിന്റെ പണിയേ ചെയ്യൂള്ളു''
പ്ഫ.. അമ്മായി വായിലെ മുറുക്കാന്‍ പുറത്തേക്ക് നീട്ടി തുപ്പി.
''പണി ഒന്നും ചെയ്യാതെ തെക്കിട്ട് വടക്കിട്ട് നടക്കുമ്പഴാണ് ഇമ്മാതിരി വേണ്ടാതീനമൊക്കെ തോന്നണത്.''
''അവര് നമ്മടെ നാട്ടുകാരൊന്നുമല്ലമ്മായി.വിലാസിനിച്ചിറ്റ തുടങ്ങി.ഈയിടെയായി പട്ടണത്തീന്ന്കുറേ ആളുക ദെവസോം വൈകീട്ട് എസ്റ്റേറ്റിലു വരാറുണ്ടന്നാ പുഷ്പന്‍ പറയുന്നെ.അവമ്മാര് കഞ്ചാവ് ബീഡി വലിക്കാനാണത്രേ അവിടെ വരണത്. അത് വലിച്ച് ബോധവും പൊക്കണവും ഇല്ലാണ്ടാവുമ്പോഴാണ് അവന്മാര് പെണ്ണുങ്ങളെ പിടിക്കാനിറങ്ങണത് നമ്മുടെ നാട്ടില് പോലീസും പട്ടാളമൊന്നും വരികേലല്ലോ?''
''എനിക്ക് സംശയം ആ കക്കാലന്മാരെയാണ്''. അമ്മ പറയുകയാണ് ''അവമ്മാരാകാനെ വഴിയുള്ളു.രാത്രി കള്ളുകുടിച്ച് ലവലില്ലാണ്ടാവുമ്പോ ചെയ്യണതാ''
ഇവരില്‍ ആരു പറയുന്നതായിരിക്കും ശരി. ഞാനാലോചിച്ചു.കോളേജില്‍ പോകുന്ന ചേട്ടന്മരായിരിക്കുമോ? ഛേ....അതിനു വഴിയില്ല.പിന്നെ കഞ്ചാവുകാരായിരിക്കുമോ?ആയിരിക്കാം.കഞ്ചാവു മനുഷ്യന്റെ ബോധത്തെ നശിപ്പിക്കുമെന്നു കേട്ടിട്ടുണ്ട്.
ഈ പട്ടണക്കാര്‍ ഞങ്ങളുടെ നാട്ടുകാരെക്കൂടി ഇതെല്ലാം പഠിപ്പിച്ചാല്‍...
ചേട്ടന്മാര്‍ വഴി തെറ്റിപ്പോയാല്‍...
അതോടെ തീര്‍ന്നു... എല്ലാം..
എന്തിനാണ് വെറുതെ ആവശ്യമില്ലാത്തതാലോചിക്കുന്നത്.
കാക്കാലന്മാരായിരിക്കുമോ? ചിലപ്പോള്‍ ശരിയായിരിക്കാം.
നാടും വീടും വിട്ട് നടക്കുന്ന അവന്മാര്‍ക്കെന്താ ചെയ്തുകൂടാത്തത്.
രാമുണ്ണി പറയാറുണ്ട് അവന്മാര്‍ തമിഴ്നാട്ടില്‍ നിന്നും വന്നവരാണന്ന്.ചിലര്‍ തെലുങ്കു ദേശക്കാരുമുണ്ട്.ഈ കാക്കാലന്മാര്‍ സാധാരണക്കാരല്ല.ഒത്തിരി പൈസായും,സ്ഥലവുമുള്ളവരാണ്.അവരുടെ പ്രധാന പണി കൃഷിയാണത്രേ! കൃഷിയില്ലാത്ത സമയത്ത് പണമുണ്ടാക്കാനാണ് അവര്‍ നമ്മുടെ നാട്ടില്‍ വരുന്നത്.ഭിക്ഷ യാചിച്ച് കിട്ടാവുന്നത്രയും പൈസയുണ്ടക്കും.കൃഷിക്കുള്ള സമയമാവുമ്പോള്‍ തിരിച്ച് പോകും.
''ഇന്നലെ വിലാസിനി ചിറ്റ പറഞ്ഞ കഞ്ചാവുകരില്ലേ?''രാമുണ്ണി എന്നോടു ചോദിച്ചു.
ങ്ങ്ഹാ. ഞാന്‍ ചിന്തയില്‍ നിന്നും തിരിച്ചു വന്നു.
''അതാണോന്നൊരു സംശയം''.രാമുണ്ണി പറഞ്ഞു തുടങ്ങി.
''ചന്തയിലെ അവുസേപ്പൂട്ടിയെ അറിയുമോ നീ, ഞാന്‍ ഇന്നലെ രാവിലെ പാലത്തിന്റെ കൈവരിയിലിരിക്കുമ്പോള്‍ കണ്ടതാണ്.അയാള്‍ എസ്റ്റേറ്റിന്റെ അതിര്‍ത്തിയിലുള്ള ആ വലിയ മരത്തിന്റെ ചുവട്ടിലെത്തി,മടിക്കെട്ടില്‍ നിന്നും ഒരു വലിയ പൊതിക്കെട്ടെടുത്ത് ആരും കാണുന്നില്ലായെന്ന് ഉറപ്പു വരുത്തിയിട്ട്,റോഡിലോട്ട് തള്ളി നില്‍ക്കുന്ന മരത്തിന്റെ വേരിന്നടിയിലായി ഒളിപ്പിച്ചു വെച്ചു.വൈകുന്നേരവും ഞാനയാളെ അതേ സ്ഥലത്ത് കണ്ടു.സൈക്കിളില്‍ വന്ന അയാള്‍ വളരെ പെട്ടെന്ന് തന്നെ പൊതി തിരികെ എടുത്തുകൊണ്ട് പോവുകയും ചെയ്തു.എന്റെ ബലമായ സംശയം അതു കഞ്ചാവാണന്നാണ്.''അവന്‍ എന്തോ മഹാ സംഭവം കണ്ടു പിടിച്ച മാതിരി എന്നെ നോക്കി.
''അയാളിന്ന് രാവിലെയും അതവിടെക്കൊണ്ട് വയ്ക്കുന്നത് ഞാന്‍ കണ്ടതാണ്.വൈകുന്നേരം അയാള്‍ വരുന്നതിനു മുന്നെ നമ്മുക്കതെടുക്കണം.എനിയ്ക്കൊറ്റയ്ക്ക് പോകാന്‍ പേടി ആയതു കൊണ്ടാ നിന്നെ വിളിച്ചത്.''
''നീ ഇത്രയ്ക്ക് പേടിച്ച് തൂറി ആയിപ്പോയല്ലോ എന്റെ രാമുണ്ണി.നമ്മുടെ നാട്ടില്‍ വന്ന് ഒരുത്തന്‍ വേണ്ടാതീനം കാണിക്കുമ്പോള്‍ ചോദിക്കാനും പറയാനും ആരും വേണ്ടേ?''
''അവുസേപ്പൂട്ടിയോ പട്ടണത്തീന്ന് വന്ന് പരിഷ്ക്കാരികളോ അറിഞ്ഞാല്‍ പ്രശ്നമാണ്.''
''എന്തു വന്നാലും നമ്മുക്ക് നേരിടണം. ഞാനുണ്ട് നിന്റെ കൂടെ.'' ഞാന്‍ രാമുണ്ണിക്ക് ധൈര്യം നല്‍കി.
ആദ്യമുണ്ടായിരുന്ന അലസതയെല്ലാം എവിടെപ്പോയെന്നറിയില്ല എനിക്ക്.എന്റെ നാട്ടുകാരെ സേവിക്കാന്‍ കിട്ടുന്ന ഒരവസരം,അമ്മ പെങ്ങാമ്മാരുടെ മാനം രക്ഷിക്കാന്‍ കിട്ടുന്ന ഒരവസരം,അതു നഷ്ടപ്പെടുത്താമോ?
പ്രത്യേകിച്ച് എന്നെപ്പോലെ സേവന സന്നദ്ധനായ,ധീരനായ ഒരുവന്‍! ഞാന്‍ മനസ്സില്‍ വിചാരിച്ചു.
ഇപ്പോള്‍ എന്തെന്നില്ലാത്ത ഒരുന്മേഷം തോന്നുന്നു.രാമുണ്ണീ ഇത്രയും ധീരനായ ഒരു ചങ്ങാതി ഉണ്ടായതില്‍ നീ അഭിമാനിക്കൂ.
ഞാനിപ്പോള്‍ രാമുണ്ണിയെ നയിക്കുകയാണ്.അവുസേപ്പൂട്ടിടെ രഹസ്യ സ്ഥലത്തേക്ക്.
''ഇന്നത്തോടെ എല്ലാം അവസാനിപ്പിക്കണം. അവുസേപ്പൂട്ടിയേയും,അവന്റെ കച്ചവടത്തേയും,പച്ചപരിഷ്ക്കാരികളുടെ ഈ നാട്ടിലേക്കുള്ള വരവിനേയും.എല്ലാം.'' ഞാന്‍ ഉറക്കെ പറഞ്ഞു.
കഞ്ചാവുകാരോടു കളിക്കുന്നത് സൂക്ഷിച്ചുവേണം.നമ്മളാണിതെടുത്തതെന്നറിഞ്ഞാല്‍ അവുസേപ്പൂട്ടീടെ ആള്‍ക്കാര്‍ നമ്മളെ വെച്ചേക്കില്ല. അവര്‍ എന്തിനും പോന്നവരാണ്.ചിലപ്പോള്‍ നമ്മുടെ അച്ഛനോടും അമ്മയോടും പോലും അവര്‍ പകരം ചോദിക്കും.അതുകൊണ്ട് ആരോടും പറയാതിരിക്കുന്നതാണ് ബുദ്ധി.''രാമുണ്ണി ഓര്‍മ്മിപ്പിച്ചു.
''ഒരു ബുദ്ധിമാന്‍ വന്നിരിക്കുന്നു.വൈകുവോളം വെള്ളം കോരിയിട്ട് കുടം ഉടയ്കണോടാ മണ്ടാ.'' ഞാന്‍ തിരിച്ചടിച്ചു.
''നീ കുടമൊന്നുമൊടയ്ക്കണ്ട. എല്ലാ കാര്യവും നീ തന്നെ ചെയ്തോ.നിനക്കു കിട്ടും ധീരതയ്ക്കുള്ള അവാര്‍ഡ്!എനിക്കൊന്നും വേണ്ട.കൂട്ടത്തില്‍ അവുസേപ്പൂട്ടീടെ ഗുണ്ടകളുടെ പ്രത്യേക അവാര്‍ഡും നീ തന്നെ എടുത്തോളണേ.''
രാമുണ്ണി പിണങ്ങുകയാണ്.അവന്‍ എന്നെ ഒറ്റയ്ക്കക്കിയിട്ട് പോകാനൊരുങ്ങുന്നു.
എനിക്കും ചെറിയ തോതില്‍ പേടി തോന്നിത്തുടങ്ങി.കാലുകള്‍ വിറയ്ക്കുന്നു.കൈകള്‍ വിറയ്ക്കുന്നു.എന്റെ ശബ്ദം ഇടറുന്നുവോ?അവുസേപ്പൂട്ടി തന്റെ കൂര്‍ത്ത രക്ത നിറമുള്ള പല്ലുകള്‍ കാട്ടി അട്ടഹസിക്കുന്നു. അവന്റെ കൈവിരലുകളിലെ കൂര്‍ത്ത നഖങ്ങള്‍ എന്റെ കഴുത്തിലോട്ട് ആഴ്ന്നിറങ്ങുന്നു.കഴുത്തില്‍ നിന്നിറ്റിറ്റ് വീഴുന്ന എന്റെ ചോര ആ പിശാച് നക്കി നക്കി കുടിക്കുന്നു.ലോകം മുഴുവന്‍ എനിക്ക് ചുറ്റും കറങ്ങുന്നു. ഞാന്‍ വീഴുകയാണോ?ആകെ ഇരുട്ട്. എങ്ങും ഇരുട്ട് മാത്രം.
മുഖത്ത് വെള്ളത്തുള്ളികള്‍ വീഴുന്നതറിഞ്ഞുകൊണ്ടാണു ഞാന്‍ കണ്ണു തുറന്നത്.ഇതാ മുന്നില്‍ നില്‍ക്കുന്നു സാക്ഷാല്‍ രാമുണ്ണി.കൈയിലെ ചേമ്പിലയില്‍ നിറയെ വെള്ളവുമായി.അവന്‍ പൊട്ടിച്ചിരിക്കുകയാണ്.അവന്റെ പൊട്ടിച്ചിരി എനിക്ക് അവുസേപ്പൂട്ടീടെ അട്ടഹാസത്തേക്കാള്‍ അസഹനീയമായി തോന്നി.
''എന്തോന്നിനാ ഇത്ര ചിരിക്കുന്നേ.എനിക്കു തലചുറ്റിയതിനാ... അങ്ങനാ മനുഷേനായാ ചെലപ്പോ സൂക്കേടൊക്കെ വരും.''
അവന്‍ വീണ്ടും ചിരിക്കുകയാണ്.''ഒരു ധീരന്‍! നിന്റെ വാചകമടി കേട്ടപ്പോള്‍ ഞാനോര്‍ത്ത് ഇനി എന്റെ സഹായം ആവശ്യമില്ലായെന്ന്.എന്നിട്ടിപ്പോളെന്തായി.''
നീ വാ. രാമുണ്ണി എന്നെപ്പിടിച്ചെഴുന്നേല്‍പ്പിച്ചു.എന്റെ കൈയില്‍ നിന്നും പൊതിക്കെട്ട് വാങ്ങിയെടുത്തു.അവന്‍ പാലത്തിലേയ്ക്ക് നടക്കുകയാണ്.
കാറ്റുപോയ ബലൂണ്‍ പോലെ കൂടെ ഞാനും.
ഇപ്പോളൊരു രസം കണ്ടോണേ.രാമുണ്ണി എന്നോടു പറഞ്ഞു.
അവനാ വലിയ പൊതിയഴിച്ച് അങ്ങു താഴെ വെള്ളത്തിലേയ്ക്ക് നീട്ടിയെറിഞ്ഞു.
ഹായ്. എന്തു രസം. ഞാന്‍ കൈകൊട്ടി ആര്‍ത്തു വിളിച്ചു.
നൂറു കണക്കിന് ബീഡികള്‍!
അതു ബീഡികളല്ല. അന്തരീക്ഷത്തില്‍ സ്വയം പറന്നുയര്‍ന്ന് ഇല്ലാതാവുന്ന ഈയാമ്പാറ്റകളാണ്.
വെള്ളത്തില്‍ നനഞ്ഞു കുതിര്‍ന്ന് ബീഡികളൊന്നൊന്നായി അതാ തോടിന്റെ അടിത്തട്ടിലേയ്ക്ക് പോകുന്നു.
കഞ്ചാവിന്റെ ലഹരിയില്‍ അലിഞ്ഞില്ലാതാവുന്ന ജീവിതങ്ങള്‍ പോലെ...

Read more...

കുടിപ്പള്ളിക്കൂടം

ശാരദേ.....നീട്ടിയുള്ള വിളി കേട്ടാണു അമ്മ പുറത്ത് വന്നത്. ആശാട്ടിയാണ്. എന്നെ അക്ഷരം പഠിപ്പിക്കാന്‍ നിയോഗിക്കപ്പെട്ട സ്ത്രീ. ആശാനും ആശാട്ടിയും കൂടി ഒരു പള്ളിക്കൂടം നടത്തുന്നുണ്ട്. പള്ളിക്കൂടം എന്നു പറഞ്ഞാല്‍ ഓല കൊണ്ട് കെട്ടിയുണ്ടാക്കിയ ഒരു കൂര. അവരുടെ വീടിനു വാതുക്കല്‍ തന്നെയാണ് പള്ളിക്കൂടവും സ്ഥാപിച്ചിട്ടുള്ളത്. പള്ളിക്കൂടത്തിനു തറയൊന്നുമുണ്ടായിരുന്നില്ല. അവിടെ ഇരുന്നിട്ടെഴുന്നേല്‍ക്കുമ്പോള്‍ നിക്കറിനകം മുഴുവന്‍ മണലായിരിക്കും. നാട്ടിലുള്ള കുട്ടികളുടെയെല്ലാം വിദ്യാഭ്യാസം തുടങ്ങുന്നതു അവിടെ നിന്നായിരുന്നു. അങ്ങനെ എല്ലാവരെയും പോലെ ഞാനും അവിടെ എത്തുന്നു. അക്ഷരം പഠിക്കാന്‍!

എന്താണു ആശാട്ടി അതിരാവിലെ എത്തിയിരിക്കുന്നത്? ''വരൂ, സാര്‍ അകത്തോട്ടിരിക്കൂ''. അമ്മ ആശാട്ടിയെ വിളിച്ചു. ആശാട്ടിയെ സാര്‍ എന്നു വിളിക്കുന്നതാണു അവര്‍ക്ക് കൂടുതല്‍ ഇഷ്ടം.ആശാട്ടിയെന്നു വിളിക്കുന്നതു അവര്‍ക്കത്ര പിടിക്കില്ലായെന്ന് അമ്മക്ക് അറിയാം.''ഇരിക്കുവാനൊന്നും സമയമില്ല. പിന്നെ ഞാന്‍ വന്നതേ........ '' ആശാട്ടി പറയുവാന്‍ തുടങ്ങി. ''നിന്റെ മോനുണ്ടല്ലോ...... അവനെ പഠിപ്പിക്കുവാന്‍ എന്നെ കൊണ്ട് പറ്റില്ല. അവന് നിങ്ങളു തന്നെ അക്ഷരം പറഞ്ഞുകൊടുക്കുന്നതാണ് നല്ലത് ''.
''എന്താ സാര്‍...? അവന്‍ വല്ല കുഴപ്പവും ഒപ്പിച്ചോ''? അമ്മയ്ക്ക് ആകെ വെപ്രാളമായി. നാട്ടിലെ അറിയപ്പെടുന്ന ആശാട്ടിയാണ് എത്ര മെരുങ്ങാത്ത കുട്ടികളെയും മെരുക്കിയെടുത്ത് അക്ഷരത്തിന്റെ ലോകത്തിലേക്കു എത്തിച്ചിട്ടുള്ളവര്‍.
ഇതാ, ഇപ്പോള്‍...
ഞങ്ങളുടെ ഗ്രാമത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ആശാട്ടി ശിഷ്യനെ കൈയൊഴിഞ്ഞിരിക്കുന്നു!
സ്വന്തം മകന്റെ ഭാവി സ്വപ്നം കണ്ടു കഴിയുന്ന എതമ്മയ്ക്ക് സഹിക്കുവാന്‍ കഴിയുമിത്.
''അമ്മ വീണ്ടും ചോദിച്ചു ഞങ്ങള്‍ എന്താ സാര്‍ ചെയ്യേണ്ടതു? ആശാട്ടി വളച്ചൊടിക്കാതെ കാര്യം പറഞ്ഞു. ''അതോ, അവന്റെ തലയ്ക്കകത്തൊന്നുമില്ല''.
ഒരു അദ്ധ്യാപിക സ്വന്തം വിദ്യാര്‍ത്ഥിയെ കുറിച്ച് മാതാവിനോടു ഇങ്ങനെ തുറന്നു പറയുന്നത് ലോകത്ത് ഇതാദ്യമായിരിക്കാം.
അവനെ നിങ്ങളു തന്നെ പഠിപ്പിക്കുന്നതാണ് നല്ലത്. അവനെ മാത്രം ശ്രദ്ധിക്കാന്‍ പോയാല്‍ ബാക്കി കുട്ടികളുടെ കാര്യം അവതാളത്തിലാവും. അതു കൊണ്ട് നിങ്ങളുടെ മകന്റെ കാര്യം നിങ്ങള്‍ തന്നെ നോക്കികൊള്ളൂ
അങ്ങനെ ആശാട്ടി കൈയൊഴിഞ്ഞ കുട്ടിയായി ഞാന്‍ മാറി. എന്നെ പഠിപ്പിക്കുന്ന ദൗത്യം അമ്മ ഏറ്റെടുത്തു.
ആശാട്ടി പറഞ്ഞ പോലുള്ള ബുദ്ധിമുട്ടൊന്നും അമ്മയ്ക്ക് തോന്നിയില്ല. സ്വന്തം മകനല്ലേ എങ്ങനെയെങ്കിലും പഠിപ്പിച്ചേ പറ്റുകയുള്ളല്ലോ. അമ്മയുടെ മുഴുവന്‍ സമയജോലി എന്നെ പഠിപ്പിക്കുന്നതായി. അങ്ങനെ അക്ഷരങ്ങള്‍ ഓന്നൊന്നായി എന്റെ തലയ്ക്കകത്തായി. ഒന്നുമില്ലാതിരുന്ന എന്റെ തല അക്ഷരങ്ങള്‍ കൊണ്ടു നിറയുവാന്‍ തുടങ്ങി. പക്ഷേ കാര്യങ്ങള്‍ അവിടം കൊണ്ടവസാനിക്കുന്നില്ലല്ലോ. ആശാന്‍ പള്ളിക്കൂടത്തിനു ശേഷം, സ്ക്കൂളില്‍ ചേര്‍ക്കുവാനായി അച്ഛനാണ് കൊണ്ടു പോയത്. അടുത്തുള്ള ഹൈസ്ക്കൂളിലേക്ക്. പക്ഷേ എന്തു ചെയ്യാം, ഞാനെത്തുന്ന കാര്യം സ്ക്കൂളധിക്യതര്‍ നേരത്തേ അറിഞ്ഞു കാണും. അവര്‍ ഞങ്ങളെത്തുമ്പോഴേക്കും അഡ്മിഷന്‍ ക്ലോസ്സു ചെയ്തിരുന്നു. അതേ സ്ക്കൂളില്‍ പഠിക്കണമെന്നുണ്ടെങ്കില്‍ ഒരു വര്‍ഷം കൂടി കാത്തിരിക്കണം. അല്ലെങ്കില്‍ വേറെ സ്ക്കൂളു നോക്കണം. എന്റെ ഒരു വര്‍ഷം വെറുതെ കളയാന്‍ അച്ഛന്‍ തയ്യാറല്ലായിരുന്നു അതു കൊണ്ട് ഞങ്ങള്‍ കുറച്ചു കൂടി ദൂരെയുള്ള പ്രൈമറി സ്ക്കൂളിലേക്ക് പോയി. അവിടെ എന്റെ അഡ്മിഷന്‍ ശരിയാവുകയും ചെയ്തു.

അങ്ങനെ ഞാന്‍ സ്ക്കൂളില്‍ പോകേണ്ടതായി വന്നു. അദ്യദിവസം എന്നെ അമ്മയാണ് കൊണ്ടു ചെന്നു ബഞ്ചിലിരുത്തിയത്. സ്ക്കൂളിലേക്കു പോകുന്നതിനു മുന്‍പു തന്നെ അവിടെ ചെന്നാല്‍ ചെയ്യേണ്ട കാര്യങ്ങളെല്ലാം പറഞ്ഞു തന്നിരുന്നു. വൈകുന്നേരം വിളിക്കാന്‍ അമ്മ വരും. അതു വരെ ഒറ്റയ്ക്കിരിക്കണം. ആദ്യമായി അച്ഛനെയും അമ്മയെയും വിട്ടു ഒറ്റയ്ക്ക്. വീട്ടില്‍ നിന്നും വളരെ അകലെ. എങ്ങനെ സഹിക്കാന്‍ പറ്റും. എന്റെ സഹപാഠികളില്‍ പലരും ഇതേ അവസ്ഥയിലുള്ളവരാണെന്നു തോന്നുന്നു. പലരും കരയുന്നുണ്ട്. ഞാന്‍ മറ്റുള്ളവരെ പോലെയാണോ. കരയുന്നതു ശരിയല്ല. പതുക്കെ ക്ലാസ്സിനു പുറത്തിറങ്ങി വീടു ലക്ഷ്യമാക്കി ഓടുകയായിരുന്നു. വന്ന വഴി തന്നെയായിരുന്നോ എന്നറിയില്ല. എതായാലും അമ്മ വീട്ടില്‍ എത്തുന്നതിനു മുന്‍പു ഞാന്‍ വീട്ടില്‍ എത്തിയിരുന്നു.

അന്നു എന്റെ അച്ഛനും അമ്മയ്ക്കും ഒരു കാര്യം മനസ്സിലായി, ആശാട്ടി പണ്ടു പറഞ്ഞ കാര്യങ്ങള്‍ തെറ്റായിരുന്നു എന്നത്. എന്റെ തലയ്ക്കകത്ത് എന്തൊക്കെയോ ഉണ്ടന്നുള്ളതു കൊണ്ടല്ലേ ഞാന്‍ വഴി തെറ്റാതെ വീട്ടില്‍ എത്തിച്ചേര്‍ന്നത്.

അടുത്ത ദിവസം എന്നെ വീണ്ടും അമ്മ സ്ക്കൂളിലേക്ക് കൊണ്ടു പോയി. അന്നും അതിനടുത്ത ദിവസങ്ങളിലും ആദ്യദിവസം ആവര്‍ത്തിക്കുകയാന്നുണ്ടായത്. സഹികെട്ട അമ്മ ഈര്‍ക്കിലിന്റെ സഹായം തേടുകയാണുണ്ടായത്. വെളിച്ചെണ്ണ തേച്ച് തീയില്‍ വാട്ടിയെടുത്ത നല്ല ഉശിരന്‍ ഈര്‍ക്കില്‍. പിന്നിടുള്ള ദിവസങ്ങളില്‍ ഈര്‍ക്കില്‍ പ്രയോഗം എന്റെ തുടയില്‍ പാടുകള്‍ വീഴ്ത്തുവാന്‍ തുടങ്ങി.എനിക്കൊരു ബോഡിഗാര്‍ഡിനെ കൂടി അമ്മ എര്‍പ്പെടുത്തി, എന്റെ ആദ്യത്തെ കൂട്ടുകാരന്‍.എന്നെ സ്ക്കൂളില്‍ കൊണ്ടുപോകുന്നതും കൊണ്ടുവരുന്നതും അവന്റെ ചുമതലയായി. മറിയാമ്മ ടീച്ചറായിരുന്നു എന്റെ ക്ലാസ്സ് ടീച്ചര്‍. ടീച്ചറും ആശാട്ടിയുടെ പല്ലവി തന്നെയാണ് അമ്മയോട് പറഞ്ഞുകൊണ്ടിരുന്നത്.
ഇവന്റെ തലയ്ക്കകത്തൊന്നുമില്ല.

Read more...

കള്ളന്മാര്‍ പിടിയില്‍

സംഗതി അല്‍പം സീരിയസാണ്. വിഷയം മോഷണം. കശുവണ്ടി മോഷണം. ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. കുറഞ്ഞത് പത്തു ദിവസമെങ്കിലും ആയിട്ടുണ്ട്. മോഷ്ടാക്കള്‍ നാലോ അഞ്ചോ പേരുണ്ടന്നുള്ളത് ഉറപ്പ്. മാവിന്‍ ചുവട്ടിലെ കാല്‍പ്പാടുകള്‍ പരിശോധിച്ചതില്‍ നിന്നും മനസ്സിലായതാണ്.
പക്ഷേ ആരാണ് മോഷ്ടാക്കള്‍?
എങ്ങനെയാണവരെ പിടിക്കുന്നത്? മോഷ്ടാക്കളെ പിടിക്കുന്നതിനുള്ള പദ്ധതി ആസൂത്രണം ചെയ്തു കൊണ്ടിരിക്കുകയാണ്.
കുഞ്ഞിക്കുട്ടനാണു ലീഡര്‍.
കൂടെ ഞാനുള്‍പ്പെടെ പത്തുപന്ത്രണ്ട് പേരുണ്ട്.ഇത്ര ഗഹനമായ വിധത്തില്‍ ആലോചിക്കാനുണ്ടായ വിഷയം നേരത്തേ പറഞ്ഞതു പോലെ കശുവണ്ടി മോഷണം തന്നെ.ഷുക്കൂറിന്റെ വീട്ടിലെ മാവുകളില്‍ നിന്നാണ് നിത്യേന കശുവണ്ടി മോഷണം പോകുന്നത്.ഷുക്കൂറിന്റെ ബാപ്പയും ഉമ്മയും പകല്‍ നേരത്ത് വീട്ടില്‍ ഉണ്ടാവുകയില്ല. അവര്‍ക്ക് കിഴക്ക് കായലില്‍ പുല്ല് ചെത്താണ് ജോലി.സൂര്യനുദിക്കുന്നതിന് മുന്‍പേ അവര്‍ വീടു വിട്ടിറങ്ങും.ഉച്ചയോടെ പുല്ല് കെട്ടുകളുമായി തോട്ടുകടവിലെത്തും.പിന്നെ അതു വിറ്റു തീരുന്നതു വരെ അവര്‍ കടവില്‍ തന്നെയായിരിക്കും.മിക്കപ്പോഴും രാത്രി ഒന്‍പത് പത്ത് മണിയോടെ തിരികെ എത്തുകയുള്ളു.ഷുക്കൂറും അനിയനും ബാപ്പയും ഉമ്മയും എത്തുന്നതുവരെ ഞങ്ങളുടെ കൂടെ ആയിരിക്കും. ഞായറാഴ്ച ദിവസം ബാപ്പയും ഉമ്മയും ജോലിയ്ക്കു പോകില്ല. അങ്ങനയൊരു ഞായറാഴ്ചയാണ് അവരാ ഞെട്ടിപ്പിക്കുന്ന സംഭവം അറിഞ്ഞത്.
മാവുകളില്‍ കശുവണ്ടിയുടെ എണ്ണത്തില്‍ കാര്യമായ കുറവു സംഭവിച്ചിരിക്കുന്നു.സംശയം സ്വാഭാവികമായും മക്കളിലോട്ടു തിരിഞ്ഞു.
നിരപരാധികളായ എന്റെ കൂട്ടുകാരില്‍ മോഷണക്കുറ്റം ആരോപിക്കപ്പെട്ടിരിക്കുന്നു.സഹിക്കുമോ ഞങ്ങള്‍ കൂട്ടുകാര്‍ക്ക്!
എങ്ങനേയും കള്ളന്മാരെ പിടിച്ച് ഷുക്കൂറിന്റേയും സഹോദരന്റേയും നിരപരാധിത്തം തെളിയിക്കുകയെന്നത് ഞങ്ങള്‍ കൂട്ടുകാരുടെ കടമയല്ലേ?
അങ്ങനെ ആ ദൗത്യം ഞങ്ങള്‍ എറ്റെടുത്തു.
അന്നു പൊക്കത്തില്‍ വീടിന്റെ പരിസരം മുഴുവന്‍ കാടു പിടിച്ച് കിടക്കുകയാണ്.കൂടുതലും വള്ളിച്ചൊറിഞ്ഞനമാണ്. ഞങ്ങളോരോരുത്തരും വള്ളിച്ചൊറിഞ്ഞനം ശ്രദ്ധയോടെ പറിച്ചെടുത്തു.അല്‍പം ശ്രദ്ധ തെറ്റിയാല്‍ ശരീരത്തിലെവിടെയെങ്കിലും അതു മുട്ടും.പിന്നത്തെ കാര്യം പറയേണ്ട. അതനുഭവിച്ചറിഞ്ഞാലേ മനസ്സിലാവുകയുള്ളു.

അങ്ങനെ ആയുധങ്ങളുമായി ഞങ്ങള്‍ ഷുക്കൂറിന്റെ വീട്ടിന്നുള്ളിലെത്തി.വീടു പുറത്തു നിന്നും പൂട്ടുന്ന ചുമതല എന്നെ ഏല്‍പ്പിച്ചു.വീടു പൂട്ടിയിട്ട് ഞാന്‍ അടുക്കളയുടെ പുറകിലുള്ള തടികളുടെ ഇടയില്‍ ഒളിച്ചിരിക്കണം.അകത്തുള്ളവര്‍ ജന്നലിലൂടെ നോക്കിക്കൊണ്ട് കള്ളന്മാരെ പ്രതീക്ഷിച്ചിരിക്കും.കള്ളന്മാരെത്തിയാലുടനെ എല്ലാവരും അടുക്കള വാതിലിലൂടെ പുറത്തെത്തി അവരെ നേരിടും.ഒരു കാര്യം എല്ലാവരുടെയും പ്രത്യേക ശ്രദ്ധയില്‍ പെടുത്തിയിരുന്നു.കള്ളന്മാര്‍ മാവുകളില്‍ കയറിയതിനു ശേഷമേഎല്ലാവരും പുറത്തിറങ്ങാവൂ.അതല്ലെങ്കില്‍ അവര്‍ രക്ഷപ്പെറ്റുവാനുള്ള സാധ്യതയുണ്ട്.
കാത്തിരിപ്പ് മണിക്കൂറുകള്‍ കഴിഞ്ഞു.
അതാ വരുന്നു കള്ളന്മാര്‍. എല്ലാവരും ചൊറിഞ്ഞന വള്ളി ശരിയായ രീതിയിലാണന്നുറപ്പു വരുത്തി.കള്ളന്മാര്‍ ഞങ്ങള്‍ പ്രതീക്ഷിച്ചവര്‍ തന്നെ.
ഉമ്പ്രിയും സംഘവും.
ഞ്ഞങ്ങളുടെ ആജന്മ ശത്രുക്കള്‍.അവരെ വെറുതേ വിടുവാന്‍ പാടുണ്ടോ? വരട്ടെ അവര്‍, ഇന്നത്തോടെ എല്ലാം അവസാനിപ്പിക്കും.ഇന്നു ഷുക്കൂറിന്റേയും ഷബീറിന്റേയും നിരപരാധിത്വം തെളിയിക്കപ്പെടും.
അതാ കള്ളന്മാര്‍ മാവുകളില്‍ കയറുവാന്‍ തുടങ്ങി.അവര്‍ കശുവണ്ടികള്‍ ഒന്നൊന്നായി പറിച്ചു തഴെയിടുകയാണ്.ഇതു തന്നെയാണ് പറ്റിയ സന്ദര്‍ഭം.കശുവണ്ടി രക്ഷാസമിതി അടുക്കളവാതിലിലൂടെ പുറത്തിറങ്ങി മാവുകളുടെ ചുവട്ടിലായി നിലയുറപ്പിക്കുന്നു.
പാവം മോഷ്ടാക്കള്‍!! ഇറങ്ങിവരാതെ നിവര്‍ത്തിയില്ലാല്ലോ. അവര്‍ കഴിയാവുന്നത്രയും വേഗത്തില്‍ മാവില്‍ നിന്നിറങ്ങി ഓടുവാന്‍ ശ്രമിക്കുന്നു. വിടുമോ ഞങ്ങള്‍. സര്‍വ്വസജ്ജരായി മണിക്കൂറുകളോളം കാത്തിരുന്നതതിനായിരുന്നോ. കള്ളന്മാര്‍ കരഞ്ഞു വിളിച്ചു കൊണ്ട് ഓടുകയാണ് പടിഞ്ഞാറോട്ട്. അവരുടെ കാലുകളും മുതുകുമെല്ലാം ചൊറിഞ്ഞനവള്ളി കൊണ്ടുള്ള അടി കൊണ്ട് തടിച്ചിട്ടുണ്ട്. ഓട്ടത്തിനിടയില്‍ ചൊറിച്ചില്‍ മാറ്റാനായി അവര്‍ ശരീരമാസകലം മാന്തുന്നുണ്ട്.
ഹായ് ആ കാഴ്ച കാണാന്‍ എന്തു രസം.

പക്ഷേ ആ കാഴ്ച രസിക്കാത്ത ഒരാളുണ്ടായിരുന്നു. കാച്ചില്‍ കുറുപ്പിന്റെ പട്ടി. അടിയും ഓട്ടവുമെല്ലാം കണ്ടു രസിച്ചു നിന്ന ഞാന്‍ പട്ടി വരുന്നതു കണ്ടില്ല. നല്ല തകിലന്‍ പട്ടിയാണ്. ഒന്നാന്തരം കടിയന്‍. അവന്റെ കടി പേടിച്ച് ആളുകള്‍ അതു വഴി പോകാറേയില്ല. പട്ടിയുടെ വരവു കണ്ട് എന്റെ കൂട്ടുകാരെല്ലാം ഓടി വീട്ടിനുള്ളില്‍ ഒളിച്ചിരുന്നു.
ഞ്ഞാന്‍ ഹതഭാഗ്യന്‍! വീടിനുള്ളില്‍ ഓടി കയറാനുള്ള സമയമില്ല. എന്തു ചെയ്യും? ആദ്യം ഒളിച്ചിരുന്ന തടികളുടെ ഇടയിലോട്ടു തന്നെ കയറാം. ഞാന്‍ തടികളുടെ ഇടയില്‍ കയറിയതും പട്ടി എന്റെ വള്ളി നിക്കറില്‍ കടിച്ചതും ഒരുമിച്ചായിരുന്നു, ഞാന്‍ കൊച്ചു കുട്ടിയായതു കൊണ്ടാണോ അതോ മറ്റെന്തെങ്കിലും തരത്തിലുള്ള സഹതാപം കൊണ്ടാണോ എന്നറിയില്ല കൈസര്‍ കൂടുതല്‍ ആക്രമിച്ചില്ല. പക്ഷേ അവന്റെ പല്ലുകളുടെ പാടു മാത്രം എന്റെ ചന്തിയില്‍ അവശേഷിപ്പിച്ചു.
അതൊരു കടിയായിരുന്നില്ല, ''കമ്മല്‍'' ആയിരുന്നു എന്നു ഷുക്കൂര്‍ പിന്നീടു പറഞ്ഞു.

Read more...

പ്രത്യേക ശ്രദ്ധയ്ക്ക്

Creative Commons License
എന്റെ ചില കുറിപ്പുകള്‍ by K.M.Satheesan is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Based on a work at www.satheeskm.blogspot.com.
Permissions beyond the scope of this license may be available at www.satheeskm.blogspot.com.

വിരുന്നുകാർ

Powered By Blogger

ഓർക്കണേ പ്ലീസ്...

ഈ ബ്ലോഗിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങളോ, സന്ദർഭങ്ങളോ, കഥാപാത്രങ്ങളോ ഏതെങ്കിലും വിധത്തിൽ ആരെങ്കിലുമായി ബന്ധപ്പെട്ടിട്ടുണ്ടന്ന് തോന്നുന്നുവെങ്കിൽ അത് സ്വാഭാവികം മാത്രം.

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP