Followers

എന്റെ പ്രിയ സ്നേഹിതന്...

Sunday, December 28, 2008

എന്റെ പ്രീയ സുഹൃത്തിന്,

നമ്മള്‍ തമ്മില്‍ പിരിഞ്ഞിട്ട് ഒരുപാട് വര്‍ഷങ്ങളായല്ലോ.കുറച്ചധികം ബുദ്ധിമുട്ടി നിന്റെ മേല്‍വിലാസമൊന്നു കണ്ടുപിടിക്കുവാന്‍. വളരെ നാളുകളായി നിന്നെക്കുറിച്ച് യാതൊരറിവുമില്ലായിരുന്നല്ലോ. നീയിന്ന് വളരെ നല്ലൊരു നിലയിലെത്തിയെന്നറിഞ്ഞതില്‍ സന്തോഷിക്കുന്നു.
നമ്മള്‍ തമ്മില്‍ പിരിഞ്ഞ ആ ദിനം ഞാനിപ്പോഴും ഓര്‍ക്കുന്നു.അന്ന് ഞാന്‍ നിന്നോട് ഒരു ഫോട്ടോ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.നിന്റെ മറുപടി ഞാനിപ്പോഴുമോര്‍ക്കുന്നു. ഇന്നലത്തെപ്പോലെ.

''എന്നെ ഓര്‍ക്കുവാന്‍ നിനക്ക് ഒരു ഫോട്ടോയുടെ ആവശ്യമുണ്ടോ?''നീയത് ചോദിച്ചപ്പോള്‍ സത്യത്തില്‍ ഞാന്‍ ഇളിഭ്യനാവുകയായിരുന്നു. എന്റെ ഹൃദയത്തിലായിരുന്നു ആ വാക്കുകള്‍ കൊണ്ടത്. ആര്‍ക്ക് ഫോട്ടൊകൊടുത്താലും എനിക്ക് നീയത് തരില്ലായെന്ന് പറഞ്ഞപ്പോള്‍ ഞാനതിശയപ്പെട്ടില്ല. നിന്നെ എനിക്കെങ്ങനെ മറക്കുവാന്‍ കഴിയുമെടാ. നിന്നെ എനിക്കിപ്പോഴും കാണുവാന്‍ കഴിയുന്നു. കൂടുതല്‍ വ്യക്തതയോടെ.എന്റെ കണ്മുന്നില്‍ നില്‍ക്കുന്നതുപോലെ. നിന്റെ ആ വാചകങ്ങള്‍ എന്റെ കണ്ണ് തുറപ്പിക്കുകയായിരുന്നു.സ്നേഹത്തിന്റെ നിലനില്‍പ്പിന് ഭൗതികമായ യാതൊന്നിന്റേയും ആവശ്യമില്ലായെന്ന തിരിച്ചറിവ് നീയെനിക്ക് നല്‍കുകയായിരുന്നു.

നമ്മള്‍ തമ്മില്‍ പരിചപ്പെട്ടത് ഒന്നാം വര്‍ഷ ക്ലാസ് തുടങ്ങി വളരെ ദിവസങ്ങള്‍ കഴിഞ്ഞായിരുന്നുവല്ലോ. ആ ദിവസം നീയോര്‍ക്കുന്നുണ്ടാവുമോയെന്നറിയില്ല. ഞാനതോര്‍ക്കുന്നു. അന്ന് കെന്നഡി ഏതോ കാരണത്താല്‍ എന്നോട് വഴക്ക് കൂടുകയായിരുന്നു. കാരണമെന്തായിരുന്നുവെന്ന് ഞാനിപ്പോള്‍ വ്യക്തമായി ഓര്‍ക്കുന്നില്ല. നീ കൃത്യസമയത്ത് എത്തിയതിനാല്‍ അന്നൊരടിപിടി ഒഴിവാകുകയായിരുന്നു. ഞങ്ങള്‍ തമ്മില്‍ വീണ്ടുമൊര് വഴക്കിനിടനല്‍കാതെ നീ ഞങ്ങള്‍ക്കിടയില്‍ ഇരിക്കാന്‍ തുടങ്ങിയതുമുതലാണ് നമ്മുടെ സൗഹൃദം തുടങ്ങിയത്. ക്രമേണ നമ്മളറിയാതെ അതു വളരുകയായിരുന്നല്ലോ. ഒരു പക്ഷേ കോളേജിലെ ഏറ്റവും നല്ല സുഹൃത്തുക്കള്‍ നമ്മളായിരുന്നുവെന്നെനിക്ക് തോന്നുന്നു. നീയില്ലാതെ എന്നേയും ഞാനില്ലാതെ നിന്നേയും ഒന്ന് കണ്ടുമുട്ടുന്നതിനുവേണ്ടി നമ്മുടെ സുഹൃത്തുക്കള്‍ എത്രയധികം ശ്രമിച്ചിരുന്നു!
ഒരുപക്ഷേ ഏകദേശം ഒരേ ജീവിതസാഹചര്യങ്ങളില്‍ വളര്‍ന്നവരായതുകൊണ്ടാവാം നമ്മള്‍ തമ്മില്‍ ഇത്രയ്ക്ക് അടുത്തുപൊയത്. എങ്കിലും നിന്നെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഞാനെത്ര ഭാഗ്യവാനായിരുന്നു. എനിക്കില്ലാതെ പോയത് പണം മാത്രമായിരുന്നല്ലോ. അതുകൊണ്ടുള്ള കുറവുകള്‍ മാത്രമായിരുന്നല്ലോ. നിന്റെ കാര്യമതായിരുന്നല്ലല്ലോ. സമ്പന്നതയുടെയും സമൃദ്ധിയുടെയും നടുവില്‍ ജനിച്ചു വളര്‍ന്ന നിനക്ക് അതോരോന്നും നഷ്ടമാകുകയായിരുന്നല്ലോ. നന്നേ ചെറുപ്പത്തില്‍ തന്നെ അച്ഛനെ നഷ്ടമായി നിനക്ക്. വിധി നിനക്കെതിരെ തിരിയുകയായിരുന്നു.അച്ഛനുണ്ടാക്കിയ കടങ്ങള്‍ വീട്ടുമ്പോഴേയ്ക്കും ചേട്ടനും രണ്ട് ചേച്ചിമാരും അമ്മയുമടങ്ങുന്ന നിന്റെ കുടുംബം ജീവിതചെലവിനായി ബന്ധുക്കളെ ആശ്രയിക്കേണ്ട ഗതി വന്നിരുന്നു. പക്ഷേ ചേട്ടനു പ്രായപൂര്‍ത്തിയായതോടെ നിന്റെ കുടുംബത്തില്‍ വീണ്ടും പ്രതീക്ഷയുടെ പൊന്‍കിരണങ്ങള്‍ തെളിഞ്ഞു.ചേട്ടനും അച്ഛനെപ്പോലൊരു പട്ടാളക്കാരനാകുന്നതില്‍ നിന്റമ്മയ്ക്ക് താല്‍പ്പര്യമില്ലായിരുന്നല്ലോ. എന്നിട്ടും ഒരു കുടുംബത്തെ ഓര്‍ത്ത് മാത്രം ചേട്ടന്‍ പട്ടാളത്തില്‍ ചേരേണ്ടതായി വന്നു.
നിങ്ങളുടെ ജീവിതത്തില്‍ വീണ്ടും ആശയുടെ തിരിനാളങ്ങളുണ്ടാവുകയായിരുന്നു. നിന്റെ മൂത്ത ചേച്ചിയെ നല്ലൊരു കുടുംബത്തിലേയ്ക്ക് അയച്ചപ്പോള്‍ നിന്റമ്മയ്ക്കുണ്ടായ സന്തോഷത്തെ ക്കുറിച്ച് നീയെന്നോട് പറഞ്ഞിട്ടുള്ളതാണല്ലോ. അച്ഛനില്ലാത്ത കുട്ടിയെ കഴിവുള്ളൊരുത്തന്റെ കൈയില്‍ നിന്റെ ചേട്ടന്‍ പിടിച്ച് കൊടുക്കുമ്പോള്‍ നീ നിന്റെ സ്വന്തം അച്ഛനെയായിരുന്നല്ലോ ചേട്ടനില്‍ കണ്ടത്.അച്ഛനും, ചേട്ടനും, സുഹ്രുത്തും,ഗുരുവുമായ ആ ചേട്ടനെക്കുറിച്ച് പറയുമ്പോള്‍ നിനക്ക് നിന്റെ നാവിനെ നിയന്ത്രിക്കുവാന്‍ സാധിക്കുമായിരുന്നില്ല.ഇളം പ്രായത്തില്‍ തന്നെ അമ്മയും,രണ്ട്പെണ്മക്കളും പിന്നെ നീയുമടങ്ങുന്ന കുടുംബത്തിന്റെ പ്രാരാബ്ധത മുഴുവന്‍ സ്വന്തം ചുമലിലേറ്റി പഞ്ചാബിലും,കാശ്മീരിലും, ആസാമിലുമെല്ലാം വിയര്‍പ്പൊഴുക്കിയ ആ ചേട്ടനെ ഒരിക്കല്‍പോലും കണ്ടിട്ടില്ലെങ്കില്‍ കൂടിയും ഞാനു സ്നേഹിച്ചിരുന്നു. നിന്റെ വാക്കുകള്‍ നല്‍കിയ ചേട്ടന്റെ ചിത്രം എന്റെ മനസ്സിലും പതിഞ്ഞിരുന്നു.

അവസാനവര്‍ഷ പരീക്ഷ അടുത്ത് വരുന്ന ആ നാളുകളിലായിരുന്നുവല്ലോ നിന്നെ വീണ്ടും ദുരന്തം കടന്നുപിടിച്ചത്. നിനക്കേറ്റവും പ്രീയപ്പെട്ട നിന്റെ ചേട്ടന്റെ വിയോഗം.ചേട്ടനോടിച്ചിരുന്ന പട്ടാളവണ്ടി ട്രയിനുമായി കൂട്ടിയിടിച്ചു എന്ന വാര്‍ത്തയറിഞ്ഞ് തളര്‍ന്നിരുന്ന നിന്റെ മുഖം ഞാനിന്നുമോര്‍ക്കുന്നു. ചേട്ടന്റെ മുഖം അവസാനമായി ഒരുനോക്ക് കാണാനുള്ള ഭാഗ്യമില്ലാതെയുള്ള നിന്റെയാ ഇരിപ്പ് എനിക്കൊരിക്കലും മറക്കാനാവില്ല.നിനക്കുണ്ടായ ദുരന്തം നിന്റേത് മാത്രമല്ലായിരുന്നു. ഞങ്ങളെല്ലാവരുടേതുമായിരുന്നു. കോളേജിലെ മുന്തിയ വിദ്യാര്‍ത്ഥികളിലൊരാളായ നീ പരീക്ഷ എഴുതുന്നില്ല എന്നുള്ള തീരുമാനം എന്നെ വളരെയധികം ദുഃഖിപ്പിച്ചു.
വിനയനും സുഹൈബുമെല്ലാം നിന്നെ എത്രമാത്രം സഹായിച്ചു എന്നെനിക്കറിയാം. സത്യത്തില്‍ ആപത്തില്‍ നിന്നെ സഹായിക്കാന്‍ അവരൊക്കെയേ ഉണ്ടായിരുന്നുള്ളു. വീട്ടിലെ ദൈന്യത ഏറിയ മുഖങ്ങളില്‍ നിന്നും നിന്നെ രക്ഷപ്പെടുത്തുവാനും കവിതാ ലോഡ്ജില്‍ കൊണ്ടുവന്ന് പഠനത്തിന് സൗകര്യമുണ്ടാക്കി തരുവാനും നല്ലവരായ സുഹൃത്തുക്കള്‍ ഉണ്ടായല്ലോ. ഏറ്റവും അടുത്ത സുഹൃത്തെന്ന് കരുതിയിരുന്ന ഞാന്‍ നിന്നെ സഹായിക്കുവാനോ ഒന്ന് സമാശ്വസിപ്പിക്കുവാനോ പിന്നിടുണ്ടായില്ല. ഉണ്ടായില്ല എന്നതിനേക്കാളുപരി എനിക്കായില്ല എന്നു പറയാനാണെനിക്കിഷ്ടം.

നിന്റെ സൗഹൃദവും, സ്നേഹവും എന്നും ആഗ്രഹിച്ചവനും അതൊട്ടും തിരിച്ച് നല്‍കുവാന്‍ കഴിയാതിരുന്നവനുമായ എന്നെ നീ സ്വാര്‍ത്ഥന്‍ എന്ന് ഒരു പക്ഷേ വിളിച്ചേക്കാം. ഒരു കണക്കിന് പറഞ്ഞാല്‍ ഞാന്‍ സ്വാര്‍ത്ഥനാണ്. ഞാനെന്റെ വീടിനെക്കുറിച്ചോര്‍ത്തുപോയി. കാറ്റടിച്ചാല്‍ നിലത്ത് വീഴാന്‍ തയ്യാറായി നില്‍ക്കുന്ന വീടിനെക്കുറിച്ചോര്‍ത്തുപോയി.എന്റെ അച്ഛനേയും, അമ്മയേയും കുറിച്ചോര്‍ത്തുപോയി.മക്കളെ പഠിപ്പിച്ച് നല്ലരീതിയിലാക്കാന്‍ വേണ്ടി രാപകലില്ലാതെ എല്ലുമുറിയെ പണിയെടുക്കുന്ന എന്റെ അച്ഛനേയും അമ്മയേയും കുറിച്ചോര്‍ത്തുപോയി. ആ ഓര്‍മ്മകളില്‍ ഞാനെല്ലാം മറന്നു. നിന്നെ മറന്നു. നമ്മുടെ സുഹൃത്തുക്കളെ മറന്നു. എല്ലാവരേയും മറന്നു.
മഴയത്ത് തേരട്ട ഇറ്റ് വീഴുന്ന ഓലപ്പുരയില്‍ മണ്ണെണ്ണ വിളക്കിന്റെ പുകയേറ്റ് പുസ്തകവും തുറന്ന് ഞാനിരുന്നു.എങ്ങനേയും പഠിച്ച് ഒരുനിലയിലെത്തണമെന്ന ആഗ്രഹവുമായി. അവിടെ മറ്റെല്ലാം ഞാന്‍ മറന്നു. ഞാന്‍ സ്വാര്‍ത്ഥനായി. ഉന്നതമായ നിലയില്‍ ഞാന്‍ പരീക്ഷപാസായി. നീയും എരിയുന്ന കനലും ഉള്ളിലടക്കി നല്ലരീതിയിൽ പാസായി.

പിന്നീടെനിക്ക് നിന്നെക്കുറിച്ചൊരറിവുമില്ലായിരുന്നു. നീയെന്നെ വെറുക്കുന്നു എന്ന് ഞാന്‍ സ്വയം തീരുമാനിച്ചു. പക്ഷേ എന്റെ സകല വികല ചിന്തകളേയും തകിടം മറിച്ച്കൊണ്ട് ഒരുനാള്‍ നിന്റെ കത്തെനിക്കുകിട്ടി. നിന്റെ രണ്ടാമത്തെ ചേച്ചിയുടെകല്യാണ ക്ഷണക്കത്ത്. ഞാന്‍ വളരെയേറെ സന്തോഷിച്ചു. കല്യാണത്തിന് രണ്ട് ദിവസം മുന്നേ തന്നെ എത്തുമെന്ന് കാണിച്ച് ഞാന്‍ നിനക്ക് മറുപടി എഴുതി.

ഞാന്‍ നിന്നെ വീണ്ടും നിരാശപ്പെടുത്തി. ഇത്തവണ എനിക്ക് വാക്ക് പാലിക്കാന്‍ കഴിഞ്ഞില്ല. അതില്‍പിന്നെ നമ്മളിന്ന് വരെ കത്തുകളിലൂടെയോ അല്ലാതെയോ ബന്ധപ്പെട്ടിട്ടില്ല. ആപത്തില്‍ നിന്നെ സഹായിക്കാന്‍ കഴിയാതിരുന്ന എന്നെ ഒരു വാക്ക്കൊണ്ട് പോലും വേദനിപ്പിക്കാതിരുന്ന നിന്നെ ഞാന്‍ വീണ്ടും നിരാശപ്പെടുത്തി. തീര്‍ച്ചയായും എന്റെ അസാന്നിദ്ധ്യം നിന്നെ വേദനപ്പെടുത്തിക്കാണുമെന്നെനിക്കറിയാം.
എങ്കിലും സുഹൃത്തേ, ഞാനൊന്നു പറഞ്ഞോട്ടെ. നീ വിശ്വസിക്കുമോ എന്നെനിക്കറിയില്ല. നീയല്ല ലോകത്താരും വിശ്വസിക്കാന്‍ സാദ്ധ്യതയില്ല. അത്തരം ബാലിശമായ കാരണമാണല്ലോ എനിക്ക് നിന്നോട് പറയാനുള്ളത്. അതും കല്യാണത്തിന് വരാതിരുന്നതിന്റെ കാരണമായി. എന്നെക്കുറിച്ച് വ്യക്തമായി അറിയാവുന്നതുകൊണ്ടായിരിക്കുമല്ലോ അന്ന് നീ ക്ഷണക്കത്തില്‍ 'your presence is the present' എന്നെഴുതിയത്. ശരിയാണ് ചേച്ചിയ്ക് വേണ്ടി ഒരു സമ്മാനം വാങ്ങിവരാനുള്ള കഴിവെനിക്കില്ലായിരുന്നു എന്ന് നിനക്ക് മനസ്സിലാക്കാന്‍ സാധിച്ചു. പക്ഷേ എന്റെ അവസ്ഥ അതിനേക്കാളും എത്രയോ പരിതാപകരമായിരുന്നു. സമ്മാനം പോയിട്ട് ബസ്കൂലി ഉണ്ടാക്കാനുള്ള അവസ്ഥപോലും എനിക്കന്നുണ്ടായിരുന്നില്ല.
നിന്റെ ചേച്ചിയുടെ വിവാഹം എന്റേയും ചേച്ചിയുടെ വിവാഹമല്ലേ? അവിടെ എനിക്കെത്തിച്ചേരുവാന്‍ ആഗ്രഹമില്ലാതിരിക്കുമൊ?
നിന്റെ ചുണ്ടിലെ പരിഹാസം എനിക്ക് കാണുവാന്‍ കഴിയുന്നുണ്ട്. ഇതും ഒരൊഴിവ്കഴിവായി നീ കാണുന്നുണ്ടാവാം. അല്ല സുഹൃത്തേ.. സത്യമായിട്ടും അല്ല..എനിക്ക് നിന്നോട് കളവ് പറയാനാവില്ല. ഞാന്‍ പറഞ്ഞതെല്ലാം അക്ഷരംപ്രതി സത്യമാണ്.
ഒരുനേരത്തെ ആഹാരത്തിനായ് പരക്കം പായുന്ന മാതാപിതാക്കളോട് കല്യാണത്തിന് വരാനായി കുറച്ച് പൈസ ചോദിക്കുവാന്‍ എന്റെ മനസാക്ഷി എന്നെ അനുവദിച്ചില്ല. ഒരുപക്ഷേ ചോദിച്ചിരുന്നെങ്കില്‍ അവരെങ്ങനെയെങ്കിലും സംഘടിപ്പിച്ച് തരുമായിരുന്നിരിക്കാം. പക്ഷേ എനിക്കതായില്ല. എല്ലാമറിഞ്ഞുകൊണ്ട് ഞാനത് വേണ്ടന്ന് വെച്ചു.

സുഹൃത്തേ, ഞാനധികം ദീര്‍ഘിപ്പിക്കുന്നില്ല. നിന്റെ സഹതാപം പിടിച്ച് പറ്റുവാന്‍ വേണ്ടിയല്ല ഞാനിതെഴുതുന്നത്. ഇവിടേയും ഞാനല്‍പം സ്വാര്‍ത്ഥത കാണിക്കുകയാണ്. ഇത്..എന്റെ..എന്റെ മാത്രം സന്തോഷത്തിനുവേണ്ടിയാണ്. എന്റെ ഒരാശ്വസത്തിനുവേണ്ടിയാണ്.

നിന്നോട് ഒരിക്കലും ഒരു നല്ല വാക്ക് പറയുവാനോ, സഹായിക്കുവാനോ, ആശ്വസിപ്പിക്കുവാനോ എനിക്ക് കഴിഞ്ഞിട്ടില്ല. എങ്കിലും സുഹൃത്തേ നീയൊന്നറിയുക. ഇന്നെനിക്ക് നിന്റെ മുഖം കാണുവാന്‍ ഫോട്ടോയുടെ ആവശ്യമില്ല. അതെന്റെ ഉള്ളില്‍ തന്നെയുണ്ട്. എന്റെ മുന്നില്‍തന്നെയുണ്ട്. ഒരിക്കലും മങ്ങാത്ത മായാത്ത ഒരു ചിത്രം പോലെ...എപ്പോഴും...
നിന്നെക്കുറിച്ചോര്‍ക്കാത്ത...ഒരുനിമിഷമെങ്കിലും നിനക്കുവേണ്ടി പ്രാര്‍ത്ഥിക്കാത്ത ഒരു ദിനംപോലും നമ്മള്‍ തമ്മില്‍ പിരിഞ്ഞതില്‍ പിന്നെ എനിക്കിന്നേവരെ ഉണ്ടായിട്ടില്ല...ഇനി ഉണ്ടാവുകയുമില്ല... അതെങ്കിലും എനിക്ക് നിനക്കുവേണ്ടി ചെയ്യാന്‍ പറ്റുന്നല്ലോ എന്ന ആശ്വാസം മാത്രം ബാക്കി... എപ്പോഴെങ്കിലും ഒന്ന് നേരിൽ കാണാൻ കഴിയുമെന്ന ആശയോടെ...

നിര്‍ത്തട്ടെ,
സസ്നേഹം
അപ്പുക്കുട്ടന്‍.

Read more...

വെടിയൂതി

Monday, November 17, 2008

സന്ധ്യാസമയത്ത് ആശാന്റെ ചായക്കടയിൽ പതിവ് പോലെ തന്നെ ചർച്ച നടക്കുകയാണ്. വിഷയം ഇന്നതെന്നൊന്നുമില്ല. ആകാശത്തിന് കീഴിലുള്ളതെന്തുമെന്ന് പണ്ടൊക്കെ വേണമെങ്കിൽ പറയാമായിരുന്നു. ഇന്ത്യയുടെ ബഹിരാകാശപ്രവേശന ശേഷം ചർച്ചാവിഷയങ്ങളിലും കാര്യമായ മാറ്റമുണ്ടായി.”നമ്മടെ ഇന്ത്യ ഇനി ചന്ദ്രനിലും, ചൊവ്വേലുമെല്ലാം പോവും. അമേരീക്കേനേം,റഷ്യേനേമെല്ലാം തരിപ്പണമാക്കാനുള്ള സംഗതിയെല്ലാം നമ്മളുണ്ടാക്കും.ഓട്ടവും,ചാട്ടവും, ഫുട്ബോളും,ഹോക്കിയെല്ലാം ആരേലുമെടുത്തോട്ടേന്ന്! പക്ഷേങ്കില് ആകാശത്തിന്റെ കാര്യത്തീ നമ്മളിനി വിടില്ല.” പണിക്കര് ചേട്ടൻ ദേശ സ്നേഹം മൂത്ത് ഇത്രയും പറഞ്ഞത് കുഞ്ഞൻ സഖാവിന് അത്രയ്ക്ക് ഇഷ്ടപ്പെട്ടില്ല. “ദേ, കാര്യോക്കെ പറഞ്ഞേക്കാം, അമേരിക്കേനെ എന്ത് വേണേ പറഞ്ഞോ...പക്ഷേ റഷ്യേനേ തൊട്ടാലുണ്ടല്ലോ...” സഖാവിന് പിന്നെ ഒന്നും പറയാൻ കഴിഞ്ഞില്ല. ആൾ നിന്ന് വിറയ്ക്കുകയായിരുന്നു. ചർച്ചക്കാർ രണ്ട് ചേരിയായി തിരിഞ്ഞ് എന്തെങ്കിലുമൊക്കെ സംഭവിക്കുമെന്ന് പ്രതീക്ഷിച്ച് നിന്നപ്പോഴാണ് അതുണ്ടായത്! റഷ്യ-അമേരിക്ക സംഘട്ടനം കൗതുകത്തോടെ വീക്ഷിച്ചുകൊണ്ട് കട്ടൻ ചായ മോന്തിക്കൊണ്ടിരുന്ന വിജയപ്പൻ ഡെസ്കിന്മുകളിലൂടെ ഒരു ചാട്ടം. ചാട്ടം ചെന്ന് നിന്നത് അടുക്കളയിൽ. പിന്നെ കണ്ടത് കത്തുന്ന വിറകു കൊള്ളിയുമായൊള്ളൊരു ഓട്ടം!
“അവൻ തൊടങ്ങി കലാപരിപാടി” ആശാന്റെ മുഖത്ത് വാഗ്വാദം നിന്നുപോയതിന്റെ നിരാശയുണ്ടാ‍യിരുന്നു.

വിജയപ്പൻ സ്കൂളിൽ പോകുന്നത് ഉപ്പുമാവ് തിന്നാൻ വേണ്ടി മാത്രമാണന്ന് കണ്ടുപിടിച്ചത് യാദൃശ്ചികമായിട്ടൊന്നുമല്ലായിരുന്നു. ഭക്തിപുരസരം ‘ഉപ്പുമാവ് ശരണം’ മന്ത്രവുമുരുവിട്ട് കൊണ്ട് വിജപ്പൻ ഉപ്പുമാവ് പുരയ്ക്ക് വലം വെയ്ക്കാൻ തുടങ്ങിയപ്പോൾ ‘ഉപ്പുമാവ് സാർ’ എന്ന് വിളിക്കുന്ന രാമൻ ചേട്ടൻ വിജയപ്പനെ അടുപ്പിലെ തീയൂതാൻ വിളിച്ചു. അങ്ങനെ വിജയപ്പൻ ‘തീയൂതി‘യായ് അറിയപ്പെടാൻ തുടങ്ങി! വിജയപ്പന് അതൊന്നും പ്രശ്നമല്ലായിരുന്നു. തീയൂതിയായാലും വയറ്റിലെ ആന്തൽ നിൽക്കുമെന്നുള്ളതുകൊണ്ട് ഉപ്പുമാവ് പുരയിലെ ജോലി വിജയപ്പൻ സ്ഥിരമാക്കി. ഉപ്പുമാവ് സാർ സന്തുഷ്ടനായി!
പക്ഷേ വില്ലനായി അവതരിച്ചത് സുഗതൻ സാറാണ്. വിജയപ്പന്റെ തീയൂതൽ അറിഞ്ഞ സുഗതൻ സാർ ഒരുനാൾ മുയലിനെ ചെവിയിൽ പിടിച്ച് തൂക്കിയെടുക്കുന്നത് പോലെ തൂക്കിയെടുത്ത് വിജയപ്പനെ അസംബ്ലിയിൽ കൊണ്ടുവന്നു. ഉപ്പുമാവ് തിന്നാൻ വേണ്ടി മാത്രം സ്കൂളിലെത്തുന്നവനെന്ന കുറ്റം വിജയപ്പനിൽ ആരോപിക്കപ്പെട്ടു! ചെവിയിൽ തൂക്കിയെടുത്ത് കൊണ്ടുവന്ന് തുടയ്ക്കിട്ടടിച്ചതിൽ വിജയപ്പന് സങ്കടമുണ്ടായില്ല. പക്ഷേ ഇനിമുതൽ ഉപ്പുമാവ് പുരയുടെ പരിസരത്ത് പോലും കാണരുതെന്ന അന്ത്യശാസന വിജയപ്പനിൽ സങ്കടമുണ്ടാക്കി. പാവം വിജയപ്പൻ! ഇനി മുതൽ ഒറ്റയ്ക്ക് തീയൂതണമല്ലോയെന്നോർത്തിട്ട് ഉപ്പുമാവ് സാറിനും സങ്കടമുണ്ടായി. ഉപ്പുമാവില്ലാത്ത ഒരു സ്കൂൾ ജീവിതത്തെക്കുറിച്ച് വിജയപ്പന് സ്വപ്നം കാണുവാൻ പോലുമായിരുന്നില്ല്ല. അതോടെ നിർത്തി വിജയപ്പൻ സ്കൂൾ ജീവിതം. മഴപെയ്താൽ പോലും സ്കൂളിന്റെ വരാന്തയിൽ കയറില്ലായെന്ന് കൈതത്തിൽ അമ്പലനടയിൽ ചെന്ന് വിജയപ്പൻ ഏത്തമിട്ട് പറഞ്ഞു.
അതുകണ്ടുനിന്ന ശാന്തിക്കാരൻ വിജയപ്പനെ അമ്പലത്തിലേയ്ക്ക് ക്ഷണിച്ചു. പ്രസാദവും, പായസവും, അവലും, മലരും, ശർക്കരയും, പഴവുമെല്ലാം ഉപ്പുമാവിനേക്കാൾ രുചികരമാണന്ന് വിജയപ്പൻ തിരിച്ചറിഞ്ഞു. ചെവിയ്ക്ക് പിടിച്ച് പുറത്ത് തള്ളാൻ അവിടെയൊരു സുഗതൻ സാർ ഇല്ലാതിരുന്നതിനാൽ കിണ്ടികഴുകലും, വിളക്ക് തുടയ്ക്കലുമായി ഒരു സന്തുഷ്ടജീവിതം നയിക്കുമ്പോഴാണ് അപ്രതീക്ഷിതമായി വിജയപ്പനൊരു ഉദ്യോഗകയറ്റം കിട്ടുന്നത്.

കതിനവാസു മുന്നറിയിപ്പില്ലാതെ അമ്പലത്തിൽ വരാതിരുന്ന ഒരു ദിവസമാണ് സെക്രട്ടറി പരീക്ഷണാർത്ഥം വിജയപ്പനെ ഉപയോഗിച്ചത്. വിജയപ്പൻ വിജയിച്ചു എന്ന് പറഞ്ഞാൽ മതിയല്ലോ. വിജയപ്പന്റെ വിജയം ഉത്തരവാദിത്തബോധമില്ലാതെ സെക്രട്ടറിയെ വലച്ചിരുന്ന കതിനവാസുവിന്റെ പുറത്താക്കലിൽ അവസാനിച്ചു. കതിനപൊട്ടിക്കുന്നതും നിറയ്ക്കുന്നതുമെല്ലാം വിജയപ്പന്റെ ചുമതലയായി. പുതിയ ജോലി വിജയപ്പനും ഇഷ്ടമായി. വിളക്ക് തുടക്കുന്നതും, പാത്രം കഴുകുന്നതും കണ്ട് ഊറിച്ചിരിയുമായി പൊയ്ക്കൊണ്ടിരുന്ന ഭക്തകൾ ഒന്നടങ്കം ഇപ്പോൾ വെടിരസീതുമായി വിജയപ്പന്റെ അടുക്കൽ വരുവാൻ തുടങ്ങി. വിജയപ്പന് തിരക്കോട് തിരക്ക് തന്നെ! വിശേഷ ദിവസങ്ങളിൽ പറയുകയും വേണ്ട. അവലും, മലരും, പഴവും, പായസവും നേരാംവണ്ണം രുചിയറിഞ്ഞ് കഴിക്കുവാൻ വിജയപ്പന് സമയം കിട്ടാതായി. അവലും മലരും കഴിക്കാൻ പറ്റിയില്ലെങ്കിലും വിജയപ്പൻ സന്തുഷ്ടനായിരുന്നു. കൈയിൽ കുറച്ച് ചില്ലറ കിട്ടുമെന്നുള്ളതുകൊണ്ട് വിജയപ്പൻ കൂടുതൽ സന്തോഷവാനായി. ‘ആദ്യം ദക്ഷിണ പിന്നെ വെടി’ എന്ന നിലപാടാണ് വിജയപ്പൻ തുടക്കം മുതൽ കൈക്കൊണ്ടത്. അതുകൊണ്ട് തന്നെ വെടിപൊട്ടിയില്ലെങ്കിലും കാശ് വിജയപ്പന് കിട്ടിക്കൊണ്ടുമിരുന്നു.
സുന്ദരസുരഭിലമായി ജീവിതമിങ്ങനെ നീങ്ങിക്കൊണ്ടിരുന്ന ഒരു ദിനത്തിലാണ് വിജയപ്പന്റെ കതിന പണി മുടക്കിയത്. എത്ര ശ്രമിച്ചിട്ടും കതിന പൊട്ടുന്നില്ല. വെടിമരുന്ന് പുറത്തെടുത്ത് വീണ്ടും നിറച്ച് നോക്കി. രക്ഷയില്ല. കതിന പൊട്ടുന്നില്ല. ഭക്തജനങ്ങൾ അക്ഷമരായി. ചിലർ കതിന വാസുവിനെ അനുകൂലിച്ച് സംസാരിക്കാൻ തുടങ്ങി. ചിലർ സെക്രട്ടറിയെ കുറ്റം പറഞ്ഞു. ചിലർക്ക് വിജയപ്പനോട് അനുകമ്പ തോന്നി. ഏതു ജോലിയായാലും പരിചയസമ്പന്നത എന്നൊന്ന് വേണമെന്ന് ആളുകൾ അഭിപ്രായം പറഞ്ഞു. വിജയപ്പൻ നിന്ന് വിയർത്തു. കരിമരുന്ന് കത്തി കത്തി കുറ്റിയുടെ അടുത്ത് ചെന്ന് അയ്യോ പറ്റിച്ചേ എന്ന മട്ടിൽ അണഞ്ഞു പോകുന്നു. എത്ര ശ്രമിച്ചിട്ടും കുറ്റിയുടെ അകത്തോട്ട് തീ പിടിക്കുന്നില്ല. തീ കുറ്റിയ്ക്കകത്ത് കയറിയില്ലെങ്കിലും വിജയപ്പന്റെ തലയ്ക്കകത്ത് ഒരു നിമിഷത്തേക്കെങ്കിലും ബുദ്ധി കയറി. കയറിയ ബുദ്ധി പുറത്തേക്ക് പോകുന്നതിന് മുന്നേ വിജയപ്പൻ ഊതി. കത്താതിരുന്ന കതിനയിൽ ശക്തമായി ഊതി. അത്ഭുതം! അതുവരെ പണിമുടക്കിയിരുന്ന കതിന പതിവിനേക്കാൾ ശക്തിയിൽ പൊട്ടി. പൊട്ടല് കേട്ട് ഭക്തജനങ്ങൾ ഞെട്ടി. കൂടെ കതിനയെ വെല്ലുന്നൊരു കരച്ചിലുമുണ്ടായി. വെടിയുടെ പുകയും ശബ്ദവും മാറിയപ്പോൾ ആളുകൾ വിജയപ്പന്റെ മുഖം കണ്ടു! പാവം വിജയപ്പൻ മാത്രം ആരേയും കണ്ടില്ല.

ദൈവകോപം കൊണ്ടാണ് വിജയപ്പന്റെ മുഖം കത്തിയതെന്ന് വിശ്വാസികൾ വാദിച്ചു. ബാലവേല ശിക്ഷാർഹമാണന്നും അതുകൊണ്ട് സെക്രട്ടറി ശിക്ഷാർഹനാണന്നും അവിശ്വാസികൾ പറഞ്ഞുപരത്തി.സെക്രട്ടറിയെ ജനം പ്രതിസ്ഥാനത്താക്കി. ദൈവത്തിന് ബാലനെന്നോ വൃദ്ധനെന്നോ ഉള്ള വേർതിരിവൊന്നുമില്ലന്ന് സെക്രട്ടറി വാദിച്ച് നോക്കി. ജനം കേട്ടില്ല. അമ്പലപ്പറമ്പിൽ പലവട്ടം യോഗങ്ങൾ നടന്നു.

കതിനവാസുവിനെ തിരിച്ച് കൊണ്ടുവരികയല്ലാതെ സെക്രട്ടറിക്ക് വേറെ വഴിയില്ലായിരുന്നു. കതിനപൊട്ടാൻ തുടങ്ങിയതോടെ ജനങ്ങൾ ദൈവകോപവും നിയമവശങ്ങളും മറന്നു. കാലങ്ങൾക്ക് ശേഷവും കരിമരുന്നേല്‍പ്പിച്ച പാടുകൾ വിജയപ്പന്റെ മുഖത്ത് നിന്നും, അതിന്നിടയാക്കിയ കൃത്യം ജനങ്ങളുടെ മനസ്സിൽ നിന്നും മാറാതെ നിന്നു.
ഗ്രാമത്തിന്റെ ചരിത്രത്തിൽ ആദ്യമായി വെടിമരുന്ന് ഊതിക്കത്തിച്ചവൻ എന്ന നിലയിൽ വിജയപ്പൻ വിഖ്യാതനായി!


“ആശാനെ, നല്ല കടുപ്പത്തിലൊരു കട്ടൻ‌ചായ പോരട്ടെ.” ഓടിക്കേറി വരുന്ന വഴിക്ക് തന്നെ ചായയ്ക്ക് ഓഡർ കൊടുത്തിട്ട് വിജയപ്പൻ നിന്നണയ്ക്കുകയായിരുന്നു. അപ്പോഴും വിറക് കൊള്ളി കൈയിലുണ്ടായിരുന്നു. തീ അണഞ്ഞ് പോയിരുന്നു എന്ന് മാത്രം.
“ഇത്തവണയും കിട്ടിയില്ല അല്ലേ?” ചായക്കടയിലിരുന്നവർ ചോദിച്ചു.
“കിട്ടും... ഒരു നാൾ കിട്ടും...അന്നു ഞാനവനെയൊക്കെ....”ഒരു പരിപ്പുവട വിജയപ്പന്റെ പല്ലുകൾക്കിടയിലിരുന്ന് ഞെരിഞ്ഞു.

“വെടിയൂതീ...” ഇരുട്ടത്ത് നിന്നും വീണ്ടും വിളികേട്ടു.

“നീയിവിടെങ്ങാനും അടങ്ങിയൊതുങ്ങി ഇരിയടാ. വിളിച്ച് മടുക്കുമ്പോൾ അവന്മാര് പൊയ്ക്കോളും.” ആശാനത് പറയുന്നത് കേൾക്കാൻ വിജയപ്പനവിടുണ്ടായിരുന്നില്ല. പുറത്തെ ഇരുട്ടിൽ അവൻ അപ്രത്യക്ഷനായിരുന്നു.

Read more...

മുല്ലപ്പൂമണമുള്ള ചേച്ചി

Monday, November 10, 2008

ശോഭനച്ചേച്ചിയെ കാണാൻ എന്തു രസമായിരുന്നു. പഴുത്ത ചാമ്പങ്ങയുടെ നിറമായിരുന്നു ശോഭനച്ചേച്ചിയ്ക്ക്. മുല്ലപ്പൂവിന്റെ ഗന്ധമായിരുന്നു ശോഭനച്ചേച്ചിയ്ക്ക്. മുട്ടൊപ്പം മുടിയുണ്ടായിരുന്നു ശോഭനച്ചേച്ചിയ്ക്ക്. നല്ല രസമായിരുന്നു ശോഭനച്ചേച്ചിയുടെ സംസാരം കേൾക്കാൻ. കുപ്പിവള കിലുങ്ങുന്നത് പോലെ.

മാഞ്ചുവട്ടിലെ പെണ്ണുങ്ങളുടെ സംസാരവിഷയം ശോഭനച്ചേച്ചി ആയപ്പോഴാണ് അപ്പുക്കുട്ടന്റെ ശ്രദ്ധ അങ്ങോട്ടേക്ക് തിരിഞ്ഞത്. മീനാക്ഷി അമ്മായി പറയുകയാണ്. “ നല്ല തങ്കം പോലത്തെ പെണ്ണ്. തങ്കത്തിനേക്കാൾ നല്ല സ്വഭാവം. പക്ഷേ ആ മുട്ടൊപ്പം മുടിയൊണ്ടല്ലോ അതൊര് അപശകുനമാണ്. ഭർത്താവ് വാഴില്ല.”
വിലാസിനിച്ചിറ്റയ്ക്ക് അമ്മായി പറഞ്ഞതിഷ്ടപ്പെട്ടില്ല. “ അല്ലേലും ഈ അമ്മായിക്ക് മൊത്തം അന്ധവിശ്വാസമാണ്. എന്ത് കണ്ടാലും അതിനൊരു കുറ്റം കണ്ടുപിടിക്കും”
രണ്ട് വിരലുകൾ ചുണ്ടത്ത് വെച്ച്, അതിന്റെ വിടവിലൂടെ അമ്മായി വായിലെ മുറുക്കാൻ മുഴുവൻ ‘ഫൂ’ എന്ന് നീട്ടിത്തുപ്പി.
“നീ നോക്കിക്കോടീ, വരാൻ പോണ പൂരം കണ്ടാൽ പോരേ.”

ശോഭനച്ചേച്ചിയുടെ കല്ല്യാണക്കാര്യമാണ് സംസാരവിഷയം. ഒരു സർക്കാരുദ്യോഗസ്ഥൻ ശോഭനച്ചേച്ചിയെ കാണാൻ വന്നുവത്രേ! എല്ലാവർക്കും ചെറുക്കനെ ശരിക്കുമങ്ങ് ബോധിച്ചു. സുന്ദരൻ! നല്ല ചൊക ചൊകാന്നിരിക്കുന്ന ചെറുക്കനാണന്നാണ് വിലാസിനിചിറ്റ പറഞ്ഞത്. ശോഭനച്ചേച്ചിയ്ക്കും ചെറുക്കനെ നന്നേ ഇഷ്ടപ്പെട്ടത്രേ!
ഇനിയിപ്പം കല്ല്യാണം നടക്കും! നാലുകൂട്ടം പായസവും പരിപ്പും പപ്പടവുമൊക്കെയായി നല്ലൊരു സദ്യ ഒക്കും. അപ്പുക്കുട്ടന്റെ വായിൽ വെള്ളമൂറി.
സ്ത്രീധനമൊന്നും അവരാവശ്യപ്പെട്ടില്ലന്നാണ് പെണ്ണുങ്ങൾ പറയുന്നത്. “ഇക്കാലത്തും ഇങ്ങനേം ആമ്പിള്ളാരുണ്ടോ?” എന്നാണ് അമ്മായിക്ക് സംശയം.
അമ്മായി ശബ്ദം താഴ്ത്തി പറയുന്നത് കേൾക്കാനായി അപ്പുക്കുട്ടൻ കാതുകൂർപ്പിച്ചു.
“ടീയേ, പെമ്പിള്ളാരേ, ന്റെ ബലമായ സംശയം അവനെന്തോ കൊഴപ്പമുണ്ടന്നാ. അല്ലങ്കീ ഇക്കാലത്ത് ഏതെങ്കിലും സർക്കാര് ജോലിക്കാരൻ ശ്രീധനം വേണ്ടന്ന് പറയുമോ?”
“കരിനാക്ക് കൊണ്ടൊന്നും പറയാതെന്റമ്മായി. ഒരു പെണ്ണ് രക്ഷപ്പെടുന്നെങ്കിൽ പെടട്ടേന്ന്...” വിലാസിനി ചിറ്റപറഞ്ഞതിഷ്ടപ്പെടാഞ്ഞിട്ടായിരിക്കാം അമ്മായി ചകിരി പിരിക്കുന്നത് നിർത്തി, ഇരുന്നിരുന്ന ചാക്ക് മടക്കി കക്ഷത്തിൽ വെച്ച് വടക്കോട്ട് നടന്നു.


കല്ല്യാണാലോചന മുറപോലെ നടന്നു. ഉടനുണ്ടാകും കല്ല്യാണമെന്ന് എല്ലാരേം പോലെ അപ്പുക്കുട്ടനും വിചാരിച്ചു. പക്ഷേ സംഭവങ്ങൾ പെട്ടെന്ന് തകിടം മറിയുകയായിരുന്നു. ചെറുക്കന് എന്തോ തീരാവ്യാധിയുണ്ടന്ന വാർത്ത പരന്നു. ശോഭനച്ചേച്ചി കരച്ചിലോട് കരച്ചിൽ. ഹാർട്ടിന് കേടൊള്ള ചെറുക്കനാണത്രേ!.
ഈ കല്ല്യാണം നടന്നാൽ ശോഭനേടെ ഭാവി വെള്ളത്തിലാവുമെന്ന് മാഞ്ചുവട് കമ്മറ്റി വിധിയെഴുതി.
കല്ല്യാണം കഴിച്ചാൽ ചെറുക്കൻ ചത്തുപോവുമെന്ന് ‘ഡാട്ടറ് സർട്ടിക്കേറ്റു‘ണ്ടന്നാണ് അമ്മായി പറഞ്ഞത്.

എല്ലാരും കല്ല്യാണത്തെ എതിർത്തു. വീട്ടുകാരും നാട്ടുകാരും. കല്ല്യാണത്തെ അനുകൂലിക്കുന്ന രണ്ടേ രണ്ട് പേരേ ഉണ്ടായിരുന്നുള്ളു. ഒന്ന് ശോഭനച്ചേച്ചി. രണ്ടാമത്തേത് അപ്പുക്കുട്ടനും! പക്ഷേ അപ്പുക്കുട്ടനതാരോടും പറഞ്ഞില്ല. ആരെങ്കിലും കേട്ടാൽ സദ്യ തിന്നാനുള്ള കൊതികൊണ്ടാണന്ന് പറഞ്ഞ് കളയും. എന്തിനാ വെറുതേ നാണക്കേട്!

ശോഭനച്ചേച്ചി കരച്ചിലോട് കരച്ചിൽ തന്നെ. ഊണുമില്ല ഉറക്കവുമില്ല. കുളിയുമില്ല ഒരുങ്ങലുമില്ല. കരഞ്ഞ് കരഞ്ഞ് കണ്ണുകൾ കലങ്ങി. ദേഹത്തിന്റെ മുല്ലപ്പൂമണമൊക്കെ വിയർപ്പ് മണമായി. കുളിക്കാതിരുന്നാൽ അപ്പുക്കുട്ടനെ മാത്രമല്ല വിയർപ്പ് നാറുന്നതെന്ന് പറയണമെന്നുണ്ടായിരുന്നു അവന്. പക്ഷേ പറഞ്ഞില്ല.മറ്റുള്ളോരെന്ത് വിചാരിക്കും!

നൂറ് പേരുടെ മുന്നിൽ ഒരുങ്ങി ചമഞ്ഞ് നിൽക്കാൻ തന്നെക്കൊണ്ടാവില്ലന്നാണ് ശോഭനച്ചേച്ചി പറഞ്ഞത്. ഒരുമിച്ച് ജീവിക്കുന്നത്രയും കാലം സന്തോഷകരമായി കഴിയുന്നതാണ് ഇഷ്ടപ്പെടാത്ത ആളിനോടൊപ്പം ജീവിതകാലം മുഴുവൻ കഴിയുന്നതിനേക്കാൾ താനിഷ്ടപ്പെടുന്നതെന്ന് ശോഭനച്ചേച്ചി തീർത്ത് പറഞ്ഞു.

“പെണ്ണിന്റെ ഒരു വിധിയേ...” അമ്മായി തലയിൽ കൈ വെച്ചു.

പെണ്ണിന്റെ ആഗ്രഹമതാണങ്കിൽ അങ്ങനെ തന്നെ നടക്കട്ടേയെന്ന് കാരണവന്മാർ തീരുമാനിച്ചു. ശോഭനച്ചേച്ചി കരച്ചിൽ നിർത്തി. മഴക്കാറ് മാറിയ മാനത്ത് നിന്നും വെട്ടം വീഴണമാതിരി തോന്നി അപ്പുക്കുട്ടന് ശോഭനച്ചേച്ചിയുടെ മുഖം. ശോഭനച്ചേച്ചിയുടെ കല്യാണത്തിനായി പുതിയ ഉടുപ്പും നിക്കറും വാങ്ങിപ്പിക്കേണം. അച്ഛൻ ഇടങ്ങേറുണ്ടാക്കിയില്ലെങ്കിൽ ഒരു ചെരുപ്പ് കൂടി വാങ്ങിപ്പിക്കേണം. വടക്കേക്കരേലെ ഹരിദാസിന്റെ ആയിരിക്കും പാചകം. ഹരിദാസിന്റെ അവിയലിന്റെ സ്വാദ് അപ്പുക്കുട്ടനിഷ്ടമാണ്. പായസമാണങ്കിൽ ബഹുകേമം!

കല്യാണം കഴിഞ്ഞ് ശോഭനച്ചേച്ചി ഭർത്താവിന്റെ വീട്ടിൽ പോയി. ശോഭനച്ചേച്ചിയെപ്പോലെ തന്നെ അപ്പുക്കുട്ടനും സന്തോഷമായി. സദ്യയുണ്ട് വീർത്ത വയറ് കൊണ്ട് വന്ന അമ്മയെ കാണിച്ച വകയിൽ തുടയിൽ അടിയും കിട്ടി.
“പിള്ളാര് വേണ്ടാതീനമേ പറയൂ..അവൻ പറയുവാണേ, ഇനിയിപ്പോ ശോഭനേടേ വയറും ഇത് പോലേ വീർത്ത് വരുമെന്ന്.”

“ഇപ്പഴത്തെ പിള്ളാര് പണ്ടത്തെപ്പോലല്ല. വെളഞ്ഞ വിത്തുകളാ...നല്ല അടികിട്ടാത്ത സൂക്കേടാ...” അമ്മായി പറയുന്നത് കേട്ടപ്പോ അമ്മയ്ക്ക് ഒന്നുകൂടി ദേഷ്യം കൂടി. അപ്പുക്കുട്ടൻ ഓടി.

പിറ്റേന്ന് മാഞ്ചുവട് കമ്മറ്റി കൂടിയപ്പോഴാണ് അപ്പുക്കുട്ടൻ ആ വിവരം അറിഞ്ഞത്. ശോഭനച്ചേച്ചിയുടെ ഭർത്താ‍വ് ആശുപത്രീലാണത്രേ! രാത്രീൽ നെഞ്ചുവേദന ഉണ്ടായിയെന്ന്!

“അന്നേ ഞാൻ പറഞ്ഞതാ ഈ ബന്ധം നമ്മുക്ക് വേണ്ടന്ന്...ആര് കേക്കാൻ...ഇനീപ്പോ അനുപവിച്ചോ...പെമ്പിള്ളാരായാൽ കൊറച്ചൊക്കെ അനുസരണ വേണ്ടേ...അവന്റെ തൊലിവെളുപ്പ് കണ്ടവളങ്ങ് മയങ്ങിപ്പോയി...ഇപ്പോ ആരാ അനുഭവിക്കുന്നേ...ഒറ്റ ദെവസം കൊണ്ട് തീർന്നില്ലേ എല്ലാം.” അമ്മായിയ്ക്ക് ശകാരം നിർത്തണമെന്നില്ലായിരുന്നു. പക്ഷേ അമ്മയും വിലാസിനിചിറ്റയും ഇടയ്ക്ക് കയറിയത് കൊണ്ട് തൽക്കാലം നിർത്തി.

“അമ്മായിടേ വർത്താനം കേട്ടാ ശോഭനേടെ ഭർത്താവ് ചത്ത് പോയത് പോലാണല്ലോ...ഒന്ന് നിർത്തെന്ന്..ആരെങ്കിലും കേട്ടാലെന്തോ വിചാരിക്കും? നമ്മള് സ്വന്തക്കാര് തന്നെ ഇങ്ങനെ തുടങ്ങിയാലോ...”

“ഞാനൊന്നും പറയുന്നില്ലേ...” അമ്മായി പിണങ്ങി പോയി.

ശോഭനച്ചേച്ചീടെ ഭർത്താവ് കുറെ അധികനാള് ആശുപത്രീലാരുന്നു. രക്ഷപ്പെടാൻ സാധ്യത ഇല്ലന്നാണ് അപ്പുക്കുട്ടന് പെണ്ണുങ്ങളുടെ വർത്തമാനത്തിൽ നിന്നും മനസ്സിലായത്. ശോഭനച്ചേച്ചി ഗർഭിണിയാണന്ന വിവരവും അപ്പുക്കുട്ടനങ്ങനാണറിഞ്ഞത്.

‘ഒറ്റ ദിവസം കൊണ്ട് അവള് കാര്യം സാധിച്ചെടുത്തെന്നാണ്’ അമ്മായി പറഞ്ഞത്.

ഒരു കുഞ്ഞിനേം കൊണ്ട് ഇനിയുള്ള കാലം ഒറ്റയ്ക്ക് താമസിക്കുകയെന്ന് വെച്ചാൽ.... അവള് നന്നേ ചെറുപ്പമല്ലേ...ഒരു ജീവിതമല്ലേ പാഴാവുന്നത്... മാഞ്ചുവട്ടിലെ മറ്റ് പെണ്ണുങ്ങളുടെ സംശയമതായിരുന്നു. ശോഭനച്ചേച്ചിയുടെ ഭർത്താവ് മരിച്ച് പോയി എന്ന രീതിയിലായിരുന്നു പെണ്ണുങ്ങളുടെ സംസാരം. അപ്പുക്കുട്ടനതങ്ങ് രസിച്ചില്ല. വലിയവരായിട്ട് പോലും വകതിരിവില്ല. പിള്ളാര് വല്ലതുമാണിങ്ങനെ പറയുന്നതെങ്കിൽ തൊടയ്ക്കിട്ട് കിഴുക്കാൻ നൂറാളുണ്ടാവും! ഇവരുടെയൊക്കെ ചെവിക്ക് പിടിക്കാൻ പോലും ആളില്ലാണ്ടായല്ലോ!

പെണ്ണുങ്ങളുടെ പറച്ചില് പോലെ തന്നെ സംഭവിച്ചു. അമ്മായിയുടെ കരിനാക്ക് ഫലിച്ചു. ശോഭനച്ചേച്ചി ഒറ്റയ്ക്കായി. സഹതാപമൂറുന്ന കണ്ണുകൾ ശോഭനച്ചേച്ചിയെ സ്വന്തം വീട്ടിലേക്കാനയിച്ചു. ശോഭനച്ചേച്ചിയെ നിരീക്ഷിക്കാൻ പെണ്ണുങ്ങൾ മാറി മാറി നിന്നു. ‘പെണ്ണ് കടും കൈ വല്ലതും ചെയ്ത് കളയുമോന്നായിരുന്നു‘ എല്ലാരുടേം സംശയം. അങ്ങനൊന്നുമുണ്ടായില്ല. ശോഭനച്ചേച്ചി പ്രസവിച്ചു. ഓമനത്തുമുള്ളൊരു പെൺകുഞ്ഞ്! അപ്പുക്കുട്ടന് കൊച്ചിന്റെ മുഖത്ത് നിന്നും കണ്ണെടുക്കാനായില്ല. ഇങ്ങനെ നോക്കിയാൽ കുഞ്ഞിന് കൊതികിട്ടുമെന്ന് അമ്മ പറഞ്ഞു.
ശോഭനച്ചേച്ചീടെ കുഞ്ഞ് നല്ല കളിയും ചിരിയുമൊക്കെയായി. അത് ശോഭനച്ചേച്ചീയിലോട്ടും പകർന്നു. പണ്ടത്തെ ശോഭന ചേച്ചി തിരിച്ച് വന്നത് പോലെ തോന്നി അപ്പുക്കുട്ടന്.

“രണ്ടാം കെട്ടിന് ഒരു നല്ല ആലോചനവന്നിട്ടും പെണ്ണായാൽ അവള് സമ്മതിക്കുന്നില്ല.എന്തൊരു ജന്മമാ അവടെ...ഇനിയുള്ള ജീവിതം മൊഴോനും ആ കൊച്ചിന് വേണ്ടീള്ളതാന്നാ അവള് പറേണത്.” മാഞ്ചുവട്ടിലിരുന്ന് അമ്മായി അത് പറയുമ്പോൾ അപ്പുക്കുട്ടനൊരു സംശയം തോന്നി.

മുട്ടൊപ്പം മുടിയൊള്ള ശോഭനച്ചേച്ചിയ്ക്ക് ഭർത്താവ് വാഴില്ലന്ന് അമ്മായിയല്ലേ പണ്ട് പറഞ്ഞത്...എന്നിട്ടിപ്പോ...ആ... ആർക്കറിയാം...ഈ വലിയവരുടെ വാക്കിനൊന്നും ഒരു സ്ഥിരതയില്ലന്നേ...

Read more...

ജീവിതം

Sunday, October 12, 2008

വളരെ നാളുകൾക്ക് ശേഷമാണ് അപ്പുക്കുട്ടൻ സദാപ്പൻ ചിറ്റയെ കാണാനെത്തിയത്. കുറച്ച് കാലമായി ചിറ്റ തീരെ കിടപ്പിലാണ്. പരസഹായമില്ലാതെ എണീക്കാൻ പോലുമാവാത്ത അവസ്ഥ. ഇരുട്ട് മൂടിയ മുറിയിൽ പഴയൊരു കട്ടിലിൽ , അതിലും പഴയൊരു പായയിൽ ചിറ്റ കിടക്കുന്നു. കട്ടിലിന്റെ ഒരരുകിൽ പഴയൊരു റേഡിയോ. കട്ടിലിന്റെ ഒരരുകിൽ ചിറ്റയുടെ കൈയെത്തുന്ന ദൂരത്തിൽ ഒരു സ്റ്റൂളുണ്ട്. അതിൽ ഒരു കുപ്പിയിൽ വെള്ളവും,അരിക് പൊട്ടിയൊരു സ്റ്റീൽ പാത്രവും ഗ്ലാസ്സുമിരിക്കുന്നു. തുരുമ്പിച്ചൊരു വീൽച്ചെയർ മുറിയുടെ ഒരു മൂലയ്ക്ക് തള്ളിയിരിക്കുന്നു. കുറച്ച് കാലം മുൻ‌പ് വരെ ചിറ്റ അതിൽ പുറത്തോട്ടൊക്കെ ഇറങ്ങുമായിരുന്നു. ഇപ്പോൾ അതിനും വയ്യാതായിരിക്കുന്നു. അപ്പുക്കുട്ടനെത്തുമ്പോൾ ചിറ്റ നല്ല ഉറക്കത്തിലായിരുന്നു. കാറ്റ് കയറാത്ത മുറിയുടെയും നനഞ്ഞ തഴപ്പായയുടേയും ഗന്ധം അപ്പുക്കുട്ടനെ എതിരേറ്റു. ശബ്ദമുണ്ടാക്കാതെ ചിറ്റയുടെ തലയ്ക്കൽ കട്ടിലിൽ തന്നെ അപ്പുക്കുട്ടൻ ഇരുന്നു.

പടിഞ്ഞാറേ പറമ്പിൽ വലിയൊരു കുളമുണ്ട്. കുളം നിറയെ താമരയുണ്ടായിരുന്നു പണ്ട്. കുളത്തിന് ചുറ്റും പുന്ന മരങ്ങളാണ്. ചെറുപുന്നയും വൻ‌പുന്നയുമെല്ലാമുണ്ട്. കുളത്തിന് ചുറ്റും പുന്നമരങ്ങളുള്ളതിനാലാണ് അതിലെ വെള്ളത്തിന് ഐസുപോലെ തണുപ്പെന്ന് എല്ലാരും പറയണത്! പണ്ട് കാലം മുതലേ ഉള്ള കുളമാണ്. പണ്ട് കാലമെന്ന് പറഞ്ഞാൽ സദാ‍പ്പൻ ചിറ്റ നിക്കറിട്ട് നടക്കുന്ന കാലത്തും കുളമുണ്ട്. അപ്പച്ചിയന്ന് പാവാടയുടുത്താണ് നടന്നിരുന്നത്! സേതുവിനെപ്പോലെ! അപ്പച്ചിയും കുട്ടിക്കാലത്ത് സേതുവിനെപ്പോലെ തന്നെയായിരുന്നെന്നാണ് അച്ഛൻ പറയുന്നത്. ഭയങ്കര കുസൃതിയായിരുന്നത്രേ! ഒരു ദിവസം അപ്പച്ചിയ്കൊരാഗ്രഹം. പണ്ട് പാഞ്ചാലിയ്കുണ്ടായത് പോലെ! സൗഗന്ധികപ്പൂവിനുവേണ്ടിയായിരുന്നില്ല. മറിച്ച് പടിഞ്ഞാറേ കുളത്തിലെ താമരപ്പൂവിനുവേണ്ടി! കൈയെത്തുന്ന ദൂരത്തിലൊന്നും താമരപ്പൂവുണ്ടായിരുന്നില്ല. അപ്പച്ചിയുടെ ആഗ്രഹം സാധിച്ച് കൊടുക്കുവാൻ സദാപ്പൻ ചിറ്റ ഭീമനായി അവതരിച്ചു. കൈയിൽ ഗദയുണ്ടായിരുന്നില്ല. പകരം അമ്മൂമ്മ അടുപ്പിൽ തീകത്തിക്കാനായി കീറിയിട്ടിരുന്ന മടലിന്റെ നീളമുള്ള ഒരു കഷണമെടുത്തു. വഴിതടയാൻ ഹനുമാനുണ്ടായിരുന്നില്ല. അച്ഛനന്ന് ജോലിയ്ക്ക് പോയിരിക്കുകയായിരുന്നു. സദാപ്പൻ ചിറ്റ നിക്കറൊക്കെ ഊരി കരയ്ക്ക് വെച്ച് മടലുമായി വെള്ളത്തിലിറങ്ങി. താമരപ്പൂ ഇപ്പം കിട്ടും...ഇപ്പം കിട്ടും ... എന്ന് കരുതി അപ്പച്ചി കരയ്ക്ക് നിന്നു.
ആനയിറങ്ങിയാൽ മുങ്ങുന്ന കുളമാണ്! ശരീരം മരച്ച് പോവുന്ന തണുപ്പുള്ള വെള്ളമുള്ള കുളമാണ്!
താമരപ്പൂക്കളാൽ സുന്ദരമായ കുളം. പക്ഷേ ആ സൗന്ദര്യത്തിന് പിന്നിൽ പതിയിരിക്കുന്ന അപകടത്തെ ക്കുറിച്ച് അന്നവർക്കറിയില്ലായിരുന്നു. അപകടം മനസ്സിലാക്കിവന്നപ്പോഴത്തേയ്ക്കും സദാപ്പൻ ചിറ്റ കുളത്തിന്റെ അഗാധതയിലേയ്ക്ക് താണുപോയിരുന്നു. അപ്പച്ചി കരയ്ക്ക് നിന്ന് കുഞ്ഞ് വായിൽ നിലവിളിച്ചു. ആരൊക്കെയോ ഓടി വന്നു. സദാപ്പൻ ചിറ്റ രക്ഷപ്പെട്ടു. രക്ഷപ്പെട്ടു എന്ന് പറഞ്ഞാൽ ജീവൻ തിരിച്ച് കിട്ടി എന്ന് മാത്രം! അപകടത്തിന് ശേഷം സദാപ്പൻ ചിറ്റയ്ക്ക് എണീറ്റ് നടക്കാൻ വയ്യാതായി. കിടന്ന കിടപ്പിൽ തന്നെ. കാലുകൾ തളർന്ന് പോയി. കുളത്തിലെ യക്ഷി പിടിച്ചതാണന്ന് മുതിർന്നവർ അഭിപ്രായപ്പെട്ടു. അപ്പച്ചി അതിന് വേണ്ടത്ര പരസ്യവും നൽകി. കാരണം സം‌ഭവത്തിന്റെ ഏക ദൃക്‌സാക്ഷി അപ്പച്ചി മാത്രമായിരുന്നല്ലോ. യക്ഷി വെള്ളത്തിലൂടെ ഊളിയിട്ട് വരുന്നത് അപ്പച്ചി കണ്ടുപോലും! ഭയങ്കര വേഗതയിലാണ് യക്ഷി വന്നത്. മിന്നല് പോലെ! അപ്പച്ചിയ്ക്കൊന്ന് വിളിച്ച് കൂവാൻ തുടങ്ങുന്നതിന് മുന്നേ തന്നെ യക്ഷി ചിറ്റയേയും കൊണ്ട് കുളത്തിനടിയിലേയ്ക്ക് പോയിക്കഴിഞ്ഞിരുന്നു. അപ്പച്ചി കരഞ്ഞ് ബഹളം വെച്ചതിനാൽ യക്ഷിയ്ക്ക് ചിറ്റപ്പന്റെ ചോര കുടിയ്കാൻ പറ്റിയില്ല. കുളയക്ഷി ശരീരം ഞെക്കിപ്പിഴിഞ്ഞാണത്രേ ചോര കുടിക്കുന്നത്! ചോര കുടിക്കാനായി കാല് ഞെക്കിപ്പിഴിഞ്ഞത് കൊണ്ടാണത്രെ ചിറ്റപ്പന്റെ കാല് തളർന്ന് പോയത്.

താമരയുണ്ടായത് കൊണ്ടാണല്ലോ പിള്ളാർക്ക് കുരുത്തക്കേട് തോന്നിയത്. അച്ഛൻ കുളത്തിലെ താമരയെല്ലാം പറിച്ച് കളഞ്ഞു. പിന്നിടതവിടെ വളരുവാൻ സമ്മതിച്ചിട്ടുമില്ല. അതുകൊണ്ട് തന്നെ അപ്പുക്കുട്ടനും സേതുവിനും പടിഞ്ഞാറെ കുളത്തിലെ താമര കാണുവാൻ കഴിഞ്ഞിട്ടില്ല.

“ അല്ല. നീയിവിടെ വന്ന് മിണ്ടാണ്ടിരിക്കണ. ഞാനല്പമൊന്ന് മയങ്ങിപ്പോയി.” സദാപ്പൻ ചിറ്റയുടെ ചോദ്യം കേട്ടാണ് അപ്പുക്കുട്ടൻ ചിന്തയിൽ നിന്നും തിരിച്ച് വന്നത്.

“എങ്ങനെയൊണ്ട് ചിറ്റേ ഇപ്പോ?” പതിവ് ചോദ്യം തന്നെയാണതെന്ന് അപ്പുക്കുട്ടന് നല്ല ബോദ്ധ്യമുണ്ടായിരുന്നു. എങ്കിലും ചോദിക്കാതിരിക്കാനായില്ല.
“ഓ. അതങ്ങനെ കിടക്കും വേലിയേറ്റവും വേലിയിറക്കവും പോലെ. ഇപ്പോ വേദനയില്ലെങ്കി ഒരു സുഖവുമില്ലന്നേ. ഈ വേദന ഉള്ളത് കൊണ്ടാണ് ഇടയ്ക്കിടയ്ക്കൊന്ന് ഒണർന്നിരിക്കാൻ പറ്റുന്നത് തന്നെ. അല്ലെങ്കിൽ ഒറങ്ങി ഒറങ്ങി ബോറഡിക്കും.” വേദന കടിച്ചമർത്തുമ്പോഴും മറ്റുള്ളവരിലോട്ട് അത് കാണിക്കാതിരിക്കാൻ സ്വതസിദ്ധമായ ഫലിതം ഉപയോഗിക്കുന്നുവല്ലോയെന്ന് അപ്പുക്കുട്ടനോർത്തു.

“പിന്നെ നിന്റെ വിശേഷങ്ങളെന്തൊക്കെ? പറ കേക്കട്ടെ.” അതിന് മറുപടി പറയാതെ തന്നെ ചികിത്സയുടെ വിവരങ്ങൾ ആരായുകയായിരുന്നു അപ്പുക്കുട്ടൻ.

“അതാണ് രസം. ഹോമിയോ ഡോക്ടർ സുല്ലിട്ടു. ആയുർവേദക്കാരൻ പണ്ടേ നമസ്തേ പറഞ്ഞല്ലോ. പിന്നെ ഇപ്പോ പുതിയൊരു അലോപ്പതി ഡോക്ടറുടടുക്കലാണ്. അയാള് ഭയങ്കര കരാട്ടയാണ്. ബ്ലാക്ക്ബെൽറ്റൊക്കെയാണന്നാ പറയണത്. ചെല്ലുന്ന രോഗികകളുടടുക്കലാണയാളുടെ കരാട്ടെ. ഏതും പോരാത്ത എന്നെയുമെന്തൊരിടിയാണിടിക്കുന്നത്. കാലിലും, അരയ്ക്കും, നടുവിനുമെല്ലാം. അതൊക്കെ പോട്ടേയെന്ന് വെയ്ക്കാം. എന്നെ നടത്തിക്കാ‍നൊരു ശ്രമമുണ്ട്. പിടിച്ച് നടത്തിയിട്ട് ഇടയ്ക്ക് ചെന്ന് വിട്ടു കളയുമെന്നേ...പിസിയോതെറാപ്പി എന്നൊക്കെ പറഞ്ഞ് ഇങ്ങനയുമുണ്ടോ? നമ്മള് വീഴുമ്പോ അങ്ങേര് നിന്ന് ചിരിക്കും. ഒരു അരവട്ടൻ...അല്ലാതെന്ത് പറയാൻ. പിന്നെ ഒരു ഗുണമുണ്ട്; പൈസയ്ക്ക് അത്രയ്ക്ക് ആഗ്രഹമില്ല, സാധാരണ ഡോക്ടർമാരെപ്പോലെയല്ല. അവിടെ വരെ പോകുന്നതാണ് പാട്. പിടിച്ച് കൊണ്ട് പോകാൻ ഒരാള് വേണ്ടേ? സുനിയും ഇപ്പോ വരുന്നില്ല. അവനും ഓരോരോ ചുമതലകൾ വന്ന് തുടങ്ങിയല്ലോ.”

ചിറ്റ റേഡിയോ ഓൺ ചെയ്തു. “ ഇവനുള്ളത് കൊണ്ടിപ്പോ സമയം പോണതറിയില്ല. വാർത്തയെല്ലാം കൃത്യമായറിയാം. പിന്നെ ചീട്ട് കളിക്കാ‍രപ്പുറത്തിരുന്ന് സംസാരിക്കുന്നത് കൊണ്ട് നാട്ട് വർത്തമാനവുമറിയാം. തിന്നുക. കിടക്കുക. ഒറങ്ങുക. ഇതില്‍പ്പരം സുഖം പിന്നെ മനുഷ്യന് എന്ത് വേണം” ചിറ്റ ചിരിക്കുന്നു. അപ്പുക്കുട്ടന്റെ തൊണ്ടയിടറി.

കട്ടിലിൽ നിന്നുമെണീറ്റ് ചിറ്റയുടെ ചുരുട്ടിയ കൈകളിൽ പോക്കറ്റിലുള്ളത് വെച്ച് കൊടുക്കുമ്പോൾ അപ്പുക്കുട്ടൻ ഓർത്തു, ചിറ്റയുടെ സമ്പാദ്യമായ വികലാംഗ പെൻഷൻ കൊണ്ടാണല്ലോ താനാദ്യമായി ട്രെയിനിൽ കയറിയതും അന്യനാട്ടിൽ ഒരിന്റർവ്യൂ അറ്റന്റ് ചെയ്തതുമെന്ന്.

“ചിറ്റ തന്ന പണം കൊണ്ടാണ് ഞാനാദ്യമായി നാട് വിട്ടത് ഓർക്കുന്നുണ്ടോ വല്ലതും.” പുറത്തേക്കിറങ്ങുമ്പോൾ അപ്പുക്കുട്ടൻ പതുക്കെ ചോദിച്ചു.

മറുപടി ഒരു ചിരിയായിരുന്നു. ആ ചിരിയിലും വേദന നിഴലിക്കാതിരിക്കാൻ ചിറ്റ ശ്രമിച്ചിരുന്നുവോ?

Read more...

പോളിസി

Friday, July 25, 2008

HR ഓഫീസർ എടുത്ത് നൽകിയ ബയോഡേറ്റയിലൂടെ വിമല മേനോൻ ഒരു സൂക്ഷ്മ പരിശോധന നടത്തി. സൈഫുദ്ദീൻ ഷേക്ക്. എഴുത്ത് പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ കുട്ടി! ഇതുവരെ വന്നവരിൽ ഏറ്റവും നല്ല അക്കാഡമിക് റെക്കോഡ് ഉള്ളയാൾ!
“എന്താ ചെയ്യേണ്ടത്? ഇന്റർവ്യൂ ചെയ്യണോ?” വിമല മേനോൻ HR ഓഫീസറെ നോക്കി.
“ ഇന്റർവ്യൂ ചെയ്യണം മാഡം. ഇത് അവസാനത്തെ ആളാണ്.”
പരീക്ഷകളിൽ ഏറ്റവും നല്ല രീതിയിൽ പെർഫോം ചെയ്തയാൾ ഏറ്റവും അവസാനം. വികലമായ ഒരു ചിരി വിമല മേനോന്റെ ചുണ്ടുകളിലുണ്ടായി.

"മേ ഐ കം ഇൻ സർ”

ഏകദേശം ആറടിയോളം ഉയരമുള്ള വെളുത്ത് സുമുഖനായൊരു യുവാവ്.

“ആപ് ബൈഠിയേ” വിമല മേനോൻ യുവാവിനോട് ഇരിക്കുവാൻ പറഞ്ഞു.

“എന്താണ് താങ്കൾ ഞങ്ങളൂടെ കമ്പനിയിൽ ജോലി ചെയ്യാനാ‍യി താല്‍പ്പര്യപ്പെടുന്നത്?”

“ഞാൻ കമ്പനി പ്രൊഫൈൽ ഇന്റെർനെറ്റിൽ നോക്കിയിരുന്നു. ഒരു ചല്ലഞ്ചിങ് ജോബ് പ്രതീക്ഷിക്കുന്നു.”

“മാഡം നമ്മുക്ക് അരമണിക്കൂറിനുള്ളിലെങ്കിലും ഇവിടുന്നെറങ്ങിയില്ലങ്കിൽ ഫ്ലൈറ്റ് മിസ്സാകും. വല്ല ടെക്നിക്കൽ കൊസ്റ്റ്യൻസ് ചോദിച്ച് എളുപ്പം അവസാനിപ്പിക്കണം.” HR ഓഫീസറുടെ പതുക്കയുള്ള ഉപദേശം വിമല മേനോന് അത്രയ്ക്കങ്ങ് രസിച്ചില്ല. എങ്കിലും അത് പുറത്ത് കാണിച്ചില്ല.

ജോലിയ്ക്ക് ഉദ്യോഗാർത്ഥി യോഗ്യനാണോ എന്നറിയുവാനുള്ള ചോദ്യങ്ങളാണ് പിന്നീട് വിമല മേനോനിൽ നിന്നും ഉണ്ടായത്.

നല്ല കാൻഡിഡേറ്റ്. ശരിക്കും പറഞ്ഞാൽ ഇതുവരെ വന്നവരിൽ വെച്ചേറ്റവും നല്ലയാൾ! തന്റെ ജോലിയ്ക്ക് ഏറ്റവും അനുയോജ്യൻ!

“മിസ്റ്റർ സൈഫുദ്ദീൻ യു ഹാവ് ഡൺ എ ഗ്രേറ്റ് ജോബ്. നൗ യു മേ വെയിറ്റ് ഔട്ട്സൈഡ് ഫോർ എ വൈൽ.”

ദിസ് കാൻഡിഡേറ്റ് ഈസ് സ്യൂട്ടബിൾ ഫൊർ ഔർ ജോബ് എന്ന് എഴുതി ഒപ്പിടുമ്പോൾ HR ഓഫീസറിന് പരിഭ്രമം.

“ മാഡം എന്ത് പണിയാണീ കാണിക്കുന്നത്. നഗരത്തിലീയിടയുണ്ടായ തീവ്രവാദി അക്രമവും ബോം‌ബ് ബ്ലാസ്റ്റുമൊക്കെ കഴിഞ്ഞതിൽ പിന്നെ ഇവരെ നമ്മുടെ കമ്പനിയിൽ ജോലിയ്ക്ക് എടുക്കേണ്ട എന്ന് തീരുമാനിച്ച വിവരം ഞാൻ നേരത്തേ പറഞ്ഞതല്ലേ? പിന്നെ ഒരു ഫോർമാലിറ്റിയ്ക്ക് വേണ്ടിയെങ്കിലും ഇന്റെർവ്യൂ നടത്തിയില്ലെങ്കിൽ പ്രശ്നമാകുമെന്ന് കരുതിയാണ്...”

“എങ്കിൽ പിന്നെ നിങ്ങൾക്കാ കുട്ടിയെ മണിക്കൂറുകൾ പിടിച്ചിരുത്താതെ നേരത്തേ തന്നെ പറഞ്ഞ് വിട്ട് കൂടായിരുന്നോ? അതും കമ്പനി പോളിസിയാണോ?” വിമല മേനോന് ദേഷ്യവും സങ്കടവും സഹിക്കാൻ കഴിഞ്ഞില്ല. അപ്പോൾ അവർക്ക് ഒരു ജോലിയ്ക്കായി ഇന്റെർവ്യൂ അറ്റന്റ് ചെയ്യുന്ന ഉദ്യോഗാർത്ഥിയുടെ മാനസിക സ്ഥിതിയായിരുന്നു.

Read more...

പ്രത്യേക ശ്രദ്ധയ്ക്ക്

Creative Commons License
എന്റെ ചില കുറിപ്പുകള്‍ by K.M.Satheesan is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Based on a work at www.satheeskm.blogspot.com.
Permissions beyond the scope of this license may be available at www.satheeskm.blogspot.com.

വിരുന്നുകാർ

Powered By Blogger

ഓർക്കണേ പ്ലീസ്...

ഈ ബ്ലോഗിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങളോ, സന്ദർഭങ്ങളോ, കഥാപാത്രങ്ങളോ ഏതെങ്കിലും വിധത്തിൽ ആരെങ്കിലുമായി ബന്ധപ്പെട്ടിട്ടുണ്ടന്ന് തോന്നുന്നുവെങ്കിൽ അത് സ്വാഭാവികം മാത്രം.

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP