Followers

കുട്ടനാട്ടിലേയ്ക്ക് ഒരു യാത്ര

Monday, August 15, 2011


കുട്ടനാട്ടിലെ കൃഷിയിടങ്ങളിലെ കീടനാശിനി പ്രയോഗത്തിന്റെ ക്രൂരവും, ഭീകരവും, പൈശാചികവുമായ അനന്തരഫലത്തെക്കുറിച്ച് ഞാൻ ബോധവാനായത് ഈയിടയ്ക്കാണ്. കീടനാശിനിപ്രയോഗം നദികളേയും, കായലുകളേയും, ഭക്ഷ്യധാന്യങ്ങളേയും വിഷലിപ്തമാക്കി മനുഷ്യകുലത്തിനാകെ ദോഷകരമായി മാറിക്കൊണ്ടിരിക്കുന്ന സ്ഥിതിഗതികളെക്കുറിച്ചൊക്കെ നാം പലതവണ വായിട്ടുള്ളതുമാണല്ലോ.
എൻഡോസൾഫാൻ... എൻഡോസൾഫാൻ...എൻഡോസൾഫാൻ... എന്തൊക്കെ പുകിലാണ് ഈയിടയായ് നടന്നുകൊണ്ടിരിക്കുന്നത്!
കണ്ണും, വായും, മൂക്കുമൊന്നും ഒരു തൂവാലകൊണ്ടുപോലും മൂടാതെ തലങ്ങും വിലങ്ങും നെല്ലിന് മരുന്നടിക്കുന്ന കുട്ടനാടൻ കർഷകരെ കണ്ട് ഞാൻ മൂക്കും പൊത്തി നിന്നിട്ടുണ്ട്! സങ്കടപ്പെട്ടിട്ടുണ്ട്. പക്ഷേ എന്റെ സങ്കടം കേവലം ‘അയ്യോ കഷ്ടം’ എന്ന് പറയുന്നതിന്റെ അപ്പുറത്തേയ്ക്ക് കടന്നിട്ടില്ല. എങ്കിലും എന്റെ അമ്മാവന്മാരുൾപ്പെടുന്ന കർഷകശ്രേഷ്ഠന്മാർ സ്വന്തം ആരോഗ്യത്തിന് വൈക്കോലിന്റെ വിലപോലും നൽകാതെ ഈ ലോകമാകമാനുമുള്ള പെരുവയറന്മാരെ തീറ്റിപ്പോറ്റുന്നതിലെ നന്മയെക്കുറിച്ചോർത്ത് ഞാൻ ആനന്ദപുളകിതനായിട്ടുണ്ട്. അതിന് പ്രത്യേകചിലവൊന്നുമില്ലല്ലോ! ഞാനിപ്പോൾ പറയുന്ന കഥയ്ക്ക് ഈ വക കാര്യങ്ങളുമായി എന്തെങ്കിലും ബന്ധമുള്ളതായി എനിക്ക് തോന്നുന്നില്ല. കഥവായിച്ച് കഴിഞ്ഞ് നിങ്ങൾക്കും തീരുമാനിക്കാം എന്തെങ്കിലും ബന്ധമുണ്ടോയെന്ന്! കഥ പറയുമ്പോൾ തുടക്കം മുതൽ പറയണമല്ലോ. അതുകൊണ്ട് ഈ കഥയ്ക്ക് ആസ്പദമായ സംഭവത്തിന്റെ തുടക്കം മുതൽ പറയാം.
ഈ കഥയിലെ നായകൻ എന്റെ അമ്മാവന്മാരിൽ ഒരാളാണ്. ഈ അമ്മാവൻ ചില്ലറക്കാരനൊന്നുമല്ല! അമ്മാവനെക്കുറിച്ച് അമ്മൂമ്മ കുറച്ചൊന്നുമല്ല പറയാറുണ്ടായിരുന്നത്. കുട്ടനാട്ടീന്ന് ആദ്യമായി നാടുവിട്ടുപോയ ആളാണ് തന്റെ മോനെന്ന് അമ്മൂമ്മ ഊറ്റം കൊള്ളാറുണ്ടായിരുന്നു. അത് അമ്മൂമ്മ ‘പുളു’ അടിക്കുകയാണന്ന് സേതുപറഞ്ഞപ്പോൾ അമ്മൂമ്മ പ്രതികരിച്ചതിങ്ങനെയാണ്.
“ പെണ്ണിന് ഈയിടയായ് അരുത്തി ഇത്തിരി കൂടുന്നുണ്ട്. ഒരുകാര്യം ഒറപ്പാ...പതിനഞ്ച് വയസാകാൻ രണ്ട് ദിവസം മാത്രമുള്ളപ്പോൾ നാടുവിട്ട ആദ്യത്തെ കുട്ടനാട്ടുകാരനാ എന്റെ മോൻ!”
നാടുവിട്ടുപോയ മകനെക്കുറിച്ചോർത്ത് അഭിമാനിക്കുന്ന അമ്മൂമ്മയെക്കുറിച്ച് കൂടുതൽ വിശദീകരിക്കാതെ നമ്മുക്ക് അമ്മാവൻ നാടുവിടാൻ ഇടയാക്കിയ സംഭവത്തിലേയ്ക്ക് പോകാം. ഏകദേശം പത്ത് മുപ്പത്താറ് വർഷങ്ങൾക്ക് മുൻപ്...അന്നെനിക്ക് നല്ല ഓർമ്മയൊന്നും വെച്ചിട്ടില്ലന്നാണ് അമ്മ പറയുന്നത്. പക്ഷേ ഞാനതൊന്നും സമ്മതിച്ച് കൊടുത്തിട്ടില്ല. ഈ കഥയിൽ എന്റെ ഓർമ്മയ്ക്ക് യാതൊരുവിധ പ്രസക്തിയുമില്ലാത്തതിനാൽ ഞാനാവിധം കാര്യങ്ങളൊന്നും പറയുന്നില്ല. നമ്മുക്ക് കഥയിലേയ്ക്ക് തിരിച്ച് വരാം.
അമ്മാവൻ മഹാ തന്തോന്നി ആയിരുന്നെന്നാണ് അമ്മ പറയുന്നത്. ‘അവൻ മഹാ അഭിമാനി‘ ആയിരുന്നെന്നാണ് അമ്മൂമ്മ പറയുന്നത്. ഏതമ്മയാണ് മകനെക്കുറിച്ച് മോശം പറയുന്നത്!
നമ്മുടെ നായകനായ അമ്മാവൻ തന്റെ പേരിനെ അന്വർത്ഥമാക്കിക്കൊണ്ട് കൃഷ്ണന്റെ ലീലാവിലാസങ്ങളുമായ് കുട്ടനാടൻ പെൺകിടാങ്ങളുടെ മുന്നിൽ അവതരിക്കാൻ തുടങ്ങിയ കാലം! അപ്പോഴാണ് മൂത്ത മാമൻ കഥയിലെ വില്ലനായി അവതരിച്ചത്!
“നിന്നെക്കാളും അഞ്ചാറ് ഓണം കൂടുതൽ ഉണ്ടവനാടാ ഞാൻ.” എന്ന ഡയലോഗും കാച്ചിക്കൊണ്ട് മൂത്തമാമൻ ഇലക്ട്രിക് കേബിൾ കൊണ്ട് കൗമാരക്കാരൻ അമ്മാവന്റെ മുതുകത്ത് ഒരു കളരിപ്പയറ്റ് നടത്തി. കളരിപ്പയറ്റ് നടത്താൻ കാരണം ഒന്നല്ല! രണ്ട്.
ഒന്നാമത്തേത്, അഞ്ചിലെ കുട്ടപ്പായിയുടെ അരുമ പെങ്ങൾ ത്രേസ്യാമ്മയെ അതിക്രൂരമായി സൈറ്റടിച്ച് കാണിച്ചു. അതും കടവിൽ കടത്തുകയറാൻ വന്ന കുട്ടനാടൻ പ്രജകളുടെ മുന്നിൽ വെച്ച്! ത്രേസ്യാമ്മ കമ്പ്ലൈന്റ് ചെയ്തില്ല. സൈറ്റടി കണ്ട് നിന്ന മുപ്പതിലെ കുഞ്ഞന്നാമ്മ ത്രേസ്യാമ്മയുടെ ആങ്ങള കുട്ടപ്പായിയെ അറിയിക്കാതിരിക്കുന്നതെങ്ങനെ! ചില്ലറ സംഭവമെങ്ങാനമാണോ നടന്നത്! ഞൊടിയിലേ നുള്ളിയില്ലെങ്കിൽ വർഗീയ കലാപം പോലും ഉണ്ടാകാനിടയുള്ള കാര്യമാണ്! ഒരു ഹിന്ദു ചൊക്ലി പയ്യൻ ഒന്നാന്തരം കൃസ്ത്യൻ കൊച്ചിനെ സൈറ്റടിച്ച് കാണിച്ചിരിക്കുന്നു. നെല്ലും പതിരും തിരിച്ചറിയാത്ത പെൺ‌കൊച്ചെങ്ങാനും വീണുപോയാ‍ൽ...അതുകൊണ്ട് മുപ്പതിലെ കുഞ്ഞന്നാമ്മ ചെയ്തത് സമൂഹ നന്മയ്ക്ക്! കുട്ടപ്പാ‍യി ചെയ്തതും സമൂഹനന്മയ്ക്ക്!
വിശപ്പ് പിടിച്ച കാള കലപ്പ വലിച്ചോണ്ട് ഓടുന്നതുപോലെ കേബിൾ വയർ പ്രയോഗിക്കാൻ മൂത്തമാമനെ പ്രകോപിപ്പിച്ച രണ്ടാമത്തെ സംഭവം മൂത്തമാമൻ നേരിട്ട് സാക്ഷ്യം വഹിച്ചതാണ്. ചീട്ടുകളി! സ്കൂളിൽ പോകാതെ ചിറയിലെ പുളിഞ്ചോട്ടിലിരുന്ന് ചീട്ടുകളിച്ചതാണ് രണ്ടാമത്തെ കുറ്റം. മീശമുളയ്ക്കാത്ത പ്രായത്തിൽ ചീട്ടുകളിച്ചാൽ പയ്യന്റെ ഭാവിയെന്താണ്?

ഉഴുതു മറിച്ച് കണ്ടം പോലെയായ മുതുകിലെ പാടുകളിൽ നിന്ന് ചോരനിലയ്ക്കുന്നതിന് മുന്നേ അമ്മാവൻ വീടുവിട്ടിറങ്ങി. അങ്ങനെ പതിനഞ്ച് വയസാകാൻ രണ്ട് ദിവസം മാത്രമുള്ളപ്പോൾ നാടുവിട്ട ആദ്യ കുട്ടനാട്ടുകാരനായി ചരിത്രത്തിൽ സ്ഥാനം പിടിച്ചു എന്റെ അമ്മാവൻ! അറിയപ്പെടുന്ന അമ്പലങ്ങളിലൊക്കെ നേർച്ചകൾ...കാഴ്ചകൾ...എല്ലാം നടന്നു.
“കുട്ടി വടക്കോട്ട് പോയിട്ടുണ്ടന്ന് വാസു ജോത്സ്യർ കവടി നിരത്തി പറഞ്ഞു.”
“കടവിൽ നിന്ന് ബസ് കേറിയാൽ വടക്കോട്ടേ പോകാൻ പറ്റൂ. അത് പറയാൻ ജോത്സ്യന്റെ ആവശ്യമില്ലായെന്ന്” അച്ഛനും പറഞ്ഞു. എന്തായാലും
ജോത്സ്യപ്രമുഖൻ പത്തിൽ വാ‍സു ജോത്സ്യർ അമ്മാവന്റെ പേരിൽ കുറച്ച് പണമുണ്ടാക്കി അതല്ലാതെ വേറേ ഫലമൊന്നുമുണ്ടായില്ല.
അമ്മാവൻ എവിടെ പോയി എന്താ‍യി എന്ന് ആർക്കും ഒരു വിവരവുമില്ല. കാലം കടന്നുപോയി. ഓണവും,വിഷുവും, കൊയ്ത്തും,മെതിയുമൊക്കെ അതിന്റെ മുറയ്ക്ക് നടന്നു. പക്ഷേ അമ്മാവനെക്കുറിച്ച് മാത്രം ഒരു വിവരവുമുണ്ടായില്ല.

അമ്മാവനെക്കുറിച്ചുള്ള ഓർമ്മ ഭിത്തിയിൽ തൂക്കിയിട്ടിരിക്കുന്ന ഒരു ഫോട്ടോയിൽ മാത്രമായി മാറി.വെള്ളക്കാ വണ്ടിയും ഉരുട്ടി, പ്ലാവിലതൊപ്പിയും വെച്ച് നടന്നിരുന്ന ഞങ്ങളൊക്കെ പലപല സ്ഥലങ്ങളിലേയ്ക്ക് ചേക്കേറി. കുടുംബത്തിലെ പുത്തൻ കുഞ്ഞുകുരുന്നുകൾക്കൊക്കെ ഭിത്തിയിലെ ഫോട്ടോ ‘നാടുവിട്ട മാമനായി.’

പക്ഷേ കഥ ഇവിടെ തീരുന്നില്ല. പത്ത് മുപ്പത്താറ് വർഷങ്ങൾക്ക് ശേഷം അമ്മാവൻ എവിടെയുണ്ടന്ന് അറിഞ്ഞിരിക്കുന്നു. ലക്നോവിൽ... അങ്ങ് വടക്കേന്ത്യയിൽ...ഹിന്ദിക്കാരുടെ ഇടയിൽ...
“അവൻ പെണ്ണും കെട്ടി,പിള്ളേരൊക്കെ കാണും ഇപ്പോൾ” അമ്മ പ്രഖ്യാപിച്ചു. ജഗദ ചിറ്റ ശരിവെച്ചു. അഭിപ്രായം പറയാനും സന്തോഷം പങ്കുവെയ്ക്കാനും അമ്മൂമ്മ ഇല്ലാതായിപ്പോയി.
അമ്മാവൻ തന്നെ നാട്ടിലേയ്ക്ക് കത്തെഴുതുകയായിരുന്നു.ഏതോ ആക്സിഡന്റായി റിക്കവറായി വരുകയാണന്നും, പരിചയക്കാരനും സഹായിയുമായിരുന്ന മലയാളി പറ്റിച്ചെന്നുമായിരുന്നു കത്തിലെ ചുരുക്കം.
അധികം താമസിയാതെ തന്നെ അമ്മാവനെ നാട്ടിലെത്തിച്ചു.
“കഷ്ടം. എന്റെ കൊച്ചന്റെ പരുവം തിരിഞ്ഞു. അവനെ പറ്റിച്ചതാ...ഒരു മലയാളി...ബാങ്കിലെ പണം മുഴുവൻ ചെക്കെഴുതിച്ച് അടിച്ചുമാറ്റി. വല്ല നാട്ടിലും കഴിയുന്നോനാ, നീ സൂക്ഷിക്കണം.”അമ്മ കരയുന്നത് എനിക്ക് ഫോണിലൂടെ കേൾക്കാൻ കഴിഞ്ഞു.

നാട്ടിൽ ചെന്നപ്പോൾ അമ്മാവനെ കാണാൻ ഞാൻ പോയി. കുറെ വർഷങ്ങൾക്ക് ശേഷമാണ് ഞാൻ കുട്ടനാട്ടിലേയ്ക്ക്... ആകെ മാറിപ്പോയിരിക്കുന്നു. പതിനാറ് പാലം കേറി വീട്ടിലെത്തിയിരുന്ന സ്ഥാനത്ത് ഇന്നൊറ്റപാലമില്ല! വണ്ടി വീടിന്റെ വാതുക്കലെത്തും! പുരാവസ്തുവെന്നപോലെ ഒരു കൊതുമ്പുവള്ളം പായലുകേറിയ തോടിന്റെ അരികിൽ കിടക്കുന്നു. അഞ്ചുമിനിറ്റ് മതി കടവിൽ നിന്നും വീട്ടിലെത്താൻ! പണ്ട് അരമണിക്കൂറിൽ കൂടുതൽ വേണമായിരുന്നു വള്ളത്തിൽ വരാൻ! പുരോഗതി! പുരോഗതി! നാടുവികസിക്കുന്നു! കുട്ടനാട് വികസിക്കുന്നു! പക്ഷേ എനിക്ക് സങ്കടമാണ് തോന്നിയത്. കുട്ടനാട് പുരോഗതിക്കുന്നതുകൊണ്ടല്ല എന്റെ സങ്കടം. നമ്മുടേതായ വയലേലകളും, തോടും, ആറുമൊക്കെ നമ്മളല്ലാതെ ആരാണ് സംരക്ഷിക്കേണ്ടത്? തോടു നികത്തലും വെട്ടി നിരത്തലുമല്ലാതെ വേറെ മാർഗമൊന്നുമില്ലേ?
പറഞ്ഞ് പറഞ്ഞ് ഞാൻ വിഷയത്തിൽ നിന്നും മാറി പോയിരിക്കുന്നു. ഞാൻ അമ്മാവനെ കണ്ടു. ഒത്തിരി വർഷങ്ങൾക്ക് ശേഷം. ഒരു മനുഷ്യ രൂപം മാത്രം. ഇളയമ്മായി എന്നെ വിളിച്ച് സ്വകാര്യമായി പറഞ്ഞു. “ എടാ, മാമൻ വന്നിട്ട് പത്ത് നാല്‍പ്പത് ദിവസമായി. ഇതുവരെ ഒന്നു കുളിച്ചിട്ടുമില്ല. മുടിവെട്ടിയിട്ടുമില്ല. ഞങ്ങള് പറഞ്ഞ് പറഞ്ഞ് മടുത്തു. ഈ വടക്കേന്ത്യയിലൊക്കെ ഇങ്ങനെയാണോ? നീയൊന്ന് പറഞ്ഞു നോക്ക്.”
നാല്‍പ്പത് ദിവസം പറഞ്ഞിട്ട് നടക്കാത്ത കാര്യം ഞാനായിട്ടെങ്ങനെയാണ്. ഒരു സംശയമായിരുന്നു.
അപ്പോഴാണ് അമ്മാവന്റെ വക ക്ഷണം. “എടാ നീ വാ, നമ്മുക്ക് തെക്കേ പാടത്തിന്റെ ചിറയിൽ നിന്നും കരിക്കിട്ട് കുടിക്കാം.” വലിയ തോടിന്റെ കുറുകേ ഒരു ചെറിയ പാലം വന്നിരിക്കുന്നു. പണ്ടിവിടെ തോണിയായിരുന്നു. പാലം കേറുമ്പോൾ തന്നെ ഓർത്തു. അമ്മാവനെ പാലത്തിൽ നിന്നും തള്ളിയിട്ടാലോ! കുട്ടനാട്ടുകാരനല്ലേ ഏതാ‍യാലും! ഏതു വെള്ളത്തിൽ വീണാലും നീന്തിക്കയറിക്കോളും! പക്ഷേ അപ്പോളതു ചെയ്തില്ല. കരിക്ക് കുടിക്കേണ്ടതല്ലേ!
തിരിച്ചുവന്നപ്പോൾ അമ്മാവൻ എന്തായാലും വെള്ളത്തിൽ വീണു. പത്തു മുപ്പത്താറുവർഷം കഴിഞ്ഞിട്ടും നീന്തൽ മറന്നിട്ടില്ല അമ്മാവൻ! പൂച്ച വെള്ളത്തിൽ നിന്നും കയറുന്നതുപോലെ അമ്മാവൻ കരയ്ക്ക് കയറി ശരീരമാസകലമൊന്നു കുടഞ്ഞു.
“നീയെന്തോന്ന് പണിയാടാ കാണിച്ചേ?” ദേഷ്യപ്പെടുമെന്ന് വിചാരിച്ചതാണ്. പക്ഷേ പരിഭവം നിറഞ്ഞ ഒരു ചിരിയോടെ അമ്മാവൻ ഷർട്ടുരിഞ്ഞ് പിഴിയാൻ തുടങ്ങി.
“വന്നിട്ട് ഒന്ന് ഒന്നര മാസമായില്ലേ? എന്താ ഒന്ന് വെള്ളത്തിലോട്ടിറങ്ങാത്തേ?”
ഉറക്കെയുള്ള ഒരു ചിരിയായിരുന്നു ആദ്യം. ചിരിയൊന്നടങ്ങിയപ്പോൾ അമ്മാവൻ പറയുകയാണ്;“ഈ വെള്ളത്തിൽ കുളിക്കുന്നതിലും ഭേദം പാടത്തടിക്കുന്ന വെഷമെടുത്ത് ഒഴിക്കുന്നതാണ്! വെഷമല്ലേ മൊത്തം! കീടനാശിനിയെല്ലാം വെള്ളത്തിലോട്ടൊഴുകി...നോക്ക് വെള്ളത്തിന്റെ നിറം...”
അപ്പോൾ കുട്ടനാട്ടിൽ തോട്ടിലെ വെള്ളമല്ലാതെ വേറെ കുളിക്കാൻ വെള്ളം കിട്ടില്ലേ എന്നു ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷേ ചോദിച്ചില്ല.ഇനിയിപ്പോൾ മുടി വെട്ടിക്കുന്നതിനെകുറിച്ച് അമ്മാവൻ എന്തായിരിക്കാം പറയാൻ പോകുന്നത്!
അമ്മാവൻ കുളിക്കാത്തതിന്റേയും മുടിവെട്ടിക്കാത്തതിനേയും വ്യക്തമായ ഒരു ഉത്തരം കിട്ടിയില്ലെങ്കിലും തിരികെയുള്ള യാത്രയിൽ എന്റെ ചിന്ത അമ്മാവൻ പറഞ്ഞതിനെക്കുറിച്ചായിരുന്നു. എന്തോ ചിലതൊക്കെ അതിലില്ലേ?
----------

Read more...

ഫ്ലാറ്റിലെ എലി

പലപല കുറ്റകൃത്യങ്ങൾ കണ്ടിട്ടും കേട്ടിട്ടും വായിച്ചറിഞ്ഞിട്ടുമുണ്ടങ്കിലും ഇത്തരം അപൂർവ്വങ്ങളിൽ അപൂർവ്വമായ ഒരു സംഭവം ഞാൻ നേരിൽ കണുന്നത് ആദ്യമായാണ്. ക്രൂരവും,കഠിനവും,ക്ഷന്തവ്യവുമല്ലാത്തതുമായ ഈ കുറ്റം നടത്തിയിരിക്കുന്നത് ഒരു എലിയാണ്! വെറും ഒരു എലി.
എലി ചെയ്തിരിക്കുന്ന കുറ്റകൃത്യമെന്നത് എന്റെ വീടിന്റെ വാതില്‍പ്പടി കരണ്ടു തിന്നിരിക്കുന്നു എന്നതാണ്. കരണ്ട് തിന്നു തീർത്തു എന്ന് പറയുന്നത് ശരിയല്ല പക്ഷേ തിന്നാനുള്ള സകലമാന ശ്രമവും നടത്തി എന്നുള്ളതാണ്. അതിന് ഞാൻ ദൃക്‌സാക്ഷിയുമാണ്.
രാവിലെ പാൽക്കവറെടുക്കാൻ വാതിൽ തുറന്ന ഞാൻ കണ്ടത് ആകെ അലങ്കോലപ്പെട്ടുകിടക്കുന്ന വാതിലിന്റെ മുൻവശമാണ്. പൊടിപോലെ എന്തൊക്കെയോ കിടക്കുന്നു. കൂടുതൽ ആലോചിക്കാനൊന്നും പോയില്ല. വല്ല പിള്ളാരും എന്തെങ്കിലും കൊണ്ടിട്ട് വൃത്തികേടാക്കിയതായിരിക്കുമെന്നേ വിചാരിച്ചുള്ളു. പിറ്റേ ദിവസവും ഞാൻ കണ്ടത് അതു തന്നെ! കൂടുതൽ പൊടി പോലെ എന്തൊക്കെയോ കിടക്കുന്നു. പണീം കഴിഞ്ഞ് തങ്കപ്പനാശാരി എണീക്കുമ്പോഴത്തെ മുറ്റത്തിന്റെ അവസ്ഥയാണ് എനിക്കോർമ്മവന്നത്!
ഇവിടെയാരാണപ്പാ ഈ തടിപ്പണി ചെയ്യാൻ? ആകെ തടിച്ചീളുകൾ!
നല്ലതുപോലെ വൃത്തിയായ് കിടന്നിരുന്ന സ്ഥലമാണ്! ഇത്തവണ ആലോചിക്കണമെന്ന് തോന്നി. പതുക്കെ വാതില്‍പ്പടിയിൽ ഇരുന്നു. പൊടി ഒരു കുറ്റാന്വേഷകന്റെ ഗൗരവത്തോടെ ഞാൻ നിരീക്ഷിച്ചു. മണത്തു നോക്കി. തൊട്ടുനോക്കി. തടിയുടെ പൊടി തന്നെ! ഇതെങ്ങനെ ഇവിടെയെത്തി?
ഇരുന്ന ഇരുപ്പിൽ തന്നെ ഇടത്തോട്ടും വലത്തോട്ടുമൊക്കെ ഞാൻ തിരിഞ്ഞു നോക്കി.
കട്ടിളപ്പടിയുടെ ഒരു വശം ആകെ തുരന്ന് വെച്ചിരിക്കുന്നു. ആരിത്? എന്റെ വീടിന്റെ കട്ടിളപ്പടി കരളാൻ മാത്രം കരളുറപ്പുള്ളവൻ ആര്? ഞാൻ പരിസരം മൊത്തം നോക്കി. ഫലം വിഫലം.
ഞാനൊന്ന് ആലോചിക്കാമെന്ന് വെച്ചപ്പോൾ പുറകിൽ വിളി വന്നു. “എന്തെടുക്കുവാ അവിടെ? മണിക്കൂറൊന്നായല്ലൊ വാതില്‍പ്പടിയിൽ കുത്തിയിരിക്കാൻ തുടങ്ങിയിട്ട്. ചായ വേണേൽ പാലിങ്ങ് കൊണ്ടുവാ.”
ഞാൻ വീട്ടിൽ ആകെക്കൂടി ചെയ്യുന്ന ജോലിയ്ക്ക് രണ്ട് ഭാഗങ്ങളാണുള്ളത്. ഒന്നാമത്തേത് പാൽക്കവറിടാനുള്ള സഞ്ചി വാതുക്കലെ ഭിത്തിയിൽ അടിച്ചിരിക്കുന്ന ആണിയിൽ രാത്രി കിടക്കുന്നതിന് മുന്നേ തൂക്കുകയെന്നതാണ്. രണ്ടാമത്തേത് ആണിയിൽ തൂങ്ങിക്കിടക്കുന്ന സഞ്ചിയും അകത്തുള്ള പാൽക്കവറും യാതൊരു വിധ കേടുപാടുകളുമില്ലാതെ രാവിലേ തന്നെ അടുക്കളയിൽ എത്തിക്കുകയെന്നതുമാണ്.
സൂര്യൻ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്നതുപോലെ തന്നെ എന്റെ ഈ ജോലിയ്ക്ക് ഇന്നേവരെ മുടക്കവും വന്നട്ടില്ല. ഇക്കാര്യത്തിൽ ഭാര്യയ്ക്ക് എന്നെ ഭയങ്കര വിശ്വാസവുമാണ്. വില്ലനായി വിലസി നടന്നിരുന്ന തടിയൻ പൂച്ചയിൽ നിന്ന് എന്റെ ബുദ്ധിപരവും സമയോചിതവുമായ നീക്കങ്ങളിലൂടെ പലതവണ പാൽക്കവർ ഒരു കുഴപ്പമില്ലാതെ കൊണ്ടുവരുവാൻ എനിക്ക് കഴിഞ്ഞിട്ടുള്ളതാണ്.

കതകടച്ച് വന്ന് ടിവിയുടെ മുന്നിലിരുന്നു.വാതിലിന് പുറത്തേക്കായിരുന്നു കാതുകൾ. എന്തോ ഒരു ശബ്ദം കേൾക്കുന്നതുപോലെ... സംശയനിവൃത്തിക്കായ് ടീവി ഓഫ് ചെയ്തു. ഇപ്പോൾ പകൽ പോലെ വ്യക്തം. വാതുക്കൽ നിന്നും ശബ്ദം വരുന്നുണ്ട്. എന്റെ വീടിന്റെ കട്ടിളപ്പടി കരണ്ട് തിന്നുന്ന ഭീകരൻ വാതിലിന്നപ്പുറത്ത്! ഇനി അമാന്തിക്കരുത്. മൊത്തം അസൂയാലുക്കളുടെ ലോകമാണ്. സമയം കിട്ടിയാൽ കട്ടിളപ്പടിവരെ അടിച്ചുമാറ്റുന്നവരുടെ ലോകം. ഇന്നവന്റെ കഷ്ടകാലം തുടങ്ങും. അല്ലെങ്കിൽ ഞാൻ തുടങ്ങിക്കും. സകലമാന ധൈര്യവും സംഭരിച്ചുകൊണ്ട് വാതിൽ തുറന്നു.
അടുത്ത ഫ്ലാറ്റുകളിൽ താമസിക്കുന്ന അസൂയമൂത്ത ആരെങ്കിലുമൊക്കെയായിരിക്കുമെന്ന് കരുതി പുറത്തിറങ്ങിയ ഞാൻ ഞെട്ടി. അവിടെങ്ങും ഒരു മനുഷ്യനുമില്ല പൂച്ചക്കാളിയുമില്ല. പകരം ഒരെലി!
വെറും ഒരു എലിയൊ? എന്ന് ചോദിക്കാൻ വരട്ടെ. അവൻ... (അതോ അവളോ.) വെറും ഒരു എലിയല്ല. ഒരു മനുഷ്യ ജീവിയായ എന്നെ വെല്ലുവിളിച്ചവനാണ്. എന്റെ സകലമാന ഇമേജും കളഞ്ഞ് കുളിച്ചവനാണ്!
വെറുമൊര് എലി! ഞാനാകുന്ന മനുഷ്യജീവി വന്ന് നിൽക്കുന്നു എന്നൊരു ഭാവം പോലുമില്ലവന്! വന്ന് വന്ന് എലി പോലും എന്നെ പേടിക്കാതായോ? ഇല്ല. ഇതങ്ങനെ വിട്ടുകൊടുക്കുവാൻ പാടില്ല. തൊണ്ടയടപ്പ് മാറ്റാൻ മുക്രയിടുന്നത് പോലെ ഒന്ന് രണ്ട് ശബ്ദങ്ങളൊക്കെ ഉണ്ടാക്കി നോക്കി. എവിടെ? അവൻ നോക്കുന്നത് പോലുമില്ല. കബ്ബഡികളിക്കാരനെപ്പോലെ കാലൊക്കെ കവച്ച് വെച്ച് തുടയ്ക്കിട്ടൊക്കെ രണ്ട് കൊട്ടൊക്കെ കൊട്ടി നോക്കി. രക്ഷയില്ല. ഇവൻ നിസ്സാരനെലിയല്ല. ജഗജില്ലനാണ്. ഒരുപക്ഷേ തെലുങ്കനെലിയായതിനാൽ ഞാൻ മലയാളത്തിൽ പറയുന്നത് മനസ്സിലാകാ‍ത്തതാണോ?
തെലുങ്കിലും ഹിന്ദിയിലുമൊക്കെ പറഞ്ഞുനോക്കി. നോ രക്ഷ!
ഞാൻ ഒരുകാൽ വാതിലിന്നകത്തും മറ്റേക്കാൽ വാതിലിന്ന് പുറത്തുമായി നിന്ന് അകത്തേയ്ക്ക് നോക്കി വിളിച്ചുപറഞ്ഞു. “എടിയേ,ഒരു വടിയിങ്ങെടുത്തേ... ഇവനെയിന്ന് ശരിയാക്കിയിട്ട് തന്നെ കാര്യം.”
വടിയുടെ കാര്യം പറഞ്ഞത് അവന് മനസ്സിലായെന്ന് തോന്നുന്നു. ആളൊന്ന് തലപൊക്കി നോക്കി എന്നെ സൈറ്റടിച്ച് കാണിച്ചു. ജീവിതത്തിലിന്നേവരെ ഒരു പെണ്ണുപോലും എന്നെനോക്കി സൈറ്റടിച്ച് കാണിച്ചിട്ടില്ല. ഇവിടെ ഇപ്പോ ദേ ഒരു പീറ എലി!
“വേഗം വടി എടുത്തോണ്ട് വാ... അല്ലെങ്കീ എലിയതിന്റെ പാട്ടിന്ന് പോകും.”
“പിന്നേ, വടിയെടുത്തോണ്ട് വന്നിട്ടെന്തിനാ... അതതിന്റെ പാട്ടിന് പൊയ്ക്കോളും.”
ഇതിവളെന്നെയൊന്ന് ആക്കിയതല്ലേ. ഇനി പണ്ട് നാട്ടിലെ വീട്ടില്‍ പാമ്പ് വന്ന കഥ ഞാനിവളോട് അബദ്ധത്തിലെങ്ങാനും പറഞ്ഞിട്ടുണ്ടോ? ശ്ശെ. എന്റെയൊരു കാര്യം ആവശ്യമില്ലാത്ത കാര്യമൊക്കെ പറഞ്ഞ് ഒള്ള വിലകളയും. പണ്ട് ഞാന്‍ നൈറ്റ് ഷിഫ്റ്റൊക്കെ കഴിഞ്ഞ് വന്ന് സുഖായിട്ട് ഉറങ്ങുകയായിരുന്നു. അച്ഛനും അടുത്ത വീട്ടിലെ ചേട്ടനും വാതുക്കലുണ്ടായിരുന്നു. അപ്പോഴാണ് വാതുക്കല്‍ കൂട്ടിയിട്ടിരുന്ന തേങ്ങയുടെ ഇടയിലേയ്ക്ക് ഒരു മൂര്‍ഖന്‍ പാമ്പ് വന്ന് കയറിയത്. ചേട്ടന്‍ ‘അയ്യോ പാമ്പ്’ എന്നൊരലറല്‍! എനിക്ക് പണ്ടേ ഉറക്കത്തില്‍ വല്ല്യ ശ്രദ്ധയാണ്. അടുക്കളയില്‍ എന്താണ് ഉണ്ടാക്കുന്നതെന്ന് ഉറക്കത്തില്‍ പോലും മണം പിടിച്ച് ഞാന്‍ പറഞ്ഞ് കളയും.അതിന് അമ്മയുടെ വക ഒത്തിരി നല്ല വാക്കുകളും കേട്ടിട്ടുണ്ട്. “ചന്തയില്‍ നിന്ന് കുറച്ച് മീന്‍ വാങ്ങിക്കൊണ്ട് വരാന്‍ പറഞ്ഞാല്‍ അവന് ഭയങ്കര ഉറക്കമാണ്. കുംഭകര്‍ണ്ണനല്ലേ...കുംഭകര്‍ണ്ണന്‍. ആരെങ്കിലും മീന്‍ വാങ്ങി വറുത്ത് തീരേണ്ട; അവന്റെ ഉറക്കം തീരും. ഇങ്ങനേമുണ്ടോ പിള്ളേര്!”
നിസ്സാര പാമ്പൊന്നുമല്ലല്ലോ. മൂര്‍ഖനല്ലേ. കടിച്ചാ‍ല്‍ തീര്‍ന്നു. എങ്ങോട്ടാണ് പാമ്പ് കയറിയതെന്നും അറിയില്ല. ഞാന്‍ എണിറ്റ് അറ്റന്‍ഷന്‍...സ്റ്റാന്റിറ്റീസൊക്കെ പറഞ്ഞ് കട്ടിലില്‍ കണ്ണുമടച്ച് ഒരു നില്‍പ്പങ്ങ് നിന്നു. പിന്നെ പാമ്പിനെ കൊന്ന് തീയില്‍ കരിയുന്ന മണം വന്നു എന്നുറപ്പ് വന്നതിന് ശേഷമേ ഞാന്‍ പുറത്തിറങ്ങിയുള്ളു. അത് പേടി കൊണ്ടൊന്നുമല്ലായിരുന്നു. ഒരു മുന്‍‌കരുതല്‍ നടപടി മാത്രമായിരുന്നു എന്ന് പറഞ്ഞിട്ട് ആരെങ്കിലും കേട്ടോ? അവര്‍ക്കൊക്കെ കളിയാക്കാ‍ന്‍ എന്തെങ്കിലും കിട്ടിയാല്‍ പോരേ?
“ എളുപ്പം വടികൊണ്ട് വന്നില്ലേല്‍ എലി അതിന്റെ പാട്ടിന് പോകും.“ വടികൊണ്ട് വരാന്‍ പറയുന്നതോടൊപ്പം ഞാന്‍ നിലത്തിട്ട് ആഞ്ഞ് ചവിട്ടുന്നുമുണ്ടായിരുന്നു. ശല്യം സഹിക്കവയ്യാഞ്ഞിട്ടായിരിക്കും എലി വീണ്ടും തലപൊക്കി. എബൌട്ടേണ്‍ അടിച്ചു. വാലൊന്ന് പൊക്കി ആകാശത്ത് കറക്കി കാണിച്ചു. മുദ്രാവാക്യം വിളിച്ചതായിരിക്കും. മലയാളിയോട് എങ്ങനെ പെരുമാറണമെന്ന് എലിക്ക് പോലും അറിയാം.
എന്തായാലും ‘പോടാ പുല്ലേ’ എന്ന് സുരേഷ് ഗോപി സ്റ്റൈലില്‍ പറഞ്ഞ് എലി പതുക്കെ സ്റ്റെയര്‍ കേസ് കയറി മുകളിലെ നിലയിലേയ്ക്ക് പോയി. അവിടെം ഫ്ലാറ്റുകളും കട്ടിളകളും ഉണ്ടല്ലോ എന്നായിരിക്കും ഭാവം.
അപ്പോഴത്തേയ്ക്കും പെമ്പ്രന്നോത്തി വടിയുമായി എത്തി. പിന്നെ എന്റെ വക ഒരു ആക്ഷന്‍ ത്രില്ലറായിരുന്നു. വടി സമയത്തിന് കിട്ടിയിരുന്നെങ്കില്‍...
“പിന്നേ... നിങ്ങള് എലിയുമായി കോലുകളി നടത്തുമായിരുന്നു.”
ഭാര്യ അടുക്കളയിലേയ്ക്ക് നടന്നു. അവളുടെ നടത്തത്തിന് തീർച്ചയായും എലിയുടേതിനേക്കാളും വേഗത ഉണ്ടായിരുന്നു.
ഇനിയിപ്പോൾ കൂടുതൽ വാചകമടിച്ചിട്ട് കാര്യമില്ല.വീണ്ടും വന്ന് ടീവിയുടെ മുന്നിലിരുന്നു.
“അവിടെ കുത്തിയിരിക്കാതെ കുറച്ച് വൈറ്റ് സിമന്റെടുത്ത് ആ ദ്വാരമൊന്നടയ്ക്കരുതോ?”
അകത്ത് ചെന്ന് കുറച്ച് വൈറ്റ് സിമന്റെടുത്തോണ്ട് വന്ന് എലി കുഴിച്ച ഭാഗം അടച്ചു.
എന്റെയൊരു കഴിവേ... ഞാന്‍ ഭാര്യയെ നോക്കി. അവൾ മൈന്റ് ചെയ്യുന്നില്ല! തീർച്ചയായിട്ടും ആ എലിയും ഒരു പെണ്ണുതന്നെയായിരിക്കും. ഞാൻ ഉറപ്പിച്ചു.
എലി നടത്തിയ കഷ്ടപ്പാടിന്റെ പൊരുൾ മനസ്സിലായത് രണ്ട് ദിവസം കഴിഞ്ഞാണ്. വൈകുന്നേരം ടെറസിൽ ഉലാസുമ്പോൾ ചെടിച്ചെട്ടികൾക്കിടയിൽ എലിക്കുഞ്ഞുങ്ങൾ! എലി പ്രസവിച്ചിരിക്കുന്നു.
പാവം എലി! അല്ല എലികൾ!!!
പട്ടണത്തിലെ എലികൾ. ഫ്ലാറ്റിൽ താമസിക്കുന്ന എലികൾ! അവയ്ക്ക് മനസമാധാനത്തോടെ പ്രസവിക്കാൻ പോലും സ്ഥലമില്ലാതായിരിക്കുന്നു.

Read more...

ഡാനിയൽ

Sunday, June 12, 2011

ഹീത്രൂ എയർപോർട്ടിൽ സെക്യുരിറ്റി ചെക്കൊക്കെക്കഴിഞ്ഞ് വിമാനത്തിലേയ്ക്ക് കയറാൻ ഞാൻ നടക്കുകയായിരുന്നു. പെട്ടെന്ന് ഒരു എയർലൈൻസ് ജീവനക്കാരി എന്നെ ഓവർടേക്ക് ചെയ്ത് എന്റെ തൊട്ടുമുന്നിൽ സഡൻ ബ്രേക്കിട്ടു. ഒരു നിമിഷം ഞാനൊന്നതിശയിച്ചു. എന്റെ അതിശയം വെപ്രാളത്തിലോട്ട് മാറുന്നതിനു മുന്നായി ചോദ്യം വന്നു. “നിങ്ങൾക്ക് ഇംഗ്ലീഷല്ലാതെ വേറെ ഏതൊക്കെ ഭാഷ അറിയാം?”
എന്തു പറയണമെന്ന് ഞാനൊന്ന് ആലോചിച്ചു.
“മുറി ഹിന്ദി, അല്പസ്വല്പം തെലുങ്ക്, കൊറച്ച് തമിഴ്, പിന്നെ മലയാളം.” ഇതിലേത് പറയണം. സ്വതവേ വേഗത കുറഞ്ഞ എന്റെ മസ്തിഷ്കത്തിന്റെ പ്രവർത്തനം വേഗത്തിലാക്കാൻ ഹൃദയം കൂടുതൽ പണിചെയ്യുന്നവിവരം എനിക്കറിയാൻ കഴിഞ്ഞു. എങ്കിലും എയർലൈൻസുകാരിയുടെ തുടർന്നുള്ള സംസാരം എനിക്കൊരാശ്വാസമായി.
“ദാ, ഈ കുട്ടി കൊച്ചിയ്ക്ക് പോകാനുള്ളവനാണ്. പക്ഷേ ഇവന് ഇംഗ്ലീഷറിയില്ല. ഞങ്ങളെന്തുപറഞ്ഞിട്ടും കരച്ചിൽ നിർത്തുന്നില്ല. ഇവന്റെ ഭാഷ സംസാരിക്കുന്ന ആരെങ്കിലുമുണ്ടോയെന്നറിയാൻ ചോദിച്ചതാണ്.”
അപ്പോഴാണ് ഞാനവനെ ശ്രദ്ധിക്കുന്നത്. തോളിൽ ഒരു കുഞ്ഞ് ബാഗും തൂക്കി കരഞ്ഞുകൊണ്ട് നിൽക്കുന്ന ഒരു കൊച്ചു മിടുക്കൻ.ഏകദേശം അഞ്ചോ ആറോ വയസ് കാണും.
എന്റെ ശ്വാസമൊന്ന് നേരയായി. നിമിഷനേരങ്ങൾക്കുള്ളിൽ എന്തെല്ലാം ചിന്തകളായിരുന്നു മനസ്സിലൂടെ കടന്നുപോയത്. ടെററിസം...ബിൻലാദൻ,ബോംബ്...പോലീസ്...ജയിൽ...ഹൊ, എന്തൊക്കെയാണന്ന് എനിക്ക് തന്നെ ഓർമ്മയില്ല.

“ഇതാണോ കാര്യം. ഇവന്റെ കാര്യം ഞാനേറ്റു. ഞാനും ഇവന്റെ നാട്ടുകാരനാ.”
“എത്ര ചോക്ലേറ്റ് കൊടുത്തിട്ടും കരച്ചിൽ നിർത്തുന്നില്ല.എന്തു ചെയ്യാനാണ്...” എയർലൈൻസുകാരിയ്ക്ക് പരിഭവം(അതോ പരിഭ്രമമോ?)
“മോന്റെ പേരെന്താ?” ഞാൻ ചോദിച്ചു.
“ഡാനിയേൽ” കരച്ചിലിനിടയിൽ പേര് വ്യക്തമായി മനസ്സിലാക്കാൻ പറ്റുന്നില്ലായിരുന്നു.
“എവിടെയാ വീട്?”
“കൊച്ചീല്”
“കൊച്ചീല് ആരാ ഉള്ളത്?”
“മുത്തശ്ശി.”
“ഇവിടെ ലണ്ടനിലാരാ ഉള്ളത്?”
“അമ്മ.”
“അച്ഛൻ?”
“അച്ഛനില്ല.”
"നീയെന്തിനാ കരയുന്നത്. നിന്റെ കൂടെ അതേ വിമാനത്തിൽ ഞാനുമുണ്ട്. എന്തിനാ പേടിക്കുന്നേ...”
ഡാനിയലിന്റെ കരച്ചിലിന്റെ ആക്കം കുറഞ്ഞു. എയർലൈൻസ് കാരിയ്ക്ക് വളരെ സന്തോഷം.
അവർ ഡാനിയലിനെ മറ്റ് എയർലൈൻസ് ജീവനക്കാർക്ക് കൈമാറി.എന്നേയും അവർക്ക് പരിചയപ്പെടുത്തി. ഞാൻ ബോർഡിങ്ങിനായ് കാത്തിരുന്നു.
കുറച്ച് കഴിഞ്ഞ് വേറൊരു ജീവനക്കാരി എന്റെടുക്കൽ എത്തി. ഡാനിയൽ വീണ്ടും കരച്ചിൽ തുടങ്ങി. വിമാനത്തിൽ കയറാം, പൈലറ്റിനെക്കാണിക്കാം, ചോക്ലേറ്റ് കൊടുക്കാം എന്നൊക്കെ പറഞ്ഞിട്ട് ഡാനിയൽ കേട്ട ഭാവം നടിക്കുന്നില്ല.
എന്നെക്കണ്ടയുടൻ പയ്യൻസ് കരച്ചിൽ നിർത്തി.
“നീ ഈ ആന്റിയുടെ കൂടെ വിമാനത്തിലേയ്ക്ക് പൊയ്ക്കോ. ഞാൻ പുറകേ വരാം.കേട്ടോ.” ഡാനിയൽ അനുസരിച്ചു.
എന്റെ കുറേ മുന്നിലായുള്ള ഒരു സീറ്റിലായിരുന്നു ഡാനിയലിരുന്നത്. ഇടയ്ക്കിടക്ക് എയർഹോസ്റ്റസുമാരുടെ കൂടെ ടോയ്‌ലറ്റിലേയ്ക്ക് പോകുമ്പോൾ ഡാനിയൽ എന്നെ കൈ വീശി കാണിക്കുന്നുണ്ടായിരുന്നു. ആൾ വളരെ ഹാപ്പിയായ് കണ്ടു.
ദുബായിയിൽ എത്തിയപ്പോൾ ഞാൻ വളരെ പുറകിലായാണ് പുറത്തേക്ക് ഇറങ്ങിയത്. ഡാനിയൽ സീറ്റിൽ തന്നെ ഇരുപ്പുണ്ട്.
“ഹായ് ഡാനിയൽ, എന്താ ഇറങ്ങുന്നില്ലേ?”
എന്റെ ചോദ്യത്തിന് ഉത്തരം ഒരു കരച്ചിലായിരുന്നു.”അവര് വരാമെന്ന് പറഞ്ഞിട്ട് ഇതുവരെ വന്നില്ല. എല്ലാരും ഇറങ്ങി...”
ഞാൻ ഡാനിയലിന്റെ സീറ്റിന്റെ അടുത്ത് തന്നെ നിന്നു. ഒരു എയർ ഹോസ്റ്റസ് ഓടി വന്നു.
ഞാൻ ഡാനിയലിന്റെ തോളിൽ തട്ടിയിട്ട് പുറത്തേയ്ക്ക് നടന്നു.
ഇനി ഞങ്ങൾ രണ്ടുപേരും രണ്ടു വഴിക്ക്...
ഞാൻ ഹൈദ്രാബാദിനും,ഡാനിയൽ കൊച്ചിയ്ക്കും.
സെക്യൂരിറ്റി ചെക്കൊക്കെ കഴിഞ്ഞ് ഞാൻ ഒന്നു കറങ്ങി ‘അൺ അക്കമ്പനീഡ് മൈനേഴ്സ്’ എന്നെഴുതിയിരിക്കുന്ന മുറിക്ക് മുന്നിൽ എത്തി. ഡാനിയൽ അവിടെ ഉണ്ടായിരുന്നു. കൂടെ അവനേക്കാൾ അല്പം കൂടി മുതിർന്ന ഒരു പെൺകുട്ടിയും. അവർ അല്പസമയത്തിനുള്ളിൽ തന്നെ നല്ല കൂട്ടുകാരായെന്ന് തോന്നുന്നു.രണ്ടുപേരും ഭയങ്കര ചിരിയും കളിയും.
ഞാൻ വാതിലിൽ തട്ടി. ഡാനിയൽ ഓടി വന്നു. അവനേക്കാൾ വേഗത്തിൽ ഒരു ജീവനക്കാരിയും. ഏതോ പിള്ളാരെപ്പിടുത്തക്കാരെകണ്ട മട്ടിൽ അവരെന്നെയൊരുനോട്ടം! കൂട്ടത്തിൽ കുറേ ചോദ്യങ്ങളും. ആരാണ്? എവിടുന്നാണ്? എങ്ങനെ പരിചയം.?
ഒരു കാര്യം ഉറപ്പായി.കുട്ടി സുരക്ഷിതനായി നാട്ടിലെത്തും. ഞാൻ എന്റെ ഗേറ്റിലേയ്ക്ക് നടന്നു.

പക്ഷേ എന്റെ ചിന്തയിലപ്പോഴുണ്ടായ കാര്യങ്ങളിങ്ങനെയാണ്. ജീവിതത്തിൽ ആദ്യമായ് കാണുന്ന ഒരു കുട്ടി..ആരാണ്...എന്താണ്...എവിടുന്നാണ്...ഒന്നുമറിയില്ല. ഏതാനും മണിക്കൂറെങ്കിലും എന്റെ ചിന്ത അവനെക്കുറിച്ചായിരുന്നെങ്കിൽ; അവനെ സ്നേഹിക്കുന്ന...അവനുവേണ്ടികാത്തിരിക്കുന്ന...അവൻ നാട്ടിൽ എത്തിച്ചേർന്നു എന്ന ഫോൺ കാളിന് വേണ്ടി കാത്തിരിക്കുന്ന കുറച്ചു പേരുണ്ടാവുമല്ലോ? എന്തായിരുന്നിരിക്കാം അവരുടെ മാനസികാവസ്ഥ!

ഏതോ ഒരു സാഹചര്യത്തിൽ നാട്ടിൽ മുത്തശ്ശിയുടെ കൂടെ നിർത്തി സ്വന്തം മകനെ പഠിപ്പിക്കേണ്ടി വരുന്ന ഒരമ്മ.വർഷത്തിൽ ഒന്നോ രണ്ടോ മാസത്തേയ്ക്ക് മാത്രം സ്കൂളവധിക്കാലത്ത് മകനെ കൂടെ കൊണ്ടു നിർത്തി അമ്മയുടെ സ്നേഹവും വാത്സല്യവും നൽകുന്ന ഒരമ്മ...
മകൻ തന്നിൽ നിന്നകന്നുപോകുമ്പോൾ അവർക്കുണ്ടാകുന്ന ഹൃദയം പറിഞ്ഞ് പോകുന്ന വേദന...
ഇതൊക്കെ എനിക്ക് തോന്നിയത്. സത്യം ചിലപ്പോൾ വേറെ പലതുമാകാം.

Read more...

പൂച്ചക്കുട്ടി

Monday, January 24, 2011

അന്ന് ഓഫീസിൽ നിന്നും വന്നപ്പോൾ കുറച്ചധികം വൈകിയിരുന്നു . കുറച്ച് നേരം വെറുതേ ഇരുന്നാൽ കൊള്ളാമെന്ന് തോന്നി എനിക്ക്. ടി.വി ഓഫ് ചെയ്ത് കണ്ണടച്ച് ഞാൻ സോഫയിലോട്ട് ചാരിയിരുന്നു. ആ ഇരിപ്പിന് നല്ലൊരു സുഖമുണ്ടായിരുന്നു. കണ്ണടച്ച് മനസ്സിൽ മറ്റ് ചിന്തകളൊന്നുമില്ലാതെയിരിക്കുമ്പോൾ കണ്ണിന് മുന്നിൽ പല പല നിറങ്ങൾ പ്രത്യക്ഷപ്പെടുന്നതായ് എനിക്ക് തോന്നാറുണ്ട്. പല നിറത്തിലെ പുകച്ചുരുളുകൾക്കിടയിലൂടെ ഞാനങ്ങനെ സ്വസ്ഥ സഞ്ചാരം നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് ആ സംഭവമുണ്ടായത്!
സുഖം. സ്വസ്ഥം. ആർക്കുമൊരു ശല്യവുമില്ലാതെയിരുന്ന എന്നെയിതാ തോളിൽ പിടിച്ച് കുലുക്കി വിളിക്കുന്നു. മറ്റാരുമല്ല! സഹധർമ്മിണി!
“എന്തൊരിരിപ്പാ ഇത്? ഇതെന്താ ശ്രീബുദ്ധനാകാൻ പോകുന്നോ? ധ്യാനിച്ച് ധ്യാനിച്ച് അവസാനം എന്നെയിട്ടേച്ച് പൊയ്ക്കളയരുത്.”
ശ്രീബുദ്ധനല്ല. മിക്കവാറും ഹിറ്റ്ലറായി മാറും. എന്ന് പറയണമെന്നുണ്ടായിരുന്നു. പക്ഷേ ഒന്നും പറഞ്ഞില്ല.പറഞ്ഞിട്ടെന്തിനാ! പണ്ടൊക്കെ ഒന്ന് കണ്ണുരുട്ടിക്കാണിച്ചാൽ ഉരുൾപൊട്ടലുണ്ടാക്കുന്നവളായിരുന്നു. ഈയിടയായിട്ട് കണ്ണുരുട്ടിക്കാണിച്ചാൽ അവള് തിരിച്ച് സൈറ്റടിച്ച് കാണിക്കുന്നു. പറഞ്ഞിട്ട് കാര്യമില്ല. ഇതൊരു ആഗോള പ്രതിഭാസമാണ്!
മനുഷ്യൻ പുതിയ പുതിയ മരുന്നുകൾ കണ്ടുപിടിക്കുമ്പോൾ വൈറസുകൾ രൂപം മാറി ‘എന്നോട് കളിക്കല്ലേ’ എന്ന് പറയുന്നകാലമാണ്! കൊതുകുകൾ പോലും കൊതുക് തിരിക്ക് മുകളിൽ കുത്തിയിരുന്ന് റെസ്റ്റെടുക്കുന്ന കാലമാണ്!
“അതുകേൾക്കുന്നുണ്ടോ?” ചോദ്യമെന്നോടാണ്. ഞാനൊന്നും മിണ്ടിയില്ല.
“അതുകേൾക്കുന്നുണ്ടോന്ന്?” വെറുതേ വിടാനുള്ള ഭാവമില്ല.
“എന്തോന്ന്”
“പൂച്ച കരയുന്നത്...”
ഓ...അതാണോ ഇപ്പോ ഇത്ര വലിയ കാര്യം. ഈ ഭൂലോകത്ത് ആരെല്ലാം കരയുന്നു. പൂച്ച,പട്ടി,സകലമാന മനുഷ്യരും മൃഗങ്ങളുമെല്ലാം കരയുന്നു. അതിലെന്താ ഇത്ര അതിശയപ്പെടാൻ! മനസ്സിലങ്ങനെയൊക്കെ വിചാരിച്ചെങ്കിലും ഞാൻ ‘കമാ’ എന്നൊരക്ഷരം മിണ്ടിയില്ല. കണ്ണുരുട്ടിക്കാണിച്ചതുമില്ല.
“മതിലിന്നടുത്തുന്നാ...ആരോ കൊണ്ടിട്ടിട്ട് പോയതാണന്ന് തോന്നുന്നു...അതിന് വിശക്കുന്നുണ്ടായിരിക്കും.”
“ഉണ്ടെങ്കിൽ...” എന്റെ അസ്വാരസ്യം സംസാരത്തിലുണ്ടായിരുന്നു.
“നമ്മുക്ക് പോയി അതിന് കുറച്ച് പാലുകൊടുത്തിട്ട് വരാം.”
“എടീ, സ്നേഹം വേണമെടീ...സ്നേഹം. ഞാൻ വന്നിട്ട് ഇത്രേം നേരമായ്...ഒരു കട്ടൻ കാപ്പിയെങ്കിലും വേണമെന്ന് ചോദിച്ചോ നീ? പൂച്ചയ്ക്ക് പാല് കൊടുക്കാൻ നടക്കുന്നു.” ഞാനെണീറ്റ് കുളിമുറിയിലേയ്ക്ക് പോയി.
കുളിയും കഴിഞ്ഞ് ഞാൻ വന്നപ്പോൾ ഭാര്യയുടെ കൈയിലൊരു പൂച്ചക്കുഞ്ഞുണ്ടായിരുന്നു.
“നല്ല പൂച്ചക്കുഞ്ഞ്! അതവിടെക്കിടന്നാൽ ചത്തു പോകും. ഞാനിങ്ങ് കൊണ്ടുപോന്നു.” ഞാനൊന്നും പറഞ്ഞില്ല. കണ്ണുരുട്ടിക്കാണിച്ചതുമില്ല.
പിന്നെയങ്ങോട്ടുള്ള ദിനങ്ങളിൽ പൂച്ചക്കുട്ടിയുടെ ലീലാവിലാസങ്ങളായിരുന്നു. കട്ടിലിൽ...മേശയിൽ...ടീപ്പോയിൽ...സോഫയിൽ...എവിടെ നോക്കിയാലും പൂച്ച. നേരാം വണ്ണം വീടിന്നകത്ത് ഒന്ന് നടക്കാൻ പോലും പറ്റാതായ്. നടക്കുമ്പോൾ കാലിന്നിടയിലൂടെ...നിൽക്കുമ്പോൾ വാലും മുഖവുമൊക്കെ കൊണ്ട് ഉരസൽ...
“നല്ല മിടുക്കൻ പൂച്ചക്കുട്ടി...അവന്റെ കളി കണ്ടില്ലേ?” ഭാര്യയ്ക്ക് പൂച്ചക്കുട്ടിയെക്കുറിച്ച് പറയാനേ നേരമുണ്ടായിരുന്നുള്ളു!
പൂച്ചക്കുട്ടിയുടെ വീരശൂരപരാക്രമങ്ങളുമായ് ദിവസങ്ങളങ്ങനെ നീങ്ങിക്കൊണ്ടിരുന്നപ്പോഴാണ് ആ സംഭവമുണ്ടായത്!
സംഭവം മറ്റൊന്നുമല്ല. ഭാര്യയ്ക്ക് അത്യാവശ്യമായ് നാട്ടിൽ പോകണം!
പൂച്ചക്കുട്ടിയെ ആര് നോക്കും?
“ഒരു പണി ചെയ്യാം. ഇവിടെ വേലയ്ക്ക് വരുന്ന സ്ത്രീയോട് പൂച്ചയ്ക്ക് ആഹാരം കൊടുക്കുന്ന കാര്യം ഞാൻ പറയാം.” ഭാര്യ പരിഹാരമാർഗ്ഗമെന്നോണം പറഞ്ഞു.
എങ്കിലും അവളങ്ങനെ പറഞ്ഞതിന്റെ ഗുട്ടൻസ് എനിക്ക് മനസ്സിലായിരുന്നു. പൂച്ചക്കുട്ടിയുടെ കാര്യത്തിൽ അവൾക്കെന്നെ അത്രയ്ക്ക് വിശ്വാസമായിരുന്നു!
ഇതു ശരിയല്ല. ഒരു ചിന്ന പൂച്ചക്കുട്ടിയെ നോക്കാൻ പോലും എന്നെക്കൊണ്ടാവില്ലന്നല്ലേ ഇവള് പറഞ്ഞുവരുന്നത്! അനുവദിക്കരുത്...
നീ വരുമ്പോഴത്തേയ്ക്കും ഞാനിവനെ ഇംഗ്ലീഷ് സിനിമയിലൊക്കെ കാണുന്നതുപോലത്തെ നല്ല തടിയൻ പൂച്ചയാക്കും. മനസ്സിൽ തോന്നിയതങ്ങനെയാണങ്കിലും പറഞ്ഞതിങ്ങനെയാണ്.”ഛെ.ഛെ. നീയെന്താ ഈ പറയുന്നത്? നമ്മുടെ പൂച്ചക്കുട്ടിയ്ക്ക് കണ്ട തെലുങ്കത്തികൾ തീറ്റി കൊടുക്കുകയോ?നമ്മുക്കിതിനെ നല്ല മലയാളി പൂച്ചയാക്കി വളർത്തണം.നീ പൊയ്ക്കോ...ഞാനേറ്റു.”
ഭാര്യ പൊയ്ക്കഴിഞ്ഞപ്പോഴാണ് സംഭവത്തിന്റെ ഗൗരവം മനസ്സിലായി തുടങ്ങിയത്!
എന്റെ സാമ്പാറും,തൈരും,അച്ചാറും ചോറുമൊന്നും പൂച്ച തിന്നുന്നില്ല.
ഇവനെ മലയാളിയാക്കി കൺ‌വേർട്ട് ചെയ്യാമെന്ന് വിചാരിച്ച ഞാൻ തന്നെ മണ്ടൻ! തെലുങ്ക് പൂച്ചയെ തെലുങ്കനായ് തന്നെ വളർത്തണം! ഇനിയിപ്പോ എന്താ ചെയ്ക! ഫ്രിഡ്ജ് തുറന്ന് നോക്കി.ഭാഗ്യം! ഒന്ന് രണ്ട് മുട്ട ഇരിപ്പുണ്ട്. ഒരെണ്ണം പൊട്ടിച്ച് ഒരു പാത്രത്തിലാക്കി കൊടുത്തു. അതിശയിച്ച് പോയി! ഇത്രയ്ക്കാർത്തിയുണ്ടോ! നിമിഷനേരം കൊണ്ടല്ലേ ഒരു മുട്ട തീർത്തത്. ഇവനെ ഞാൻ മുട്ടേം പാലും കൊടുത്ത് വളർത്തും. അവള് വരുമ്പോഴത്തേയ്ക്ക് പൂച്ചക്കുട്ടിയെ ഞാനൊരുപരുവത്തിലാക്കിയെടുക്കും. അവൾക്ക് പൂച്ചക്കുട്ടിയുടെ കാര്യത്തിൽ എന്നിലുള്ള അവിശ്വാസ്യത ഞാൻ മാറ്റിയെഴുതിക്കും!
ദിവസവും മുട്ട കഴിക്കുന്നതുകൊണ്ടായിരിക്കാം ഒന്ന് രണ്ട് ദിവസം കഴിഞ്ഞപ്പോൾ പൂച്ചക്കുട്ടിയ്ക്കും ഒരു മടുപ്പ്. അത് സ്വാഭാവികം! നമ്മുക്കും അങ്ങനെയൊക്കെയല്ലേ! നിത്യേന ഒരേ ഭക്ഷണം കഴിച്ചാൽ മടുപ്പുണ്ടാകില്ലേ? ഇനിയെന്താ ചെയ്യുക! ഞാൻ ഫ്രിഡ്ജ് തുറന്നു.
ഫ്രീസർ തുറന്ന് നോക്കിയപ്പോൾ അതാ ഇരിക്കുന്നു... ഒരു പൊതി നിറയെ ചീസ്. എന്റെ മേൽ പരീക്ഷിക്കാൻ വാങ്ങിവെച്ചിരിക്കുന്നതാണ്! ചീസെങ്കിൽ ചീസ്! ഒന്ന് പരീക്ഷിച്ചാലോ! സാ‍യിപ്പന്മാരുടെ പൂച്ചകളൊക്കെ തീർച്ചയായിട്ടും ചീസായിരിക്കും കഴിക്കുന്നത്. ഒരു കഷണം മുറിച്ച് പാത്രത്തിലാക്കി വെച്ചു കൊടുത്തു.
പൂച്ചക്കുട്ടി പാത്രത്തിലേയ്ക്ക് ഒരു മറിച്ചിലായിരുന്നു! ഹൊ. ഇവനിവിടെയെങ്ങും വളരേണ്ടവനല്ല. വല്ല യൂറോപ്പിലും വളരേണ്ടവനായിരുന്നു.
അടുത്ത രണ്ട് ദിവസം പൂച്ചക്കുട്ടിയ്ക്ക് മൃഷ്ടാന്നഭോജനമായിരുന്നു. ഞാനും സന്തോഷിച്ചു. വലിയ പണിയൊന്നുമില്ലല്ലോ. ചീസ് മുറിക്കുക കൊടുക്കുക! ചീസ് മുറിക്കുക കൊടുക്കുക!
മൂന്നാം ദിവസം പൂച്ചക്കുട്ടിയ്ക്ക് ഒരു മടുപ്പ്! സ്വാഭാവികം! ഒരേ ഭക്ഷണം തുടർച്ചയായ് കഴിച്ചാൽ മനുഷ്യർക്കും ഉണ്ടാകും ഇങ്ങനെയൊക്കെ തന്നെ!
ഇനിയെന്ത്?
പല പല സാധനങ്ങളും മാറിമാറിക്കൊടുത്തു. പാല്,വെണ്ണ,മീന്റെ തല... നോ രക്ഷ! പൂച്ചക്കുട്ടി അടുക്കുന്നില്ല. ഇതെന്താ നിരാഹാരം തുടങ്ങിയോ?
ഒരാഴ്ച കൊണ്ട് ഇംഗ്ലീഷ് സിനിമയിലെ തടിയൻ പൂച്ചയെ സ്വപ്നം കണ്ട എന്റെ മുന്നിൽ പൂച്ചക്കുട്ടി ഒരോന്തിനെപ്പോലെയായി.
ഞാനെന്തു ചെയ്യും? അവള് വരുമ്പോൾ എന്ത് പറയും?
മെലിഞ്ഞുണങ്ങിയിട്ടും നല്ലവണ്ണം നടക്കാൻ പറ്റാതായിട്ടും ഞാൻ ഓഫീസിൽ നിന്നുവരുമ്പോൾ അതിഴഞ്ഞിഴഞ്ഞ് എന്റെ കാൽക്കൽ വരും. തല എന്റെ പാദങ്ങളിൽ ഉരസും.
“അല്പം വെള്ളമെങ്കിലും കുടിക്കെടാ നീ. എന്റെയൊരാശ്വാസത്തിന്...” ഞാനറിയാതെ പറഞ്ഞുപോയി. പൂച്ചക്കുട്ടി തറയിൽ മലർന്ന് കിടന്ന് കാലുകൾ മേലോട്ടാക്കി എന്നെ നോക്കി. ഞാനതിനെയെടുത്ത് തറയിൽ നിവർത്തിയിരുത്തി. ഞാൻ ആഹാരം കഴിക്കുമ്പോഴും അവനവിടെയുണ്ടായിരുന്നു. ഞാനുറങ്ങുമ്പോഴും അവനവിടെത്തന്നെയുണ്ടായിരുന്നിരിക്കാം. രാവിലെ എണീറ്റയുടൻ ഞാൻ പൂച്ചക്കുട്ടിയെ നോക്കി. പൂക്കളില്ലാത്ത ഫ്ലവർവേസിന്റെ വക്കിലൂടെ ഒരു തല പുറത്തേയ്ക്ക് കാണുന്നുണ്ടായിരുന്നു. ചെവിയിൽ പിടിച്ച് ഞാൻ പൂച്ചക്കുട്ടിയെ മുകളിലോട്ട് പൊക്കി. വെയിലത്ത് കിടന്നുണങ്ങിയ ഇറച്ചിക്കഷണം പോലിരുന്നു അതിന്റെ ശരീരം. രാവിലെ ഒന്നും കഴിക്കാൻ തോന്നിയില്ല. ഞാൻ പൂച്ചക്കുട്ടിയെക്കൊണ്ടുവന്ന് ബാൽക്കണിയിൽ കിടത്തി.
വൈകുന്നേരം ഞാൻ ഓഫീസിൽ നിന്നും മടങ്ങി വന്നപ്പോൾ മേശപ്പുറത്ത് ഒരു കടലാസിരിപ്പുണ്ടായിരുന്നു. വേലക്കാരി അതിൽ ഹിന്ദിയിൽ ഇങ്ങനെയെഴുതിയിട്ടുണ്ടായിരുന്നു. ‘പൂച്ചക്കുട്ടി ചത്തു. ഞാനതിനെ മുനിസിപ്പാലിറ്റി വേസ്റ്റ് ബോക്സിലിട്ടു.’

ഞാ‍ൻ ഫോണെടുത്ത് ഭാര്യയെ വിളിച്ചു. “എടീ, നമ്മുടെ പൂച്ചക്കുട്ടി ചത്തു പോയി.” മറുപടി ഒരു നിശബ്ദത മാത്രമായിരുന്നു.ഞാനും പൂച്ചക്കുട്ടിയെ സ്നേഹിച്ചിരുന്നതായി ഇപ്പോൾ ഞാനറിയുന്നു.

Read more...

ചമ്പാ അയ്യങ്കാർ

Wednesday, January 19, 2011

ശബരിമല സീസൺ തുടങ്ങിക്കഴിഞ്ഞാൽ പിന്നെ ഹൈദ്രാബാദിൽ നിന്നും നാട്ടിലേയ്ക്കുള്ള യാത്ര അല്പം കഷ്ടമാണ്.അതുകൊണ്ടുതന്നെ ഇത്തവണത്തെ യാത്ര ബാംഗ്ലൂർ വഴിയാക്കി. ബാംഗ്ലൂരിലേയ്ക്കുള്ള യാത്ര ശരിക്കും ദുരിതം തന്നെയായിരുന്നു.
യു പി ക്കാര് ഭൈയ്യാമാരെ ബെർത്തീന്നൊന്ന് മാറ്റാൻ ചില്ലറപാടൊന്നുമല്ല പെട്ടത്. ഒരുത്തനെ കാൽക്കൽ നിന്നും മാറ്റുമ്പോൾ അടുത്തവൻ തലക്കൽ വരും. അവസാനം മടുത്ത് ഒരുത്തനെ തലക്കലും അടുത്തവനെ കാൽക്കലും ബോഡി ഗാർഡാക്കി ഞാൻ നടുക്ക് കിടന്നുകൊടുത്തു. പറഞ്ഞാൽ കേൾക്കുകേലന്ന വെച്ചാൽ പിന്നെന്തു ചെയ്യാൻ!
ഒരുവിധം ബാഗ്ലൂർ സിറ്റി ജംഗ്ഷനിൽ എത്തി എന്ന് പറഞ്ഞാൽ മതി. ജെ.പി എക്സ്പ്രസ്സിൽ ഇനിയൊരിക്കലും ബാംഗ്ലൂരിലേയ്ക്കില്ലായെന്ന് ഉറപ്പിച്ച് സിറ്റി ജംഗ്ഷനിലെ ഒരു ബെഞ്ചിൽ ഞാനിരുന്നു. ഉറക്കം കൊണ്ട് വിജാഗിരി വിട്ടുപോയ കതക് പോലെ തല ഒരുവശത്തേക്ക് പ്‌ട്ക്കേന്ന് വീഴുമ്പോഴാണ് ഒരു സ്തീ ശബ്ദം. അതും നല്ല ഇംഗ്ലീഷിൽ...
“കണ്ടിട്ട് ഒരു മാന്യനാണന്ന് തോന്നുന്നു. ഒരു കാര്യം ചോദിച്ചോട്ടെ?”
മാന്യനായ ഞാൻ തലയൊക്കെ ഒന്ന് പിടിച്ച് നേരെയാക്കി നിവർന്നിരുന്നു.
“എന്റെ പേര് ചമ്പാ അയ്യങ്കാർ, മൈസൂരിലാണ് വീട്. ഞാനൊരു കോറിയോ ഗ്രാഫറാണ്. ഇവിടെ ബാംഗ്ലൂരിൽ കുറെ കുട്ടികളെ ഡാൻസ് പഠിപ്പിക്കുന്നുണ്ട്...” സംസാരത്തിന് ഭയങ്കര ദൈന്യത!
കേട്ടപ്പോൾ തന്നെ എനിക്ക് സംഗതിയുടെ ഒരു ഇത് മനസ്സിലായി.
‘അതേ..അതേ... ബാഗ്ലൂര് വന്നു. കൈയിലെ പണം എങ്ങനെയോ നഷ്ടപ്പെട്ടു. തിരികെ പോകാൻ സഹായിക്കണം...‘ ആള് മാറിപോയി വല്ല്യമ്മേ! മനസ്സിൽ വന്നതൊന്നും പുറത്ത് പറയാതെ കൈ തലയ്ക്ക് പുറകിൽ കെട്ടി ഒന്ന് വിസ്തരിച്ച് കോട്ടുവായിട്ട് ശരീരമൊന്ന് നിവർത്തി ഞാനിരുന്നു.
“എനിക്ക് മൈസൂരിൽ രണ്ട് വീട് സ്വന്തമായുണ്ട്. ഞാൻ കല്യാണം കഴിച്ചിട്ടില്ല. കുട്ടികളുമില്ല.” ചമ്പ അയ്യങ്കാർ തുടർന്നു.
ഞാനവരുടെ മുഖത്ത് നോക്കാതെ തന്നെ എല്ലാം മൂളിക്കേട്ടു.
“മൈസൂരിലേയ്ക്കുള്ള ട്രയിനും കാത്ത് ഞാൻ ദാ അവിടെ ആ ബെഞ്ചിലിരിക്കുകയായിരുന്നു.” ചമ്പ അയ്യങ്കാർ എന്നെ ഒരു ബെഞ്ച് ചൂണ്ടിക്കാണിച്ചു.ഞാനങ്ങോട്ട് നോക്കി. നോക്കുന്നതിന് പൈസയൊന്നും കൊടുക്കേണ്ടല്ലോ!

ചമ്പ അയ്യങ്കാർക്ക് ഏകദേശം എഴുപതോളം വയസ്സ് പ്രായം കാണും. എന്റെ ഭാഗത്ത് നിന്ന് മറുപടി ഒന്നും ഉണ്ടാകാത്തതുകൊണ്ടായിരിക്കാം അവർ ഭാഷകളൊന്നൊന്നായ് മാറ്റി സംസാരിക്കാൻ തുടങ്ങി. ഇംഗ്ലീഷിലും ഹിന്ദിയിലും തമിഴിലുമെല്ലാം അവർ ഭംഗിയായ് സംസാരിക്കുന്നു.
“നിങ്ങടെ പ്രായം കാണും ഒരാൾ വന്ന് എന്റെ കൈയ്ക്കിട്ട് തട്ടി പേഴ്സ് കൊണ്ടുപോയി. മൈസൂരിലേയ്ക്ക് പോകാൻ എന്റെ കൈയിൽ പണമൊന്നുമില്ല.” ചമ്പ അയ്യങ്കാരുടെ കണ്ണുകളിലെ നനവ് എനിക്ക് കാണാൻ കഴിഞ്ഞു. ശബ്ദത്തിലെ ഇടർച്ച എനിക്ക് കേൾക്കാൻ കഴിഞ്ഞു.
കാര്യം ഞാൻ വിചാരിച്ചതുപോലെ തന്നെയാണ് നീങ്ങുന്നത്. എങ്കിലും ചുമ്മാതെ ചോദിച്ചു.
“എത്രരൂപ വേണം?”
“40”
കേവലം നാല്‍പ്പത് രൂപയ്ക്ക് ഇവർ കള്ളം പറയേണ്ട ആവശ്യമുണ്ടോ. കാഴ്ചയ്ക്കും സംസാരത്തിലും നല്ലൊരു കുടുംബത്തിൽ നിന്നുള്ള സ്ത്രീയാണന്ന് തോന്നുന്നു. വിലകൂടിയ പട്ടുസാരിയും,സ്വർണ്ണ കമ്മലും വളയും എല്ലാം കൂടി കണ്ടിട്ട് സംശയം വെറുതെയാണന്ന് എനിക്ക് തോന്നി. നൂറ് രൂപയെടുത്ത് ഞാൻ ചമ്പ അയ്യങ്കാർക്ക് കൊടുത്തു.
ചമ്പ അയ്യങ്കാരുടെ മുഖമാകെ ചുവന്ന് തുടുത്ത്. അവരുടെ വെളുത്ത കവിളുകൾ വിറയ്ക്കാൻ തുടങ്ങി. കണ്ണുകളിൽ നിന്ന് കണ്ണുനീർ നിർത്താതെ ഒഴുകി. ഞാൻ വല്ലാണ്ടായി.
“മോനേ, നല്ലതു വരും. ഒത്തിരി തവണ യാത്ര ചെയ്തിട്ടുണ്ടെങ്കിലും എനിക്ക് ആദ്യായിട്ടാണ് ഇങ്ങനെയൊരനുഭവം. പൈസ ചോദിക്കാൻ എനിക്കറിയാവുന്ന ഒത്തിരിപ്പേരുണ്ട് ബാംഗ്ലൂരിൽ...പക്ഷേ...” ഒന്ന് നിർത്തിയിട്ട് ചമ്പ അയ്യങ്കാർ തുടർന്നു.
“എന്റെ അഭിമാനം അനുവദിക്കുന്നില്ല മോനേ അവരോടൊക്കെ ചോദിക്കാൻ.”
അപ്പോഴത്തേയ്ക്കും ബുക്ക്സ്റ്റാളും നോക്കിപ്പോയ ഭാര്യയുമെത്തി. ഞാൻ ആഷയെ അവർക്ക് പരിചയപ്പെടുത്തി.
നൃത്തവും,ശാസ്ത്രീയ സംഗീതവും, അല്പസ്വല്പം ആയൂർവേദവും കൈനോട്ടവുമൊക്കെ അറിയാമെന്ന് ചമ്പ അയ്യങ്കാർ പറഞ്ഞു. നൂറ് രൂപയ്ക്ക് പകരമായ് നൽകാൻ അവരുടെ കൈയിൽ ഇപ്പോൾ ഒന്നുമില്ലന്നും അതിനാൻ വിരോധമില്ലങ്കിൽ ഞങ്ങളുടെ കൈ നോക്കാൻ അവർ സന്നദ്ധത പ്രകടിപ്പിച്ചു. ഞാൻ ഇതുവരെ കൈനോട്ടം, ജോത്സ്യം തുടങ്ങിയ കാര്യങ്ങൾക്കൊന്നും പോയിട്ടില്ല. വിശ്വാസം ഉണ്ടോ ഇല്ലയോ എന്നതല്ല. എന്തോ...അങ്ങനെ തോന്നിയിട്ടില്ല.
ഞങ്ങൾ ചമ്പ അയ്യങ്കാർക്ക് മുന്നിൽ കൈനീട്ടി. വിശ്വസിക്കാൻ കഴിയുന്നില്ല!!!
അവർ പറഞ്ഞ ചില കാര്യങ്ങൾ അക്ഷരം‌പ്രതി ശരിയാണ് ഞങ്ങളുടെ ജീവിതത്തിൽ!
കൈനോട്ടത്തിന് ശാസ്ത്രീയമായ യാതൊരു അടിസ്ഥാനവുമില്ലായിരിക്കാം. പക്ഷേ ഇങ്ങനെയൊരു സന്ദർഭത്തിൽ...അതും യാതൊരു പരിചയവുമില്ലാത്ത...ജീവിതത്തിലാദ്യമായ് കാണുന്ന ഒരു വ്യക്തി ഞങ്ങളുടെ തികച്ചും സ്വകാര്യമായ കാര്യങ്ങൾ സംശയത്തിനിട നൽകാത്ത വിധത്തിൽ പറയുമ്പോൾ...എന്റെ ധാരണകളൊക്കെ തെറ്റാണോ!
ചമ്പ അയ്യങ്കാരോട് വിട പറഞ്ഞ് നാട്ടിലേയ്ക്കുള്ള ട്രയിൻ കയറുമ്പോൾ എന്റെ മനസ്സിലതായിരുന്നു ചിന്ത.
----- ----- -----

ഏകദേശം ഇരുപത് വർഷങ്ങളായിക്കാണും. ജോലിതിരക്കി ബോബെയാകെ കറങ്ങി നാട്ടിലേയ്ക്കുള്ള ട്രയിനിലായിരുന്നു ഞാൻ. ഞാനിരുന്നതിന്നടുത്ത് മൂന്നു നാല് മലയാളികൾ കൂടി സ്ഥാനം പിടിച്ചിട്ടുണ്ട്. സംസാരിച്ച് വന്നപ്പോൾ മനസ്സിലായി ഒന്നുരണ്ടുപേർ എന്റെ നാടിന്നടുത്തുള്ളവരാണ്. ആദ്യമായിട്ട് കേരളം വിട്ട് യാത്ര ചെയ്യുന്നവരാണ്. ഏതോ ഗൾഫ് ജോലിയുമായി ബന്ധപ്പെട്ട് ബോംബയിൽ വന്നിട്ട് തിരികെ വരികയാണ്.തിരുവനന്തപുരത്തുകാരനായ ഒരു പയ്യനുമുണ്ട് ഞങ്ങളുടെ കൂടെ.എന്നെപ്പോലെ തന്നെ ഏതൊ ഇന്റർവ്യൂവിന് വന്നിട്ട് മടങ്ങുകയാണ്. ട്രയിൻ ജോലാർപേട്ടയ്ക്ക് ഒന്നു രണ്ട് സ്റ്റേഷന് മുന്നിലുള്ള ഒരു സ്റ്റേഷനിലെത്തിയപ്പോൾ കറുത്ത് മെലിഞ്ഞ് പൊക്കമുള്ള കാണാൻ മിടുക്കനായ ഒരു ചെറുപ്പക്കാരൻ ഞങ്ങളുടെ അടുത്ത് വന്നിരുന്നു. നല്ലവണ്ണം വസ്ത്രധാരണം ചെയ്ത ഒരു മാന്യൻ. ഒറ്റനോട്ടത്തിൽ തന്നെ എന്തോ ഒരു ആകർഷകത്വം തോന്നുന്ന പ്രകൃതി. സംസാരം പതിയെ ആഹാരത്തെറിച്ചായി. നാടുവിട്ട് കഴിഞ്ഞാൽ ഏതൊരു മലയാളിക്കുമുണ്ടാകുന്നതുപോലെ ഞങ്ങൾക്കും നാവിൻ തുമ്പത്ത് നാടൻ ആഹാരത്തിന്റെ രുചി അനുഭവപ്പെടാൻ തുടങ്ങി. മൂക്ക് മുട്ടെ ചോറും നല്ല എരിവുള്ള മീൻ‌കറിയും...
“ജോലാർപേട്ട റയിൽ‌വേസ്റ്റേഷനിൽ മലയാളിയുടെ ഒരു കടയുണ്ട്. അവിടെ നല്ലൊന്നാന്തരം മീൻ‌കറിയും ചോറും കിട്ടും.” നമ്മുടെ ചെറുപ്പക്കാരൻ ഇതുപറയുന്നതും കേട്ടുകൊണ്ട് ഞാൻ അപ്പർ ബെർത്തിലേയ്ക്ക് പോയി. ആഹാരത്തിനെ കുറിച്ചുള്ള ചർച്ച നടന്നതുകൊണ്ടായിരിക്കാം വിഭവസമൃദ്ധമായ ആഹാരം കഴിച്ചുകഴിഞ്ഞാലുണ്ടാകുന്ന ഒരു ആലസ്യം എന്നെ ബാധിച്ചു. ഉറക്കമെണീറ്റപ്പോൾ ട്രയിൻ ജോലാർപേട്ടയിൽ എത്തിയിട്ടുണ്ടായിരുന്നു. ധൃതിയിൽ ബെർത്തിൽ നിന്നും ചാടിയിറങ്ങി ഞാൻ മറ്റുള്ളവരോട് ഊണുവാങ്ങാൻ വരുന്നില്ലേ എന്ന് ചോദിച്ചു.
ഞാനൊഴികെ മറ്റ് അഞ്ചുപേരും ചെറുപ്പക്കാരന്റെ കൈയിൽ പൈസ കൊടുത്തുവിട്ടിരിക്കുകയാണ്! നല്ലവനായ ആ ചെറുപ്പക്കാരന്റെ സന്മനസ്സിന് നന്ദി പറഞ്ഞുകൊണ്ട് ഞാൻ ഊണ് വാങ്ങാനായി കട തിരക്കി ഇറങ്ങി.
പറഞ്ഞതുപോലെ ഒരു കട കണ്ടുകിട്ടി. സാമാന്യം തിരക്കുമുണ്ടായിരുന്നു. ചെറുപ്പക്കാരനെ അവിടെങ്ങും കണ്ടില്ല. ഞാൻ ഊണുമായി തിരികെ വണ്ടിയിലെത്തി.
“മീൻ കറിയും ഊണുമല്ലേ. വെച്ചു താമസിപ്പിക്കേണ്ട. നമ്മുക്ക് തുടങ്ങിക്കളയാം.” ഞാൻ ഊണ് പൊതി പതിയെ തുറന്നു. ചെറുപ്പക്കാരൻ നേരത്തേ എത്തിക്കാണുമെന്ന വിചാരത്തിലാണ് ഞാൻ അങ്ങനെ പറഞ്ഞത്. പക്ഷേ അയാൾഎത്തിയിരുന്നില്ല.വണ്ടി സ്റ്റേഷൻ വിട്ടു. പാവം എന്റെ സഹയാത്രികർ! എന്റെ മീൻ‌കറിയുടെ മണവുമാസ്വദിച്ച് അവർ തമ്മിൽ തമ്മിൽ നോക്കിയിരുന്നു. അപ്പോൾ ഞാനാലോചിച്ചത് കേവലം ഒന്നോ രണ്ടോ ഊണിന്റെ പൈസായ്ക്ക് വേണ്ടി തട്ടിപ്പ് നടത്തി ജീവിക്കുന്ന മറുനാടൻ മലയാളിയുടെ ദുർവിധിയെക്കുറിച്ചായിരുന്നു!
----- ----- ------

ഈ സംഭവം കഴിഞ്ഞ് കുറച്ച് നാളുകൾ കഴിഞ്ഞ് മദ്രാസ് റെയിൽ‌വേ സ്റ്റേഷനിൽ നിന്നും ആലപ്പുഴയ്ക്ക് വരാനായി ട്രയിൻ കാത്ത് നിൽക്കുകയായിരുന്നു ഞാൻ. കാഴ്ചയ്ക്ക് സുമുഖനായ ഒരു ചെറുപ്പക്കാരൻ എന്റടുക്കൽ വന്ന് സ്വയം പരിചയപ്പെടുത്തി. എറണാകുളത്താണ് വീട്. ‘ആലപ്പുഴ ബ്ലൂഡയമണ്ട്സ്’ ഗാനമേള ട്രൂപ്പിലെ ഒരു പ്രസിദ്ധനായ ഗായകന്റെ കൂട്ടുകാരനാണ് എന്നൊക്കെ പറഞ്ഞു. മദ്രാസിൽ എന്തോ കാര്യത്തിനായ് വന്നതാണന്നും പോക്കറ്റടിക്കപ്പെടുകയും കൈയിലുണ്ടായിരുന്ന പണവും ട്രയിൻ ടിക്കറ്റുമെല്ലാം നഷ്ടമായതായും പറഞ്ഞു. എങ്ങിനെയെങ്കിലും കുറച്ച് പണം കൊടുത്ത് സഹായിക്കണമെന്നും അഭ്യർത്ഥിച്ചു.
എന്റെ മനസ്സിലേയ്ക്ക് അപ്പോൾ ജോലാർപേട്ട സംഭവമാണ് കടന്നുവന്നത്. കഷ്ടിച്ച് ട്രയിൻ ചെലവിനുള്ള പണവുമായി നിന്ന ഞാൻ ആ കാര്യം ചെറുപ്പക്കാരനോട് പറയുകയും ചെയ്തു. ഒരുപക്ഷേ എന്റെ കൈയിൽ പണമുണ്ടായിരുന്നെങ്കിൽ തന്നെ അന്നത്തെ സ്ഥിതിയിൽ ഞാൻ സഹായിക്കാൻ സാധ്യതയുമില്ലായിരുന്നു. ട്രയിൻ സ്റ്റേഷനിൽ നിന്നും തിരിക്കുമ്പോൾ ചെറുപ്പക്കാരൻ പ്ലാറ്റ്ഫോമിൽ തന്നെ നില്‍പ്പുണ്ടായിരുന്നു.
കൈയിൽ ഒറ്റപൈസായില്ലാതെ പരിചയമില്ലാത്ത ആൾക്കാരുടെ ഇടയിൽ അറിയപ്പെടാത്ത സ്ഥലത്ത് നിൽക്കുന്ന ഒരാൾ...അങ്ങനെ അല്ലാതാകണേ എന്ന് ഞാൻ മനസ്സിൽ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരുന്നു.
---- ------- -----

ബാഗ്ലൂർ വഴി നാട്ടിൽ ചെന്ന് കഴിഞ്ഞ് ഒരു ദിവസം ആലപ്പുഴ ബസ് സ്റ്റാന്റിലേയ്ക്ക് നടക്കുമ്പോഴാണ്, സ്റ്റേഷനടുത്തുള്ള ഒരു കടയുടെ മുന്നിൽ ഒരാൾക്കൂട്ടം. ഞാനെത്തിനോക്കാൻ ഒരു ശ്രമം നടത്തി. അപ്പോൾ ആരോ പറയുന്നുണ്ടായിരുന്നു;“ഇവനൊക്കെ വെള്ളമടിച്ചാൽ മാത്രം പോരാ, മറ്റുള്ളവരുടെ സമയവും കൂടെ മെനക്കെടുത്തണം!”
ഞാനപ്പോൾ മനസ്സിലോർക്കുകയായിരുന്നു. ‘ആർക്കറിയാം വെള്ളമടിച്ചതാണോ അതോ വല്ല അസുഖവും വന്ന് വീണതാണോയെന്ന്!’
സമൂഹത്തിലെ ചില്ലറ ചില്ലറ തട്ടിപ്പുകൾ!!! അതിന് പലപ്പോഴും വില നൽകേണ്ടിവരുന്നത് അല്ലെങ്കിൽ ബലിയാടാകുന്നത് സഹായം അർഹിക്കുന്ന ചില നല്ല മനസ്സുള്ള മനുഷ്യരല്ലേ?

Read more...

പ്രത്യേക ശ്രദ്ധയ്ക്ക്

Creative Commons License
എന്റെ ചില കുറിപ്പുകള്‍ by K.M.Satheesan is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Based on a work at www.satheeskm.blogspot.com.
Permissions beyond the scope of this license may be available at www.satheeskm.blogspot.com.

വിരുന്നുകാർ

Powered By Blogger

ഓർക്കണേ പ്ലീസ്...

ഈ ബ്ലോഗിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങളോ, സന്ദർഭങ്ങളോ, കഥാപാത്രങ്ങളോ ഏതെങ്കിലും വിധത്തിൽ ആരെങ്കിലുമായി ബന്ധപ്പെട്ടിട്ടുണ്ടന്ന് തോന്നുന്നുവെങ്കിൽ അത് സ്വാഭാവികം മാത്രം.

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP