Followers

മഴയത്ത് നടന്നവർ

Thursday, October 26, 2017

ടീച്ചേഴ്സ് റൂമിലിരുന്ന് സൗദാമിനി ടീച്ചർ പിറുപിറുക്കുന്നത് കേട്ടുകൊണ്ടാണ് കുര്യച്ചൻ സാർ കയറിവന്നത്.
“എന്താണ് ടീച്ചർ ഒറ്റയ്ക്കിരുന്ന്?“
“ഇങ്ങനെ കൊറേ തല തിരിഞ്ഞവന്മാരുള്ളത്കൊണ്ട് നമ്മള് രക്ഷപ്പെട്ട്... അല്ലാതെന്താ?“ കറുത്തഫ്രയിമുള്ള വട്ടക്കണ്ണടയുടെ മുകളിലൂടെ ഉണ്ടക്കണ്ണുകൊണ്ടുള്ള ടീച്ചറുടെ നോട്ടം ഒഴിവാക്കിക്കൊണ്ട് കുര്യച്ചൻ സാർ ജനാലയിലൂടെ പുറത്തേയ്ക്ക് നോക്കി.
“ക്ളാസ് തുടങ്ങിയിട്ട് അരമണിക്കൂറുപോലുമായിട്ടില്ല...അതിന്ന് മുന്നേ തുടങ്ങി ലവന്മാരുടെ വിപ്ളവം!“ പരിഹാസരൂപേണയുള്ള ചിരി ചുണ്ടുകളുടെ ഒരുവശത്തുകൂടെ കടന്നുപോയതുപോലെ തോന്നും ഇപ്പോൾ കുര്യച്ചൻ സാറിന്റെ കോടിയ കിറികണ്ടാൽ!
“താന്‍ താന്‍ നിരന്തരം ചെയ്യുന്ന കര്‍മങ്ങള്‍
താന്‍ താനനുഭവിച്ചീടുകെന്നേ വരൂ!” ഇവനൊക്കെ ഇതൊക്കെ മനസ്സിലാക്കി വരുമ്പോഴത്തേയ്ക്കും മൂക്കില് പല്ലുവന്നിരിക്കും. സൗദാമിനി ടീച്ചർ താടിയ്ക്ക് കൈയൂന്നിയിരുന്നു.
പുറത്ത് സമരക്കാരുടെ ആവേശത്തോടെയുള്ള മുദ്രാവാക്യം വിളി ഓരൊ ക്ളാസ് മുറിയുടേയും നാലുചുവരുകളിൽ തട്ടി പ്രതിധ്വനിച്ചുകൊണ്ടിരുന്നു. ടീച്ചേഴ്സ് റൂമിലിപ്പോൾ തിരക്കായി. രമണി ടീച്ചർ തന്റെ ഭർത്താവിന്റെ പ്രൊമോഷൻ കാര്യം പറയാൻ തുടങ്ങി. ശ്രീലത ടീച്ചറും ഒട്ടും കുറച്ചില്ല. പുതുതായി പണിത തന്റെ രണ്ടുനിലവീടിന്റെ പെയിന്റിങ്ങ് വിശേഷങ്ങൾ വിവരിച്ചുതുടങ്ങി.ആകെ ഒരു കശപിശ! അമ്പലപ്പറമ്പിൽ ഇഞ്ചിമിഠായിക്കാരുടെ ശബ്ദം പോലെ!
“കാതുകൾ പൊത്തുവാനെന്റെ കരങ്ങൾക്കാവുന്നില്ലല്ലോ
അവ നിങ്ങൾ ബന്ധിച്ചിരിക്കയല്ലേ?“ കുര്യച്ചൻ സാർ ചുരുട്ടിയ മുഷ്ടിയിൽ താളം പിടിച്ചുകൊണ്ട് പുറത്തേയ്ക്കിറങ്ങി.സൗദാമിനി ടീച്ചറിന്റെ ഉണ്ടക്കണ്ണുകൾ അപ്പോൾ ജനാലയ്ക്കലൂടെ നീങ്ങുന്ന സമരക്കാരെ പിന്തുടരുകയായിരുന്നു.
തോളൊപ്പം മുടിനീട്ടിവളർത്തിയ സുമുഖനായ ആ ചെറുപ്പക്കാരനിലായിരുന്നു ടീച്ചറുടെ നോട്ടം ചെന്നു നിന്നത്! ആകാശം മുട്ടെ മുഷ്ടി ചുരുട്ടിയെറിഞ്ഞ്, ദിഗന്തങൾ പൊട്ടുമാറലറിവിളിച്ച് അകലുന്ന ആ രൂപത്തെ ടീച്ചർ കണ്ണിമയ്ക്കാതെ നോക്കിയിരുന്നു.
സ്റ്റേറ്റ്  യുവജനോൽസവത്തിൽ ചിത്രരചനയിൽ ഒന്നാം സ്ഥാനം നേടിയവൻ!  ചൂണ്ടുവിരൽ ചുണ്ടുകൾക്ക് മുകളിലമർത്തി ടീച്ചറിരുന്നു. കാറുകേറിയ ആകാശത്തിന്റെ ഭാവമായിരുന്നു സൗദാമിനി ടീച്ചർക്കപ്പോൾ!

ടീച്ചറിന്റെ കണ്ണുകളെ റസ്‌ലേയൻ സാറും പിന്തുടർന്നു."മത്തൻ കുത്തിയാൽ കുമ്പളം മുളയ്ക്കുമോ?“ റസ്‌ലേയൻ സാർ മൂക്കിപ്പൊടി തിരുകികേറ്റിക്കൊണ്ട് ഒരു നീണ്ട തുമ്മലിനുള്ള തയ്യാറെട്ടുപ്പ് തുടങ്ങി. തല പുറകോട്ടാക്കി പിന്നെ ‘റ‘ പോലെ ശരീരം മുന്നോട്ട് വളച്ച് കൈകൾ മൂക്കിന് മുകളിൽ വെച്ചപ്പോഴത്തേയ്ക്കും  ‘ആ..ങ്..ഛീ‘ എന്ന ഒരു കൂട്ടത്തുമ്മൽ ടീച്ചേഴ്സ് റൂമിൽ നിന്നുമുയർന്നു. കൂടെ കൂട്ടച്ചിരിയും!
നൊടിയിടയിൽ റസ്‌ലേയൻ സാർ ടീച്ചേഴ്സ് റൂമിന്റെ പുറത്തെത്തി. തിങ്ങി നിറഞ്ഞ കമ്പാർട്ട്‌മെന്റിൽ നിന്നും പുറത്തിറങ്ങി ശുദ്ധവായുവേൽക്കുമ്പോഴുള്ള ഒരാശ്വാസമപ്പോൾ റസ്‌ലേയൻ  സാറിൽ ദർശിക്കാമായിരുന്നു!
‘അബലയെന്ന് നിന്നെവിളിച്ചവന് മാപ്പുനൽകണേ മഹാശയാ...‘ മുണ്ടിൻ തുമ്പ് കേറ്റിപ്പിടിച്ച് റസ്‌ലേയൻ സാർ കൈവീശി ആഞ്ഞുനടന്നു.
മുദ്രാവാക്യത്തിന്റെ ശക്തി അപ്പോൾ കുറഞ്ഞിരുന്നു.

 -----

റസ്‌ലേയൻ സാർ ആശുപത്രിയിൽ ആണെന്ന് ഞെട്ടിപ്പിക്കുന്ന വാർത്തയുമായാണ് പിറ്റേദിവസം സ്കൂൾ തുറന്നത്! സംഭവം ബോധക്ഷയമാണ്! ചെറിയ ബോധം കെടലൊന്നുമല്ല. 12 മണിക്കൂർ കഴിഞ്ഞിട്ടും ബോധം തെളിഞ്ഞിട്ടില്ല! റസ്‌ലേയൻ സാറിന്റെ ബോധക്കേടിൽ പ്രതിക്ഷേധിച്ചോ അനുകൂലിച്ചോ ഒരു സമരം ഉണ്ടാവുമെന്ന് ടീച്ചേഴ്സ് റൂമിൽ സംസാരമുണ്ടായി.
തികഞ്ഞ നിരീശ്വരവാദിയും അറിയപ്പെടുന്ന പുരോഗമനവാദിയുമായ റസ്‌ലേയൻ സാർ സ്കൂളിൽ മാത്രമല്ല, ചുറ്റുവട്ടമുള്ള പ്രദേശത്തൊക്കെ അറിയപ്പെടുന്ന വ്യക്തിത്വമാണ്! പെണ്ണും പിടക്കോഴിയുമില്ലാത്തതുകൊണ്ട് മാത്രമാണ് സ്കൂളിന്റെ കഞ്ഞിപ്പുരയോട് ചേർന്നുള്ള മുറിയിൽ കഴിയുന്നതെന്ന ഒരു സംസാരമുണ്ട്. അത്രമാത്രമേയുള്ളു റസ്‌ലേയൻ സാറിന്റെ ബയോഡേറ്റയിൽ ഒരു ബ്ലാക്ക് മാർക്കായി പറയാൻ!
 12 മണിക്കൂർ ആശുപത്രി വരാന്തയിൽ കുത്തിയിരുന്നിട്ടും റസ്‌ലേയൻ സാർ വായ് പൊളിക്കാത്തതിന് പരാതികളും പരിഭവങ്ങളും പലതുണ്ടായി.  റസ്‌ലേയൻ സാറിന് എന്താണ് സംഭവിച്ചതെന്നറിയാൻ താമസിക്കുന്നതിലെ ഒരു ‘ഇതു‘ മാത്രമായിരുന്നു അത്!
‘ആക്ച്വലി എന്താണ് സംഭവിച്ചത് റസ്‌ലേയാ?‘ കുര്യച്ചൻ സാർ പലവട്ടം റസ്‌ലേയൻ സാറിന്റെ ചെവിയിൽ ചോദിച്ചതാണ്. റസ്‌ലേയൻ സാർ ഒന്നും മിണ്ടിയില്ല. ഉണ്ടക്കണ്ണുകൾ വട്ടത്തിൽ കറങ്ങുന്ന ഫാനിന്റെ കൂടെ ഉരുട്ടിക്കൊണ്ടിരുന്നു...അത്രമാത്രം.
ബോധമില്ലാതിരുന്നതിനാൽ റസ്‌ലേയൻ സാറിന്ന് ആക്ച്വലി എന്താണ് തോന്നിയെതെന്ന് പറയാൻ പറ്റില്ലെങ്കിലും, ഇതെല്ലാം കേട്ടുകൊണ്ടിരുന്ന് സഹികെട്ട ഡ്യൂട്ടി ഡോക്ടർ കുര്യച്ചൻ സാറിനെ പടിയടച്ച് പിണ്ഡം വെച്ചു.
കഥകൾ പലതുണ്ടായി!
സ്കൂളും പൊതുപ്രവർത്തനവുമൊക്കെ കഴിഞ്ഞ് ചില ദിവസങ്ങളിൽ റസ്‌ലേയൻ സാർ സെക്കന്റ് ഷോയ്ക്ക് പോകാറുണ്ടായിരുന്നു. സ്കൂളിൽ നിന്നും തീയേറ്ററിലേയ്ക്ക് കഷ്ടി രണ്ടുകിലോമീറ്റർ ദൂരമേ ഉള്ളൂ എന്നതുകൊണ്ടും, അത്താഴത്തിന് ശേഷമുള്ള നടത്തം വ്യായാമം ആകുമെന്നതും മാത്രമല്ല റസ്‌ലേയൻ സാറിന്റെ സെക്കന്റ്ഷോ കാഴ്ചയെ പ്രസിദ്ധമാക്കിയിരുന്നത്! അത് സാഹസികതയുടെ  കഥയാണ്! ധീരതയുടെ കൂടി കഥയാണ്! ഏഴിലം പാല നിൽക്കുന്ന ബംഗ്ളാവിന്റെ മുന്നിലൂടെ പാതിരാത്രി തനിച്ച് നടക്കാനുള്ള ചങ്കൂറ്റത്തിന്റെ കഥയാണ്!
പാലപൂക്കുന്ന കാലത്ത്, പാലപ്പൂഗന്ധത്തോടൊപ്പം പരക്കുന്ന ഗാനവീചികൾ... അതുശ്രവിച്ചവർ അനവധിയാണ്! എന്നാൽ ഗാനത്തിന്റെ ഉറവിടമറിഞ്ഞവർ വളരെ ചുരുക്കം!
രാത്രിയുടെ ഏകാന്തതയിൽ രകതമൊലിക്കുന്ന നാവോടെ പാലമരത്തിൽ നിന്നുമിറങ്ങിവന്ന് വഴിയാത്രക്കാരെ ബംഗ്ളാവിന്റെ പിന്നാമ്പുറത്തേയ്ക്ക് വശീകരിച്ചുകൊണ്ടുപോകുന്ന ‘രക്തയക്ഷി‘യെക്കുറിച്ചുള്ള കഥകൾ അനവധി!
വായിൽ തീയുമായ് പാലമരത്തിൽ നിന്നുമിറങ്ങി വന്ന് ശക്തൻ ചേട്ടന്റെ അടിവയറ്റിൽ കുത്തിപ്പിടിച്ച യക്ഷിക്ക് ‘തീയക്ഷി‘ യെന്നും ഒരു പേരുണ്ട്!
സെക്കന്റ് ഷോ കഴിഞ്ഞ് ഒറ്റയ്ക്ക് വരാറുള്ളവരാണിതുവരെ യക്ഷിയെ കണ്ടിട്ടുള്ളത്! യക്ഷിയെ പിടിക്കാൻ യുക്തിവാദസംഗത്തിന്റെ നേതൃത്വത്തിൽ പലതവണ ശ്രമം നടന്നിട്ടുണ്ട്. എല്ലാം വിഫലം!
ക്രമേണ സെക്കന്റ് ഷോയ്ക്ക് തീയേറ്ററിൽ ആൾ കുറഞ്ഞു കുറഞ്ഞു വന്നു.
ഈയവസരത്തിലാണ് നിയുക്ത ഷെർലക്ക്‌ഹോംസായി റസ്‌ലേയൻ സാർ അവതരിച്ചത്!
പക്ഷേ ഒരിക്കലും യക്ഷി റസ്‌ലേയൻ സാറിന് ദർശനം നൽകിയില്ല!

ബോധംതെളിയാൻ ഒരു വിദൂരശ്രമം പോലും റസ്‌ലെയൻ സാർ നടത്താതിരുന്നതിനാലും, കാരണം അറിയാൻ കാലതാമസമെടുക്കുമെന്ന് മനസ്സിലാക്കിയതിനാലും, ചിലർ റസ്‌ലേയൻ സാറിനെ യക്ഷിപിടിച്ചു എന്ന് കഥയുണ്ടാക്കി.
പക്ഷേ ആ കഥ അധികദിവസം നിലനിന്നില്ല. ഡോക്ടർമാർ നൽകിയ റിപ്പോർട്ടനുസരിച്ച് ബോധക്കേടിന് കാരണം കേവലം ‘ഭയം‘ മാത്രമായിരുന്നില്ല! റസ്‌ലേയൻ സാറിന്റെ തലയ്ക്ക് പുറകിൽ ശക്തമായ അടിയേറ്റിട്ടുണ്ട്!
പ്രശ്നം പോലീസ് കേസായി!
തെളിവില്ലാക്കേസായ് തള്ളപ്പെടാതിരിക്കാൻ റസ്‌ലേയൻ സാർ ബോധം തെളിഞ്ഞേ പറ്റൂ. എല്ലാവരും അതിനായ് പ്രാർത്ഥിച്ചു.
പ്രാർത്ഥനയുടെ ഫലമായിരിക്കാം കൃത്യം മൂന്നാം നാൾ എല്ലാവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ട് റസ്‌ലേയൻ സാർ കണ്ണുതുറന്നു!

പിന്നിടുണ്ടായത് യക്ഷിയെ പോലീസ് പിടിച്ച കഥയാണ് ! യക്ഷിയെക്കാണാൻ പോലീസ് സ്റ്റേഷന് ചുറ്റും കൂടിയവരെ ‘മുഴയൻ‘ പോലീസ് ലാത്തി വീശി ഓടിച്ചു. ഓടിയവരുടെ കൂട്ടത്തിൽ കുര്യച്ചൻ സാറുമുണ്ടായിരുന്നു. ഓടി കിതപ്പ് മാറുന്നതിന് മുന്നേ തന്നെ സ്റ്റാഫ് റൂമിൽ സംഭവത്തിന്റെ സം‌പ്രേക്ഷണവുമുണ്ടായി.
“നമ്മടെ നേതാവിന്റെ മാതാവ്. ശരീരം  കൊടുക്കുക മാത്രമല്ല അവരിപ്പോൾ... പിടിച്ച്പറി കൂടി തുടങ്ങിയിരിക്കുന്നു! ആളെ മനസ്സിലായെന്ന് കണ്ടപ്പോ പാവം റസ്‌ലേയന്റെ പെടലിക്ക് കൊടുത്തടി വെറ്റിലച്ചെല്ലത്തിന്!“

അന്നും സ്കൂളിൽ സമരമായിരുന്നു. തോളൊപ്പം മുടിനീട്ടിവളർത്തിയ ആ ചെറുപ്പക്കാരൻ തന്നെയായിരുന്നു മുന്നിൽ. സമരം പതിവിൽ നിന്നും വ്യത്യസ്തമായി അക്രമാസക്തമായി. ക്ളാസ് റുമുകളിലെ ബഞ്ചുകളും ഡസ്ക്കുകളും തകർക്കപ്പെട്ടു.സൗദാമിനി ടീച്ചറിന് സാധാരണ പോല ടീച്ചേഴ്സ് റൂമിൽ തന്നെയിരിക്കാൻ പറ്റുന്നില്ലായിരുന്നു. അവർ പുറത്തേയ്ക്കിറങ്ങി.നീണ്ട വരാന്തയിലൂടെ മുദ്രാവാക്യവും വിളിച്ച് നീങ്ങുന്ന സമരക്കാർക്ക് വിലങ്ങനെ നിന്നു.
ടീച്ചർ നേതാവിന്റെ തോളിൽ കൈയിട്ടുകൊണ്ട് തന്റെ കൂടെ വരാൻ ആവശ്യപ്പെട്ടു. സമരക്കാർ പലവഴി പിരിഞ്ഞു. അവർ ലൈബ്രറിയെ ലക്ഷ്യമാക്കി നടന്നു.

ഒഴിഞ്ഞ് കിടന്ന ലൈബ്രറിയുടെ ഷെൽഫിൽ നിന്നും ഒരു ബുക്ക് തിരഞ്ഞെടുത്ത്,  ഒരു ബെഞ്ചിൽ ടീച്ചറിരുന്നു. നേതാവിനോടും കൂടെയിരിക്കാൻ ആംഗ്യം കാണിച്ചുകൊണ്ട് ടീച്ചർ ചോദിച്ചു.“മഴയത്ത് നടക്കുന്നതാണെനിക്കിഷ്ടം; കാരണം ആരുമെന്റെ കണ്ണീരുകാണില്ലല്ലോ“ എന്ന് പറഞ്ഞ ഒരു മഹാനുണ്ട്. ആരാണന്നറിയുമോ ഇയാൾക്ക്? നേതാവ് അറിയില്ലായെന്ന് തലയാട്ടി.
“സ്വന്തം ദു:ഖത്തെ പുറത്തറിയിക്കാതെ ലോകത്തെ ചിരിപ്പിച്ച മഹാൻ! ചാർളി ചാപ്ളിൻ! ഇതാ ഇത് അദ്ദേഹത്തിന്റെ ജീവചരിത്രമാണ്. നീയിത് വായിക്കണം. ഉപകരിക്കും.“ ടീച്ചർ ബുക്ക് നേതാവിന് നൽകി. പിന്നെ സ്നേഹപുരസ്സരം നേതാവിന്റെ കവിളിൽ നുള്ളിക്കൊണ്ട് തുടർന്നു; “എന്റെ കുട്ടീ, സാഹചര്യങ്ങളെ മനസ്സിലാക്കാനും അതിജീവിക്കാനുമൂള്ള കഴിവ് മനുഷ്യജന്മത്തിന്റെ മാത്രം സവിശേഷതയാണ്! അത് കേവലം ബാഹികമായ ശക്തിപ്രകടനമല്ല. മറിച്ച് മനസ്സിന്റെ ഉൾക്കരുത്താണ്. Your life is Your making. മനസ്സിലാക്കുക അത്“. സൗദാമിനി ടീച്ചർ പുറത്തേയ്ക്ക് നടന്നു. പുറത്തപ്പോൾ ശക്തമായ മഴതുടങ്ങി.
ചെറുപ്പക്കാരൻ മഴയത്തിറങ്ങി നടന്നു.


Read more...

വെള്ളിക്കൊലുസ്

Sunday, October 22, 2017

നടക്കുമ്പോൾ കിലുങ്ങുന്ന വെള്ളിക്കൊലുസ്! കുറേ നാളായുള്ള ആവശ്യമാണ്. ഇന്നു വാങ്ങാം, നാളെ വാങ്ങാം എന്നൊക്കെ പറഞ്ഞ് ഏകദേശം ഒരു വർഷത്തോളം തള്ളിമാറ്റി.ഈയിടെയായ് വെള്ളിക്കൊലുസിന്റെ കാര്യമൊന്നും പറഞ്ഞുകേൾക്കാതായപ്പോൾ, ഭാര്യയോട് ചോദിച്ചു;“എന്താ കുഞ്ഞി വെള്ളിക്കൊലുസിന്റെ കാര്യോക്കെ മറന്നോ?“
“പിന്നേ മറന്നു, നല്ല കുഞ്ഞാ! നിങ്ങളോട് പറഞ്ഞിട്ട് കാര്യോന്നുമില്ലാന്ന് തോന്നിയിട്ടാരിക്കും.“
ഞാനെന്തായാലും ആ പറഞ്ഞത് കേട്ടതായി നടിച്ചില്ല. നോട്ട് നിരോധനം ഇന്ത്യാ മഹാരാജ്യത്തിനുണ്ടാക്കാൻ പോകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് കൂലങ്കഷമായി ചിന്തിച്ചുകൊണ്ടിരുന്നു.
ഹൗസിങ്ങ് വെൽഫയർ അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ ഗംഭീര പുതുവൽസര പാർട്ടിയിൽ പങ്കെടുക്കണമെന്ന പ്രതിപക്ഷ  (കുഞ്ഞിയും അമ്മയും) അഭിപ്രായത്തിനോട് ഞാനും യോജിച്ചു. മുതൽ മുടക്കില്ലാതെ കിട്ടുന്ന പാർട്ടി എന്തിനാ കളയുന്നതെന്ന നിർദോഷപരമായ ചിന്ത എന്റെ നിഷ്ക്കളങ്ക മനസ്സിലുണ്ടായതിൽ ഞാനഭിമാനിച്ചു.
പ്രതിപക്ഷം അതിന് വേറേ ചില വ്യാഖ്യാനങ്ങൾ കണ്ടെത്താൻ ശ്രമിച്ചെങ്കിലും ഞാനത് കേട്ടെന്ന് നടിച്ചില്ല.
വിഘടിപ്പിച്ച് ഭരിക്കുക എന്ന ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ നയത്തിന്റെ ആനുകാലിക പ്രസക്തിയെക്കുറിച്ച് എനിക്ക് ബോധ്യമായത് അപ്പോഴാണ്!ഭൂരിപക്ഷ ഏകീകരണതെ അടിച്ചമർത്താൻ കണ്ടുപിടിച്ച എത്ര ഉദാത്തമായ സംഗതി!
കുഞ്ഞി സന്ധ്യയ്ക്ക് മുന്നേ തന്നെ ഒരുങ്ങി പാർട്ടിസ്ഥലത്തേയ്ക്ക് പോയി. വിഭവ സമൃദ്ധമായ ഒരു പാർട്ടിയെ മുന്നിൽ കണ്ടുകൊണ്ട് ഞാനും വേഗം തന്നെ റെഡിയായി.പക്ഷേ എന്നെ  അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുകളഞ്ഞ ആ സംഭവം പിന്നിടാണുണ്ടായത്. ഞാൻ ഒരുങ്ങി മണിക്കൂർ ഒന്നുരണ്ട്  കഴിഞ്ഞിട്ടും  ഭാര്യ ഇറങ്ങുന്ന ലക്ഷണമൊന്നും കാണുന്നില്ല!
കുറേ നേരം വിളിച്ച് കൂവി ക്ഷമകെട്ട് ഞാൻ ബെഡ്‌റൂമിന്റെ വാതിൽ തള്ളിത്തുറന്നു.
“ഞാൻ റെഡി, പോകാം.“ എന്ന് പറഞ്ഞ് ഭാര്യ മുറിയ്ക്ക് പുറത്തേക്കിറങ്ങി.
ഞെട്ടിപ്പോയി ഞാൻ!
‘പത്താൾ കൂടുന്നിടത്ത് ഈ ഡ്രസ് തന്നെ ഇട്ടോണ്ട് പോണോടീ?“
എന്റെ വാക്കുകൾ തൊണ്ടയിൽ നിന്നും പുറത്തേക്ക് വരുന്നുണ്ടായിരുന്നില്ല. വരണ്ട തൊണ്ടയിലൂടെ അവലൂസുപൊടി ഇറക്കിവിടുന്നപോലൊരിത്!
അവളൊന്നും പറഞ്ഞില്ല.
അവളൊരു നോട്ടം!
ആയിരം വാക്കുകളേക്കാൾ ശക്തി ഒരുനോട്ടത്തിനുണ്ടോ?
എന്റെ കൈയ്യേ പിടിച്ച് അലമാരയുടെ മുന്നിൽ കൊണ്ട് നിർത്തി.“നോക്ക്“ എന്നൊരു പറച്ചിലും.
“എന്തേ“ എന്ന നിഷ്കളങ്കമായ ഒരു നോട്ടം മാത്രമെറിഞ്ഞ് ഞാൻ നിന്നു.
“നിങ്ങളുതന്നെ ഇതീന്ന് സെലക്റ്റ് ചെയ്തു താ.“ അടുക്കി വെച്ചിരുന്ന സാരികളും ചുരിദ്ദാറുമൊക്കെ ഒന്നൊന്നായി ഞാനെടുത്ത് നോക്കി. ചതി! ശുദ്ധ ചതി! കീറിയതും, പിഞ്ചിയതും, കളറുപിടിച്ചതുമല്ലാതെ ഒറ്റൊരു നല്ലതു പോലുമില്ല.
ഞാൻ കൈകൊണ്ട് എന്റെ തലയ്ക്കു തന്നെ കൊട്ടി. പിന്നെ വളരെ ദയാഭാവം വരുത്തി ചോദിച്ചു. “എങ്കിലും നീ ഈ കറുത്ത ഡ്രസുമിട്ട് ഭൂതസമാനമായിട്ട് ഇറങ്ങിക്കളഞ്ഞല്ലോ! അതും നല്ലൊരു ദിവസമായിട്ട്!“
“പിന്നേ ഒള്ളതല്ലേ ഇടാൻ പറ്റൂ... അത്ര ദെണ്ണമൊള്ളോരാണേല് ചിക്കിലിയെറക്കണം...ചിക്കിലി. ഇങ്ങനേമൊണ്ടോ പിശുക്ക്! എന്റെ കാര്യം പോട്ടെ; ആ  കൊച്ചിനൊരു വെള്ളിക്കൊലുസ് വാങ്ങാമെന്ന് പറഞ്ഞ് പറ്റിക്കാൻ തൊടങ്ങീട്ട് കാലമെത്രയായ്...“
സുന്ദരീമണി എന്നേയും കടന്ന് വാതിൽ തുറന്ന് പുറത്തേയ്ക്ക്! ഒരു കൊടുങ്കാറ്റ് കടന്നുപോയതാണോയെന്ന സംശയം ഒരുനിമിഷത്തേയ്ക്കുണ്ടായി!

പുരുഷന്റെ അഭിമാനമെന്ന അണ്ഡകടാഹത്തിൽ കൊട്ടാനുള്ള സ്ത്രീയുടെ മിടുക്ക്!
പിശുക്കൻ!
അങ്ങനെയങ്ങ് സമ്മതിച്ചുകൊടുക്കാമോ? അടുത്ത ദിവസം തന്നെ ഞാൻ പ്രഖ്യാപിച്ചു, “അടുത്ത ഞായറാഴ്ചയെന്ന ഒരു ദിവസമുണ്ടേല് കുഞ്ഞിക്ക് വെള്ളിക്കൊലുസ് വാങ്ങിയിരിക്കും. ഇതു സത്യം സത്യം“
ശ്രീമതിക്ക് എന്റെ ശപഥം അത്ര ഏറ്റതായി തോന്നിയില്ല. ഒരു ആക്കിയ ചിരി. ഇതുപോലെത്ര കേട്ടിരിക്കുന്നു എന്ന ഭാവം!
പാവം  ഞാൻ! അങ്ങനെ വിട്ടുകൊടുക്കാമോ?
“എങ്കീ കേട്ടോ വെള്ളിക്കൊലുസിന്റെ കൂടെ നെനക്ക് ഒരു സാരികൂടെ ഓഫർ!“
സന്തോഷം സഹിക്കവയ്യാഞ്ഞിട്ടായിരിക്കാം, പാവം ടാപ്പ് തുറന്ന് കൈക്കുമ്പിളിൽ വെള്ളമെടുത്ത് ഗുളുഗുളാ കുടിച്ചു. ഞാനതു കണ്ടതായി നടിച്ചില്ല..
വാക്കുപറഞ്ഞാൽ മാറ്റാൻ പറ്റില്ലല്ലോ?(മാറ്റണമെങ്കിലും നടക്കില്ല. ഭൂരിപക്ഷം! അമ്മയും മകളും!)
ഞായറാഴ്ച ഞങ്ങളങ്ങനെ വെള്ളിക്കൊലുസും തേടിയിറങ്ങി.
ഞായറാഴ്ച വൈകുന്നേരം ഇറങ്ങിയത് ഒരുകണക്കിന് ഭാഗ്യം എന്ന് തന്നെ എനിക്ക് തോന്നി, കടയെല്ലാം അടഞ്ഞുകിടക്കുന്നു. വന്നുകേറിയ ഭാഗ്യത്തെ പുറത്തേയ്ക്ക് കാണിക്കാതെ വളരെ വിഷമത്തോടെ ഇടറുന്ന സ്വരത്തോടെ ഞാൻ പറഞ്ഞു.“കുഞ്ഞിക്ക് ഭാഗ്യമില്ല. ഇന്നു കടയൊന്നും തുറന്നിട്ടില്ല!“
കാളവാലുപൊക്കുമ്പോഴേ പശുവിന് മനസ്സിലാകുമെന്ന് പറഞ്ഞതുപോലെ രണ്ടു നാവുകൾ ഒരേ സ്വരത്തിൽ മൊഴിഞ്ഞു.“ഏതെങ്കിലും കട കാണും നമ്മുക്ക് നോക്കാം.ഇത്രേം വല്യ സിറ്റിയല്ലേ?“
ഞാൻ ആകാശത്തേയ്ക്ക് നോക്കി. മഴയ്ക്ക് വല്ല കോളുമുണ്ടോ?

ഗല്ലിയായ ഗല്ലിയെല്ലാം കേറിയിറങ്ങി  ചെരുപ്പ് തേഞ്ഞ് തീരുന്നത് മാത്രമല്ലായിരുന്നു എന്റെ ചിന്ത. ദാഹവും വിശപ്പും കേറിക്കഴിഞ്ഞാൽ ഇനി ഏത് റെസ്റ്റോറന്റിലേക്കായിരിക്കും റെക്കമെന്റേഷനെന്ന ചിന്ത എന്റെ പരവേശം വർദ്ധിപ്പിച്ചുകൊണ്ടിരുന്നു.
അവസാനം അവരതു കണ്ടുപിടിക്കുക തന്നെ ചെയ്തു!
വെള്ളിക്കൊലുസുകട!
കുഞ്ഞിതുള്ളിച്ചാടി!
കുഞ്ഞീടമ്മയും തുള്ളിച്ചാടി!
‘ബൊമ്മന‘ സാരി ഷോറൂം ഓപ്പൊസിറ്റ്!

വെള്ളിക്കൊലുസുകടയിൽ ആരുമുണ്ടായിരുന്നില്ല ഞങ്ങൾ കയറിയപ്പോൾ... രക്ഷപ്പെട്ടെന്ന് ഒരുവേള ഞാൻ നിനച്ചുപോയി.
എന്നെ ഞെട്ടിച്ചുകൊണ്ട് വെള്ളവേഷധാരിയായ ഒരു വൃദ്ധൻ എവിടുന്നോ പ്രത്യക്ഷപ്പെട്ടു!
എന്നെ വീണ്ടും വീണ്ടും ഞെട്ടിച്ച സംഭവങ്ങളാണ് പിന്നീടുണ്ടായത്!
വൃദ്ധൻ വന്ന പാടേ ഭാര്യയുടെ കാൽക്കലേയ്ക്ക് ഒറ്റവീഴ്ച!
കാൽ തൊട്ട് നെറുകയിൽ വെച്ച് വൃദ്ധൻ ഇപ്രകാരം മൊഴിഞ്ഞു, “അമ്മേ, നിങ്ങളീക്കടയിൽ വന്നത് എന്റെ പുണ്യമാണ്! ദേവതുല്യയായ നിങ്ങളെ  ഇവിടെ കാണാൻ കഴിഞ്ഞതിൽ ഞാൻ ദൈവത്തോട് നന്ദി പറയുന്നു.“
ഞാൻ കർച്ചീഫെടുത്ത് വായ് പൊത്തി.
വൃദ്ധൻ എന്റെ നേരേ തിരിഞ്ഞു.
“സാർ, നിങ്ങൾ ഭാഗ്യം ചെയ്തവനാണ്! ഞാൻ ചുമ്മാതെ പറയുന്നതാണന്ന് കരുതരുത്. എനിക്ക് മുഖലക്ഷണം അറിയാം.“
പിന്നെ അയാൾ ഭാര്യയുടെ നേരേ തിരിഞ്ഞു.“അമ്മാ, നിങ്ങൾ താമസിക്കുന്ന വീട് നിങ്ങൾക്കാവശ്യമുള്ളതിനേലും വലുതല്ലേ? നിങ്ങളുടെ വാഹനം വലുതല്ലേ?“
ആണെന്നോ അല്ലെന്നോ ഞങ്ങൾ രണ്ടുപേരും പറഞ്ഞില്ല.
അടുത്ത ചോദ്യം.
“നിങ്ങളുടെ വാഹനം വെള്ളനിറത്തിലേയല്ലേ?“
ഒരു കിലോമീറ്ററിലധികം ദൂരെ പാർക്ക് ചെയ്തിരിക്കുന്ന വണ്ടിയുടെ നിറം ഇയാളെങ്ങനെ അറിഞ്ഞു എന്ന് ഞാൻ ചിന്തിച്ച് തീരുമ്പോഴേയ്ക്കും അവിടെ വെള്ളിക്കൊലുസ് ബാഗിനുള്ളിലായിക്കഴിഞ്ഞിരുന്നു!
കുനുകുനെ എഴുതിയ ഒരു വെള്ളക്കടലാസ് എന്റെ നേരേ നീണ്ടു.
വെറും 4565 രൂപ മാത്രം. “സാർ നിങ്ങൾ 4500 മാത്രം തന്നാൽ മതി“ എത്ര ഉദാരമനസ്കൻ!
പണമെണ്ണിക്കൊടുത്ത് ഞാൻ പുറത്തേയ്ക്കിറങ്ങി. കുഞ്ഞി ഹാപ്പി. കുഞ്ഞീടമ്മ അതിലും ഹാപ്പിയായി ബൊമ്മനയിലേയ്ക്ക് കയറി.
വൃദ്ധന്റെ കടയുടെ വാതുക്കൽ വെച്ചിരുന്ന കൂജയിൽ നിന്നും ഒരു ഗ്ളാസ് തണുത്ത വെള്ളമെടുത്ത് കുടിച്ച് ഞാൻ സായൂജ്യമടഞ്ഞു.
ബൊമ്മനയിലെ ഷെൽഫിലെ തുണികൾ ഒട്ടുമുക്കാലും താഴെവീണുകഴിഞ്ഞു.കടക്കാരന്റെ നോട്ടത്തിൽ എന്തോ പന്തികേട് തോന്നിയതുകൊണ്ട് ഞാൻ ബൊമ്മനയുടെ വാതുക്കൽ തന്നെ നിന്നു.
“വല്ല്യ കടയാണന്നേ ഒള്ളൂ.. ഒറ്റനല്ല തുണിയില്ല..“
“നീ പറഞ്ഞത് വളരെ കറക്റ്റാ... ഈ കട കണ്ടപ്പോഴേ എനിക്ക് തോന്നി.“ ഞാൻ ഭാര്യയുടെ അഭിപ്രായത്തോട് പൂർണ്ണമായും യോജിച്ചുകൊണ്ട് തിരിഞ്ഞു നോക്കാതെ നടന്നു.
വണ്ടിതുറക്കാനായ് കീ എടുത്തപ്പോൾ വെള്ളിക്കൊലുസിന്റെ തുണ്ട് കടലാസ് പോക്കറ്റിൽ നിന്നും പുറത്തേയ്ക്ക് വന്നു.
ചുമ്മാതെ അതൊന്നുകൂടി നോക്കി.
ഒരു വശപ്പിശക്!
മൊബൈലിലെ കാൽക്കുലേറ്ററിൽ വീണ്ടും വീണ്ടും കുത്തി.
എത്ര കുത്തിയിട്ടും വിലയും തൂക്കവും ഒത്തുചേരുന്നില്ല. ആയിരം രൂപയുടെ വ്യത്യാസം!
അങ്ങനെ വിടാൻ പറ്റുമോ? ഒരു കിലോമീറ്റർ നടന്നാൽ പോരേ...
വൃദ്ധന്റെ കടയിലേയ്ക്ക് വലിഞ്ഞ് നടന്നു. കുഞ്ഞി പറഞ്ഞു.“അച്ച പൊക്കോ, ഞങ്ങള് വണ്ടീലിരുന്നോളാം“  അമ്മയുടെ മോളുതന്നെ!
ഞാൻ വലിഞ്ഞ് നടന്നു.
തഥൈവ!
വൃദ്ധനുമില്ല...കടയുമില്ല... ഷട്ടറിട്ടുകഴിഞ്ഞിരുന്നു!
വിയർത്തുകുളിച്ച് വന്ന് വണ്ടീൽ കേറിയപ്പോൾ ഭാര്യ പറയുകയാണ്...“ആയിരം രൂപ അങ്ങേരുടെ ജ്യോതിഷചാർജായിരിക്കും“
വണ്ടി മുന്നോട്ടൊന്നു ചാടി. പിന്നയതിന് സ്വപ്നവേഗതയായിരുന്നുവോ...






.

Read more...

ഒരു വട്ടം കൂടി

Sunday, July 30, 2017

ഇരുപത്തി അഞ്ച് വർഷങ്ങൾ!

ഇരുപത്തി അഞ്ചു വർഷങ്ങൾ മൂന്നു വർഷങ്ങളേക്കാൾ വേഗത്തിൽ കടന്നുപോയത് പോലെ!

കേവലം മൂന്നു വർഷങ്ങൾ കൊണ്ടുണ്ടായ സുഹൃത്ത്ബന്ധങ്ങൾ  ഇരുപത്തി അഞ്ചു വർഷങ്ങൾക്കിപ്പുറവും അതേ ആർജ്ജവത്തോടെ നിലനിർത്താൻ കഴിയുന്നുവെന്നുള്ളതാണ് ഈ കൂട്ടായ്മയുടെ സവിശേഷത!
സുഹൃത്ത്ബന്ധത്തിന്റെ ശക്തി മാത്രമാണ് ഒരുവട്ടം കൂടി നമ്മളെയീ മഹാവിദ്യാലയത്തിന്റെ അങ്കണത്തിലെത്തിച്ചതെന്ന് പറയുന്നത് പൂർണ്ണമായും ശരിയാവുമെന്ന് തോന്നുന്നില്ല.

വർഷങ്ങൾക്ക് മുൻപ് സയന്റിഫിക് കാൽക്കുലേറ്റർ ഇല്ല എന്ന കുറ്റത്തിന് സ്ഥിരമായ് ക്ലാസിൽ എഴുന്നേറ്റ് നിൽക്കാൻ വിധിക്കപ്പെട്ട ഒരു കൗമാരക്കാരനുണ്ടായിരുന്നു. നിറകണ്ണിൽനിന്നും ഉതിർന്നുവീണിരുന്ന കണ്ണീർതുള്ളികളല്ലാതെ അവന് വേറൊരു മറുപടിയതിനില്ലായിരുന്നു കാരണമായ്!
നിർധനനായ ഒരു വിദ്യാർത്ഥിയുടെ പ്രാരാബ്ധത്തെ പറയാതെ മനസ്സിലാക്കാൻ കഴിവുണ്ടായിരുന്ന മഹാന്മാരായ ഗുരുക്കന്മാർ നമ്മുക്കുണ്ടായതല്ലേ നമ്മുടെ പുണ്യം!
കോഴ്സ് തീരുന്നതുവരെ നീയിത് വെച്ചോളൂ എന്ന് ആ മഹാത്മാവ് പറയുമ്പോൾ നിന്നിടം കുഴിഞ്ഞ് ഭൂമിയിടെ അഗാധതയിലേയ്ക്ക് വീണുപോയി ആ കൗമാരക്കാരൻ!

അവസാന വർഷ ക്ളാസിന്റെ തുടക്കത്തിൽ, ‘എടാ ചെറുക്കാ‘ എന്ന് പറഞ്ഞ് ചെവിക്ക് പിടിച്ചുയർത്തുമ്പോൾ ഒരിക്കലും തീർക്കാൻ പറ്റാത്ത അപരാധം എന്താണെന്ന ചോദ്യചിഹ്നമായിരുന്നു ആ വിദ്യാർത്ഥിയുടെ മുഖത്ത്!
പിന്നിടാണറിഞ്ഞത് രണ്ടാം വർഷ പരീക്ഷയ്ക്ക് ‘വർക്ക്ഷോപ്പ് ടെക്നോളജി‘ക്ക് ഏറ്റവും കൂടുതൽ മാർക്ക് നേടിയതിന് പ്രോത്സാഹനം നൽകാനുള്ള തയ്യാറെടുപ്പായിരുന്നതെന്ന്!
 സിൽവർ നിറത്തിലെ പെൻ!
അതൊരു വലിയ പാഠമായിരുന്നു. വലിപ്പച്ചെറുപ്പമില്ലാതെ അർഹതയ്ക്ക് അംഗീകാരം നൽകണമെന്ന ഒരു വലിയ പാഠം!

കഠാര രാഷ്ട്രീയതിന്റെ കരാളഹസ്തത്തിൽ നിന്നും ഒഴിഞ്ഞു മാറി നഴ്സറി കുട്ടികളേക്കാളും അച്ചടക്കത്തിൽ ഇവിടെ മൂന്നു വർഷം കഴിഞ്ഞപ്പോൾ ഒരിക്കലും അറിഞ്ഞിരുന്നില്ല പ്രൊഫഷണൽ ജീവിത വിജയത്തിന് അച്ചടക്കത്തിനുള്ള സ്ഥാനം ഇത്രമേൽ വലുതായിരിക്കുമെന്ന്!
‘തള്ളേണ്ടത് തള്ളുകയും കൊള്ളേണ്ടതു കൊള്ളുകയും‘ ചെയ്യുകയെന്ന് കൂടെ കൂടെ പറയുമ്പോൾ ജീവിത വിജയത്തിന്റെ ശക്തി ലിസണിങ് പവറിൽ ഉൾക്കൊണ്ടിരിക്കുന്നുവെന്ന് അന്ന് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല.
ഇരുപത്തി അഞ്ചു വർഷങ്ങൾ കഴിഞ്ഞ് തിരിഞ്ഞുനോക്കുമ്പോൾ തോന്നുന്നു, കുറ്റമില്ലാതെ എഴുതി സംവിധാനം ചെയ്ത ഒരു തിരക്കഥയിലെ കഥാപാത്രങ്ങളല്ലേ നാമെന്ന്!
സംവിധാനം വിജയകരമായ് നിർവഹിച്ച ഗുരുക്കന്മാരും അതിനായ് അരങ്ങൊരുക്കിയ ഈ മഹാവിദ്യാലയും കൂടിയാണ് നമ്മളെ ആ പഴയ ആർജ്ജവത്തോടെ ഇന്നിവിടെ എത്താൻ പ്രാപ്‌തരാക്കിയിരിക്കുന്നത്.
നമ്മെ നാമാക്കിയ മഹാഗുരുക്കന്മാർക്ക് ഒരിക്കൽ കൂടി വിനീതമായ പ്രണാമം!


Read more...

കമ്പിളിപ്പുതപ്പ്

Wednesday, January 14, 2015


 അശ്വതിയുടേയും രാജീവന്റേയും വാരാന്ത്യ ജീവിതം കുറച്ചുനാൾ മുൻപുവരെ ഉൽസവമയമാക്കിയിരുന്നത്‌ ലിജുവും, പ്രകാശനും, സുരേഷും, രെജിയുമൊക്കെയായിരുന്നു. കേരളത്തിലെ പലസ്ഥലങ്ങളിൽ നിന്നും എത്തി വല്ലഭൻ മൻസിൽ തമ്പടിച്ചിരുന്ന ബാച്ചിലേഴ്സ്‌!

 വല്ലഭൻ മൻസിലിൽ നിന്നും ബാച്ചിലേഴ്സ് ഓരോരുത്തരായ്‌ വിടപറയുമ്പോഴും അശ്വതിയിൽ ആശ്വാസത്തിന്റെ നേരിയ ഒരു തിരി കത്തിച്ചിരുന്നത് ലിജുവിന്റെ സാന്നിദ്ധ്യമായിരുന്നു. തിരക്കേറിയ ഈ നഗരത്തിൽ...യാന്ത്രിക ജീവിതത്തിന്റെ ഈ നഗരത്തിൽ...സൗഹൃദത്തിന്‌ വിലകല്പ്പിക്കാത്ത ഈ നഗരത്തിൽ... തനിക്കറിയാത്ത ഭാഷ സംസാരിക്കുന്ന ഈ നഗരത്തിൽ...

ഞായറാഴ്ചകളിൽ അശ്വതിയുടെ അടുക്കള കൈയേറുന്ന ബാച്ചിലേഴ്സ്‌ സംഘത്തിന്റെ അവസാനത്തെ കണ്ണി ലിജു മാത്രമായി. ഓരോ വേർപാടും ഹൃദയത്തിന്‌ മുറിവേല്പ്പിച്ചുകൊണ്ടിരുന്നപ്പോഴും അശ്വതി ആശ്വസിച്ചു. ഒരാളെങ്കിലുമുണ്ടല്ലോ... ഈ അന്യ നാട്ടിൽ കൂട്ടിനായി...
പക്ഷേ ഇപ്പോൾ ലിജുവും...
“നല്ല ജോലി കിട്ടിയാൽ നമ്മളായാലും പോവില്ലേ?” രാജീവന്റെ വ്യാഖ്യാനം ശരിയായിരിക്കാം. പക്ഷേ അശ്വതിക്ക്‌ അതുൾക്കൊള്ളാനാവുന്നുണ്ടായിരുന്നില്ല.
 ലിജുവിന്‌ സിംഗപ്പൂര്‌ ജോലി കിട്ടി എന്നറിഞ്ഞപ്പോൾ അശ്വതിക്ക്‌ ആദ്യം ശരിക്കും സങ്കടമാണ്‌ തോന്നിയത്‌!
 അതൊരു വ്യക്തിപരമായൊരു ദു:ഖം മാത്രമാണന്ന രാജീവന്റെ അഭിപ്രായം അശ്വതിക്ക്‌ അംഗീകരിക്കേണ്ടി വന്നു. ലിജുവിന്റെ നല്ലൊരു ജീവിതം...നല്ലൊരു ഭാവി... അതൊക്കെ ഓർക്കുമ്പോൾ രാജീവന്റേയും അശ്വതിയുടേയും നഷ്ടങ്ങൾക്ക്‌ യാതൊരു പ്രസക്തിയുമില്ലായിരുന്നു.

വല്ലഭൻ മൻസിലിന്‌ ആ പേര്‌ നൽകിയത്‌ സുരേഷാണ്‌. ഫ്ലാറ്റ്‌ ഓണറിന്റെ കഴിവിനുള്ള അംഗീകാരം!
വല്ലഭൻ!
ജോലികൊണ്ട്‌ ഡ്രൈവറാണെങ്കിലും വല്ലഭൻ ആളൊരു സകലകലാ വല്ലഭൻ തന്നെയായിരുന്നു! അപ്പാർട്ട്മെന്റിലെ സകലമാന ജോലികൾക്കും അവസാനത്തെ പേരായിരുന്നു വല്ലഭൻ. വല്ലഭനണിയാത്ത കുപ്പായങ്ങളില്ല. പ്ലംബിങ്ങ്‌, ക്ലീനിങ്ങ്‌, പെയിന്റിങ്ങ്‌, തുടങ്ങി ഇലക്ട്രിക്‌ പണികൾ വരെ വല്ലഭന്‌ പുല്ല്‌! എന്തു ജോലിവന്നാലും ആദ്യം വല്ലഭൻ കൈ വെയ്ക്കും.!
ജോലി തീരുമ്പോൾ മഹാറാണി, അതായത്‌ വല്ലഭന്റെ ഭാര്യ റാണി വല്ലഭന്റെ മുതുകത്തും കൈ വെയ്ക്കും!
“എല്ലാം നശിപ്പിച്ചു...അറിയാവുന്ന പണി ചെയ്താൽ പോര മനുഷ്യന്‌...ഇനിയിപ്പോ ഞാനിതിന്‌ ഇരട്ടി പൈസ മുടക്കണം...” നാക്കും, കൈയും കൊണ്ടുള്ള ആ പ്രകടനം ബാച്ചിലേഴ്സിന്‌ ഇടയ്ക്കിടയ്ക്ക്‌ കിട്ടുന്ന ഫ്രീ ഷോ ആയിരുന്നു!
വല്ലഭൻ മൻസിലിന്റെ റിസർവ്‌ ബാങ്ക്‌ തന്നെയായിരുന്നു മഹാറാണി!
 മാസാമാസം ഡ്രൈവിങ്ങിൽ നിന്നും കിട്ടുന്ന ശമ്പളം വല്ലഭൻ മൊത്തമായി റിസർവ്‌ ബാങ്കിൽ നിക്ഷേപിക്കുകയും, പകരമായി  മഹാറാണിയിൽ നിന്നും  സിഗററ്റിന്റേയും നാരങ്ങാവെള്ളത്തിന്റേയും പണം  കണക്കുപറഞ്ഞ്‌ ഇരന്നു വാങ്ങുകയും ചെയ്തു പോന്നു.
ജന്മി- കുടിയാൻ വ്യവസ്ഥിതിയുടെ വർത്തമാനകാല ആവർത്തനമാണ്‌ വല്ലഭനും മഹാറാണിയുമെന്ന്‌ സുരേഷ്‌ ഒരിക്കൽ പറഞ്ഞപ്പോൾ അശ്വതിക്ക്‌ ചിരി അടക്കാൻ പറ്റുന്നില്ലായിരുന്നു.
‘ചിരിക്കേണ്ട, ചിരിക്കേണ്ട പാവം രാജീവേട്ടന്റെ അവസ്ഥ എന്താണന്ന്‌ ഞങ്ങള്‌ കാണുന്നില്ലല്ലോ.“ വായിച്ചുകൊണ്ടിരുന്ന  ബുക്കുമായ്‌ ലിജുവിന്റെ പുറകേ ഓടുന്ന അശ്വതിയെ ആയിരുന്നു  പിന്നെ കണ്ടത്‌!


വല്ലഭൻ മൻസിൽ വിട്ടുപോകുന്നതിന്‌ മുന്നായി ലിജു കുറേയേറെ സാധനങ്ങൾ, അടുക്കള സാമാനങ്ങളുൾപ്പെടെ അശ്വതിയുടെ വീട്ടിലെത്തിച്ചു.
”ചേച്ചീ, ബാച്ചിലേഴ്സ്‌ ഉപയോഗിച്ചതാണേലും ചിലതൊക്കെ നിങ്ങൾക്ക്‌ ഉപയോഗം വന്നേക്കാം.
രാജീവൻ ചിരിച്ചു. “ നിന്റെയൊക്കെ കൂറ ഡ്രസ്‌ വരെ ഇതിലുണ്ടന്ന്‌ തോന്നുന്നല്ലോ?’
ഒരു വലിയ കാർട്ടൺ ബോക്സ്‌ ചൂണ്ടി ലിജു പറഞ്ഞു. ”ഇല്ല ചേട്ടാ, ആ ബോക്സിൽ കുറച്ച്‌ കമ്പിളി പുതപ്പുണ്ട്‌. അല്ലാതെ വേറെ തുണി സാധനങ്ങളൊന്നുമില്ല.“
അശ്വതി ആ ബോക്സ്‌ നന്നായി പരിശോധിച്ചു. ”വല്ലാത്ത നാറ്റം. ഇതൊക്കെ വാങ്ങിയിട്ട്‌ വല്ലപ്പോഴും കഴുകിയിട്ടുണ്ടോ?“
 ”ചേച്ചീ, ഒന്നു കഴുകിയെടുത്താൽ അതൊക്കെ പുത്തനെ വെല്ലും.“
”അതേ, അതേ... വീട്‌ നാറാതിരിക്കണേല്‌ ഇപ്പോ തന്നെ കഴുകുന്നതാ നല്ലത്‌.“ അശ്വതി അതൊക്കെ അപ്പോൾ തന്നെ പൊക്കി വാഷിങ്ങ്‌ മെഷീനിലിട്ടു.
ഉപയോഗശൂന്യമായ ഒരു മുറിയിലേയ്ക്ക്‌ ബാച്ചിലേഴ്സ്‌ സാധനങ്ങൾ മാറ്റപ്പെട്ടു.

സൗഹൃദങ്ങൾ പലപ്പോഴും കാലത്തോടൊപ്പം നിങ്ങി പിന്നെ ഓർമ്മയുടെ പിന്നാമ്പുറങ്ങളിലെ നനുത്ത നിനവായ്‌ മാറാറുണ്ട്‌. കാലപ്രവാഹത്തിലെ പൊങ്ങു തടികളാവുന്ന ജീവിതങ്ങൾ!
നാളുകൾ കുറേ കഴിഞ്ഞു. ഒരു ഡിസംബർ മാസത്തിലെ മഞ്ഞുമൂടിയ പ്രഭാതത്തിലാണ്‌ ദീർഘനാളായ്‌ ഉപയോഗശൂന്യമായി കിടന്ന മുറി എക്സർസൈസ്‌ ചെയ്യാനായ്‌ ഉപയോഗിക്കാമെന്ന്‌ രാജീവനൊരു തോന്നലുണ്ടായത്‌. ക്രിസ്തുമസ്‌ അവധിയായതിനാൽ രണ്ട്‌ ദിവസം ഓഫീസിൽ പോകേണ്ട എന്നുള്ളതും രാജീവന്‌  സൗകര്യമായി.
”എത്ര നാളായ്‌ കിടക്കുന്ന സാധനങ്ങളാ...നമ്മളൊട്ട്‌ ഉപയോഗിക്കുന്നുമില്ല. എല്ലാം പുറത്തെവിടെയെങ്കിലും കളയണം.“ മുറിയിൽ നിന്നും സാധനങ്ങൾ ഓരോന്നായ്‌ രാജീവൻ പുറത്തേക്കെടുത്തുവെച്ചു.
അശ്വതി കാർട്ടൺ ബോക്സ്‌ തുറന്ന്‌ കമ്പിളിപ്പുതപ്പുകൾ പുറത്തെടുത്തു. ”നമ്മളുപയോഗിക്കുന്നില്ലേലും, ഇതിനൊക്കെ ആർക്കെങ്കിലും ഉപയോഗം വരും. നല്ലതുപോലെ കഴുകി വെച്ചിരിക്കുന്നതല്ലേ?“
”പിന്നെ പിന്നെ ... ഈ കൂറ! നിനക്ക്‌ വേറേ പണിയില്ലേ?“ രാജീവൻ കളിയാക്കി.
അശ്വതി ചിരിച്ചുകൊണ്ട്‌ നിന്നതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല.

 മഞ്ഞിന്റെ തണുപ്പിൽ പുതപ്പിനുള്ളിൽ സുഖമായി ചുരുണ്ടുകൂടികിടക്കുമ്പോഴാണ്‌ പിറ്റേന്ന്‌ രാജീവന്റെ ചുമലിൽ ഒരു തണുപ്പ്‌ അനുഭവപ്പെട്ടത്‌!
ഉറക്കം നഷ്ടപ്പെട്ടെങ്കിലും കണ്ണു തുറന്ന രാജീവൻ അതിശയിച്ചു!
കണ്മുന്നിൽ...
അശ്വതി. ഒരുങ്ങി സുന്ദരിയായ്‌ നില്ക്കുന്നു. എവിടെയോ പോകാൻ തയ്യാറായതുപോലെ...
പതിവില്ലാതെ എന്താ ഇങ്ങനെ? രാജീവന്റെ കണ്ണുകൾ ഭിത്തിയിലെ ക്ലോക്കിൽ തറച്ചു. നാലു മണി ആകുന്നതേ ഉള്ളൂ.
സ്വപ്നമാണോ യാഥാർത്ഥ്യമാണോ എന്ന്‌ മനസ്സിലാക്കാൻ കുറച്ച്‌ സമയമെടുക്കേണ്ടി വന്നു രാജീവന്‌ . ഒരുങ്ങി സുന്ദരിയായ ഭാര്യ സുസ്മേരവദനയായി ചായക്കപ്പുമായ്‌ മുന്നിൽ വന്ന്‌ കണിയായ്‌ നിന്നാൽ ഏതു ഭർത്താവും വീഴും. തണുപ്പ്‌ മറക്കും...മഞ്ഞ്‌ മറക്കും...പാതിരാവെന്നോ പത്തുവെളുപ്പെന്നോ മറക്കും. രാജീവനും അതിനൊരപവാദമല്ലായിരുന്നു.
പുതച്ചിരുന്ന പുതപ്പ്‌ അന്തരീക്ഷത്തിൽ പറന്നു!
“എന്താ, ചക്കരേ? പതിവില്ലാതെ...”
അശ്വതി ചിരിക്കുന്നു. അവളുടെ ചിരി അവളെ കൂടുതൽ മനോഹരിയാക്കുന്നു. അയാളവളെ പുണർന്നു.
അശ്വതിയുടെ വിരലുകൾ രാജീവന്റെ മുടിയിലൂടെ ഓടി.

“ഒരു കാര്യം പറഞ്ഞാൽ ചെയ്യുമോ?” അശ്വതിയുടെ ചോദ്യം.
“പറഞ്ഞോളൂ ഭവതീ, ഈ നേരത്ത്‌...ഈ രൂപത്തിൽ...നീ വന്നിട്ട്‌ എന്തു ചോദിച്ചാലും അനുസരിക്കാൻ ഈയുള്ളവൻ റെഡി.“
”സത്യമായിട്ടും!“ അശ്വതിയുടെ കണ്ണുകളിൽ അവിശ്വസനീയതയുടെ ഒരു ലാഞ്ചനയുണ്ടായിരുന്നു.
”ഉം“ അയാൾ മൂളി
”എങ്കിൽ വണ്ടിയെടുക്ക്‌. എനിക്കൊരു സ്ഥലം വരെ പോണം.“ അശ്വതിയുടെ കൈയിൽ വണ്ടിയുടെ താക്കോൽ!
ഇപ്പോൾ രാജീവൻ ശരിക്കും ഞെട്ടി. മഞ്ഞുപെയ്യുന്ന പ്രഭാതത്തിൽ നഗരമുണരുന്നതിന്‌ മുന്നേ...വണ്ടിയുമെടുത്ത്‌ പുറത്തു പോകുക! അയാൾക്ക്‌ അതിനേക്കാൾ വെറുപ്പുള്ള ഒരു കാര്യവുമില്ലായിരുന്നു.
”വാക്കു മാറല്ലേ..“ അശ്വതി അയാളുടെ കവിളിൽ നുള്ളി. പൊയ്പ്പോയ ബുദ്ധി പിടിച്ചാൽ കിട്ടില്ലലോ. പെൺബുദ്ധി അപാരം! പക്ഷേ അയാളത്‌ പറഞ്ഞില്ല.
ഒരുകൂട്ടം സംശയങ്ങളും, ചോദ്യങ്ങളും രാജീവന്റെ മനസ്സിൽ നിന്നും തികട്ടി വന്നു. അയാൾക്കത്ഭുതമായിരുന്നു.
അന്യമായ ഒരു നഗരത്തിൽ...ഇന്റർനെറ്റും ഓൺലൈൻ സൗഹൃദവുമല്ലാതെ, പച്ചയായ മനുഷ്യരോട്‌ തനിക്കറിയാവുന്ന ഭാഷയിൽ, നാട്യങ്ങളൊന്നുമില്ലാതെ തുറന്നു സംസാരിക്കാൻ കഴിയാതെ വരുന്ന ഒരു സാധാരണ നാട്ടിൻ പുറത്തുകാരി പെൺകുട്ടിയുടെ വികലമായ മനസ്സിന്റെ വിഭ്രാന്തിയാണോ താനീ കാണുന്നത്‌!
രാജീവൻ ചോദിച്ചു, ”അശ്വതീ, നീ എന്തോർത്തിട്ടാ... ഈ നേരത്ത്‌ പുറത്തിറങ്ങിയാ ഒരു പൂച്ചക്കുഞ്ഞിനെപോലും നിനക്ക്‌ കാണാൻ കിട്ടില്ല. വെറുതെ തണുപ്പുകൊള്ളാതെ കിടന്നുറങ്ങിയാൽ പോരേ?“
അശ്വതിയുടെ ചിരി കൂടുതൽ ഭംഗിയുള്ളതായി. നിരപ്പുള്ള വെളുത്ത പല്ലുകൾ പുറത്തുകാട്ടിയുള്ള അശ്വതിയുടെ ചിരിക്ക്‌ അസാധാരാണമായ ഒരു ഭംഗിയും വശ്യതയുമുണ്ടന്ന്‌ രാജീവന്‌ പലപ്പോഴും തോന്നിയിട്ടുണ്ട്‌. അയാൾ കൂടുതലൊന്നും പറയാതെ അശ്വതിയുടെ പുറകേ നടന്നു. കണ്ണും തിരുമ്മി.

പാതിരാത്രിയോളം തിരക്കൊഴിയാത്ത മാർക്കറ്റിന്റെ നിശബ്ദത അവരധികം കണ്ടിട്ടില്ലായിരുന്നു. വശങ്ങളിൽ പുറകോട്ട്‌ പാഞ്ഞുപോകുന്ന അടഞ്ഞ ഷട്ടറുകൾ നോക്കി അശ്വതി ഇരുന്നു. സ്കൂൾ സമുച്ചയം ചുറ്റി കാർ നഗരത്തിലെ പ്രധാന നിരത്തിൽ എത്തുന്നതു വരെ അവരൊന്നും സംസാരിച്ചില്ല.
അശ്വതിയാണ്‌ ആ നിശബ്ദതയെ ഭേദിച്ചുകൊണ്ട്‌ സംസാരം തുടങ്ങിയത്‌.
”അച്ഛൻ നാട്ടിൽ നിന്ന്‌ വന്നപ്പോഴാണ്‌ ഞാനീ സമയത്ത്‌ ഇതിന്‌ മുന്നേ വന്നിട്ടുള്ളത്‌.  നാലു മണിക്കത്തെ ട്രയിൻ വന്നപ്പോ സമയം 7 മണി. ഓർക്കുന്നുണ്ടോ അത്‌? നാട്ടിലാരുന്നപ്പോ ഈ നേരത്ത്‌ എണീറ്റ്‌ വല്ലപ്പോഴുമാണേലും അമ്പലത്തിൽ പോവുമായിരുന്നു.“
അശ്വതി പിന്നെയും എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. എല്ലാത്തിനും രാജീവന്റെ മറുപടി ഒരു മൂളലിൽ മാത്രം ഒതുങ്ങി നിന്നു.
പ്രധാനനിരത്തിൽ നിന്നും കാർ റെയിൽവേ സ്റ്റേഷൻ റോഡിലേയ്ക്ക്‌ തിരിഞ്ഞതും അശ്വതി പറഞ്ഞു.
”രാജീവേട്ടാ, വണ്ടിയൊന്ന്‌ നിർത്തണേ...ദേ, ആ സ്ട്രീറ്റ്‌ ലൈറ്റിന്റെ താഴെ...“
”നിനക്കിതെന്തിന്റെ പ്രാന്താ? മഞ്ഞത്ത്‌ റോഡിന്റെ നടുവിൽ...“ അയാൾ ബ്രേക്കിൽ അമർത്തി ചവുട്ടി.
അശ്വതി കാറിൽ നിന്നും ചാടി ഇറങ്ങുകയായിരുന്നു.” ആ ഡിക്കി ഒന്ന്‌ തുറക്കാമോ?“
രാജീവൻ കാറിൽ തന്നെയിരുന്നു.ഒന്നും മനസ്സിലാകാതെ... നഷ്ടമായ ഉറക്കത്തിന്റെ ആലസ്യമായിരുന്നു അയാൾക്ക്‌ അപ്പോഴും.
”രാജീവേട്ടാ, ഒരു നിമിഷം. ഞാനിതാ വരുന്നേ...“ രാജീവൻ  അടഞ്ഞുപോകുന്ന കണ്ണുകൾ ആയാസപ്പെട്ട് തുറന്നു.
സ്ട്രീറ്റ്‌ ലൈറ്റിന്റെ വെളിച്ചത്തിൽ അയാളതു കണ്ടു! അശ്വതിയുടെ കൈയിൽ കുറേ കമ്പിളിപ്പുതപ്പുകൾ! അവളതുമായ്‌ സ്ട്രീറ്റ്‌ ലൈറ്റിന്‌ താഴെ ചുരുണ്ട്കൂടി ഉറങ്ങുന്ന രൂപങ്ങളുടെ നേരേയ്ക്ക്‌ നടക്കുന്നു. രാജീവൻ കാറിൽ നിന്നും ഇറങ്ങി.
മരംകോച്ചുന്ന തണുപ്പ്! കമ്പിളി ഉടുപ്പില്ലാതിരുന്നിട്ടുകൂടി രാജീവൻ തണുപ്പറിഞ്ഞില്ല. അയാളുടെ ഉരുകുന്ന ഉള്ളത്തിന്റെ ചൂടിൽ ശരീരം വിയർത്തു.
ഉറങ്ങുന്ന രൂപങ്ങൾക്ക്‌ മുകളിൽ പുതപ്പ്‌ വിടർത്തി വിരിച്ചിട്ട്‌ മടങ്ങുന്ന അശ്വതിയുടെ കണ്ണുകളിലെ തിളക്കത്തിന്‌  എന്തെന്നില്ലാത്ത നിഷ്ക്കളങ്കത. ദൈന്യത നിഴലിക്കുന്ന മുഖവുമായ്‌ അശ്വതി അയാളെ നോക്കി.
”രാജീവേട്ടാ, കുറച്ച്‌ നാള്‌ മുന്നേ ഇതു ചെയ്യാൻ നമ്മുക്ക്‌ കഴിഞ്ഞിരുന്നേല്‌...ഈ പാവങ്ങൾ ഇത്രേം ദെവസം തണുപ്പ്‌ പിടിക്കാതെ കിടന്നേനേ. അല്ലേ?“
അയാളൊന്നും മിണ്ടിയില്ല. വണ്ടി സ്റ്റാർട്ട്‌ ചെയ്തു. നഗരം അപ്പോൾ തിരക്ക്‌ തുടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു.

Read more...

കിലുക്കിക്കുത്ത്

Wednesday, January 7, 2015


“എന്താ... എന്തു പറ്റി?”
അച്ഛൻ ആകെ വിയർത്തു കുളിക്കുകയായിരുന്നു. മഴവെള്ളം തലയിലൂടെ ഒലിച്ചിറങ്ങുന്നതുപോലെ വിയർപ്പു കണങ്ങൾ മുടിയിലൂടെ കവിളിലൂടെ താഴേയ്ക്ക്‌ ഇറ്റിറ്റു വീണുകൊണ്ടിരുന്നു.
“എന്താ... എന്തു പറ്റി?” മേശവിളക്കിന്റെ തിരി അല്പമൊന്നുയർത്തി അമ്മ വീണ്ടും ചോദിച്ചു.
അപ്പുക്കുട്ടൻ അപ്പോൾ ഇതൊന്നുമറിയാതെ ശാന്തമായ്‌ ഉറങ്ങുകയായിരുന്നു.
“എന്തെങ്കിലും അസഹ്യതയുണ്ടോ?” ചോദ്യം വീണ്ടും.
അച്ഛൻ തലയണ അല്പമൊന്നുയർത്തി കട്ടിലിലിൽ ചാരിവെച്ച്‌  ഉയർന്നിരുന്നു. അമ്മകൊണ്ടുവന്ന തുവർത്ത്‌ കൊണ്ട്‌ തലയും മുഖവുമൊക്കെ തുടച്ചു. ആ മുഖത്തപ്പോൾ ഒരു ചിരി മൊട്ടിട്ടു. പിന്നെയത്‌ അമ്മയിലേയ്ക്ക്‌ പടർന്നു.
അപ്പുക്കുട്ടൻ ഒന്നു തിരിഞ്ഞു കിടന്നു. അച്ഛന്റെ കൈത്തലം അവന്റെ കവിളിലൂടെ ഓടി. അച്ഛൻ ചിരിച്ചുകൊണ്ട് തന്നെയിരുന്നു. അമ്മയുടെ ചിരിനിന്നിരുന്നു.
“മനുഷ്യനെ പേടിപ്പിച്ചു കളഞ്ഞു...!”
അച്ഛൻ ചോദിച്ചു, “നിനക്ക്‌ കിലുക്കി കുത്ത്‌ അറിയുമോ?”
“പിന്നെ... പണ്ടെനിക്കതല്ലാരുന്നോ പണി... നട്ടപ്പാതിരായ്ക്ക്‌ എണീറ്റ്‌ പ്‌ രാന്ത്‌ പറയാതെ കിടന്നുറങ്ങാൻ നോക്ക്‌...” അമ്മ മേശ വിളക്കിന്റെ തിരി താഴ്ത്തി.

‘ഒന്ന്‌ വെച്ചാൽ രണ്ട്‌... രണ്ട്‌ വെച്ചാൽ നാല്‌...നാല്‌ വെച്ചാൽ എട്ട്‌... ആർക്കും വെയ്ക്കാം...എപ്പോഴും വെയ്ക്കാം...ആ...വെയ്‌ രാജാ വെയ്‌...’
കല്ലുപാലത്തിനടുത്തെത്തിയപ്പോഴാണ്‌ അച്ഛനത്‌ ശ്രദ്ധിച്ചത്‌! സാമാന്യം തരക്കേടില്ലാത്ത ഒരാൾക്കൂട്ടം. ആൾക്കൂട്ടത്തിനിടയിലൂടെ അച്ഛനും തലയിട്ടു നോക്കി.
കിലുക്കിക്കുത്ത്‌!
‘ഒന്ന്‌ വെച്ചാൽ രണ്ട്‌... രണ്ട്‌ വെച്ചാൽ നാല്‌...നാല്‌ വെച്ചാൽ എട്ട്‌... ആർക്കും വെയ്ക്കാം...എപ്പോഴും വെയ്ക്കാം...ആ...വെയ്‌ രാജാ വെയ്‌...’ കിലുക്കിക്കുത്തുകാരന്റെ ശബ്ദം വീണ്ടും വീണ്ടും.
പലരും പണം വെയ്ക്കുന്നു. കളിക്കുന്നു. ചിലർക്കൊക്കെ കൈ നിറയെ കാശ്‌. നിമിഷനേരം കൊണ്ട്‌ പോക്കറ്റ്‌ നിറയുന്ന മായാജാലം കണ്ട്‌ അച്ഛനങ്ങനെ നിന്നു. കുറേനേരം.
ഒന്നു ശ്രമിച്ചാലെന്താ...!!!
മനസ്സ്‌ പറയുന്നു...വെയ്‌...വെയ്‌...കിട്ടിയാൽ നീ രക്ഷപ്പെട്ടു. പോണാൽ പോട്ടെ...
അഞ്ചുരൂപാ നോട്ട്‌ അച്ഛന്റെ പോക്കറ്റിൽ നിന്നും കളത്തിൽ വീണു.
കിലുക്കിക്കുത്തുകാരൻ പറഞ്ഞുകൊണ്ടിരുന്നു...വെയ്‌ രാജാ വെയ്‌....
കൂടിനിന്നവർ കൈയടിച്ചു.
ആദ്യശ്രമം വിജയിച്ചു. അച്ഛന്റെ പൈസ ഇരട്ടിച്ചു. വെയ്‌ രാജാ വെയ്‌...കാതുകളിലാശബ്ദം ഇരമ്പി...അച്ഛനാവേശമായി.
പിന്നെ...
പോക്കറ്റിൽ നിന്നും പണമിറങ്ങിക്കൊണ്ടിരുന്നു. കിട്ടുന്നതിനേലും വേഗം!
വെയ്‌ രാജാ വെയ്‌...
അച്ഛൻ കാതുകൾ പൊത്തി. കിലുക്കിക്കുത്തുകാരന്റെ ശബ്ദം കാതുകൾക്ക്‌ അസഹ്യതയുണ്ടാക്കി. പതറിയ മനസ്സും, ഇടറുന്ന പാദങ്ങളുമായി അച്ഛൻ തിരികെ നടന്നു. ആഴ്ചയുടെ അദ്ധ്വാനം പോക്കറ്റിൽ നിന്നും പോയിരിക്കുന്നു!
എന്തു ചെയ്യും?
അപ്പുക്കുട്ടന്റെ മരുന്ന്‌...
വാതിൽപടിയിലിരുന്ന്‌ മുട്ടുകാലിൽ തലവെച്ച്‌ ശ്വാസംകിട്ടാൻ ബുദ്ധിമുട്ടുന്ന അപ്പുക്കുട്ടന്റെ രൂപം അച്ഛന്റെ മനസ്സിന്റെ വിങ്ങലായി....ഒരു നിമിഷത്തെ ദുരാഗ്രഹം.
‘കുറുക്കുവഴി തേടുന്ന മനുഷ്യാ, നീ അനുഭവിക്കും’ ആരോ വിളിച്ചുപറയുന്നു. അച്ഛന്റെ നടപ്പിന്‌ വേഗം കൂടി.

രാവിലെ വീട്ടിൽ നിന്നും അച്ഛനിറങ്ങുമ്പോൾ അപ്പുക്കുട്ടന്‌ തീരെ വയ്യായിരുന്നു.
വലിവ്‌ ദീനം.
കൊഞ്ചുപോലെ വാതിൽപടിയിൽ കുത്തിയിരുന്ന്‌ വെയിലുകൊള്ളുന്ന  അപ്പുക്കുട്ടന്റെ മൂർദ്ധാവിൽ അച്ഛൻ ഉമ്മവെച്ചുകൊണ്ട്‌ പറഞ്ഞു. “വൈകുന്നേരം അച്ഛൻ വരുമ്പോൾ മരുന്നു വാങ്ങി വരാം. കേട്ടാ.”
അവനത്‌ കേട്ടില്ല. അവന്റെ ശ്രദ്ധ വാതിൽക്കലെ ചെമ്പരത്തിച്ചെടികളിലായിരുന്നു! പൂക്കളിൽ തേൻ കുടിക്കാൻ എത്തിയ കുരുവികളെ അപ്പുക്കുട്ടൻ കണ്ടു. അന്തരീക്ഷത്തിൽ ചിറക്‌ വീശി ചുണ്ടുകൾ പൂക്കൾക്കുള്ളിലാക്കുന്ന ആ അത്ഭുതത്തെ അപ്പുക്കുട്ടൻ ആവേശത്തോടെ നോക്കി.
വാതിൽപ്പടിയിൽ നിന്നും അപ്പുക്കുട്ടൻ ചാടി...മുറ്റത്തെ വെള്ളമണലിലേയ്ക്ക്‌...
അവൻ പറക്കുകയായിരുന്നു.കുരുവിയെപ്പോലെ...
നെഞ്ചിൻകൂടിന്നുള്ളിൽ നിന്നും തുടങ്ങി തൊണ്ടയിൽ കുടുങ്ങിയ ശക്തമായ ഒരു ചുമ അപ്പുക്കുട്ടന്റെ വയറ്റിലൊരു കൊളുത്തിപ്പിടുത്തമുണ്ടാക്കി.
 ചെമ്പരത്തിപ്പൂക്കളിലെ കുരുവികൾ നടുങ്ങി. കുരുവികളുടെ ചിറകടി ശബ്ദം ഒരു ഇരമ്പലായി കാറ്റിനൊപ്പം അലിഞ്ഞു.
“വയ്യാത്ത കൊച്ചനാ...ഒന്നടങ്ങിയിരുന്നുകൂടെ നെനക്ക്‌...അച്ഛൻ മരുന്ന്‌ വാങ്ങി വരണവരെയെങ്കിലും...” അമ്മയുടെ ശബ്ദം ഒരു നേർമ്മയായി അപ്പുക്കുട്ടന്റെ കാതുകളിൽ പതിച്ചു.

“നിനക്ക് കിലുക്കിക്കുത്തറിയുമോ?” അച്ഛന്റെ ചോദ്യം വീണ്ടും. അമ്മ മേശവിളക്കിന്റെ വീണ്ടുമുയർത്തി ചോദിച്ചു. “നിങ്ങൾക്കിതെന്താ പറ്റിയേ? നട്ടപ്പാതിരാക്ക് കിലുക്കിക്കുത്ത്!”
“എല്ലാം പറ്റീരാടി...എല്ല്ലാം അവര്‌ടെ ആൾക്കാരാ...ഞാൻ മണ്ടൻ! അതറിയാണ്ടെ കാശെല്ലാം കളഞ്ഞു...”
“ഓരോരോ പ് രാന്ത്! ഒറക്കപ്പിച്ച് പറയാതെ കെടന്നൊറങ്ങാൻ നോക്ക്.” അമ്മ തലകീഴേ പുതപ്പ് വലിച്ചിട്ട് അപ്പുക്കുട്ടനെ കെട്ടിപ്പിടിച്ച് കിടന്നു.
അച്ഛന്റെ കൈകൾ അപ്പുക്കുട്ടന്റെ കവിളിലൂടെ ഓടി. നെറ്റിയിലേയ്ക്ക് വീണുകിടന്ന അവന്റെ നീണ്ട മുടി അച്ഛൻ വശങ്ങളിലേയ്ക്ക് ഒതുക്കി.
അപ്പുക്കുട്ടന്റെ ശ്വാസത്തിന്‌ ഇപ്പോൾ വലിവിന്റെ കൂകിവിളിയില്ല.
അച്ഛന്റെ മുഖം അപ്പുക്കുട്ടന്റെ കവിളിനോട് ചേർന്നു. “മുതലാളി കടം തന്നില്ലായിരുന്നേല്‌ ഞാനെന്തുചെയ്തേനേടാ മോനേ...?” അപ്പുക്കുട്ടനത് കേട്ടില്ല. അവൻ ശാന്തമായ് ഉറങ്ങുന്നു. അമ്മയത് കേട്ടില്ല.
ഇപ്പോൾ അപ്പുക്കുട്ടന്റെ വലിവിന്റെ ശബ്ദമില്ല. അമ്മയുടെ കൂർക്കം വലി മാത്രം!
തിരി താഴുന്ന മേശവിളക്കിന്റെ വെട്ടത്തിൽ അച്ഛന്റെ മുഖത്തൊരു ചിരികാണാം. സംതൃപ്തിയുടെ ഒരു ചിരി.
 ശുഭം!

Read more...

പ്രത്യേക ശ്രദ്ധയ്ക്ക്

Creative Commons License
എന്റെ ചില കുറിപ്പുകള്‍ by K.M.Satheesan is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Based on a work at www.satheeskm.blogspot.com.
Permissions beyond the scope of this license may be available at www.satheeskm.blogspot.com.

വിരുന്നുകാർ

Powered By Blogger

ഓർക്കണേ പ്ലീസ്...

ഈ ബ്ലോഗിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങളോ, സന്ദർഭങ്ങളോ, കഥാപാത്രങ്ങളോ ഏതെങ്കിലും വിധത്തിൽ ആരെങ്കിലുമായി ബന്ധപ്പെട്ടിട്ടുണ്ടന്ന് തോന്നുന്നുവെങ്കിൽ അത് സ്വാഭാവികം മാത്രം.

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP