Followers

കാവിലെ പ്രേതം

Saturday, June 14, 2014

“കർക്കിടകത്തിലെ കറുത്ത വാവിന്റെ അന്നാണ്‌ പ്രേതങ്ങളൊക്കെ പുറത്തിറങ്ങുന്നത്‌! പുറത്ത്‌ ഇറങ്ങുന്ന പ്രേതങ്ങൾ നേരേ അവരുടെ മക്കടേം, ബന്ധുക്കടേം അടുക്കലേയ്ക്ക്‌ പോകും. അപ്പോൾ പ്രേതങ്ങൾക്ക്‌ തിന്നാനായ്‌ കരിക്കും,അവലും മലരും,പഴവും,ശർക്കരേം ഒക്കെ വെച്ചേക്കണം. ഇല്ലേങ്കിൽ അവര്‌ കോപിക്കും. ആത്മാക്കൾ കോപിച്ചാൽ കുടുംബം നശിക്കും...
ഇങ്ങനെ അവലും, മലരുമൊക്കെ  ആത്മാക്കൾക്കായ്‌ വെക്കുന്നതിനാണ്‌ നമ്മ ദാഹം വെയ്ക്കണതെന്ന്‌ പറയണത്‌.”
അമ്മൂമ്മ വാവുബലിയെക്കുറിച്ച്‌ പറയാൻ തുടങ്ങീട്ട്‌ നിർത്തുന്നില്ല!
അച്ഛനാണ്‌ വീട്ടിൽ വാവിന്‌ ദാഹം വെയ്ക്കുന്നത്‌. രാത്രി മരിച്ചുപോയവരുടെ എല്ലാം ആത്മാക്കൾ വരുമത്രെ! അവരു വന്ന്‌ അവലും, മലരും,കരിക്കുമൊക്കെ തിന്നും.
ആത്മാക്കൾ പോയിക്കഴിയുമ്പോൾ അതെല്ലാം അപ്പുക്കുട്ടനും തിന്നാം.

തെക്കേമുറിയിൽ ചാണകം മെഴുകിയ തിണ്ണയിൽ തൂശനില നിരത്തി അതിനുമുകളിൽ അവലും,മലരും വെച്ചു. അതിന്റെ മുകളിൽ ശർക്കരയും,കരിക്കും വെച്ചു. അഞ്ചുതിരിയിട്ട നിലവിളക്ക്‌ കത്തിച്ചു. അപ്പുക്കുട്ടനാണ്‌ ചന്ദനത്തിരി കത്തിച്ചത്‌ .
അച്ഛൻ കൈവിളക്കിൽ എണ്ണയൊഴിച്ച്‌ തിരി കൊളുത്തി. വെള്ള മുണ്ട്‌ താർ പാച്ചി ഉടുത്തു.ബലിവെയ്ക്കാനുള്ള സമയമായപ്പോൾ അപ്പുക്കുട്ടൻ തെക്കേമുറിയിൽ നിന്നും പുറത്തിറങ്ങി.
കതകടച്ച്‌ അച്ഛൻ പൂജ തുടങ്ങി.

“നിന്റച്ഛൻ ഒരു പൂജാരി ആകേണ്ടതാരുന്നു. എന്തു ചെയ്യാം...എല്ലാത്തിനും ഒരു യോഗം വേണം...എന്റെ ഭഗവാനേ...കാത്തു രക്ഷിക്കണേ...”
അമ്മൂമ്മ ഈ പൂജാരിക്കഥ ഒരു നൂറു തവണ പറഞ്ഞിട്ടുള്ളതാണ്‌.
അച്ഛന്റെ അപ്പൂപ്പൻ പേരുകേട്ട പൂജാരി ആയിരുന്നെന്നും, അച്ഛനെ പൂജാരി ആക്കണമെന്നുള്ളതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹമെന്നുമൊക്കെയുള്ള കഥ!

“എന്തുചെയ്യാം...കാലത്തിന്റെ കളികളേ...അക്കാലത്ത്‌ പൂജാരിക്കൊക്കെ എന്നാ കിട്ടാനാ? അമ്പലത്തീന്ന്‌ കിട്ടുന്നതിന്റെ ഒരു പങ്ക്‌ വിശപ്പടക്കാൻ പറ്റിയെങ്കിലായി...” അമ്മൂമ്മയുടെ നോട്ടം കിഴക്കേപ്പറമ്പിലെ ഉമ്പ്രിശാന്തിയുടെ വീട്ടിലേക്കായി.
അടുത്തതായ്‌ അമ്മൂമ്മ പറയാൻ പോകുന്ന കാര്യങ്ങളും അപ്പുക്കുട്ടൻ ഊഹിച്ചു.
അകത്ത്‌ മണികിലുങ്ങുന്നു...
“ഇന്നത്തെക്കാലത്ത്‌ പൂജാരികൾക്കാ പണം! ദൈവത്തെ വിറ്റ്‌ കാശാക്കുവല്ലേ ആൾക്കാര്‌...” ഇപ്പോഴും നോട്ടം ഉമ്പ്രിശാന്തിയുടെ മാളിക വീട്ടിലേയ്ക്ക്‌ തന്നെ!
“എന്റെ കുഞ്ഞ്‌ പൂജ പഠിക്കാതെ കയർഫാക്ടറീപ്പോയി...അന്നതാരുന്നു കാശ്‌...ഇപ്പോ ദേ, കയറുമില്ല...ഫാക്ടറീമില്ല.”
അപ്പുക്കുട്ടൻ വെറ്റയും പാക്കും കൂടി ചതച്ച്‌ അമ്മൂമ്മയുടെ വായിൽവെച്ചുകൊടുത്തു. എത്ര തവണ കേട്ട കഥകളാ...പിന്നേയും, പിന്നേയും.

അച്ഛൻ വാതിൽ തുറന്ന്‌ പുറത്തുവന്നു.
“വീതി വെച്ചിരിക്കയാ...കുറച്ച്‌ കഴിഞ്ഞ്‌ നമുക്ക്‌ കഴിക്കാം.”  അപ്പുക്കുട്ടന്റെ കവിളിൽ അച്ഛൻ നുള്ളി.
ദാഹം വെച്ച സാധനങ്ങളൊക്കെ ആത്മാക്കൾക്ക് തിന്നാനായ്‌ വെച്ചിരിക്കയാണ്‌. അവര്‌ വന്ന്‌ തിന്നു പോയിക്കഴിഞ്ഞാൽ പിന്നെ അപ്പുക്കുട്ടന്‌ തിന്നാം...അമ്മുമ്മയ്ക്ക്‌  തിന്നാം...എല്ലാർക്കും തിന്നാം.

“ഈ ആത്മാക്കളെങ്ങനാ ഇരിക്കുന്നേ? നമുക്കെന്താ കാണാൻ പറ്റാത്തെ?” അപ്പുക്കുട്ടന്റെ സംശയത്തിന്‌ അമ്മൂമ്മയ്ക്ക്‌ മറുപടി ഉണ്ടായിരുന്നു. വായിലെ മുറുക്കാൻ അമ്മൂമ്മ പുറത്തേയ്ക്ക്‌ തുപ്പി.
“എടാ ചെറുക്കാ നീ അങ്ങോട്ട്‌ നോക്ക്‌.” അങ്ങുദൂരെ...
അങ്ങുദൂരെ പാതിരപ്പള്ളിയിൽ...റേഡിയോനിലയത്തിന്റെ ഏരിയൽ കാണാം...അതിന്റെ മുകളിലെ ചുവപ്പ്‌ വെളിച്ചവും കാണാം.
“കണ്ടോടാ ചെറുക്കാ, റേഡിയോനെലയത്തീ പറയണതൊക്കെ നമ്മ കേക്കണതെങ്ങനാ?” അമ്മൂമ്മ തന്നെ ഉത്തരവും പറഞ്ഞു.
“നമ്മുടെ കണാരൻ മൂപ്പന്റെ റേഡിയോലുക്കൂടി... കാറ്റീക്കൂടി വരുന്ന ശബ്ദം നമ്മ അറിയണേയില്ല. അതേപോലാ ആത്മാക്കളും...നമ്മള്‌ മനുഷേർക്ക് കാണാൻ പറ്റില്ല അവരെ.  പക്ഷേല്‌ പട്ടിക്കും പൂച്ചക്കുമൊക്കെ ആത്മാക്കളെ കാണാം.”

തെക്കേമുറിയിൽ നിന്നും കുഞ്ഞിപ്പൂച്ചയുടെ കരച്ചിൽ കേട്ടു.

“കേട്ടോ..വീതി വെച്ചത് തിന്നാൻ എല്ലാരും വന്നിട്ടുണ്ട്...പൂച്ച കരയണത് കേട്ടാ...” അമ്മൂമ്മ തെക്കേമുറിയിയ്ക്ക് ചെവിയോർത്തു.
തൊളവീണ്‌ ഞാന്നാടുന്ന ആ വലിയ ചെവിയുടെ തുഞ്ചത്ത് തൂങ്ങുന്ന കല്ലുവെച്ച കമ്മൽ മണ്ണെണ്ണ വെട്ടത്തിൽ തിളങ്ങുന്നു.“

”എല്ലാം നശിപ്പിച്ചു ഈ പണ്ടാരം പൂച്ച!“ അമ്മ ഒരു വടിയുമായ് കുഞ്ഞിപ്പൂച്ചയുടെ പുറകേ ഓടുന്നു.
”ആത്മാക്കളെ കണ്ട് പേടിച്ച പൂച്ചയാ...അതിനെ നീ എന്തിനാ പിന്നേയും ദ്രോഹിക്കുന്നേ...“
ഇനിയുള്ള അങ്കം അമ്മയും അമ്മൂമ്മയും കൂടെ ആയിരിക്കുമെന്ന് അപ്പുക്കുട്ടനുറപ്പായി. അവൻ തെക്കേ മുറിയുടെ തുറന്ന് കിടന്ന വാതിലിൽ കൂടി അകത്തേയ്ക്ക് നോക്കി...
കഷ്ടം...
ഉൽസവം കഴിഞ്ഞ അമ്പലപ്പറമ്പ് പോലെ...

അപ്പുക്കുട്ടന്‌ ആകെ സംശയമായി. ഈ പ്രേതവും, പിശാചും, ആത്മാക്കളുമൊക്കെ ഒള്ളത് തന്നാണോ? പൂച്ചയ്ക്കും പട്ടിക്കും പ്രേതങ്ങളെ കാണാൻ പറ്റുമെന്നല്ലേ അമ്മൂമ്മ പറഞ്ഞത്? അപ്പോൾ പ്രേതങ്ങളൊള്ള മുറിയിൽ കുഞ്ഞിപ്പൂച്ച കയറുമോ?
”കലികാലം... അല്ലാണ്ടെന്താ പറയാൻ...മൊട്ടേന്ന് വിരിയണ പിള്ളേർക്ക് വരെ ഇപ്പോ പ്രേത വിശ്വാസമില്ലാണ്ടായി...“ അപ്പുക്കുട്ടന്റെ ചോദ്യം അമ്മൂമ്മയ്ക്ക് രസിച്ചില്ല. വായിലെ മുറുക്കാൻ അമ്മൂമ്മ മുറ്റത്തേയ്ക്ക് നീട്ടിത്തുപ്പി.

ഇരുന്ന ഇരുപ്പിൽ അമ്മൂമ്മ അടുക്കളയിലേയ്ക്ക് എത്തി നോക്കി. അമ്മ അവിടെ അടുപ്പിലെ തീ ഊതുകയായിരുന്നു

”ദാഹമെടുക്കാൻ വരുന്നതേ, നമ്മുടെ സ്വന്തപ്പെട്ട പ്രേതങ്ങളാ...സ്വന്തക്കാര്‌ നമ്മളെ ദ്രോഹിക്കുമോ?“ അമ്മൂമ്മ അപ്പുക്കുട്ടന്റെ കൈയ്ക്ക് പിടിച്ച് അടുത്തിരുത്തി.
“ഗതികിട്ടാ പ്രേതങ്ങള്‌ ചൊവ്വാഴ്ചയും, വെള്ളിയാഴ്ചയും പൊറത്തിറങ്ങും. നമ്മ മനുഷേരെ കാണിക്കാനായ് അവര്‌ പല വേഷത്തിലും വരും... ചെല പ്രേതങ്ങള്‌ ചോര കുടിക്കും...ചെല പ്രേതങ്ങള്‌ ചൊമന്ന കണ്ണുരുട്ടി ചോരവരണ കോമ്പല്ല് കാണിച്ച് പേടിപ്പിക്കും... വേഷം മാറി വരണ പ്രേതങ്ങളുമൊണ്ട്...അവരാ യക്ഷികള്‌...”
അപ്പുക്കുട്ടന്‌ പേടി വന്നു. അവൻ അമ്മയുടെ അടുത്തേയ്ക്കോടി.
“കൊച്ചിനെ ഓരോന്ന് പറഞ്ഞ് പേടിപ്പിച്ചോളും...” അമ്മ ആ പറഞ്ഞത് അമ്മൂമ്മ്യ്ക്ക് ഇഷ്ടപ്പെട്ടില്ല.
അമ്മൂമ്മയുടെ സംസാരം പിന്നെ വടക്കേപറമ്പിലെ കാവിനെ കുറിച്ചായി. സംശയുമുള്ളോര്‌ ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും പാതിരാത്രി പന്ത്രണ്ട് മണിക്ക് കാവിലെ പൂച്ചപ്പഴമരത്തിന്റെ അടുക്കൽ ചെന്നാൽ മതി...പ്രേതത്തിനെകാണാം. അമ്മൂമ്മ പണ്ട് അവിടെ പോയിട്ടുണ്ട്...പൂജാരി അപ്പൂപ്പന്റെ കൂടെ...അപ്പൂപ്പൻ മന്ത്രം ചൊല്ലി ഇരുമ്പ് കത്തി കാണിച്ചപ്പോൾ പ്രേതം പൂച്ചപ്പഴമരത്തേലോട്ട് കേറിപ്പോയി. ആ പ്രേതം ഇപ്പോഴും അവിടുണ്ടത്രേ...
അമ്മ വിടാൻ തയ്യാറല്ലായിരുന്നു. “അപ്പുക്കുട്ടാ, നീ പേടിക്കേണ്ടടാ...അടുത്ത ചൊവ്വാഴ്ച രാത്രീല്‌ നമ്മള്‌ പൂച്ചപ്പഴമരത്തിന്റടുക്കേ പോകും. ഏത് പ്രേതാ  വരുന്നതെന്ന് കാണണമല്ലോ...”
 അമ്മൂമ്മയുമായുള്ള വാശിക്ക് അമ്മ എന്തും ചെയ്യും! അപ്പുക്കുട്ടന്‌ പേടിയും സങ്കടവും വരുന്നുണ്ടായിരുന്നു.ഒരു തരിപ്പ് നട്ടെല്ലിലൂടെ!

ചൊവ്വാഴ്ച രാത്രി നല്ല മഴയായിരുന്നു.
അമ്മ അപ്പുക്കുട്ടന്റെ കൈയ്ക്ക് പിടിച്ച് നടന്നു. വടക്കേ പറമ്പിലെ കാവിലേയ്ക്ക്.പൂച്ചപ്പഴമരത്തിന്റെ അടുത്തേയ്ക്ക്...
അച്ഛൻ പറഞ്ഞു. “പേടിക്കേണ്ടടാ, ഞങ്ങളെല്ലാരും ഇവിടെതന്നെ ഉണ്ടല്ലോ...”
“വേണ്ടാത്ത പണിയാ ഈ കാണിക്കുന്നേ...നീ പോണേ പോടീ...എന്തിനാ ആ ചെറുക്കനെ പ്രേതത്തിന്‌ കൊടുക്കണത്...” അമ്മൂമ്മയുടെ വാക്കുകൾ അപ്പുക്കുട്ടന്റെ ചെവികളിൽ മുഴങ്ങിക്കൊണ്ടിരുന്നു.
വിറയ്ക്കുന്ന കാലുകളുമായ് അപ്പുക്കുട്ടൻ അമ്മയുടെ കൈയ്ക്ക്പിടിച്ച് കാവിലേയ്ക്ക്..
മഴ ശക്തി പ്രാപിക്കുന്നു...ഉണക്കിലയിൽ മഴവെള്ളം വീഴുന്ന ശബ്ദം. ആഞ്ഞുവീശുന്ന കാറ്റ് തണുപ്പിനെ ശരീരത്തിലേയ്ക്ക് കുത്തിക്കയറ്റുന്നു. അമ്മ അപ്പുക്കുട്ടനെ വലിച്ചോണ്ട് ഓടുകയാണ്‌...കാവിലേയ്ക്ക്...പൂച്ചപ്പഴമരത്തിന്റെ ചോട്ടിലേയ്ക്ക്...അപ്പുക്കുട്ടൻ കണ്ണടച്ച് പിടിച്ചു.

കൊന്തൻപല്ല് കാണിച്ച് ചോരയിറ്റുന്ന നാവ് പുറത്തിട്ട് ആർത്തട്ടഹസിക്കുന്ന ഗതിയില്ലാപ്രേതം. കണ്ണടച്ചിട്ടും അപ്പുക്കുട്ടന്‌ കാണാം. അവന്റെ കണ്ണിര്‌ മഴവെള്ളത്തിൽ അലിഞ്ഞുപോയി.
അമ്മയുടെ ശബ്ദം. “നോക്ക് മോനേ...ദേ പൂച്ചപ്പഴമരം...ഇവിടെ  പ്രേതവുമില്ല...ഒരു മണ്ണാങ്കട്ടയുമില്ല.”
അപ്പുക്കുട്ടൻ കണ്ണുതുറന്നു.
കുറ്റാകുറ്റിരുട്ട്...ആഞ്ഞ് വീശുന്ന കാറ്റിൽ കാവിലെ മരക്കൊമ്പുകൾ കൂട്ടിയിടിക്കുന്നു. ഇലകളിൽ തട്ടി വീഴുന്ന വെള്ളത്തിന്റെ ശബ്ദം...കാലിന്റെ മുകളിലൂടെ എന്തൊക്കെയോ ഇഴയുന്നു...

പെട്ടെന്ന് ഒരിടിമിന്നൽ...
മിന്നൽ വെളിച്ചത്തിൽ അപ്പുക്കുട്ടൻ അത് വ്യക്തമായ് കണ്ടു! പൂച്ചമരത്തിന്റെ ചില്ലകൾക്കിടയിൽ...രണ്ട് ചുമന്ന കണ്ണുകൾ...ചോരയിറ്റുവീഴുന്ന കണ്ണുകൾ...
ആ മഴയിലും നിക്കറിന്റെ പിന്നിലുണ്ടായ ചൂടുള്ള നനവ് അവനറിഞ്ഞു.

പിറ്റേന്ന് കണ്ണു തുറന്നപ്പോൾ അമ്മ അടുത്തുണ്ടായിരുന്നു. അച്ഛനും ഉണ്ടായിരുന്നു.സേതുവും ഉണ്ടായിരുന്നു. പ്രേതത്തെ നേരിട്ട് കണ്ട ധീരനെപ്പോലെ അവൻ അവളെ നോക്കി.
അവൾ പൊട്ടിപ്പൊട്ടിച്ചിരിക്കുന്നു...
“പേടിച്ച് തൂറീ...മൂങ്ങായെ കണ്ട...” അവളത് പറഞ്ഞ് തീരുന്നതിന്‌ മുന്നെ അപ്പുക്കുട്ടൻ പായയിൽ നിന്നും ചാടിയെണീറ്റു.
“നിന്നെ ഞാൻ...” അച്ഛൻ അവന്റെ കൈയിൽ പിടിച്ചു.
“പോട്ടടാ... ഈ പ്രേതവും പിശാചുമൊക്കെ മനസിന്റെ ഓരോ വിചാരങ്ങളാ...അങ്ങനൊന്നുമില്ലടാ...”
അപ്പുക്കുട്ടന്‌ ആലോചിക്കാനൊന്നുമില്ലായിരുന്നു.
‘അങ്ങനൊന്നുമില്ലേല്‌ അച്ഛനെന്തിനാ ആത്മാക്കൾക്കായ് ബലിയിടുന്നേ?“
ഒരു നിമിഷം അച്ഛൻ ആലോചിച്ചു നിന്നു. എന്നിട്ട് പറഞ്ഞു.
”ഈ സമൂഹത്തെ ബോധിപ്പിക്കാനായ് ചിലപ്പോ നമ്മള്‌ ചിലതൊക്കെ ചെയ്യേണ്ടതായ് വരും.“
അവന്‌ അതിന്റെ അർത്ഥം തീരെ മനസിലായില്ല.


Read more...

ഫാഷൻ ഡിസൈനർ

Wednesday, June 11, 2014


വെളുത്ത്‌ മെലിഞ്ഞ ഒരു സുന്ദരി പെൺകുട്ടി! ശരിക്കും ഫാഷണബിൾ...മോഡേൺ ഗേൾ...
ഞാൻ അവളെ ആദ്യമായി കാണുന്നത്‌ എന്റെ വീട്ടിൽ വെച്ചുതന്നെയാണ്‌. ഭാര്യയാണ്‌ അവളെ എനിക്ക്‌ പരിചയപ്പെടുത്തിയത്‌.
സ്റ്റെഫി.
ഏതോ ഷോപ്പിങ്ങ്‌ മാളിൽ വെച്ച്‌ കണ്ടുമുട്ടിയ പരിചയം. മലയാളിക്ക്‌ മലയാളിയെ അന്യനാട്ടിൽ വെച്ച്‌ കാണുമ്പോൾ എന്തോ ഒരു ‘ഇത്‌’ ഉള്ളതായ്‌ എനിക്ക്‌ പലപ്പോഴും തോന്നിയിട്ടുണ്ട്‌.
“ചാച്ചന്റെ പേരെന്താ...?”
“സുനിൽ” ഞാൻ പരിചയപ്പെടുത്തി.
എന്റെ രണ്ടു വയസുകാരി മോളു പറയുന്നത്‌ പോലെ കൊഞ്ചിയുള്ള വർത്തമാനം! അന്യനാട്ടിൽ ജനിച്ച്‌ വളർന്നതിന്റെ ഒരു പോരായ്മ...ഞാൻ വിചാരിച്ചു.
എന്റെ അമ്പരപ്പ്‌ അല്ലെങ്കിൽ മനസ്സിലുള്ള വിചാരം അവൾ മനസ്സിലാക്കിയെന്ന്‌ തോന്നുന്നു.
“എനിക്ക്‌ മലയാളം നന്നായി അറിയില്ല.” ചിരിച്ചുകൊണ്ട്‌ അവൾ പറഞ്ഞു. അവൾ ഇത്‌ പറഞ്ഞത്‌ ഇങ്ങനെയൊന്നുമായിരുന്നില്ല. ഞാൻ മനസ്സിലാക്കി എടുത്തു ഒരുവിധം. അത്രതന്നെ! മലയാളവും ഇംഗ്ളീഷുമൊന്നുമല്ലാത്ത ആ ഭാഷ എങ്ങനെ

എഴുതണമെന്ന്‌ എനിക്ക്‌ അറിയില്ല എന്നു പറയുന്നതാവും കുറച്ചുകൂടെ നല്ലത്‌.
“സ്റ്റെഫി എന്തു ചെയ്യുന്നു?” എന്റെ ചോദ്യത്തിന്‌ മറുപടി പറഞ്ഞത്‌ ഭാര്യയാണ്‌.
“അവള്‌ ഫാഷൻ ഡിസൈനറാണ്‌. സിറ്റിയിലെ ഒരു മാളിൽ ജോലി ചെയ്യുന്നു.”
കൊള്ളാം. സുന്ദരിയും, ഫാഷണബിളുമായിട്ടുള്ള നിനക്ക്‌ ചേരുന്ന ജോലി തന്നെ. മനസ്സിൽ വിചാരിച്ചു.

“അതേയോ?”  അത്ഭുദത്തോടെ ചോദിച്ചു. ജീവിതത്തിൽ ആദ്യമായിട്ടാണ്‌ ഒരു ഫാഷൻ ഡിസൈനറെ നേരിട്ട്‌ കാണുന്നത്‌. കിട്ടിയ അവസരം കളയരുത്‌...
“അല്ലയോ ഡിസൈനറേ, എനിക്ക്‌ വേണ്ടി എന്തേലും നിർദ്ദേശമുണ്ടോ?” ഞാൻ തമാശ രൂപേണ ചോദിച്ചു.  മറുപടി ഉടനേ വന്നു.

“ചാച്ചൻ ഭയങ്കര സ്കിന്നിയാ... ഈ കോളറുള്ള ടീഷർട്ട്‌ ചേരില്ല. അതെല്ലാം കളഞ്ഞിട്ട്‌ വല്ല റൗണ്ട്‌ നെക്ക്‌ ഫുൾ സ്ലീവ്‌ ട്രൈ ചെയ്യ്‌...”
ഞാനൊന്ന്‌ ചമ്മി.
മെലിഞ്ഞുണങ്ങിയ ദേഹത്തേയ്ക്ക്‌ അറിയാതൊന്നു നോക്കിപ്പോയി. വടികൊടുത്ത്‌ അടി വാങ്ങിയിരിക്കുന്നു!
 സാരമില്ല... സൗന്ദര്യം ഇംപ്രൂവ് ചെയ്യാൻ വേണ്ടിയല്ലേ...സമാധാനിച്ചു.
എന്തായാലും പിന്നിടിങ്ങോട്ടുള്ള കാലം ഞാൻ ഫുൾ സ്ളീവ് റൗണ്ട് നെക്കേ ഉപയോഗിച്ചിട്ടുള്ളൂ...
സ്റ്റെഫി താമസിക്കുന്നത് ജൂബിലി ഹിൽസിലാണ്‌. നഗരത്തിലെ സമ്പന്നർ താമസിക്കുന്ന സ്ഥലം.
“വീട്ടിലാരൊക്കെയുണ്ട്?” ചായകുടിച്ചുകൊണ്ടിരിക്കുന്നതിന്നിടയിൽ ഞാൻ ചോദിച്ചു.
“മമ്മി, അനിയൻ, അപ്പച്ചൻ” അവൾ പറഞ്ഞു.
സ്റ്റെഫിടെ മമ്മി ഏതോ ഒരു ഹോസ്പിറ്റലിൽ നേഴ്സാണ്‌. അനിയൻ കോളേജിലും.
“അപ്പച്ചൻ...?” സ്റ്റെഫി അപ്പച്ചന്റെ ജോലിയെ കുറിച്ച് സൂചിപ്പിക്കാഞ്ഞതിനാൽ ഞാൻ ചോദിച്ചു.
“അപ്പച്ചൻ പുറത്താ..” വളരെ കാഷ്വലായിട്ടാണ്‌ അവൾ അപ്പച്ചനെ കുറിച്ച് സംസാരിച്ചത്. അതുകൊണ്ട്തന്നെ പുറത്ത് എവിടെയാണന്നോ എന്തുജോലിയാണന്നോ ഒന്നും ഞാൻ ചോദിച്ചില്ല.
പിന്നെ എന്റെ സംസാരം ഭാര്യയോടായി.
“നീ എങ്ങനെ ഇവളെ കണ്ടുപിടിച്ചു?”
“അതാണ്‌ രസം. ഞാൻ പറയാൻ പോവുകാരുന്നു.”
“ചേച്ചീ, ടൊയ്‌ലെറ്റ് എവിടെയാ...?” സ്റ്റെഫി എണീറ്റു.
ഭാര്യ പറഞ്ഞു തുടങ്ങി.
“ഞാൻ ‘ഹൈദ്രാബാദ് സെണ്ട്രലീന്ന്’ചുരിദാർ വാങ്ങി കാഷ് കൗണ്ടറിൽ നില്ക്കുമ്പോ, മാനേജരുടെ റൂമിൽ നല്ല ബഹളം. നല്ല പച്ച മലയാളത്തിലെ ഒന്നാന്തരം തെറി...കേട്ടിട്ട് കാത് ചെകടിച്ച് പോയി...നോക്കുമ്പോഴല്ലേ...ഇവള്‌...സ്റ്റെഫി!

കതകും വലിച്ചടച്ച് പുറത്തേക്ക്... അയാളാണേ, ഗെറ്റൗട്ട്, ഗെറ്റ് ലോസ്റ്റ് എന്നൊക്കെ പറയുന്നുമുണ്ടാരുന്നു.”

അപ്പോഴത്തേക്കും സ്റ്റെഫി വന്നു. “അയാള്‌ ഒരുമാതിരി...ക്രീയേറ്റിവിറ്റി എന്നൊരു സാധനമേ ഇല്ലാത്ത ഒരു കോന്തൻ...എനിക്ക് പിടിച്ചില്ല. ഞാൻ കൊറേ പറഞ്ഞു.”
കിലുക്കത്തിലെ രേവതിയെ ആണെനിക്കോർമ്മ വന്നത്!
“കൊള്ളാമല്ലോ ആള്‌! നേരാം വണ്ണം മലയാളമറിയാത്ത ഇയാളീ ചീത്തയൊക്കെയെങ്ങനെ പഠിച്ചു?” ഞാൻ ചോദിച്ചു.
ഒരു ചെറിയ നാണം അവളുടെ മുഖത്ത് എനിക്ക് കാണാൻ കഴിഞ്ഞു.
“അതൊക്കെ അപ്പച്ചൻ മമ്മിയെ വിളിക്കണതാ...” ഞങ്ങൾക്ക് ചിരിയടക്കാനായില്ല.


കുറച്ചു നാളുകൾ കഴിഞ്ഞു. ഭാര്യയ്ക്ക് അത്യാവശ്യമായി ഒരു ഇൻജക്ഷൻ എടുക്കേണ്ട ആവശ്യമുണ്ടായിരുന്നു. അടുത്തുള്ള ഡിസ്പെൻസറിയിൽ ചെന്നപ്പോൾ അത് അടച്ചിട്ടിരിക്കുന്നു.അപ്പോഴാണ്‌ സ്റ്റെഫിയുടെ മമ്മിയെ ഓർമ്മ വന്നത്.
സ്റ്റെഫിക്ക് ഫോൺ ചെയ്തു.
ജൂബിലി ഹിൽസിൽ എത്തേണ്ട സ്ഥലം അവൾ പറഞ്ഞു തന്നു.
ഞങ്ങൾ അവിടെ എത്തുമ്പോൾ സ്റ്റെഫിയുടെ സഹോദരൻ ഞങ്ങളെ കാത്തു നില്പുണ്ടായിരുന്നു.
“ഇനി അങ്ങോട്ട് വണ്ടി പോകില്ല. കുറച്ചു നടക്കണം.” സ്റ്റെഫിയുടെ സഹോദരൻ ഞങ്ങൾക്ക് വഴി കാണിച്ചുകൊണ്ട് മുന്നേ നടന്നു.
ജൂബിലി ഹിൽസിനോട് ചേർന്ന് ഇത്തരം ഒരു സ്ഥലമുണ്ടന്നുള്ള കാര്യം ഞങ്ങൾക്ക് പുതിയ അറിവായിരുന്നു.
പാറക്കെട്ടുകൾ നിറഞ്ഞ ഒരു ഇടുങ്ങിയ വഴി. ഹിമാലയത്തിനേക്കാൾ പ്രായമുള്ള ഹൈദ്രാബാദിലെ പാറകൾ!
 ഭൂ മാഫിയ ഒരുമാതിരി പാറകളൊക്കെ ഇടിച്ച് നികത്തിയിട്ടുണ്ട് ഇക്കാലത്തിനീടയ്ക്ക്.
‘ഫ്രൗക്കെ’ എന്ന ജർമ്മൻ വനിത ഈ പാറക്കെട്ടുകൾ സംരക്ഷിക്കാനായ് നടത്തുന്ന പ്രവർത്തനങ്ങൾ!

“വീടെത്തി” സ്റ്റെഫിയുടെ സഹോദരന്റെ ശബ്ദം കേട്ട്‌ ഞാൻ ചിന്തയിൽ നിന്നും തിരിച്ചു വന്നു.
കുന്നിൻമുകളിലുള്ള ഒരു ഒറ്റവരി കെട്ടിടം. ആ കെട്ടിടത്തിന്റെ അറ്റത്തുള്ള ഒരു മുറിയുടെ മുന്നിൽ ഞങ്ങൾ നിന്നു.
“വാ...അകത്തോട്ട് വാ...” സ്റ്റെഫിയുടെ മമ്മി ഞങ്ങളെ സ്നേഹപൂർവം ക്ഷണിച്ചു.
തുണികൊണ്ട് രണ്ടായി തിരിച്ചിട്ടുള്ള ഒരു മുറി. അതിന്റെ ഒരു മൂലയ്ക്ക് ഒരു സ്റ്റൗ കത്തുന്നു. ഇൻജക്ഷനുള്ള സിറിഞ്ച് ചൂടാക്കുവാണന്ന് പിന്നിടാണറിഞ്ഞത്! മറുവശത്ത് ടീവിയും കമ്പ്യൂട്ടറുമൊക്കെ...
സ്റ്റെഫി ചായയും പലഹാരങ്ങളുമൊക്കെയായ് വന്നു.
“ഇപ്പോ, പഴയ സ്ഥലത്ത് തന്നെയാണോ?” ഞാൻ ചോദിച്ചു.
“കൊള്ളാം...അവിടത്തെ പണി അന്നത്തോടെ നിർത്തി. ബാംഗ്ളൂരിൽ ഒരു വേക്കൻസി വന്നിട്ടുണ്ട്...” സ്റ്റെഫി സംസാരിക്കുന്നതിനിടയിൽ മമ്മി ഇടപെട്ടു.
“ഇവളിനി വർക്ക് ചെയ്യാൻ ഹൈദ്രാബാദിൽ ഇടമില്ലന്ന് പറയുന്നതാ ശരി. എവിടെപ്പോയാലും വഴക്കുണ്ടാക്കിപ്പോരും അവസാനം.”
“അത്‌ എന്റെ കൊഴപ്പമാണോ? എന്റെ മെക്കിട്ട് കേറാൻ വന്നാ, ആരാണന്നൊന്നും ഞാൻ നോക്കില്ല.” സ്റ്റെഫിക്ക് ദേഷ്യം വരുന്നു. സുന്ദരമായ ആ വെളുത്ത മുഖം ചുവക്കുന്നു...കഴുത്തിലെ ഞരമ്പുകൾ വലിയുന്നു...
മമ്മി ഇപ്പോൾ കരയുകയാണ്‌...
“ഒരു നേഴ്സിന്‌ കിട്ടുന്ന വരുമാനമറിയാമല്ലോ...ഇതുങ്ങടെ കാര്യം നോക്കണം...വീട്ടു വാടക കൊടുക്കണം...കടം വാങ്ങാതെ കഴിയാൻ പറ്റണത് കർത്താവിന്റെ കൃപ!” മമ്മി ഭിത്തിയിലെ രൂപത്തെ നോക്കി കുരിശു വരച്ചു.
എന്റെ മനസ്സിൽ അപ്പോഴും ഒരു സശയം ബാക്കി...ബിൻസീടെ അപ്പച്ചൻ പുറത്തല്ലേ...എന്നിട്ടും...എന്തു പറ്റി ഈ കുടുംബത്തിന്‌...?

അറിയാതെ ചോദിച്ചുപോയി.

“അല്ല. സ്റ്റെഫിടെ അപ്പൻ പുറത്താണന്നല്ലേ പറഞ്ഞത്...?
”അതേ...“ മമ്മിയാണ്‌  മറുപടി പറഞ്ഞത്.
”അങ്ങേര്‌ ഇരുപത്തിനാലുമണിക്കൂറും വെള്ളത്തിന്റെ പുറത്താ...“
സ്റ്റെഫി അപ്പോൾ ചിരിക്കുന്നുണ്ടായിരുന്നു.
തന്റേടിയും, സുന്ദരിയുമായ പെൺകുട്ടി... നിനക്ക് നല്ലത് വരട്ടെ!


Read more...

ഉൽസവം

Sunday, June 8, 2014


“നളിനി ഭാഗ്യോള്ളോളാണ്‌!എഞ്ചിനീറാവാന്ന്‌ പറഞ്ഞാൽ ചില്ലറകാര്യാണോ ഇക്കാലത്ത്‌? തിരോന്തരത്ത്‌ വിട്ട്‌ പഠിപ്പിക്കേണം ഇനി. കല്യാണി അമ്മായി മാഞ്ചുവട്ടിലെ ചർച്ച തുടങ്ങി വെച്ചു.
അപ്പുക്കുട്ടൻ ജന്നലഴിയിൽ തൂങ്ങി പുറത്തേയ്ക്ക്‌ നോക്കി. അച്ഛന്റെ ഭാഷയിലെ  പരദൂഷണ കമ്മറ്റി അംഗങ്ങൾ എല്ലാം എത്തിയിട്ടുണ്ട്‌.

നളിനി അമ്മായീടെ മോൻ എഞ്ചിനീയറാവാൻ പോകാണ്‌! അതാണ്‌ ഇന്നത്തെ വിഷയം. അപ്പുക്കുട്ടൻ ജന്നൽ കമ്പിയിൽ കാല്‌ മാറ്റിമാറ്റി ചവിട്ടിക്കൊണ്ട്‌ നിന്നു.
”എടാ ചെറുക്കാ, അതു പഴയ തെങ്ങിൻ കമ്പിയാ...ഒടിഞ്ഞ്‌ കാലേ കേറും...“ അമ്മയുടെ നോട്ടം അപ്പുക്കുട്ടനിലേക്കായി. തിരിഞ്ഞാൽ കുഴപ്പം... മറിഞ്ഞാൽ കുഴപ്പം...
”ചില്ലറ നേർച്ചേം കാഴ്ചേമൊക്കെ ആണോ അവള്‌ നേർന്നത്‌! ഇത്തവണത്തെ ഉൽസവത്തിന്ന്‌ കോടിമരം നളിനീടെ വകയാ..“ ചുമ്മാതല്ല വിലാസിനി ചിറ്റയെ അച്ഛൻ അമ്പലവാസീന്ന്‌ വിളിക്കുന്നത്‌! ഭയങ്കര ഭക്തയാണ്‌.അമ്പലക്കാര്യോക്കെ നന്നായറിയാം.

അപ്പുക്കുട്ടന്റെ മനസ്സിൽ ചെണ്ടമേളം തുടങ്ങി. കഴിഞ്ഞ തവണത്തെ ഉൽസവം നല്ല രസാരുന്നു! കാഴ്ചശ്രീബലിക്ക്‌ മൂന്നാനയുണ്ടായിരുന്നു. ഒരു വലിയ ഗമണ്ടൻ ആന. രണ്ട്‌ ചെറിയ ആനകൾ. കാഞ്ഞങ്ങാട്ടുകാരുടെ ആനയായിരുന്നു വലിയത്‌. ‘രാജശേഖരൻ’ എന്നാണവന്റെ പേര്‌.
കുടിയൻ ഭാസി ആനേടെ വാലേ പിടിച്ചതിന്‌ അന്ന്‌ ഭയങ്കര ഇടി നടന്നു. ഭാസിയ്ക്ക്‌ ഇടികിട്ടിയത്‌ നന്നായെന്നാണ്‌ മാഞ്ചുവട്ടിലെ കമ്മറ്റി അഭിപ്രായപെട്ടത്‌!
തെക്കേപ്പുറംകാര്‌ ഭാസിയെവിട്ടു ഉൽസവം കലക്കാൻ ശ്രമിച്ചതാണന്നും പറയുന്നുണ്ടാരുന്നു ചിലർ.
“ആനെയെങ്ങാനും ഇളകിയാ എന്താകുമാരുന്നു...”അമ്മയുടെ അഭിപ്രായത്തിനോട്‌ എല്ലാരും തലകുലുക്കി സമ്മതം പ്രകടിപ്പിച്ചു.
കഴിഞ്ഞ ഉൽസവത്തിന്‌ രാജേശ്വരി ഉണ്ടായിരുന്നു. അപ്പുക്കുട്ടന്റെ കൂട്ടുകാരി. അപ്പുക്കുട്ടൻ ആനയുടെ പുറകേ നടക്കുകുന്ന സമയത്ത്‌ സേതുവാണ്‌ അതു കാണിച്ച്‌ കൊടുത്തത്‌. അങ്ങ്‌ വളക്കടയുടെ മുന്നിൽ...രാജേശ്വരി.
“ചേട്ടന്റെ ക്ലാസിലെ പെണ്ണാ... ല്ലേ...വളക്കടേടെ മുന്നില്‌...”
നീളൻ മുടി പന്നിവാലുപോലെ രണ്ട്‌ വശത്തോട്ട്‌ പിന്നിയിട്ട്‌, പട്ടുപാവാടയുമുടുത്ത്‌ നല്ല സുന്ദരിക്കുട്ടി! അപ്പുക്കുട്ടൻ വളക്കടയിലോട്ട്‌ നടന്നു. സേതു പുറകേ കൂടി.
“നീയെന്തിനാ...?” അപ്പുക്കുട്ടനവൾ വരുന്നത്‌ ഇഷ്ടമല്ലാരുന്നു.
“ഞാനല്ലേ കാണിച്ച്‌ തന്നേ...” എന്തിനും ഈ പെണ്ണിനൊരു ന്യായമുണ്ട്‌!
രാജേശ്വരീടെ അച്ഛനും അമ്മയും എല്ലാരുമുണ്ടാരുന്നു കൂടെ. കൈ നിറയെ വളയാ വാങ്ങിയത്‌ അവൾ!.സേതുവിനും കിട്ടി ഒരു ജോടി വള! രാജേശ്വരീടെ വകയായി.

“ഇത്തവണ ആറാട്ടുൽസവത്തിന്‌ നമ്മടെ സദാനന്ദന്റെ നാടകമാ...എസ്സെൽ പുരത്തെ...‘കാട്ടുകുതിര’...നല്ല ശേലൻ നാടകാന്നാ കേട്ടത്‌...“ കല്യാണി അമ്മായി നാടകപ്രേമിയാണ്‌. എവിടെ നാടകമുണ്ടേലും പോവും. വള്ളിപുള്ളി വിടാതെ കഥ മാഞ്ചുവട്ടിൽ അവതരിപ്പിക്കും.
”ചേർത്തലക്കാരനൊരാളാ, കൊച്ചുവാവായിട്ട്‌...ഭയങ്കര അഭിനയാ...“ നാടകം കാണുന്നതിന്‌ മുന്നേ ഇതിനുംമാത്രം അറിവ്‌ കല്യാണി അമ്മായിക്ക്‌ എവിടുന്ന്‌ കിട്ടുന്നുവെന്ന്‌ മാഞ്ചുവട്ടിലെ എല്ലാരും അതിശയിച്ചു.
”എന്നേം കൊണ്ടുപോണം നാടകത്തിന്ന്‌...“ അപ്പുക്കുട്ടൻ അപ്പോഴും ജന്നലിൽ തൂങ്ങി നില്ക്കുകയായിരുന്നു.
”നേരേ ചൊവ്വേ പഠിക്കാൻ നോക്ക്‌ ആദ്യം. കണ്ടാ ആൺപിള്ളേര്‌ പഠിച്ച്‌ എഞ്ചിനീയറാവാൻ പോണത്‌...“ അമ്മ ഉപദേശം തുടങ്ങി. അപ്പുക്കുട്ടൻ ജന്നലിലെ പിടിവിട്ടു. കണ്ടത്തീപ്പറമ്പിലെ പുളിമരത്തിൽ നിറയെ പുളിയാണ്‌. ഇല കാണാത്തവിധം പുളിയുണ്ട്‌ ഇത്തവണ. ഈ പെണ്ണുങ്ങളുടെ വർത്താനം കേക്കുന്നതിലും ഭേദം പുളിയെറിയുന്നതുതന്നെയാണ്‌. അപ്പുക്കുട്ടൻ നിക്കർ വലിച്ച്‌ കേറ്റി പുളിമരച്ചോട്ടിലേയ്ക്ക്‌ പോയി. ചിലപ്പോൾ  അഞ്ചുകണ്ണനും അവിടെ കാണും.

നളിനി അമ്മായീടെ വീട്‌ നന്നായി മോടി പിടിപ്പിച്ചിരിക്കുന്നു. പുതിയതായി ഓല മേഞ്ഞ്‌...മുറ്റമാകെ നല്ല വെള്ള മണൽ വിരിച്ചിരിക്കുന്നു. വേലിയും പുതിയതാണ്‌. വാതുക്കൽ കുരുത്തോലകൊണ്ട്‌ പന്തലിട്ടിട്ടുണ്ട്‌. വീടിന്റെ പുറകിലെ തോട്ടിറമ്പിലാണ്‌ കൊടിമരത്തിനായുള്ള അടയ്ക്കാമരം നില്ക്കുന്നത്‌. അങ്ങോട്ടേയ്ക്കുള്ള വഴീലും കുരുത്തോല കെട്ടിയിട്ടുണ്ട്‌. അമ്മായി ഭയങ്കര തിരക്കിലാണ്‌!  അമ്മായീടെ മോൻ നല്ല വെള്ള മുണ്ടൊക്കെ ഉടുത്ത്‌...നെറ്റിയിൽ ചന്ദനമൊക്കെ തൊട്ട്‌...സുന്ദരൻ...എഞ്ചിനീയറാവാൻ പോണ ആളാ...അപ്പുക്കുട്ടൻ ആരാധനയോടെ നോക്കി.

അങ്ങ്‌ ദൂരെ ചെണ്ട മേളം കേൾക്കുന്നു. ശാന്തികളുടെ വരവാണ്‌... കൊടിമരം കൊണ്ടുപോവാൻ...  തിരക്ക്‌ കൂടുന്നു.  നാട്ടിൻപുറം മൊത്തം ഇങ്ങോട്ടെക്കെത്തിയതുപോലെ...
 അപ്പുക്കുട്ടൻ തോട്ടിറമ്പിലെ വലിയ മാവിൻകൊമ്പിൽ കയറി ഇരുന്നു. കൊടിമരം വെട്ടുന്നത്‌ കാണാൻ ഇതിനേക്കാൾ നല്ല ഇടമില്ല!

അടയ്ക്കാമരത്തിനു മുന്നിലിട്ടിരുന്ന  പായയിൽ നെല്ല്‌ നിറച്ച പറ നിലവിളക്കുകളുടെ നടുവിൽ!. വലിയ​‍ൂരു പൂങ്കുല പറയിലെ നെല്ലിൽ! കൊടിമരത്തിന്‌ ചുറ്റും പൂക്കൾ വിതറിയിരിക്കുന്നു. നല്ല ചന്ദനത്തിരിയുടെ മണം.
ശാന്തികൾ പൂജ തുടങ്ങി. ആരും അനങ്ങുന്നില്ല...മണിയടിയും മന്ത്രോച്ഛാരണവുമല്ലാതെ മറ്റൊന്നും കേൾക്കാനില്ല.
ദൈവത്തിനെ എല്ലാർക്കും പേടിയാ... ദൈവം കോപിച്ചാൽ നാട്‌ നശിക്കും...
കാഞ്ഞങ്ങാട്ടെ രാജശേഖരൻ തലയെടുപ്പോടെ നിക്കുന്നു.
ഒരു വലിയ ശർക്കര ഉരുള രാജശേഖരന്റെ വായിലേയ്ക്ക്‌ ശാന്തികൾ വെച്ചുകൊടുത്തു.
പൂജിച്ച കോടാലി തങ്കപ്പനാശാരീടെ കൈയിലും.
അടയ്ക്കാമരം താഴെ വീഴുന്നു. മരം മണ്ണിൽ വീഴാൻ പാടില്ലത്രേ...ഒരായിരം കൈകൾ മരത്തെ താങ്ങുന്നു.
തൊലിയെല്ലാം ചെത്തി,പട്ടുടുപ്പിച്ച്‌ ചന്ദനം തൊടുവിച്ച്‌ കൊടിമരം അമ്പലത്തിലേയ്ക്ക്‌...മുന്നിൽ രാജശേഖരൻ...പിന്നെ ശാന്തികൾ...പിന്നെ ചെണ്ടക്കാർ...
പടയണിയായിട്ടാണ്‌ കൊടിമരയാത്ര.
അപ്പുക്കുട്ടൻ മരത്തിൽ നിന്നും ഇറങ്ങി.
തപ്പുകൊട്ടും, തുള്ളലും, ആർപ്പുവിളിയും...ആകെ ബഹളമയം. അപ്പുക്കുട്ടന്‌ നല്ല രസം തൊന്നി.
“മൊത്തം വെള്ളംകളിയാ...സുക്ഷിച്ചോ വഴക്കുണ്ടാകാൻ സദ്ധ്യതയുണ്ട്‌.” അച്ഛൻ അപ്പുക്കുട്ടന്റെ കൈയ്ക്ക്‌ പിടിച്ചു. സേതു അമ്മയുടെ കൂടെയാണ്‌.
കൊടിമരയാത്ര അമ്പലത്തിന്റെ തെക്കേ നടയിലെത്തിയപ്പോൾ പുറകിലൊരു ബഹളം. ആളുകൾ ചിതറിയോടുന്നു. അച്ഛൻ അപ്പുക്കുട്ടന്റെ കൈയിൽ ബലമായ്‌ പിടിച്ചു.
വാളുകൾ കൂട്ടിമുട്ടുന്ന ഒച്ച...അന്തരീക്ഷത്തിൽ തിളങ്ങുന്ന വാളുകളുടെ മിന്നായം...

“തെക്കേപുറത്തുകാര്‌ കാഞ്ഞങ്ങാട്ടുകാരുടെ പടയണി പൊളിക്കാൻ ശ്രമിച്ചതാ...കഴിഞ്ഞ കൊല്ലത്തെ പകരം ചോദിക്കൽ അല്ലാണ്ടെന്താ?” കല്യാണി അമ്മ മാഞ്ചുവട്ടിൽ വിശദീകരണം തുടങ്ങി.
“ഇത്തവണ കൊടിവീണിരിക്കുന്നത്‌ തെക്ക്‌ കിഴക്കോട്ടാ...നളിനീടെ വീടിന്റെ ദിക്കിലേക്ക്‌ തന്നെ... ഭാഗ്യം ഇത്തവണ അങ്ങോട്ടാ...”
“വഴക്കും കാര്യോന്നുമില്ലാണ്ട്‌ ഉൽസവം കഴിഞ്ഞ്‌ കിട്ടിയാമതിയാരുന്നു.“ അമ്മ പറഞ്ഞു. അപ്പുക്കുട്ടനും അതു തന്നെയായിരുന്നു ആഗ്രഹം. നാടകം കാണാനുള്ളതാണ്‌...കല്യാണി അമ്മായീടെ കാട്ടുകുതിര!
”കാലമാടന്മാർ ഒരുവർഷത്തെ പക മുഴുവൻ തീർക്കുന്നത്‌ ഉൽസവ പറമ്പിലല്ലേ... എങ്ങനെ വഴക്കില്ലാണ്ടാവും! ഇവന്മാരോടെക്കൊ ദൈവം ചോദിക്കും.“ വിലാസിനി ചിറ്റ ദൈവത്തിന്‌ ജോലികൊടുത്തു.

കൊടിയേറ്റ്‌ കഴിഞ്ഞ്‌ പിന്നെ പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. അതുകൊണ്ട്‌ തന്നെ കാഴ്ച്ശ്രിബലിക്ക്‌ ധാരാളം ആളുണ്ടായിരുന്നു. പക്ഷേ ഇത്തവണ ശ്രീബലിക്ക്‌ രാജേശ്വരി വന്നില്ല. അപ്പുക്കുട്ടൻ അവളെ എല്ലായിടത്തും നോക്കി. കണ്ടില്ല. രാജേശ്വരി വന്നില്ലന്ന്‌ സേതുവും പറഞ്ഞു. ഒരു ജോടി വള അവൾ ഇത്തവണയും പ്രതീക്ഷിച്ച്‌ കാണും!
അമ്മയും വളരെ സന്തോഷത്തിലായിരുന്നു. വഴക്കില്ലല്ലോ...നാടകം കാണാൻ പറ്റും!
നല്ല തിരക്കായിരുന്നു നാടകത്തിന്‌.കല്യാണി അമ്മായി ഒരു പായുമായിട്ടാണ്‌ വന്നത്‌! ചൊരി മണലിലിരുന്നാൽ ചൊറിയും!
കാട്ടുകുതിര!
നാടകക്കാരുടെ ബെല്ലടിയാണ്‌ അപ്പുക്കുട്ടനേറ്റവുമിഷ്ടം. ക്‌ ർ ർ ർ ർ ർ.... ക്‌ ർ ർ ർ... ക്‌ ർ ർ ർ ർ...മൂന്നാമത്തെ ബെല്ലിന്‌ കർട്ടനുയരും.
മൂന്നാമത്തെ ബെല്ലടിച്ചതും മൈതാനത്തിന്റെ ഏറ്റവും പുറകിൽ ഒരു ബഹളം...  സ്റ്റേജിനു പുറകിലൂടെ വടക്കോട്ട്‌ ആരൊക്കെയോ ഓടി.
പിന്നെ ബഹളം കെട്ടൊടുങ്ങി.
കൊച്ചുവാവ തകർത്തു. അമ്മയും, കല്യാണി അമ്മായിയും ഭയങ്കര ചിരി ആയിരുന്നു.
“അമ്മായി പറഞ്ഞത്‌ ശരിയാ...നല്ല ഉഗ്രൻ നാടകം. ഈ അടുത്ത കാലത്തൊന്നും ഇത്രയും നല്ല നാടകം കണ്ടിട്ടില്ല.” അമ്മായിയുടെ മാഞ്ചുവട്ടിലെ അഭിപ്രായത്തിന്‌ അമ്മ നന്ദി പറഞ്ഞു.
നല്ല ഉറക്ക ക്ഷീണമായിരുന്നു. അപ്പുക്കുട്ടൻ എണീറ്റപ്പോൾ സമയം വൈകുന്നേരമായിരുന്നു. പുറത്ത്‌ അടക്കിപ്പിടിച്ച സംസാരം...മാഞ്ചുവട്ടിലാണ്‌...
അപ്പുക്കുട്ടൻ ജന്നലഴിയിൽ ചവുട്ടി പുറത്തേക്ക്‌ നോക്കി.പരദൂഷണ കമ്മറ്റിക്കാർ ഇന്ന്‌ കയറുപിരിത്തവും, തൊണ്ടുതല്ലും ഒന്നുമില്ല. എല്ലാരും വട്ടംകൂടി നില്ക്കുന്നു.
കൂട്ടത്തിലാരോ പറയുന്നു.“കാഞ്ഞങ്ങാട്ടെ ശശി ആണെന്ന്‌ കരുതിയാ...ആളുമാറിപ്പോയി തെക്കേപ്പുറംകാർക്ക്‌!”
“ശരിയാ...അവനെക്കണ്ടാൽ ശശിയെപ്പോലെ തന്നെ തോന്നും.” അമ്മ.
“ദൈവത്തിന്റെ ഓരോ കളികളേ...നമ്മളൊന്നു വിചാരിക്കും...അങ്ങേര്‌ വേറെയോരോന്നും.!” വിലാസിനി ചിറ്റ ദൈവത്തിലേയ്ക്ക്‌ പോയി.
അപ്പുക്കുട്ടനൊന്നും മനസ്സിലാകുന്നില്ലായിരുന്നു ഈ പെണ്ണുങ്ങളുടെ സംസാരം.
അടുത്തത്‌ കല്യാണി അമ്മായിടെ ഊഴമായിരുന്നു.
‘എങ്കിലും വടക്കോട്ടുള്ള  ആ ഓട്ടം ഇങ്ങനെയൊക്കെ ആകുമെന്ന്‌ സ്വപ്നത്തീ പോലും വിചാരിച്ചില്ല. ഒറ്റക്കുത്താരുന്നു...നെഞ്ച്‌ പിളന്നാ പോയത്‌...ആ ചെറുക്കനെ പ്രതീക്ഷിച്ച് അവളെന്നാക്കാ സ്വപ്നാ കണ്ടത്...
എന്തു ചെയ്യാം...
എല്ലാം തീർന്നില്ലേ, ഒരു നിമിഷം കൊണ്ട്..
നളിനി ഭാഗ്യം കെട്ടോളാ..“



Read more...

സ്റ്റാഫ് കോളനി

Saturday, May 31, 2014


നഗരത്തിന്റെ നടുക്ക്‌ ഇത്രയും വലിയൊരു ഫാക്ടറി വളരെ അപൂർവമായേ ഇന്നത്തെക്കാലത്ത്‌ കാണൂ.നഗരം ഇന്നത്തെ നിലയ്ക്ക്‌ എത്തുന്നതിന്‌ എത്രയോ മുന്നേ തന്നെ ഫാക്ടറി ഇവിടെ ഉണ്ടെന്നുള്ളതായിരിക്കും അതിനുകാരണം! ഒരുകാലത്ത് വെറും കാടുപിടിച്ച് കിടന്നിരുന്ന സ്ഥലമാണന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്!
ഫാക്ടറിയോട്‌ ചേർന്നു തന്നെയാണു സ്റ്റാഫ് ക്വാർട്ടേഴ്സ്‌. ധാരാളം മരങ്ങളും, പാർക്കുമൊക്കെ ചേർന്നൊരു വലിയൊരു കോമ്പൗണ്ട്‌ തന്നെയുണ്ട്‌ ക്വാർട്ടേഴ്സിന്‌. ഇത്രയും വലുതും, ശാന്തവുമായൊരു താമസസ്ഥലം ഇവിടെയുണ്ടൊ എന്നു തന്നെ ഉള്ളിലെത്തുന്നതുവരെ ആരും വിചാരിക്കില്ല.
നാലുനില കെട്ടിടങ്ങളുടെ പലപല ബ്ളോക്കുകളാണ്‌ ഈ കോളനിയിലുള്ളത്‌. ഞങ്ങളുടേത്‌ ഉൾപ്പെടെ ഏകദേശം നാൽപതോളം കുടുംബങ്ങളാണിവിടെയുള്ളത്‌. വൈകുന്നേരങ്ങളിൽ പാർക്കിൽ നല്ല ബഹളമായിരിക്കും. കുട്ടികളും  സ്ത്രീകളുമെല്ലാം വൈകുന്നേരങ്ങളിൽ അവിടെ ഒത്തുകൂടും. ഇന്ത്യയുടെ വിവിധ സംസ്ഥാങ്ങളിൽ നിന്നും വന്നവർ. വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്നവർ! ആകെ കൂടെ നല്ല ബഹളമയമായിരിക്കും പാർക്കിലപ്പോൾ!
നടത്തത്തിനായി ഇറങ്ങുന്നവർ ചിലർ! അവർ പാർക്കിനെ ചുറ്റിയുള്ള റോഡിൽ ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കും. നല്ല ആരോഗ്യത്തോട്‌ കൂടിയ ചിലർ ഓട്ടക്കാരയും ഉണ്ടാകും കൂട്ടത്തിൽ.
പാർക്കിലെ ഊഞ്ഞാലിലുംസ്ലൈഡിലും, സീസയിലുമൊക്കെയായി കുട്ടികൾ! ഇതൊന്നിലും പെടാതെ ഏതെങ്കിലും മരത്തിന്റെ കീഴിലെ ബെഞ്ചിൽ കാറ്റും കൊണ്ട്‌ അടങ്ങിയൊതുങ്ങി ഇരിക്കുന്നവരുമുണ്ടാകും!
മുതിർന്ന കുട്ടികൾ ക്രിക്കറ്റോ ബാഡ്മിന്റണോ ഒക്കെയായ് ആകെയൊരു ശേലാണ്‌ കോളനി കോമ്പൗണ്ടിൽ!
ജോലികഴിഞ്ഞ്‌ വന്ന്‌ നഗരത്തിലെ മലിനീകരണത്തിൽ നിന്നും, ബഹളങ്ങളിൽ നിന്നും ഒഴിഞ്ഞു മാറി വിശ്രമിക്കാൻ ഇതിനേക്കാൾ നല്ലയിടം വേറെ ഇല്ല എന്നു തന്നെ പറയാം.

രണ്ടാമത്തെ ബ്ളോക്കിന്റെ മൂന്നാമത്തെ നിലയിലാണ്‌ ഞാനും കുടുംബവും താമസിച്ചിരുന്നത്‌. ഞങ്ങളുടെ മുകളിൽ ഒരു തെലുങ്ക്‌ ഫാമിലിയും താഴെ ബംഗാളികളും.
ഞങ്ങൾക്ക്‌ തെലുങ്ക്‌ നല്ല വശമില്ലാതിരുന്നതിനാലും, മുകളിലെ തെലുങ്കർക്ക്‌ ഹിന്ദി നന്നേ അറിയില്ലാത്തതിനാലുമായിരിക്കാം  അവരുമായുള്ള സഹകരണം വളരെ കുറവായിരുന്നു.
റെഢി ഞങ്ങളുടെ കമ്പനിയിൽ തന്നെ വേറൊരു ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്തിരുന്നതിനാൽ അയാളുമായി എനിക്കും വലിയ അടുപ്പമില്ലായിരുന്നു. വല്ലപ്പോഴും കാണുമ്പോൾ ഒരു ചിരി അത്രമാത്രം!
റെഢിയുടെ പ്രായമേറിയ അച്ഛനും, ഭാര്യയും, മക്കളുമാണ്‌ മുകളിലത്തെ ഫ്ലാറ്റിലുള്ളത്‌. മകൻ പഠിക്കാൻ അത്ര മിടുക്കനല്ല എന്നാണ്‌ പറഞ്ഞ്‌ കേട്ടിട്ടുള്ളത്‌.  അവൻ ഞങ്ങളുടെ ഒരു മേലുദ്യോഗസ്ഥന്റെ മകളുമായ്‌ പ്രേമത്തിലാവുകയും അത്‌ വലിയ പൊല്ലാപ്പിലാവുകയും ചെയ്തിരുന്നു. കുറച്ചു നാളത്തേയ്ക്ക്‌ പാർക്കിലെ വൈകുന്നേരങ്ങളിലെ വർത്തമാനം അതു തന്നെയായിരുന്നു. അവസാനം മേലുദ്യോഗസ്ഥൻ കോളനിയിൽ നിന്നും താമസം  നഗരത്തിലെ ഏതോ പോഷ്‌ ഏരിയയിലേക്ക്‌ മാറ്റി!
റെഢിയുടെ മകൻ ഇപ്പോൾ എന്തു ചെയ്യുന്നുവെന്ന്‌ അറിയില്ല. ആരുമതിനെക്കുറിച്ച്‌ അങ്ങനെ സംസാരിച്ചും കേട്ടിട്ടില്ല. വൈകുന്നേരങ്ങളിൽ പലപ്പോഴും അവനെ കാണാറുണ്ട്‌. അപ്പൂപ്പനെ വീൽചെയറിൽ ഇരുത്തി പുറം ലോകം കാണിക്കാനോ കാറ്റുകൊള്ളിക്കാനോ...അങ്ങനെ എന്തുവേണേൽ പറയാം.ഇളയ പെൺകുട്ടി എഞ്ചിനീയറിംഗ്‌ അവസാന വർഷമാണന്ന്‌ തോന്നുന്നു.
ചില ദിവസങ്ങളിൽ രാത്രിയിൽ റെഢിയുടെ മകന്റെ ശബ്ദം ഞങ്ങളുടെ ഫ്ളാറ്റ്‌ വരെ കേൾക്കാൻ കഴിഞ്ഞിട്ടുണ്ട്‌.
തെലുങ്ക്‌ നല്ല വശമില്ലാതിരുന്നതിനാൽ പലപ്പോഴും എന്താണ്‌ സംസാരിക്കുന്നതെന്ന്‌ പൂർണ്ണമായി മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല. എങ്കിലും ഒരു കാര്യം വ്യക്തമായിരുന്നു. വൃദ്ധനും പേരക്കുട്ടിയുമായ്‌ എന്തോ തർക്കമുണ്ട്‌.
“മിണ്ടാതിരുന്നോണം...കൂടുതലു പറഞ്ഞാൽ അങ്ങ്‌ വിജയവാഡയിൽ കൊണ്ടുപോയിടും ഞാൻ...”ഒരു നാൾ കേട്ട വർത്തമാനം ഏകദേശം ഇത്തരത്തിലുള്ളതായിരുന്നു.

താഴത്തെ നിലയിലെ ബംഗാളികളുടെ കാര്യമാണ്‌ ബഹുരസം. ഇത്രയധികം ഒച്ചത്തിൽ സംസാരിക്കുന്ന ഒരു സ്ത്രീയെ ഞാനാദ്യമായിട്ടാണ്‌ കാണുന്നത്‌. ‘കാക്കുലി’ എന്നാണവരുടെ പേര്‌. അവരുടെ ഭർത്താവ്‌, IT ഡിപ്പാർട്ട്മെന്റ് തലവനാണ്‌.
കാക്കുലി ഭാഭിയും അവരുടെ സ്കൂളിൽ പഠിക്കുന്ന മോനുമായിട്ടാണ്‌ പ്രശ്നം! രാത്രി വളരെ ഇരുട്ടുന്നതു വരേയ്ക്കും ബഹളമുണ്ടാവും. അതിരാവിലെ പിന്നേയും തുടങ്ങും. അവര്‌ മകനെ പഠിപ്പിക്കുന്നതാണ്‌ അല്ലെങ്കിൽ പഠിപ്പിക്കാൻ ശ്രമിക്കുന്നതാണ്‌ ഈ ഒച്ചയ്ക്കും ബഹളത്തിനുമൊക്കെ കാരണം.അലർച്ചയും കാറലുമൊക്കെ കേൾക്കാം. അവസാനം ഈ പ്രശ്നങ്ങളൊക്കെ തീരുന്നത് ഒരു ബോംബ് സ്ഫോടനത്തോടെയായിരിക്കും. സംഭവം IT തലവന്റെ വകയായിരിക്കും. അടുക്കളയിലെ ഏതെങ്കിലും ഒരു സാമാനം ‘ഢിം’ എന്ന് വീണ്‌ പൊട്ടും. പിന്നെ കാക്കുലി ഭാഭീടെ കരച്ചിലു കേൾക്കാം. അതോടെ എന്തു സാധനമാണ്‌ പൊട്ടിയതെന്നു മറ്റുള്ളവർക്കും മനസ്സിലാക്കാം!
വരുമാനത്തിന്റെ നല്ലൊരു പങ്കു ഇങ്ങനെ ‘പൊട്ടിക്കൽ...വാങ്ങൽ’ ചടങ്ങിൽ ചെലവാക്കുന്നുണ്ടന്ന് ഇടയ്ക്കിടയ്ക്ക് കാക്കുലി ഭാഭി തന്നെ പറയാറുണ്ട്.
“എന്തു ചെയ്യാനാ, ‘ഋഷി’ടെ ഭാവിക്കല്ലേ...” (മകന്റെ പേര്‌ ഋഷി)
ഋഷീടെ ഭാവിക്കായുള്ള കലാപരിപാടികൾ ഒരു സ്ഥിരപ്രകടനമായതിനാൽ കോളനിയിലതൊരു വിഷയമല്ലായിരുന്നു. ഇനി ഏതെങ്കിലും കാരണവശാൽ പരിപാടി മുടങ്ങിയാൽ പലരും ചോദിക്കാറുണ്ടായിരുന്നു. “എന്താ ഭാഭിജീ, ഋഷിക്കു വയ്യേ? ഇന്നലെ പഠിപ്പിക്കുന്നതൊന്നും കേട്ടില്ല...“

 തൊട്ടടുത്തുള്ള ബ്ളോക്കിൽ ഒരു മലയാളി കുടുംബവും ഒരു കന്നടക്കാരനും. രണ്ടു പേരും എന്റെ ഡിപ്പാർട്ട്മെന്റിൽ തന്നെ ജോലി ചെയ്തിരുന്നതിനാൽ അവരുമായുള്ള സഹകരണം കൂടുതലുമായിരുന്നു. കന്നടക്കാരന്റെ പേര്‌ പുട്ടുസാമി. കർണ്ണാടകത്തിലെ തുംഗൂർ സ്വദേശി. ആള്‌ കമ്പനിയിൽ അറിയപ്പെട്ടിരുന്നത് ‘ന്യൂസ് പേപ്പർ’ എന്നാണ്‌! പേരിൽ നിന്നും തന്നെ ആളെ പിടികിട്ടിക്കാണുമല്ലോ?
എത്ര രഹസ്യമായ കാര്യമായാലും പുട്ടുസാമിയെ ഏൽപ്പിച്ചാൽ മതി! കൂടെ പറയണം ”ആരോടും പറയരുത് കേട്ടോ...“ പുട്ടു സാമി കേൾക്കും...പിന്നെ കമ്പനീൽ പാട്ടുമാകും...
എന്തു പറഞ്ഞാലും പുട്ടുസാമീടെ കഴിവിനെ അംഗീകരിച്ച് കൊടുക്കാതിരിക്കാൻ പറ്റില്ല. ‘പുട്ടു’ അറിയാത്ത ഒരു കാര്യവുമില്ല. ന്യൂസ് ചികയാനും,പബ്ലിഷ് ചെയ്യാനുമുള്ള ലോകപുരസ്കാരമുണ്ടങ്കിൽ അത് ‘പുട്ടു’വിനുള്ളതാണ്‌
പുട്ടുസാമി എന്നും രാവിലെ നടക്കാൻ പോകാറുണ്ട്. രാവിലെ എന്നു പറഞ്ഞാൽ, അതിരാവിലെ തന്നെ! നാലു മണി!. പുട്ടുവിന്റെ നടത്തം കമ്പനി കോമ്പൗണ്ടിന്റെ പുറത്തേക്കാണ്‌ കൂടുതലും. പുട്ടുവിനു കിട്ടുന്ന ന്യൂസുകളിൽ പകുതിയും ഈ നടത്തതിൽ നിന്നും കിട്ടുന്നതാണ്‌. അത് ഒന്നൊഴിയാതെ കൊണ്ട് ഞങ്ങൾക്ക് തരുന്നതിനാൽ ന്യൂസിനായ് വേറെ എങ്ങും പോകേണ്ട ആവശ്യമില്ലായിരുന്നു. പുട്ടു  നിരന്തരം നിർഭയം നടത്തിക്കൊണ്ടിരുന്ന ഈ സേവനത്തിൽ അല്പസ്വൽപ്പം വിശ്വാസമുള്ളതിനാലും, നടപ്പും എക്സർസൈസുമൊക്കെ ചെയ്ത് ഇനിയും മെലിയാൻ എല്ലുന്തിയ ശരീരത്തിൽ ബാക്കി ഒന്നുമില്ല എന്ന ബോധ്യമുള്ളതിനാലും, ഏഴുമണിക്ക് മുന്നേയുള്ള ലോകം എനിക്ക് അപ്രാപ്യമായിരുന്നു.

അന്ന് കമ്പനിയിൽ എത്തി പതിവ് ജോലിക്ക് പ്രവേശിക്കുന്നതിന്‌ മുന്നായ് പുട്ടു ഓടിയെത്തി!
എന്റെ കൈയ്ക്ക് പിടിച്ച് വലിച്ചുകൊണ്ട് ഓഫീസിനുള്ളിലേക്ക് പോയി.ചൂണ്ട് വിരൽ ചുണ്ടിനു മുകളിൽ വെച്ച് ശൂ..എന്ന് ശബ്ദമുണ്ടാക്കി.
പുട്ടുവിന്റെ രഹസ്യങ്ങളൊക്കെ ഇങ്ങനെ തന്നെയാണ്‌ തുടക്കം.അതറിയാവുന്നതുകൊണ്ട് തന്നെ ഞാൻ പറഞ്ഞു. “ഒന്ന് പറഞ്ഞ് തൊലയ്ക്കടോ...ഒത്തിരി പണി പെൻഡിങ്ങിലുള്ളതാ..”
“സുനിലേ...ഇതെപ്പോഴത്തേം പോലല്ല...സീരിയസാ...”
ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു. “ഒന്ന് വേഗം പറഞ്ഞ് തീർക്ക്..”
പുട്ടു എന്റെടുക്കലേയ്ക്ക് ചേർന്ന് നിന്നു. “വളരെ രഹസ്യമാ...ആരോടും പറയരുത്...പ്രോമിസ്...” പുട്ടു കൈ നീട്ടി. എത്രയും പെട്ടെന്നു പറഞ്ഞു തീർക്കട്ടെ എന്നു കരുതി ഞാനും കൈനീട്ടി.
“ഇന്നു രാവിലെ നടക്കാൻ പോയിട്ട് വരുമ്പൊ കണ്ടതാ...ആരോടും പറയരുത്.”
“താനൊന്ന് പറഞ്ഞ് തീർക്ക് എനിക്ക് പണിയൊള്ളതാ..” ഞാൻ ധൃതി കൂട്ടി.
“നിങ്ങടെ മുകളിലത്തെ റെഢീടെ അച്ഛനില്ലേ...അങ്ങേര്‌ പുറകിലത്തെ ബാൽക്കണീന്ന് താഴെ വീണു.”

രാവിലെതന്നേ ഓരോരോ വിഷയവുമായിട്ട് ഇറങ്ങിക്കോളും. എനിക്ക് ക്ഷമ നശിക്കുന്നുണ്ടായിരുന്നു. നടക്കാൻ പോലും ആരുടെയെങ്കിലും സഹായം ഇല്ലാതെ പറ്റാത്ത വൃദ്ധൻ ബാൽക്കണീന്ന് താഴോട്ട് ചാടാൻ പോവുകല്ലേ? അഥവാ ആരെങ്കിലും നാലാം നിലയിൽ നിന്ന് താഴെ വീണാൽ ജീവനോടിരിക്കുമോ? അങ്ങനെന്തെങ്കിലുമൊക്കെ സംഭവിച്ചാൽ അടുത്ത് താമസിക്കുന്ന ഞങ്ങളറിയാതിരിക്കുമോ?
പുട്ടുവിന്റെ പറച്ചിലിൽ അവിശ്വാസം രേഖപ്പെടുത്തി ഞാൻ റൂമിൽ നിന്നും പുറത്തേക്ക് നടന്നു.
“താൻ വിശ്വസിക്കേണ്ടടൊ...ഞാനെന്റെ കണ്ണു കൊണ്ട് കണ്ടതാ.റെഢീടെ മോൻ പുറകേ വന്ന് അങ്ങേരെ എടുത്തോണ്ട് പോണതും ഞാൻ കണ്ടതാ...”
ഞാൻ നടത്തത്തിന്റെ വേഗം കൂട്ടി. വെറുതേ ഓരോന്ന് കേട്ട് ചെയ്യാനുള്ള പണി കൂടി മുടങ്ങും.
“പ്രായമായോരൊക്കെ ഭാരമാവുന്ന കാലമാ...” പുട്ടുവിന്റെ ശബ്ദം പുറകിൽ ചെറുതായി കേൾക്കുന്നുണ്ടായിരുന്നു.
വല്ല നാട്ടിലും വന്ന് ഇല്ലാക്കഥകളുണ്ടാക്കി പൊല്ലാപ്പുണ്ടാകാതിരുന്നാൽ മതിയാരുന്നു. ഞാൻ മനസ്സിൽ വിചാരിച്ചു.
പറഞ്ഞത് പുട്ടുസാമിയായതുകൊണ്ടും ജോലിയുടെ ഓരോ തിരക്ക് വന്നതും ഞാനീ വിഷയം മറന്നു പോയിരുന്നു.

വൈകിട്ട് വീട്ടിൽ വന്ന്  ചായ കുടിയൊക്കെ കഴിഞ്ഞ് ടീവി യുടെ മുന്നിലിരുന്നു.പതിവ് വാർത്തകൾ തന്നെ.രാഷ്ട്രീയവും, കത്തിക്കുത്തും,  സിനിമയും...
ടീവി ഓഫ് ചെയ്ത് ന്യൂസ് പേപ്പർ കൈയിലെടുത്തു.
ഭാര്യ വന്ന് അടുത്തിരുന്നു.
“അറിഞ്ഞാരുന്നോ?”
“എന്ത്?” ഞാൻ ചോദിച്ചു.
“മുകളിലത്തെ അപ്പാപ്പൻ മരിച്ചു. ഇന്നലെ രാത്രി എപ്പോഴോ ആണന്നാ തോന്നുന്നെ. രാവിലെ കക്കൂസിൽ മരിച്ച് കിടക്കുന്നതാ കണ്ടത്. ഞാൻ പോയി കണ്ടിരുന്നു. കഷ്ടം! എത്ര പെട്ടെന്നാ എല്ലാം!.“
”എന്നിട്ട്?“
“എന്നിട്ടെന്താ, ഉച്ചയ്ക്ക് മുന്നേ ശ്മശാനത്തിലേയ്ക്ക് കൊണ്ടുപോയി.അത്രതന്നെ!”
ഞാൻ ന്യൂസ് പേപ്പർ മടക്കി പുറകിലെ ബാൽക്കണിയിലേയ്ക്ക് നടന്നു. താഴെ മതിലിനോട് ചേർന്നുള്ള പൊത്തിൽനിന്നും ഒരെലി പുറത്തേക്ക് എത്തിനോക്കുന്നു.
“എന്തൊര്‌ ആൾക്കാരല്ലേ? വിജയവാഡയിൽനിന്നുള്ള ബന്ധുക്കൾ വരാൻ പോലും കാത്തുനിന്നില്ല.” ഭാര്യയുടെ ശബ്ദം.
എലി അപ്പോൾ മാളത്തിലേയ്ക്ക് തല വലിച്ച് കളഞ്ഞു.


Read more...

മൂപ്പന്റെ പശു

Saturday, May 24, 2014

തോടിനോട് ചേര്‍ന്ന് കിടക്കുന്ന വലിയ മണല്‍ കൂനയുടെ മുകളിലാണ് സാമിയുടെ വീട്. പണ്ടെങ്ങോ ആരൊക്കെയോ ചേര്‍ന്ന് വെട്ടിയുണ്ടാക്കിയ തോടാണ്! കിഴക്കന്‍ കായലും അറബിക്കടലും കൂട്ടിമുട്ടിച്ചുകൊണ്ടുള്ള തോട്! പത്താള്‍ വീതിയുണ്ട് തോടിന്.

വെട്ടിയുണ്ടാക്കിയ കാലത്ത് രണ്ടാള്‍ പൊക്കത്തില്‍ വെള്ളവുമുണ്ടായിരുന്നു തോട്ടില്‍. ഇതെല്ലാം അമ്മൂമ്മ പറയുന്നതാണ്.

തോട് വെട്ടുന്നത് അമ്മൂമ്മ കണ്ടിട്ടുണ്ടോ? ഇല്ല.ഒരിക്കലുമില്ല. തോടുണ്ടായത്...ഉണ്ടാക്കിയത്...പണ്ട് പണ്ടാണ്.അമ്മൂമ്മയും അമ്മൂമ്മയുടെ അമ്മൂമ്മയുമൊക്കെ ഉണ്ടാകുന്നതിന് മുന്നെ!
തോടിനെക്കുറിച്ച് കഥകള്‍ പലതുമുണ്ടെങ്കിലും വിശ്വസനീയമായ ഒരു ഭാഷ്യം നല്‍കാന്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ആര്‍ക്കും കഴിഞ്ഞിരുന്നില്ല. വരും തലമുറയുടെ അറിവിലേക്കായ് തോടിന്റെ കഥകള്‍ ആരും എഴുതിയും വെച്ചിരുന്നില്ല.
പഴയകാലത്തിന്റെ പ്രൌഢിയൊന്നും ഇന്ന് തോടിനില്ല. രണ്ടാള്‍ താഴ്ചയോ,പത്താള്‍ വീതിയോ തോടിനില്ല. കായലില്‍ നിന്നും പുല്ലുമായി വരുന്ന വള്ളങ്ങള്‍ കിഴക്കേപാലത്തിന്റെ കിഴക്കേകരവരെയേ ഇപ്പോള്‍ വരത്തുള്ളൂ. പാലത്തിന്നിപ്പുറം ഇപ്പോള്‍ തോടിന്റെ അടിത്തട്ട് കാണാം. തോടിന്റെ ഒത്ത നടുവിലൂടെ ഒരു ചെറിയ ചാല് ഇപ്പോളുമുണ്ട്. ചാലിന്റെ വശങ്ങളിലായിട്ടിരിക്കുന്ന വലിയ കരിങ്കല്ലുകള്‍ അലക്കുകാരുടെ വകയാണ്. ചുരുക്കത്തില്‍ പാലത്തിന്റെ പടിഞ്ഞാറേക്കരെയുള്ള തോടിന്റെ എന്തെങ്കിലും ഗുണം കിട്ടുന്നെങ്കില്‍ അലക്കുകാര്‍ക്കുമാത്രമാണ്!
തോടിന്റെ ഇരു കരകളിലുമായ് ഇന്നുംനിലനില്‍ക്കുന്ന വലിയ മണല്‍കൂനകളൊന്നുമാത്രമാണ് തോട് മനുഷ്യനിര്‍മ്മിതമാണന്ന് പ്രത്യക്ഷത്തില്‍ തെളിയിക്കുന്ന ഒരേഒരു സാക്ഷ്യപത്രം. ആ മണല്‍ കൂനകളിലൊന്നിലാണ് സാമിയുടെ വീട്.

സാമിയെക്കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ? അരോഗദൃദഢഗാത്രനായ ഒരു മദ്ധ്യവയസ്കൻ! നല്ല ഉയരവും പൊക്കത്തിനൊത്ത വണ്ണവുമുള്ള ഒരൊത്ത മനുഷ്യൻ!
പുരികങ്ങളുടെ മദ്ധ്യത്ത് നിന്ന് തുടങ്ങി കഷണ്ടി കയറിയ തലയിലേക്ക് എത്തി നിൽക്കുന്ന നീളൻ ഗോപിക്കുറിയില്ലാതെ സാമിയെ കാണുക അസാദ്ധ്യം!
പൊക്കിളിന് മുകളിൽ കേറ്റികുത്തിയ കൈലിമുണ്ടിന്റെ മറ്റേ അറ്റം മുട്ടിന് താഴെ എത്തി നിൽക്കും. കഴുത്തിനെ ചുറ്റി കിടക്കുന്ന ഒരു ഒറ്റത്തോർത്ത്...ഇത്രയുമാണ് സാമിയുടെ ഒരേകദേശരൂപം!

സാമിയുടെ ജോലി! അതങ്ങനെ പ്രത്യേകിച്ചൊന്നുമില്ല. എന്തും ചെയ്യും. കണക്കിന് കൂലികിട്ടണമെന്ന് മാത്രം!
തെങ്ങുകയറും, തേങ്ങപൊതിക്കും, വേലികെട്ടും, തെങ്ങിന് തടംവെട്ടും, കുളം വെട്ടും, കിണറ് തേകും...അങ്ങനെ...അങ്ങനെ...എന്തു പണിയും സാമി ചെയ്യും.
സാമിക്ക് വെറുതേ ഇരിക്കാൻ ഒരിക്കലും സമയം കിട്ടിയിരുന്നില്ല. ജോലിയിലെ കൃത്യനിഷ്ഠയും,വൃത്തിയും മാത്രമല്ല, സാമി വന്നുകഴിഞ്ഞാൽ...അല്ലെങ്കിൽ സാമിയെ ഒരു ജോലി ഏൽ‌പ്പിച്ചു കഴിഞ്ഞാൽ പിന്നെ അതിനെക്കുറിച്ച് ആരും ആലോചിക്കേണ്ട കാര്യം‌പോലുമില്ല.
കണാരൻ മൂപ്പന്റെ വീട്ടിൽ വേലികെട്ടാൻ പോയത് എന്നത്തേതുംപോലെ തന്നെയാണ്. മൂപ്പന്റെ വീടാണെങ്കിലും മച്ചാന്റെ വീടാണെങ്കിലും സാമിക്ക് പ്രത്യേകത ഒന്നുമില്ല. പണിയെടുക്കും. കൂലികൃത്യമായി കിട്ടണം അത്രമാത്രം!
രാവിലെ മുതൽ വൈകുന്ന വരെ കഠിനപ്രയത്നം! പഴയവേലി ഒരു ഓർമ്മയായി.
കൈയും കാലും മുഖവുമൊക്കെ കഴുകി സാമി കൂലിക്കായ് കണാരൻ മൂപ്പന്റെ മുന്നിലെത്തി.
സാമിയെക്കണ്ട് മൂപ്പനൊരു ചിരി പാസാക്കി. ആ ചിരിയിൽ എന്തോ പന്തികേടു മണക്കുന്നുണ്ടായിരുന്നു. പിശുക്കന്റെ പണി സാമിയോടോ?
“സാമീ...” കണാരൻ മൂപ്പൻ മോണകാണിച്ച് ഒരു ചിരിചിരിച്ചു. വലതു കൈയുടെ വിരലുകൾ ഉച്ചിയിലെ മുടിയിൽ അറിയാതെ പിടിച്ചു വലിച്ചുകൊണ്ടിരുന്നു.
“ഒരത്യാവശ്യമുണ്ടായി...ബാങ്കിൽ കുറച്ചു പൈസ ഇടേണ്ടതായ് വന്നു.കൂലി മുഴുവനുമില്ല. നാളെ ആ അപ്പുക്കുട്ടന്റെ വീട്ടീന്ന് പലിശക്കാശുകിട്ടുമ്പോ തീർത്തുതരാം.അപ്പോ ശരി...“ മൂപ്പൻ വീട്ടിന്നുള്ളിലേയ്ക്ക് നടന്നു.
“സാരമില്ല മൂപ്പാ...നമ്മുക്ക് നാളെ കാണാം.” സാമിയും തിരിച്ചുനടനന്നു.
അന്നു രാത്രി പശുവിന് കാടിവെള്ളം കൊടുക്കാൻ തൊഴുത്തിലെത്തിയ മൂപ്പൻ ഒരു വിവരമറിഞ്ഞു!
തൊഴുത്തിൽ പശുവില്ല! കുടം നിറയെ പാലു തരുന്ന പശു!
റാന്തൽ വിളക്കുമായ് മൂപ്പൻ പശുവിനെ നോക്കാൻ തീരുമാനിച്ചു.തൊഴുത്തിനു മുന്നിൽ... മണലിൽ... കാൽ വിരലിനാൽ എന്തോ എഴുതിയിരിക്കുന്നു.
‘കാശു തരുമ്പോ പശൂം വരും.’
“സാമദ്രോഹീ...” മൂപ്പൻ നിലത്തോട്ടിരുന്നു.
സാമി പശുവുമായി അപ്പുക്കുട്ടന്റെ വീട്ടിലേയ്ക്കാണ് പോയത്. വീടിനു മുന്നിലെ പ്ലാവിൽ പശുവിനെ കെട്ടി.
വാതുക്കലേയ്ക്ക് വന്ന അമ്മയോട് സാമി പറഞ്ഞു. “തൽക്കാലം ഇതിവിടെ നിക്കട്ടെ. രാവിലെ കൊച്ചന് പാല് കറന്ന് കൊട്...”
“കൊള്ളാം നല്ല ശേലായി... ഇതിനെവിടുന്നാ ഇനി തീറ്റി എടുത്ത് കൊടുക്കുന്നേ...”
“മൂപ്പന്റെ പശുവാ...അയാളു നിങ്ങടെ പലിശേടെ കാര്യോം പറഞ്ഞ് എന്റെ കൂലിയങ്ങ് വിഴുങ്ങി. ഞാൻ പശൂനേം അങ്ങ് മുക്കി...”
“ഇതെന്തൊക്കെ പുലിവാലാണോ? പലിശേം...സ്കൂളിലെ ഫീസും...എല്ലം കൂടി ഞങ്ങളെന്തു ചെയ്യും ദൈവമേ...” അമ്മ കരച്ചിൽ തുടങ്ങി.
ഫീസു കൊണ്ട് ചെല്ലാതെ ക്ലാസിൽ കേറണ്ടന്നാണ് അപ്പുക്കുട്ടനോട് ടീച്ചറ് പറഞ്ഞിരിക്കുന്നത്.
“നിങ്ങളു പേടിക്കാതെ എല്ലാത്തിനും ഒരു വഴിയുണ്ടാവും.” സാമി പോയി.
പിറ്റേന്ന് കാലത്ത് മുറ്റത്ത് ബഹളം കേട്ടാണ് അപ്പുക്കുട്ടനുണർന്നത്.
മൂപ്പൻ പശുവിനേം അഴിച്ചോണ്ട് പോകുന്നു.
സാമി ചിരിച്ചുകൊണ്ട് നിൽക്കുന്നു.
“മോനിങ്ങ് വന്നേ...” സാമി അപ്പുക്കുട്ടനെ വിളിച്ചു.
“എത്ര രൂപയാ ഫീസുകൊടുക്കേണ്ടത്?” സാമിയുടെ കൈവിരലുകൾ അപ്പുക്കുട്ടന്റെ മുടിയെ തലോടി.
“ഇരുപത്തഞ്ച്.” അപ്പുക്കുട്ടന്റെ ശബ്ദം വളരെ പതുക്കെ ആയിരുന്നു.
“ദാ, ഇതിരിക്കട്ടെ. ഈ പണം നീ ഒരിക്കലും എനിക്ക് തിരിച്ച് തരരുത്...ഇതിനാവശ്യക്കാരുണ്ടാവും. ഇപ്പോഴല്ല. നീ പഠിച്ച് വലുതായ് ഉദ്യോഗമൊക്കെ കിട്ടിക്കഴിയുമ്പോ ആരെങ്കിലുമൊക്കെ വരും...പഠിപ്പിന്ന് കാശാവശ്യമായ്...ഇതവർക്ക് നീ തിരിച്ച് നൽകണം...നല്ലതുവരട്ടെ...”
സാമിയെ പിന്നവിടെ കണ്ടില്ല.
അമ്മ മുണ്ടിൻ തുമ്പാൽ കണ്ണ് തുടയ്കുന്നുണ്ടായിരുന്നു.






Read more...

പ്രത്യേക ശ്രദ്ധയ്ക്ക്

Creative Commons License
എന്റെ ചില കുറിപ്പുകള്‍ by K.M.Satheesan is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Based on a work at www.satheeskm.blogspot.com.
Permissions beyond the scope of this license may be available at www.satheeskm.blogspot.com.

വിരുന്നുകാർ

Powered By Blogger

ഓർക്കണേ പ്ലീസ്...

ഈ ബ്ലോഗിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങളോ, സന്ദർഭങ്ങളോ, കഥാപാത്രങ്ങളോ ഏതെങ്കിലും വിധത്തിൽ ആരെങ്കിലുമായി ബന്ധപ്പെട്ടിട്ടുണ്ടന്ന് തോന്നുന്നുവെങ്കിൽ അത് സ്വാഭാവികം മാത്രം.

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP